വെള്ളാപ്പള്ളിക്ക് എൽഡിഎഫിലെത്താൻ ഇത് അപൂർവ്വ അവസരം

വെള്ളാപ്പള്ളിക്ക് എൽഡിഎഫിലെത്താൻ ഇത് അപൂർവ്വ അവസരം

 

കെ.കെ ശ്രീനിവാസൻ

വെള്ളാപ്പള്ളി നടേശന് ഇത് അപൂർവ്വ അവസരം. വെള്ളാപ്പള്ളിയും മകനും കുടുംബവും അടുപ്പക്കാരും ചേർന്ന് രൂ പീകരിച്ച ഭാരതീയ ധർമ്മ ജന സേനയെന്ന പാർട്ടിക്ക് എൽഡിഎഫിൽ ചേക്കുറുവാനുള്ള നല്ല അവസരമെന്നാണ് ഉദ്ദേശിച്ചത്.

സമുദായ പിൻബലത്തെ രാഷ്ട്രീയ പാർട്ടിയാക്കുവാനുള്ള തീരുമാനമെടുത്തത് പെട്ടെന്നൊന്നുമായിരുന്നില്ല. അപ്പോൾപോലും സാമുദായിക സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുത്തുമ്പോൾ സമുദായാംഗങ്ങൾക്കിടയിലുണ്ടാകാനിടയുള്ള ആശയക്കുഴപ്പത്തെ മറികടന്നുകൊണ്ടുതന്നെയായിരുന്നു രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമെന്ന് പറയാനാകില്ലെന്ന വസ്തുത അവശേഷിക്കുന്നുണ്ട്.

വെള്ളാപ്പള്ളിയും ഭാര്യയും മകനും മൂന്നു തിരിയിട്ട നിലവിളക്ക് കൊളുത്തി 2015 നവംമ്പർ 23 ന് കാസർഗോഡ് സിദ്ധിവിനായക ക്ഷേത്രപരിസരത്തു നിന്ന് ആരംഭിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപനം ഡിസംബർ അഞ്ചിന് തി രു വ ന ന്തപുരം ശംഖുമുഖം കടപ്പുറത്തായിരുന്നു. നായാടി മുതൽ നമ്പൂതിരി വരെ ഒരേ രാഷ്ട്രീയത്തിൽ കണ്ണിചേർക്കുകയെന്ന ദൗത്യമായിരുന്നുവല്ലോ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിലൂടെ വെള്ളാപ്പള്ളി കുടുംബം ഏറ്റെടുത്തത്. ഒരുമാതിരി സ്പോൺൺസർ ചെയ്യപ്പെട്ട
ഹൈന്ദവ ഏകീകരണ ദൗത്യം. പക്ഷേ നായാടിയെയും നമ്പൂതിരിയെയും കണ്ണി ചേർക്കാൻ ഇറങ്ങിതിരിച്ചവർ പെരുന്നയുടെ പടിക്കലിൽ പോലുമെത്തിയില്ലെന്നുമാത്രം.

പാർട്ടി പ്രഖ്യാപിക്കപ്പെട്ടതോടെ വെള്ളാപ്പള്ളി കുടുംബത്തിൽ നിന്ന് എൽഡിഎഫും യുഡിഎഫും അകലം പാലിക്കുന്നവസ്ഥ ഏറെക്കുറെ പ്രകടമായി. എൽഡിഎഫിലെത്തിപ്പെടുന്നതിന് വെള്ളാപ്പള്ളിക്ക് മുഖ്യ തടസ്സമായി വിഎസ്. യുഡിഎഫിലേക്ക് വഴിമുടക്കിയായതാകട്ടെ സുധീരനും. ഇവിടെയാണ് ബിജെപി ആദ്യംമുതലേ രാഷ്ടീയക്കണ്ണ് വെച്ചിരുന്ന വെള്ളാപ്പള്ളി പാർട്ടി വളരെ എളുപ്പത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാക്കപ്പെടുന്നത്. കേന്ദ്ര അധികാരത്തിന്റെ അംശങ്ങൾ തങ്ങൾക്ക് കൂടി ലഭ്യമാക്കപ്പെടുമെന്നു വെള്ളാപ്പള്ളി പാർട്ടിയെ വിശ്വസിപ്പിക്കുന്നതിൽ കേരളത്തിലെ ബിജെപി ഘടകത്തിനും അനായസേന സാധിച്ചു.

ബിജെപിദേശീയ നേതൃത്വം മുന്നോട്ടുവച്ച വാഗ്ദാനങ്ങളുടെ പെരുമഴയിൽ കോൾമയിർകൊണ്ടു വെള്ളാപ്പള്ളി പാർട്ടി. വെള്ളാപ്പള്ളി മകൻ പക്ഷേ രാജ്യസഭാംഗമാക്കപ്പെട്ടില്ല. കേന്ദ്ര മന്ത്രിയും. കേന്ദ്ര സർക്കാർ ബോർഡു സ്ഥാനങ്ങളിലെത്തി നോക്കാൻ പോലും അനുവദിക്കപ്പെട്ടില്ല. എന്തിനധികം, വെള്ളാപ്പള്ളി ഗവർണറാക്കപ്പെട്ടതുമില്ല. ഏറെ “സുരക്ഷാ ഭിഷണി” നേരിടുന്ന വെള്ളാപ്പള്ളിക്ക് പക്ഷേ കരിമ്പൂച്ചകളെ അനുവദിച്ചതിലുടെ സകല വാഗ്ദാനങ്ങളും തങ്ങൾ പാലിച്ചുവെന്ന മട്ടിലാണ് ബി ജെ പി നേതൃത്വം. ഇനിയാകട്ടെ വാഗ്ദാനങ്ങൾ പാലിക്കാൻ സമയവുമില്ല. മോദി സർക്കാർ അതിന്റെ കൗണ്ട് ഡൗണിലാണ്.

ശബരി സ്ത്രീ പ്രവേശന വിവാദത്തിൽ സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നത് സവർണ ഹിന്ദുത്വ അജണ്ടയാണെന്ന് വെള്ളാപ്പള്ളിക്ക് ഏറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ടെന്നുവേണം കരുതാൻ – നിലപാടിൽ അവ്യക്തതകൾ അവശേഷിപ്പിക്കുന്നണ്ടെങ്കിലും. ശബരിമലയിലെ ആചാരങ്ങൾ ഒരു കോടതി വിധിയിൽ ലംഘിക്കപ്പെടേണ്ടതല്ലെന്ന ബിജെപി – സംഘ പരിവാർ പിടിവാശി ശ്രീനാരായണഗുരുവടക്കമുള്ളവർ മുന്നോട്ടുവച്ച നവോത്ഥാന മൂല്യങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന്‌ വെള്ളാപ്പള്ളിയെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയിച്ചുവെന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.

Also read article on sabarmala issue….

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ സംഘടിപ്പിക്കുവാൻ സിപിഎം തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ സംഘാടന ചുമതലയുടെ താക്കോൽ സ്ഥാനം സിപിഎം വെള്ളാപ്പള്ളിക്ക് നൽകിയത് വെറുതെയൊന്നുമല്ല. ബി ജെ പി പാളയത്തിലേക്ക് എൻഎസ്എസ് വഴിമാറുന്നുവെന്നവസ്ഥ സി പി എമ്മിനെ തിർത്തും അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയാണ് വെള്ളാപ്പള്ളിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യത്തിൽ സിപി എം എത്തിചേർന്നിരിക്കുന്നത്.

കമ്യൂണിസ്റ്റ് സർക്കാരിനെതിരെ ഉയർത്തിയ വിമോചന സമര നായകരിലൊരാളായിരുന്നു മന്നത്ത് പത്മനാഭനെന്നത് വ്യക്തം. ഗതികേടുകൊണ്ട് പക്ഷേ ഈ മന്നത്തിനെ കേരളത്തിന്റെ നവോത്ഥാന നായകനെന്ന് നാഴികക്ക് നാല്പതുവട്ടം സിപിഎം പു ക്ഴത്തുന്നുണ്ട്. ഏതുവിധേനെയും പെരുന്നയിലെ പൊന്നുതമ്പുരാൻ സംഘപരിവാർ പാളയത്തിലകപ്പെടുന്നതിനെ തടയിടുകയെന്നതാണ് മന്നം മഹത്വവൽക്കരണത്തിലടക്കം സിപിഎം ലക്ഷ്യംവയ്ക്കുന്നത്. പെരുന്ന എന്നിട്ടും കൺമിഴിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ എന്തു വില കൊടുത്തും കൂടെ നിറുത്തുകയെന്ന‌ തന്ത്രം മെനയാൻ സിപിഎം നിർബ്ബന്ധിക്കപ്പെടുന്നത്.

നവോത്ഥാനത്തിൽ  മന്നത്തിന്റെ പങ്ക്?… ക്ലിക്ക് ചെയ്യുക

തങ്ങളെ കൂടെ നിറുത്തണമെന്ന സി പി എമ്മിന്റെ നിർബ്ബന്ധിതാവസ്ഥയെ രാഷ്ട്രീയമായ മുതലെടുക്കുന്നതിൽ വെള്ളാപ്പള്ളി വൃന്ദം മികവ് പ്രകടിപ്പിക്കേണ്ട സമയമാണിത്. കേരളത്തിൽ ബിജെപി പാളയത്തിൽ തുടർന്നാൽ ഹിന്ദുത്വ പാർട്ടിയെന്ന ലേബൽ വെള്ളാപ്പള്ളി പാർട്ടിക്കുമേൽ പതിയും. അതല്ലാതെ മറ്റൊന്നും ലഭിക്കുവാനേ പോകുന്നില്ല.

സവർണമൂല്യങ്ങളിൽ അഭിരമിക്കുന്ന സംഘപരിവാർ എൻഎസ് എസിനോട് പ്രകടിപ്പിക്കുന്ന ഭയഭക്തി ബഹുമാനം തങ്ങളോട് കാണിക്കുന്നില്ലെന്ന തിരിച്ചറിവും വെള്ളാപ്പള്ളിക്കുണ്ടാകുന്നത് നന്ന്. കേരളത്തിന്റെ രാഷ്ട്രീയ – സാമുഹിക പരിസരത്ത് ഹിന്ദുത്വാശയ വാഹകരായ ബിജെപി പച്ചപിടിക്കുകയെന്നത് അസാദ്ധ്യമായി തുടരുകയാണ്. അതുകൊണ്ടു തന്നെ കേൾക്കാനിരിക്കുന്ന ഹിന്ദുത്വ പാർട്ടിയെന്ന അപരാധത്തിൽ നിന്ന് കരകയറുവാനുള്ള അവസരമാണ് വെള്ളാപ്പള്ളി പാർട്ടിക്കിത്. അതെ, എൽഡിഎഫിൽ ഘടകകക്ഷിയാക്കാൻ തയ്യാറെങ്കിൽ ബിജെപി പാളയത്തോട് വിട പറയാൻ തങ്ങൾ ഒരുക്കമെന്ന് എൽഡിഎഫിനോട് വെള്ളാപ്പള്ളി പാർട്ടി അടിവരയിട്ടുപറയേണ്ട അനിവാര്യമാക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ സന്ദർഭമാണിത്. സന്ദർഭത്തിനു് അനുസരിച്ച് ഉയർന്ന് കൃത്യമായ രാഷ്ട്രീയ വിലപേശൽ നടത്തിയാൽ വെള്ളാപ്പള്ളി പാർട്ടി എൽഡി എഫ് ഘടകകക്ഷിയാക്കപ്പെടാതിരിക്കില്ല. വെള്ളാപ്പള്ളിയെ ഘടക കക്ഷിയാക്കി കൂടെ അരക്കിട്ടുറപ്പിച്ചുനിറുത്തേണ്ടത് സി പി എമ്മിന്റേതു കൂടി ആവശ്യമാണുതാനും.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…