കടപ്പാട് : ജനനി
ഡോ. കെ.കെ. ശശിധരന്‍/Dr. KK Saseedharan PhD (JNU)
വികലമായ ഭാഷയില്‍ പടച്ചുവിടുന്ന പ്രതികരണങ്ങള്‍/കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഒരു അമേരിക്കന്‍ മലയാള ഇ-പത്രം സര്‍ഗശേഷിയുള്ള എഴുത്തുകാരെ പുലഭ്യം പറയുകയാണ്.ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നുണ്ടോ?
മാധ്യമ ധര്‍മ്മത്തിന്റെ അകംപൊരുളറിയാതെയുള്ള മാധ്യമ പ്രവര്‍ത്തനത്തെ എന്ത് പേരുചൊല്ലി വിളിക്കണം? ഒരു അമേരിക്കന്‍ ഓണ്‍ലൈന്‍ മലയാള പത്രം (ഇ-പത്രം/E-paper) വായിച്ച് മനംമടുത്ത അമേരിക്കന്‍ മലയാളി സമൂഹമാണ് ഈ സമസ്യയ്ക്കുള്ള ഉത്തരം തേടുന്നത്. ആധുനിക ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് ഇതിനകം തന്നെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമുള്ള മാധ്യമങ്ങള്‍ സാമൂഹിക നിര്‍മ്മിതിയുടെ ആണിക്കല്ലാണ്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സാംസ്കാരിക വിനിമയ (exchange) – വ്യാപന (extension) ത്തിനുമുള്ള ശക്തമായ വേദിയെന്ന നിലയില്‍ മാധ്യമങ്ങള്‍ സദാ ജാഗരൂകരാണ്. ഇതാകട്ടെ ജനാധിപത്യത്തിന്റെ സമ്പുഷ്ഠീകരണത്തിന് അനിവാര്യമാണുതാനും.
നെല്ലും പതിരും വേര്‍തിരിച്ച് സമൂഹത്തെ മാറ്റത്തിന്റെ പാതയിലേറ്റുകയെന്ന സൃഷ്ട്യുന്മുഖമായ പങ്ക് വഹിക്കുന്നതിനാണ് മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. മുന്‍ചൊന്ന ഇ-പത്രം പക്ഷേ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് വിക്ഷേപിക്കുന്നത്. ഇതിന്റെ പ്രതികരണ/കത്ത് പേജുകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്പര്‍ധയുടെ കനല്‍ കോരിയിടുകയാണ്. പത്രാധിപരുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ അനുഭവങ്ങളുടെ ഉള്‍ക്കരുത്തിന്റെ പ്രതിഫലനമായിരിക്കണം പത്രം. ഇത്തരം അനുഭവങ്ങള്‍ പക്ഷേ ആര്‍ജിക്കാനായിട്ടില്ലെന്നതിന്റെ വികൃതമായ ചിത്രം തന്നെയാണ് ഈ ഇ-പത്രം! മാധ്യമ പ്രവര്‍ത്തനം നിര്‍മ്മാണോത്സുക (constructive) മായിരിക്കണം. അപനിര്‍മ്മാണ (deconstructive) മായിരിക്കരുത്. ഈ ഇ-പത്രത്തിന്റെ പ്രതികരണ/കത്ത് പേജുകളില്‍ പക്ഷേ അപനിര്‍മ്മാണത്തിന്റെ അസുരവിത്തുകളാണ് വാരിവിതറുന്നത്.
തനിക്ക് ഇഷ്ടമുള്ള എഴുത്തുകാരെ വാനോളം പുകഴ്ത്തുക. ഇഷ്ടമില്ലാത്ത എഴുത്തുകാരെ പരമാവധി ഇകഴ്ത്തുക. ഇത്തരം സങ്കുചിത വൈയക്തിക അജണ്ടകളുടെയും താല്പര്യങ്ങളുടെയും ബഹിര്‍സ്പുരണങ്ങളായി മാത്രം ഇ-പത്രത്തിലെ കത്തുകള്‍/പ്രതികരണങ്ങള്‍ തരംതാഴുന്നു. കൃത്യമായ മേല്‍വിലാസമില്ലാതെയുള്ള കത്തുകള്‍/പ്രതികരണങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അകംപൊരുളറിയുന്ന പത്രാധിപര്‍ പ്രസിദ്ധീകരിക്കുകയില്ല. കത്തെഴുതുന്ന/പ്രതികരണമറിയിക്കുന്ന വ്യക്തിക്ക് താന്‍ സൂചിപ്പിക്കുന്ന/ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്നു ബോധ്യപ്പെടുത്തല്‍ കൂടിയാണ് മേല്‍വിലാസമെന്നത്. കത്തെഴുതുന്ന/പ്രതികരിക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയുടെ അളവുകോല്‍ കൂടിയാണ് മേല്‍വിലാസം. എന്നാല്‍ മേല്‍വിലാസമില്ലാതെയും അപരനാമത്തിലുള്ളതുമായ കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നിടത്ത് അളക്കപ്പെടുന്നത് ഈ ഇ-പത്രത്തിന്റെ നിലവാരമില്ലായ്മയും അരാഷ്ട്രീയതയും തന്നെയാണ്.
കൊടുങ്ങല്ലൂരമ്മ, അന്തപ്പന്‍, ആശാന്‍, വിദ്യാധരന്‍, ജാക്ക് ഡാനിയേല്‍, ഉടക്കുവാസു, കീരിക്കാടന്‍ തുടങ്ങിയ അപരനാമക്കാരായ കത്തെഴുത്തുകാരെ/പ്രതികരണക്കാരെ യഥേഷ്ടം വിഹരിക്കാന്‍ ഈ ഇ-പത്രം അനുവദിക്കുന്നു. ഈ അപരനാമക്കാരുപയോഗിക്കുന്ന ഭാഷയില്‍ തന്നെ പ്രകടമാണ് അവരുടെ സംസ്കാര ശൂന്യത! പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠവും പത്രധര്‍മ്മത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും അറിയാന്‍ പ്രാപ്തിയില്ലാത്ത കേവലം നിഴല്‍യുദ്ധക്കാരന്‍ മാത്രമാണെന്നു കൂടി ഇത്തരം പ്രതികരണക്കാരിലൂടെയും കത്തെഴുത്തുക്കാരിലൂടെയും ഇ-പത്ര നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നുണ്ട്.
പത്രാധിപര്‍ക്കുള്ള കത്ത്/പ്രതികരണമെന്നത് പത്രത്തിന്റെ ജനകീയതയുടെയും സ്വീകാര്യതയുടേയും വിശ്വാസ്യതയുടേയും പരിഛേദമാണ്. ഉത്തരവാദിത്തബോധത്തോടെയുള്ള ക്രിയാത്മകമായ കത്തുകള്‍ എഴുതുവാനും അയക്കുവാനുമുള്ള പരിസരം സൃഷ്ടിക്കേണ്ടത് പത്രം തന്നെയാണ്. അതില്‍ പത്രങ്ങള്‍ പരാജയപ്പെടുമ്പോഴാണ് കത്തുകളെന്ന/പ്രതികരണങ്ങളെന്ന പേരില്‍ അധിക്ഷേപ വാക്യങ്ങള്‍ നിറച്ചുള്ള അരാഷ്ട്രീയമായ കത്തുകള്‍ പത്രാധിപര്‍ക്ക് അയച്ചുകൊടുക്കുവാന്‍ വായനക്കാര്‍ ധൈര്യം കാണിക്കുന്നത്. വിശ്വാസ്യതയും ഉത്തരവാദിത്തബോധവും തൊട്ടുതീണ്ടാതെയുള്ള കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാത്രമാണ് വായനക്കാര്‍ ഇത്തരം കത്തുകളെഴുതാന്‍ ധൈര്യപ്പെടുന്നത്. പത്രാധിപര്‍ക്കുള്ള കത്ത്/പ്രതികരണം പത്രങ്ങളുടെ നിലപാടുകളെത്തന്നെ മാറ്റിമറിക്കുവാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെയാണ് അവ പ്രത്യേകം പരിഗണിക്കപ്പെടുന്നത്. ഇത്തരമൊരു ബോധ്യപ്പെടല്‍ ഇ-പത്ര നടത്തിപ്പുകാര്‍ക്കില്ലാതെ പോയിരിക്കുന്നുവെന്നതാണ് അരാഷ്ട്രീയമായ കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നിടത്ത് സുവിദിതമാകുന്നത്.
മലയാള സാഹിത്യ ലോകം കടല്‍ കടന്ന് പ്രവാസ സാഹിത്യമെന്ന പേരില്‍ അറിയപ്പെടുന്നുവെന്നത് ശ്രദ്ധേയം. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സര്‍ഗശേഷി തെളിയിച്ച എഴുത്തുകാരുണ്ട്. അമേരിക്കന്‍ മലയാളി സാഹിത്യ മണ്ഡലത്തെ ചൊല്‍പടിയില്‍ നിര്‍ത്തിയിരിക്കുന്നത് പക്ഷേ സ്വയംപ്രഖ്യാപിത എഴുത്തുകാരാണ്. സര്‍ഗശേഷിയുള്ള എഴുത്തുകാരോടുള്ള കടുത്ത അസൂയ വച്ചുപുലര്‍ത്തുന്ന സ്വയംപ്രഖ്യാപിത എഴുത്തുകാരെ പ്രതിനിധാനം ചെയ്യുന്ന ഇ-പത്ര പത്രത്തിന്റെ നടത്തിപ്പുകാരന് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വഴിയൊരുക്കിയ വിമര്‍ശന/നിരൂപണ സാഹിത്യ ശാഖയെക്കുറിച്ച് ധാരണയുണ്ടാകാനിടയില്ല. ധാരണയുണ്ടായിരുന്നുവെങ്കില്‍ അപരനാമത്തിലെഴുതുന്ന സംസ്കാര ശൂന്യമായ കത്തുകള്‍/പ്രതികരണങ്ങള്‍ പത്രമെന്നവകാശപ്പെടുന്ന ഇ-പത്രത്തില്‍ ഇടംപിടിക്കുമായിരുന്നില്ല.
കേസരി ബാലകൃഷ്ണ പിള്ള, പ്രൊഫ. മുണ്ടശ്ശേരി, കുട്ടികൃഷ്ണന്‍ മാരാര്‍ മുതല്‍ പേരിങ്ങോട്ട് വി.സി.ശ്രീജനും ബാലചന്ദ്രന്‍ വടക്കേടത്തും വരെയുള്ള നിരൂപണ/വിമര്‍ശന സാഹിത്യ വക്താക്കളാണ് മലയാള സാഹിത്യശാഖക്ക് ആരോഗ്യകരമായ വ്യാഖ്യാനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും ഓജസ്സും തേജസ്സും നല്‍കിയതും നല്‍കുന്നതും. കൃതിയുടെ ഇതിവൃത്തം, പ്രമേയം, പരിസരം, കഥാപാത്രങ്ങള്‍, അപഗ്രഥനം, ഭാഷാസൗന്ദര്യമടക്കമുള്ള രചനാരീതികള്‍, പരിസമാപ്തി തുടങ്ങിയവയിലൂന്നികൊണ്ടായിരിക്കണം കൃതികള്‍ നിരൂപണ വിധേയമാക്കപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതും. ഇതിനു പക്ഷേ കെല ്പുള്ളവരാണ് ഇ-പത്രത്തിലെ അപരനാമക്കാരായ കത്തെഴുത്തുകാര്‍/പ്രതികരണക്കാരെന്ന് കരുതാനേയാകില്ല. ഈ കെല ്പ് ആര്‍ജിക്കണമെങ്കില്‍ അനുഭവങ്ങളുണ്ടാകണം. നിരീക്ഷണ പാടവമുണ്ടാകണം. ആഖ്യാന-വ്യാഖ്യാന ശേഷിയുണ്ടാവണം. ഇതൊല്ലാം പക്ഷേ ഈ ഇ-പത്രത്തിന് അന്യമാണെങ്കിലും വികലമായ ഭാഷയില്‍ പടച്ചുവിടുന്ന പ്രതികരണങ്ങളിലൂടെയും കത്തുകളിലൂടെയും സ്വകീയ സര്‍ഗാത്മകതയെ ഊതിക്കാച്ചിയെടുക്കുവാന്‍ നിരന്തരം പ്രയത്‌നിക്കുന്ന എഴുത്തുകാരെ പുലഭ്യം പറയണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് ഇ-പത്ര നടത്തിപ്പുകാര്‍. ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നുണ്ടോ?
വ്യക്തിഗത പ്രതികരണങ്ങള്‍ വിലമതിക്കത്തക്കതാണ്. താന്‍ വായിക്കുന്നതിനെക്കുറിച്ച് വിമര്‍ശിക്കുവാനും നിരൂപണം നടത്തുവാനുമുള്ള ഉത്തരവാദിത്തവും ചുമതലയുമുള്ളവരാണ് അനുവാചകര്‍. വായിക്കപ്പെടുന്നതുകൊണ്ടുമാത്രമാണ് സാഹിത്യം നിലനില്‍ക്കുന്നത്. അതേസമയം തന്നെ വായനക്കാരന്‍/ക്കാരി നിഷ്ക്രിയനായ സ്വീകര്‍ത്താവായിരിക്കരുത്. ക്രിയാത്മക മനോഗതിയില്‍ നിന്നാണ് സൃഷ്ടികള്‍ വായിക്കപ്പെടേണ്ടത്. അനുവാചക പ്രതികരണ സിദ്ധാന്തം (Readers Response Theory) പ്രകാരം അനുവാചകന്റെ സ്വകീയമായ മാനസിക വിക്ഷോഭങ്ങള്‍, ഉത്കണ്ഠകള്‍, ജീവിതാനുഭവങ്ങള്‍, അവബോധം ഇവയെല്ലാം തന്നെ താന്‍ വായിക്കുന്ന കൃതിയുമായി ഇഴപിരിച്ചെടുത്ത് ആത്മനിഷ്ഠമായ നിരൂപണമോ വിമര്‍ശനമോ നടത്താം. പ്രതിസ്പന്ദനത്തെ പക്ഷേ വക്രീകരണത്തിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നത് അതിന്റെ പ്രസക്തിയെത്തന്നെ അപ്രസക്തമാക്കുമെന്ന തിരിച്ചറിവ് പ്രധാനം.
എഴുത്തുകാരില്‍ നിന്നും നാളെകളില്‍ പിറവിയെടുക്കാനിടയുള്ള രചനകള്‍ക്ക് കൃത്യമായ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ നിരൂപണവും വിമര്‍ശനവും ഒട്ടുമേ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. കൃതിയായിരിക്കണം നിരൂപക/വിമര്‍ശകന്റെ ഭൂമിക. ആ ഭൂമികയിലൂടെ സസൂക്ഷ്മം സഞ്ചരിക്കുമ്പോള്‍ താനും സമൂഹത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം നിരൂപകന്‍/വിമര്‍ശകന്‍ വിസ്മരിക്കരുത്. നിരൂപകന്/വിമര്‍ശകന് അവശ്യംവേണ്ട ഗുണങ്ങളിലൊന്നാണ് നിഷ്പക്ഷത. ഇതില്‍പോലും പക്ഷേ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുകൂടാം. ഒരുപറ്റത്തോട് ഇഷ്ടവും മറുപറ്റത്തോട് അനിഷ്ടവും കുത്തിനിറച്ചുള്ളതാവരുത് നിരൂപണവും വിമര്‍ശനവും. ഇതിനുപകരം ഈ അമേരിക്കന്‍ മലയാളി ഇ-പത്രം പക്ഷേ പ്രതിലോമപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഇ-പത്രത്തിന്റെ പത്രാധിപരുടെ വിശ്വാസ്യതയും ബൗദ്ധികശേഷിയും തന്നെയാണ് കരിനിഴലിലകപ്പെടുന്നത്.
എഴുത്തുകാരനല്ല വിമര്‍ശിക്കപ്പെടേണ്ടത്. കൃതിയാണ് വിമര്‍ശിക്കപ്പെടേണ്ടതും നിരൂപണ വിധേയമാക്കപ്പെടേണ്ടതും. ഈ സാമാന്യ ജ്ഞാനം പോലുമില്ലാതെ അമേരിക്കയിലെ സ്വയംപ്രഖ്യാപിത മലയാളി എഴുത്തുകാരും സ്വയംപ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തുള്ള ഒളിച്ചുകളിയാണ് ഇ-പത്രത്തിലെ കത്ത്/പ്രതികരണ പേജുകളില്‍ പ്രകടമാകുന്നത്. ഇപ്പോള്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കൂടി കൈവന്നിരിക്കുന്നു. 1500 മുതല്‍ 2000 വര്‍ഷം വരെ പാരമ്പര്യം സിദ്ധിച്ച ഭാഷയെന്നതിന്റെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠഭാഷാ പദവി. ഇ-പത്രത്തിന്റെ അപരനാമക്കാരായ കത്തെഴുത്തുകാര്‍/പ്രതികരണക്കാര്‍ ഇഷ്ടമില്ലാത്തവരെ പുലഭ്യം പറയുവാനായി ശ്രേഷ്ഠഭാഷയെ ദുരുപയോഗം ചെയ്യുന്നുവെന്നത് വല്ലാത്തൊരു പാതകം തന്നെയാകും.
സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മാറ്റങ്ങള്‍ക്ക് തിരികൊളുത്തുവാന്‍ ശേഷിയുള്ള സൃഷ്ടികളാണ് സര്‍ഗശേഷിയുള്ള എഴുത്തുകാരില്‍ നിന്ന് പിറവിയെടുക്കുക. മലയാളത്തിലെ ആദ്യ നോവലെന്ന് വിശേഷിക്കപ്പെടുന്ന ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’സ്ത്രീക്കുമേലുള്ള പുരുഷാധിപത്യ മനോഘടന തുറന്നുകാണിച്ച് സാമൂഹിക പരിവര്‍ത്തനത്തിന്റെ കണ്ണാടിയായി. ‘ചണ്ഡാലഭിക്ഷുകി’യിലൂടെ കീഴാള ജനതയുടെ സ്വത്വസംസ്ഥാപനമാണ് മഹാകവി ആശാന്‍ ഉന്നംവെച്ചത്. 40കളിലെ പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരത്ത് ഉറവയെടുത്ത സൃഷ്ടികളില്‍ നിന്നുമുയര്‍ന്നതും സാമൂഹിക പരിവര്‍ത്തനത്തിന്റെ തുടികൊട്ടലുകള്‍ തന്നെ. ഇത്തരത്തിലുള്ള സാഹിത്യ സപര്യയിലൂടെയാണ് വര്‍ത്തമാനകാല മലയാള സാഹിത്യശാഖ വികാസം പ്രാപിക്കുന്നത്. പക്ഷേ പ്രൗഡോജ്വലമായ മലയാള സാഹിത്യശാഖാവികാസ പ്രക്രിയയില്‍ അമേരിക്കന്‍ സ്വയംപ്രഖ്യാപിത എഴുത്തുകാരുടെ സംഭാവന ഒട്ടുംതന്നെ ആശാവഹമല്ല. ഇങ്ങനെയുള്ള എഴുത്തുകാരെ വാനോളം പുകഴ്ത്താന്‍ ഈ ഇ-പത്രം അതിന്റെ പേജുകള്‍ ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യട്ടെ. സര്‍ഗശേഷിയുള്ള എഴുത്തുകാരെ പക്ഷേ പുലഭ്യം പറയുവാന്‍ പ്രതികരണങ്ങളെന്ന പേരില്‍ പടച്ചുവിടുന്നവ ഈ ഇ-പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്, ഖേദകരമാണ്. ഈ പുലഭ്യംപറച്ചലിന് ഒരറുതിയുണ്ടാകുമെന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിന് പ്രതീക്ഷക്കുവാനാകുമോ? കാത്തിരുന്നുകാണുക.
കടപ്പാട് : ജനനി മാസിക (issue: November 2013) an american malayali publication