കോൺഗ്രസ് കീഴോട്ട് തന്നെ… പക്ഷേ രാഹുലിനാകും…

കോൺഗ്രസ് കീഴോട്ട് തന്നെ… പക്ഷേ രാഹുലിനാകും…

Kk Sreenivasan

കേരളം പോലുള്ള അപ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയല്ല കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ ഇനിയും വാഴിക്കേണ്ടത്. ഉത്തേരന്ത്യൻ – ഹിന്ദി- ഹിന്ദു മേഖലയിൽ നിന്ന് താഴെതട്ടിലുള്ള ജനങ്ങളുമായി ഊഷ്മള ബന്ധമുള്ള, കാലത്തിനൊപ്പമുള്ള ചിന്താധാരയുടെ ഉടമകളായ പുത്തൻ നേതൃത്വനിരയെ രാഹുൽ കണ്ടെത്തണം

 

കോൺഗ്രസ് രക്ഷപ്പെടുന്നതിൻ്റെ ലാഞ്ചനയില്ല. നവംബർ രണ്ടിന് 11 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ഒരെണ്ണത്തിൽ പോലും നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന് ജയിച്ചുകയറാനായില്ലെന്നിടത്താണ് ദേശീയ പാർട്ടി വീഴ്ചയിൽ നിന്ന് വൻ വീഴ്ച്ചകളിലേക്ക് നിപതിച്ചു കൊണ്ടേയിരിക്കുന്നുവെന്നത് ഏറെ സുവിദിതമാകുന്നത്. ഇത് പറയുമ്പോഴും കോൺഗ്രസിനെ രക്ഷിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനിയും സമയമുണ്ടെന്നത് കാണാതെ പൊയ്ക്കൂട.

യുപിയിൽ നിന്ന് രാജ്യസഭയിലേക്ക് 10 അംഗങ്ങൾ ഏകകണ്ഠമായി തെരെഞ്ഞെടുക്കപ്പെട്ടു. യുപിയിൽ നിന്നുള്ള 10 അഗങ്ങളിൽ ബിജെപിക്ക് എട്ട്. ബിഎസ്പിക്കും സമാജ് വാദിയ്ക്കും ഒരോന്നും. ഉത്തരാഖണ്ഡിൽ നിന്ന് ബിജെപി അംഗവും. 2014ൽ കോൺഗ്രസ് നേതൃ രണ്ടാം യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലേറിയതോടെയാണ് ദേശീയ രാഷ്ട്രീയത്തിൻ്റെ മുഖ്യ അടയാളമായിരുന്ന കോൺഗ്രസിൻ്റെ പ്രസക്തിക്കുമേൽ കരിനിഴൽ വീഴാൻ ആരംഭിക്കുന്നത്

പുതിയ 11 രാജ്യസഭാംഗങ്ങളെത്തിയതോടെ കോൺഗ്രസ് അംഗസംഖ്യ 40 ൽ നിന്ന് 38 ആയി! വളർച്ച താഴോട്ടെന്നത് കോൺഗ്രസ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു! അതേസമയം രാജ്യസഭയിൽ ബിജെപി അംഗബലം 86 ൽ നിന്ന് 92 ലെത്തി. 245 അംഗ രാജ്യസഭയിൽ ഇനിമുതൽ മോദി സർക്കാരിന് നിയനിർമ്മാണങ്ങൾ പാസ്സാക്കിയെടുക്കുന്നത് തലവേദനയാകില്ലെന്നു ചുരക്കം.

രാജ്യസഭാ അംഗബലം ഇത്രയും ശുഷ്ക്കിച്ച ചരിത്രം കോൺഗ്രസിനില്ല. എന്നാൽ ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ് – മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പു ഫലത്തിലാണ് ഇനി കോൺഗ്രസിന് പ്രതീക്ഷ. ഇത് സഫലീകൃതമാവുമെങ്കിൽ രാജ്യസഭാ അംഗബലം കോൺഗ്രസിനുയർത്താനായേക്കും.

2014ൽ രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി ലോകസഭാ തെരെഞ്ഞടുപ്പിൽ പൊരുതിയെങ്കിലും കേവലം 44 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങിപ്പോയി. ലോകസഭയിൽ മുഖ്യ പ്രതിപക്ഷമെന്നവസ്ഥയുടെ ഏഴയലത്തുപോലും രാഹുൽ നയിച്ച കോൺഗ്രസ് പാർട്ടിക്കെത്താനായില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് ബിജെപിയുടെ മോദി നേതൃത്വത്തിന് വെല്ലുവിളിയാകാനാകില്ലെന്ന് തെളിയിച്ചു. 2014ലെ 44 ൽ നിന്ന് 51 അംഗങ്ങളായിയെന്നത് മാത്രം ബാക്കി!

ജമ്മു-കശ്മിർ, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്ര, സിക്കിം, അരുണാചൽ പ്രദേശ്, മിസോറം, നാഗലൻ്റ്, ത്രിപുര, മണിപൂർ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് പേരിനെങ്കിലും ഒരംഗം ലോകസഭയിലില്ല.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ഇനിയും പ്രതീക്ഷയർപ്പിക്കാം. പക്ഷേ രാഹുൽ ഗാന്ധിക്ക് ആത്യന്തികമായി തീരുമാനമെടുക്കുവാനും നടപ്പിലാക്കുവാനുമുള്ള അന്തരീക്ഷം പാർട്ടിക്കുള്ളിൽ രൂപപ്പെടണം. ഏകെ ആൻ്റണിയടക്കമുള്ള കേരളത്തിൽ നിന്നുള്ളവരെ പാർട്ടി നേതൃത്വത്തിൽ ഇനിയും ഇതേപ്പടി നിലനിർത്തേണ്ടതുണ്ടോയെന്ന് രാഹുൽ തീരുമാനിക്കണം. മോദിയെ, ബിജെപിയെ, ബിജെപിയുടെ ഹിന്ദുത്വത്തെ നേരിടാൻ രാഹുൽ തന്ത്രങ്ങളിൽ സമഗ്ര മാറ്റം വരുത്തണം.

അധികാര രാഷ്ടീയത്തിൻ്റെ പുതുപുത്തൻ തന്ത്രങ്ങളാണ് പുതുപുത്തൻ തന്ത്രങ്ങളിൽ അഭിരമിക്കുന്ന മോദിവൃന്ദത്തെ കടത്തിവെട്ടാൻ ഇനിയുള്ള കാലം രാഹുൽ ഗാന്ധി ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടത്. സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ കോൺഗ്രസിന് ആവശ്യം പുത്തൻ നേതൃത്വങ്ങളുടെ ആവിർഭാവം തന്നെയാണ്.

കേരളം പോലുള്ള അപ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയല്ല കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ ഇനിയും വാഴിക്കേണ്ടത്. ഉത്തേരന്ത്യൻ- ഹിന്ദി- ഹിന്ദു മേഖലയിൽ നിന്ന് താഴെതട്ടിലുള്ള ജനങ്ങളുമായി ഊഷ്മള ബന്ധമുള്ള കാലത്തിനൊപ്പമുള്ള ചിന്താധാരയുടെ ഉടമകളായ പുത്തൻ നേതൃത്വനിരയെ രാഹുൽ കണ്ടെത്തണം. ഒപ്പം മുസ്ലീം സമുദായത്തിൽ നിന്നുള്ള പുതുതലമുറയും കോൺഗ്രസ് നേതൃത്വനിരയിലേക്ക് രാഹുൽ കണ്ടെത്തി വളർത്തികൊണ്ടുവരണം.

നിലവിൽ പാർട്ടി ദേശീയ നേതൃത്വത്തിൽ പരിലസിക്കുന്ന അതേസമയം ബിജെപിയിലേക്ക് കൂടുമാറാൻ തക്കംനോക്കിയിരിക്കുന്ന, പാർട്ടി വച്ചുനീട്ടികൊടുത്തിട്ടുള്ള സ്ഥാനങ്ങൾ മാത്രം കൈമുതലായുള്ള, ജനകീയ ബന്ധങ്ങൾ ഒട്ടുമേയില്ലാത്ത, പരമ്പരാഗത ഗർവ്വിൻ്റെ മാത്രമുടമകളായ ഏകെ ആൻ്റണിയെ പോലുള്ളവരെ ഇനിയും പാർട്ടിക്ക് വേണോയെന്നു കൂടി രാഹുൽ ഗാന്ധി അടിയന്തരമായി തീരുമാനിക്കണം. അതെ രാഹുൽ ഗാന്ധിക്ക് മോദി വൃന്ദത്തെ മറികടക്കുവാനാകും.

Related Post