കെ.കെ ശ്രീനിവാസൻ
മണ്ണുത്തി – വടുക്കുംഞ്ചേരി ദേശീയപാത വഴുക്കുംപാറ അടിപ്പാത മേൽപ്പാലം ചെരിവില്ലാതെ നിർമ്മിക്കേണ്ടിവന്നുവെന്നതാണ് വിള്ളലിന് കാരണമായതെന്നു് രാജ്യസഭയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗത്കരി.
അഡ്വ. ജെബി മേത്തർ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം നൽകിയ മറുപടിയാണിത്. ദേശീയപാത 544-ൽ ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറ മേൽപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ പുന:നിർമ്മാണത്തിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെന്തന്നുമായിരുന്നു അഡ്വ.ജെബിയുടെ ചോദ്യം.
ഈ കാലവർഷത്തിലാണ് വിള്ളലുണ്ടായത്. പൊതുജനങ്ങളുടെ എതിർപ്പുമൂലം നിശ്ചിത ചരിവില്ലാതെ കരാർ കമ്പനിക്ക് മേല്പാലം നിർമ്മിക്കേണ്ടിവന്നു. അതുകൊണ്ട് വിള്ളൽ രൂപപ്പെട്ടുവെന്നാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ വിശദീകരണം. ഫലത്തിൽ വിള്ളലിൻ്റെ ഉത്തരവാദിത്തം ജനങ്ങൾക്കെന്ന്!
ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ കെട്ടിവച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരമില്ലാഴ്മയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന അഡ്വ. ജെബി മേത്തർ എംപിയുടെ രണ്ടാമത്തെചോദ്യത്തിനു മന്ത്രി മറുപടി നൽകിയില്ലെന്നത് ശ്രദ്ധേയം! ജനകീയ പ്രതിഷേധത്തിന് വഴങ്ങി അശാസ്ത്രീയ നിർമ്മാണത്തിന് നിർബ്ബന്ധിക്കപ്പെട്ടുവെന്നിടത്ത് നിർമ്മാണ പ്രക്രിയയിലെ വൈദ്ഗ്ദ്ധ്യമില്ലാഴ്മയും അപാകതയും ഗുണനിലവാരമില്ലാഴ്മയും മൂടിവയ്ക്കുവാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന അഭിപ്രായം പങ്കുവച്ചവർ കുറവല്ല.
വഴുക്കുംപാറയിൽ ഗതാഗത തടസ്സമുണ്ടാകാതിരിയ്ക്കുന്നതിനു താൽക്കാലിക ക്രമീകരണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. 150 മീറ്റർ സംരക്ഷണ ഭിത്തി നിർമിക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
മണ്ണുത്തി – വടക്കുംഞ്ചേരി ദേശീയപാത പദ്ധതിയിൽ ഏകദേശം 41 കിലോമീറ്റർ സർവീസ് റോഡ് നിർമ്മാണം പൂർത്തികരിച്ചു. ഭൂതർക്കങ്ങളും പൊതുതുജന പ്രതിഷേധങ്ങളും മൂലം ഏകദേശം രണ്ടു കിലോമീറ്റർ സർവ്വീസ് റോഡ് നിർമ്മാണം ഇനിയും പൂർത്തികരിയ്ക്കാനായിട്ടില്ലെന്നും അഡ്വ. ജെബി മേത്തർ എംപിയുടെ മറ്റൊരു ചോദ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രി മറുപടി നൽകി. ഇരുവശത്തും ബഫർ സോണുൾപ്പെടെ ആറുവരിപാതക്ക് മുഴുവൻ ഭൂമിയും ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലധികമായി. എന്നിട്ടും സർവ്വീസ് റോഡ് നിർമ്മാണം പൂർത്തികരിപ്പെടാത്തതിൻ്റെ ഉത്തരവാദിത്തവും മേൽപ്പാലവിള്ളലിലെന്ന പോലെ ജനങ്ങൾക്കുമേൽ കെട്ടിവയ്ക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.
നിരുത്തരപരമായ മറുപടി
Very sad