ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍

posted by  കെ.കെ ശ്രീനിവാസന്‍ on on 04 October 11 at 04:04 AM

കെ.കെ.ശ്രീനിവാസന്‍

ഭൂപരിക്ഷ്ക്കരണ നിയമ പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്ത മാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക അടിവരയിടുന്നു. ഈ ഉറപ്പ് പാലിക്ക പ്പെടേണ്ടതിന്റെ അനിവാര്യതയുടെയും ഏകതാപരിഷ്ത്തിന്റെ ഭൂസമരാഹ്വാനത്തിന്റെയും ദേ ശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടുകയാണിവിടെ

 കേരളത്തിലെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപരിഷ്ക്കരണ നിയമം. ‘കൃഷിഭൂമി കര്‍ഷകന ്’ എന്നുള്ള മുദ്രാവാക്യമുയര്‍ത്തിയാണ്് 1957-ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് രൂപരേഖയുണ്ടാകുന്നത്. നിയമങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിനിഷേധത്തിന്റെ പഴുതുകള്‍ തുറക്കപ്പെടുന്നത് അവ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാത്രം. ഏറെ വിപ്‌ളവാത്മകമെന്ന് വിശേഷപ്പിക്കപ്പെട്ട കേരള ഭൂപരിഷ്ക്കരണ നിയമം നീതിനിഷേധത്തിന്റെ പഴുതുകളില്‍ നിന്ന് വിമുക്തമല്ലെന്ന് വ്യക്തം. നിയമത്തിനുള്ളില്‍ പതിയിരിക്കുന്ന നീതിനിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സമൂഹത്തിന്റെ താഴെതട്ടിലുള്ള വരായിരിക്കും. ഇത്തരമൊരു പ്രത്യാഘാതത്തിന് ഇരയാകേണ്ടിവന്നവരാണ് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി വില്ലേജില്‍ 2743 (2 ഏക്കര്‍), 2744 (3.18 ഏക്കര്‍), 2747 (0.40 ഏക്കര്‍), 2748 (0.12 1/2) എന്നീ സര്‍വ്വെ നമ്പറുകളിലെ 5.70 1/2 ഏക്കര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍. തൃശ്ശൂര്‍ ഒല്ലൂക്കര ലാന്റ് ട്രിബ്യൂണല്‍ ഉത്തരവി (O.S.3316/1970 & O.A.No.90/75) നെ തുടര്‍ന്ന് ഇവര്‍ക്ക് പട്ടയം (നമ്പര്‍.3028/76) ലഭിച്ചു. പക്ഷേ ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും ജന്മിയുടെ പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവുമാണ് ഈ കുടുംബങ്ങള്‍ക്ക് വിനയായത്.

 തൃശ്ശൂര്‍ കോലഴി, ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി വില്ലേജുകളിലായി വിവിധ സര്‍വ്വെ നമ്പറുകളില്‍ 120 ഏക്കറോളം ഭൂമിയുടെ ജന്മിയായിരുന്നു, എസ് മൊയ്തീന്‍ ഷാറാവുത്തര്‍. അദ്ദേഹത്തിന് ഒരേഒരു മകള്‍ – ഫാത്തീമാബീവി. അവരുടെ ഭര്‍ത്താവ് മീര്‍ഹുസൈന്‍. തന്റെ വസ്തുവകകള്‍ക്കുമേലുള്ള അവകാശം, മുക്ത്യാര്‍ പ്രകാരം (Power of Attorney) മരുമകനായ മീര്‍ഹുസൈന് നല്‍കുകയായിരുന്നു മൊയ്തീന്‍ഷാ. ഭാര്യപിതാവിന്റെ മരണാനന്തരം, വസ്തുവകകളുടെ ഒരു ഭാഗം മീര്‍ഹുസൈന്‍ തന്റെ ഭാര്യയുടെ പേരിലാക്കി. ബാക്കിയുള്ളതാകട്ടെ, ഭാര്യയുടെതന്നെ പിതൃസഹോദരന്റെയും. 1957 -ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ അലയൊലികള്‍ ആരംഭിച്ചു. ഇതോടെ തന്റെ പേരിലുള്ള 60 ഏക്കറിനുമേല്‍ ഭൂപരിഷ്ക്കരണത്തിന്റെ കുരുക്കുകള്‍ വീഴുമെന്നുറപ്പായി. 15 ഏക്കര്‍ കഴിഞ്ഞുുള്ള അധിക ഭൂമി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതിനാല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് മുമ്പേതന്നെ ബന്ധുക്കള്‍ക്ക് ഭൂമി കൈമാറുകയായിരുന്നു ഫാത്തിമബീവി.

 ഭൂപരിഷ്ക്കരണവും അധികാരവുംimages

 1957 ഡിസംബര്‍ 18ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ആരംഭിച്ച ഭൂപരിഷ്ക്കരണനിയമ രൂപീകരണ നടപടി ഭേദഗതികളുടെ പടവുകള്‍ പിന്നിട്ട് പ്രാബല്യത്തിലെത്തിയത് 1970 ജനുവരി ഒന്നിനാണ്. ഈ കാലതാമസമാകട്ടെ ഭൂമി കൈമാറ്റത്തിനുള്ള അവസരമൊരുക്കികൊടുക്കുകയും ചെയ്തു. പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയിച്ചിടത്തും ഭൂപരിഷ്ക്കരണ നിയമത്തിന് മുമ്പേതന്നെ ഭൂമി കൈമാറ്റം സാധ്യമായി. മുന്‍ സൂചിപ്പിച്ച ജന്മികുടുംബത്തിന്റെ ഒരു തുണ്ടു ഭൂമിപോലും മിച്ചഭൂമിയായി കണ്ടുകെട്ടപ്പെട്ടില്ലെന്ന് ചുരുക്കം.

 രാഷ്ട്രീയാധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിപറ്റിയ കുടുംബങ്ങളുടെയും ഭൂസ്വത്തുക്കള്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയിലകപ്പെട്ടിട്ടില്ലെന്ന് കാണാം. ആദ്യകാല സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗവുമായിരുന്നു കെ.കെ.വാര്യരുടെ കുടുംബമായ കീരന്‍കുളങ്ങര വാര്യയത്തിന് തൃശ്ശൂര്‍ ജില്ലയില്‍തന്നെ പാണഞ്ചേരി വില്ലേജില്‍ മാത്രം 50 ഏക്കറോളം ഭൂസ്വത്തു ണ്ടായിരുന്നു. എന്നിരുന്നിട്ടും മിച്ചഭൂമി കണ്ടുകെട്ടപ്പെട്ടില്ല.

 ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആവശ്യകതയിലൂന്നിയുള്ള ചര്‍ച്ചകളുടെ ആരംഭത്തിലേ ജന്മിമാരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഭൂസ്വത്തുക്കള്‍ സംരക്ഷിച്ചെടുക്കുവാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതീവ കൗശലം പ്രകടിപ്പിച്ചിരുന്നു. കെ.കെ.വാര്യര്‍ തുടങ്ങിയ സമുന്നത നേതാക്കളുടെ ഭൂമികളൊന്നുംതന്നെ മിച്ചഭൂമിയാക്കപ് പെട്ടില്ലെന്നത് ഈ ദിശയിലെ ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ഇത് കേരളത്തിലെ ഒരു വില്ലേജിലെ മാത്രം അവസ്ഥ. അങ്ങെനെയെങ്കില്‍ കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലേയും ഭൂരേഖകള്‍ പഠനവിധേയമാക്കപ്പെട്ടാല്‍ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതൃത്വം തങ്ങളുടെ കുടുംബ സ്വത്തുക്കള്‍ അവര്‍തന്നെ കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തില്‍നിന്ന് സംരക്ഷിച്ചെടുത്തുയെന്നതിന് കൂടുതല്‍ വ്യക്തത കൈവരും.

 ലാന്റ് ട്രീബ്യൂണല്‍ നടപടികള്‍ പ്രകാരം 25 ലക്ഷത്തോളം കുടിയാന്‍മാര്‍ക്ക് കുടിയായ്മ അവകാശം കൈവന്നു. അതേസമയം ഭൂരഹിതന് ഭൂമി (Land to Landless) യെന്ന ദിശയില്‍ ശക്തമായ നടപടികളുണ്ടായില്ല. ഭൂപരിഷ്ക്കരണ പിന്‍ബലത്തില്‍ പാട്ടക്കാര്‍പോലും 15 ഏക്കറോളം ഭൂമിയുടെ അവകാശികളായി. അവര്‍ ചെറുജന്മികളാക്കപ്പെട്ടു. അപ്പോള്‍പോലും ഈ ചെറുജന്മികളായി മാറിയ വരുടേത ടക്കമുള്ളവരുടെ കൃഷിഭൂമിയില്‍ പകലന്തിയോളം എല്ലുമുറിയെ ചേറില്‍ പണിയെടുക്കുവാന്‍ മാത്രം വിധിക്കപ്പെട്ട അടിയാളരടക്കമുള്ള അദ്ധ്വാന വര്‍ഗ്ഗത്തിന് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഔദാര്യമായികിട്ടിയത് മുന്ന് മുതല്‍ 10 സെന്റ് കുടികിടപ്പ് അവകാശം മാത്രം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ 74-ാം വകുപ്പനുസരിച്ച് പുതിയ കുടികിടപ്പുകള്‍ അനുവദിക്കാനാകാതെവന്നു. അതോടെയാകട്ടെ സര്‍ക്കാര്‍ മുന്‍കയ്യില്‍ ദളിത് കോളനികളും ലക്ഷംവീടുകളും രൂപപ്പെട്ടു. ഇതിലേറെയും പരമ്പരാഗത ജന്മിമാരുടേയും ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ചെറുജന്മിമാരാക്കപ്പെട്ടവരുടെയും കൃഷിയിടങ്ങളുടെ സമീപപ്രദേശത്താ ണെന്നത് പ്രത്യേകം ശ്രദ്ധേയം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയലകപ്പെടാതെ സുരക്ഷിതരായ ജന്മിമാരുടേയും ഭൂപരിഷ്ക്കരണത്തിലൂടെത്തന്നെ പാട്ടകുടിയാന്‍മാരില്‍ നിന്ന് ചെ റുജന്മികളാക്കപ്പെട്ടവരുടേയും വരുതിയില്‍ അദ്ധ്വാന വിഭവശേഷി ശേഖരം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി രുന്നു ഇതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

 യന്ത്രവല്‍ക്കരിക്കപ്പെടാതെപ്പോയ കാര്‍ഷികമേഖലimages pady

 സ്വന്തമായി ഒരു പിടിമണ്ണ് നിഷേധിക്കപ്പെട്ടവരുടെ വിഭവസമാഹരണശേഷികൂടി ചോര്‍ത്തികളയുന്നതിന്റെ ഭാഗമായിയല്ലേ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ യന്ത്രവല്‍ക്കരണത്തിലേക്കുള്ള വഴിമാറ്റം തടയപ്പെട്ടത്? കാലത്തിനനുസൃതമായി യന്ത്രവല്‍ക്കരിക്ക പ്പെടാതെ പ്പോയപ്പോള്‍ കൃഷി ലാഭമല്ലാതായി. കര്‍ഷകര്‍ കൃഷിയിറക്കാന്‍ വിമുഖരായി. ഇതിന്റെ പരിണിതിയായി കര്‍ഷക തൊഴിലാളിക ളാക്കപ്പെട്ടവരുടേയും ഭൂരഹിതരുടേയും സാമ്പത്തികാവസ്ഥ കൂടുതല്‍ പരിതാ പകരമാക്കപ്പെട്ടു. കാലം ആവശ്യപ്പെട്ടതനുസരിച്ച്് കാര്‍ഷിക മേഖല യന്ത്രവല്‍ക്കരിക്കപ്പെട്ടിരുന്നെങ്കില്‍ കാര്‍ഷികവൃത്തി ഏറെ ആകര്‍ഷകമാകുമായിരുന്നു. കാര്‍ഷി കോല്പാദനം ഗണ്യമായി ഏറുമായിരുന്നു. അത് കര്‍ഷകരുടേയും ഒപ്പം കര്‍ഷകതൊഴിലാളികളുടേയും അവസ്ഥ മെച്ചപ്പെടുത്തിയേനെ. 

അദ്ധ്വാനവും മൂലധനവും തമ്മില്‍ വൈരുദ്ധ്യം മുര്‍ച്ഛിപ്പിച്ച് തിസിസും ആന്റി തിസിസും സിന്തസിസും തേടിയവര്‍ അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കയ്യെത്തുംദൂരത്ത് മൂലധനമെത്തിപ്പെടാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നുവെന്ന് ന്യായമായി സംശയിക്കാം. ഭൂബന്ധങ്ങളെ മാറ്റിമറിക്കാന്‍ കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഗുണഭോക്താക്കളാവാന്‍ അടിസ്ഥാന വര്‍ഗ്ഗവും തോട്ടംതൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിനായില്ലെന്നിടത്താകട്ടെ ഈ സംശയം ശക്തിപ്പെടുകയാണുതാനും. ദാരിദ്രത്തിന്റെ അടുപ്പിലേ വിപ്‌ളവം വേവിച്ചെടുക്കുവാനാകൂയെന്ന തിരിച്ചറിവായിരിക്കണം ഒരു ജനതതിയുടെ വിഭവസമാഹരണശേഷി നിര്‍വ്വീര്യമാക്കപ്പെട്ടതി നുപിന്നില്‍. ഇതുപക്ഷേ ഇനിയും തുറന്നുകാണിക്കപ്പെടേണ്ടിയിരിക്കുന്നു.

 ഭൂപരിഷ്ക്കരണത്തിന്റെ ഔദാര്യമായികിട്ടിയ 10 സെന്റ് കുടികിടപ്പുകുളിലേ കുടുംബ ഘടനയില്‍ വിഘടനം. കുടികിടപ്പുകുളില്‍ വിഘടിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് തലച്ചായ്ക്കുവാന്‍ ഇടമില്ലാതായി. എന്തിനധികം മരിച്ചാല്‍ ആറടി മണ്ണുപ്പോലും നിഷേധിക്കപ്പെട്ട അവസ്ഥ. ത്വരിതഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവിന്റെ പട്ടികയില്‍ ഭൂരഹിത രായിട്ടുള് ളവരുടെ എണ്ണം കാലാകാലമായി നിശബ്ദമായി ഇവിടെ കനംവെക്കുകയും ചെയ്തു. വിഭവസമാഹരണ സാധ്യത ശോഷിപ്പിക്കപ്പെട്ടതിനാല്‍ കുടികിടപ്പിലേതടക്കമുള്ള ദളിതരുടെ സന്തതി പരമ്പരകള്‍ക്ക് സാമൂഹിക സാമ്പത്തിക രംഗത്ത് സുരക്ഷിതരാകാനായില്ല. അതുകൊണ്ടുത്തന്നെ ഒരുതുണ്ടു ഭൂമിക്കുവേണ്ടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് യാചിക്കുകയെന്നല്ലാതെ ബദലുകളില്ലാതായി.

‘അപഹരിക്ക’പ്പെട്ട തലമുറ

 ആദിവാസികള്‍ക്കായി കോടികളുടെ ക്ഷേമപദ്ധതികള്‍. അതുപക്ഷേ ആദിവാസികളിലേക്ക് എത്തുന്നുണ്ടോയെന്നത് എക്കാലത്തെയും ചിന്താവിഷയം. ആദിവാസികള്‍ അവരുടെ തനത് ആവാസവ്യവസ്ഥയായ കാട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരാണ്. ആദിവാസികളുടെ സന്തതി പരമ്പരകളെയെങ്കിലും ‘മുഖ്യധാര’യില്‍ പ്രതിഷ്ഠിക്കുന്ന തിനായാണ്് കോടികളുടെ ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിച്ചത്. ആദിവാസി ജനതതിയുടെ ഇച്ഛക്കനുസൃതമായല്ല അവരെ മുഖ്യധാരയിലേക് കെത്തിക്കുവാനുള്ള ഭരണകൂട ദൗത്യങ്ങള്‍. ഇവിടെ തനത് ആവാസ വ്യവസ്ഥയില്‍ നിന്ന് ‘അപഹരിക്ക’പ്പെട്ട തലമുറകളായി മാറുകയല്ലേ ആനുകാലിക ആദിവാസി സമൂഹം?

ആസ്‌ട്രേലിയന്‍ മുഖ്യധാരാ സമൂഹം അവരുടെ ആദിമ ജനതയുടെ സന്തതി പരമ്പരകളെ മുഖ്യധാരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറിച്ചുനട്ടിരുന്നു. 1910നും 1970നും ഇടയില്‍ അഞ്ചുവയസ്സിന് കീഴെയുള്ള 100,000 ആദിമനിവാസികളായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ആസ്‌ട്രേലിയന്‍ പൊലീസും വെല്‍ഫയര്‍ ഓഫീസര്‍മാരും ചേര്‍ന്ന് അപഹരിച്ചു. അപഹരിക്കപ്പെട്ട തലമുറ (Stolen Generation) യെന്നാണ് പറിച്ചുനടപ്പെട്ടവര്‍ അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അപഹരിക്കപ്പെട്ട തലമുറക്ക് തങ്ങളുടെ തനത് ഭാഷയും ആചാരങ്ങളും വിലക്കപ്പെട്ട കനിയായി. രാജ്യത്തിനകത്തുംപുറത്തുമായി പറിച്ചുനടപ്പെട്ട തലമുറ അനാഥരാണെന്ന് തെറ്റുദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇനി അപഹരിക്കപ്പെട്ട തലമുറകള്‍ സൃഷ്ടിക്കപ്പെടേണ്ടതില്ലെന്ന മുന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിന്റെ സര്‍ക്കാര്‍ തീരുമാനം ചരിത്രത്തില്‍ ഇടംനേടി കഴിഞ്ഞു.

 ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ വിശാലമനസ്ക്കത നമ്മുടെ ഭരണകൂടങ്ങളില്‍ പ്രകടിതമാകുമോയെന്നത് മറ്റൊരു വിഷയം. തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ജീവസന്ധാരണ ദിശയില്‍ കൃഷിഭൂമിയടക്കമുള്ള ഉപജീവനോപാദികള്‍ ഉറപ്പിക്കപ്പെടുകയെന്നതാണ് മുഖ്യം. ഇതിനുപകരം പക്ഷേ വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് ആദിവാസികള്‍ ആട്ടിയിറക്കപ്പെട്ട കാഴ്ചയാണ് ഇപ്പോഴും.

 അട്ടപ്പാടി ഭൂമി കൂംഭകോണം

 ‘അട്ടപ്പാടി കുന്നുകളിലെ കാറ്റില്‍നിന്നും വൈദ്യുത പദ്ധതി. വികസനത്തിന്റെ പാതയില്‍, അട്ടപ്പാടി നല്ലശിങ്ക ഊരിലെ വൃദ്ധയായ രങ്കമ്മാളിന് പരമ്പരാഗതമായി കിട്ടിയ ഭൂമി മാത്രമല്ല അന്യമായത്. അന്തിയുറങ്ങാനുള്ള കൂരപോലും വികസനത്തിന്റെ മലവെള്ളപാച്ചലില്‍ നിലംപൊത്തി. അട്ടപ്പാടി കുന്നുകളിലെ കാറ്റിന് കൂടുകൂട്ടാന്‍ വിന്‍ഡ്മില്‍ സജ്ജമാക്കപ്പെട്ടപ്പോള്‍ രങ്കമ്മാളിന് തലചായ്ക്കുവാനുള്ള കൂട് തകര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം. നല്ലശിങ്ക ഊരിലെത്തന്നെ വൃദ്ധയായ കാളിക്ക് അന്യമായത് തന്റെ ഒരേക്കര്‍ ഭൂമി. രവിയെന്ന ആദിവാസിയുടെ ഏഴേക്കര്‍ ഭൂമിയാണ് വിന്‍ഡ്മില്ലിന്റെ പേരില്‍ അന്യാധീനമാക്കപ്പെട്ടത്. വികസനത്തിന്റെ കാറ്റാടികള്‍ അട്ടപ്പാടി കുന്നുകളില്‍ ചിറകുവിരിച്ചപ്പോള്‍ ആദിവാസി ജനതതിയോടുള്ള ചൂഷണത്തിന്റെ ചരിത്രമാണ് വീണ്ടും കുറിക്കപ്പെട്ടത്. ആദിവാസിഭൂമി അന്യാധീനമാക്കപ്പെടുന്നത് നിയമം നിരോധിക്കുന്നുണ്ട്. ഈ നിയമം പക്ഷേ കാറ്റില്‍ പറത്തുന്നത് സര്‍ക്കാരുകള്‍ തന്നെയാണെന്നുവച്ചാലോ? അട്ടപ്പാടി കുന്നുകളുടെ പരിസ്ഥിതിയെ വിന്‍ഡ്മില്‍ തകിടംമറിക്കുന്നുവെന്നതിന് അമിതപ്രാധാന്യം നല്‍കി ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെട്ടതിനെ തമസ്ക്കരിക്കാന്‍ ശ്രമം നടക്കാതിരുന്നില്ലയെന്നത് പ്രത്യകം ശ്രദ്ധേയം. ഈ പശ്ചാത്തലത്തില്‍ ഭൂമി അന്യാധീനമാക്കപ്പെട്ടവരും ഭൂരഹിതരുമായ ആദിവാസി ജനത ഭൂസമരങ്ങളില്‍ ഇനിയും കണ്ണിചേര്‍ക്കപ്പെടുകതന്നെ ചെയ്യും.’ (കേരളസ്കാന്‍, എപ്പിസോഡ്, 2007 നവംബര്‍ 25).

  കെ.വേണു പ്രാജക്ട് ഡയറക്ടറും ഈ ലേഖകന്‍ പ്രോഗ്രാം ഡയറക്ടറും ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന വാര്‍ത്താവിഷന്റെ ബാനറില്‍ എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുളള വാര്‍ത്താധിഷ്ഠിത പ്രോഗ്രാം കേരളസ്കാന്‍ അട്ടപ്പാടിയിലെ സുസ് ലോണ്‍ വിന്റ്മില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ തന്നെ,ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെടുന്നുവെന്ന് കൃത്യമായി തുറന്നുകാണിച്ചിരുന്നു. അത് പക്ഷേ മുഖവിലക്കെടുക്കുവാന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന യു.ഡി.എഫോ എന്തിനധികം മറ്റു മാധ്യമങ്ങളോ തയ്യാറായില്ല.എന്നാല്‍ എം.പി. വീരേന്ദ്രകുമാറിന് ഇടതുപക്ഷം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ചേക്കേറേണ്ടിവന്നതോടെയാണ് അട്ടപ്പാടി ഭൂമി കൂംഭകോണ വാര്‍ത്തകള്‍ ഒരു മുഖ്യധാര പത്രത്തിലിടം തേടാന്‍ തുടങ്ങിയത്. വീരേന്ദ്രകുമാര്‍ കുടുംബവും വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് സ്ഥാപിച്ചെടുക്കാന്‍ ദേശാഭിമാനിയും സി.പി.എം നേതാക്കളും കച്ചകെട്ടിയിറങ്ങിതിരി ച്ചതോടെയാണ് വി.എസ് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ , പ്രത്യേകിച്ച് സി.പി.എമ്മിനെ, അട്ടപ്പാടി ഭൂമി കൂംഭകോണമുയര്‍ത്തികൊണ്ടുവന്നത്. ഇവിടെയാണ് രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ലീന മായിരിക്കുന്ന സ്ഥാപിത താല്പര്യങ്ങളുടെ തീവ്രത തെളിവാക്കപ്പെടുന്നത്.

 പാടികളിലെ തോട്ടം തൊഴിലാളികള്‍

 ഭൂപരിഷ്ക്കരണത്തില്‍ നിന്നും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടു. അതിനാകട്ടെ വര്‍ഗ്ഗസമര സൈദ്ധാന്തിക പിന്‍ബലം. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ മുന്‍നിറുത്തിയാണ് തോട്ടം മേഖലയെ ഭൂപരി ഷ്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നുള്ള വിലയിരുത്തലുകളുമില്ലാതില്ല. അതേസമയം ടാറ്റാ, ഹാരിസണ്‍ മലയാളം തുടങ്ങിയ വന്‍കിടക്കാരെ പിണക്കേണ്ടതില്ലെന്ന രാഷ്ട്രീയ കൗശലവും തോട്ടം മേഖല ഒഴിവാക്കപ്പെട്ടതില്‍ നിന്നും വായിച്ചെടുക്കാം. തോട്ടം തൊഴിലാളികളുടെ സംരക്ഷകരായെത്തിയവര്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആനുകൂല്യം അവര്‍ക്ക് തരപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചില്ല. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുപിടി മണ്ണ് എന്നത് മരീചികയായി. തോട്ടം മുതലാളിമാര്‍ തട്ടിക്കൂട്ടിയ പാടികള്‍ മാത്രമായി തോട്ടം തൊഴിലാളികളുടെ താവളം. വെള്ളം, വെളിച്ചം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ തോട്ടം മുതലാളിമാരുടെ ഔദാര്യത്തിനു വിധേയം. പാടികളില്‍ കുടുംബഘടനയില്‍ വ്യതിയാനങ്ങള്‍. അത് പക്ഷേ പാടികളിലെ അല്പ സൗകര്യങ്ങളെ പാടെ തകിടംമറിച്ചു.

 ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്ക്കരണത്തിലൂടെ തോട്ടമുടമകളില്‍ നിഷിപ്തമായി. അതേസമയം ഭൂമി നിഷേധിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍ അസ്വസ്ഥതയുടെ തടവുകാരവുകയായിരുന്നു. ഇനിയുള്ള കാലം പക്ഷേ പാടികളെ മാത്രം ആശ്രയിച്ച് കഴിയുവാനാകില്ലെന്നുള്ള തിരിച്ചറിവിന്റെ പാതയിലാണ് തോട്ടം തൊഴിലാളികള്‍. ഇവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ പാര്‍വ്വതീമലയിലേതടക്കമുള്ള ഭൂമികയ്യേറ്റങ്ങളും സമരങ്ങളും ശ്രദ്ധേയി. മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങളെ സാമ്രാജ്യത്വ-നക്‌സൈലറ്റ്-മാവോയിസ്റ്റ് ഗൂഢാലോചനയില്‍ കുടുക്കിയപ്പോള്‍ പാര്‍വ്വതിമലയിലെ സമരത്തെ തമിഴ് തീവ്രവാദികളുമായിട്ടാണ് കണ്ണിചേര്‍ത്തത്.

നക്‌സലിസവും ഭൂപരിഷ്ക്കരണവും

1967-ലെ നക്‌സല്‍ബാരി കര്‍ഷക കലാപം ഇന്ത്യയുടെ വിപ്ലവ ചരിത്രമായികുറിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ട കര്‍ഷക കലാപത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ റവലൂഷണറീസ് രൂപികരിക്കപ്പെട്ടു. അത് പിന്നിട് സി.പി.ഐ (എം എല്‍) എന്ന വിപ്ലവ സംഘടന പിറവിയെടുക്കുന്നതിന് നിദാനമായി. നക്‌സല്‍ബാരി കലാപത്തിന്റെ അനുരണങ്ങള്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. തലശ്ശേരി-പുല്‍പ്പള്ളി പൊലീസ്-വയര്‍ലെസ് സ്റ്റേഷനുകള്‍ നക്‌സലൈറ്റുകളാല്‍ ആക്രമിക്കപ്പെട്ടു. ഇത് കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തിന്റെ ആദ്യ സുചകങ്ങളായി.

 നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഉയര്‍ത്തിയ വിപ്ലാവന്തീരീക്ഷവും നിലനില്‍ക്കുന്ന ഭൂബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നുവെന്നുളള ശക്തമായി ഓര്‍മ്മപ്പെടുത്തലുകളായി. നക്‌സല്‍ബാരി കലാപം തിരികൊളുത്തിയ ആശങ്കാജനകമായ അവസ്ഥ അന്നത്തെ കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന ഇന്ദിരാഗാന്ധി കൃത്യമായി തന്നെ തിരിച്ചറിഞ്ഞുവെന്നുവേണം പറയാന്‍. ഈ തിരിച്ചറിവിന്റെ ഫലമെന്നോണമാണ് 1970 ജനുവരി ഒന്നു മുതല്‍ ദേശീയ തലത്തില്‍ തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്. ചുരുക്കത്തില്‍ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിയ വിപ്ലവ അന്തരീക്ഷവും രാസത്വരകമായിയെന്ന് പറ്ഞാല്‍ രാഷ്ട്രീയാതിശയോക്തിയാകില്ല.

 മിച്ചഭൂമി വിതരണം അലംഭാവത്തില്‍

 ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കാലതാമസം. മിച്ചഭൂമി കണ്ടുകെട്ടുന്നതില്‍ സര്‍ക്കാര്‍ ഭരണതലത്തില്‍ ഗുരുതരമായ വീഴ്ച. കണ്ടുകെട്ടിയ മിച്ചഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ അക്ഷന്തവ്യമായ അലംഭാവം. പിടിച്ചെടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നതിലേ ഗൂരുതരമായ അലംഭാവത്തെ അടയാളപ്പെടുത്തുന്നതാണ് തലശ്ശേരി താലൂക്കിലെ വടക്കേക്കളം മിച്ചഭൂമി കേസ്. 611 ഹെക്ടര്‍ മിച്ചഭൂമി 600 ഓളം കുടിയേറ്റക്കാരുടേയും കയ്യേറ്റക്കാരുടെയും കയ്യിലകപ്പെട്ടു. വിതരണം ചെയ്യപ്പെടേണ്ട മിച്ചഭൂമി കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കുകയെന്നത്് മറ്റൊരു സാമൂഹിക-രാഷ്ട്രിയ പശ്‌നമായി. ഈ ഘട്ടത്തില്‍ മിച്ചഭൂമി കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. 1997-ല്‍ ഇടതുസര്‍ക്കാര്‍ കേരള കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കല്‍ നിയമം നിയമസഭയില്‍ പാസാക്കി. കെ.ആര്‍.ഗൗരിയമ്മ ഒഴികെയുള്ള 139 എം.എല്‍.എ.മാരും ഏകകണ്ഠമായാണ് ബില്ലിന് പിന്തുണച്ചത്.

കേരള ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത് 1970-ലെ സി.പി.ഐയുടെ അച്യുതമേനോന്‍ സര്‍ക്കാര്‍. അതേ സി.പി.ഐയുടെ തന്നെ റവന്യൂ മന്തിയായിരുന്ന കെ.ഇ.ഇസ്മയിലാണ് കുടിയൊഴിപ്പിക്കല്‍ നിയമത്തിന് കാര്‍മ്മികത്വം വഹിച്ചതെന്നറിയുക. ഈ നിയമം കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണ നിയമത്തി ന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നില്ലേയെന്നുള്ള സമസ്യക്ക് ഉത്തരം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനക്കാരടക്കമുള്ളവര്‍ ബാധ്യസ്ഥര്‍.

1970 ലെ ഭൂപരിഷ്ക്കരണ നിയമത്തിലെ 82-#ം വകുപ്പുപ്രകാരം രണ്ടില്‍ കൂടുതലും അഞ്ചില്‍ അധികരിക്കാത്തതുമായ കുടുംബത്തിന് 10 സ്റ്റാഡേര്‍ഡ് ഏക്കര്‍ ഭൂമിയാണ് കൈവശപരിധി. ഇത് സാധാരണ ഏക്കര്‍ കണക്കില്‍ 12ല്‍ കുറയുവാനോ 15ല്‍ കൂടുവാനോ പാടില്ലെന്ന് വ്യവസ്ഥ. കൂടുതലായി വരുന്ന ഓരോ അംഗത്തിനും ഓരോ ഏക്കര്‍ എന്ന കണക്കില്‍ കൈവശ പരിധി 20 ഏക്കറായി നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം കൈവശ ഭൂപരിധി നിശ്ചയിക്കപ്പെട്ടതനുസരിച്ച് 7,20,000 ഏക്കര്‍ മിച്ചഭൂമി കണകാക്കപ്പെട്ടു. പക്ഷേ, 1991 വരെ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിഞ്ഞ മിച്ചഭൂമി 93,178 ഏക്കര്‍ മാത്രമാണ്. ഇതില്‍നിന്ന് വിതരണം ചെയ്യാന്‍ കഴിഞ്ഞ മിച്ചഭൂമിയാകട്ടെ 69,237 ഏക്കര്‍. ഇത് സൂചിപ്പിക്കുന്നത്, ഭൂപരിഷ്ക്കരണ നിയമമുണ്ടായിട്ടും ഭൂരഹിതരുടെ എണ്ണം ഏറുന്നുവെന്നല്ലാതെ ചുരുങ്ങുന്നില്ലെന്നാണ്.

 യുഡിഎഫ്  പ്രകടന പത്രിക

 ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും പിഴവുകളും 10 സെന്റ് കുടികിടപ്പുക്കാരുടേയും തോട്ടം തൊഴിലാളികളുടേതടക്കമുള്ള കുടുംബഘടനയിലെ വ്യതിയാനങ്ങളും അവഗണിക്കപ്പെട്ടതും വിഭവസമാഹരണ സാധ്യത ചോര്‍ത്തിക്കളഞ്ഞതുമെല്ലാമാണ് മുത്തങ്ങ, ആറളം, ചെങ്ങറ, പാര്‍വ്വതിമല തുടങ്ങിയ ഭൂസമരങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഭൂസമരങ്ങള്‍ പിറവിയെടുക്കന്നുതിന്റേയും ശക്തിപ്പെടുന്നതിന്റേയും സാമൂഹിക-രാഷ്ട്രിയ സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയണം. അതല്ലാതെ ഭൂസമരങ്ങളെയെല്ലാം ‘അന്യ’രുടെ ഗൂഢാലോചനയായി ചിത്രീകരിക്കുകയല്ല വേണ്ടത്. ഭൂരഹിത ജനതതിയെ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇന്നത്തെ ഭൂസമരങ്ങള്‍ക്ക് ഉത്തരവാദികള്‍. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഭൂസമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്ന് മഷിയിട്ട് കണ്ടുപിടിയ്ക്കാന്‍ തുനിയാതെ ഭൂരഹിതരര്‍ക്ക് ഇനിയെങ്കിലും നീതി ലഭ്യമാക്കുയാണ് വേണ്ടത്.

ഭൂപരിക്ഷ്ക്കരണ നിയമം പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്തമാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക (പേജ് 07, 1.02) അടിവരയിടുന്നു. പ്രകടനപത്രികയെ മാനിച്ച്, ഭൂപരിഷ്ക്കരണ നിയമമനുസരിച്ച് നല്‍കപ്പെട്ട ഭൂമി ജന്മിമാരാല്‍ തിരിച്ചുപിടിക്കപ്പെടാതിരിക്കുന്നതിന് നിയമത്തിന്റെ പിഴവുകളും പഴുതുകളുമടച്ചുളള നിയമഭേദഗതിക്ക് യുഡിഎഫ്  സര്‍ക്കാര്‍ തയ്യാറാകണം. മാറിയ വ്യവസായിക വികസന അന്തരീക്ഷത്തെ മുന്‍നിറുത്തി ഭൂപരിഷ്ക്കരണ നടപടികളും വേണ്ടതുതന്നെ.

 ദേശീയ തലത്തില്‍ ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നിട്ട് 41 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ നിയമം കര്‍ഷക സമൂഹത്തിന് ഇത:പര്യന്തം എത്രത്തോളം പ്രയോജനകരമായി? രാജ്യത്തിന്റെ കാര്‍ഷികോല്പദനത്തില്‍ ഇത് എങ്ങനെ പ്രതിഫലിച്ചു ? ഈ നിയമമുണ്ടായിട്ടും, കര്‍ഷക തൊഴിലാലളികള്‍ക്കും ആദിവാസി-ദളിതര്‍-തോട്ടം തൊഴിലാളികള്‍ക്കുമിടയില്‍ ഭുരഹിതരുടെ എണ്ണം എന്തുകൊണ്ട് പെരുകി ? ഇത്തരം സമസ്യകള്‍ക്ക് ഉത്തരവും ശാശ്വത പരിഹാരവും മുന്‍നിറുത്തി നാലുപതിറ്റാണ്ടു പിന്നിട്ട ഭൂപരിഷ്ക്കരണ നിയമം സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കപ്പെടുകതന്നെ വേണം. പാവപ്പെട്ട ഭൂരഹിതക്ക് പതിച്ചുനല്‍കേണ്ട മിച്ചഭൂമി കുടിയേറിയവരേയും കയ്യേറിയവരേയും സംരക്ഷിക്കുന്ന നിയമത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്. ഭൂസമരങ്ങള്‍ക്ക് ശാശ്വതപരിഹാരമായി ഭൂരഹിതര്‍ക്ക് ജീവസന്ധാരണദിശയിലൂന്നിയുള്ള കാര്യക്ഷമമായ ഭൂവിതരണ നടപടികളാണ് ആവശ്യം.

 ഇതിനെട,2007ല്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായി രുപീകരിക്കപ്പെട്ടതും ഒരുയോഗം പോലും ചേരാത്തതുമായ ദേശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുവാനുളള തീരുമാനം ശ്രദ്ധേയമാണ്. ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും തോട്ടം-കര്‍ഷക തൊഴിലാളികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ഭൂമി ലഭ്യമാക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന ദിശയില്‍ പൊളിച്ചെഴുത്തിന് ഭൂപരിക്ഷ്ക്കരണ നിയമം വിധേയമാക്കപ്പെടണം. ദേശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ശ്രദ്ധയൂന്നുമോയെന്നത് ഇനിയും കാണേണ്ടിയിരിക്കുന്നു.

 

Related Post

സ്വ ദേശത്ത് കുടിയേറ്റക്കാരക്കപ്പെട്ടവർ

സ്വ ദേശത്ത് കുടിയേറ്റക്കാരക്കപ്പെട്ടവർ

    നിർമ്മാണ തൊഴിലാളികളും തെരുവുകച്ചവടക്കാരും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെത്രെ. പിറന്ന രാജ്യത്ത് ഇവർ കുടിയേറ്റക്കാരായിയെന്നത് വിചിത്രം   പിറന്ന…