ടി.പിയുടെ കൊലപാതകം; വേറിട്ടൊരു കാഴ്ചപ്പാട്

കെ.കെ.ശ്രീനിവാസന്‍/kk sreenivasan

നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്.

ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം ഔദ്യോഗിക നേതൃത്വം പ്രതിക്കൂട്ടിലകപ്പെി ട്ടിരിക്കുന്നു. വി. എസ്. അച്ച്യുതാനന്ദനാകട്ടെ ഈ തക്കംനോക്കി പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയിരിക്കുന്നു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നതാണെത്ര അച്ച്യുതാനന്ദന്റെ ആവശ്യം. പ്രതിപക്ഷനേതാവ് സ്ഥാനം ത്യജിയ്ക്കാനും അച്ച്യുതാനന്ദന്‍ തയ്യാറണെന്ന്. 1964 ലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍പ്പിന്റെ ചരിത്രത്തെ പൊടിതട്ടിയെടുത്തുകൊണ്ടാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ദീര്‍ഘകാലമായി പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം വീണ്ടും വി.എസ് പരസ്യമായി പ്രകടമാക്കിട്ടുള്ളത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തല്‍വാദത്തിനെതിരെ കലാപകൊടിയുയര്‍ത്തി പുറത്തുവന്നവരില്‍ 32 പേരില്‍ ഇന്ന് അവശേഷിച്ചിരിക്കുന്നത് വി.എസ് മാത്രം. ഈ പാര്‍ട്ടി പാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് മുദ്രകുത്തിയിട്ടുള്ളത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഡാങ്കേയെന്ന പേര് അശ്‌ലീല പദമായിട്ടാണ് ഗണിക്കപ്പെടുന്നത്. സോവിയറ്റ് അനുകൂല നിലപാട് സ്വീകരിച്ചുവെന്നതാണ് ഡാങ്കേക്കുമേല്‍ അപരാധമായത്.

പിളര്‍പ്പ്

ഇന്ത്യന്‍ വിപ്ലവത്തിന് ഉശിര്‌പോരെന്ന വാദമുന്നയിച്ചാണ് എ.കെ.ജിയും ജ്യോതിബസുവും ഹര്‍കി ഷണ്‍ സുര്‍ജിത് സിങ്ങുമടക്കമുള്ളവര്‍ സിപിഐ വിട്ട് പുറത്തുവന്നത്. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ എ.വി ആര്യന്റെ തൃശ്ശൂര്‍ ഒളിക്കരയിലെ ഇല്ലത്തു വെച്ചായിരുന്നു സിപിഐ വിട്ട പുറത്തുവന്നവരുടെ ആദ്യയോഗം. പ്രസ്തുത യോഗത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സി.പി.ഐ.എം) എന്ന രാഷ്ട്രീയ പ്രസ്ഥ ാനത്തിന്റെ ആവശ്യകത ഉയരുന്നത്. സിപിഎം രൂപീകരിക്കപ്പെട്ടപ്പോള്‍ എ.വി ആര്യന്‍ സിപി എമ്മിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായി. എന്നാല്‍ ഇ.എം.എസ്സടക്കമുള്ളവര്‍ സിപിഎം നേതൃത്വം സിപിഐയെപ്പോലും വെല്ലുന്ന തിരുത്തല്‍വാദത്തിലേയ്ക്ക് പാര്‍ട്ടിയെ നയിക്കുന്നുവെന്നതിനെതിരെ കലാപകൊടിയുയര്‍ത്തുന്നതില്‍ എ.വി. ആര്യന്‍ മുന്നിട്ടുനിന്നു.

ഇ.എം.എസ്സിന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളിലെ തിരുത്തല്‍വാദ നിലപാട ുകള്‍ ഒന്നൊന്നായി പുറത്തുകാണിക്കുന്നതില്‍ ആര്യന്‍ സദാ ശ്രദ്ധാലുവായി. ഇതിനെ ഇ.എം.എസ് തീര്‍ത്തും പ്രതികാര ബുദ്ധിയോടെയാണ് നേരിട്ടത്. ഇതിന്റെ പ്രതിഫല െമന്നോണമാണ് ആര്യന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. സ്വന്തം പാര്‍ട്ടി, ബോള്‍ഷെവിക്ക് പാര്‍ട്ടി, രൂപികരിച്ചാണ് ആര്യന്‍ പാര്‍ട്ടി നേതൃത്വ െത്ത വെല്ലുവിളിച്ചത്. പാര്‍ട്ടിയുടെ തിരുത്തല്‍വാദ നിലപാടുകളെ തുറന്നുകാണിച്ച് പുതിയ പാര്‍ട്ടി രൂപികരിച്ച ആര്യനെ പക്ഷേ അന്നത്തെ പാര്‍ട്ടി വകവരുത്താന്‍ തുനിഞ്ഞില്ല. അന്നത്തെ സിപിഎം നേതൃത്വത്തിന് അത്തരമൊരു സംഹാര രാഷ്ട്രീയ സംസ്കാരമുണ്ടായിരുന്നില്ലെന്നതുകൊണ്ടായിരി യ്ക്കാം നക്‌സലൈറ്റ് എന്ന് മുദ്രകുത്തപ്പെട്ട ആര്യന്‍ വധിക്കപ്പെടാതെ പോയത്. ഇത് പറയുമ്പോള്‍ തന്നെ സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ കൊലപാതകക്കുറ്റം ആര്യനും കൂട്ടര്‍ക്കുംമേല്‍ കെട്ടിവെച്ച് അവരെ രാഷ്ട്രീയമായി ഒതുക്കുന്നതില്‍ വലിയൊരു പരിധിവരെ സിപിഎം നേതൃത്വത്തിന് സാധിച്ചു.

എം.വി.ആറും ഗൗരിയമ്മയും പുറത്തുപോയപ്പാള്‍

പാര്‍ട്ടിക്കെതിരെ കലാപം ചെയ്ത് പുറത്തുപോകുന്നവരെ കായികമായി നേരിടുന്ന രീതി സിപിഎമ്മിനില്ല. സമുദായിക ശക്തികളുമായി സഖ്യമാകാമെന്നുള്ള ബദല്‍ രേഖയുണ്ടാക്കിയെന്ന തിന്റെ പേരിലുടലെടുത്ത അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തില്‍ എം.വി രാഘവന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പുറത്തുപോയി. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പിറകെപോയി ഗൗരിയമ്മയും പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നിട്ടും അവരെയൊന്നും തങ്ങള്‍ കായികമായി നേരിട്ടിട്ടില്ലെന്നു വാദമുന്നയിച്ചാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയ ടി.പിയുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സ്ഥാപിയ്ക്കാന്‍ നേതൃത്വം ശ്രമിക്കുന്നത്. ഈ വാദം ശരിയാണുതാനും. പക്ഷേ എം.വി ആറും ഗൗരിയമ്മയും പാര്‍ട്ടി വിട്ട സാഹചര്യമല്ല ഇന്നെന്ന് മനസ്സിലാക്കണം. അന്നത്തെ സിപിഎം നേതൃത്വം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ ബോധമല്ല ഇന്നത്തെ പാര്‍ട്ടിയെ നയിക്കുന്ന പിണറായിയും കൂട്ടരുമടണ്ടങ്ങുന്ന കണ്ണൂര്‍ ലോബിയുടേത്.

ഉത്തര മലബാറില്‍ സിപിഎമ്മിനെതിരെ ബി.ജെ.പി വേര് പിടിക്കുന്നുവെന്ന അവസ്ഥയെ ഫാസിസ്റ്റ് രീതിയിലൂടെ നേരിട്ട് തഴക്കവും പഴക്കവും ആര്‍ജ്ജിച്ചവരാണ് ഇന്നത്തെ സിപിഎം നേതൃത്വം. കൊലപാതക രാഷ്ട്രീയത്തില്‍ അറപ്പ് തീര്‍ന്നവരെന്ന് തിരിച്ചറിയപ്പെടുന്നതിനാല ാണ് ടിപിയുടെ കൊലപാതകത്തില്‍ പിന്നില്‍ സിപിഎം നേതൃത്വം തന്നെയെന്ന ഉറച്ച നിഗമനത്തില്‍ കേരളീയ സമൂഹം അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധമെത്തിചേര്‍ന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്ന് പിണറായിക്കൂട്ടത്തിലെ ഇടുക്കി ജില്ലാ സെക്രട്ടറി മണിയും സാക്ഷ്യപ്പെടുത്തുന്നു! എം.വി.ആറും ഗൗരിയമ്മയും പുതിയ പാര്‍ട്ടിയുണ്ടാക്കി ഔദ്യോഗിക സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച വേളയിയില്‍ വിജയ-ജയരാജന്മാരായിരുന്നെങ്കിലൊന്ന് വെറുതെയെങ്കിലും ചിന്തിച്ചു നോക്കുക. മഹാഭാഗ്യം; എം.വി.ആറും ഗൗരിയമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ആലപ്പുഴയിലെ ഡോ. മനോജ്, കണ്ണൂരിലെ അബ്ദുള്ളക്കുട്ടി, ഒറ്റപ്പാലത്തെ ശിവരാമന്‍, മങ്കടയിലെ മഞ്ഞളാംകുഴി അലി, ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് ഇവരെല്ലാം പാര്‍ട്ടിയോട് സുല്ല് പറഞ്ഞുപോയവരല്ലോ? ഇവരെയൊന്നും കായികമായി നേരിട്ടുവോ? ഇല്ല. ടിപിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആണയിട്ട് സമ്മതി ക്കുന്നതിന്റെ ദിശയില്‍ തന്നെയാണ് ഇതൊക്കെ പാര്‍ട്ടി നേതൃത്വം വിളിച്ചുപറയുന്നത്. ഇപ്പറഞ്ഞവരൊക്കെ തന്നെ പക്ഷേ പാര്‍ട്ടി അണികളെ അടര്‍ത്തിയെടുത്ത് പുതിയ സിപിഎം വിരുദ്ധ പ്രസ്ഥാനമുണ്ടാക്കുന്നതിന് ശ്രമിച്ചതേയില്ല. അങ്ങനെയെങ്ങാനും അവര്‍ ശ്രമിച്ചിരുന്നു വെങ്കില്‍ ടിപിയുടേതില്‍ നിന്നു വ്യത്യസ്തമാകുമായിരുന്നുവോ?

ഹീനമായ കൊലപാതകങ്ങള്‍

ദുര്‍ഭരണം നടത്തുന്നവരെ സ്ഥാനഭൃഷ്ടരാക്കുന്നതിന്റെ ദിശയില്‍ രക്തരൂക്ഷിത നടപടികള ുണ്ടാകുന്നുവെന്നതിന് സദാ കാലം സാക്ഷിയാണ്. ഏകാധിപതികളെ വധിച്ച് അധികാരം പിടി ച്ചെടുക്കുന്നുവെന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. എന്നാല്‍ പ്രത്യേകിച്ചും ഇവിടെത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമോ പാര്‍ട്ടി ഇപ്പോഴും വ്യഥാ ഉരുവിട്ടുകൊണ്ടിരിക്കുന്ന വര്‍ഗവിപ്ലവത്തിന്റെ കാഹളമോയുണ്ടോയെന്നു പരിശോധിക്ക െപ്പടേണ്ടതുണ്ട്. തീര്‍ത്തും അരാഷ്ട്രീയ മനസുകളുടെയും രാഷ്ട്രീയ സംസ്ക്കാര-മൂല്യ തകര്‍ച്ചയുടെയും നഗ്നമായ പ്രതിഫലനം മാത്രമാണ് ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരുടെ ഹീനമായ കൊലപാതകങ്ങള്‍.

ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ നിന്ന് മറ്റൊന്നുകൂടി വായിച്ചെടുക്കാം. തൊഴിലാളിവര്‍ഗ വിപ്ലവത്തിന് വിലങ്ങുതടിയായി ചന്ദ്രശേഖരന്‍ മാറുന്നുവെന്നതുകൊണ്ടൊന്നുമല്ല ചന്ദ്ര േശഖരന്‍ വധിക്കപ്പെടുന്നത്. സാമൂഹിക മാറ്റത്തിന്റെ അനിവാര്യതയില്‍ നിന്നുമല്ല ടി.പി. കൊല ചെയ്യപ്പെടുന്നത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രി യയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാരണ മാകുന്നുവെന്ന തീര്‍ത്തും പച്ചയായ പാര്‍ലമെന്ററി അധികാരവ്യാമോഹത്തിന്റെ ശിഷ്ടഫലം മാത്രമാണ് ടി.പിയുടെ കൊലപാതകം. അത്തരമൊരു രാഷ്ട്രീയമായ പരിശോധനയില്‍, അധികാരത്തിലെത്താന്‍ ഹീനമായ അരാഷ്ട്രീയ-അക്രമ മാര്‍ഗങ്ങള്‍ അവലംബിയ്ക്കാന്‍ സിപിഎം പ്രത്യേകിച്ചും ഇപ്പോഴത്തെ നേതൃത്വം ഏതറ്റവുംവരെ പോകുമെന്നതിന് ഒട്ടേറെ തെളിവുകള്‍ നിരത്താനാകും. ടി.പി. ചന്ദ്ര ശേഖരന്‍, ഷുക്കൂര്‍, ഫസല്‍ തുടങ്ങി ഒട്ടനവധി വ്യക്തികളെ കൊല ചെയ്യുന്നതാണോ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള ജനകീയ ജനാധിപത്യ വിപ്ലവ പൂര്‍ത്തികരണ പ്രക്രിയ? നേതൃത്വത്തോട് കാലാപം ചെയ്ത് പുറത്തുപോകുന്നവരെ വര്‍ഗവഞ്ചകരും ഒറ്റുക്കാരുമെന്ന് മുദ്രകുത്തി താറടിക്കുന്നു. എം.എം മണി സാക്ഷ്യപ്പെടുത്തിയ പോലെ കൊല്ലുന്നു. ഇതാണോ വര്‍ഗ സമരത്തിലൂന്നിയുള്ള ജനകീയ ജനാധിപത്യ വിപ്ലവ രീതി? ഈ സമസ്യകള്‍ക്കെല്ലൊം ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്.

പാര്‍ലമെന്ററി ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യം!

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(കള്‍)ക്ക് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യമെന്നത് ബൂര്‍ഷ്വാ ജനാധിപത്യമാണ്. എന്നിട്ടുമത് അംഗീകരിക്കുന്നു; ഒരു അടവു നയമായി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിച്ചെടുക്കാമെന്ന് സിപിഎം അണികളെ വിശ്വസിപ്പിക്കുന്നു! സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിട്ടാണ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രക്രിയയെ കമ്യൂണിസ്റ്റ് നേതൃത്വം കാണുന്നത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂടെ ജനകീയ ജനാധിപത്യം വിപ്ലവം നടത്തി സോഷ്യലിസ്റ്റ് ഭരണ കൂടുമുണ്ടാക്കാനുകമെത്ര! ജനകീയ ജനാധിപത്യം വിപ്ലവം പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലൂടെ സുസാധ്യമാകുമെന്ന് കരുതുന്നവരുടെ രാഷ്ട്രീയത്തിന്റെ മുഖ്യതന്തുവെന്നത് അധികാരത്തിന്റെ അകത്തളങ്ങളില്‍ ഏതുവിധേനെയും അള്ളിപ്പിടിച്ച് കയറികൂടുകയെന്നത് മാത്രമാണെന്നെ് കാലം ഇതിനകം തെളിയിച്ചിട്ടുണ്ട്.

ഹീനമായ പ്രവര്‍ത്തികള്‍ ചെയ്ത് അതില്‍ നിന്ന് രക്ഷനേടാന്‍ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് പുച്ഛിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യഘടനയിലെ ജൂഡിഷ്യറിയടക്കമുള്ളവയെ ഉപ േയാഗക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാണിക്കപ്പെടണം. ‘വിപ്ലവ’െമന്ന പേരില്‍ കാട്ടികൂട്ടുന്ന ഹീനകൃത്യങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യഘടനയിലെ ജുഡീഷ്യറിക്ക് മുന്നില്‍ നിരത്തപ്പെടുന്ന തെളിവുകള്‍ക്ക് വിധേയമാണെന്ന് കുറ്റവാളികളെ സംരക്ഷിക്കുവാനുള്ള തത്രപ്പാടില്‍ സമര്‍ത്ഥിക്കപ്പെടുന്നിടത്താണ് സിപിഎം നേതൃത്വത്തിന്റെ മൂല്യ രാഹിത്യ-അ ധാര്‍മ്മിക-അരാഷ്ട്രീയ നിലപാടുകള്‍ ഏറെ സുവിദിതമാുകുന്നത്.

പാര്‍ട്ടിക്കല്ല നേതൃത്വത്തിനാണ് പങ്ക്

പാര്‍ട്ടിയെന്നത് നേതൃത്വം. നേതൃത്വമെന്നത് പാര്‍ട്ടി. പണ്ടൊക്കെ ഇതൊരു വിശ്വാസ പ്രമാണമായിരുന്നു. പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പിലാക്കുന്നതിലും പ്രഖ്യാപിത ലക്ഷ്യ ങ്ങള്‍ ഉയര്‍ത്തിപിടി ക്കുന്നതില്‍ നിന്നും അണുവിട നേതൃത്വം വ്യതിചലിച്ചിരിന്നില്ലെന്ന ഉത്തമ വിശ്വാസമാണ് പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതൃത്വവും ഒന്നുതന്നെയാണെന്നതിന് ആധാരമായിരുന്നിത്. വര്‍ത്തമാന സാഹചര്യത്തില്‍ പക്ഷേ പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും രണ്ടുംരണ്ടാണെന്ന് മനസ്സിലാക്കിവച്ചിട്ടുള്ളവരാണ് ബഹുഭൂരിപക്ഷവും. ഇന്നത്തെ നേതൃത്വം പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലി ക്കുന്നുവെന്നതില്‍ പ്രകടമായ ഉദാഹരണങ്ങളുണ്ട്. ഇവിടെയാണ് പാര്‍ട്ടിയും അതിന്റെ നേതൃത്വ വും ഒന്നല്ലെന്ന തിരിച്ചറിവ് ശക്തിപ്പെടുന്നത്.

ടിപിയുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ വാദം മുഖവില ക്കെടുക്കുമ്പോള്‍ തന്നെ ഈ കൊലപാതകത്തില്‍ നേതൃത്വത്തിന് പങ്കുണ്ടെന്നതില്‍ അവിശ്വ സിക്കുന്നില്ല ബഹുഭൂരിപക്ഷവും. നേതൃത്വത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെടുമ്പോള്‍ പാര്‍ട്ടിയും അതിന്റെ നേതൃത്വവും ഒന്നുതന്നെയാണെന്ന് കണ്ണ ടച്ച് വിശ്വസിക്കുകയെന്നത് ഒട്ടും എളുപ്പമാവില്ല. ഇനി അഥവാ ഈ കൊലപാതകം പാര്‍ട്ടി അറിഞ്ഞുകൊണ്ടുനടത്തിയതാണെന്ന് പറഞ്ഞാല്‍പോലും പാര്‍ട്ടി അനുഭാവികളും സഹയാത്രികരും പൊതു സമൂഹവും വിശ്വസിക്കില്ല. പാര്‍ട്ടി നയപരിപാടികളെ പ്രതിനിധീ കരിക്കുന്നവരാണ് തങ്ങളെന്ന് പാര്‍ട്ടി അണികളെയും പാര്‍ട്ടി അനുഭാവികളെയും സഹ യാത്രികരെയും ബോധ്യപ്പെടുത്തന്നതില്‍ പിണറായിയുടെ നേതൃത്വം പാടേ പരാജയപ്പെട്ടിരിക്കു ന്നുവെന്ന തന്നെയാണിതിന് കാരണം.

വി.എസിന് വധശിക്ഷ വിധിച്ചവരാണ് ഇപ്പോഴത്തെ ഔദ്യോഗിക കമ്യൂണിസ്റ്റ് നേതൃത്വം. പിതൃശൂന്യ പ്രണേതാവിന്റെ വകയായിരുന്നു വിഎസിന് ‘വധശിക്ഷ’. വധശിക്ഷ വിധിക്കുമ്പോള്‍ അത് നടപ്പിലാക്കാന്‍ ആരാചാര്‍ വേണം. ഷുക്കൂറിനെ പരസ്യവിചാരണ നടത്തി വധിച്ചതിലൂടെ ആരാചാരമാരെ വാര്‍ത്തെടുക്കുന്നതില്‍ സിപിഎമ്മിനായി. വാടക കൊലയാളികളിലൂടെ വധശിക്ഷ നടപ്പിലാക്കി ആരാചാരമാരെ വളര്‍ത്തിയെടുക്കുന്നിടത്ത് സിപിഎം നേതൃത്വം അരാഷ്ട്രീയ- മൂല്യരഹിത-സംസ്ക്കാര ശൂന്യ-അധാര്‍മ്മിക രാഷ്ട്രീയ ത്തിന്റെ പ്രണേതാക്കളും പ്രയോഗക്താക്കളുമാകുന്നുവെന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാ വുകയാണ്.

പിന്തുണക്കുന്നവരെ വിഎസ് ബലികൊടുക്കുന്നു

പിണറായി വിജയന്റെ കൈപ്പിടിയിലുള്ള സിപിഎമ്മിനെ അപചയങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്തുവാനും കുറച്ചേറെ നാളുകളായി വിഎസ് കിണഞ്ഞുപരിശ്രമിക്കുകയാണ്. ഇതിന് പക്ഷേ ശക്തമായ തിരിച്ചടികളും ഔദ്യോഗിക പക്ഷത്ത് നിന്ന് വിഎസിന് നേരിടേണ്ടിവരുന്നുണ്ടുതാനും. തെര െഞ്ഞടുപ്പില്‍ മത്‌സരിപ്പിക്കാതിരിക്കാനുള്ള ചരടുവലി, പിബിയില്‍ നിന്ന് തരംതാഴ്ത്തല്‍, പിബിയിലേയ്ക്ക് തിരിച്ചെടുക്കാതിരിക്കല്‍ ഇത്തരത്തിലുള്ള തിരിച്ചടികള്‍ വിഎസ് നേരിടുന്നു. ഇതിനെതിരെ തക്കംനോക്കി തന്ത്രപൂര്‍വ്വം വിഎസ് പിണറായിയോടും കൂട്ടരോടും പടപൊരുതുന്നു. ഇതിനു പിന്തുണയുമായി കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി പ്രവര്‍ത്ത കരും സഹയാത്രികരും അനുഭാവികളും ഔദ്യോഗിക നേതൃത്ത്വത്തിെനതിരെ പരസ്യമായി കലാപത്തിനിറങ്ങുന്നു. ഏറ്റവുമൊടുവില്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന് നീലേശ്വരത്തടക്കം അനുകൂലമായി പ്രകടനം നടത്തിയവര്‍ ഇന്ന് പാര്‍ട്ടിക്ക് അനഭിമതരാണ്. അവര്‍ എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടാം. ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരുടെ ഒരു വന്‍നിര തന്നെ കേരളത്തില്‍ കാണാം. ഷൊര്‍ണൂരിലെ എം. ആര്‍. മുരളിയും ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരുമാകട്ടെ വഴിപ്പിരിഞ്ഞപ്പോള്‍ അവര്‍ സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ഇതിന്റെ ദുരന്ത പരിണിതിയായാണ് ടി.പി കൊല ചെയ്യപ്പെടുന്നത്. ഇത്രയൊക്കെയായിട്ടും വിഎസ് എന്ന കമ്യൂണിസ്റ്റ് സിപിഎമ്മിനെ നേരെ ചൊവ്വെയാക്കുകയാണെന്നതിന്റെ പേരില്‍ സിപിഎമ്മിനുള്ളില്‍ തന്നെ തുടരുന്നു!

ടിപിയുടെ കൊലപാതകം ഔദ്യോഗിക സിപിഎം നേതൃത്വത്തെ അധികാര രാഷ്ട്രീയ മോഹത്തിന്റെയും സംസ്ക്കാരശൂന്യ രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രതികൂട്ടിലാക്കുന്നു. ഇതോടൊപ്പം തന്നെ ധാര്‍മ്മിക രാഷ്ട്രീയ തലത്തില്‍ ടിപിയുടെ കൊലപാതകത്തിലെ ഒന്നാംപ്രതി വി.എസ് അച്യുതാനന്ദന്‍ തന്നെയാണ്. വി.എസ് അനുകൂലികളെന്നതിന്റെ പേരില്‍ മുന്‍ ഡിഫി സംസ്ഥാന പ്രസിഡന്റ് എം. ശശിധരനടക്കമുള്ള ഒട്ടേറെ സഖാക്കള്‍ ഒതുക്കപ്പെട്ടതിലെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് വി.എസിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. തനിക്ക് പിന്തുണ നല്‍കിയവരെ ഔദ്യോഗിക നേതൃത്വത്തിന് ബലികൊടുത്തുകൊണ്ടാണ് സിപിഎമ്മിനെ നേരെചൊവ്വെയാക്കുവാന്‍ വിഎസ് ഇറങ്ങിതിരിച്ചിട്ടുള്ളതെന്നോര്‍ക്കണം.

പിണറായിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിനുള്ളില്‍ ശുദ്ധികലശം നടത്തി പാര്‍ട്ടിയെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കുകയെന്ന ദൗത്യമാണത്രെ വിഎസ് ഏറ്റെടുത്തിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് മുദ്ര കുത്തിയാണ് വിഎസ് തന്റെ ദൗത്യം ശക്തിപ്പെടു ത്തിയിരിക്കുന്നത്. സാറ്റ്‌ലനിസ്റ്റ് പാപഭാരം പിണറായിക്കുമേല്‍ കെട്ടിവച്ചാല്‍ അത് ഒരുപക്ഷേ പി ണറായിയെന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങുവാന്‍ സാധ്യതയില്ലെന്നും അത് മൊത്തം പാര്‍ട്ടിയെ തന്നെ ദുര്‍ഭൂതമായി പിടികൂടുമെന്ന് വിഎസ് കണക്കൂക്കൂട്ടുന്നുണ്ടാകണം. അതുകൊണ്ടുകൂടിയാകണം സാറ്റ്‌ലനിസ്‌റ്റെന്ന് താരതമ്യം ചെയ്യേണ്ട പിണറായിയെ ഡാങ്കേയിസ്റ്റാക്കി ലഘൂകരിച്ച് സിപിഎമ്മിന്റെ ശുദ്ധികലശ കര്‍മ്മിയെന്ന നിലയിലേയ്ക്ക് വിഎസ് ഉയരാന്‍ ശ്രമിക്കുന്നത്.

ഇടതുപക്ഷവല്‍ക്കരണത്തെ വിഎസിന് തിരിച്ചുപിടിയ്ക്കാനാകുമോ?

ജനാധിപത്യ കേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്ന കേഡര്‍ സ്വഭാവമുള്ള സിപിഎമ്മിനുള്ളിലെ അച്ചടക്കമെന്നത് പരമപ്രധാനമാണ്. വിഭാഗീതയടക്കമുള്ള അച്ചടക്കലംഘനം നടത്തുന്നവര്‍ പാര്‍ട്ടിയുടെ ഉന്നതരായാല്‍പോലും നടപടികള്‍ക്ക് വിധേയമാകുമെന്നത് സംഘടനാരീതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ലെത്രെ. പാര്‍ട്ടി വലതുപക്ഷത്തേക്ക് നയിക്കപ്പെടുന്നുവെന്ന് പരിതപിക്കുന്ന അച്ച്യുതാനന്ദനെന്ന കമ്യൂണിസ്റ്റ് നേതാവിന് പക്ഷേ ഇതൊന്നും ബാധകമല്ലെന്നവസ്ഥ! ഇപ്പോള്‍ അച്ചടക്ക നടപടിയെടുത്താല്‍ അത് നെയ്യാറ്റിന്‍കര ഉപതെര െഞ്ഞടുപ്പില്‍ ശക്തമായി തന്നെ പ്രതിഫലിച്ചേക്കുമെന്ന് ഔദ്യോഗിക നേതൃത്വം ഭയപ്പെടുന്നുണ്ട്. ഈ ഭയപ്പാട് തന്നെയാണ് വ്യവസ്ഥാപിത പാര്‍ട്ടി സംഘടനാ രീതികളെ പരസ്യമായി തന്നെ വെല്ലുവിളിക്കുന്ന വിഎസിനെതിരെ ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടില്‍ നേതൃത്വം എത്തിചേര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ നടപടിവേണ്ടെന്ന് പറയുന്നിടത്ത് സംഘടനാ രീതികളില്‍പോലും വിട്ടുവീഴ്ച ചെയ്ത് നെയ്യാറ്റിന്‍കരയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഏതുവിധേനയും വിജയിപ്പിച്ചെടുക്കുകയെന്നത് തന്നെയാണ്.

ബൂര്‍ഷ്വാ ജനാധിപത്യമെന്ന് പുച്ഛിച്ച് തള്ളുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയമുറപ്പിക്കുന്നതിനിടയില്‍ സംഘടനാതത്വങ്ങള്‍ക്കെതിരെയുള്ള കടുത്തവെല്ലുവിളികള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നു! പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ നിന്നുകൊണ്ട് ജനകീയ ജനാധിപത്യവിപ്ലവ ഘട്ടം പിന്നിടുമെന്ന അടവുനയത്തിന് പിന്നിലെ യഥാര്‍ത്ഥ അടവ് അധികാരത്തിനുവേണ്ടിയുള്ള അടവ് മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണിവിടെ. പാര്‍ട്ടി സംഘടനാരീതികളെപോലും ഗൗവനി യ്ക്കാതെ അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ പ്രകടമാകുന്ന് സിപിഎം എന്ന പാര്‍ട്ടിയുടെ നഗ്‌നമായ പാര്‍ലമെന്ററി വ്യാമോഹം മാത്രം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒട്ടും യോജിച്ച രീതിയല്ലെന്ന് കമ്യൂണിസ്റ്റുകള്‍ തന്നെ വിശ്വസിക്കുന്നു! ഇവിടെയാണ് പാര്‍ട്ടി വലതുപക്ഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ തന്നെ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം മുഖ്യമായും സാധൂകരിക്കപ്പെടുന്നത്.

തെറ്റുകള്‍ തിരുത്തി വലതുപക്ഷ വ്യതിയാനത്തില്‍ നിന്നും പാര്‍ട്ടിക്ക് പുതുജീവന്‍ പ്രദാനം ചെയ്യുമെന്ന അവകാശവാദമുന്നിയിച്ചുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിനെതിരെ വിഎസ് പരസ്യമായി പോരിനിറങ്ങിയിരിക്കുന്നത്. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്നുവെന്നു ആക്ഷേപിക്കപ്പെടുന്ന പാര്‍ട്ടി വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ചൈനീസ്-ലാറ്റിന്‍ അമേരിക്കന്‍ അതല്ലെങ്കില്‍ വിയറ്റ്‌നാം മാതൃക സ്വീകരിയ്ക്കണോമെന്നറിയാതെ പ്രത്യയ ശാസ്ത്ര പ്രതിസന്ധിയിലകപ്പെട്ട് സിപിഎം നട്ടംതിരിയുകയാണ്. തനത് ഇന്ത്യന്‍ മാതൃക രൂപപ്പെടുത്തിയെടുക്കുവാനാകാതെയുള്ള ആശയ കുഴപ്പത്തിലുമാണ് സിപിഎം. പ്രത്യയശാസ്ത്ര ദിശാബോധം നഷ്ടപ്പെട്ടിട്ടുള്ള ഈ ഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കുന്നതിനുള്ള പ്രത്യയശാസ്ത്ര പ്രാപ്തിയും ദീര്‍ഘവീക്ഷണവുമുള്ള കമ്യൂണിസ്റ്റാണ് വിഎസ് എന്ന് കണ്ണടച്ച് വിശ്വസിയ്ക്കാന്‍ പ്രയാസം. ഇപ്പോഴത്തെ നേതൃത്വം പാര്‍ട്ടിയെ വലതുപക്ഷത്തേക്ക് നയിക്കുന്നുവെന്ന് ആക്ഷേപിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഇടതുപക്ഷവല്‍ ക്കരണത്തെ തിരിച്ചുപിടിയ്ക്കാനുള്ള വ്യക്തമായ മാര്‍ഗത്തെ സംബന്ധിച്ച് വിഎസ് ഇനിയും ബോധ്യപ്പെടുത്തിയിട്ടില്ല. ഇവിടെയാണ് അച്യുതാനന്ദന്റെ കലാപം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനത്തിനെതിരല്ല മറിച്ച് കേവലം പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ലോബിക്കെതിരെ മാത്രമാണെന്ന് വായിച്ചെടുക്കേണ്ടത്.

ധീരനായ വിഎസ്!

പിണറായിക്കെതിരെ പടപൊരുതുന്ന വിഎസിനെ ധീരനായ കമ്യൂണിസ്റ്റ്കാരനായി വിശേഷിപ്പിക്കാന്‍ ഉത്‌സാഹം കാണിക്കുന്ന കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനുള്ളില്‍ രൂപപ്പെടാനുള്ള രാഷ്ട്രീയ അടിയൊഴുക്കുകള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ ആവോ? കാണു ന്നില്ലെന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. ശരാശരി മലയാളി മനസ്സുകള്‍ പുരോഗമന-വിപ്ലവ ആശയങ്ങളില്‍ രമിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോ ക്തിയാവില്ല. മൂലധന/മൂതലാളിത്തമെന്ന പദം തന്നെ അലര്‍ജിയായിട്ടുള്ള ശരാശരി മലയാളി മനസ്സുകളില്‍ ധീരനായ കമ്യൂണിസ്റ്റ് എന്ന് പാടിപുകഴ്ത്തപ്പെടുന്ന വിഎസിന് ഒരു പ്രത്യേകയിടം ലഭിച്ചേക്കും. ഇത്തരമൊരു ഇടം സൃഷ്ടിച്ചെടുക്കുകയെന്ന സന്ദര്‍ഭോചിത രാഷ്ട്രീയ തന്ത്രം തന്നെയാണ് വി.എസ് മെനയുന്നത്. ഇത് കോണ്‍ഗ്രസിന് ക്ഷീണമു ണ്ടാക്കുമെന്നല്ലാതെ ഒട്ടും ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.

സംസ്ക്കാരിക നായകരുടെ മൗനം

ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകളേറ്റുവെന്നത് ഉയര്‍ത്തിപിടിച്ച് കോണ്‍ഗ്രസു കാരടക്കമുള്ളവര്‍ വിലപിക്കുന്നത് കണ്ടാല്‍ തോന്നും ടി.പി കൊലചെയ്യപ്പെട്ടതിനെക്കാള്‍ പെരുപ്പിച്ചുകാണിക്കപ്പെടേണ്ടത് വെട്ടേറ്റ 51 മുറിപ്പാടുകളാണെന്ന്. 51 മുറിപ്പാടുകളില്‍ തൂങ്ങി വിലപിക്കുന്നതിനേക്കാള്‍ ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍വല്‍കൃത രീതികള്‍ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുത്തിനല്‍കുന്നതിലുള്ള രാഷ്ട്രീയ മികവ് തന്നെയാണ് കോണ്‍ഗ്രസുകാര്‍ പ്രകടമാക്കേണ്ടത്. സംസ്ക്കാരിക നായകന്മാര്‍ ടിപിയുടെ കൊലപാതകത്തില്‍ മൗനം പാലിക്കുന്നുവെന്നതിനെതിരെ മഹാപരാധമായി ചിത്രീകരിക്കുന്നതിലല്ല കോണ്‍ഗ്രസുകാര്‍ വ്യാപരിക്കേണ്ടത്. സിപിഎമ്മിന്റെ ചെയ്തികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുവാനുള്ള സൂഷ്മ രാഷ്ട്രീയ ബൗദ്ദികശേഷി പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പൊതുവെ പിന്നോക്കാവസ്ഥയിലാണ്. ജനങ്ങളെ സ്വാധീനിയ്ക്കാനും ബോധ്യപ്പെടുത്തുവാനും തങ്ങള്‍ തന്നെ പ്രാപ്തരല്ലെന്ന ദയനീയമായ തിരിച്ചറിവിന്റെ ഉടമകളാണ് കോണ്‍ഗ്രസുകാര്‍. ഈ പ്രാപ്തിയില്ലായ്മ തന്നെയാണ് ടിപി വധത്തില്‍ സംസ്കാരിക നായകര്‍ മൗനം പാലിക്കുന്നുവെന്നതിലുള്ള ഇവരുടെ വ്യഥാ വിലാപങ്ങള്‍ക്ക് ഹേതു.

ആനന്ദ്, കെ. വേണു, സി.ആര്‍ പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ്മ, സാറാ ടീച്ചര്‍ തുടങ്ങിയ സാംസ്കാരിക നായകര്‍ ടിപി വധത്തിനെതിരെ ശക്തമായ നിലപാടെടുത്ത് പ്രസ്താവനയിറ ക്കുകയുണ്ടായി. ഇവരിലേറെയും ടിപിയുടെ വീടും സന്ദര്‍ശിച്ചു. ഇവരെല്ലാം പക്ഷേ സാംസ്ക്കാരിക നായകരാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലെന്നുണ്ടോ? എം.ടിയും ഒ.എന്‍.വിയും മുകുന്ദനുമുള്‍പ്പെടെയുള്ളവര്‍ മാത്രമാണ് സാംസ്ക്കാരിക നായകരെന്ന് കോണ്‍ഗ്രസുകാര്‍ ധരിച്ചവശായിട്ടുണ്ടെങ്കില്‍ അവരോട് കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍!

വിചാര്‍ വിഭാഗ് വിചാരമുള്ളവരോ?

സാംസ്ക്കാരിക നായകരെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിലക്ക് വാങ്ങിയെടുത്തുവെന്നതിനെ അപരാ ധമായി പെരുപ്പിച്ചാണ് സാംസ്ക്കാരിക നായകര്‍ മൗനം ഭജിക്കുന്നതിനെതിരെയുള്ള കോണ്‍ഗ്ര സുകാരുടെ വിമര്‍ശനം. സാംസ്ക്കാരിക നായകരെയും ബുദ്ധിജീവികളെയും കരാറെടുക്കു വാനുള്ള ചുമതല കെ.പി.സി.സി സാംസ്ക്കാരിക വിഭാഗമായ വിചാര്‍വിഭാഗിനെ ഏല്പിച്ചിട്ടുണ്ട്. അവര്‍ ഈയിടെ അധികാര രാഷ്ട്രീയത്തില്‍ മാത്രം അഗ്രഗണ്യനായ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പങ്കെടുപ്പിച്ച് തൃശ്ശൂരില്‍ കണ്ണഞ്ചിപ്പിക്കുന്ന സാംസ്ക്കാരിക സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു.

പുരോഗമന-സാഹിത്യ സാംസ്ക്കാരിക നായകരെ കൂട്ടായ്മയുടെ പക്ഷേ ഏഴയലത്തുപോലും അടുപ്പിച്ചില്ല. പുരോഗമന-ഇടതുപക്ഷ സാഹിത്യമില്ലാതെ കേരളത്തിന് സാഹിത്യമില്ലെന്ന് സമ്മേളനത്തില്‍, കടുത്ത ഇടതുപക്ഷ വിമര്‍ശകനായ എം.ജി.എസ്. നാരായണന്‍ പോലും വിചാര്‍ വിഭാഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു. അതിന്റെ പൊരുളൊന്നും ഗ്രഹിയ്ക്കാനുള്ള ശേഷിയുള്ള വരല്ല തൃശ്ശൂരിലേതടക്കമുള്ള വിചാര്‍വിഭാഗിന് നേതൃത്വം നല്‍കുന്നതെന്ന് എം.ജി.എസ്സിന് അറിയില്ലല്ലോ. ഡിസിസിയിലോ, യൂത്ത് കോണ്‍ഗ്രസിലോ, കെ.പി.സി.സിയിലോ സ്ഥാനം, തെരഞ്ഞെ ടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം ഇതെല്ലാം തരപ്പെടുത്താനുള്ള പരിശീലന/അഭയ കേന്ദ്രമാണ് കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക വിഭാഗമായ വിചാര്‍വിഭാഗ്.

സമൂഹത്തെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ വിചാരങ്ങളൊന്നുമേ തൊട്ടുതീണ്ടിയിട്ടില്ലാ ത്തവരുടെ നേതൃത്വമാണ് വിചാര്‍വിഭാഗിന്റേത്. ഇവരിലൂടെ കോണ്‍ഗ്രസിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായ വിചാരധാരയിലേക്ക് സാഹിത്യ-സാംസ്ക്കാരിക നായകരെ ആകര്‍ഷിക്കാമെന്ന വിചാരമുണ്ടെങ്കില്‍ അത് സാധ്യമാകുവാന്‍ പോകുന്നില്ലെന്ന് വിചാര്‍ വിഭാഗിന്റെ നതൃത്വത്തെ അവരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണം. ഇത് മനസ്സിലാക്കാതെ കേരളത്തിലെ സാംസ്ക്കാരിക നായകന്മാര്‍ തങ്ങളുടെ ഇച്ഛയ്ക്ക് വിധേയമായി നിലപാടെടുക്കണമെന്ന് ശഠിക്കുന്നതിലെ ഔചിത്യമില്ലായ്മ സ്വയം തിരിച്ചറിയുവാനുള്ള ശേഷിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടമാക്കാതിരിക്കുന്നത് മഹാകഷ്ടം തന്നെയാണ്.

ആകാശത്തിന് കീഴിലുള്ള കാര്യങ്ങളില്‍ സാംസ്ക്കാരികനായകരെന്ന് വിളിക്കപ്പെടുന്നവര്‍ നിലപാട് വ്യക്തമാക്കണമെന്ന് ശഠിക്കുന്നതിലൂടെ അവര്‍ക്ക് അനര്‍ഹമായ അപ്രമാദിത്വം വെച്ചുനീട്ടുകയല്ലേയെന്നതുകൂടി ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ടിപിയുടെ കൊലപാതക ത്തില്‍ സംസ്ക്കാരിക നായകന്മാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ശഠിക്കുന്ന യുഡിഎഫ് നേതാക്കള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ടത് കേസന്വേഷണം അട്ടിമറി ക്കപ്പെടുന്നുണ്ടോയെന്നതില്‍ മാത്രമാണ്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…