മാധ്യമ പ്രതികരണങ്ങളിലെ അരാഷ്ട്രീയത

കടപ്പാട് : ജനനി 

ഡോ. കെ.കെ. ശശിധരന്‍/Dr. KK  Saseedharan  PhD (JNU)                 

വികലമായ ഭാഷയില്‍ പടച്ചുവിടുന്ന പ്രതികരണങ്ങള്‍/കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഒരു അമേരിക്കന്‍ മലയാള ഇ-പത്രം സര്‍ഗശേഷിയുള്ള എഴുത്തുകാരെ പുലഭ്യം പറയുകയാണ്.ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നുണ്ടോ?

 മാധ്യമ ധര്‍മ്മത്തിന്റെ അകംപൊരുളറിയാതെയുള്ള മാധ്യമ പ്രവര്‍ത്തനത്തെ എന്ത് പേരുചൊല്ലി വിളിക്കണം? ഒരു അമേരിക്കന്‍ ഓണ്‍ലൈന്‍ മലയാള പത്രം (ഇ-പത്രം/E-paper) വായിച്ച് മനംമടുത്ത അമേരിക്കന്‍ മലയാളി സമൂഹമാണ് ഈ സമസ്യയ്ക്കുള്ള ഉത്തരം തേടുന്നത്. ആധുനിക ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് ഇതിനകം തന്നെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമുള്ള മാധ്യമങ്ങള്‍ സാമൂഹിക നിര്‍മ്മിതിയുടെ ആണിക്കല്ലാണ്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സാംസ്കാരിക വിനിമയ (exchange) – വ്യാപന (extension) ത്തിനുമുള്ള ശക്തമായ വേദിയെന്ന നിലയില്‍ മാധ്യമങ്ങള്‍ സദാ ജാഗരൂകരാണ്. ഇതാകട്ടെ ജനാധിപത്യത്തിന്റെ സമ്പുഷ്ഠീകരണത്തിന് അനിവാര്യമാണുതാനും.

നെല്ലും പതിരും വേര്‍തിരിച്ച് സമൂഹത്തെ മാറ്റത്തിന്റെ പാതയിലേറ്റുകയെന്ന സൃഷ്ട്യുന്മുഖമായ പങ്ക് വഹിക്കുന്നതിനാണ് മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. മുന്‍ചൊന്ന ഇ-പത്രം പക്ഷേ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് വിക്ഷേപിക്കുന്നത്. ഇതിന്റെ പ്രതികരണ/കത്ത് പേജുകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്പര്‍ധയുടെ കനല്‍ കോരിയിടുകയാണ്. പത്രാധിപരുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ അനുഭവങ്ങളുടെ ഉള്‍ക്കരുത്തിന്റെ പ്രതിഫലനമായിരിക്കണം പത്രം. ഇത്തരം അനുഭവങ്ങള്‍ പക്ഷേ ആര്‍ജിക്കാനായിട്ടില്ലെന്നതിന്റെ വികൃതമായ ചിത്രം തന്നെയാണ് ഈ ഇ-പത്രം! മാധ്യമ പ്രവര്‍ത്തനം നിര്‍മ്മാണോത്സുക (constructive) മായിരിക്കണം. അപനിര്‍മ്മാണ (deconstructive) മായിരിക്കരുത്. ഈ ഇ-പത്രത്തിന്റെ പ്രതികരണ/കത്ത് പേജുകളില്‍ പക്ഷേ അപനിര്‍മ്മാണത്തിന്റെ അസുരവിത്തുകളാണ് വാരിവിതറുന്നത്.

തനിക്ക് ഇഷ്ടമുള്ള എഴുത്തുകാരെ വാനോളം പുകഴ്ത്തുക. ഇഷ്ടമില്ലാത്ത എഴുത്തുകാരെ പരമാവധി ഇകഴ്ത്തുക. ഇത്തരം സങ്കുചിത വൈയക്തിക അജണ്ടകളുടെയും താല്പര്യങ്ങളുടെയും ബഹിര്‍സ്പുരണങ്ങളായി മാത്രം ഇ-പത്രത്തിലെ കത്തുകള്‍/പ്രതികരണങ്ങള്‍ തരംതാഴുന്നു. കൃത്യമായ മേല്‍വിലാസമില്ലാതെയുള്ള കത്തുകള്‍/പ്രതികരണങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അകംപൊരുളറിയുന്ന പത്രാധിപര്‍ പ്രസിദ്ധീകരിക്കുകയില്ല. കത്തെഴുതുന്ന/പ്രതികരണമറിയിക്കുന്ന വ്യക്തിക്ക് താന്‍ സൂചിപ്പിക്കുന്ന/ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉത്തരവാദിത്തമുണ്ടെന്നു ബോധ്യപ്പെടുത്തല്‍ കൂടിയാണ് മേല്‍വിലാസമെന്നത്. കത്തെഴുതുന്ന/പ്രതികരിക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയുടെ അളവുകോല്‍ കൂടിയാണ് മേല്‍വിലാസം. എന്നാല്‍ മേല്‍വിലാസമില്ലാതെയും അപരനാമത്തിലുള്ളതുമായ കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നിടത്ത് അളക്കപ്പെടുന്നത് ഈ ഇ-പത്രത്തിന്റെ നിലവാരമില്ലായ്മയും അരാഷ്ട്രീയതയും തന്നെയാണ്.

കൊടുങ്ങല്ലൂരമ്മ, അന്തപ്പന്‍, ആശാന്‍, വിദ്യാധരന്‍, ജാക്ക് ഡാനിയേല്‍, ഉടക്കുവാസു, കീരിക്കാടന്‍ തുടങ്ങിയ അപരനാമക്കാരായ കത്തെഴുത്തുകാരെ/പ്രതികരണക്കാരെ യഥേഷ്ടം വിഹരിക്കാന്‍ ഈ ഇ-പത്രം അനുവദിക്കുന്നു. ഈ അപരനാമക്കാരുപയോഗിക്കുന്ന ഭാഷയില്‍ തന്നെ പ്രകടമാണ് അവരുടെ സംസ്കാര ശൂന്യത! പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠവും പത്രധര്‍മ്മത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും അറിയാന്‍ പ്രാപ്തിയില്ലാത്ത കേവലം നിഴല്‍യുദ്ധക്കാരന്‍ മാത്രമാണെന്നു കൂടി ഇത്തരം പ്രതികരണക്കാരിലൂടെയും കത്തെഴുത്തുക്കാരിലൂടെയും ഇ-പത്ര നടത്തിപ്പുകാര്‍ വ്യക്തമാക്കുന്നുണ്ട്.

പത്രാധിപര്‍ക്കുള്ള കത്ത്/പ്രതികരണമെന്നത് പത്രത്തിന്റെ ജനകീയതയുടെയും സ്വീകാര്യതയുടേയും വിശ്വാസ്യതയുടേയും പരിഛേദമാണ്. ഉത്തരവാദിത്തബോധത്തോടെയുള്ള ക്രിയാത്മകമായ കത്തുകള്‍ എഴുതുവാനും അയക്കുവാനുമുള്ള പരിസരം സൃഷ്ടിക്കേണ്ടത് പത്രം തന്നെയാണ്. അതില്‍ പത്രങ്ങള്‍ പരാജയപ്പെടുമ്പോഴാണ് കത്തുകളെന്ന/പ്രതികരണങ്ങളെന്ന പേരില്‍ അധിക്ഷേപ വാക്യങ്ങള്‍ നിറച്ചുള്ള അരാഷ്ട്രീയമായ കത്തുകള്‍ പത്രാധിപര്‍ക്ക് അയച്ചുകൊടുക്കുവാന്‍ വായനക്കാര്‍ ധൈര്യം കാണിക്കുന്നത്. വിശ്വാസ്യതയും ഉത്തരവാദിത്തബോധവും തൊട്ടുതീണ്ടാതെയുള്ള കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാത്രമാണ് വായനക്കാര്‍ ഇത്തരം കത്തുകളെഴുതാന്‍ ധൈര്യപ്പെടുന്നത്. പത്രാധിപര്‍ക്കുള്ള കത്ത്/പ്രതികരണം പത്രങ്ങളുടെ നിലപാടുകളെത്തന്നെ മാറ്റിമറിക്കുവാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെയാണ് അവ പ്രത്യേകം പരിഗണിക്കപ്പെടുന്നത്. ഇത്തരമൊരു ബോധ്യപ്പെടല്‍ ഇ-പത്ര നടത്തിപ്പുകാര്‍ക്കില്ലാതെ പോയിരിക്കുന്നുവെന്നതാണ് അരാഷ്ട്രീയമായ കത്തുകള്‍/പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നിടത്ത് സുവിദിതമാകുന്നത്.

മലയാള സാഹിത്യ ലോകം കടല്‍ കടന്ന് പ്രവാസ സാഹിത്യമെന്ന പേരില്‍ അറിയപ്പെടുന്നുവെന്നത് ശ്രദ്ധേയം. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സര്‍ഗശേഷി തെളിയിച്ച എഴുത്തുകാരുണ്ട്. അമേരിക്കന്‍ മലയാളി സാഹിത്യ മണ്ഡലത്തെ ചൊല്‍പടിയില്‍ നിര്‍ത്തിയിരിക്കുന്നത് പക്ഷേ സ്വയംപ്രഖ്യാപിത എഴുത്തുകാരാണ്. സര്‍ഗശേഷിയുള്ള എഴുത്തുകാരോടുള്ള കടുത്ത അസൂയ വച്ചുപുലര്‍ത്തുന്ന സ്വയംപ്രഖ്യാപിത എഴുത്തുകാരെ പ്രതിനിധാനം ചെയ്യുന്ന ഇ-പത്ര പത്രത്തിന്റെ നടത്തിപ്പുകാരന് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വഴിയൊരുക്കിയ വിമര്‍ശന/നിരൂപണ സാഹിത്യ ശാഖയെക്കുറിച്ച് ധാരണയുണ്ടാകാനിടയില്ല. ധാരണയുണ്ടായിരുന്നുവെങ്കില്‍ അപരനാമത്തിലെഴുതുന്ന സംസ്കാര ശൂന്യമായ കത്തുകള്‍/പ്രതികരണങ്ങള്‍ പത്രമെന്നവകാശപ്പെടുന്ന ഇ-പത്രത്തില്‍ ഇടംപിടിക്കുമായിരുന്നില്ല.

കേസരി ബാലകൃഷ്ണ പിള്ള, പ്രൊഫ. മുണ്ടശ്ശേരി, കുട്ടികൃഷ്ണന്‍ മാരാര്‍ മുതല്‍ പേരിങ്ങോട്ട് വി.സി.ശ്രീജനും ബാലചന്ദ്രന്‍ വടക്കേടത്തും വരെയുള്ള നിരൂപണ/വിമര്‍ശന സാഹിത്യ വക്താക്കളാണ് മലയാള സാഹിത്യശാഖക്ക് ആരോഗ്യകരമായ വ്യാഖ്യാനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും ഓജസ്സും തേജസ്സും നല്‍കിയതും നല്‍കുന്നതും. കൃതിയുടെ ഇതിവൃത്തം, പ്രമേയം, പരിസരം, കഥാപാത്രങ്ങള്‍, അപഗ്രഥനം, ഭാഷാസൗന്ദര്യമടക്കമുള്ള രചനാരീതികള്‍, പരിസമാപ്തി തുടങ്ങിയവയിലൂന്നികൊണ്ടായിരിക്കണം കൃതികള്‍ നിരൂപണ വിധേയമാക്കപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതും. ഇതിനു പക്ഷേ കെല ്പുള്ളവരാണ് ഇ-പത്രത്തിലെ അപരനാമക്കാരായ കത്തെഴുത്തുകാര്‍/പ്രതികരണക്കാരെന്ന് കരുതാനേയാകില്ല. ഈ കെല ്പ് ആര്‍ജിക്കണമെങ്കില്‍ അനുഭവങ്ങളുണ്ടാകണം. നിരീക്ഷണ പാടവമുണ്ടാകണം. ആഖ്യാന-വ്യാഖ്യാന ശേഷിയുണ്ടാവണം. ഇതൊല്ലാം പക്ഷേ ഈ ഇ-പത്രത്തിന് അന്യമാണെങ്കിലും വികലമായ ഭാഷയില്‍ പടച്ചുവിടുന്ന പ്രതികരണങ്ങളിലൂടെയും കത്തുകളിലൂടെയും സ്വകീയ സര്‍ഗാത്മകതയെ ഊതിക്കാച്ചിയെടുക്കുവാന്‍ നിരന്തരം പ്രയത്‌നിക്കുന്ന എഴുത്തുകാരെ പുലഭ്യം പറയണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് ഇ-പത്ര നടത്തിപ്പുകാര്‍. ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നുണ്ടോ?

വ്യക്തിഗത പ്രതികരണങ്ങള്‍ വിലമതിക്കത്തക്കതാണ്. താന്‍ വായിക്കുന്നതിനെക്കുറിച്ച് വിമര്‍ശിക്കുവാനും നിരൂപണം നടത്തുവാനുമുള്ള ഉത്തരവാദിത്തവും ചുമതലയുമുള്ളവരാണ് അനുവാചകര്‍. വായിക്കപ്പെടുന്നതുകൊണ്ടുമാത്രമാണ് സാഹിത്യം നിലനില്‍ക്കുന്നത്. അതേസമയം തന്നെ വായനക്കാരന്‍/ക്കാരി നിഷ്ക്രിയനായ സ്വീകര്‍ത്താവായിരിക്കരുത്. ക്രിയാത്മക മനോഗതിയില്‍ നിന്നാണ് സൃഷ്ടികള്‍ വായിക്കപ്പെടേണ്ടത്. അനുവാചക പ്രതികരണ സിദ്ധാന്തം (Readers Response Theory) പ്രകാരം അനുവാചകന്റെ സ്വകീയമായ മാനസിക വിക്ഷോഭങ്ങള്‍, ഉത്കണ്ഠകള്‍, ജീവിതാനുഭവങ്ങള്‍, അവബോധം ഇവയെല്ലാം തന്നെ താന്‍ വായിക്കുന്ന കൃതിയുമായി ഇഴപിരിച്ചെടുത്ത് ആത്മനിഷ്ഠമായ നിരൂപണമോ വിമര്‍ശനമോ നടത്താം. പ്രതിസ്പന്ദനത്തെ പക്ഷേ വക്രീകരണത്തിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നത് അതിന്റെ പ്രസക്തിയെത്തന്നെ അപ്രസക്തമാക്കുമെന്ന തിരിച്ചറിവ് പ്രധാനം.

എഴുത്തുകാരില്‍ നിന്നും നാളെകളില്‍ പിറവിയെടുക്കാനിടയുള്ള രചനകള്‍ക്ക് കൃത്യമായ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ നിരൂപണവും വിമര്‍ശനവും ഒട്ടുമേ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. കൃതിയായിരിക്കണം നിരൂപക/വിമര്‍ശകന്റെ ഭൂമിക. ആ ഭൂമികയിലൂടെ സസൂക്ഷ്മം സഞ്ചരിക്കുമ്പോള്‍ താനും സമൂഹത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം നിരൂപകന്‍/വിമര്‍ശകന്‍ വിസ്മരിക്കരുത്. നിരൂപകന്/വിമര്‍ശകന് അവശ്യംവേണ്ട ഗുണങ്ങളിലൊന്നാണ് നിഷ്പക്ഷത. ഇതില്‍പോലും പക്ഷേ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുകൂടാം. ഒരുപറ്റത്തോട് ഇഷ്ടവും മറുപറ്റത്തോട് അനിഷ്ടവും കുത്തിനിറച്ചുള്ളതാവരുത് നിരൂപണവും വിമര്‍ശനവും. ഇതിനുപകരം ഈ അമേരിക്കന്‍ മലയാളി ഇ-പത്രം പക്ഷേ പ്രതിലോമപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഇ-പത്രത്തിന്റെ പത്രാധിപരുടെ വിശ്വാസ്യതയും ബൗദ്ധികശേഷിയും തന്നെയാണ് കരിനിഴലിലകപ്പെടുന്നത്.

എഴുത്തുകാരനല്ല വിമര്‍ശിക്കപ്പെടേണ്ടത്. കൃതിയാണ് വിമര്‍ശിക്കപ്പെടേണ്ടതും നിരൂപണ വിധേയമാക്കപ്പെടേണ്ടതും. ഈ സാമാന്യ ജ്ഞാനം പോലുമില്ലാതെ അമേരിക്കയിലെ സ്വയംപ്രഖ്യാപിത മലയാളി എഴുത്തുകാരും സ്വയംപ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തുള്ള ഒളിച്ചുകളിയാണ് ഇ-പത്രത്തിലെ കത്ത്/പ്രതികരണ പേജുകളില്‍ പ്രകടമാകുന്നത്. ഇപ്പോള്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കൂടി കൈവന്നിരിക്കുന്നു. 1500 മുതല്‍ 2000 വര്‍ഷം വരെ പാരമ്പര്യം സിദ്ധിച്ച ഭാഷയെന്നതിന്റെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠഭാഷാ പദവി. ഇ-പത്രത്തിന്റെ അപരനാമക്കാരായ കത്തെഴുത്തുകാര്‍/പ്രതികരണക്കാര്‍ ഇഷ്ടമില്ലാത്തവരെ പുലഭ്യം പറയുവാനായി ശ്രേഷ്ഠഭാഷയെ ദുരുപയോഗം ചെയ്യുന്നുവെന്നത് വല്ലാത്തൊരു പാതകം തന്നെയാകും.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മാറ്റങ്ങള്‍ക്ക് തിരികൊളുത്തുവാന്‍ ശേഷിയുള്ള സൃഷ്ടികളാണ് സര്‍ഗശേഷിയുള്ള എഴുത്തുകാരില്‍ നിന്ന് പിറവിയെടുക്കുക. മലയാളത്തിലെ ആദ്യ നോവലെന്ന് വിശേഷിക്കപ്പെടുന്ന ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’സ്ത്രീക്കുമേലുള്ള പുരുഷാധിപത്യ മനോഘടന തുറന്നുകാണിച്ച് സാമൂഹിക പരിവര്‍ത്തനത്തിന്റെ കണ്ണാടിയായി. ‘ചണ്ഡാലഭിക്ഷുകി’യിലൂടെ കീഴാള ജനതയുടെ സ്വത്വസംസ്ഥാപനമാണ് മഹാകവി ആശാന്‍ ഉന്നംവെച്ചത്. 40കളിലെ പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരത്ത് ഉറവയെടുത്ത സൃഷ്ടികളില്‍ നിന്നുമുയര്‍ന്നതും സാമൂഹിക പരിവര്‍ത്തനത്തിന്റെ തുടികൊട്ടലുകള്‍ തന്നെ. ഇത്തരത്തിലുള്ള സാഹിത്യ സപര്യയിലൂടെയാണ് വര്‍ത്തമാനകാല മലയാള സാഹിത്യശാഖ വികാസം പ്രാപിക്കുന്നത്. പക്ഷേ പ്രൗഡോജ്വലമായ മലയാള സാഹിത്യശാഖാവികാസ പ്രക്രിയയില്‍ അമേരിക്കന്‍ സ്വയംപ്രഖ്യാപിത എഴുത്തുകാരുടെ സംഭാവന ഒട്ടുംതന്നെ ആശാവഹമല്ല. ഇങ്ങനെയുള്ള എഴുത്തുകാരെ വാനോളം പുകഴ്ത്താന്‍ ഈ ഇ-പത്രം അതിന്റെ പേജുകള്‍ ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യട്ടെ. സര്‍ഗശേഷിയുള്ള എഴുത്തുകാരെ പക്ഷേ പുലഭ്യം പറയുവാന്‍ പ്രതികരണങ്ങളെന്ന പേരില്‍ പടച്ചുവിടുന്നവ ഈ ഇ-പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്, ഖേദകരമാണ്. ഈ പുലഭ്യംപറച്ചലിന് ഒരറുതിയുണ്ടാകുമെന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിന് പ്രതീക്ഷക്കുവാനാകുമോ? കാത്തിരുന്നുകാണുക.

 കടപ്പാട് : ജനനി മാസിക (issue: November 2013) an american malayali publication

ഒരു ഡി.ടി.എച്  സ്റ്റോറി

From Anoop.C.Nair

ഇതുപോലെ ആപത്തുപിടിച്ച യാതൊന്നും അടുത്തകാലത്തു സംഭവിച്ചതായി രേഖയില്ലെന്നു തോന്നുന്നു, 2003 ലാണത്രേ ആദ്യമായി ഈ പരിപാടി തുടങ്ങിയത്, അന്നൊരു ലൈസന്‍സ് കരാര്‍ മാത്രം ഒപ്പിട്ടു കൊടുത്താല്‍ മതിയത്രെ, Dish-tv എന്നൊരു കൂട്ടരാണ് ആദ്യം ഇതൊരു നല്ല കച്ചവടമാണെന്ന് കരുതി എടുത്തുചാടിയത്, ഇവന്മാര്‍ മാത്രമായി കാശുണ്ടാക്കണ്ട എന്നു കരുതി ബാക്കി കൈയ്യില്‍ കാശുള്ളവനൊക്കെ പിന്നാലെ ചാടി

ഇതിനിടെ ഭരണ ഗജങ്ങളില്‍ ഐരാവതമായ ദൂരദര്‍ശനം ഈ പരിപാടി ആരംഭിച്ചിരുന്നു, പതിവുപടി റേഷന്‍ അടിസ്ഥാനത്തില്‍തന്നെയാണ് , ടിയാര്‍ ഇതും തുടങ്ങിയത്, ഇടയ്ക്കിടയ്ക്ക് 100 ചാനല്‍, 1000 ചാനല്‍, എന്നിങ്ങനെ അടിച്ചുവിടും, അടുത്തവര്‍ഷം 1500, അതിനടുത്തവര്‍ഷം 25000, എന്നും മറ്റും പരിപാടി പ്രഖ്യാപിക്കും, ഉള്ള ചാനല്‍ തന്നെ ചിലപ്പോള്‍ കാണാതാവും, ആരും ഇതൊന്നും, കാര്യമായി എടുക്കാറുമില്ല, അതിനാല്‍ ഐരാവതം അവിടെ നില്‍ക്കട്ടെ, ബാക്കി കാര്യം പറയാം

കാശു കൊടുത്ത് ഇവരുടെ പെട്ടിയും, ചട്ടിയും വാങ്ങി , പെട്ടി ടി.വിയുടെ പുറത്തും, ചട്ടി പുരപ്പുറത്തും വച്ചാലെ ഈ അത്ഭുതം കാണാനൊക്കൂ,ഇനി കാണുന്നത് എന്താണെന്നു നോക്കാം, ഈയുള്ളവനെപ്പോലെ ചില മണ്ടന്‍മാര്‍ ഇതേപണിക്ക് പണ്ട് കണ്ടമാനം കാശു ചിലവാക്കി പുരയ്ക്ക് മഴകൊള്ളാത്തത്ര വലിപ്പമുള്ള ഓരൊ കുടകുത്തിയാണ് , ഇപ്പറഞ്ഞ ഏര്‍പ്പാട് കണ്ടിരുന്നത് , ഓസി യായി കുറെ ചാനലും കണ്ടിരുന്നതാണ്, ഈ സൌജന്യ കഞ്ഞിവീഴ്ത്തായിരുന്നു ആദ്യമൊക്കെ satellite tv എന്നു പറഞ്ഞിരുന്ന സാധനം, ഇടയ്ക്കിടയ്ക്ക് കക്കുസ് വൃത്തിയാക്കുന്ന കാഴ്ച്ച കാണണം എന്നു മാത്രം, ഊണുകഴിക്കുന്നിടത്ത് , ടി.വി വയ്ക്കരുത് എന്നര്‍ത്ഥം, ഊണിനിടയില്‍ കക്കൂസ് കാഴ്ച്ച കാണുന്നത് സുഖമുള്ള ഏര്‍പ്പാടാണെന്ന് തോനുന്നില്ല എന്നതാണ് ഇതിനു കാരണം

പറഞ്ഞുവന്നത് മേപ്പടി പെട്ടിയും, ചട്ടിയും വച്ച് , കാശുകൊടുത്താല്‍, പേ ചാനല്‍ എന്നൊന്നു കാണാം എന്നാണ്, കേട്ടവരൊക്കെ തെറ്റിദ്ധരിച്ചു, ഇനി കാശുകൊടുത്ത് ആവശ്യമുള്ളത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞിരുന്നത് , കക്കൂസ് കഴുകുന്നത് കാണണ്ട എന്നാണ് ഇതുകേട്ടപ്പോള്‍ കരുതിയത്, പക്ഷെ കാശുകൊടുത്ത് കിട്ടിയ പേ ചാനല്‍ കണ്ടവനൊക്കെ ആദ്യം ഞെട്ടി, പഴയ കക്കൂസ് ചാനല്‍ തന്നെ, കാശുംകുടി കൊടുക്കണം എന്നുമാത്രം, പേപ്പട്ടി കടിച്ചതുപോലായി പരിപാടി, മാത്രമല്ല യഥാര്‍ത്ഥത്തില്‍ മുമ്പ് കാശുവാങ്ങി കക്കൂസു കഴുകുന്നത് കാണിച്ചിരുന്ന കുറെ പ്രിയപ്പെട്ട ചാനലുകളുണ്ടായിരുന്നു, അതു കാണാനുമില്ല, അതിനു കാശു വേറെ വേണം, ഇപ്പ കൊടുത്തതു പണ്ടു വെറുതെ കണ്ടതു തുടര്‍ന്നു കാണാനാണ്, ചില ചാനലുകളുടെ മുകളില്‍ ഒരു നക്ഷത്രം വരച്ചിട്ടുണ്ട്, അതു മേല്‍പറഞ്ഞ വെള്ളാനസര്‍വ്വീസില്‍നിന്നും വരുന്നതാണ്, കാശുകൊടുക്കാഞ്ഞാല്‍ അതും നിര്‍ത്തും, അതിനൊരു താക്കോലു വേറെ മുണ്ടിന്‍തുമ്പില്‍ കെട്ടിവച്ചാണ് പെട്ടി തന്നിരിക്കുന്നത്, കാശു വാങ്ങിയാണ് പെട്ടി തന്നതെങ്കിലും, അതു വാങ്ങിയവനു അവകാശമില്ല, എന്താണ് കാണേണ്ടത് എന്നു വിറ്റവനാണ് തീരുമാനിക്കുന്നത് എന്നു തുടങ്ങി കുറെ വളരെ ന്യായമായ കാര്യങ്ങള്‍ ചേര്‍ത്ത് ഔരു കുറിപ്പടിയുണ്ട്, ഭൂതകണ്ണാടി വച്ചു വായിച്ചാല്‍ ഈ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാം, ഇംഗ്ളീഷ് അറിയണം എന്നു മാത്രം,

എന്തിന് ദുഷ്ടന്‍, കള്ളന്‍ എന്നൊക്കെ തള്ളിപ്പറഞ്ഞ നമ്മുടെ കേബിളുചേട്ടന്‍ എത്ര ഭേദം എന്നു പറയാന്‍ വലിയ താമസമുണ്ടായില്ല.

പറഞ്ഞുവന്നത് ലൈസന്‍സ് കൊടുത്ത സമയത്ത് , ചില നിശ്ചയങ്ങളൊക്കെ ചെയ്യെണ്ടായി എന്നാണ്, ഇതില്‍ പ്രധാനം പാവം ഇന്ത്യന്‍ പൌരനു നഷ്ടമുണ്ടാക്കരുതെന്നു കരുതി എടുത്ത ചില തീരുമാനങ്ങളത്രെ. ഇതില്‍ എറ്റവും പ്രധാനം പെട്ടി എല്ലാവരുടെയും സേവനം ലഭ്യമാക്കാവുന്ന തരത്തിലുള്ള ഒരു തുറന്ന മാനദണ്ഢം പാലിക്കുന്ന ഒന്നാകണം എന്നാണ്, അതായത് നമ്മുടെ മോബൈല്‍ ഫോണ്‍ പോലെ, ഇതിനകത്ത് COMMON INTERFACE എന്നു വിളിക്കുന്ന ഒരു തുള വേണം, പെട്ടിക്കകത്ത് മുന്നില്‍ തന്നെ ഈ ഓട്ട കണ്ടനരു സന്തോഷിച്ചു, വേറെ സേവനങ്ങള്‍ തുടങ്ങുമ്പേള്‍ മാറാം എന്നു കരുതി, അങ്ങിനെയാണത്രേ നാട്ടിലെ നിയമം

ചതി പുറത്തുവരാന്‍ അധികം സമയം വേണ്ടിവന്നില്ല, മേപ്പടി തുള വെറുതെ ഇട്ടതാണെന്നും, ഇതു പ്രവര്‍ത്തിക്കാതിരിക്കാന്‍ കോടിക്കണക്കിനു ചിലവാക്കിയാണ് പെട്ടി ബ്ലോക്കു ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതെന്നും, വേറൊരുത്തനും കൊടുക്കുന്ന card നമ്മുടെ പെട്ടിയില്‍ നടക്കില്ലെന്നും, open architecture, എന്ന വ്യവസ്ഥ കാറ്റില്‍ പറത്തിയെന്നും വാര്‍ത്ത വന്നു,

ഇതിലിടുന്ന CAM , card തുടങ്ങിയതു വില്‍ക്കാന്‍ നിയമം പറഞ്ഞിട്ടില്ലത്രെ, തുളയിടാന്‍ പറഞ്ഞു, തുളയിട്ടു, അതില്‍ ഉപയോഗിക്കാനുള്ള സാധനം വില്‍ക്കണമെന്നു നിയമിത്തില്‍ വ്യവസ്ഥയില്ല, അത്രതന്നെ, ഇതിനിടയില്‍ പിടിച്ചുപറിക്കാരുടെ എണ്ണം പെരുകി, ടിയാര്‍ക്ക് സംഘടനയായി, ഇതാണ് ഇപ്പോഴത്തെ അവസ്ഥ, കാശു കൊടുത്തു സാധനം വാങ്ങുന്നവനു ഒരു അവകാശവും കൊടുക്കാന്‍ ഒപ്പറേറ്റര്‍മാരു തയ്യാറല്ല, നിയമം വിശ്വസിച്ച് ഇതു വാങ്ങിയവന്‍ ആരോടു ചോദിക്കണം, ന്യായമായും സര്‍ക്കാരിനോട് പരാതിപ്പെടാം, അങ്ങിനെയല്ലെ വേണ്ടത്

ഇനി ഇതിലും വലിയ തമാശയാണ് സര്‍ക്കാര്‍ കാണിക്കുന്നത്, DTH interoperability സാദ്ധ്യമാണോ എന്നു പഠിക്കാന്‍, ഈ രണ്ടായിരത്തിപത്തില്‍ TRAI അഭിപ്രായം ചോദിക്കുന്നു, ചോദിക്കുന്നത് നിയമം തെറ്റിക്കുന്നവനോട്

http://www.trai.gov.in/WriteReadData/trai/upload/ConsultationPapers/211/bandcsconsulta20agu.pdf

ഇതു വായിച്ചു നോക്കുക, നിയമം തെറ്റിച്ചവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നല്ല, നിയമംപ്രകാരം നടക്കാന്‍ പറ്റില്ലെങ്കില്‍ എന്തു പകരം കൊടുക്കാം എന്നാണിത്, എന്നുവച്ചാല്‍ ആരും നിയമം അനുസരിക്കാന്‍ തയ്യാറില്ലെങ്കില്‍ അവരുടെ സൌകര്യത്തിനു നിയമം മാറ്റാന്‍ പറ്റുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച

ഒരുദാഹരണം നോക്കാം, വാഹനമോടിക്കാന്‍ ലൈസന്‍സ് വേണം, എന്നാണ് നിയമം, ഒരുത്തനു ലൈസന്‍സ് എടുക്കാന്‍ തടസ്സമുണ്ട്, കാരണം നിയമപ്രകാരം വാഹനം ഓടിക്കാന്‍ തയ്യാറില്ല, സ്വന്തം ഇഷ്ടത്തിനേ ഓടിക്കൂ, അതിനാല്‍ ടെസ്റ്റു പാസ്സാവില്ല, എല്ലാവരും ഇടതുഭാഗത്ത് ഓടിക്കണം എന്നു നിയമം പറഞ്ഞാലും ഇവനു വലതുഭാഗത്തേ വണ്ടി ഓടിക്കാന്‍ കഴിയൂ, ഇടതുഭാഗത്തുകൂടി ഓടിച്ചാല്‍ ശരിയാവില്ല എന്നാണ് ഇവന്‍ പറയുന്നത് മേല്‍പ്പറഞ്ഞപ്രകാരം ഒരു ചര്‍ച്ച നടത്തി, ലൈസന്‍സ് ടെസ്റ്റു പാസാകാത്തവനു വണ്ടി ഓടിക്കാന്‍ എന്താണ് വഴി എന്നു അവനോടുതന്നെ ചോദിച്ച് അഭിപ്രായം അറിയാവുന്നതേയുള്ളൂ,

ഇത്തരത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ കരയുകയല്ലാതെ എന്തുചെയ്യാന്‍