സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേൽ പിടിമുറുകുന്നു

സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേൽ പിടിമുറുകുന്നു

യുഎഇ സ്വർണ കമ്പോളത്തിന് കൂച്ചുവിലങ്ങു വീഴുവാനുള്ള സാധ്യത ശക്തിപ്പെടുന്നു. സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേലാണ് പിടിമുറുകുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര സംഘടനയായ ലണ്ടൻ ബുളളിയൻ മാർക്കറ്റ് അസോസിയഷനാണ് അനധികൃത തങ്കക്കട്ടി (ബുളളിയൻ) വ്യാപാരത്തിൻ്റെ പേരിൽ യുഎഇയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് – റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

നവംബർ ആറിന് കത്തിലൂടെയാണ് അസോസിയേഷൻ ഈ മുന്നറിയിപ്പ് നൽകുന്നത്. യുഎഇ, ചൈന, ഹോങ്കോങ്, ഇന്ത്യ, ജപ്പാൻ, റഷ്യ, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രിട്ടൻ, അമേരിക്ക രാഷ്ട്രങ്ങൾക്കാണ് കത്ത്. ഈ രാഷ്ട്രങ്ങളെയാണ് ലോകത്തിലെ പ്രധാന സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളായി അസോസിയേഷൻ കണക്കാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ, സ്വർണം എവിടെ നിന്ന് വാങ്ങുന്നതടക്കമുള്ള സ്വർണ ഇടപ്പാടുകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകത്ത രാഷ്ട്രങ്ങളെ കരിമ്പട്ടികയിലുൾപ്പെടുത്തുമെന്ന ശക്തമായ മുന്നറിയിപ്പാണ് ലണ്ടൻ ബുളളിയൻ മാർക്കറ്റ് അസോസിയഷൻ നൽകുന്നത്. ഈ വർഷം ഡിസംബർ 11 നകം മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തയ്യാറാണെന്ന് അറിയ്ക്കണം. മുന്നോട്ടുവയ്ക്കപ്പെട്ട മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി സ്വീകരിച്ച കർമ്മ പരിപാടികൾ അസോസിയേഷനുമായി ബന്ധപ്പെട്ട രാഷ്ട്രങ്ങൾ പങ്കു വയ്ക്കണമെന്നാണ് കത്ത് നിഷ്കർഷിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്ന രാഷ്ട്രങ്ങൾ രാജ്യാന്തര ബുള്ളിയൻ വിപണിയിൽ വിലക്ക് നേരിടേണ്ടിവരും

അനധികൃതവും സുതാര്യവുമല്ലാതെയുള്ള സ്വർണം ഉല്പാദനവും വ്യാപാരവും തടയിടുന്നതിൻ്റെ ദിശയിൽ കമ്പോള ഇടപ്പെടൽ നടത്തുവാനുള്ള അസോസിയേഷൻ്റെ ഭാഗത്തു നിന്നുള്ളആദ്യ ശ്രമമാണിത്. ബുള്ളിയൻ വ്യവസായത്തിൻ്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ചെയ്തികൾക്ക് കൂച്ചുവിലങ്ങിടുകയെന്നതാണ് ഈ ശ്രമത്തിലൂടെ അസോസിയേഷൻ ലക്ഷ്യം വയ്ക്കുന്നത്. ആഗോള ബുള്ളിയൻ വ്യാപാര മണ്ഡലത്തിൻ്റെ നിലവാരം ഉയർത്തുക. ഇതിനായി പ്രധാന വിപണികളുമായി സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. അസോസിയേഷൻ ശ്രമത്തിൽ അർത്ഥവത്തായതും ഫലപ്രദവുമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന രാഷ്ട്രങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കും – ലണ്ടൻ ബുളളിയൻ മാർക്കറ്റ് അസോസിയഷൻ ചീഫ് എക്സിക്യൂട്ടീവ് റൂത്ത് ക്രോവൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അസോസിയേഷൻ കത്ത് പ്രത്യേകിച്ചൊരു ബുള്ളിയൻ വ്യാപാര കേന്ദ്രത്തെ ലക്ഷ്യം വച്ചുള്ളതല്ല. എന്നാൽ ദുബായ് ബുള്ളിയൻ കമ്പോളത്തിലെ നിയമവിരുദ്ധവും അധാർമികവുമായ വ്യാപാര ഇടപ്പാടുകളെയാണ് മുഖ്യമായും അസോസിയേഷൻ ഉന്നംവച്ചതെന്ന് കത്ത് തയ്യാറാക്കുന്നതിലുൾപ്പെട്ടവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ബുള്ളിയൻ കമ്പോളങ്ങളിലൊന്നാണ് യുഎഇ. യുഎസ് ഡോളർ ബില്യൺ കണക്കിന് മൂല്യമുള്ള ബുള്ളിയൻ തൊഴിൽ നിയമങ്ങൾ അപ്പാടെ കാറ്റിൽപറത്തി പ്രവർത്തിക്കുന്ന ആഫ്രിക്കൻ ഖനികളിൽ നിന്നാണ് ദുബായിലെത്തുന്നത്. അനധികൃതമായാണേറെയുമെത്തുന്നത്.

ദുബായിൽ 10 ലധികം അനധികൃത സ്വർണ ശുദ്ധികരണ ശാലകൾ പ്രവർത്തിക്കുന്നുണ്ട്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ അനുമതി പത്രമില്ലാതെയാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്.

പ്രതിവർഷം ടൺ കണക്കിന് ബുള്ളിയൻ വ്യാപാരമാണ് യുഎഇയിൽ നടക്കുന്നത്. ഇതിലേറ്റവും കൂടുതൽ ദുബായ് സ്വർണ വിപണിയിൽ. കള്ളപ്പണമുപയോഗിച്ച് വാങ്ങിച്ചുകൂട്ടുന്ന ബുള്ളിയൻ അന്യരാജ്യങ്ങളിലേക്ക് കള്ളക്കടത്ത് നടത്തുന്ന ലോകത്തിലെ തന്നെ പ്രധാന കേന്ദ്രം കൂടിയാണ് ദുബായ്. ഇവിടത്തെ അനധികൃത ബുള്ളിയൻ ഇടപ്പാടുകളിലൂടെ തീവ്രവാദ സംഘടനകൾ ഫണ്ടുസ്വരൂപിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യാന്തര ബുള്ളിയൻ വിപണിയുടെ നിലവാരമുയർത്തുന്നതിൻ്റെ ദിശയിൽ രൂപവൽകരിക്കപ്പെട്ടി ട്ടുള്ള മാനദണ്ഡങ്ങൾ പാലിയ്ക്കാതെ മുന്നോട്ടുപോയാൽ യുഎഇയിൽ ബുള്ളിയന് രാജ്യാന്തര സ്വർണ കമ്പോളത്തിലേയ്ക്കുളള വിലക്ക് നേരിടേണ്ടിവരുമെന്ന താക്കീത് നൽകപ്പെടുന്നുണ്ട്.

രാജ്യാന്തര ബുള്ളിയൻ വിവണി പ്രവർത്തനങ്ങളുടെ നിലവാരമുയർത്തുവാനുള്ള മാനദണ്ഡങ്ങൾ ചൂണ്ടി കാണിച്ചുള്ള കത്ത് ലഭിച്ചാൽ അത് കൃത്യമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നതിൽ തങ്ങൾ പ്രത്യേകം ശ്രദ്ധ നൽകുമെന്ന് യുഎഇ വിദേശകാര്യ – രാജ്യാന്തര സഹകരണ മന്ത്രാലയം പറഞ്ഞു. ബുള്ളിയിൽ വിപണിയുമായ ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങടേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Post