കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan (അഭിമുഖം : 20.05.2013)
This interview with KS Krishnankutty, Excise Circle Inspector Agali, discusses the issue of illicit liquor in the background of burgeoning infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in June 21 & 28, 2013 issues
സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ – കെ.എസ്. കൃഷ്ണന്‍കുട്ടി, അഗളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍
അട്ടപ്പാടി മദ്യനിരോധന മേഖലയാണ്. പക്ഷേ മദ്യം സുലഭം. ആദിവാസി പുരുഷന്മാര്‍ പണിക്ക് പോകാതെ ഭാര്യകൊണ്ടുവരുന്ന കൂലിയുടെ നല്ലൊരുഭാഗം കൈക്കലാക്കി മദ്യം വാങ്ങി കുടിക്കുന്നു. മദ്യമുണ്ടാക്കി വില്‍ക്കുന്നുവരുമുണ്ട്, ആദിവാസികള്‍ക്കിടയില്‍. വ്യാപകമായ മദ്യപാനം ആദിവാസി പുരുഷന്മാരുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണ്. ഇത് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ഗുരുതമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മദ്യവും കഞ്ചാവുമൊക്കെ വ്യാപകമാകുമ്പോള്‍ അഗളിയിലെ എക്‌സ്‌സൈസ് വിഭാഗമാണ് പ്രതിക്കൂട്ടില്‍. അതുകൊണ്ടുതന്നെ ശിശുമരണങ്ങള്‍ക്ക് കാരണങ്ങളില്‍ എക്‌സ്‌സൈസ് വകുപ്പിന്റെ അനാസ്ഥയും സ്ഥാനം പിടിച്ചിട്ടുണ്ട്.
അട്ടപ്പാടി തീര്‍ത്തുമൊരു വനമേഖലയാണ്. വ്യാജചാരായവും കഞ്ചാവ് കൃഷിയും തടയണമെങ്കില്‍ അവശ്യംവേണ്ട ജീവനക്കാര്‍ വേണം. വാഹനവും. ഡീസല്‍ വാങ്ങുവാനുള്ള പണവും വേണം. ഇപ്പറഞ്ഞതൊന്നും ഇവിടത്തെ എക്‌സ്‌സൈസ് റേഞ്ച് ഓഫീസിലില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമില്ലെന്ന് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. കൃഷ്ണന്‍കുട്ടി പറയുന്നു.
ഇവിടെ അഗളി, ഷോളയുര്‍ പോലീസ് സ്റ്റേഷനുകളുണ്ട്. അഗളി സര്‍ക്കിള്‍ ഓഫീസും ഡി.വൈ.എസ്.പി ഓഫീസുമുണ്ട്. അട്ടപ്പാടി മേഖലയില്‍ 15 എക്‌സൈസ് ഗാര്‍ഡുകളും നാല് പ്രിവന്റീവ് ഓഫീസര്‍മരും ഒരു ഇന്‍സ്‌പെക്ടറും ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുമാത്രമാണുള്ളത്. വ്യാപകമായ മദ്യമുണ്ടെന്ന് പറയുന്നത് അബ്ബന്നൂരിലാണ്. ഏറ്റവും മലമുകളിലുള്ള അവിടെയത്താന്‍ 60 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. പിന്നെയും ആറു കിലോമീറ്ററോളം മല നടന്ന് കയറണം. റെയ്ഡിനായി മലകയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് വിവരം കിട്ടുമെന്നതിനാല്‍ റെയ്ഡ് കൊണ്ട് കാര്യമാത്രമായ ഗുണമുണ്ടാകുന്നില്ല. മറ്റൊരു ഊരാണ് മേലെമുള്ളി. അവിടേക്ക് എത്തിപ്പെടണമെങ്കില്‍ 40 കിലോമീറ്റര്‍ താണ്ടണം. ഒരു വണ്ടിയാണുള്ളത്. അതിനുള്ള ഡീസല്‍ വാങ്ങുവാനുള്ള ഫണ്ട് കിട്ടുന്നില്ല. എങ്കിലും ജീവനക്കാര്‍ സ്വന്തം പണം മുടക്കിയാണ് ഡീസല്‍ വാങ്ങുന്നത്.
സുരക്ഷിതമായിരുന്ന് ജോലി ചെയ്യാനുള്ള നല്ലൊരു കെട്ടിടമില്ല. ഉള്ളതാകട്ടെ, ഏതു സമയത്തും നിലംപൊത്താമെന്നവസ്ഥയിലും. ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സില്ല. സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കിയുള്ള വാടക കെട്ടിടത്തിലാണ് ഗാര്‍ഡുകളുടെ താമസം. എക്‌സൈസ് ഇന്‍സ്‌പെക്ര്‍ ദിവസം 200 രൂപ വാടക നല്‍കി ഒരു ലോഡ്ജിലാണ് താമസിക്കുന്നത്. പിടിച്ചെടുക്കുന്ന തൊണ്ടി മുതല്‍ സൂക്ഷിക്കുവാനുള്ള സൗകര്യമില്ല. ഇപ്പറഞ്ഞ തീര്‍ത്തും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് തങ്ങളുടെ ചുമതലകള്‍ പരമാവധി നിര്‍വ്വഹിക്കുന്നുണ്ട്.
പുറത്തുനിന്ന് മദ്യം കൊണ്ടുവരുന്നതിന് തടയിടുന്നതിന്റ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹന പരിശോധന നടത്തുന്നുണ്ട്. വ്യാജചാരായ റെയ്ഡുകള്‍ക്ക് അഹാഡ്‌സിലുണ്ടായിരുന്ന വാച്ചര്‍മാരുടെ സേവനം വിലമതിക്കത്തക്കതാണ്. തായ്കുലസംഘങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതുണ്ട്. വേണ്ടത്ര ഫണ്ടും അനുവദിക്കപ്പെടുന്നില്ലെങ്കിലും മദ്യത്തിന്റെ വിപത്തിനെതിര ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കാറുണ്ട്.
ഒരു പ്രതിയെ പ്രയാസപ്പെട്ട് പിടികൂടിയാല്‍ തന്നെ അയാളെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിന്റെയോ, ഒറ്റപ്പാലം മജിസ്‌ട്രേറ്റിന്റെയോ, പട്ടാമ്പി മജിസ്‌ട്രേറ്റിന്റെയോ മുന്നില്‍ ഹാജരാക്കി റിമാന്റ് റിപ്പോര്‍ട്ട് വാങ്ങി പാലക്കാട് ജയിലിലെത്തിക്കണം. അതോടെ ആ ദിവസം ഫീല്‍ഡ് പ്രവര്‍ത്തനമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ജീവനക്കാരുടെ കുറവ് ഇതെല്ലാം പലപ്പോഴായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഒരു നടപടിയുമില്ല. അവശ്യംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിതരുന്നതിനോടൊപ്പം വേണ്ടത്ര ജീവനക്കാരെകൂടി വിട്ടുതരുകയാണെങ്കില്‍ അഗളി റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമാക്കാനാകുമെന്ന് ഇന്‍സ്പ്‌കെട്ര്‍ കൃഷ്ണന്‍കുട്ടി ഉറപ്പിച്ച് പറയുന്നു. അട്ടപ്പാടിയ്ക്കായുള്ള പ്രത്യേക പാക്കേജില്‍ ഇതെല്ലാമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അഗളിയിലെ എക്‌സൈസുകാര്‍.