കെ.സുധാകരൻ  കോൺഗ്രസ് രക്ഷകനോ?

കെ.സുധാകരൻ കോൺഗ്രസ് രക്ഷകനോ?

Kk Sreenivasan

പിണറായിയെ സമുദായം പറഞ്ഞ് അധിക്ഷേപിച്ച നേതാവാണ് കെ.സുധാകരൻ.  അത് പക്ഷേ  പിണറായിയുടെ ക്യാപ്റ്റൻസിക്ക് കൂടുതൽ കരുത്തേകി…. കെ.കെ ശ്രീനിവാസൻ, എഡിറ്റർ, എഴുതുന്നു

കെ.സുധാകരൻ  പിസിസി പ്രസിഡൻ്റായതോടെ കേരളത്തിലെ കോൺഗ്രസ് രക്ഷപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിലതിൻ്റെ പിൻബലമെന്ത്? വാചക കസർത്തും ശരീരഭാഷയും കെ.സുധാകരനുണ്ട്. അതുമാത്രം മതിയാകില്ല സിപിഎമ്മിനെ അടിയറവ് പറയിയ്ക്കാൻ . സുധാകരന് അക്രമ രാഷട്രീയത്തെ അക്രമ രാഷ്ട്രീയം കൊണ്ട് നേരിടുന്ന നേതാവെന്ന ഇമേജുണ്ട് . സുധാകരൻ്റെ ഈ ഇമേജിൽ അഭിരമിക്കുന്നവർ കോൺഗ്രസിലുണ്ട്. അത്തരക്കാർ കെ. സുധാകരനെ കോൺഗ്രസിൻ്റ രക്ഷകനായ് കാണുന്നുണ്ട്. അത് പക്ഷേ കണ്ണൂർ രാഷ്ട്രീയത്തിന് കൊള്ളാമായിരിയ്ക്കും.  സുധാകരൻ്റെ ഈ ഇമേജ് കേരള രാഷ്ട്രീയത്തിന് സ്വീകാര്യമാകണമെന്നില്ല.

സുധാകരൻ വക ചെത്തുകാരൻ്റെ മകനെന്ന അധിക്ഷേപം 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും നിലനില്പിലും പിണറായി ജനിച്ചു വീണ സമുദായത്തിൻ്റെ പിൻബലം ചെറുതല്ല. എന്നാൽ അധികാരലെത്തുമ്പോൾ പ്രസ്ഥാനം സവർണക്കൂറ് പ്രകടമാക്കുന്നവെന്ന മുറുമുറുപ്പ് പ്രസ്തുതുത സമുദായാംഗങ്ങൾക്കിടയിൽ തിണംവയ്ക്കുന്നതിൻ്റെ സൂചനകൾ പ്രകടമാകുന്നുണ്ടായിരുന്നു. ഈയവസരം ഉപയോഗപ്പെടുത്തുവാൻ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗത്തിൻ്റെ ശ്രമം മലബാറിൽ കണ്ടതാണ്.

തിരു-കൊച്ചി മേഖലയിൽ ശ്രീനാരായണ – അയ്യങ്കാളി  നവോത്ഥാന പ്രസ്ഥാനങ്ങൾ സജീവമായിരുന്നു.  ഈഴവ-ദളിത് മർദ്ദിത ജനതതിയുടെ സാമൂഹിക ഇടം  തിട്ടപ്പെടുത്തുന്നതിൽ നവോത്ഥാന പ്രക്രിയ വഹിച്ച പങ്ക് ചരിത്രമായി കുറിക്കപ്പെട്ടു.  എന്നാൽ  തിരു-കൊച്ചി മേഖലയിൽ കണ്ട ഈ നവോത്ഥാന പ്രകിയ ബ്രിട്ടിഷ് പ്രസിഡൻസിയുടെ  മലബാറിൽ സ്വാധീനം ചെലുത്തിയില്ല. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് മലബാറിലെ ഈഴവരാദി മർദ്ദിത ജനത ഒന്നടങ്കം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ  പിന്നിൽ അണിനിരന്നത്.

 ഈഴവരാദി മർദ്ദിത  ജനതയുടെ  പിന്നോക്കാവസ്ഥയെ സംബോധന ചെയ്യുന്നതിൽ  കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ രാഷ്ട്രീയ സമീപനം തടസ്സമായി. അതേസമയം മലബാറിലെ പ്രബല  ഈഴവ സമുദായത്തെ തങ്ങളുടെ വോട്ടുബാങ്കെന്ന നിലയിൽ കാത്തു സൂക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രത്യേകം ഊന്നൽ നൽകി. പാർട്ടി ജനായത്ത ഭരണത്തിലേറുമ്പോൾ അതിൻ്റെ തലപ്പത്ത് സവർണ നേതാക്കളെന്നതാകട്ടെ പ്രസ്ഥാനത്തിൻ്റെ പൊതുരീതിയുമായി. ഇത് ഈഴവ സമുദായം സാവധാനമെങ്കിലും തിരിച്ചറിയാൻ തുടങ്ങി. ഈ തക്കത്തിലാണ് ഈഴവ സമുദായ രക്ഷകനെന്ന സ്വയം പ്രഖ്യാപിത വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം മലബാറിൽ സജീവമാകുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

ഈഴവ ജനതതിയെ സാമുദായികമായി ഒറ്റക്കെട്ടായി അണിനിരത്താൻ  മലബാർ സംഗമമെന്ന മാമാങ്കം തീർത്തു വെള്ളാപ്പള്ളി. മലബാറിൽ പരിചതമില്ലാതിരുന്ന എസ്എൻഡിപി യോഗം ശാഖകൾ ഉയരാൻ തുടങ്ങി. രാഷ്ട്രീയ അപകടം സൂക്ഷ്മതയോടെ മനസ്സിലാക്കി എസ്എൻഡിപി യോഗത്തെ പ്രതിരോധിക്കുകയെന്നതിലായി കമ്യൂണിസ്റ്റ് പാർട്ടി ശ്രദ്ധ.  ഇക്കാര്യത്തിൽ പാർട്ടി ഉദ്യമം രാഷ്ട്രീയമായി വിജയിക്കുകയും ചെയ്തു. 

ഈഴവരാദി ജനതതി പാർട്ടിയുടെ നെടുങ്കോട്ടയെന്നവസ്ഥ നിലനിറുത്തുവാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് തുടരുന്നുണ്ട്. എങ്കിലും   കേരളത്തിലെ ഏറ്റവും വലിയ വോട്ടു ബാങ്കായ  സമുദായത്തിലെ പുത്തൻ പണക്കാർ സാവധാനമെങ്കിലും ബിജെപിയോട് അടുക്കുന്നുവെന്നവസ്ഥ പൊതുവെ സൃഷ്ടിക്കപ്പെട്ടു.

ശബരിമല ശാസ്താവിൻ്റെ മുഖ്യ വിശ്വാസി സമൂഹമെന്നത് ഇപ്പറഞ്ഞ സമുദായം. എന്നാൽ ശബരിമല കോടതിവിധിയുമായി ബന്ധപ്പെടുത്തി തങ്ങളുടെ ഇഷ്ടമൂർത്തിയുടെ അനുഷ്ഠാനങ്ങളെ സിപിഎം തകർക്കുവാൻ തുനിഞ്ഞിരിക്കുന്നുവെന്ന തോന്നൽ ഈ സമുദായത്തെ അലട്ടാതിരുന്നില്ല. ഈ സ്ഥിതിവിശേഷത്തിൽ  ബിജെപി ഹിന്ദുത്വ അജണ്ടയും  കോൺഗ്രസ് ഹൈന്ദവ രാഷ്ട്രീയ അജണ്ടയും ഈ സമുദായത്തിലേക്ക് ഒളിച്ചുകടത്താൻ കിണഞ്ഞുപരിശ്രമിച്ചു. പരിണിതിയെന്നോണം സിപിഎം അനുകൂല  സമുദായ വോട്ടു ബാങ്കെന്നതിൽ വിള്ളൽ വീഴ്ത്താൻ കോൺഗ്രസിനായിയെന്നത് 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞു.

2019 വേളയിൽ ബിജെപിയും ഈ സമുദായത്തിനുമേൽ സ്വാധീനം  ശക്തിപ്പെടുത്തുന്നതിൻ്റെ ചെറു സൂചനകൾ പ്രകടമാക്കാതിരുന്നില്ല. ശബരിമല വിഷയത്തിൽ ബിജെപി നിലപാടിലെ ആത്മാർത്ഥതയില്ലാഴ്മ തിരിച്ചറിയാൻ  പക്ഷേ  കേരളത്തിലെ ഏറ്റവും വലിയ പിന്നോക്ക സമുദായത്തിന്  അധികനാൾ വേണ്ടിവന്നില്ലെന്നത് 2020 പ്രാദേശിക സർക്കാർ തെരഞ്ഞെടുപ്പുഫലത്തിൽ വ്യക്തമായി. അപ്പോഴും ഈ സമുദായത്തിനുമേൽ പണ്ടേപോലുള്ള കുത്തകാവകാശം സിപിഎമ്മനല്ലെന്നത് പൊതുവെ പ്രകടമാക്കപ്പെട്ടുകൊണ്ടിരുന്നു. അതായത് ഈ സമുദായത്തിനുമേലുള്ള സിപിഎം ആധിപത്യത്തിൽ കാര്യമാത്രമായ വിള്ളൽ സൃഷ്ടിക്കുന്നതിൽ കോൺഗ്രസ് പ്രത്യേകം ഊന്നൽ നൽകിയിരുന്നു. 2019ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പു ഫലത്തിൽ ഇതിൻ്റെ ശക്തമായ ലക്ഷണങ്ങൾ കേരളം കണ്ടതുമാണ്.

പിണറായിയെ സമുദായം പറഞ്ഞ് അധിക്ഷേപിച്ച നേതാവാണ് കെ.സുധാകരൻ.  അധിക്ഷേപം പക്ഷേ  പിണറായിയുടെ ക്യാപ്റ്റൻസിക്ക് കൂടുതൽ കരുത്തേകി. ചെത്തുകാരൻ്റെ മകൻ  പിണറായി വിജയൻ മുഖ്യമന്ത്രിയായതിനെ അധിക്ഷേപിച്ചുള്ള കെ സുധാകരൻ്റെ നിരന്തര പ്രസ്താവനകൾ പരമ്പരാഗത ചെത്തുതൊഴിലാളി സമുദായത്തിൻ്റെ ഏകീകരണത്തിന് വഴിവയ്ക്കാതിരുന്നിട്ടില്ല.  സാമുദായികാടിസ്ഥാനത്തിൽ പാർട്ടികൾ നേടിയ വോട്ടുശതമാന കണക്കുകൾ ഇത് ശരിവയ്ക്കുക്കുന്നുണ്ടുതാനും.

സിപിഎമ്മിൽ നിന്ന് അകലുന്നതിൻ്റെ സൂചനകൾ നൽകിയിരുന്ന ചെത്തുതൊഴിലാളി സമുദായം സിപിഎമ്മിലേക്ക് തിരിച്ചുവരുന്നതിനുള്ള പ്രേരകഘടകമായി സമുദായത്തിൻ്റെ കുലതൊഴിലുമായി ബന്ധപ്പെടുത്തി  പിണറായിക്കെതിരെയുള്ള സുധാകരൻ്റെ അധിക്ഷേപം. ഇങ്ങനെ വാക്കുകളിലൂടെ കോൺഗ്രസിന് കുഴിതോണ്ടുന്ന സുധാകരൻ കോൺഗ്രസിൻ്റെ രക്ഷകനാകുമെന്ന് കരുതുന്നത് അക്രമ രാഷ്ടീയത്തെ അതേ നാണയത്തിൽ തിരിച്ചടിയ്ക്കണമെന്നതിൽ അഭിരമിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതായിരിക്കും.

ആർഎസ്എസ് സുധാകരൻ

ആർഎസ്എസ് രാഷ്ട്രീയത്തിൻ്റെ ഏറെ ദൂരത്തല്ലെന്നതിൻ്റെ സൂചനകൾ  നൽകിയിട്ടുള്ള കോൺഗ്രസ് നേതാവാണ് സുധാകരൻ. ഇങ്ങനെയുള്ള സുധാകരന് യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗുമായി ഉമ്മൻ ചാണ്ടി – ചെന്നിത്തല – മുല്ലപ്പള്ളിമാർ അനുവർത്തിച്ചുവരുന്ന സമീപനം അതേപ്പടി തുടരുന്നതിൽ വൈമുഖ്യമുണ്ടാകാം. കൊച്ചി – തിരുവിതാംകൂർ ക്രൈസ്തവ അരമനകൾ കയറിയിറങ്ങി പിന്തുണയുറപ്പിക്കുകയെന്നത് കോൺഗ്രസിൻ്റെ മുഖ്യ ചേരുവ.ഉമ്മൻ ചാണ്ടി – ചെന്നിത്തല – മുല്ലപ്പള്ളിമാർ ഇക്കാര്യത്തിൽ വ്യതിചലിച്ചതേയില്ല.  സുധാകരനെന്ന പിസിസി പ്രസിഡൻ്റിന് ഇതെല്ലാം പക്ഷേ പഴയപ്പടി അണുവിട തെറ്റാതെ കാത്തുസൂക്ഷിക്കുകയെന്നത് എളുപ്പമാകുമോയെന്ന് കണ്ടറിയണം.

ഉത്തര മലബാറിലെ ജയരാജന്മാർ – പിണറായി – കൊടിയേരിമാരെ വെല്ലുവിളിക്കുന്നതിലെ സുധാകര മികവ് കോൺഗ്രസിന് രക്ഷയാകുമെന്ന് കരുതപ്പെടുന്നതിൽ പിശകുണ്ട്. ഉത്തര കേരളത്തിലെ സിപിഎം വിരുദ്ധ രാഷ്ട്രീയ ശൈലി ശീലിച്ച നേതാവാണ് സുധാകരൻ. തിരു-കൊച്ചി  രാഷ്ട്രീയത്തിലെ ക്രൈസ്തവ സഭാ സ്വാധീന രാഷ്ട്രീയ  ചേരുവ സുധാകരൻ നന്നേ പഠിച്ചെടുക്കേണ്ടിവരും. പെരുന്ന-കണിച്ചികുളങ്ങര സാമുദായിക മേലാളന്മാരുമായുള്ള സഹവർത്തിത്വം പാലിക്കുന്നതിലാകട്ടെ  മുൻഗാമികളെപോലും അതിശയിപ്പിക്കുന്ന മെയ് വഴക്കം സുധാകരനിൽ നിന്ന് ദൃശ്യമാകുo. സാമുദായിക / വർഗീയ ശക്തികളോട് അകലം പാലിക്കുന്നുവെന്ന് സദാ അവകാശപ്പെടുന്ന സതീശന് ഇവിടെ സുധാകരനോട് ഒത്തുനിൽക്കുകയെന്നതിൽ ശങ്കയുണ്ടാകാനിടയില്ല.

പൂർണാധികാരം ദൂഷി പ്പിക്കപ്പെടരുതെന്ന ജാഗ്രത

ബംഗാൾ, കേരളത്തിലെ സെൽഭരണം. ഈ ദുരനുഭവങ്ങൾ ഉള്ളവരാണ് സിപിഎം.സെൽഭരണമെന്ന ചീത്തപേര് ആവൃത്തിയ്ക്കരുതെന്നതിൻ്റെ മുൻകരുതൽ വിഎസ് ഭരണ വേളയിൽ തന്നെ പ്രകടമായിരുന്നുവെന്നത് ശ്രദ്ധേയം. അക്കാര്യത്തിൽ പിണറായി സർക്കാരും  ജാഗ്രത പുലർത്തിയെന്നുവേണം പറയാൻ. അവർ കൃത്യമായ മുൻകരുതൽ എടുക്കും – കോൺഗ്രസിന് പഴുത് കൊടുക്കാതെ.  പൂർണാധികാരം ദൂഷി പ്പിക്കപ്പെടരുതെന്ന ജാഗ്രതയിൽ ഇനിയും പരമാവധി ഊന്നൽ നൽകപ്പെടാതിരിയ്ക്കില്ല.

2016 -21 ഭരണത്തിൽ  വോട്ടർമാരെ എങ്ങനെ സർക്കാർ ചെലവിൽ  വിലക്ക് വാങ്ങാമെന്നതിൻ്റെ പരീക്ഷണങ്ങൾ നടത്തി വിജയിച്ചവരാണ് സിപിഎം. 2024-26 വർഷങ്ങളിൽ ഈ പരീക്ഷണങ്ങൾ കുറെക്കൂടി ബലപ്പെടുത്തും. ഈ പരീക്ഷണങ്ങൾ 2026 ലെ തെരഞ്ഞെടുപ്പിൻ്റെ തലേ ദിനത്തിലായിരിക്കില്ലെന്നതിൽ പ്രത്യേക ഊന്നലും നൽകപ്പെടുമെന്നു ചുരുക്കം.

ചെന്നിത്തലയുടെ പ്രകടനം മോശമായിരുന്നില്ല. എന്നിട്ടും ഫലം കണ്ടില്ല. കാരണം  സർക്കാർ ചെലവിൽ വോട്ട് വാങ്ങൽ തന്ത്രത്തിൽ ചെന്നിത്തലയുടെ പ്രകടനം വോട്ടർമാർ കാണാൻ കൂട്ടാക്കിയതേയില്ല. കോൺഗ്രസിന്  ഭരണമില്ല.  സർക്കാർ ചെലവിൽ  ഇനിയും സിപിഎം വോട്ടു വാങ്ങും. ജനകീയ ക്ഷേമ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കും. അത് സുധാകരന് അന്തംവിട്ട് നോക്കിനിൽക്കാനേയാകൂ.

സ്ഥാനാർത്ഥി നിർണയ രീതിശാസ്ത്രം

സിപിഎമ്മിൻ്റെ സംഘടനാ രീതിയനുസരിച്ച് ഏകെജി സെൻ്റർ തീരുമാനമാണ് സ്ഥാനാത്ഥി നിർണ യത്തിൽ നിർണായകം. സിപിഎം നേതൃത്വം സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ ജയിപ്പിയ്ക്കാൻ സംഘടനാപരമായി തന്നെ താഴെതട്ടിലെ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്. ഈയൊരു ശീലം കോൺഗ്രസിന് ചിന്തിയ്ക്കുവാനേയാകില്ല. കോൺഗ്രസിൽ ഇത് അസാധ്യം. ഈ അസാധ്യതയെ സാധ്യതയാക്കി മാറ്റുവാനുള്ള ഭാഷയൊന്നും ശരീര ഭാഷ കൈമുതലായുള്ള കെ.സുധാകരനിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ.

സ്ഥാനാർത്ഥി പാനലാണ്. അതിൽ സ്ഥാനാർത്ഥിയാക്കപ്പെടുന്ന വ്യക്തിയെ പാനലിൽ കയറിക്കൂടി പുറത്തുപോയവർ പരമാവധി കാലുവാരുന്ന രീതിയുണ്ട്. അത് സുധാകരനല്ല ആരു വന്നാലും കോൺഗ്രസിൽ തുടരും. ഇത് സിപിഎമ്മിന് ഗുണം.

കോൺഗ്രസ് ബൂത്ത് – മണ്ഡലം – ബ്ലോക്ക് തലങ്ങളിലെ പ്രധാനി ബ്ലോക്ക് പ്രസിഡൻ്റ്. ഒരു അസംബ്ലി മണ്ഡലത്തിൽ ഒന്നോ രണ്ടോ ബ്ലോക്ക് പ്രസിഡൻ്റുമാർ. ഇവർ ജനങ്ങൾക്കിടയിൽ സജീവം.  മണ്ഡലത്തിലെ  ജനങ്ങളുമായി നിത്യബന്ധം പുലർത്തുന്നവരാണ്. ഇവർ എംഎൽഎ സ്ഥാനാർത്ഥി കുപ്പായം തുന്നി നടക്കുന്നവരാണ്. ഇതിനവർ അർഹരുമാണ്.

രണ്ടു ബ്ലോക്ക് പ്രസിഡൻ്റുമാരുണ്ടെങ്കിൽ പ്രവർത്തന മികവ്, ജനപ്രിയത, കറകളഞ്ഞ വ്യക്തിത്വം, ആദർശശുദ്ധി ഇതെല്ലാം കണക്കിലെടുത്ത് ഒരാൾ തുടക്കംമുതലേ എംഎൽഎ സ്ഥാനാർത്ഥിയെന്ന നിലയിൽ നിശ്ചയിക്കപ്പെടണം. വാർത്തെടുക്കണം. രണ്ടു ബ്ലോക്ക് പ്രസിഡൻ്റുമാർക്കിടയിലെ  സ്ഥാനാർത്ഥി നിശ്ചയം ആരംഭത്തിലേ വേണം. അതൊരിക്കിലും തെരെഞ്ഞടുപ്പു പ്രഖ്യാപന ദിനങ്ങളിലാകരുത്. ഇവർക്കിടയിലെ സ്ഥാനാർത്ഥി നിശ്ചയം തെരെഞ്ഞടുപ്പു പ്രഖ്യാപന വേളയിലെന്നുവന്നാൽ സ്ഥാനാർത്ഥിനിശ്ചയത്തിലകപ്പെടാതെ പോകുന്ന വ്യക്തിയിൽ നിന്ന് ശുഭകരമല്ലാത്ത നീക്കങ്ങൾ പ്രതീക്ഷിയ്ക്കാം. സ്ഥാനാർത്ഥി നിശ്ചയം തുടക്കത്തിലെങ്കിൽ അത്തരം നീക്കങ്ങളെ തടയിടാനുള്ള സവാകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല.

അതെ ബ്ലോക്ക് പ്രസിഡൻ്റുമാർ പരിഗണിക്കപ്പെടണം. എംഎൽഎ സ്ഥാനാർത്ഥി നിർണയത്തിൽ ഇവർ പക്ഷേ പരിഗണിക്കപ്പെടുന്നില്ല. മണ്ഡലത്തിലെ  ജനങ്ങളുമായി പേരിനുപോലും ബന്ധമില്ലാത്തവർ സ്ഥാനാർത്ഥികളാക്കപ്പെടുന്നു. ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ. പിസിസി ഭാരാവാഹികൾ. ടിവി ചാനലുകളിലെ എട്ടു മണി ചർച്ചാവിദഗ്ദ്ധരെന്ന് പറയുന്നവർ. അസംബ്ലി മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധമേതുമില്ലാത്ത ഇവരൊക്കയാണ്  തെരഞ്ഞെടുപ്പിൻ്റെ തലേന്നാൾ സ്ഥാനാർത്ഥിയായി ദില്ലിയിൽ പ്രഖ്യാപിക്കപ്പെടുന്നത്.

ദില്ലി സ്ഥാനാർത്ഥി  പ്രഖ്യാപനതോടെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡൻ്റുമാർ പ്രതീക്ഷയറ്റവരായി. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ  ഇവർ സജീവമാകില്ല. ആർക്കാനുംവേണ്ടി ഒക്കാനിക്കുന്ന രീതിയിൽ പ്രവർത്തിക്കും. മണ്ഡലത്തിലെ  ജനങ്ങളുമായി പേരിനുപോലും ബന്ധമില്ലാതെ സ്ഥാനാർത്ഥികളാക്കപ്പെടുന്നവർ എങ്ങാനും ജയിച്ചാൽ പിന്നെ അതോടെ എംഎൽഎയെന്ന മോഹത്തിൻ്റെ കൂമ്പ് എന്നന്നേക്കുമായി അടഞ്ഞേക്കുമെന്ന് ബ്ലോക്ക് പ്രസിഡൻ്റുമാർ കൃത്യമായി തിരിച്ചറിയും.

also read the article on the state of Congress :https://panancherynews.com/congress-declines-further-but-raghul-gandhi-can-succede/07/11/2020/

സിറ്റിങ് എംഎൽഎക്ക് വീണ്ടും മത്സരിക്കാമെന്ന കോൺഗ്രസ് രീതി ബ്ലോക്ക് പ്രസിഡൻ്റുമാരെ അലോസരമാക്കുമെന്നു പ്രത്യേകിച്ച് പറയണ്ടല്ലോ. അതായത്  ആദ്യ അവസരത്തിൽ എംഎൽഎയായൽ രണ്ടാം മൂന്നാം അവസരവും (പറ്റുമെങ്കിൽ ജീവിതാവസാനം വരെ) ജയിച്ച എംഎൽഎക്കെന്ന രീതി!  അപ്പോഴെക്കും പക്ഷേ എംഎൽഎ സ്ഥാനം സ്വപ്നം കണ്ടിരുന്ന ബ്ലോക്ക് പ്രസിഡൻ്റുമാരുടെ വിലപ്പെട്ട 15 വർഷം നഷ്ടം!  ഇങ്ങനെയൊരു 15 വർഷം നഷ്ടം അസഹനീയം. എന്തു ചെയ്യുമിവിടെ ബ്ലോക്ക് പ്രസിഡൻ്റുമാർ? തൻ്റെ സ്വപ്നം തകർത്തെത്തിയ സ്ഥാനാർത്ഥി ജയിക്കണ്ടെന്ന് തീരുമാനിയ്ക്കുക്കുക. ഇതിൽ നിന്ന്  സ്വ രാഷ്ട്രീയമെന്ന നിലയിൽമറ്റൊന്നും ചെയ്യാനില്ല മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട് ഊഷ്മള ബന്ധം ഊട്ടിയുറപ്പിച്ച ബ്ലോക്ക് പ്രസിഡൻ്റിന്.

ബ്ലോക്ക് ബ്ലോക്ക് പ്രസിഡൻ്റ്  എംഎൽഎ സ്ഥാനാർത്ഥി

ബ്ലോക്ക് പ്രസിഡൻ്റ്  എംഎൽഎ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടില്ലെന്നവസ്ഥ മാറണം. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് നിരന്തരം ബന്ധപ്പെടുന്ന ബ്ലോക്ക്  പ്രസിഡൻ്റ് എംഎൽഎ സ്ഥാനാർത്ഥിയെന്ന തീർത്തും നൂതന രീതി അവലംബിയ്ക്കപ്പെടണം. ഈ ദിശയിലുള്ള മൗലികമായ മാറ്റം എംഎൽഎ സ്ഥാനാർത്ഥി നിർണയത്തിൽ യാഥാർത്ഥ്യവൽക്കരിക്കപ്പെടണം. ഇവിടെയായിരിയ്ക്കും  സർക്കാർ ചെലവിൽ വോട്ടു വിലക്ക് വാങ്ങുവാൻ ശേഷിയാർജ്ജിച്ച സിപിഎമ്മിനെ 2026 മുതൽ നേരിടുവാനുള്ള പുതുപുത്തൻ ശേഷി കോൺഗ്രസ് പ്രകടമാക്കുക.

ഇക്കഴിഞ്ഞ അസംബ്ലി (2021) തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയമെടുക്കുക. വോട്ടർമാർക്ക് അപരിചിതനായിരുന്നു ദില്ലിയിൽ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥി ജോസ് വളളൂർ. ഏറെക്കാലമായുള്ള സജീവ പ്രവർത്തനത്തിലൂടെ  ഷാജി കോടങ്കണ്ടത്ത് എന്ന യുവ നേതാവ്  മണ്ഡലത്തിൽ പരിചിതനായിരുന്നു. 2021 തെരഞ്ഞെടുപ്പിൽ  ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുക. അതായിരുന്നു  മണ്ഡലത്തിലെ സജീവ പ്രവർത്തനങ്ങളിലൂടെ ഷാജി ഉന്നംവച്ചത്.

മണ്ഡലത്തിലെ ജനങ്ങൾ അറിയുന്ന ഷാജിയല്ല പക്ഷേ  ഒല്ലൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായത്. അത് ഇടതു സ്ഥാനാർത്ഥി അഡ്വ. കെ.രാജൻ്റെ വിജയത്തിനു് വേഗത കൂട്ടിയെന്നത് കണ്ടതല്ലേ? ഇത്തരത്തിലുള്ള സ്ഥാനാർത്ഥി നിർണയ രീതിയിലും കോൺഗ്രസ് അടിമുടി മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഇത്തരം മാറ്റങ്ങൾക്ക് കെ.സുധാകരൻ – വി ഡി സതീശൻ നേതൃത്വം പ്രാപ്തമാണെന്നു തെളിയിക്കുകയെന്നത് കടമ്പയാണ്.

എളുപ്പവഴിയിലൂടെ നേതാവ്

കോൺഗ്രസിലെ ഇപ്പോഴത്തെ രണ്ടാം/മൂന്നാം തലമുറ (ഇപ്പോഴത്തെ യുവജന വിഭാഗം) യാണ് 2026 ആകുമ്പോൾ ഏറെക്കുറെ ഒന്നാംനിര നേതൃത്വത്തിലെത്തുക.  പാർട്ടിക്കുള്ളിൽ സ്വാധീനമുള്ള നേതാക്കളുടെ പിറകെ കൂടുക. പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ തരപ്പെടുത്തിയെടുക്കുക. ഇതാണ് കോൺഗ്രസിലെ യുവജന വിഭാഗത്തിൻ്റെ  രാഷ്ട്രീയ പ്രവർത്തന രീതി. ഇത് എളുപ്പത്തിൽ നേതാവാകാനുള്ള രീതി. മുകൾതട്ടിൽ നിന്നല്ല നേതാവ് സൃഷ്ടിക്കപ്പെടേണ്ടത്. താഴെതട്ടിലെ ജനങ്ങളാണ്  നേതാവിനെ സൃഷ്ടിക്കേണ്ടത്.

ജനങ്ങളുമായുള്ള നല്ല ബന്ധമാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ അവശ്യംവേണ്ടതെന്നത് ഇവർക്കറിയില്ല. ജനങ്ങളുമായി ഊഷ്മള ബന്ധമുറപ്പിക്കുന്ന രാഷ്ടീയ പ്രവർത്തന രീതിയ്ക്ക് മാത്രമേ സ്ഥായിയായി നിലനിൽക്കുവാനാകൂവെന്ന രാഷ്ട്രീയ ബോധ്യം നാളെ ഒന്നാംനിര നേതൃത്വത്തിലെത്തേണ്ടവർക്ക് ഇന്നുണ്ടാകണം. യുവനേതാക്കൾക്ക് തെരഞ്ഞടുപ്പുകളിൽ മത്സരിക്കുവാനുള്ള അവസരം നൽകപ്പെടുന്നുണ്ട്.

വയസ്സന്മാരായ നേതാക്കളും മത്സരിക്കുന്നു. അവരിൽ  ഏറിയകൂറും വീണ്ടുo തെരഞ്ഞെടുക്കപ്പെടുന്നുവെന്നത് ഏറെ ശ്രദ്ധേയം. യുവതുർക്കികളുടെ വിജയശതമാനം പക്ഷേ  നന്നേ ശുഷ്ക്കം. ഇതെന്തുകൊണ്ടെന്ന് ആഴത്തിൽ പരിശോ[ന ആവശ്യം. യുവനിരയുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ ആദർശത്തിൻ്റെ, സത്യസന്ധതയുടെ അളവ് പരിശോധിക്കപ്പെടുകയെന്നതും മുഖ്യം. ഇക്കാര്യത്തിൽ തമ്മിൽ ഭേദം അവശേഷിക്കുന്ന ഒന്നാംനിര കോൺഗ്രസ് നേതാക്കൾ തന്നെയെന്നു പറയുന്നതിൽ തെറ്റില്ല.

ഒരനുഭവം

തൃശൂർ ജില്ല പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസിയായ ഈ ലേഖകനുണ്ടായ ഒരനുഭവം പങ്കുവയ്ക്കാം. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ അവസരം തരപ്പെടുത്തിയ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി. തെക്കൻ ജില്ലയിൽ നിന്നെത്തി പ്രദേശവാസിയായ പുതുമുഖം. വാർഡിലെ ജനങ്ങളുമായി ബന്ധമേതുമില്ല. നോമിനേഷൻ കൊടുത്തത്തിനു ശേഷം സ്ഥാനാർത്ഥി വീട്ടിൽ വന്നു. താനൊരു പത്രപ്രവർത്തകനെന്ന് ആരോ പറഞ്ഞുകേട്ടതിൻ്റെ അടിസ്ഥാനത്തിലായിരുന്നു വരവ്. ‘ചേട്ടാ’യെന്ന അഭിസംബോധനയോടെ സ്ഥാനാർത്ഥിത്വത്തെ, വിജയ സാധ്യതകളെക്കുറിച്ചെല്ലാം അവർ സംസാരിച്ചു.

ആവശ്യത്തിലധികം ചേട്ടാ വിളികൾക്കിടയിൽ വാർഡിൽ കാര്യമായി ആർക്കും തന്നെ പരിചയമില്ലെന്നത് വിജയത്തെ ബാധിക്കമോയെന്ന ആശങ്കയും അവർ പങ്കുവച്ചു.  തെരഞ്ഞെടുപ്പുഫലം വന്നു. ചേട്ടായെന്ന് വിളിച്ച് തന്നെ കാണാൻ വന്ന സ്ഥാനാർത്ഥി ജയിച്ചു. ജയിച്ചതിനു ശേഷം കണ്ടുമുട്ടിയപ്പോൾ അവർ വിളിച്ചത് എൻ്റെ പേരാണ്! ജയിച്ചതോടെ ചേട്ടൻ വിളിയങ്ങ് വേണ്ടെന്നുവച്ചു! ഇന്നവർ സർവ്വ നിലയ്ക്കും മാറി! ഇതാണ് പൊതുവെയുള്ള കോൺഗ്രസ്‌! ഇത്തരം രീതികൾ രാഷ്ടീയ പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന്  പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും  തിരിച്ചറിയണം. കോൺഗ്രസിൻ്റെ ജനകീയതക്ക് ഇത്തരത്തിലുള്ള തിരിച്ചറിവുകൾ മുതൽകൂട്ടാകുമെന്ന് വ്യക്തിപരമായ അനുഭവത്തിൻ്റെ വെളിച്ചത്തിൽ തന്നെ പറയേണ്ടിയിരിക്കുന്നു.

ബിജെപിയെ സൂക്ഷിക്കണം കോൺഗ്രസ്

ഇപ്പോഴത്തെ വീഴ്ച്ചവച്ച് ബിജെപിയെ അളക്കരുത്. ബിജെപിയെ കോൺഗ്രസ് വിലകുറച്ച് കാണരുത്. 2024 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ യൂണിയൻ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ കോൺഗ്രസിനായില്ലെങ്കിൽ അത് കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം സാധൂകരിക്കപ്പെടുമെന്നതാകും. അത്തരമൊരവസ്ഥ കേരളത്തിലെ കോൺഗ്രസിനുള്ളിൽ ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചേക്കും. ബിജെപിയിലേക്കുള്ള ഒഴുക്ക് ഹിന്ദി ബെൽറ്റിലെന്ന പോലെ ഇവിടെത്ത കോൺഗ്രസ് നേതൃതലത്തിലും കണ്ടുതുടങ്ങും.  അനന്തരഫലമെന്നോണം 2026 ലെ അസംബ്ലി തെരഞ്ഞടുപ്പിൽ സിപിഎമ്മിന് നേരിടേണ്ടിവരിക ബിജെപിയെയായിരിയ്ക്കും. കോൺഗ്രസിനെയായിരിയ്ക്കില്ല.

കേരളത്തിലെ ബിജെപിക്ക് ദീർഘകാല രാഷ്ട്രീയ പദ്ധതിയാണ്. 2026 അതല്ലെങ്കിൽ 2031.  സിപിഎമ്മിനെയും കോൺഗ്രസിനെയും മറികടന്ന് തങ്ങൾക്ക് ഒന്നാമത് എത്താമെന്ന രാഷ്ട്രീയ മോഹമുള്ളവരല്ല കേരളത്തിലെ ബിജെപി. എന്നാൽ കോൺഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനമെന്ന മോഹത്തിലാണവർ. കേരളത്തിലെ കോൺഗ്രസിൻ്റെ തളർച്ച തീർക്കുന്ന ശൂന്യതയെ നികത്തുകയെന്നതാണ് ഇവിടത്തെ ബിജെപി ലക്ഷ്യം. ബിജെപി സിപിഎമ്മിനെയല്ല കോൺഗ്രസിനെയാണ് ലക്ഷ്യംവയ്ക്കുന്നത്.

കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ പദ്ധതി കൃത്യമായി തിരിച്ചറിയുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കെ.സുധാകരൻ സുക്ഷ്മതയോടെ നിറവ്വേറ്റേണ്ടതുണ്ട്. സംഘപരിവാറിലേക്ക് ദൂരമധികം താണ്ടേണ്ടിവരില്ലെന്നതിൻ്റെ സൂചനകൾ നൽകിയിട്ടുള്ള കെ.സുധാകരനെന്ന പിസിസി പ്രസിഡൻ്റ് ഇപ്പറഞ്ഞ ഉത്തരവാദിത്തത്തിൽ വീഴ്ച്ചവരുത്തുകയില്ലെന്നതും കേരളത്തിലെ കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ നിർണായകമാകാതിരിക്കില്ല.

 

 

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…

One Comment

Comments are closed.