സര്‍വ്വകലാശാലകള്‍ ആര്‍ക്കുവേണ്ടി?

കെ. കെ. ശ്രീനിവാസന്‍/kk sreenivasan

the article was published  in Malayalam Weekly ( issue: 28 feb 2014) and its non-edited version is posted here…

ദേശീയോദ്ഗ്രഥനത്തിനുപോലും വിഘാതം നില്‍ക്കുന്ന അക്കദമിക് രംഗത്തെ ദുഷ്പ്പ്രവണതകള്‍ക്ക് അറുതിയിടുന്നതിന്റെ ഭാഗമായി രാജ്യത്തെ സര്‍വ്വകലാശാലകളെയെല്ലാം ഏകീകൃത സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ ദിശയിലുള്ള നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ ആര്‍ജ്ജവം പ്രകടിപ്പിക്കേണ്ടത് മറ്റാരുമല്ല ഭരണകര്‍ത്താക്കള്‍ തന്നെ. കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ മലയാളം അധ്യാപിക ഡോ. ജല്‍സയെ അപമാനിച്ചതിനെതിരെയുള്ള കേസിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം

 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയെന്ന ((Stop Violence against Women, അന്താരാഷ്ട്ര വനിതാ സമ്മേളനം, ബീജിങ്, 1995 സെപ്തംബര്‍ 4-15) പ്രഖ്യാപനം, തൊഴിലിടങ്ങളില്‍ സത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Vishaka v/s State of Rajastan, 6Scc-a24, 6ടരരമ24), 13.08.1997), ഇതേ ദിശയില്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്ല് (The sexual Harasment of women at work place prevention prohibition and redressal) Bill 2012, No. 144-C/2010) ആശഹഹ 2012, ചീ. 144ഇ/2010), ദില്ലി കൂട്ടബലാല്‍സംഗ കേസിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി. ഇതേ ചുവടുപിടിച്ച് കേരളത്തിന്റെ നിര്‍ഭയ കേരളം സുരക്ഷിത കേരളം….അതെ, സ്ത്രീ പീഡനലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവ തടയിടുവാന്‍ ലക്ഷ്യംവെച്ചുള്ള കോടതി ഇടപെടലുകള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും പദ്ധതികള്‍ക്കും കുറവൊന്നുമില്ല. അതേസമയം തന്നെ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമ കേസുകളുടെയും സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളുടെയും പട്ടിക ദിനേനെ കനം വെച്ചുകൊണ്ടേയിരിക്കുന്നു. സഹപ്രവര്‍ത്തകനായ അദ്ധ്യാപകനെതിരെ കുന്നംകുളം ശ്രീവിവേകാനന്ദ കോളേജ് മലയാളം വിഭാഗം അദ്ധ്യാപിക ഡോ. ജല്‍സയുടെ പരാതിയും ഈ പട്ടികയിലിടം പിടിച്ചിരിക്കുകയാണ്.

 കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതുമായ വിവേകാനന്ദ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ എം. കൃഷ്ണനുണ്ണിക്കെതിരെയാണ് ഡോ. ജല്‍സയുടെ പരാതി. സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വെച്ച് അശ്ലീല-ലൈംഗിക ഭാഷയില്‍ കൃഷ്ണനുണ്ണി തന്നെ അപമാനിച്ചുവെന്നും അധിഷേപിച്ചുവെന്നും 2013 നവംബര്‍ 12-ന് പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച പരാതിയില്‍ ജല്‍സ പറയുന്നു. നിയമനം ലഭിച്ചതുമുതല്‍ തന്നെ തന്റെ അദ്ധ്യാപക സംഘടനയില്‍ അംഗത്വമെടുക്കണമെന്ന് കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ.പി.സി.ടി.എയുടെ മേഖലാ നേതാവുകൂടിയായ കൃഷ്ണനുണ്ണി നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനോട് പക്ഷേ അനുകൂലമായ പ്രതികരണമില്ലാതെ വന്നപ്പോള്‍ തന്നെ കൃഷ്ണനുണ്ണി ഭീഷണിപ്പെടുത്തിയെന്നും ജല്‍സ തന്റെ പരാതിയില്‍ പറയുന്നുണ്ട്.

പരാതിയിന്മേല്‍ പ്രിന്‍സപ്പിലിന് നല്‍കിയ വിശദീകരണ (12 നവംബര്‍ 20132) ത്തില്‍ കൃഷ്ണനുണ്ണി തനിക്കെതിരെയുള്ള ജല്‍സയുടെ പരാതി പാടെ നിഷേധിക്കുന്നു. പരാതിക്കാരി (ജല്‍സ) യെ അപമാനിക്കുകയോ, അധിഷേപിക്കുകയോ സ്ത്രീത്വത്തിന് കളങ്കമേല്‍പ്പിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് കൃഷ്ണനുണ്ണി തന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിശദീകരണം പക്ഷേ തൃപ്തികരമല്ലെന്ന് കണ്ടെത്തിയ പ്രിന്‍സിപ്പാള്‍ ജല്‍സയുടെ പരാതി കുന്നംകുളം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 354 A (iv) വകുപ്പ് പ്രകാരം കൃഷ്ണനുണ്ണിക്കെതിരെ എഫ്. ഐ. ആര്‍ ( No. 2344, 131113) റജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം കൃഷ്ണനുണ്ണി കോളേജില്‍ ഹാജരായില്ല. ജാമ്യം ലഭിച്ചതോടെ പക്ഷേ കോളേജില്‍ ഹാജറുണ്ട്.

വിശാഖ കേസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലിടത്ത് സ്ത്രീത്വത്തെ അപമാനിച്ച കേസിലുള്‍പ്പെട്ട അദ്ധ്യാപകനെതിരെ യൂണിവേഴ്‌സിറ്റി-മാനേജ്‌മെന്റുതല നടപടികളുണ്ടായിട്ടില്ല. അതേസമയം ജല്‍സയുടെ നിയമനം നിരസിച്ചുകൊണ്ടുള്ള യൂണിവേഴ്‌സിറ്റി ഉത്തരവ് ( No.41504/GA/11-C3/2013/CU,12-11-2013 ) പുറപ്പെടുവിച്ചത് ശ്രദ്ധേയമായി. കൃഷ്ണനുണ്ണിക്കെതിരെ പ്രിന്‍സിപ്പലിന് പരാതി സമര്‍പ്പിച്ച അതേദിവസം തന്നെ ജല്‍സയുടെ നിയമനാംഗീകാരം നിരസിച്ചുകൊണ്ടുള്ള യൂണിവേഴ്‌സിറ്റി ഉത്തരവ് കേവലം യാദൃച്ഛികമാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

നിയമനാംഗീകാരം നിരസിച്ചുകൊണ്ടുള്ള സര്‍വ്വകലാശാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഡോ. ജല്‍സയുടെ ഹര്‍ജി (WP (C) No. 29154/2013) ഹൈകോടതിയുടെ പരിഗണനയിലാണ്. നിയമനാംഗീകാരം നിരസിക്കപ്പെട്ട അധ്യാപകരെ സര്‍വ്വീസില്‍ തുടരുവാന്‍ അനുവദിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെയുള്ള വക്കീല്‍ നോട്ടീസും നിലവിലുണ്ട്. നിയമാനുസൃത നടപടിക്രമങ്ങളിലൂടെ നിയമന ഉത്തരവ് നല്‍കിയ ഡോ. ജല്‍സയുടെ നിയമനാംഗീകാരം നിരസിച്ച സിന്‍ഡിക്കേറ്റ് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. അതേസമയം സമാനമായ രീതിയില്‍ സിന്‍ഡിക്കേറ്റ് നിയമനാംഗീകാരം നിരസിച്ച ഡോ. കെ. ബി. ബിജു, ഡോ. മായ എന്നീ അധ്യാപകര്‍ക്കുവേണ്ടി ദേവസ്വം ബോര്‍ഡ് ഹൈകോടതിയില്‍ ഹര്‍ജി (WP (C) No. 25344/2013, 22-10-2013) സമര്‍പ്പിച്ച് അനുകൂലവിധി സമ്പാദിച്ചുവെന്നത് ശ്രദ്ധേയമാണ്.

2012 പെബ്രുവരിയിലാണ് ഡോ. ജല്‍സയടക്കം 10 അദ്ധ്യാപകര്‍ വിവേകാനന്ദ കോളജില്‍ നിയമിക്കപ്പെട്ടത്. മാനേജ്‌മെന്റ് നടത്തുന്ന നിയമനങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ എന്ന അധികാരകേന്ദ്രമായ സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഈ കടമ്പ കടന്നെങ്കില്‍ മാത്രമേ അധ്യാപകര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകൂ. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പക്ഷേ ജല്‍സയടക്കമുള്ളവരുടെ നിയമനാംഗീകാരം അനിശ്ചിതാവസ്ഥയില്‍ തന്നെയാണ്. അധ്യാപകര്‍ കയറിയിറങ്ങാത്തയിടങ്ങളില്ല. ബോധിപ്പിക്കാത്ത അപേക്ഷകളില്ല. എല്ലാം പക്ഷേ കേള്‍ക്കേണ്ടവരും കാണേണ്ടവരും അവഗണിക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗം തരപ്പെടുന്നതോടെ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ വീടുകള്‍ കയറിയിറങ്ങുന്നു. പുതുതായി നിയമനം ലഭിച്ചവരെ ഏതുവിധേയനയും തങ്ങളുടെ സംഘടനയില്‍ അംഗമാക്കുകയെന്ന കടുത്ത മത്സരത്തിലാണ് സര്‍വ്വീസ് സംഘടനകളെല്ലാം. അംഗബലം വര്‍ദ്ധിപ്പിക്കുവാനുള്ള മത്സരത്തിന്റെ ഇരകളായി പുതുതായി നിയമനം ലഭിച്ചവര്‍ മാറുകയാണ്. ഡോ. ജല്‍സയടക്കമുള്ള അധ്യാപകര്‍ ഈ സംഘടനകളുടെ ഇരകളായി മാറിയിട്ടുണ്ട്.

നിയമാനുസൃത നടപടിക്രമങ്ങളനുസരിച്ചാണ് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മാനേജ്‌മെന്റിന് കീഴിലുള്ള തൃശൂര്‍ ശ്രീ കേരളവര്‍മ്മ, കുന്നംകുളം ശ്രീവിവേകാനന്ദ കോളേജുകളിലെ മലയാളം, കോമേഴ്‌സ്, ഫിലോസഫി ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുള്ള അധ്യാപക നിയമനം നടത്തിയത്. നിയമാനുസൃതമായി രൂപീകരിക്കപ്പെട്ട സെലക്ഷന്‍ കമ്മിറ്റി/ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ പരിശോധിച്ച് തിട്ടപ്പെടുത്തി, അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരുന്നു പ്രസ്തുത നിയമനങ്ങളെല്ലാം. മാനേജ്‌മെന്റുകള്‍ നടത്തുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുവാനുള്ള സിന്‍ഡിക്കേറ്റിന്റെ അധികാരം നിമനാംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകരുമായി വിലപേശുവാനുള്ള ആയുധമാക്കപ്പെടുകയാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്‍തുണയിലും പിന്‍ബലത്തിലുമെത്തുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ചായ്‌വുള്ള അധ്യാപക സംഘടനയുടെ (കളുടെ) താല്‍പര്യങ്ങളെ കൂടി മുന്‍നിര്‍ത്തിയാണ്് അധ്യാപക നിയമനാംഗീകാരങ്ങള്‍ നല്‍കുന്നതും നിരസിക്കുന്നതും.

ഇതിനിടെ, സിന്‍ഡിക്കേറ്റ് അംഗവും അപ്പോയ്‌മെന്റ് അപ്രൂവല്‍ കമ്മറ്റി കണ്‍വീനറുമായിരുന്ന കെ.എസ്. സിറാജിന്റെ പേരില്‍ ഒരു കത്ത് ലഭിച്ചുവെന്നുപറയപ്പെടുന്നു. ശ്രീവിവേകാനന്ദ കോളേജിലെ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം വൈകിപ്പിക്കുന്നതിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ഊമകത്തായിരുന്നുവെന്നായിരുന്നു ആദ്യ പ്രചരണം (കത്ത് ഇതോടൊപ്പം വെക്കുന്നു). എന്നാല്‍ ഡോ. ജല്‍സയുടെ പരാതിയെ തുടര്‍ന്ന് നല്‍കിയ വിശദീകരണത്തോടൊപ്പം ഊമകത്തെന്നതിനു പകരം ജല്‍സയുടെതാണെന്നു പറയപ്പെടുന്ന കയ്യൊപ്പോടുകൂടിയുള്ള കത്ത് കൃഷ്ണനുണ്ണി പ്രിന്‍സിപ്പലിന് സമര്‍പ്പിച്ചിട്ടുണ്ട്. അത്തരമൊരു കത്തിനെകുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അതിലുള്ള ഒപ്പ് വ്യാജമാമെന്നും ക്രിത്രിമമാണെന്നും കത്തുണ്ടാക്കിയതിന്റെ ഗൂഢാലോചനയിലുള്‍പ്പെട്ടവര്‍ നിയമത്തിനു മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നും ഡോ. ജല്‍സ പറയുന്നു. ഇതു സംബന്ധിച്ച് കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കേസ്സ് (No.277/14) നല്‍കിയിട്ടുണ്ടെന്നും ജല്‍സ അറിയിച്ചു.

ശ്രീ വിവേകാനന്ദ കോളേജിലെ അധ്യാപന അന്തരീക്ഷം മലീമസമാക്കിയെന്നും വനിതാ അധ്യാപകര്‍ക്കെതിരെ സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങള്‍ നടത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ( Ref. SW (5)/CUE/2007 – (B) Election complaints dated 07-01-08 ) പ്രകാരം കൃഷ്ണനുണ്ണിയെ മാനേജ്‌മെന്റിന്റെ തന്നെ തൃശൂര്‍ കേരളവര്‍മ്മ കോളേജിലേക്ക് സ്ഥലം മാറ്റണമെന്ന് മാനേജ്‌മെന്റിന് സര്‍വ്വകലാശാല നിര്‍ദ്ദേശം (No. SW(5) CUE 2007 (B) /EC,31-03-2009) നല്‍കിയിരുന്നു. എന്നാല്‍ സര്‍വ്വകലാശാലയുടെ 2009-ലെ ഈ ഉത്തരവ് റദ്ദുചെയ്തുകൊണ്ടുള്ള ഹൈകോടതിവിധി (WP (C) No. 12419/2009 (V)) സമ്പാദിച്ചു, കൃഷ്ണനുണ്ണി. അതേസമയം അനുകൂല വിധി സമ്പാദിക്കുന്നതുവരെയുള്ള കാലയളവിലും ഈ അധ്യാപകന്‍ വിവേകാനന്ദ കോളേജില്‍തന്നെ തുടര്‍ന്നുവത്രെ! ഇതേ അധ്യാപകന്‍ ഇപ്പോഴിതാ സത്രീത്വത്തിന് കളങ്കമേല്‍പ്പിച്ചുവെന്ന ക്രിമിനല്‍ കേസ്സില്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നു! ബന്ധപ്പെട്ടവര്‍ ഇക്കാര്യം കാണാന്‍ കൂട്ടാക്കുന്നല്ലെന്നുള്ളതുകൊണ്ടുതന്നെ ഈ അധ്യാപകന്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്. അധ്യാപക സംഘടന നേതാവിന്റെ സ്ത്രീ വിരുദ്ധസമീപനം സംഘടനാ നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു.

 തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് സി.പി.ഐ (എം) അനുകൂല ജീവനക്കാരുടെ സംഘടനയിലുള്‍പ്പെട്ട സഹപ്രര്‍ത്തകനെതിരെ നടപടിയാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരി സര്‍വ്വകലാശാലക്കു മുന്നില്‍ ദിവസങ്ങളോളം നിരാഹാരമനുഷ്ഠിച്ചത് വിസ്മരിക്ക്പപെട്ടിട്ടുണ്ടാവില്ല. അന്ന് നിരാഹാര സമരത്തെ അപഹസിക്കുവാനും പൊളിക്കുവാനും ഒരുമ്പെട്ടിറങ്ങിയ സി.പി.എം അനുകൂല സംഘടനയുടെ വികൃതമുഖം ഓര്‍മ്മിച്ചെടുക്കുന്നിടത്തുതന്നെയാണ് സ്ത്രീത്വത്തിന് കളങ്കമേല്‍പ്പിച്ചുവെന്ന ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകനുനേരെ കണ്ണടക്കുന്ന കോണ്‍ഗ്രസ്സ് അനുകൂല അധ്യാപക സംഘടന പ്രതികൂട്ടില്‍ നിറുത്തപ്പെടുന്നത്.

സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിയമങ്ങളെല്ലാം കാറ്റില്‍പറത്തി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കും സ്ത്രീത്വത്തിന് കളങ്കമേല്‍പ്പിക്കുന്നവര്‍ക്കുമെതിരെയുള്ള പരാതികള്‍ പൂഴ്ത്തിവെക്കുകയോ, ദുര്‍ബലപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥ ഘടന നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയാക്കപ്പെട്ട കൃഷ്ണനുണ്ണിയെന്ന അധ്യാപകന്‍ മാത്രമായിരിക്കില്ല ഇവിടെ സംരക്ഷിക്കപ്പെടുക.

വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ശ്രീ വിവേകാനന്ദ കോളേജിലെ 10 അധ്യാപകരുടെ നിയമനത്തിന് സിന്‍ഡിക്കേറ്റ് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല (ഈ ലേഖകന് വിവരാവകാശ നിയമപ്രകാരം കോളേജ് പ്രിന്‍സപ്പലില്‍നിന്ന് ലഭിച്ച മറുപടി: നമ്പര്‍. CE.223/12, 23.01.2014). അതുകൊണ്ടുതന്നെ ഈ അധ്യാപകര്‍ക്കൊന്നും ശമ്പളം ലഭ്യമായിട്ടില്ല. ഗസ്റ്റ് അധ്യാപകര്‍ക്കും ശമ്പളമില്ല. ശമ്പളമില്ലാതെ വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന അധ്യാപകരുടെ ജീവിതാവസ്ഥ പരിതാപകരമല്ലാതെ മറിച്ചാകാനിടയില്ല. സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനാവാതെ വരുമ്പോഴുള്ള പിരിമുറുക്കം അധ്യാപന ശേഷിയെ ബാധിക്കാതിരിക്കില്ല. അത് സ്വഭാവികമായി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗുണമായിരിക്കില്ല. മാനസികവും ഭൗതികവുമായ അനുകൂല അന്തരീക്ഷം സംജാതമാകുന്നിടത്താണ് ഗുണമേന്മയാര്‍ന്ന അധ്യാപനം സുസാധ്യമാക്കപ്പെടുക. ഇത്തരം ഒരു അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഉത്തരവാദിത്വം സര്‍വ്വകലാശാലയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കുതന്നെയാണ്. രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളിലൂന്നി അധ്യാപകരുടെ നിയമനാംഗീകാരത്തിന് തടസ്സം നില്‍ക്കുന്നവര്‍ അധ്യാപകരോട് മാത്രമല്ല പൊറുക്കാനാവാത്ത അപരാധം ചെയ്യുന്നത് ഗുണമേന്മയാര്‍ന്ന വിദ്യ പകര്‍ന്നുകിട്ടേണ്ട വിദ്യാര്‍ത്ഥി സമൂഹത്തോടുംകൂടിയാണ്.

 അധ്യാപക നിയമനങ്ങളില്‍ കോടികളുടെ കോഴ

കേരളത്തിലെ എയ്ഡഡ് മാനേജ്‌മേന്റ് കോളേജുകളിലെ അധ്യാപക നിയമനങ്ങളില്‍ കോടികളുടെ കോഴ വാരിയെടുക്കപ്പെടുന്നുവെന്നത് വസ്തുതയാണ്. അധ്യാപക നിയമനങ്ങളും അതിനുള്ള സിന്‍ഡിക്കേറ്റ് അംഗീകാരവും കോഴപണത്തിന്റെ പങ്കുവെക്കലുകളിലാണെത്ര പലപ്പോഴും പര്യവസാനിക്കുന്നത്. ഇതില്‍നിന്നും വിപരീതമായി പക്ഷേ ജല്‍സയുടേതടക്കമുള്ള അധ്യാപക നിയമനങ്ങളില്‍ കോഴയിടപാട് നടന്നിട്ടില്ലെന്ന സാക്ഷ്യപ്പെടുത്തലുകളുണ്ട്. കൈകൂലി കൊടുക്കേണ്ടിവന്നില്ലെന്നതും ആരും കൈകൂലി വാങ്ങിയില്ലെന്നതും പക്ഷേ തങ്ങളുടെ നിയമനാംഗീകാരത്തെ അനിശ്ചിതാവസ്ഥലെത്തിച്ചതിന് കാരണമായെന്ന ആവലാതിയുള്ളവരും കുറവല്ല. കോഴ കൊടുത്തിരുന്നുവെങ്കില്‍ നിയമനാംഗീകാരത്തിനായി ഇത്രയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമായിരുന്നില്ലെന്ന് കരുതുന്നവരുമുണ്ട്.

 ഡോ. ജല്‍സയടക്കുള്ള അധ്യാപകരുടെ നിയമനം അസാധുവാക്കപ്പെടേണ്ടത് പുതുതായി അധികാരമേറ്റെടുത്ത കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൂടി ആവശ്യമാണെന്ന് സംശയിക്കപ്പെട്ടാല്‍ അതിനെ കുറ്റം പറയാനാവില്ല. മുന്‍ ഇടതു അനുകൂല ബോര്‍ഡ് നടത്തിയ അധ്യാപക നിയമനങ്ങള്‍ അസാധുവാക്കപ്പെടുന്നതോടെ പുതിയ നിയമനങ്ങള്‍ നടത്തുവാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുക. ഇതുകൂടാതെ ശ്രീ കേരളവര്‍മ്മ കോളേജിലും ശ്രീവിവേകാനന്ദ കോളേജിലുമായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ 45-ഓളം അധ്യാപക ഒഴിവുകളുണ്ട്. അതെല്ലാം നികത്തുവാനുള്ള നടപടിക്രമങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ തകൃതിയായി പുരോഗമിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ ഈ നിയമനങ്ങളില്‍ കോടികളുടെ കോഴ പണമൊഴുകുന്ന അവസ്ഥ സംജാതമാകുകയില്ലെന്നുറപ്പിക്കുവനാകുമോയെന്നറിയില്ല.

 സിന്‍ഡിക്കേറ്റ് എന്നാല്‍ …

കേന്ദ്ര സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തന ഘടനയില്‍ സിന്‍ഡിക്കേറ്റ് എന്ന സംവിധാനമില്ല. അക്കദമിക് രംഗത്ത് പ്രാവീണ്യവും അനുഭവസമ്പത്തും ആര്‍ജ്ജിച്ചിട്ടുള്ളവരുള്‍ക്കൊള്ളുന്ന അക്കദമിക് കൗണ്‍സിലാണ് കേന്ദ്രസര്‍വ്വകലാശാലകളിലുള്ളത്. സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും കേരളത്തിലെ സര്‍വ്വകലാശാലകള്‍ പക്ഷേ അടക്കിഭരിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളടങ്ങുന്ന സിന്‍ഡിക്കേറ്റാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നടപടികളും തീരുമാനങ്ങളും സര്‍വ്വകലാശാലയുടെ സര്‍വ്വതോന്മുഖമായ നിലവാരമുയര്‍ത്തുന്നതിനുതകുന്നതായിരിക്കണം. അതിനുപകരം പക്ഷേ തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ താല്‍പര്യങ്ങള്‍ക്കാണ് സിന്‍ഡിക്കേറ്റ് മുന്‍ഗണന നല്‍കുന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങളില്‍ ഇടത് അനുകൂല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയ വന്‍അഴിമതിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

 സിന്‍ഡിക്കേറ്റ് എന്ന പദത്തിന് നാനാര്‍ത്ഥങ്ങളുണ്ട്. അതിലെന്നാണ് ചൂതാട്ടത്തിനോ, കുറ്റകൃത്യങ്ങള്‍ക്കോയായിയുണ്ടാക്കുന്ന ഗ്രൂപ്പ്. ഇതിനെ അക്ഷരംപ്രതി സാധൂകരിക്കുന്ന നിലപാടുകളും തീരുമാനങ്ങളുമാണ് പലപ്പോഴും സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകളില്‍നിന്നുണ്ടാകുന്നത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തില്‍ സര്‍വ്വകലാശാലകളെ സമഗ്രാധിപത്യത്തിന്റെ ചങ്ങലയില്‍ കുരുക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ മലീമസമാക്കുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്ന നിലവിലുള്ള സിന്‍ഡിക്കേറ്റ് സംവിധാനം അനിവാര്യമാണോ? ഈ ദിശയിലുള്ള ഗൗരവമേറിയ പുന:പരിശോധന അനിവാര്യമാകുന്നുണ്ട്.

 രാജ്യത്തെ സര്‍വ്വകലാശാലകളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യു.ജി.സിയുടെ അംഗീകാരത്തോടെയും ഫണ്ട് സ്വീകരിച്ചും പ്രവര്‍ത്തിക്കുന്നവയാണ്. എങ്കിലും ഒരു സര്‍വ്വകലാശാല നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് മറ്റൊരു സര്‍വ്വകലാശാല അംഗീകരിക്കുന്നതിന് കടമ്പകള്‍ ഏറെയാണ്. ഇവിടെയാണ് സിന്‍ഡിക്കേറ്റ് സംവിധാനം അതിന്റെ സമഗ്രാധിപത്യം കൃത്യമായി വിനിയോഗിക്കുന്നത്. ഈ അവസ്ഥ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനും ഉദ്യോഗ-അധ്യാപക നിയമനങ്ങള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.

രാജ്യത്തെ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങളുടെ തുല്യത ഓരോ സര്‍വ്വകലാശാലയും പ്രത്യേകം നിശ്ചയിക്കണമെന്നതാണവസ്ഥ! ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുണ്ട്. ഓരോന്നിലും 5-10 സര്‍വ്വകലാശാലകളുമുണ്ട്. ഇതില്‍ ഏതെങ്കിലുമൊന്നില്‍ നിന്നും ബിരുദമെടുക്കുന്ന വ്യക്തിക്ക് മറ്റൊരിടത്ത് തൊഴില്‍ ലഭിച്ചാലുടന്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാാക്കണമെന്നുപറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? സര്‍വ്വകലാശാലകള്‍ തങ്ങള്‍ക്ക് തോന്നിയപ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ യു.ജി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഗ്രാന്റു വിതരണത്തിന് മാത്രമായി യു.ജി.സിയുടെ ആവശ്യകതയുണ്ടോ? ഗ്രാന്റു വിതരണം ഏതെങ്കിലും ബാങ്കിനെ ഏല്‍പ്പിച്ചാലും മതിയല്ലോ.

ഓരോ സംസ്ഥാനങ്ങളിലെയും സര്‍വ്വകലാശാലകള്‍ ഓരോ തുരുത്തുകളാണ്. അതിര്‍ത്തികള്‍ക്കുള്ളിലെ തുരുത്തുകളായി പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ അവയുടെ രീതികളെല്ലാം രാജ്യത്ത് എവിടെയും വിദ്യാഭ്യാസ-തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമായിമാറുകയാണ്. ഇവിടെ വിദ്യാഭ്യാസത്തിലൂടെ ദേശിയോദ്ഗ്രഥനമെന്ന മഹത്തായ ലക്ഷ്യമാണ് സര്‍വ്വകലാശാലകളാല്‍ അട്ടിമറിക്കപ്പെടുന്നത്. അടുത്ത തലമുറകളെ വാര്‍ത്തെടുക്കുന്നതിനുപകരം രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്നതരത്തിലുള്ള നടപടികളിലും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാപമായിത്തീരുന്ന പ്രവര്‍ത്തികളിലുമേര്‍പ്പെടുന്ന ഇത്തരം സ്ഥാപനങ്ങളെ എങ്ങനെ സര്‍വ്വകലാശാലകളായി കണക്കാക്കും? ദേശീയോദ്ഗ്രഥനത്തിനുപോലും വിഘാതം നില്‍ക്കുന്ന അക്കദമിക് രംഗത്തെ ദുഷ്പ്രവണതകള്‍ക്ക് അറുതിയിടുന്നതിന്റെ ഭാഗമായി രാജ്യത്തെ സര്‍വ്വകലാശാലകളെയെല്ലാം ഏകീകൃത സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ ദിശയിലുള്ള നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ ആര്‍ജ്ജവം പ്രകടിപ്പിക്കേണ്ടത് മറ്റാരുമല്ല ഭരണകര്‍ത്താക്കള്‍ തന്നെ.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…

One Comment

  • അന്നു നടന്ന നിയമനങ്ങളില്‍ പണമൊഴുകാഞ്ഞതിനു കാരണമുണ്ട്. ബഹു. കേരള ഹൈക്കോടതിയില്‍ നിലനിന്നിരുന്ന DBP 55, 56 നടപടികളാണ് അത്. അതിലെ നിര്‍ദ്ദേശപ്രകാരം, ദേവസ്വം ഓംബുഡ്സ്മാന്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു കൊടുത്തതിനു ശേഷം മാത്രമേ നിയമന ഉത്തരവു കൊടുക്കാവൂ എന്നതിനാലാണ് അന്നു പണം വാങ്ങാഞ്ഞത്, എന്നാല്‍ അഴിമതിയില്ലാതെ നടന്ന നിയമനത്തിന് എന്തു സംഭവിവിച്ചു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ ശ്രീകോവിലാവേണ്ട സ്ര‍വ്വകലാശാല വിദ്യാഭ്യാസത്തിനെ അധിക്ഷേപിക്കുന്ന നഗ്നമായ ആഭാസമാണ് ഇക്കാര്യത്തില്‍ എടുത്തുകാണിക്കുന്നത്. 2009 മുതലുള്ള എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ ജേലി കിട്ടിയവരുടെയും, ശമ്പളം വാങ്ങിയവരുടെയുമെല്ലാം ജോലികിട്ടുന്ന സമയത്തുള്ള വിദ്യാഭ്യാസ യോഗ്യതയും, ദേവസ്വത്തില്‍ നടത്തിയ നിയമനങ്ങളിലെ ജോലികിട്ടിയവരുടെ യോഗ്യതയും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. താങ്കള്‍ പറയുന്ന ഡോ. ജല്‍സയുടെ കാര്യം തന്നെ എടുക്കാം, ഡോക്ടറേറ്റും, പോസ്റ്റ് ഡോക്ടറല്‍ മിസര്‍ച്ചും നടത്തിയ ഇവര്‍ക്ക്, പോസ്റ്റു ഡോക്ടറല്‍ റിസര്‍ച്ചിനു മാര്‍ക്കു കൊടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കാലിത്തൊഴുത്ത് കലാശാലയുടെ പരാതിയത്രേ. ഗവേശണത്തിനു ഏറ്റവും പ്രാധാന്യം കൊടുക്കണമെന്ന യു.ജി.സി നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. അതായത് ഉന്നതവിദ്യാഭ്യാസം കേരളത്തില്‍ ഒരു ശാപമാക്കിയിരിക്കുകയാണ് സര്‍വ്വകലാശാലകള്‍. മാത്രമല്ല കൃഷ്ണനുണ്ണിക്കെതിരെ പ്രിന്‍സിപ്പലിന് പരാതി സമര്‍പ്പിച്ച അതേദിവസം തന്നെ ജല്‍സയുടെ നിയമനാംഗീകാരം നിരസിച്ചുകൊണ്ടുള്ള യൂണിവേഴ്‌സിറ്റി ഉത്തരവ് കേവലം യാദൃച്ഛികമാണെന്ന് വിശ്വസിക്കാന്‍ പ്രയാസം എന്നതു നൂറു ശതമാനം ചിന്തിക്കേണ്ട കാര്യമാണ്, പ്രത്യേകിച്ചും, മലയാളവിഭാഗത്തില്‍ അപ്രൂവല്‍ ലഭിച്ചവരുടെ, അതു ജല്‍സയ്ക്കു മുന്നില്‍ ലിസ്റ്റിലുള്ളവരുടെ അപ്രൂവ്ല‍ തീരുമാനിച്ചത് ആഴ്ചകള്‍ക്കുശേഷമാണ് എന്ന സത്യം അറിയുമ്പോള്‍. .

Comments are closed.