അട്ടപ്പാടി ശിശുമരണം:അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan           (അഭിമുഖം : 20.05.2013)

Interview with KK Usha, Attapadi Block Panchayth Chair Person, sketches out the central issues related to the  burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം – കെ.കെ. ഉഷാരാജു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ATTAPADY USHA with phn pnews

ന്ത്യയിലെ ഗ്രാമീണ ജനതയെ പ്രത്യേകിച്ചും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും സ്ത്രീകളെയും അധികാരത്തില്‍ പങ്കാളികളാക്കി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ശാക്തീകരിക്കുക, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗ്രാമങ്ങളുടെ വികസന പ്രക്രിയയില്‍ ഗ്രാമവാസികളെ പങ്കാളികളാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 73-ാം ഭരണ ഭേദഗതി പാസ്സാക്കിയത്. 73-ാം ഭരണ ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സംവിധാനം 2012 ഡിസംബര്‍ 10 ന് 20 വര്‍ഷം പിന്നിട്ടു. ഈ വേളയിലും പക്ഷേ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

രാഷ്ട്രീയക്കാരാലും ജില്ലാ കളക്ടറമാരടക്കമുള്ള ഉദ്യോഗസ്ഥരാലും ആദിവാസിയാണെന്നതിനാല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാ രാജു അവഹേളിക്കപ്പെടുന്നതിന്റേയും അവഗണിക്കപ്പെടുന്നതിന്റേയും നേര്‍ചിത്രമാണ് ഈ അഭിമുഖത്തില്‍ തെളിയുന്നത്. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് ആദിവാസിയായ ഉഷയുടെ (ദുര)നുഭവങ്ങള്‍.

? ശിശുമരണങ്ങള്‍ക്ക് കാരണമെന്ത്

പോഷകാഹാരക്കുറവിന്റെ കാരണമായി മാത്രം ശിശുമരണങ്ങളെ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം. ആദിവാസി പെണ്‍കുട്ടികള്‍ പൊതുവേ നന്നേ ചെറുപ്പത്തില്‍ വിവാഹിതരാവുകയാണ്. ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ തക്ക ആരോഗ്യസ്ഥിതിയുള്ളവരല്ല ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളിലേറെയും. ഇതിലുപരി, അവരുടെ ഭര്‍ത്താക്കന്മാരുടെ ആരോഗ്യവും പരിതാപകരമാണ്. അമ്മയും അച്ഛനും ആരോഗ്യമുള്ളവരാണെങ്കിലേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. മദ്യത്തിന്റേയും കഞ്ചാവിന്റേയും പിടിയിലാണ് ഇവിടത്തെ പുരുഷന്മാരേറെയും. അവര്‍ക്ക് എങ്ങനെയാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക.

? ശുദ്ധമായ കുടിവെള്ളം ഉണ്ടോ

ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളമില്ല. അട്ടപ്പാടിയില്‍ മഴയില്ല. കൂട്ടത്തില്‍ മരം മുറിക്കുന്നത് വ്യാപകം. ശിരുവാണി പുഴയും ഭവാനി പുഴയുമുണ്ട്. ഈ പുഴകളുടെ ഇരു കരകളിലും വാഴകൃഷിയും പച്ചക്കറി കൃഷിയുമാണ്. ഇതിനുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും പുഴകളിലേക്ക് ഒലിച്ചിറങ്ങി ഇവയെ മലിനീകരിക്കുന്നു. കിണറുകളിലും കുഴല്‍ കിണറുകളിലും ഈ മലിനീകരിക്കപ്പെട്ട വെള്ളമാണെത്തുന്നത്.

? അങ്കണ്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍

ഫണ്ടുകളുടെ അഭാവം അങ്കണ്‍വാടികളുടെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തെ മുന്‍നിര്‍ത്തി സമീകൃത ആഹാരം വിതരണം കാര്യക്ഷമമായിരുന്നില്ല. ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ പാലും പഴവും മുട്ടയും വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

? കുടുംബശ്രീ മുഖേന അങ്കണ്‍ വാടികളില്‍ വിതരണം ചെയ്ത സമീകൃത പോഷകാഹാരം ഗുണനിലവാരമില്ലാത്തതാണെന്ന കണ്ടെത്തലുണ്ട്……

ശരിയാണത്. കടലയും സോയാബിനും മറ്റുമാണ് അതില്‍ ചേര്‍ക്കുന്നത്. പിന്നെ, കുടുംബശ്രീ നടത്തിപ്പുകാര്‍ ഇക്കാര്യത്തില്‍ അഴിമതിയും വെട്ടിപ്പും നടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കാനില്ല.

? അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുന്നു. അത് പുതിയൊരു മാറ്റത്തിന് തുടക്കമാണെന്ന് പറയാനാകുമോ

പുതിയൊരു മാറ്റമല്ല പഴയതിലേക്കുള്ള തിരിച്ചുപോക്കാണ് ആവശ്യം. അതായത് റാഗി, ചാമ, പയറ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തിരുന്ന പരമ്പരാഗത കൃഷി ശീലത്തിലേക്ക് അട്ടപ്പാടിയെ മടക്കിക്കൊണ്ടുവരുന്നതിനായിരിക്കണം പ്രത്യേക പാക്കേജ് ഊന്നല്‍ നല്‍കേണ്ടത്. ആദിവാസികളുടെ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ പരമ്പരാഗത കൃഷിരീതിയിലേക്കും ആഹാരശീലത്തിലേക്കുമുള്ള പിന്മടക്കമാണ് ആവശ്യം.

? ആദിവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനപ്രക്രിയയില്‍ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായമുണ്ടോ

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും വരുന്നത്. അട്ടപ്പാടിയിലെ ആശുപത്രികളിലെ അസൗകര്യങ്ങള്‍, വനിതാ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ അനാസ്ഥ, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് ഇതെല്ലാം കാലാകാലങ്ങളില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതൊന്നും പക്ഷേ മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അട്ടപ്പാടിയ്ക്ക് ഈ ദുര്‍ഗതിയുണ്ടായത്.

? അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് തന്നെ പറയാം. ഇനി അഥവാ ഇവിടേക്ക് പോസ്റ്റ് ചെയ്യപ്പെട്ടാല്‍ തന്നെ ജോയിന്‍ ചെയ്ത് അവര്‍ ലീവെടുത്ത് പോകും. അര്‍പ്പണബോധത്തോടൊപ്പം കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും സന്മനസ്സുള്ള ഡോക്ടര്‍മാര്‍ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍മാരുടെ നിയമനം അനിവാര്യമാണ്. ഇതിലുപരി അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവാസ്പത്രിയും ആരംഭിക്കണം.

? അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലുകളുടെ അവസ്ഥയെന്താണ്

ഇവിടത്തെ കുട്ടികളെയെല്ലാം പുറത്തുകൊണ്ടുപോയി പഠിപ്പിക്കേണ്ട അവസ്ഥയാണ്. ഇവിടെ ആദിവാസി കുട്ടികള്‍ക്കായി മൂന്ന് ഹോസ്റ്റലുകളുണ്ട്. 80 കുട്ടികളെ അക്കമഡേറ്റ് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ഓരോന്നിലും 140 നും 150 നുമിടയില്‍ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നു. അധികമായി കുട്ടികളെ പാര്‍പ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നു. ആദിവാസി കുട്ടികള്‍ക്കുമുള്ള വിദ്യാലയങ്ങളും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ടി വരുന്നത്. സ്വകാര്യസ്കൂളുകളുണ്ട്. പക്ഷേ ആദിവാസികള്‍ക്ക് അത്തരം സ്കൂളുകളിലെ ഫീസും ഡൊണേഷനുമൊക്കെ താങ്ങാവുന്നതിനുമപ്പുറമാണ്.

? ദുര്‍ബ്ബല/പിന്നോക്ക സാമ്പത്തിക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് 25 ശതമാനം സീറ്റും സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നല്‍കണമെന്നും അവരുടെ ഫീസ് സര്‍ക്കാര്‍ സബ്ബ്‌സിഡിയായി നല്‍കുമെന്നൊക്കെ 2009 ലെ വിദ്യാഭ്യാസ നിയമം അനുശാസിക്കുന്നുണ്ട്. അയല്‍പക്ക വിദ്യാഭ്യാസരീതി ( ചലശഴവയീൗൃവീീറ) പ്രോത്സാഹിപ്പിക്കുകയെന്നത് വിദ്യാഭ്യാസവകാശ നിയമം ലക്ഷ്യമാക്കുന്നുണ്ട്. ഈ നിയമം അട്ടപ്പാടിയില്‍ പ്രാബല്യത്തിലുണ്ടോ

ഇതേക്കുറിച്ച് ഉദ്യോഗസ്ഥരാരും ഇവിടെ പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. അതേസമയം, ചുരുക്കം ചില ആദിവാസികുട്ടികള്‍ വന്‍തുക ഫീസും ഡോണേഷനുമൊക്കെ നല്‍കി സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും തന്നെ പക്ഷേ ഇപ്പറഞ്ഞ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

? ഗ്രാമസഭകൡ ആദിവാസികളുടെ പങ്കാളിത്തം സജീവമാണോ

ആദിവാസികള്‍ ഗ്രാമസഭയില്‍ പങ്കാളികളാകണമെന്നില്ല. ഊരുകൂട്ടങ്ങളിലാണ് ആദിവാസി വികസന പ്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്നത്. പക്ഷേ ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും അമ്പതുശതമാനത്തിന് താഴെ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഊരുകൂട്ടങ്ങളെ വേണ്ടത്ര പരിഗണിക്കുന്നുണ്ടെന്ന് പറയാനാകില്ല.

? ഇപ്പറഞ്ഞതില്‍ നിന്ന് ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള അട്ടപ്പാടിയിലെ വികസന പ്രക്രിയയില്‍ നിന്ന് ആദിവാസികളെ ഏറെക്കൂറെ അകറ്റി നിറുത്തിയിരിക്കുന്നുവെന്ന് തന്നെയല്ലേ വായിച്ചെടുക്കേണ്ടത്

വികസന കാര്യത്തില്‍ ആദിവാസികളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഏറിയകൂറും ഇടം പിടിക്കുന്നില്ലെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

? ആദിവാസി വികസനത്തിനായി കോടികളുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നുണ്ട്. അതൊന്നും പക്ഷേ ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമല്ലേ

ഫണ്ടുകളുടെയെല്ലാം ഗുണങ്ങള്‍ തന്നെ പുറത്തുള്ളവര്‍ക്കാണ് കിട്ടുന്നത്. ലഭ്യമാകുന്ന ഫണ്ടുകളുപയോഗിച്ച് ആദിവാസികളുടെ ഉന്നമനത്തിനോ ജീവിതനിലവാരമുയര്‍ത്തുവാനോ ഐടിഡിപിയ്‌ക്കോ പഞ്ചായത്തുകള്‍ക്കോ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് പറയാനാകില്ല.

? ഇപ്പോള്‍ പ്രത്യേക പാക്കേജ് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആദിവാസികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ അവ മുഖവിലക്കെടുക്കപ്പെടുമെന്ന് കരുതുന്നുണ്ടോ

പ്രത്യേക പാക്കജിലൂടെ ആദിവാസികളുടെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഊരുകളിലുള്ള ആദിവാസികളോട് അഭിപ്രായം ചോദിക്കണം. അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റും ഒരു ആദിവാസിയെന്ന നിലയിലും ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതൊന്നുമില്ലാതെ പ്രഖ്യാപിക്കാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്ന് അധികാരികള്‍ അറിയണം. ഐടിഡിപി ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇവരെല്ലാം ഊരുകളില്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കണം. ഊരുകൂട്ടങ്ങൡ ആദിവാസികളുടെ ആവശ്യങ്ങള്‍ അറിയാനും അതിനുമേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ചുമതലപ്പെട്ടവരാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍. എന്നാല്‍ ഇവരൊന്നും ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. ട്രൈബല്‍ പ്രമോട്ടര്‍മാരെകൊണ്ട് പരമാവധി പണിചെയ്യിപ്പിച്ചാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് ഈ ഉദ്യോഗസ്ഥര്‍ വരുത്തി തീര്‍ക്കുന്നത്.

? ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ട്രൈബല്‍ പ്രമോട്ടന്മാരുടെ മാത്രം ചുമതലയായി മാറിയിട്ടുണ്ടോ

ഉണ്ട്. മേലുദ്യോഗസ്ഥന്മാരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രമോട്ടര്‍മാരുടെ ജോലി പോകും. അതുകൊണ്ടു തന്നെ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് പോകില്ല. ഇവരുടെയെല്ലാം വായ്മൂടികെട്ടുകയാണ് ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്ന് ഏതെങ്കിലും ആദിവാസി പറഞ്ഞാല്‍ അവന്റെ ജീവന്‍തന്നെ പ്രശ്‌നത്തിലാകുമെന്ന് അവസ്ഥയാണ്്. അതുകൊണ്ടുതന്നെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഏന്തെങ്കിലും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ആദിവാസികള്‍ മുന്നോട്ട് വന്ന് അവരെ ഏതുവിധേനെയും അടിച്ചമര്‍ത്തും.

? കാര്‍ഷിക മേഖലയില്‍ ഒരുപ്പാട് ആനുകൂല്യങ്ങളുണ്ട്. അതൊക്കെ കരം അടച്ച് രശീതില്ലാതെയും കൃത്യമായ ഭൂരേഖകളില്ലാതെയും ആദിവാസികള്‍ക്ക് അനുവദിക്കപ്പെടുന്നില്ല

കാര്‍ഷിക വൃത്തിയിലേക്ക് ആദിവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തന്നെ കാര്‍ഷിക ആനുകൂല്യങ്ങളെല്ലാം ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം ആദിവാസി വികസനത്തിന്റെ പേരില്‍ ഇവിടേക്ക് കാര്‍ഷിക സബ്ബ്‌സിഡിയിനത്തിലടക്കം ഒഴുകിയെത്തുന്ന കോടികളുടെ ആനുകൂല്യങ്ങള്‍ ഇവിടത്തെ കുടിയേറ്റക്കാരുടെ കൈകളിലെത്തുന്നുവെന്ന അവസ്ഥ തുടരുകയാണ്. ഇതൊന്നും പക്ഷേ അധികാരികളറിയാതെയൊന്നുമല്ലെന്ന് വ്യക്തമല്ലേ?

? ആദിവാസികളുടെ കയ്യില്‍ ഭൂരേഖയില്ലാത്തതിന്റെ പേരില്‍ കരം അടച്ച് രശീത് ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ പക്ഷേ കുടിയേറ്റകാര്‍ക്കടക്കമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെല്ലോ

നിയമപ്രകാരം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുവാനോ വില്‍ക്കുവാനോ പാടില്ല. പക്ഷേ നിയമം ലംഘിച്ച് ആദിവാസികളുടെ ഭൂമി വാങ്ങുന്നവര്‍ക്ക് ഭൂരേഖയുണ്ടാക്കികൊടുക്കുന്നതിനും അതിന്റെ പോക്കുവരവ് നടത്തി കരം അടച്ച് രശീത് നല്‍കുന്നതിനും ഒരു തടസ്സവുമില്ല. ഇങ്ങനെ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് തരപ്പെടുത്തുന്ന കരമടച്ച രശീത് ഉപയോഗിച്ചാണ് അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആദിവാസികളല്ലാത്തവരുടെ കൈകളിലെത്തുന്നത്.

ഭരണത്തിലെ ആദിവാസികള്‍ATPDY Block Pachayth chair person Usha with others for Pnews

? ആദിവാസിയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോടുള്ള സഹരാഷ്ട്രീയ/ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സമീപനത്തില്‍ തൃപ്തിയുണ്ടോ

എന്തായിതിന് മറുപടി പറയുക…. എന്തായാലും എന്റെ അനുഭവം വച്ചുനോക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ടുകളെല്ലാം കുറവാണ്. ആദിവാസിയായതുകൊണ്ട് പ്രസിഡന്റിനെ ഒഴിവാക്കുകയെന്നത് പ്രകടമാണ്. ഭരണപരമായ വിവരങ്ങള്‍ ചോദിച്ചാല്‍ തന്നെ പറഞ്ഞുതരാന്‍ ഉദ്യോഗസ്ഥരും മടിക്കുന്നു. പ്രസിഡന്റ് പദവി എത്രയും പെട്ടെന്ന് തീര്‍ന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍. ആദിവാസിയായതുകൊണ്ടുതന്നെ ഈ പദവി മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിയില്ല.

? മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പമാണല്ലോ പ്രവര്‍ത്തിക്കുന്നത്. അവരൊക്കെ തന്നെ ആദിവാസിയാണെന്നതിനാല്‍ അവഗണിക്കുന്നുണ്ടല്ലേ

പലകാര്യങ്ങളിലും അഭിപ്രായം പറയാറുണ്ടെങ്കിലും അത് കേള്‍ക്കാറില്ലെന്ന് മാത്രമല്ല എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പല വേദികളിലും സന്ദര്‍ഭങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മന്ത്രി മുനീര്‍ പങ്കെടുത്ത ചടങ്ങില്‍വച്ചുപോലും ആദിവാസിയായതുകൊണ്ടുമാത്രം ഞാന്‍ അവഹേളിക്കപ്പെട്ടു. ആദിവാസിയെന്ന നിലയില്‍ നേരിടുന്ന അവഗണനകളും അവഹേളനങ്ങളുമേറ്റുവാങ്ങി ഞാന്‍ മടുത്തു.

? അധികാരം കയ്യില്‍ കിട്ടിയിട്ട് രണ്ടരവര്‍ഷമായി. എന്നിട്ടും ആദിവാസി വികസനത്തിനായി ഒന്നും പ്രവര്‍ത്തിയ്ക്കാനായില്ലെന്ന ദുഃഖമുണ്ടോ

തീര്‍ച്ചയായും നല്ല ദുഃഖമുണ്ട്. ഞാന്‍ അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഊരുകളിലേയും പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഊരുകളിലേക്ക് മന്ത്രിമാരുടെ പിറകെ പോകുന്നു. എന്നാല്‍ യാതൊന്നും അവരോട് സംസാരിക്കാന്‍ ഞാനടക്കമുള്ള ആദിവാസികള്‍ക്ക് അവസരം നല്‍കില്ല. എല്ലാറ്റിന്റെയും പിറകില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍ക്ക് രാഷ്ട്രീയമില്ല. വോട്ടുകള്‍ കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ആദിവാസികളെ വിളിച്ചുകൂട്ടുന്നു. ജയിച്ചുകഴിഞ്ഞാല്‍ പക്ഷേ ഇവര്‍ ആദിവാസികളെ തിരിഞ്ഞുനോക്കുന്നില്ല. പ്രസിഡന്റെന്ന നിലയില്‍ ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാമെന്നുവെച്ചാല്‍ അത് അംഗീകരിക്കപ്പെടുയുമില്ല.

? ത്രിതല ഭരണസംവിധാനത്തിന്റെ ജില്ലാ ഉദ്യോഗസ്ഥ മേധാവി കളക്ടറാണല്ലോ? അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ടോ

ഒരിക്കല്‍ ഞാന്‍ ഞങ്ങളുടെ പാലക്കട് ജില്ലാ കളക്ടര്‍ അസ്ഹര്‍അലി പാഷയെ നേരിട്ട് കാണാന്‍ പോയി. അപ്പോഴുണ്ടായ ദുരനുഭവം ഞാനിപ്പോഴും മറന്നിട്ടില്ല. ‘ഞാന്‍ അട്ടപ്പാടിയിലേക്ക് വരുന്നുണ്ടല്ലോ, അട്ടപ്പാടിയിലിരുന്നാല്‍ പോരെ. നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? നിങ്ങള്‍ക്ക് ഇങ്ങോട്ടുവരാന്‍ ഭയങ്കര ഇഷ്ടമാണല്ലേ? ‘. ഇങ്ങനെ പറയുന്ന കളക്ടറെപോലുള്ള വലിയ വലിയ ആള്‍ക്കാരോടൊക്കെ ആദിവാസിയായ ഞാനൊക്കെ എന്ത് പറയാന്‍?

? കളക്ടറുടെ ഭാഗത്തുനിന്ന് ഇത്തരം ദുരനുഭവം എത്ര തവണയുണ്ടായിട്ടുണ്ട്

ഒരു തവണയേ അദ്ദേഹത്തെ കാണാന്‍ പോയിട്ടുള്ളൂ.

? അതോടുകൂടി മതിയായി….

അതെ, അതോടെകൂടി മതിയായി.

? രാഷ്ട്രീയാധികാരത്തില്‍ തുടരുവാനുള്ള മോഹം കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തല്ലികെടുത്തിയല്ലേ

ഉ. ശരിയാണ്. ഇനി രാഷ്ട്രീയാധികാരവും രാഷ്ട്രീയവും വേണ്ട. എങ്കിലും ഞാന്‍ സാമൂഹികരംഗത്തിറങ്ങും, ആദിവാസികള്‍ക്കുവേണ്ടി.

? അധികാരമില്ലെങ്കില്‍ എന്തെങ്കിലും ചെയ്യാനാകുമോ

ഉ. എനിക്ക് അധികാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും സുഖം. അധികാരമുണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. അതേസമയം തന്നെ അവര്‍ പറയുന്നതെല്ലാം കേള്‍ക്കണം. അധികാരമുണ്ടെങ്കിലും ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് ഏറെ പരിമിതികളുണ്ട്.

Related Post