മോദിയുടേതല്ല ഇന്നത്തെ ഇന്ത്യ

മോദിയുടേതല്ല ഇന്നത്തെ ഇന്ത്യ

 

Kk Sreenivasan

കെ.കെ ശ്രീനിവാസൻ/KK Sreenivasan 

കൊച്ചി യുവത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഒരവലോകനം

Prime Minister Modi’s Speech at Kochi ‘Yuvam‘ – An Overview

 

This article as a cover story has been published in Maruvakku – June 2023 and it is the non-edited version

യുപിഎ സർക്കാർ ഒപ്പുവച്ച ഇന്ത്യോ – യുഎസ് ആണവക്കരാരറിലൂടെ ആഗോള ആണവശക്തിയെന്നു ഇന്ത്യ അംഗീകരിക്കപ്പെട്ടതിൻ്റെ ഒരു ചെറു ആനുകൂല്യം മാത്രമാണ് മോദിയുടെ പെരുപ്പിക്കപ്പെടുന്ന ആഗോള സ്വീകാര്യത!

Maruvakku-June 2023

ന്ത്യൻ യുവജനങ്ങൾ പ്രത്യേകിച്ചും കേരളത്തിൻ്റെ യുവത ഹിന്ദുത്വക്കൊപ്പമെന്ന പ്രതീതി സൃഷ്ടിച്ചെടുക്കുവാനുള്ള സംഘപരിവാർ തന്ത്രമാണ് യുവം എന്ന പേരിൽ ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജ് അങ്കണത്തിൽ അരങ്ങേറിയത്. നുണകൾ പലക്കുറി ആവൃത്തിച്ചവയെ സത്യമെന്നുറപ്പിക്കുന്ന ഗീബൽസിൻ തന്ത്രപ്രയോഗത്തിൻ്റെ തുടർച്ച!

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിൻ്റെ വളർച്ചക്ക് പ്രദാനം ചെയ്ത സംഭാവനകൾ ബോധപൂർവ്വം തിരസ്ക്കരിക്കുയെന്നതിൽ വ്യാപൃതരാണ് മോദിവൃന്ദം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രം പോലെ തന്നെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനാൽ രചിക്കപ്പെട്ടതാണ് ഇന്ത്യൻ വികസന പ്രക്രിയയുടെ നാൾവഴികളും. ഈ സമ്പന്ന വികസന ചരിത്രത്തെ മായ്ച്ചുകളയുവാനുള്ള കുത്സിത ശ്രമങ്ങളിൽ വ്യാപൃതരാണ് മോദിസംഘം. ഇതിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിലാകട്ടെ കോൺഗ്രസ് നേതൃത്വം വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പറയാനാകില്ലതാനും.

കുടിൽ – ചെറുകിട വ്യവസായ മേഖല 

തൻ്റെ ഭരണത്തിൻ കീഴിൽ രാജ്യം കയറ്റുമതി രംഗത്ത് വൻ കുതിച്ചുചാട്ടമെന്ന് പ്രചരിപ്പിക്കുകയാണ് മോദി.  ഇതിനായ് യുവം വേദി പ്രത്യേകം ഉപയോഗിക്കപ്പെട്ടു. 20 ആം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ തന്നെ ബ്രിട്ടിഷ് രാജിൻ്റെ ഇറക്കുമതിക്കെതിരെ പ്രതിരോധം തീർത്ത് സ്വദേശി ഉല്പന്ന അപ്രമാദിത്വമെന്ന മുദ്രവാക്യമുയർത്തി ഇന്ത്യൻ ഉല്പന്നങ്ങളുടെ ആഗോള വിപണി വിപുലീകരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചു. കുടിൽ – ചെറുകിട വ്യവസായ മേഖലയെന്നത് വൻ തൊഴിൽദാന മേഖലയെന്ന വസ്തുത തിരിച്ചറിയപ്പെട്ടു. അതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിൻ്റെ കുടിൽ – ചെറുകിട വ്യവസായ മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേകം ഊന്നൽ നൽകി. കുടിൽ – ചെറുകിട വ്യവസായ ഉല്പന്നങ്ങൾക്കായ് ആഭ്യന്തര ഒപ്പം രാജ്യാന്തര വിപണികൾ വിപുലീകരിക്കപ്പെട്ടു.  ഈ ഗുണഫലങ്ങളുടെ തുടർച്ചയാണ് ഇന്ന് കാണുന്നു ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങൾ (സ്മോൾ ആൻ്റ് മീഡീയം സ്കേയൽ  എൻ്റർപ്രൈസസ്). കോൺഗ്രസ് സർക്കാരുകളുടെ കയ്യൊപ്പു അവശേഷിപ്പിച്ചിട്ടില്ലാത്ത ഇത്തരത്തിലുള്ള മൗലിക വികസന മാതൃകകളല്ലാതെ രാജ്യത്തിൻ്റെ വികസന പ്രക്രിയയ്ക്ക് എന്ത് സംഭാവന നൽകിയെന്ന് യുവതയോട്  പറയാൻ മോദിയ്ക്കാകില്ല.

ഗ്രാമീണ പുന:രുദ്ധാരണം

ഗ്രാമീണ യുവതയുടെ തൊഴിൽ ശേഷി പോഷിപ്പിക്കുന്നതിനായ് ഇന്ദി രാഗാന്ധിയുടെ ഭരണത്തിൻ കീഴിൽ 1980 ഒക്ടോബറിൽ രാജ്യമൊട്ടാകെ നിലവിൽവന്ന സംയോജിത ഗ്രാമീണ വികസന പരിപാടി ( Integrated Rural Development Programme-IRDP) യുടെ പ്രസക്തി വിസ്മരിക്കപ്പെടേണ്ടതേയല്ല. കേരളത്തിലെ ഓണം തുടുങ്ങി ഉത്സവ വേളകളിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന ഐആർഡിപി വിപണന മേളകളും. ഗ്രാമീണർക്കായ് വരുമാനോപാധികൾ സൃഷ്ടിച്ച് ആസ്തി വികസനത്തിലൂടെ ഗ്രാമീണ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി ഐആർഡിപി. ഇന്നു കാണുന്ന ഗ്രാമീണ ഇന്ത്യ ഈ പദ്ധതിയുടെ ശ്രേഷ്ഠതയാർന്ന ബാക്കിപത്രം.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളെന്ന് തിരിച്ചറിഞ്ഞ് അധികാരം ഗ്രാമീണ ജനതയുടെ വീട്ടുപടിയിലെത്തിച്ച പഞ്ചായത്തീരാജ് നിയമം കോൺഗ്രസ് യുപിഎ  സർക്കാർ വക . അറിയുവാനുള്ള അവകാശ സംസ്ഥാപനം അരക്കിട്ടുറപ്പിച്ച് വിവരാവകാശ നിയമം. ഗ്രാമങ്ങളാണ് രാജ്യത്തിൻ്റെ ആത്മാവെന്ന രാഷ്ട്രപിതാവിൻ്റെ ബോധ്യപ്പെടലിന് അനുസൃതമായാണ് കോൺഗ്രസ് സർക്കാരുകളുടെ കീഴിൽ  ഗ്രാമീണ വികസന പ്രക്രിയ രൂപകല്പന ചെയ്യപ്പെട്ടത്.

കുടിവെള്ള വിതരണം, റോഡ് – ജലസേചന സൗകര്യ വികസനം, ടെലി ഫോൺ കണക്റ്റിവിറ്റി, ഭവന നിർമ്മാണ – വൈദ്യുതി വിതരണ പദ്ധതികൾ കൂട്ടിചേർത്തുള്ള  ഭാരത് നിർമാൺ പദ്ധതി.  രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പ്രക്രിയക്ക് പുതുവേഗം സൃഷ്ടിച്ച യുപിഎ സർക്കാരിൻ്റെ ഭാരത് നിർമാൺ പദ്ധതിയുടെ തുടർച്ചയല്ലാതെ മറ്റെന്ത് വികസനമാണ് മോദി സർക്കാരിന് അവകാശപ്പെടുവാൻ?

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (National Rural Health Mission -NRHM) ത്തിലൂടെ ജനതയുടെ ആരോഗ്യ സംരക്ഷണമെന്ന ചുമതല കൂടുതൽ കൃത്യതയോടെ, ഉത്തരവാദിത്തോടെ കോൺഗ്രസ് സർക്കാരുകൾ ഏറ്റെടുത്തു. ഗ്രാമീണ ജനതയ്ക്ക്  നിശ്ചിത വരുമാനമുറപ്പിച്ച് കോൺഗ്രസ് – യുപിഎ സർക്കാർ വക മഹാത്മഗാന്ധി തൊഴിലുറപ്പ്  പദ്ധതി. സർവ്വരെയും ഉൾചേർത്തുള്ള  രാജ്യത്തിൻ്റെ വികസന പ്രക്രിയക്ക് കുതിപ്പു നൽകിയ ഇത്തരം നിരവധി പദ്ധതികളാണ് കോൺഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയത്. ഇത്രയും ശ്രദ്ധേയമായ ഗ്രാമീണ വികസന പ്രക്രിയയെ വെല്ലാവൂന്നയെന്ത് ഗ്രാമീണ വികസന മാതൃകയാണ് താൻ മുന്നോട്ടുവച്ചതെന്ന് യുവതയോട് മോദി പറയട്ടെ.

സൈബർ ഇന്ത്യക്ക് വഴിയൊക്കുന്നതിനായ് ഡോ. സാം പിട്രാഡോ അദ്ധ്യക്ഷനായി നോളിഡ്ജ് കമ്മീഷൻ രൂപവൽക്കരിപ്പെട്ടത് ശ്രദ്ധേയമായ ചുവടുവെയ്പായി! പ്രചരിപ്പിക്കപ്പെടുമ്പോലെ മോദി സർക്കാരല്ല രാജീവ് ഗാന്ധി സർക്കാരാണ് ഡിജിറ്റിൽ ഇന്ത്യക്ക് അസ്ഥിവാരമിട്ടതെന്നു കൂടി പറയട്ടെ.

നെഹ്രു കണ്ടെത്തിയ ഇന്ത്യ

ഇന്ത്യയെ കണ്ടെത്തിയ നെഹ്രുയുൾപ്പെടെയുള്ളവർ ശാസ്ത്ര – സാങ്കേതിക വളർച്ചയിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തിയതിന്റെ ഉദാത്തമായ ഉദാഹരണങ്ങളേറെ. ശാസ്ത്ര – സാങ്കേതിക മാറ്റങ്ങൾക്കൊപ്പമാണ് ശക്തമായ ശാസ്ത്ര ബോധത്തിൻ്റെ ഉടമ കൂടിയായിരുന്ന ജവഹർലാൽ നെഹ്രു രാജ്യത്തെ വാർത്തെടുത്തത്. എന്നാൽ ‘യുവ’ത്തിൽ ശാസ്ത്ര ബോധത്തെപ്പറ്റി വിശദീകരിയ്ക്കാൻ ശ്രമിച്ച മോദിയുടെ ശാസ്ത്രബോധമെന്തെന്ന് പരിശോ ധിക്കപ്പെടേണ്ടതല്ലെന്നുണ്ടോ?

ബഹരികാശ ഗവേഷണ ശാലകൾ. ഐഐടികൾ (IITs). ഐഐഎമ്മുകൾ ( Indian Institute of Managements). കേന്ദ്ര സർവ്വകലാശാലകൾ. സിഎസ് ഐആർ (Council of Scientific & Industrial Research). ഡിആർഡിഒ (Defence Research and Development Organisation). ആണവോർജ നിലയങ്ങൾ –  ഗവേഷണ ലബോറട്ടറികൾ, ഉരക്കു-ഘന വ്യവസായ സംരംഭങ്ങൾ. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം. ജലസേചന പദ്ധതികൾ. രാസവള – കീടനാശിനി ഉല്പാദന ഫാക്ടറികൾ. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ – സർവ്വകലാശാലകൾ. തോട്ടവിള ഗവേഷണ കേന്ദ്രങ്ങൾ. അതിവിപുല റയിൽ നെറ്റ് വർക്ക് – റയിൽ കോച്ച് ഫാക്ടറികൾ. വ്യോമയാന ഗതാഗതം. തുറമുഖങ്ങൾ. കപ്പൽ നിർമ്മാണ ശാലകൾ. പ്രതിരോധാവശ്യ ആയുധക്കോപ്പു നിർമ്മാണ കമ്പനികൾ. ദേശീയ തുണിമിൽ കോർപ്പ റേഷൻ്റെ തുണി – വസ്ത്ര നിർമ്മാണ ശാലകൾ. ബഹിരാകാശ പര്യവേഷണങ്ങൾ….. ഇത്തരത്തിൽ ശാസ്ത്ര-സാങ്കേതിക വിദ്യാ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച് രാജ്യത്തിൻ്റെ അടിസ്ഥാന വികസന പ്രക്രിയ്ക്കും ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വഴിമരുന്നിട്ടവരാണ് ആധുനിക ഇന്ത്യയുടെ ശില്പിയെന്നയെന്നറിയപ്പെടുന്ന നെഹ്രുവുൾപ്പെടെയുള്ളവർ നേതൃത്വം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾ.  ഈ ചരിത്ര യാഥാർത്ഥ്യത്തെ മോദി സംഘിന് അത്രയെളുപ്പത്തിൽ നിരാകരിയ്ക്കാവുന്നതല്ല.

പാoപുസ്തകങ്ങൾ കാവിവൽകരിക്കുന്നു. സമ്പന്നമായ രാജ്യ ചരിത്രം, മഹദ് വ്യക്തിത്വങ്ങൾ ഇതെല്ലാം പുതിയ തലമുറ പഠിക്കേണ്ടന്ന്! പരിണാമ സിദ്ധാന്തം, രാസ മൂലകങ്ങളുടെ ആവർത്തനപ്പട്ടികയും പഠിപ്പിക്കേണ്ടതില്ലെന്നു കൂടി പറയുന്നു!. സംഘപരിവാറിൻ്റെ കടുത്ത പാരമ്പര്യവാദികളെ പിൻപ്പറ്റി  അതിശയോക്തിപരവും പ്രശംസനീയവുമായ രീതിയിൽ പുരാതന ഇന്ത്യൻ വിശേഷങ്ങളെ  ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അവതരിപ്പിക്കുന്നു!  ശിഘ്രഗതിയിലുള്ള ആധുനിക ശാസ്ത്ര രംഗത്തെ യുക്തിസഹമല്ലാതെ  പ്രാക്തനക്കാലഘട്ടവുമായി കൂട്ടികെട്ടുന്നിടത്ത്   മോദി സംഘിൻ്റെ ശാസ്ത്ര ബോധം അർത്ഥ ശൂന്യമെന്ന് വ്യക്തമാക്കപ്പെടുകയല്ലേ? ശാസ്ത്ര കോൺഗ്രസുകൾ കെട്ടുകഥകൾ അവതരിപ്പിക്കുന്നതിനുള്ള വേദികളാക്കി മാറ്റുന്നതിന് അവസരം സൃഷ്ടിച്ചുകൊടുക്കുന്നതും മോദി! കൊച്ചി ‘യുവ’ത്തിൽ ശാസ്ത്രബോധം ഉദ്ബോധിപ്പിച്ച മോദിയുടെ ശാസ്ത്ര ബോധം പുരാതന ഇന്ത്യയെ മഹത്വവൽക്കരിക്കുന്നതിലൊതുങ്ങുന്നുവെന്ന് ചുരുക്കം.

മലയാളിക്ക് ക്ലാസെടുക്കുന്ന മോദി!

മൻ കി ബാത്ത് വാതോരാതെ വിളമ്പിയ മോദി മലയാളി യുവതക്ക് പരിവർത്തനത്തിൻ്റെ ക്ലാസെടുക്കുന്നതായും കൊച്ചി സേക്രട്ട് ഹാർട്ട് കലാലയ മൈതാനത്ത് കണ്ടു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ പോലും  വളർച്ചയിൽ മികവ് പുലർത്തി ലോക മാതൃക സൃഷ്ടിച്ച കേരളത്തെ മോദി പരിവർത്തനപ്പെടുത്തുമത്രെ!   രാജ്യ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഇതിനകം ഗണ്യമായ സംഭാവന നൽകിയ കേരളീയ ജനതക്കാണ് പരിവർത്തനത്തെക്കുറിച്ച് മോദി ക്ലാസെടുക്കുന്നത്!

കേരളത്തിൻ്റെ മാനവ വിഭവശേഷി പതിറ്റാണ്ടുകളായി  മൂല്യവൽകരിക്കപ്പെട്ടേകൊണ്ടിരിക്കുന്നു. അതിൻ്റെ പ്രതിഫലനമാണ് ഇന്നത്തെ കേര ളം.  മാനവ വിഭശേഷി കയറ്റിഅയ്ക്കാവുന്ന തലത്തിലേക്ക് കേരളം ഉയർന്നത് ഇന്നും ഇന്നലെയുമല്ല. ഇങ്ങനെ കയറ്റിഅയ്ക്കപ്പെട്ട തൊഴിൽ സേന നേടുന്ന വിദേശ നാണ്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ ഗ്രാഫിലുണ്ട്. അതായത് കേരളീയ പ്രവാസികൾ അയക്കുന്ന പണം രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരത്തിൽ ശ്രദ്ധേയ മുതൽകൂട്ടാണ്.

തങ്ങൾ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമ്പോൾ അതിൽ നിന്ന് കേരള യുവത ഫലങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മോദി! നാടിൻ്റെ വളർച്ചക്കും വികസന പ്രക്രിയക്കും നേതൃത്വം നൽകാൻ മലയാളി യുവത മുന്നോട്ടുവരട്ടെയെന്ന് യുവത്തിൽ മോദി. ഈ  ജി 20 പ്രസിഡൻസിക്കാലത്തെ സമ്മേളന പങ്കാളിത്തംകൊണ്ട് മലയാളി യൂത്ത് ലോക ശ്രദ്ധ നേടിയെന്നും മോദി. മോദി വീമ്പിളക്കുന്നതു പോലെയല്ല  മലയാളിയൂത്തിൻ്റെ മികവ് പണ്ടേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ജനതയെയാണ് ഇന്നലത്തെ മഴയിൽ കിളിർത്ത മോദി പരിവർത്തന തുറുപ്പുചീട്ടിറക്കി കൂടെ നിറുത്താമെന്ന അബദ്ധധാരണ വച്ചുപുലർത്തുന്നത്.

തിരിച്ചറിയപ്പെടുന്നുണ്ട് ഹിന്ദുത്വ വ്യാപന തന്ത്രം

ജാതി-മത വേർതിരിവുണ്ടാക്കുന്നവരെ ശ്രദ്ധിയ്ക്കണമെന്നു് ‘യുവ’ത്തിൽ മുന്നറിയിപ്പു നൽകി മോദി. ശ്രീ നാരായണ ദർശന ജാതിഭേദങ്ങളില്ലാതെ സർവ്വരും സോദരരെന്ന സൗഹാർദ്ദ കേരളത്തിൻ്റെ മണ്ണിൽ പച്ചയായ ഹിന്ദുത്വം വിളിച്ചുപറഞ്ഞാൽ നിലം തൊടില്ലെന്ന് മോദിയ്ക്കറിയാം. അതുകൊണ്ടുതന്നെയാണ് ഉത്തരേന്ത്യയിൽ മുസ്ലീം-ക്രൈസ്തവ വിരുദ്ധതയുടെ സംഹാരതാണ്ഡവമാടുന്നവർ കേരളത്തിലെത്തുമ്പോൾ  ചുവടുമാറ്റിപ്പിടിക്കുന്നത്.

ശങ്കര സ്മൃതികളിൽ കോൾമയിർകൊള്ളുന്ന ഹിന്ദുത്വ പ്രയോക്താവ് മോദിയെന്നതു പകൽ പോലെ സത്യം. എന്നിട്ടും മോദിക്ക്   നാരായണ ഗുരുവിനെപ്രതി പറയേണ്ടിവരികയെന്ന നിർബ്ബന്ധിതാവസ്ഥ. കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തിൻ്റെ ശക്തിയും പ്രസക്തിയുമാണ് ഇവിടെ വിളിച്ചോതുന്നത്. ആദിശങ്കരൻ്റെ വർണ്ണാധിഷ്ഠിത – ബ്രാഹ്മണിക്കൽ ഹിന്ദുത്വ  അധികാര രാഷ്ട്രീയ സമവാക്യത്തിലേക്ക് കേരളത്തെ കൂട്ടിക്കെട്ടേണ്ടതുണ്ട്. ഇതിനായ് കേരളത്തിലെ  ആദിവാസി – ദളിത് – ഈഴവ പിന്നോക്ക ഭൂരിപക്ഷ അവർണ വിഭാഗങ്ങളെ ഹിന്ദുവെന്ന് വരുത്തിതീർക്കുന്ന തന്ത്രപ്രയോഗത്തിലെത്തിക്കേണ്ടതുണ്ട്.  ഇവിടെ ഗുരു ദർശനങ്ങളെ അകമ്പടിയേകി ഹിന്ദുത്വയിലേക്ക് ആൾക്കൂട്ടത്തെ ആകർഷിച്ച് വോട്ടുബാങ്കു സമാഹാരണ സാധ്യതയാണ് മോദിയും കൂട്ടരും തേടുന്നത്.  രാഷ്ട്രീയമായി ഈ സങ്കുചിത കാഴ്ചപാടിനോട് പൊരുത്തപ്പെടുന്ന തരത്തിൽ കേരളത്തിൻ്റെ യുവതയെ തേവര സേക്രട്ട് ഹാർട്ട് കോളേജ് അങ്കണത്തിൽ വച്ച് പരിവർത്തനപ്പെടുത്തിയെടുക്കാമെന്ന് മോദി കരുതിയെങ്കിലത് മൂഢത്വമല്ലാതെ മറ്റെന്താണ്?

മോദിയുടെ പരിവർത്തന രീതിശാസ്ത്രമെന്ത്?

യുവ’ത്തിൽ പരിവർത്തനത്തെക്കുറിച്ചുള്ള ഗീർവാണങ്ങൾ മുഴക്കി മോദി. രാജ്യത്തിൻ്റെ പരിവർത്തന ദിശയിൽ തൻ്റെ സർക്കാർ എന്ത് സംഭാവന നൽകിയെന്ന് കൃത്യതയോടെ വിശദീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ   പരിവർത്തന പ്രക്രിയയുടെ പാരമ്പര്യമെന്നത് അഹിംസ. നിയമലംഘനം. ഈ പാരമ്പര്യ നിർമ്മിതിയുടെ നിയോഗമേറ്റെടുത്തതാകട്ടെ  ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അയോധ്യ രഥയാത്ര നടത്തി രാജ്യത്തെ മത വൈര വിത്ത് വിതച്ചവരല്ല, ഗോദ്ര തീവണ്ടിയിൽ തീയിട്ട് സന്യാസിമാരെ ചുട്ടുകൊന്ന് ഹിന്ദുത്വത്തിന് ഊർജ്ജം പകർന്നുനൽകിയവരല്ല വർത്തമാനക്കാല ഇന്ത്യയുടെ ശില്പികൾ. പണ്ഡിറ്റ്  നെഹ്രു – വല്ലഭായ് പട്ടേൽ – മൗലാനാ ആസാദ് –  ലാൽ ബഹദൂർ ശാസ്ത്രി – ഇന്ദിരാഗാന്ധി – രാജീവ് ഗാന്ധി – നരസിംഹറാവു – മൻമോഹൻ സിങ് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ ഉജ്ജ്വല രാഷ്ട്രതന്ത്രജ്ഞതയുടെ ഗുണഫലമാണ് ഇന്നത്തെ ഇന്ത്യ.

രാജ്യത്തിൻ്റെ ജാതി-മത-വർഗ വർണ-ഭാഷാ-ലിംഗ  വ്യത്യസ്തതകളില്ലാതെ സർവ്വരെയും ചേർത്തുപിടിച്ച്  ശ്രേഷ്ഠതയാർന്ന ഇന്ത്യൻ ബഹുസ്വരതയെ ലോകനെറുകയിലെത്തിച്ച മഹത്തായ പാരമ്പര്യം കോൺഗ്രസിന് സ്വന്തം. ഇക്കഴിഞ്ഞ കേവലം ഒമ്പതു വർഷം കൊണ്ടുണ്ടായതല്ല ഇന്ത്യ. ഇന്നത്തെ ഇന്ത്യ സൃഷ്ടിയ്ക്കപ്പെട്ടത്തിൻ്റെ പിന്നാമ്പുറം സംഭവബഹുലം. 138 വർഷം പാരമ്പര്യമുള്ള ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ ദീർഘദൃഷ്ടിയുടെയുടെയും ഇച്ഛാശക്തിയുടെയും ആകെ തുകയാണ് വർത്തമാനക്കാല ഇന്ത്യ. രാഷ്ട്രപിതാവ് മഹാത്മജിക്കെതിരെ നിറയൊഴിച്ചവരുടെ പിന്തുടർച്ചക്കാരുടേതല്ല വർത്തമാനക്കാല ഇന്ത്യ. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ  ഇത്തരം ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് മോദി തിരിഞ്ഞുനോക്കുന്നത് നന്നായിരിയ്ക്കും.

കറകളഞ്ഞ ഇന്ത്യൻ സാംസ്ക്കാരിക പൈതൃകമുയർത്തിപ്പിടിച്ച് സർവ്വെരെയും ഉൾചേർത്ത് അതിവിശാല രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഹിന്ദു രാഷ്ട്ര സംസ്ഥാപനവാദികളുടെ പങ്ക് മഷിയിട്ടുനോക്കിയാൽ പോലും കണ്ടെത്താനാകില്ല. വേർതിരിവുകളുടെ വിദ്വേഷത്തിൻ്റെ വിഷം തീണ്ടി ഹിന്ദുത്വയിലൂന്നിയുള്ള ഹിന്ദു രാഷ്ട്ര സംസ്ഥാപന ദൗത്യമേറ്റെടുത്തിട്ടുള്ളവരാണ് മോദിസംഘം. ഇതിൻ്റെ ഭാഗമായി രാജ്യത്തെ ജനതയുടെ അഭിപ്രായ – ഭക്ഷണ –  വസ്ത്രധാരണ – ആരാധനാ സ്വാതന്ത്യം പോലും ഹനിക്കപ്പെട്ടു!  മോദി സംഘിൻ്റെ പരിവർത്തന പ്രക്രിയ ഹിംസാത്മക വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിലൂന്നിയുള്ള ഹിന്ദുത്വ സംസ്ഥാപന ശ്രമമെന്നതിനുമപ്പുറം ഒരിഞ്ച് മുന്നോട്ടുപോകില്ല.

ജാതി – മത – സാമുദായിക വേർതിരിവിൻ്റെ വിഷവിത്ത് വിതച്ച് അതിൽ നിന്ന് രാഷ്ട്രീയാധികാരത്തിൻ്റെ വിള കൊയ്യെതെടുക്കുന്ന മോദിസംഘ്  ഇന്നത്തെ ഇന്ത്യയുടെ പ്രണേതാക്കളെന്ന് സ്വയം വാഴ്ത്തി നെഗളിക്കട്ടെ! യഥാർത്ഥ ഭൂതക്കാലം കുടുതൽ ശോഭയോടെ വെളിവാക്കപ്പെടുവാനുള്ള അപൂർവ്വാവസരമായി മോദി ജല്പനങ്ങൾ മാറുന്നുവെന്നത് ഏറെ ആശ്വാസകരം.  പച്ചയായ യാഥാർത്ഥ്യങ്ങൾ അനുഭവവേദ്യമായികൊണ്ടിരിക്കുന്ന യുവതയെ കേവലം തൻ്റെ വാചോടപങ്ങളിൽ കുരുക്കാമെന്ന് മോദി കരുതരുത്. പിന്തിരിപ്പിൻ ദൗത്യത്തെ രാജ്യത്തിൻ്റെ പരിവർത്തന ദൗത്യമെന്നു പേരുചൊല്ലി വിളിയ്ക്കപ്പെടുന്നതിന് ഇന്ത്യൻ യുവതയുടെ അംഗീകാരമുണ്ടാകുമെന്നത് വ്യാമോഹം.

ബ്ലൂ ഇക്കണോമി

കേരളത്തിൻ്റെ മത്സ്യ ബന്ധന മേഖലയെ പുന:രുദ്ധരിച്ചുവെന്ന് ‘യുവ’ത്തിൽ മോദി! ബ്ലൂ ഇക്കണോമി വികസനമെന്നു പറയുമ്പോൾ കേരളത്തിൽ പുതിയ മത്സബന്ധന തുറമുഖമെവിടെ?  കൊച്ചിയിലേതടക്കമുള്ള കപ്പൽശാലകൾ സ്ഥാപിച്ചതാര്? ബിജെപി അദാനിയ്ക്കായ് കപ്പൽശാലകൾ നൽകി. അദാനിയ്ക്ക് രാജ്യത്തെ വിഴിഞ്ഞമുൾപ്പെടെ തീരദേശം തീറെഴുത്തികൊടുത്തപ്പോൾ അവിടത്തെ മത്സ്യബന്ധന സമൂഹത്തിൻ്റെ ഉപജീവോനോപാധി തകർക്കപ്പെട്ടു.  ഈ മോദിയാണ് മത്സ്യബന്ധന സമൂഹത്തിൻ്റെ അഭിവൃദ്ധിയെക്കുറിച്ച് വിടുവായത്തം പറയുന്നത്. മറൈൻ ഉല്പന്ന സംസ്കരണ സൗകര്യങ്ങൾ സൃഷടിച്ച് ഇന്ത്യൻ കയറ്റുമതി ശക്തിപ്പെട്ടുത്തുവാൻ എംപിഡിഎ (Marine Products Export Development Authority) രൂപീകരിച്ചത് ആരെന്നതിന് മോദിക്ക് മിണ്ടാട്ടമുണ്ടാകില്ല. കൊച്ചയിയിലേതുൾപ്പെടെ സമുദ്ര പഠനഗവേഷണ കേന്ദ്രങ്ങൾക്ക് തുടക്കമിട്ടതാരെന്ന ചോദ്യത്തിനും മോദിവൃന്ദത്തിന് മറുപടിയി ട്ടുണ്ടാകില്ല.

കേരളത്തിലെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഗവേഷണശാലയ്ക്ക് പ്രാംരംഭമിട്ടവരെക്കുറിച്ചും മോദിസംഘം നിശ്ശബ്ദത പാലിക്കും. കൊച്ചിൻ മെട്രോ റയിൽ, വല്ലാർപ്പാടം രാജ്യാന്തര കണ്ടെയനർ ടെർമിനിൽ, കൊച്ചി പുതുവൈപ്പിൻ എൽഎൻജി ടെർമിനിൽ,. കൊച്ചി – തിരുവനന്തപുരം – കോഴിക്കോട്-കണ്ണൂർ വിമാനതാവളങ്ങൾ, ഏഴിമല നാവിക അക്കാദമി, തിരുവനന്തപുരം ബ്രമോസ് ആരോ സ്പേയ്സ്, കാസർഗോഡ് കേന്ദ്ര സർവ്വകലാശാല തുടങ്ങിയവയൊന്നും പരിവർത്തനത്തെക്കുറിച്ച് പ്രഘോഷണം നടത്തുന്ന മോദിവൃന്ദത്തിൻ്റെ സംഭാവനകളല്ല.

മോദിയുടേതല്ല സ്റ്റാർട്ടപ്പു സംരംഭകത്വം

സ്റ്റാർട്ടപ്പ് സംരംഭകത്വ ഉപജ്ഞാതാവ് താനെന്ന് രീതിയിൽ ‘യുവ’ത്തിൽ മോദി പറഞ്ഞു! പശ്ചവത്സര പദ്ധതികളിലൂടെ മികവുറ്റ ആസൂത്രണത്തി ലൂടെ വാർത്തെടുക്കപ്പെട്ടതാണ് ഇന്ത്യ. കോൺഗ്രസ് സർക്കാരുടെ മുൻകയ്യിൽ വിദ്ഗദരുടെ, പ്രതിഭാശാലികളുടെ, പ്രയോഗമതികളുടെ, ദീർഘവീക്ഷണ ഉടമകളുടെ കൂട്ടായ  രാജ്യതന്ത്രജ്ഞതയുടെ ഗുണഫലമാണ് വർത്തമാനക്കാല ഇന്ത്യ. കോൺഗ്രസ് സർക്കാരുകൾ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളുൾചേർത്ത് സമ്പദ്‌വ്യവസ്ഥക്ക് തുടക്കമിട്ടു. ബാങ്കിങ് രംഗത്തുൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾക്ക് അസ്ഥിരവാരമിട്ടു.

ആഗോള സാമ്പത്തിക പരിഷ്ക്കാരങ്ങൾക്കൊപ്പം ചേർന്ന് 1990-കളുടെ പ്രാരംഭത്തിൽ സാമ്പത്തിക പരിഷ്‌കാരങ്ങളിലേറി രാജ്യം. ഇക്കാര്യത്തിൽ പല കോണുകളിൽ നിന്ന് വ്യതിരിക്ത അഭിപ്രായങ്ങൾ ഉയർന്നുവന്നത് ശ്രദ്ധേയമായി. അതേസമയം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്ക് സാമ്പത്തിക പരിഷ്ക്കാരങ്ങൾ കാരണമായെന്നത് അവഗണിയ്ക്കപ്പെടേണ്ടതല്ലെന്നതും തിരിച്ചറിയപ്പെട്ടു. രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങൾ ഒഴുകിയെത്തി. കാണാചരടുകളുള്ള ലോകബാങ്ക് – എഡിബി – ഐഎംഎഫ് ധനസഹായമെന്നതിനുമപ്പുറം രാജ്യത്ത് വെഞ്ചർ ക്യാപിറ്റൽ രൂപത്തിൽ ആഗോള കോർപ്പറേറ്റുകളുടെ ധന മൂലധനമെത്തിയതോടെയാണ് സ്റ്റാർട്ടപ്പു സംരംഭകത്വ സംസ്ക്കാരത്തിന് തുടക്കമായത്. അതായത് സ്റ്റാർട്ടപ്പ് സംരംഭകത്വ ഉപജ്ഞാതാവായി മോദി ചമയേണ്ടതില്ല.

സ്വയംതൊഴിലും ഒപ്പം സ്വയംസംരംഭവുമെന്ന പരിവർത്തനത്തിലേറിയതോടെ രാജ്യം പുതുവികസന കുതിപ്പിലേറി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ തുടങ്ങി. കോൺഗ്രസ് സർക്കാരുടെ ഭരണത്തിൽ തന്നെ പരസ്പര വികസന പാതയെന്ന ലക്ഷ്യംവച്ച് രാജ്യാന്തര ഉഭയ – ബഹുകക്ഷി വാണിജ്യ കരാറുകളിൽ രാജ്യം പങ്കാളിയായി. ഇതാകട്ടെ രാജ്യത്തിൻ്റെ കയറ്റുമതിരംഗത്തിന് പുത്തനുണർവ്വ് പ്രദാനം ചെയ്തു. അതേസമയം ശ്രദ്ധേയമായ ഒപ്പുവയ്ക്കപ്പെട്ട രാജ്യാന്തര ബഹു/ ഉഭകക്ഷി വാണിജ്യ കരാറുകൾ തുച്ഛം. ഇന്ത്യൻ ഉല്പന്നങ്ങൾക്കായ് വൈദേശിക വിപണി വിപുലികരണമെന്നതിൽ മോദി  സർക്കാരിന് കാര്യമായ നേട്ടങ്ങളില്ല..

ആണവ ഇന്ത്യ/123 അഗ്രിമെൻ്റ്

ഇന്തോ – യുഎസ് ആണവ കരാർ (1-2-3 കരാർ) രണ്ടാം യുപിഎ സർക്കാർ ഒപ്പുവച്ചു.  ഇന്ത്യയുടെ നയതന്ത്ര രംഗത്തെ ശ്രദ്ധേയ നേട്ടം.  അന്താരാഷ്ട്ര ബന്ധങ്ങളിലും രാഷ്ട്രീയത്തിലും ആണവശക്തിയായി ഇന്ത്യ അംഗീകരിക്കപ്പെട്ടു. ആണവ നിർവ്യാപന ഉടമ്പടി (എൻപിടി) യുടെ കാര്യത്തിൽ ഇന്ത്യയ്ക്ക്മേൽ കടുത്ത സമ്മർദ്ദമുണ്ടായി. ഇന്ത്യ പക്ഷേ അതിൽ ഒപ്പിടാൻ തയ്യാറായില്ല.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യ വഴങ്ങിയില്ല. എന്നിട്ടും ഇന്തോ – യുഎസ് ആണവ കരാർ. മൻമോഹൻ സിങ് സർക്കാരിൻ്റെ തീർത്തും ശ്രദ്ധേയമായ വിദേശ നയതന്ത്രജ്ഞതയുടെ പ്രതിഫലനം.

നെഹ്‌റു മുതൽ മൻമോഹൻ സിങ് കോൺഗ്രസ് സർക്കാരുകൾ രൂപപ്പെടുത്തിയ ഇന്ത്യൻ നയതന്ത്രത്തിനുള്ള ആഗോള അംഗീകാരമാണ് ഇന്തോ – യുഎസ് ആണവക്കരാർ. ആഗോള രാഷ്ട്രീയത്തിൽ വർത്തമാനകാല ഇന്ത്യക്കുള്ള അംഗീകാരമെന്നതിൻ്റെ ഏക പിൻബലമെന്നത് ഇന്ത്യോ – യുഎസ് ആണവക്കരാർ. കോൺഗ്രസിൻ്റെ യുപിഎ സർക്കാരിലൂടെ ആഗോള ആണവശക്തിയെന്നു ഇന്ത്യ അംഗീകരിക്കപ്പെട്ടതിൻ്റെ സ്വീകാര്യതയുടെ ഒരു ചെറു ആനുകൂല്യം മാത്രമാണ് മോദിയുടെ പെരുപ്പിക്കപ്പെടുന്ന ആഗോള സ്വീകാര്യത!

മോദിയുടെ വിദേശനയ നേട്ടെമന്ത്?

മോദിയുടെ വിദേശ നയതന്ത്രത്തിന്  യുഎൻ രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ഇനിയും നേടാനായില്ല. ആഗോള ന്യൂക്ലിയൽ സപ്ലൈ ക്ലബ്ബിൽ അംഗത്വമുറപ്പിയ്ക്കാനായില്ല. ആണവായുധ പന്തയ ലോകത്ത്‌ ആഗോള സമാധാന ദൗത്യങ്ങൾ കോൺഗ്രസ് സർക്കാരുകൾ ഏറ്റെടുത്തിരുന്നു. 1986 നവംബറിൽ രാജീവ്ഗാന്ധിയും ഗോർബച്ചേവും ഒപ്പിട്ട ആണവായുധ – അക്രമ രഹിത ലോകത്തിന്റെ തത്വങ്ങളെക്കുറിച്ചുള്ള ഡൽഹി പ്രഖ്യാപനം പ്രൊഫഷണൽ ഇന്ത്യൻ നയതന്ത്രത്തിൻ്റെ ആഗോള രേഖയായി ഇപ്പോഴും ശ്രദ്ധേയം. ഇത്തരത്തിൽ ആഗോള സമാധാന സംസ്ഥാപന ദൗത്യങ്ങളിൽ മോദി സർക്കാരിൻ്റേതായുള്ള എന്ത് സംഭാവനയാണ് ഉയർത്തികാണിയ്ക്കുവാനുള്ളത്? ആഗോള നേതാക്കൾ തോളിൽ കയ്യിടുന്നതും ഹസ്തദാനം ചെയ്യുന്നതുമാണ് ആഗോള രാഷ്ട്രീയത്തിൽ മോദിയുടെ അംഗീകാരമായി തെറ്റുധരിപ്പിക്കപ്പെട്ടിരിക്കുന്നത്. രാജ്യാന്തര രാഷ്ട്രീയത്തിൽ മോദിയെ പുക്ഴത്തുവാനുള്ള മാധ്യമമെന്നതിനുമപ്പുറം വർത്തമാനകാല ഇന്ത്യയുടെ വിദേശനയം അതല്ലെങ്കിൽ നയതന്ത്രം ശ്രദ്ധേയമാകുന്നില്ല.

കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലും ഇന്ത്യയ്ക്ക് പ്രവേശനം നഷ്ടപ്പെട്ടതായി ഗവേഷണ പ്രബന്ധം[1] . ബഫർ സോണുകൾ സൃഷ്ടിച്ച് അതിർത്തിയിലെ പുൽമേടുകളി (കന്നുകാലി മേച്ചിലിടങ്ങൾ) ലേക്കുള്ള ഇന്ത്യൻ ജനങ്ങളുടെ സഞ്ചാരം ചൈന നിയന്ത്രിക്കുന്നുവെന്നതിലാണ് പ്രബന്ധത്തിൻ്റെ ഊന്നൽ. അതിർത്തിയിൽ നിന്നുളള പിൻവാങ്ങൽ (disengagement) പ്രക്രിയയിൽ ഇന്ത്യൻ സൈന്യം കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നു! അതുവഴി മോദി സർക്കാർ  ഇന്ത്യൻ ഭൂപ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്ത് പുതിയ ബഫർ സോണുകൾ സൃഷ്ടിക്കുന്നു! ദേശീയതയുടെ മുഖ്യ പ്രയോക്താക്കളെന്ന് സദാ വീമ്പുപറയുന്ന മോദി സർക്കാർ രാജ്യത്തിൻ്റെ അതിർത്തി/ഭൂപ്രദേശങ്ങൾ കാത്തുസംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെ ടുന്നുവെന്നുതന്നെയാണിവിടെ സുവിദിതമാകുന്നത്.

മോദിയുടെ ഇന്ത്യ

കോൺഗ്രസ് സർക്കാരുകളുടെ കീഴിൽ വളർച്ചയുടെ, നേട്ടങ്ങളുടെ, അംഗീകാരങ്ങളുടെ പട്ടികയിലിടം നേടികൊണ്ടിരുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഖേദകരം.  ഇന്ത്യയിൽ. ജലസ്രോതസ്സുകളൾ നാലു ശതമാനം മാത്രം. ലോകത്തെ ഏറ്റവും ജലദൗർലഭ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാർ പോളിസി തിങ്ക് ടാങ്ക് നിതി ആയോഗിന്റെ സമീപകാല റിപ്പോർട്ട് അടിവരയിടുന്നു. രാജ്യത്തിൻ്റെ ശുദ്ധ  ജലക്ഷാമ പരിഹാരം ഇനിയുമകലെയെന്നു മോദി സർക്കാർ തന്നെ സമ്മതിക്കുന്നുവെന്ന് സാരം!

കോൺഗ്രസ് സർക്കാരുകളുടെ സംയോജിത ശിശു വികസന പദ്ധതി (Integrated Child Development Programme) സമൃദ്ധ പോക്ഷകാഹാരമുറപ്പുവരുത്തുകയെന്ന ശ്രദ്ധേയ ചുവടുവെയ്പായി. പോക്ഷകാഹാര കുറവിൻ്റെ പിടിയിൽ നിന്ന് രാജ്യത്തെയിനിയും മോദി സർക്കാരിന് കരകയറ്റാനായിട്ടില്ല. 40 ശതാമനം യുവാക്കൾക്ക് ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നത്. ഏകദേശം മൂന്നിലൊന്ന് ഇന്ത്യക്കാർ പോഷകാഹാരക്കുറവുള്ളവരാണെന്ന്. ഇന്ത്യൻ ജനതയുടെ ഭക്ഷണം പോഷകങ്ങളുടെ അപര്യാപ്തതയിലെന്ന് ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട് – 2021. ഇന്ത്യൻ ജനതയുടെ ആരോഗ്യ- പോഷകാഹാര അവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതായി മോദി സർക്കാരിൻ്റെ ആരോഗ്യ മന്ത്രാലയത്തിൻ്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ ( National Family Health Survey- NFHS – 2019-21) പരമ്പരയിലെ അഞ്ചാമത്തെ റിപ്പോർട്ടും പറയുന്നില്ല.

ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI) 2022 പ്രകാരം ഇന്ത്യ 121ൽ 107-ാം സ്ഥാനത്ത്! ഒരു രാജ്യത്തിൻ്റെ വളർച്ചാനിരക്ക് ശ്രദ്ധേയമാകുന്നത് ദാരിദ്ര്യത്തിൻ്റെ നിരക്ക് കുറയുന്നിടത്താണ്.  എന്നാൽ ഈ ദിശയിലേക്കുള്ള മാറ്റത്തിൻ്റെ ചെറു ലാഞ്ചന പോലും മോദിഭരണത്തിൽ പ്രകടമല്ല. എന്നിട്ടും  സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്ന കോടികൾ വാരിയെറിഞ്ഞുള്ള പ്രതിമാനിർമ്മാണങ്ങൾ പോലുള്ള ധൂർത്തുകൾക്ക് കുറവേതുമില്ല!

ലിംഗഭേദ വിടവ് ദയനീയം. 156 രാഷ്ട്ര ആഗോള ലിംഗഭേദ റിപ്പോർട്ടിൽ (2021) ഇന്ത്യയുടെ സ്ഥാനം ഏറെ നിരാശാജനകം. 2020-ലെ 153 അംഗ രാഷ്ട്ര ലിംഗഭേദ സൂചികയിൽ ഇന്ത്യൻ റാങ്ക് 112 (സ്കോർ:0.66). ആഗോള അസമത്വ റിപ്പോർട്ട് – 2022 പ്രകാരം ഇന്ത്യൻ ജനതയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ തീർത്തും ഖേദകരം. രാജ്യത്തിൻ്റെ 57 ശതമാനം സമ്പത്ത്/വരുമാനം വരേണ്യരായ 10 ശതമാനത്തിൽ കുമിഞ്ഞുകൂടിയിരിക്കുന്നു. സമ്പന്ന വരേണ്യവർഗത്തിനും ദരിദ്രർക്കുമിടയിലുള്ള കൊടിയ അസമത്വത്തിൽ വേറിട്ടുനിൽക്കുന്ന രാജ്യമായി മാറി മോദിയുടെ ഭരണത്തിൽ ഇന്ത്യ. എന്തിനധികം,  2022 മെയ് 18 ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പ്രസിദ്ധികരിച്ച ഇന്ത്യൻ അസമത്വ റിപ്പോർട്ട് – 2022  കാണാതെ പോകരുത്. അസമത്വങ്ങൾ ജനസംഖ്യയെ കൂടുതൽ ദുർബ്ബലമാക്കി ബഹുമുഖ ദാരിദ്ര്യത്തിന് വഴിയൊരുക്കുന്നുവെന്നത് ശരിവയ്ക്കുകയാണീ അസമത്വ റിപ്പോർട്ട്.

ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് – 2022 ഇന്ത്യയെ ഏറ്റവും ഉയർന്ന അപകട സാധ്യതാപട്ടികയിലാണുൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് സന്തോഷം അനുഭവിക്കുന്നവരുടെ എണ്ണം പരിതാപകരമെന്ന് ആഗോള ഹാപ്പിനസ് ഇൻ്റക്സ്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ പ്രതിവർഷം പുറത്തിറക്കുന്ന വേൾഡ് പ്രസ് ഫ്രീഡം ഇൻ്റക്സ് (2023) എഡിഷനിൽ ഇന്ത്യ 180 രാജ്യങ്ങളിൽ  161-ാം സ്ഥാനത്ത്! ഇന്ത്യൻ ജനാധിപത്യം മോദിഭരണത്തിൽ കീഴിൽ അപകടത്തിലെന്ന വസ്തുതയാണ് പ്രസ് ഫ്രീഡം ഇൻ്റക്സ് നൽകുന്നത്.  ഇത്തരം യാഥാർത്ഥ്യങ്ങൾ നിലനിൽക്കവെ തൻ്റെ ഭരണത്തിൽ രാജ്യം കുതിക്കുന്നുവെന്ന മോദിയുടെ പ്രചരണം മുഖവിലക്കെടുക്കപ്പെടുമെന്ന് അബദ്ധ ധാരണ മോദിക്ക് വേണ്ട.

അൺ പ്രഫഷ്ണൽ ഫിനാൻഷ്യൽ മാനോജ്മെൻ്റ്

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 10.5 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതിതള്ളിയെന്ന് ധനമന്ത്രി പാർലമെൻ്ററിൻ്റെ വർഷക്കാല സമ്മേളന (2022) ത്തിൽ വ്യക്തമാക്കി. കൃഷി ചെലവിന് ആനുപാതികമായി വിളകൾക്ക് വില കിട്ടാതെ കടത്തിൽ മുങ്ങി പിടിച്ചുനിൽക്കുവാനാകാതെ ആത്മഹത്യക്ക് നിർബ്ബന്ധിക്കപ്പെടുന്ന കർഷകരുടെ വായ്പകളല്ല എഴുതിതള്ളിയത്. കോർപ്പറേറ്റുകളുടേതാണ്. കോടികളുടെ വായ്പ കോർപ്പറേറ്റുകളിൽ നിന്ന് തിരിച്ചുപിടിയ്ക്കാതിരിക്കുന്നത് ഭരണകൂട – കോർപ്പറേറ്റു അവിശുദ്ധബന്ധത്തിൻ്റെ പ്രതിഫലനം. അതേസമയം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കുംവിധമുള്ള ഗുരുതര സാമ്പത്തിക മാനേജ്മെൻ്റു് വീഴ്ചയായി തന്നെ കടം എഴുതിതള്ളൽ വിലയിരുത്തപ്പെണം.

കോൺഗ്രസ് സർക്കാരുകളുടെ പ്രൊഫഷണൽ ധനകാര്യ പരിപാലനത്തിൻ്റെ മകുടോദാഹരണങ്ങളാണ് പൊതുമേഖലാ ധനകാര്യ സ്ഥാ പനങ്ങളായ എൽഐസി, എസ്ബിഐ തുടങ്ങിയവ. ചങ്ങാത്ത മുതലാളിത്ത വക്താവ് മോദി – അദാനി അവിശുദ്ധ ബന്ധം ഇവയുടെ നിലനില്പിനെ പോലും അവതാളത്തിലാക്കുന്ന അവസ്ഥയിലെത്തിച്ചു! പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നവരാണ് സ്ഥാപിക്കുന്നവരല്ല ചങ്ങാത്ത മുതലാളിത്ത മോദി സർക്കാർ.  വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനെന്ന പേരിൽ ലാഭം മാത്രം രേഖപ്പെടുത്തിയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പോലും ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്നവരാണ് മോദി സർക്കാർ.

2014 മുതൽ   ഓഹരി വിറ്റഴിക്കലിൽ  മോദി സർക്കാർ സമാഹരിച്ചത് നാലു ലക്ഷം കോടി രൂപ[2] . ഇതിനുംപുറമെ ജിഎസ്ടി, ആദായനികുതി, പെട്രോളിയം ഉല്പന്നങ്ങൾക്ക് എക്സെസ് നികുതി, സെസുകളെന്ന പേരിട്ട് വിവിധ നികുതികൾ തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊതു ജനങ്ങളെ പിഴിയുന്നു. വരുമാന ദിശയിൽ ഇത്രയും വിഭവ സമാഹരണം നടത്തിയിട്ടും രാജ്യത്തിൻ്റെ പൊതുകടം കുത്തനെ കൂടുന്നതിൽ കുറവൊന്നുമില്ല.

 2021 സാമ്പത്തിക വർഷം രാജ്യത്തിൻ്റെ പൊതുകടം 128 ലക്ഷം കോടി  രൂപ. 2022-23 ബജറ്റ് കണക്കുകൾ പ്രകാരം രാജ്യത്തിൻ്റെ കടബാധ്യത 2022 മാർച്ച് 31 വരെ മൊത്തം 135,87,893.16 രൂപ. 2023 മാർച്ച് 31 വരെ  ഏകദേശം 155.8 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണ് രാജ്യം. ജിഡിപിയുടെ 57.3 ശതമാനം കടം[3]! വാർഷിക പ്രസിദ്ധീകരണമായ ‘ഇന്ത്യയുടെ വിദേശ കടം: ഒരു സ്റ്റാറ്റസ് റിപ്പോർട്ട് (2013-14) പ്രകാരം രണ്ടാം യുപിഎ സർക്കാർ വേളയിൽ 2014 മാർച്ച് അവസാനത്തിൽ ഇന്ത്യയുടെ വിദേശ യുഎസ് ഡോളർ 440.6 ബില്യൺ[4]. രണ്ടാം യുപിഎ സർക്കാർ അധികാരം വിട്ടൊഴിയുമ്പോഴുള്ള വിദേശ കടബാധ്യതയുമായി തട്ടിച്ചുനോക്കുമ്പോൾ കഴിഞ്ഞ ഒമ്പതു വർഷ ഭരണത്തിൽ മോദി സർക്കാർ രാജ്യത്തെ പാടെ കടബാധ്യതയിലാഴ്ത്തിയെന്ന് പ്രകടം.

ജനങ്ങളുടെ ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ റോഡ് – റയിൽ – വിമാനതാവളം –  പൊതുമേഖല യൂണിറ്റുകളുൾപ്പെടെ  അടിസ്ഥാന സൗകര്യ ആസ്തികൾ വിറ്റുകാശാക്കുന്ന നാഷണൽ മോനിറ്റൈസേഷൻ പൈപ്പ് ലൈൻ (Nation Monetisation Pipeline – NMP) സ്കീമിനും മോദി സർക്കാർ രൂപകല്പന ചെയ്തിട്ടുണ്ട്. 2021 ആരംഭിച്ച്   2025 നകം ആറു ലക്ഷം കോടി രൂപ സമാഹരണമാണ് ലക്ഷ്യം. 2022-23  വർഷത്തിൽ 1.62 കോടി രൂപയുടെ ആസ്തികൾ വിൽക്കുമെന്ന് പാർലമെൻ്റ് കാലവർഷ സമ്മേളന (2022) ത്തിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പൊതുമേഖല സംരംഭങ്ങളും പൊതുമേഖല സംരംഭങ്ങളുടെ ഓഹരികളും വിറ്റ് സമാഹരിച്ച സഹസ്രകോടികൾ പ്രചരിപ്പിക്കപ്പെടുമ്പോലെ രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ അതല്ലെങ്കിൽ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായ് കൃത്യതയോടെ വിനിയോഗിക്കപ്പെടുന്നുവെന്നതിൻ്റെ കാര്യമാത്ര തെളിവുകൾ നിരത്താൻ മോദി സർക്കാർ പാടുപ്പെടും.

മോദി സർക്കാരിൻ്റെ ദയനീയ സാമ്പത്തിക പരിപാലനം ഇനിയും രാജ്യത്തിൻ്റെ സമ്പദ് ഘടനയെ കാര്യമായി ബാധിക്കുന്നില്ലെന്നത് ആശ്വാസം. കോൺഗ്രസ് സർക്കാരുകൾ ദൃഢമായി തന്നെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ വാർത്തെടുത്തിരുന്നുവെന്നതാണ് ഈ ആശ്വാസത്തിന് ആധാരം. രാജ്യത്തിൻ്റെ  സമ്പദ് വ്യവസ്ഥക്ക് അതിശക്തമായ അടിത്തറ പാകുന്നതിൽ  കോൺഗ്രസ് സർക്കാരുകൾക്കായിയെന്നതുകൊണ്ടുതന്നെയാണ് മോദി സർക്കാരിൻ്റെ പരിതാപകരമായ ധനകാര്യ പരിപാലന വീഴ്ച്ചകൾ സമ്പദ് വ്യവസ്ഥക്ക് കാര്യമായ പരിക്കുകളായി പരിണമിയ്ക്കാത്തതെന്നു ചുരുക്കം.

സ്ത്രീയവസ്ഥ

യുവ’ത്തിൽ ശാസ്ത്രത്തെപ്രതി ഉദ്ബോധിപ്പിച്ച മോദി പ്രാക്തനക്കാല അന്ധവിശ്വാസങ്ങളെ പുന:സ്ഥാപിയ്ക്കുന്ന തിരക്കിലാണെന്നതാണ് പുതിയ പാർലമെൻ്റ് മന്ദിര ഉദ്ഘാടന ചടങ്ങിലുടനീളം കണ്ടത്. കാലാന്തരത്തിൽ കയ്യൊഴിഞ്ഞുവെന്ന വിശ്വസിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ സവർണ പൂജാദികർമ്മങ്ങളിലൂടെ ‘ഡിജിറ്റൽ ഇന്ത്യ’ ഊതികാച്ചിയെടുക്കുന്ന കാഴ്ച്ചയാ യിരുന്നു ഉദ്ഘാടന ചടങ്ങ്.

സവർണ പുരോഹിതരുടെ താന്ത്രിക വിദ്യകളുടെ പവിത്രതക്ക് തരിമ്പുപോലും അനർത്ഥങ്ങളുണ്ടാകരുതെന്നത് ചടങ്ങിൽ സസൂക്ഷമം ശ്രദ്ധിക്കപ്പെട്ടു. ഇതിൻ്റെ ഖേദകരമായ പരിണിതിയായാണ് ജന്മംകൊണ്ട് ആദിവാസിയായി പോയിയെന്നതിനാൽ പ്രഥമ പൗര രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻ്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. പൂജാദി കർമ്മങ്ങളിൽ ആദിവാസി സാന്നിദ്ധ്യം സവർണ പുരോഹിത വർഗത്തിന് സ്വീകാര്യമാകില്ലല്ലോ.

വിധവയാണെന്നതും രാഷ്ട്രപതിയെ ഒഴിവാക്കിയതിനു കാരണമായത്രെ. ശുഭകാര്യങ്ങളിൽ വിധവയുടെ സാന്നിദ്ധ്യമെന്നത് അപശകുനമത്രെ! രാജ്യത്തെ ജലസേചന പദ്ധതികളിലൊന്നായ ധൻബാദിലെ പഞ്ചേത് അണകെട്ട് ബുധിനിയെന്ന ആദിവാസി ബാലികയെകൊണ്ട് രാഷ്ട്രത്തിന് സമർപ്പിച്ച, ഇന്ത്യയെ ആധുനീകതയിലേക്ക് ആനയിച്ച പണ്ഡിറ്റ് നെഹ്രുവിൻ്റെ ഇന്ത്യയിലാണ് ഇത്തരം അറുപിന്തിരപ്പിൻ ചെയ്തികളിൽ മോദിയുടെ കാർമികത്വത്തിൽ സവർണ – ഹിന്ദുത്വ വാദികൾ വ്യാപൃതരാകുന്നതെന്നോർക്കുക.

ഭാരതാംബയെ ആദരിക്കുന്നവരെന്ന് പറയപ്പെടുന്നവരുടെ, സനാതന ധർമ്മ – ആർഷ ഭാരത സംസ്കാര മൊത്തക്കച്ചവടമേറ്റെടുത്തിട്ടുള്ളവരെന്ന് അവകാശപ്പെടുന്നവരുടെ, അധികാരത്തിൻ്റെ ചെങ്കോൽ കയ്യിലേന്തുന്നവരുടെ നാരീവിരുദ്ധ ചെയ്തികൾക്ക് കുറവേതുമില്ല! രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിപിടിച്ച വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗീകാതിക്രമങ്ങൾ നടത്തിയ പോക്സോ കുറ്റവാളിയായ ബിജെപി നേതാവിനോടാണ് സദാ സ്ത്രീ മഹാത്മ്യം പറയുന്ന മോദിസംഘിന് പ്രതിബദ്ധത!

ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കൊന്നുകളയുന്ന, ഇരകളുടെ കുടുംബങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്ന ബിജെപി നേതാക്കളുടെ സംരക്ഷണത്തിനാണ് മോദി വൃന്ദം മുൻതൂക്കം നൽകുന്നതെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണെല്ലോ. അതുകൊണ്ടുതന്നെ രാജ്യാന്തര തലത്തിൽ രാജ്യത്തിൻ്റെ അഭിമാനം സ്തംഭങ്ങളായ ഗുസ്തി താരങ്ങളെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയ യുപിയിൽ നിന്നുള്ള ബിജെപി പാർലമെൻ്റംഗം കൂടിയായ ബ്രിജ് ഭൂഷണ് സംരക്ഷിത വലയം തീർക്കാൻ മോദി സർക്കാരിന് മടിയേതുമില്ലെന്നതിൽ അതിശയിക്കേണ്ടതില്ല.

രാജ്യം വളർച്ചയിലോ തളർച്ചയിലോ?

നോട്ടുനിരോധന – ജിഎസ്ടിയിലൂടെ ഇന്ത്യയുടെ ചെറുകിട  – കുടിൽ വ്യവസായ മേഖലകളെ മോദിഭരണം തകർത്തെറിഞ്ഞു. പ്രധാന തൊഴിൽദാന മേഖലയെന്ന നിലയിലും ജിഎസ്ടി ഈ മേഖലയെ തകർത്തു. 2014ൽ രണ്ടാം യുപിഎ ഭരണവേളയിൽ രാജ്യത്ത് തൊഴിലില്ലാഴ്മ നിരക്ക് കേവലം 5.44 ശതമാനം മാത്രം. മോദി ഭരണം തൊഴിലില്ലാഴ്മ നിരക്ക് 7.45 ശതമാനം സർവ്വക്കാല റെക്കോർഡിലെത്തിച്ചിരിക്കുന്നു!

മൻമോഹൻ സിങ്ങിൻ്റെ  2013-14 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 3.98 ശതമാനം വർധിച്ച് 312.35 ബില്യൺ യുഎസ് ഡോളറിലെത്തി. എന്നാൽ മേക്ക് ഇന്ത്യ- സ്കിൽ ഇന്ത്യ – പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളിൽ വിമ്പുപറയുന്ന മോദിയുടെ ഭരണത്തിൽ വിദേശ വ്യാപാര കണക്കുകൾ ആശാവഹമല്ല. 2022-23 ലെ മൊത്തം വ്യാപാര കമ്മി 122 ബില്യൺ ഡോളർ!  2021-22ൽ ഇത് 83.53 ബില്യൺ ഡോളറായിരുന്നു. ചരക്കു – സേവനങ്ങളുൾപ്പെടെ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2023 മാർച്ചിൽ 66.14 ബില്യൺ ഡോളർ. ഇത് 2022 മാർച്ചിനെ അപേക്ഷിച്ച് 7.53 ശതമാനം. അതായത് നെഗറ്റീവ് വളർച്ച!

ഇന്ത്യൻ കറൻസിയിൽ റഷ്യൻ വ്യാപാരമെന്നതിലെ അനിശ്ചിതാവസ്ഥക്ക് പരിഹാരമില്ല. തങ്ങളുടെ വിദേശ നാണ്യശേഖരത്തിൽ ഇതിനകം കുമിഞ്ഞുകൂടിയ ഇന്ത്യൻ കറൻസിയെന്തു ചെയ്യുമെന്നതാണ്  ഇനി ഇന്ത്യൻ കറൻസിയിലുള്ള വ്യാപാരം തുടേരണ്ടതില്ലെന്ന തീരുമാനമെടുക്കാൻ റഷ്യയെ നിർബ്ബന്ധിതമാക്കിയത്[5]. തങ്ങളുടെ ശേഖരത്തിലുള്ള ഇന്ത്യൻ രൂപ നൽകി ഇന്ത്യൻ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നവസ്ഥ സൃഷ്ടിക്കപ്പെട്ടെങ്കിലേ ഇന്ത്യൻ രൂപയിലുള്ള വ്യാപാരം റഷ്യക്ക് പുന:സ്ഥാപിയ്ക്കാനാവൂ. ഈ ദിശയിൽ പക്ഷേ മോദി സർക്കാർ കൊട്ടിഘോഷിക്കുന്ന മേക്ക് ഇന്ത്യക്ക് രാജ്യത്തിൻ്റെ ഉല്പാദന മേഖലയെ പ്രാപ്തമാക്കാനായിട്ടേയില്ല.

2014 ൽ മോദി ഭരണത്തിലേറുമ്പോൾ ഗ്യാസിന്റെ വില 410. ഇപ്പോഴത് 1053 രൂപ. മോദി സബ്‌സിഡി ഇല്ലാതാക്കി. ഏപ്രിൽ 2014ൽ പെട്രോൾ ലിറ്റർ വില 71.41 രൂപ. ഡീസൽ 62.98.  ഇന്ന് പെട്രോൾലിറ്റർ 106.31. ഡീസൽ വില 89.66. 2014 ഏപ്രിലിൽ യുഎസ് ഡോളറിൽ ഇന്ത്യൻ രൂപയുടെ മൂല്യം 59.938 രൂപ. ഇപ്പോൾ മോദി ഭരണത്തിൽ 82.40 രൂപ! എവിടെ മോദിയുടെ ‘അച്ഛാ ദിൻ’?

കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന പദ്ധതികളുടെ പേരുകൾ മാറ്റി അവയുടെ ഉപജ്ഞാക്കളെന്ന് വരുത്തിതീർത്തതു കൊണ്ടുമാത്രമായില്ല. രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ, ജനങ്ങൾക്ക് പരമാവധി പ്രയോജനമുറപ്പിക്കുന്നതിൽ പദ്ധതികൾ വിജയിക്കുന്നുവെന്നതാണ് മോദി സർക്കാർ ബോധ്യപ്പെടുത്തേണ്ടത്. കോൺഗ്രസ് ഭരണ നേട്ടങ്ങളല്ലാതെ തങ്ങൾക്ക് സ്വന്തമായി അവകാശപ്പെടാവൂന്ന ഭരണ നേട്ട പട്ടിക നിരത്തുക മോദി വൃന്ദത്തിന് സാധ്യമാകില്ല, മോദിയുടെ വീമ്പുപറച്ചിലുകൾക്കുമപ്പുറം കോൺഗ്രസ് സർക്കാരുകൾ കെട്ടിപ്പടുത്ത ഇന്ത്യയെ പരിക്കുകളില്ലാതെ നയിയ്ക്കാൻ മോദി സർക്കാർ പ്രാപ്തരെന്ന് ആത്യന്തികമായി വിധിയെഴുതേണ്ടത് ജനങ്ങൾ. അതെ ഈ വിധിയെഴുത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു.

[1] https://www.thehindu.com/news/national/india-has-lost-access-to-26-out-of-65-patrolling-points-in-eastern-ladakh-says-research-paper/article66428193.ece).

[2] https://economictimes.indiatimes.com/news/economy/policy/modi-governments-divestment-scorecard-over-rs-4-lakh-crore-raised-since-2014/articleshow/96372616.cms?from=mdr

[3] https://newsonair.gov.in/News?title=FM-Nirmala-Sitharaman-says-total-amount-of–Central-govt-debt-or-liabilities-is-estimated-at-about-RS-155.8-lakh-crore-as-on-31st-March%2C-2023&id=457836#:~:text=FM%20Nirmala%20Sitharaman%20says%20total,as%20on%2031st%20March%2C%202023

[4] https://pib.gov.in/newsite/PrintRelease.aspx?relid=109165#:~:text=The%20salient%20features%20of%20the%20Report%20are%3A&text=%C2%B7-,India’s%20external%20debt%20stock%20stood%20at%20US%24%20440.6%20billion%20at,term%20debt%20particularly%20NRI%20deposits)

[5] https://www.thehindubusinessline.com/news/national/have-accumulated-billions-of-indian-rupees-but-cannot-use-them-says-russia/article66816486.ece

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…