മര്‍ഡോക്ക് വിചാരണ ചെയ്യപ്പെടുമ്പോള്‍

by. കെ.കെ. ശ്രീനിവാസന്‍

ആഗോള മാധ്യമ ഭീമന്‍ എന്ന ഖ്യാതിക്കും അപഖ്യാതിക്കും വിധേയനായിട്ടുളള റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ആധുനിക ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെടുന്നവരാല്‍ തന്നെ വിചാരണചെയ്യപ്പെടുകയാണ്. ജനാധിപത്യ ഭരണക്കൂടങ്ങളുടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന ആശ്യാസ്യമല്ലാത്ത ചെയ്തികള്‍ പൊതുജനസമക്ഷം തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ സദാജാഗരൂകരാണമെന്നതില്‍ വിരുദ്ധാഭിപ്രായങ്ങളില്ല.ഇന്ത്യയടക്കമുളള ആധുനിക ജനാധിപത്യ രാഷ്ടങ്ങളിലെല്ലാം മാധ്യമ മണ്ഡലത്തിന് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമാണ് ചാര്‍ത്തിനല്‍കിയിട്ടുളളത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡിഷ്യറിയും കഴിഞ്ഞാല്‍ പിന്നെ മാധ്യമ മണ്ഡലമെന്നാണ് വെയ്പ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇത്രയും സ്വീകാര്യത ആര്‍ജിക്കുവാനായിയെന്നിടത്ത് ആധുനിക ജനാധിപത്യം ശക്തിപ്പെടുന്നുവെന്നത് തന്നെയാണ് പ്രകടമാകുന്നത്. എന്നാല്‍, ആഗോള മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാധ്യമ ധര്‍മ്മത്തിന്റെ സ്ഥാനത്ത് വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാതാവ് വിശേഷിക്കപ്പെടുന്ന ബ്രിട്ടിഷ് ഭരണ വ്യവസ്ഥക്ക് നേതൃത്വം നല്‍കുന്നുവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി വിറ്റു കാശാക്കിയെന്ന ആരോപണമാണ് മര്‍ഡോക്കിനെ പ്രതികൂട്ടിലാക്കിയത്.

ആധുനിക മാധ്യമ ലോകം തീര്‍ത്തും മത്സരാധിഷിഠതമാണെന്നത് അവിതര്‍ക്കിതമാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ സ്ക്കുപ്പ് എന്ന പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് കൊടുംപാതകമായി ചിത്രീകരിക്കപ്പെടേണ്ടതുണ്ടോ? ഫോണ്‍ ചോര്‍ത്തല്‍ വ്യക്തികളുടെ സ്വകാര്യതയിലുളള കടന്നുകയറ്റമാണെന്നാണ് വാദം. പൊതുജന സേവകരുടെയും പ്രവര്‍ത്തകരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പൊതുതാല്‍പര്യങ്ങളെ മുന്‍നിറുത്തിയുളളതായിരിയ്ക്കണമെന്ന് ശഠിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ ഫോണ്‍ ചോര്‍ത്തപ്പെടുമ്പോള്‍ അതിനെ വ്യക്തിയുടെ സ്വകാര്യതയിേലക്കുളള കടന്നുകയറ്റമായി വ്യാഖാനിക്കപ്പെടേണ്ടതുണ്ടോ? വാദിക്കപ്പെടേണ്ടതുണ്ടോ?

സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അരുതാഴ്മകള്‍ തെഹല്‍ക്ക പൂറത്തുകൊണ്ടുവന്നപ്പോള്‍ അത് ഏറെ പൂകഴ്ത്തപ്പെട്ടു. നോട്ടിന് വോട്ട് കോഴ സ്ട്രിങ്ങ് ഓപ്പറേഷനില്‍ കൂടുങ്ങിയിപ്പോഴും ഉദാത്ത മാധ്യമ പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ ടുജി സ്പകട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരാറാഡിയ ഫോണ്‍ ടേപ്പ് പുറത്തുവന്നപ്പോഴും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന് ലഭിച്ചു ഉയര്‍ന്ന മാര്‍ക്ക്. ഉദാത്തമെന്ന് പക്ഷേ വിശേഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഈ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വിചാരണകൂട്ടില്‍ പത്തിമടക്കി നില്‍ക്കേണ്ടിവന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. ഇനി അഥവാ അത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍ അതുണ്ടാക്കുമായിരുന്ന പുകില്‍ എന്താകുമായിരുന്നു? ആഗോള നയതന്ത്ര മണ്ഡലങ്ങളിലേതടക്കമുളള സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് ലോകസമക്ഷം തുറന്നുകാട്ടിയ വിക്കീലിക്കസും വാഴ്്ത്തപ്പെട്ടു.

മത്സരാധിഷഠിത മാധ്യമ മണ്ഡലത്തില്‍ മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ചെയ്ത പാതകമെ ന്താണ്? 165 വര്‍ഷം പാരമ്പര്യമുളള ന്യൂസ് ഓഫ് വേള്‍ഡിന് തിരശ്ശീല വീഴുവാനുണ്ടായ സാഹചര്യമെന്താണ്? പൊതുസമൂഹം അറിയേണ്ടതും അറിയാന്‍ അവകാശപ്പെടുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നതല്ലേ മര്‍ഡോക്ക് ചെയ്ത മാധ്യമ പ്രവര്‍ത്തനപാതകം? ഗാര്‍ഡിയന്‍ പത്രം റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ പ്രതിക്കൂട്ടിലാക്കാന്‍ കച്ചക്കെട്ടിയിറങ്ങിയതിലേ താല്‍പ്പര്യമെന്തന്നതും തിരിച്ചറിയേണ്ടതല്ലേ? എന്തായാലും മാധ്യമ പ്രവര്‍ത്തനത്തെ ഭരണകൂടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥക്ക് തന്നെ മാനക്കേടുണ്ടാക്കുന്നു. എന്നാല്‍ ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രത്യേകിച്ചും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെ ആവോളം പൂകഴ്ത്തുന്നവര്‍പോലും ചര്‍ച്ചക്കെടുത്തില്ലെന്നത് ഖേദകരമാണ്.

റുപ്പര്‍ട്ട് മര്‍ഡോക്ക് ആഗോള മാധ്യമ ഭീമനാണ്, കുത്തകയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഈ ഭീമന്‍/കുത്തക വിചാരണപ്പെടട്ടെയെന്ന ശാഠ്യം. എന്തിന്റെ പേരിലായാലും ശരി ഇത്തരമൊരു ശാഠ്യം ആധുനിക ജനാധിപത്യ ഭരണകൂടങ്ങളുടെ മുന്‍കയ്യില്‍ ഇനിയും നടക്കാനിടയുളള മാധ്യമ പ്രവര്‍ത്തന വിചാരണകള്‍ക്ക് ആക്കം കൂട്ടുന്നതിനേ ഈ വിചാരണ ഗുണം ചെയ്യൂ. ഭരണകുടത്തിന്റെ വിചാരണകൂട്ടില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട അവസ്ഥയില്‍ മാധ്യമ പ്രവര്‍ത്തനത്തെ കൊണ്ടുചെന്നെത്തിക്കണമോ? ഈ സമസ്യക്കും ആശങ്കക്കുമുളള ഉത്തരമല്ലേ തേടേണ്ടത്? അതോ, ആഗോള മാധ്യമ കുത്തകയായതുകൊണ്ടു മാത്രം റുപ്പര്‍ട്ട് മര്‍ഡോക്ക് വിചാരണ ചെയ്യപ്പെടേണ്ടതുതന്നെയെന്ന ശാഠ്യമാണോ മുഖ്യം?

Share This Post