മ്യാന്മറിൽ വീണ്ടും ആംഗ് സാൻ സൂകി

മ്യാന്മറിൽ വീണ്ടും ആംഗ് സാൻ സൂകി

മ്യാന്മാർ വീണ്ടും ആംഗ് സാൻ സൂകി ഭരിക്കും. അടുത്ത ഭരണകൂടം രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷ സീറ്റുകളിൽ ഭരണകക്ഷി വിജയിച്ചുവെന്ന് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഫലങ്ങൾ അനുകൂലമായതോടെ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന് മ്യാൻമർ നേതാവ് ആംഗ് സാൻ സൂകിയുടെ ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) നവംബർ 13ന് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

നവംബർ എട്ടിനായിരുന്നു ദേശീയ നിയമനിർമ്മാണ സഭയിലേക്കുള്ള വോട്ടെടുപ്പ്. ഭരണകക്ഷി എൻ‌എൽ‌ഡി സർക്കാരുണ്ടാക്കാൻ ആവശ്യമായ ദ്വിസഭ നിയമസഭയിലെ 322 സീറ്റുകൾ നേടിയതായി ഔദ്യോഗിക പ്രഖ്യാപിക്കപ്പെട്ടു. ഫലം പ്രഖ്യാപിക്കപ്പെട്ട 434 ൽ 368 സീറ്റുകൾ എൻ‌എൽ‌ഡി നേടി. ഇനിയും 42 ഫലങ്ങൾ‌ പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.

വൻ വിജയം ജനങ്ങൾക്ക് ഇപ്പോഴും സൂകിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നതിൻ്റെ ഉത്തമമായ തെളിവാണ്. എന്നിരുന്നാലും ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനാണ് ശ്രമംമെന്ന് എൻ‌എൽ‌ഡി വക്താവ് മോണിവ ആംഗ് ഷിൻ പറഞ്ഞു.

എൻ‌എൽ‌ഡിയുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുവാൻ 39 വംശീയ ന്യൂനപക്ഷ പാർട്ടികളെ ക്ഷണിച്ചെന്നും എൻ‌എൽ‌ഡി വക്താവ് അറിയിച്ചു. വംശീയ പാർട്ടികൾ ദേശീയ നിയമനിർമ്മാണ സഭയിലേക്കും സ്റ്റേറ്റ് അസംബ്ലിയിലേക്കുമുള്ള മത്സര രംഗത്തുണ്ട്.

ദേശീയ സർക്കാർ രൂപീകരണ ശ്രമം തുടരുന്നതിനിടെ മുഖ്യ പ്രതിപക്ഷ പാർട്ടി എതിർപ്പിൻ്റെ സ്വരമുയർത്തിയിട്ടുണ്ട്. ഭാഗികമായേ ഫലപ്രഖ്യാപനം നടന്നിട്ടുള്ളൂ. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഫലങ്ങൾ അനുസരിച്ച് സൈനിക പിന്തുണയുള്ള പ്രധാന പ്രതിപക്ഷ പാർട്ടി യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി (യു‌എസ്‌ഡിപി) 24 സീറ്റുകൾ നേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിലാണ് യു‌എസ്‌ഡിപി. സ്വതന്ത്രവും നീതിയുക്തവും പക്ഷപാത മുക്തവുമായ പുതിയ തെരഞ്ഞെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാൽ ക്രമക്കേടുകളില്ലാതെ വോട്ട് സുഗമമായി നടന്നുവെന്നാണ് അന്താരാഷ്ട്ര – ആഭ്യന്തര തെരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നത്.

ദീർഘകാലം രാജ്യത്ത് നിലനിനിന്നിരുന്ന പട്ടാള ഭരണകൂടത്തിനെതിരെ നിരന്തര പോരാട്ടത്തിലൂടെ ജനാധിപത്യ സംസ്ഥാപനം സുസാധ്യമാക്കിയ രാഷ്ട്രീയ വ്യക്തിത്വമെന്ന നിലയിലാണ് സൂകി രാജ്യാന്തര രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്. എന്നാൽ സമാധാന നോബേൽ ജേതാവു കൂടിയായ ആംഗ് സാൻ സൂകി രാജ്യാന്തര രാഷ്ടീയ മണ്ഡലത്തിൽ ഇപ്പോൾ കടുത്ത വിമർശനങ്ങൾ നേരിടുകയാണ്.

അധികാരത്തിലേറി മ്യാന്മാറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വംശഹത്യക്ക് ചൂട്ടുപിടിച്ചുവെന്നതാണ് രാജ്യാന്തര രാഷ്ടീയത്തിൽ സൂകിയുടെ വ്യക്തിത്വത്തെ കളങ്കിതമാക്കിയത്. അപ്പോൾപോലും രണ്ടാംവട്ട തെരഞ്ഞടുപ്പിലും മ്യാന്മാർ ജനത ആംഗ് സാൻ സൂകിയ്ക്കൊപ്പം നിന്നുവെന്നത് ശ്രദ്ധേയം.

Related Post

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

കടത്തിൽ കൂപ്പുക്കുത്തി അമേരിക്ക

അമേരിക്കയുടെ   മൊത്തം പൊതു കടം ആദ്യമായി 34 ട്രില്യൺ ഡോളറെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്  റിപ്പോർട്ട് ചെയ്തായി റോയിട്ടേഴ്സ് റിപ്പോർട്ട്. …