ലൈംഗീകാതിക്രമം യുദ്ധമുന്നണിയിലെ ഒരായുധം

ലൈംഗീകാതിക്രമം യുദ്ധമുന്നണിയിലെ ഒരായുധം

Kk Sreenivasan

കെ.കെ ശ്രീനിവാസൻ എഴുതുന്നു

യുദ്ധം. ആഭ്യന്തര യുദ്ധം. വംശീയ കലാപം. സൈനീക ഇടപ്പെടൽ. ഇതിൻ്റെയെല്ലാം ദുരന്തങ്ങളേറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും

 this article is on sexual atrocity as a weapon on war front

ജൂൺ 19. അന്താരാഷ്ട്ര ലൈംഗിക അതിക്രമ വിരുദ്ധദിനം. കലാപവേളയിലെ ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കുക. ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരെ പിന്തുണയ്ക്കുക. ആരോപണ വിധേയമായ യുദ്ധ കുറ്റകൃത്യങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിലൂടെ തിട്ടപ്പെടുത്തി ഉത്തരവാദികളെ കണ്ടെത്തുക. ലൈംഗീക കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരിക. ഇതൊക്കയാണ് ലൈംഗികാതിക്രമ വിരുദ്ധ ദിനാചരണമെന്നതിൻ്റെ ലക്ഷ്യം.

മാനവചരിത്രം സായുധ പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രമാണ്. ബലാത്സംഗമടക്കുള്ള ലൈംഗീക അതിക്രമങ്ങൾ യുദ്ധായുധമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധ വേളയിൽ യൂറോപ്പിലും ഏഷ്യയിലും ലൈംഗീക അതിക്രമമെന്ന ആയുധം വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

1990 കളിലെ ബാൽക്കൻ പോരാട്ടങ്ങളിലും. സമകാലിക സാഹചര്യത്തിലും ഈ ‘ആയുധം’ പ്രത്യേകിച്ചും ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഉപയോഗിക്കുന്നു. ലൈംഗീക അതിക്രമത്തെക്കുറിച്ചുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ട് (2019) ഏറെ ശ്രദ്ധേയമാണ്. ഐഎസ്ഐഎസുൾപ്പെടെയുള്ള ഭീകര സംഘടനകളുടെ ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. സിറിയ, സുഡാൻ, ദക്ഷിണ സുഡാൻ, സൊമാലിയ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യവും പൊലീസും നടത്തിയ ലൈംഗികാതിക്രമങ്ങളെപ്രതിയും റിപ്പോർട്ട് അടിവരയിടുന്നു.

ദശലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരും ആൺകുട്ടികളും ജീവിതകാല കലാപങ്ങളിൽ ബലാത്സംഗം ചെയ്യപ്പെടുന്നു. ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്നു. ലൈംഗീക അതിക്രമങ്ങൾ ജീവിതങ്ങളെ, കുടുംബങ്ങളെ, സമൂഹങ്ങളെ തകർത്തെറിയുന്നു. ഇവർ മാനസിക സംഘർഷത്തിൻ്റെ തടവറയിലകപ്പെടുന്നു.

ലൈംഗീകാതിക്രമങ്ങൾ അതിജീവിച്ചവരുണ്ട്. അവർക്ക് നേരിടേണ്ടിവന്ന ദുരനുഭവം പക്ഷേ അവരിൽ മാത്രം ഒതുങ്ങുന്നില്ല. അവരുടെ കുട്ടികൾ / ബന്ധുമിത്രാദികൾ ജീവിതകാലം മുഴുവൻ കളങ്കതിരെന്ന് മുദ്ര കുത്തപ്പെടുന്നു! ചിലപ്പോൾ അവർ സ്വ കുടുംബങ്ങളാൽ പോലും തിരസ്ക്കരിയ്ക്കപ്പെടുന്നു. പുറത്താക്കപ്പെടുന്നു! ഒറ്റപ്പെടൽ. പട്ടിണി. അവസാനം ആശ്രയമറ്റ് ലൈംഗീകവൃത്തിയിലെത്തിപ്പെട്ടു പോകുന്ന ദുരവസ്ഥയും!

അന്താരാഷ്ട്ര നിയമം ലൈംഗീക അതിക്രമങ്ങൾ അരുതെന്ന് നിഷ്കർഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അടുത്തിടെയാണ് അന്താരാഷ്ട്ര സമൂഹം പക്ഷേ ഇതിനെതിരെ രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ശക്തമാക്കിയത്.

ഒരു പതിറ്റാണ്ട് മുമ്പാണ് ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം സെക്രട്ടറി ജനറൽ ഈ വിഷയം ഏറ്റെടുക്കുന്നത്. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗിൻ്റെയും യുഎൻ പ്രത്യേക പ്രതിനിധി ഏഞ്ചലീന ജോലിയുടെയും മുൻകയ്യിൽ 2014 ലെ ആഗോള ഉച്ചകോടി.

യുദ്ധവേളയിലെ ലൈംഗീക അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിപ്പിടിച്ചുള്ള പ്രഖ്യാപനം ഈ ഉച്ചകോടിയുടെ ബാക്കിപത്രം. 2019 ഏപ്രിലിൽ ഈ പ്രഖ്യാപനം യുഎൻ സെക്യൂരിറ്റി കൗൺസിൽ 2467 പ്രമേയമായി പാസ്സാക്കി. ഇതിന് ഇപ്പോൾ മൂന്നിൽ രണ്ട് യുഎൻ അംഗരാഷ്ടങ്ങളുടെ അംഗീകാരവുമായി.

യുദ്ധ വേളകളിലും സൈനീക ഇടപ്പെടൽ അവസരങ്ങളിലുൾപ്പെടെ ലൈംഗീക അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടത് ഓരോ ദേശീയ സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് പ്രമേയം 2467 നിഷ്കർഷിച്ചിട്ടുണ്ട്. വിശ്വസനീയമായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണം. അതിന് വ്യക്തവും സമയബന്ധിതവുമായ നടപടിക്രമങ്ങൾ രൂപവൽക്കരിക്കുക. അതിജീവിച്ചവരുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് നയങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുക – പ്രമേയം രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നു.

പ്രഖ്യാപനങ്ങളും പ്രമേയങ്ങളും പ്രായോഗ തലത്തിലെത്തിക്കുകയെന്നത് വെല്ലുവിളി. ഇത് മറികടക്കുക എളുപ്പവുമല്ല. പല രാജ്യങ്ങളിലെയും ഭരണകൂടത്തിന്റെ അധികാരം ദുർബ്ബലമാണ്. ഭീകര /തീവ്രവാദ സംഘടനകൾ ദേശീയ സർക്കാരുകളെ പരസ്യമായി ധിക്കരിക്കുന്നു. ചില ഭരണകൂടങ്ങളാകട്ടെ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ അമാന്തിക്കുന്നു. നിയമവാഴ്ചയോട് പ്രതിബദ്ധതയില്ലാത്ത രാജ്യങ്ങളിൽ സ്വതന്ത്രവും നീതിയുക്തവും ഫലപ്രദവുമായ പ്രോസിക്യൂട്ടർമാരും ജഡ്ജിമാരും നിയമിക്കപ്പെടുന്നില്ല. പരിശീലിപ്പിക്കപ്പെടുന്നില്ല. ഇതാകട്ടെ ലൈംഗീക കുറ്റവാളികൾക്ക് നിയമത്തിൻ്റെ പിടിയിലകപ്പെടാതെ പോകുവാനുള്ള അവസരം സൃഷ്ടിച്ചുനൽകുന്നുവെന്നത് ഖദകരം.

അന്തർ‌ദ്ദേശീയ പ്രമേയങ്ങൾ‌ക്ക് നിയമപരമായ പിൻബലമില്ല. അതുകൊണ്ടുതന്നെ ലൈംഗിക അതിക്രമങ്ങൾ തടയിടുവാനുള്ള ആത്മാർത്ഥമായി നടപടികൾ സ്വീകരിക്കുവാനുള്ള ധാർമ്മികമായ ബാധ്യത ബന്ധപ്പെട്ട ദേശീയ ഭരണക്കൂടങ്ങൾക്ക് തന്നെയാണ്. ഈ ബാധ്യത കൃത്യമായി നിറവേറ്റപ്പെടുന്നിടത്തായിരിക്കും യുദ്ധമുന്നണിയിൽ ലൈംഗീകാതിക്രമമെന്ന ആയുധം നീരായുധിക്കരിക്കപ്പെടുക.

അവലംബം: ഡേവിഡ് ലിവിങ്ടൺ, ഇൻ്റിപെൻ്ററ്റ്, 19 ജൂൺ 2020

Related Post