ചൈന വളർച്ചയിലല്ല തളർച്ചയിലാണ്

ചൈന വളർച്ചയിലല്ല തളർച്ചയിലാണ്

KK Sreenivasan writes about the slow pace of the Chinese Economy
KK Sreenivasan

കെ.കെ ശ്രീനിവാസൻ

4-8 ട്രില്യൺ യുഎസ് ഡോളർ ചെലവ് വകയിരുത്തി ഏഷ്യ – യൂറോപ്പ് – ഓഷ്യാനിയ – കിഴക്കൻ ആഫ്രിക്കയുൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിൽ  അടിസ്ഥാന വികസന ഇടനാഴി (ബൽറ്റ് ആൻ്റ് റോഡ് ഇനീഷ്യിറ്റിവ് – Belt and Road Initiative) പദ്ധതിയുമായി ഇറങ്ങിതിരിച്ച ചൈനയുടെ സമ്പദ് വ്യവസ്ഥ പരുങ്ങലിലെന്ന റിപ്പോർട്ടുകൾ പെരുകുകയാണ്.  ചൈനീസ് സമ്പദ് വ്യവസ്ഥയെ വെട്ടിലാക്കി ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ നിക്ഷേപങ്ങൾ ചൈനയിൽ നിന്നു പിൻവലിക്കുന്നതിൻ്റെ സാധ്യതകൾ തേടുകയാണെന്നതാണ് റിപ്പോർട്ടുകളിലെ മുഖ്യ ഉള്ളടക്കം.

ചൈനീസ് ഭരണകൂടത്തിൻ്റെ  കർക്കശ സുരക്ഷാ നിയന്ത്രണങ്ങൾ. സംരക്ഷണവാദം. ബീജിങ് – വാഷിങ്ടൺ  അസ്വാരസ്യങ്ങൾ. ഇതിൻ്റെയൊക്ക പശ്ചാത്തലത്തിലാണ് സൗഹാർദ്ദാന്തരീക്ഷമുള്ള രാജ്യങ്ങളിലേക്ക് നിക്ഷേപങ്ങൾ മാറ്റുന്നതിൽ ബഹുരാഷ്ട്ര കമ്പനികൾ ശ്രദ്ധയൂന്നന്നത്.  പ്രധാനപ്പെട്ട ആഗോള ബ്രാൻ്റുകളിൽ ചിലത് ഉല്പാദന യൂണിറ്റുകൾ  നിക്ഷേപക – സൗഹാർദ്ദ രാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിയിലാണ്.  അഡിഡാസ്, ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളാണ് ചൈനയിൽ നിന്ന് പിന്മാറുവാനുള്ള നടപടികളാരായുന്നത്.

ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായ 2023 അവസാനിക്കുകയാണ്.  വിദേശ നിക്ഷേപത്തിൽ പക്ഷേ ബിജിങിന് തെല്ലൊരു ആശ്വാസമാകുന്നത്   1.4 ബില്യൺ ചൈനീസ് വിപണിയിലെത്താൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ  തയ്യാറെടുക്കുന്നുവെന്നതാണ്.

കെ‌എഫ്‌സി  കമ്പനി കഴിഞ്ഞ മാസം ചൈനയിൽ തങ്ങളുടെ 10000-ാമത്തെ റെസ്റ്റോറന്റ് തുറന്നു. 2026-ഓടെ ചൈനയിലെ പകുതിയോളം ജനസംഖ്യയുടെ വിപണി ലക്ഷ്യമിട്ട്  സ്‌റ്റോറുകൾ സ്ഥാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെഎഫ്സി. അടുത്ത നാല് വർഷത്തിനുള്ളിൽ മക്‌ഡൊണാൾഡ് ചൈനയിൽ 3500 പുതിയ സ്റ്റോറുകൾ തുറന്നേക്കും. കിഴക്കൻ ചൈനയിൽ ഒരു ഉല്പാദക- വിതരണ യൂണിറ്റിനായ് സ്റ്റാർബക്സ് 220 മില്യൺ ഡോളർ നിക്ഷേപിച്ചു. യുഎസിനു പുറത്തുള്ള സ്റ്റാർബക്സിന്റെ ഏറ്റവും വലിയ യൂണിറ്റാണിത്..
കഴിഞ്ഞ മാസം  സാൻഫ്രാൻസിസ്കോയിലെ ലോകനേതാക്കളുടെ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്നിഹിതനായിരുന്നു. ഉച്ചകോടിയുടെ ഭാഗമായി പ്രസിഡൻ്റ് അമേരിക്കൻ സിഇഒമാരുമായി കൂടിക്കാഴ്ച്ച നടത്തി. ചൈനീസ് ബ്രഹ്ദ് വിപണിയുടെ സാധ്യതകൾ അമേരിക്കൻ സിഇഒമാരോട് വിശദമാക്കിയപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മനസ്സിൽ കരുതിയിരുന്നത്  അമേരിക്കൻ  ഫാസ്റ്റ് ഫുഡ് – ഉപഭോക്തൃ ഉല്പന്ന നിർമ്മാതക്കളുടെ നിക്ഷേപങ്ങളായിരുന്നിരിയ്ക്കില്ല. കമ്പ്യൂട്ടർ ചിപ്പുകളുടെയും  നൂതന സാങ്കേതികവിദ്യകളുടെയും കയറ്റുമതി വാഷിങ്ടൺ നിയന്ത്രിക്കുന്നിടത്ത് ചൈനീസ് പ്രസിഡൻ്റ് മനസ്സിൽ കുറിച്ചത് യു എസ് ആസ്ഥാന ടെക്ക് കമ്പനികളുടെ നിക്ഷേപങ്ങൾ ചൈനയിലെത്തിക്കുകയെന്നതായിരിയ്ക്കണം. നിച്ചതിനു പകരമായി ചൈനയിലെത്തിയ അമേരിക്കൻ  ഫാസ്റ്റ്ഫുഡ് കമ്പനികളുടെ നിക്ഷേപങ്ങൾ ചൈനീസ് സമ്പദ്‌വ്യവസ്ഥാ നവീകരണ പ്രക്രിയയുമായ്  പൊരുത്തപ്പെടുന്നില്ല.
യുഎസ് കമ്പനികളിൽ ചിലത് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നു. എങ്കിലും ചൈനയിൽ മൊത്തത്തിൽ വിദേശ നിക്ഷേപം ഈ വർഷം കുറയാൻ തുടങ്ങി. ജൂലായ് – സെപ്തംബർ പാദത്തിൽ ചൈനയിലെ അറ്റ വിദേശ നേരിട്ടുള്ള നിക്ഷേപം 11.8 ബില്യൺ ഡോളർ കമ്മിയിലേക്ക് കൂപ്പുകുത്തി. 1998-ൽ ബീജിങ് ഡാറ്റ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ത്രൈമാസ കമ്മി.
ചൈനയും അതിന്റെ പാശ്ചാത്യ വ്യാപാര പങ്കാളികളും തമ്മിലെ അസ്വാരസ്യങ്ങൾ രൂക്ഷമായതിനാൽ പല ബഹുരാഷ്ട്ര കമ്പനികളും നിക്ഷേപങ്ങൾ ഇന്ത്യ പോലുള്ള തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുൾപ്പെടെ മാറ്റുന്നതിലുള്ള ശ്രമത്തിലാണ്. ഒപ്പം സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകുകയോ ചെയ്യുന്നു. മഹാമാരി സൃഷ്ടിച്ച ഗുരുതര സാമ്പത്തിക അനിശ്ചിതാവസ്ഥ. റിയൽ എസ്റ്റേറ്റ് മേഖല കരകയറാനാകാത്തവിധം പ്രതിസന്ധിയിൽ. ഇതോടൊപ്പം  വിദേശ നിക്ഷേപ ഒഴുക്ക് മന്ദഗതിയിലായതും നിലവിലെ വിദേശ കമ്പനികൾ നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കൂടിയായപ്പോൾ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ അവസ്ഥ ഒട്ടുമേ ശുഭകരമല്ലാതായിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.
ചൈനയും യുഎസും തമ്മിലുള്ള  സാമ്പത്തിക – വ്യാപാര – സാങ്കേതിക വിദ്യാബന്ധങ്ങളെ യുഎസ് രാഷ്ട്രീയവൽക്കരിച്ചു. സുരക്ഷയെന്നതിലെ ആശങ്ക പെരുപ്പിച്ചു.  കയറ്റുമതി നിയന്ത്രണ നടപടികൾ ദുരുപയോഗം ചെയ്തു.  ചൈനയിൽ വ്യാപാര – നിക്ഷേപങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.  ചൈനീസ് വിപണിയിലെ അവസരങ്ങൾ ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം പ്രയോജനപ്പെടുത്തുന്നതിലെ സഹകരണത്തെ അവതാളത്തിലാക്കി.  യുഎസ് ഭരണകൂടത്തിൻ്റെ ഇത്തരം ചെയ്തികളാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ ശുഭകരമല്ലാത്ത അവസ്ഥയിലെത്തിച്ചതെന്ന കുറ്റപ്പെടുത്തലുകളാണ്  ചൈനീസ്

വാണിജ്യ മന്ത്രാലയമുയർത്തുന്നത്.

ചൈനയിലെ അമേരിക്കൻ കമ്പനികളെ പ്രതിനിധീകരിക്കുന്ന യു.എസ്.- ചൈന ബിസിനസ് കൗൺസിൽ സെപ്തംബറിൽ പുറത്തിറക്കിയ  സർവ്വേ പറയുന്നത് ചൈനീസ് സാമ്പത്തികരംഗം അനിശ്ചിതത്വത്തിലെന്നു തന്നെയാണ്. ചൈനയുടെ ബിസിനസ് അന്തരീക്ഷം കഴിഞ്ഞ വർഷം വഷളായിയെന്നാണ് ഇപ്പറഞ്ഞ ബിസിനസ് കൗൺസിലിലെ 43 ശതമാനം അംഗങ്ങളും  അഭിപ്രായപ്പെട്ടത്. മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ചൈനയെക്കുറിച്ച്  ശുഭാപ്തിവിശ്വാസം കുറവാണെന്ന് 83 ശതമാനം അംഗങ്ങൾ പറഞ്ഞു.  21 ശതമാനം നന്നേ ചെറിയ തോതിൽ  ചൈനയിൽ   നിക്ഷേപിക്കുന്നതായി പറയുന്നു.   കേവലം 10 ശതമാനം മാത്രമാണ് ചൈനയിൽ നിക്ഷേപം നടത്തുന്നതിൽ ആത്മവിശ്വാസം പങ്കുവച്ചത്. യൂറോപ്യൻ, ജാപ്പനീസ് കമ്പനികളുടെ സർവേകളും സമാനമായ ഫലങ്ങൾ കാണിക്കുന്നു.
ചൈനയുടെ വിപണി ഭീമാകാരമാണെങ്കിലും അത് രോഗാവസ്ഥയിലാണ്. ചൈനീസ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ജൂൺ മാസത്തോടെ 20 ശതമാനമായി ഉയർന്നുവെന്നത് സാക്ഷ്യപ്പെടുത്തുന്നത്  സർക്കാർ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച ഡാറ്റ തന്നെയാണ്. ഭവന വില കുറഞ്ഞു. ഓഹരി വിപണി  മാസങ്ങളായി ഏകദേശം 15 ശതമാനം കുറവിലാണ്.   മൊത്തത്തിലിത് ചൈനീസ് ജനതയുടെ വാങ്ങൽ ശേഷിയിൽ പ്രതികൂലമായി മാറിയിട്ടുണ്ട്.
ചൈനീസ് സമ്പദ് വ്യവസ്ഥ തളർച്ച 4-8 ട്രില്യൺ യുഎസ് ഡോളർ ചെലവ് വകയിരുത്തിയുള്ള ചൈനയുടെ ബഹുരാഷ്ട്ര അടിസ്ഥാന വികസന പദ്ധതി (ബൽറ്റ് ആൻ്റ് റോഡ്  ഇനീഷ്യറ്റീവ്) യിൽ എങ്ങനെ പ്രതിഫലിക്കുമെന്നത്  ഉറ്റുനോക്കുകയാണ് രാജ്യാന്തര സമൂഹം.

Related Post