മോദിസർക്കാർ വിദേശനയം വിജയമോ?

മോദിസർക്കാർ വിദേശനയം വിജയമോ?

  This article discusses Indo-China relations under the Modi Regime –  China’s BRI is a factor

കെ.കെ ശ്രീനിവാസൻ kk sreenivasan

മോദിഭരണത്തിന്റെ അഞ്ചുവർഷത്തിലേക്കുള്ള നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇക്കാലമത്രയായ മോദി ഭരണവേളയിൽ ഇന്ത്യയുടെ വിദേശനയം അന്തർദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ബാക്കി. അന്തർ ദേശീയ രാഷട്രീയത്തിന്റെ അകത്തളങ്ങളിൽ ഇന്ത്യയെ പ്രതിഷ്ഠിച്ചത് നെഹ്രുയുൾപ്പെടെ നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾ. ഈ സർക്കാരുകളുടെ വിദേശ നയ മികവിൽ മോദിയുടെ വിദേശ നയമെത്തുമോയെന്ന പരിശോധന ആവശ്യപ്പെടുന്നുണ്ട്.

Business plus 08.12.2018, kk Sreenivasan

ചരിത്രം നിർമ്മിക്കുകയാണ്. ഒപ്പം പഥ്യമല്ലാത്ത ചരിത്രം അപനിർമ്മിക്കപ്പെടുന്നു. മോദി വൃന്ദമാണ് തങ്ങൾക്കാവശ്യമായ ചരിത്രം നിർമ്മിക്കുന്നതും വേണ്ടാത്തവ അപനിർമ്മിക്കുന്നതും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ആധുനിക ഇന്ത്യയുടെ ശില്പി. തികഞ്ഞ മാനവീകതാവാദി. ഉയർന്ന ശാസ്ത്ര ബോധത്തിന്റെ ഉടമ. ഈശ്വര വിശ്വാസത്തിന്റെ തടവുക്കാരനോ അതല്ലെങ്കിൽ ഈശ്വര നിഷേധിയോയല്ല. ‘ഇന്ത്യയെ കണ്ടെത്തിയ’ എഴുത്തുക്കാരൻ. ഇപ്പറഞ്ഞ സവിശേഷ വ്യക്തിത്വത്തിന്റെ പിൻബലമാണ് ആധുനിക ഇന്ത്യയുടെ ശില്പിയെന്ന ഖ്യാതി നെഹ്രുവിനെ തേടിയെത്തിയത്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയ ആശയ സംസ്ഥാപനം ലക്ഷ്യംവയ്ക്കുന്ന മോദിവൃന്ദം ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് നെഹ്രുവിനെയും ഒപ്പം കോൺഗ്രസിനെയും മായ്ച്ചുകളയുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ആഗോള നയ തന്ത്രജ്ഞതയുടെ പ്രതിഭയെന്നതാണ് അന്തർദേശീയ രാഷ്ട്രീയ ചരിത്രത്തിൽ നെഹ്രുവിന്റെ സ്ഥാനം. അന്തർദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി ലോക രാഷ്ട്രങ്ങൾ കാതോർത്തിരുന്നു. നെഹ്രു – കോൺഗ്രസ് പൈതൃകം സർദാർ വല്ലഭായ് പട്ടേലിലൂടെ എഴുതിതള്ളാൻ ശ്രമിക്കുന്ന മോദിയെ പക്ഷേ അന്തർദേശീയ രാഷ്ട്രീയ ചരിത്രത്തിലിടം നേടാതെ പോയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന അപഖ്യാതിയാണ് കാത്തിരിക്കുന്നത്.

മോദി വിദേശയാത്രയിലാണ്

2014 മെയ് 26 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നാൾ മുതൽ അത്യാഢംബരത്തിന്റെ കോട്ടും. സൂട്ടുമിട്ട് മോദി വിദേശ രാജ്യങ്ങളിൽ പറന്നിറങ്ങുകയാണ്. മോദിയുടെ വിദേശയാത്രകൾ / വിദേശനയം പക്ഷേ അന്തർദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുവാൻ പോന്നവയാണോ? ഈ സംശയം ദൂരീകരിക്കുക മോദി സർക്കാരിനും എളുപ്പമാകില്ല.

2018 ജൂലായ് 20 വരെ 84 രാഷ്ട്രങ്ങൾ മോദി സന്ദർശിച്ചു. ഇതിനായി 1484 കോടി രൂപ ചെലവഴിക്കപ്പെട്ടു ( രാജ്യസഭ ചോദ്യോത്തരം, വി കെ സിങ്, രാജ്യരക്ഷ സ ഹമന്ത്രി, 2018 ജുലായ് 20). 2015 ഏപ്രിൽ 9 -17 വരെ നടത്തിയ ഫ്രാൻസ്, ജർമ്മനി, കാനഡ സന്ദർശത്തിനായി മാത്രം ചെലവഴിക്കപ്പെട്ടത് 32 കോടി. നാല് വർഷത്തിനുള്ളിൽ 171 ദിവസവും മോദി വിദേശ സന്ദർശനത്തിലായിരുന്നു. പ്രധാനമന്ത്രി കാലയളവിന്റെ 12 ശതമാനം സമയവും മോദി വിദേശ ടൂറിൽ (ഹിന്ദു, ജലായ് 21, 2018) .

2018 നവംമ്പർ 18 ന് അപ്ഡേറ്റ് ചെയ്തിട്ടുള്ള പ്രധാനമന്ത്രി കര്യാലയ വെബ്ബസൈറ്റിൽ മോദിയുടെ വിദേശയാത്രകളുടെ അപൂർണ വിവരങ്ങൾ ലഭ്യമാണ്. 2016 ഏപ്രിലിൽ സ്വീഡൻ, യു.കെ, ജർമ്മനി യാത്രകളുടേതു മുതൽ 2018 നവംമ്പർ 13 – 15 വരെയുള്ളവയുടെ ചെലവുവിവരങ്ങൾ ഇനിയും സൈറ്റിൽ ലഭ്യമാക്കപ്പെട്ടിട്ടില്ല !

ഇത്രയൊക്ക കോടികൾ ചെലവഴിക്കപ്പെട്ട വിദേശയാത്രകളിൽ നിന്ന് രാജ്യം എന്തു നേടിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. വിദേശ യാത്രകളിലെ മുഖ്യയിനം യോഗയുടെയും ആയുർവ്വേദത്തിന്റെയും പ്രചരണം. സന്ദർശന രാഷ്ട്രങ്ങളിലെ ഇന്ത്യൻ സമൂഹം തനിക്കായി നിറപ്പകിട്ടാർന്ന വരവേല്പ് ചടങ്ങുകൾ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ മോദിക്ക് പ്രത്യേകം ശ്രദ്ധ. ഹിന്ദുത്വത്തിൽ ഊതികാച്ചിയെടുക്കപ്പെട്ട തീവ്ര ദേശീയത വിക്ഷേപിക്കുന്നതിനായുള്ള ഇത്തരം ചടങ്ങുകളിലാണ് വിദേശ സന്ദർശനവേളയിൽ മോദിയുടെ മുഖ്യ ഊന്നൽ. സെമറ്റിക്ക് മതങ്ങളുടെ പരിസരത്ത് ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാരാകട്ടെ പൊതുവെ ഹിന്ദുത്വ ആശയങ്ങളോട് ആഭിമുഖ്യമുള്ളവർ. ഇതിനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കുന്നതിനായുള്ള മെയ് വഴക്കം വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുമ്പോൾ മോദി പ്രത്യേകം പ്രകടിപ്പിക്കുന്നുണ്ടുതാനും.

വീക്ഷണം, ഒക്ടോബർ 2018, കെ കെ ശ്രീനിവാസൻ

തനിക്ക് അഭിമതരായ ഇന്ത്യൻ കോർപ്പറേറ്റുകളുടെ വാണിജ്യ വ്യാപാര കൊടുക്കൽ – വാങ്ങലുകൾക്കുള്ള വേദികളൊരുക്കുകയെന്നതും മോദിയുടെ വിദേശ സന്ദർശന അജണ്ടയിലെ പ്രധാന ചേരുവ. അന്തർദേശീയ സാമ്പത്തിക രംഗത്ത് മൈത്രി മുതലാളിത്തത്തിന്റെ മുഖ്യ പ്രചാരകനാണ് മോദി. ഇതല്ലാതെ നെഹ്രു മുതൽ മൻമോഹൻ സിങ്ങ് കോൺഗ്രസ് സർക്കാരുകൾ അടിത്തറയിട്ട ശ്രദ്ധേയമായ അന്തർദേശീയ നയതന്ത്ര ബാന്ധവങ്ങൾക്ക് സമാനമായവ കെട്ടിപ്പടുക്കുന്നതിൽ മോദിയുടെ വിദേശയാത്രകളും വിദേശ നയവും ഫലവത്തായി കാണുന്നില്ല.

അന്തർദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുവാൻ മോദിയുടെ നിരന്തര വിദേശ യാത്രകൾക്കായിട്ടുണ്ടെന്ന് സമ്മതിക്കത്തക്ക നയതന്ത്ര നീക്കങ്ങൾ തുച്ഛം. തൊട്ടടുത്ത അയൽ രാഷ്ട്രം പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ കാര്യമെടുക്കുക. ഇക്കാര്യത്തിൽ മാറ്റത്തിന്റെ സാധ്യതകൾ തേടിയുള്ള ക്രിയാത്മക നയതന്ത്ര നടപടികളേതുമില്ല. ഇന്ത്യ – പാക്ക് പരമ്പരാഗത വൈരത്തിന്റെ അന്തരീക്ഷം തണുപ്പിക്കുന്നതിൽ ഉഭയകക്ഷി ചർച്ചകളും സംഭാഷണങ്ങളും കൂടിയാലോചനകളും ഒഴിച്ചുകൂടാനാകത്തതാണെന്ന് പലവട്ടം
തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നയതന്ത്രം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ പക്ഷേ മോദി സർക്കാർ അമ്പേ പരാജയമാണെന്ന് ഈ രംഗത്തെ തിങ്ക് – ടാങ്കുകൾ അടിവരയിടുന്നു ( www.outlookindia.com/website/amp/me-first-the-core-of-modi-doctrine-of-foreign-policy-damaging-for-india/299892 ).

2015 ഡിസംബർ 24 ന് ക്ഷണിക്കപ്പെടാതെ അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ പേരമകളുടെ വിവാഹ ചടങ്ങിൽ മോദി പങ്കെടുത്തു. ഷെരിഫിന്റെ 66ാം പിറന്നാൾ ദിനത്തിൽ ട്വിറ്ററിലൂടെ ആശംസകൾ ചൊരിഞ്ഞു. ഇവയൊന്നും പക്ഷേ ഇരു രാഷ്ട്രങ്ങൾക്കിടയിലെ തർക്ക പരിഹാരത്തിന്റെ ചെറു സാധ്യതകൾ പോലും തുറക്കുവാനുള്ള നയതന്ത്ര നീക്കത്തിന്റെ ഗണത്തിലുൾപ്പെടുത്തേണ്ടവയായിരുന്നില്ല.

ഇമ്രാഖാന്റെ ഇസ്ലാമാബാദുമായി മോദിയുടെ ദില്ലിക്ക് സൗഹാർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുവാനാകുന്നില്ല.
കാശ്മീർ താഴ്വര കൂടുതൽ അശാന്തിയുടെ കരിനിഴലിൽ തന്നെ. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോദ് സിങ് സിദ്ദു ഇമ്രാ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണിക്കപ്പെട്ടതിലെ മോദി സർക്കാർ നീരസം പോലും ഇന്ത്യാ – പാക്ക് ബന്ധത്തിൽ പ്രതിഫലിച്ചു. മോദി സർക്കാർ പിന്തുടരുന്ന സങ്കുചിത നയതന്ത്രമാണ് ഇവിടെ സുവിദിതമായത്.

ഇന്ത്യ – ചൈന ബന്ധം

ഇന്ത്യ – ചൈന ബന്ധത്തിലും മോദി സർക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെയ്പ്പുകളുണ്ടായിട്ടില്ല. 2017 ജൂൺ മധ്യത്തിൽ ഇന്ത്യ – ഭൂട്ടാൻ – ചൈന അതിർത്തിയിലെ ദോക്ക് ലാം മേഖലയെ ചൊല്ലി ഇരു രാഷ്ടങ്ങളുംയുദ്ധത്തിന്റെ വക്കോളമെത്തി. മേഖലയിലെ ചൈനീസ് റോഡ് നിർമ്മാണത്തിന് ഇന്ത്യ തടസ്സവാദമുന്നയിച്ചതായിരുന്നു കാരണം. എന്നാൽ 2017 ആഗസ്ത് 28 ന് ഇരു രാഷ്ട്രങ്ങളും യുദ്ധസമാന അന്തരീക്ഷത്തിൽ വ്യാപൃതരാകേണ്ടതില്ലെന്ന് എടുത്തുപറയത്തക്ക നയതന്ത്ര നീക്കങ്ങളില്ലാതെ തന്നെ തീരുമാനിക്കുകയായിരുന്നു. അതു കൊണ്ടുതന്നെയിത് കേവലം സന്തുലിത ബലാബലത്തിലൂന്നിയുള്ള നയതന്ത്ര വിജയമായി പരിഗണിക്കപ്പെടേണ്ടതല്ല.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപം എട്ട് ബില്യൺ ഡോളറിന് മുകളിലാണ്. പോയ വർഷ കണക്ക് പ്രകാരം ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ 88.44 ബില്ലൺ ഡോളറിന്റെ വളർച്ച. ചൈനയുമായുള്ള വ്യാപാരത്തിൽ 52 ബില്യൺ ഡോളർ കമ്മിയിലാണ് ഇന്ത്യ.
വ്യാപാരക്കമ്മി കുറയ്ക്കുന്നതിനെ മുൻനിറുത്തി ഇനിയും ഇന്ത്യയിൽ ചൈന നിക്ഷേപമിറക്കണമെന്ന നിലപാടിലാണ് ഇന്ത്യ ( timesofindia.com/business/india-business/china-says-its-investment-in-india-crossed-8-billion/amp_articleshow/63928323.cms ). ഇത്തരമൊരു സാമ്പത്തികാധിഷ്ഠിത താല്പര്യങ്ങളുടെ പശ്ചാത്തലത്തിൽ കേവലം ഒരു റോഡുനിർമ്മാണ തർക്കം യുദ്ധത്തിലേക്ക് വഴിമാറുന്നുവെന്നു വന്നാലത് ഇരു രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥക്കുമേൽ വരുത്തിവയ്ക്കാവുന്ന ആഘാതം ഒട്ടുമേ ചെറുതായിരിക്കില്ലെന്ന തിരിച്ചറിവാണ് മുഖ്യം.

രാജ്യാതിർത്തികൾ കടന്നുള്ള ധന മൂലധനത്തിന്റെ കൊടുക്കൽ വാങ്ങലുകൾ ശരവേഗത്തിലാണ്. അതിൽ നിന്നുള്ള വൻ വ്യാപാര – വാണിജ്യ വരുമാനത്തിലും ലാഭത്തിലും ഒപ്പം സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലുമാണ് കണ്ണ്. അതിനാൽ തന്നെ പരസ്പര സർവ്വനാശത്തിന്റെ യുദ്ധ സാധ്യതകൾക്ക് പണ്ടേ പോലെ ഇടമി ല്ലെന്നതിന്റെ പ്രതിഫലനമാണ് പൊടുന്നനെയുള്ള ദോക്ക് ലാം പ്രശ്നപരിഹാരം. ഇവിടെയാണ് ദോക്ക് ലാം പ്രശ്നപരിഹാരം മോദി സർക്കാരിന്റെ നയതന്ത്ര വിജയമെന്ന നിലയിൽ പരിഗണിക്കപ്പെടാതെപോകുന്നത്. ഇന്ത്യ – ചൈന സാമ്പത്തിക താല്പര്യങ്ങളാണ് മുഖ്യമായും ദോ ക്ക് ലാം തർക്ക ശമനത്തിൽ പ്രതിപ്രവർത്തിച്ചിട്ടുള്ളതെന്ന് സാരം.

ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ്

കുമിഞ്ഞുകൂടിയിട്ടുള്ള ധനമൂലധന പിൻബലത്തിലുള്ള പുത്തൻ ചൈനീസ് സാ മ്രാജ്യത്വത്തിന്റെ തന്ത്രപ്രധാന താല്പര്യാധിഷ്ഠിത
സ്വപ്ന പദ്ധതിയാണ് ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർ
ഐ). ധനമൂലധനം ഭൂഖണ്ഡാന്തര വിപണിയിലെത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ചൈനയുടെ ലക്ഷ്യം. ദക്ഷിണ പൂർവ്വേഷ്യ, പേർഷ്യൻ ഗൾഫ്, വടക്കേ അമേരിക്ക, യുറോപ്പ്, ആഫ്രിക്കയെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ 71 രാഷ്ട്രങ്ങൾ ഭാഗഭാക്കാകുകയാണ്. ഒരു ട്രില്യൺ ഡോളർ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന പദ്ധതി ആഗോള ജിഡിപിയുടെ 30 ശതമാനം പങ്കുപറ്റി ലോകത്തിന്റെ പകുതിയോളം ജനസംഖ്യയെ ബന്ധിപ്പിക്കുന്നു. ഇതിനെതിരെ പക്ഷേ ആഗോള രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇതിനകം തന്നെ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രങ്ങളെ വായ്പാ കെണിയലകപ്പെടുത്തുന്ന ചൈനീസ് നയതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വിലയിരുത്തലിനെ ശരിവയ്ക്കുംവിധമുള്ള റിപ്പോർട്ടുകളാണ് പ്രത്യേകിച്ചും ഇന്ത്യയുടെ തൊട്ടടുത്ത അയൽ രാഷ്ടങ്ങളിൽ നിന്ന് കേൾക്കുന്നത്‌.

നേപ്പാൾ, ശ്രീലങ്ക, ബർമ്മ , മാലിദ്വീപ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളും ബൽറ്റ് ആന്റ് റോഡ് പദ്ധതി പങ്കാളികൾ. കോടാനുകോടി ഡോളർ വായ്പകളാണ് ചൈന ഇവർക്ക് നൽകിയിട്ടുളളത്. ശ്രീലങ്കയും നേപ്പാളുമൊക്ക തിരിച്ചടവ് വിഴ്ചയിലകപ്പെട്ട് ചൈനീസ് അധിനിവേശത്തിലേക്ക് വഴുതിവീഴുകയാണ്. വായ്പാ തിരച്ചടവ് വീഴ്ചയിലകപ്പെട്ടതോടെ ശ്രീലങ്കയുടെ 1.5 ബില്യൻ ഡോളർ ഹംബന്തോട്ട തുറമുഖ പദ്ധതി ഇതിനകം തന്നെ ചൈനയുടെ കൈപ്പിടിയിലായി.

നേപ്പാളും ചൈനീസ് വായ്പാ പട്ടികയിൽ. ഹിമാലയൻ മേഖലയിൽ ടിബറ്റൻ അതിർത്തി വരെ 72 . 25 കി.മീറ്ററിൽ റെയിൽപാതാ പദ്ധതി. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലക്കടക്കം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് 2.4 ബില്യൺ ഡോളർ പദ്ധതി. എന്നാൽ പ്രതീക്ഷിക്കപ്പെടുമ്പോലെ വിജയകരമാകില്ലെന്നതിനാൽ വായ്പ തിരിച്ചടയ്ക്കാനാകാതെ ചൈനയുടെ കടകെണിയിൽ നേപ്പാളും അകപ്പെട്ടേക്കുമെന്ന ആശങ്കകൾ ഇപ്പോഴെ ശക്തിപ്പെട്ടിരിക്കുകയാണ് ( https://scroll.in/article/902680/after-sri-lanka-will-nepal-be-stuck-in-a-debt-trap-with-china-over-one-belt-one-road-projects).

ബലൂച് തീവ്രവാദ കേന്ദ്രമായ ബലൂചിസ്ഥാനെ ഉൾപ്പെടുത്തി പാക്ക് – ചൈെന സ്വപ്ന പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ തന്ത്രപ്രധാന  പാക്ക് തുറമുഖമായ ഗ്വാദറിൽ നിന്നു തുടങ്ങി ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ സിൻജിയാങ്ങിലെ കാഷ്ഗർവരെ  വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക ഇടനാഴിയാണ് ഇൗ പദ്ധതി. റോഡുകൾ, റയിൽപ്പാതകൾ, എണ്ണ – പ്രകൃതി വാതക പൈപ്പ് ലൈൻ, വാർത്താവിനിമയ സൗകര്യ വികസനം തുടങ്ങിയവ
ഇതിലുൾപ്പെടുന്നു. ബിആർഐയിലെ 62 ബില്യൺ ഡോളറിന്റെ ചൈന – പാക്ക് ഇക്കണോമിക്ക് കോറിഡോറി (സി പി ഇ സി ) ന്റെ ഭാഗമാണിത്. ചൈനയുടേയതാണ് ഇതിന്റെ 80 ശതമാനം വായ്പയും.

ഇക്കണോമിക്ക് കോറിഡോറിൽ അഫ്ഗാനിസ്ഥാനെ യുൾപ്പെടുത്തിയതോടെ അഫ്ഗാനും 50 ബില്യൺ ഡോളറിന്റെ ചൈനയുടെ വായ്പാ സ്വീകർത്താവായി. 7.3 ബില്യൺ ഡോളർ ക്വാക്ക് പ്യൂ ആഴക്കടൽ തുറമുഖ പദ്ധതി രാജ്യത്തെ വൻ കടകെണിലകപ്പെടുത്തുമെന്നതിനാൽ വായ്പ 1.3 ബില്യണാക്കി കുറക്കുവാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബർമ്മീസ് ഭരണകൂടം. 2016 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ ഡാക്ക സന്ദർശനവേളയിൽ വായ്പയടക്കമുള്ള 25 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവക്കപ്പെട്ടു. ഇതോടെ ബംഗ്ലാദേശും ചൈനയുടെ കടക്കാരായി.

മാലിദ്വീപ് പാടേ ചൈനീസ് ചൊൽപ്പടിയിലായി. അബ്ദുള്ള യമീൻ പ്രസിഡന്റായതോടെയാണ് ഇന്ത്യയുടെ പരമ്പരാഗത സഖ്യ രാജ്യമായ മാലിദ്വീപ് ചൈനീസ് പക്ഷത്തേക്ക് കൂടുമാറുന്നത്. ബി ആർഐ പ്രകാരുള്ള വൻകിട പദ്ധതികൾക്കായി 2.5 ബില്യൺ ഡോളർ വായ്പ മാലിദ്വീപ് ചൈനയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. മാലിദ്വീപിന്റെ 70 ശതമാനം വായ്പകളും ചൈനയിൽ നിന്ന്. ഇതിലുടെ മാലിദ്വിപിന്റെ പരമാധികാരവും സ്വാതന്ത്രൃവും ചൈനക്ക് അടിയറവക്കപ്പെട്ടിരിക്കുന്നുവെന്നാണ് മുൻ പ്രസിഡന്റ് അബ്ദുൾ നഷിദ് ഉയർത്തുന്ന ആരോപണം ( https://maldivestimes.com/maldives-feels-the-weight-of-chinas-regional-ambitions/). ദക്ഷിണേഷ്യയിലെ ഭൂട്ടാനെക്കൂടി സ്വാധീനിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാക്കുന്ന തിരക്കിലാണ് ചൈന ( economictimes.com/news/defence/india-watching-chinas-bid-to-court-bhutan/amp_articleshow/59853950.cms ). ഇതുകൂടി സാധ്യമാകുന്നിടത്ത് ചൈനീസ് പിൻബലത്തിൽ സാർക്ക് അംഗ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയെ ഒറ്റപ്പെടുത്തി വലയം ചെയ്യുന്നവസ്ഥ പൂർണമാകും.

ചൈനയുടെ ബിആർഐക്കൊപ്പം ആസൂത്രണം ചെയ്യപ്പെട്ട മാരിടൈം സിൽക്ക് റൂട്ട് പദ്ധതിയും ലോക ശ്രദ്ധയിലാണ്. ദക്ഷിണപുർവ്വേഷ്യ, ഇന്ത്യൻ ഉപ ഭൂഖണ്ഡം, അറേബ്യൻ ഉപ ദ്വിപ്, സോമാലിയ, ഈജിപ്ത് തുടങ്ങിയവയെ കണിചേർത്ത കടൽമാർഗമാണ് ചൈനീസ് മാരിടൈം സിൽക്ക് റൂട്ട്. സൗത്ത് ചൈന കടൽ, മലാക്ക ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഗൾഫ്, ചെങ്കടൽ എന്നിവയടങ്ങുന്നതാണ് സിൽക്ക് റൂട്ട്. ഇന്ത്യൻ മഹാസമുദ്രം താണ്ടി ചെങ്കടൽ പിന്നിട്ട് സൂയസ് കനാലിലേക്ക് ചൈനീസ്
പ്രവേശനമൊരുക്കുകയാണ് ഈ പദ്ധതി. ഇവിടെയാണ് ആഫ്രിക്കൻ വൻകരയുടെ കഴിക്കൻ മുനമ്പിലെ രാജ്യമായ ജീബൂട്ടിയിൽ ബിആർഐയുടെ ഭാഗമായി ചൈന അതിന്റെ ആദ്യ വൈദേശിക സൈനീക താവളത്തിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചുവെന്നത് ഏറെ ശ്രദ്ധേയമാകുന്നത്. ഭൂഖണ്ഡാന്തര വാണിജ്യ – വ്യാപാര ബാന്ധവത്തിന്റെയും തന്ത്രപ്രധാന മേധാവിത്വത്തിന്റെയും പുതുപുത്തൻ കടൽ – കര മാർഗമാണ് ഈ പദ്ധതി ചൈനയ്ക്കായി തുറക്കുന്നത്. ആഗോള ശാക്തിക സന്തുലിതാവസ്ഥയിൽ അമേരിക്കയെ പോലും വെല്ലാവൂന്ന ചൈനീസ് മേൽകൈ ശക്തിപ്പെടുന്നതിന്റെ അടയാളമായും മാറുകയാണ് ജിബൂട്ടി സൈനീക താവളവും ഇതോടൊപ്പം3.5 ബില്യൺ ഡോളർ ചെലവിൽ 48 സ്വക് യർ കി.മിറ്ററിൽ പണിതുയർത്തപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയും.

ചൈനയെ പിടിച്ചുകെട്ടാനാകതെ
മോദിയുടെ ആക്ട് ഈസ്റ്റ് പോളസി

2014 നവംബറിൽ രൂപംകൊടുത്ത ആക്ട് ഈസ്റ്റ് പോളസിയിലൂന്നന്നതാണ് മോദി സർക്കാരിന്റെ വിദേശ നയം.1991 ൽ നരസിംഹറാവു സർക്കാർ വേളയിൽ പ്രധാനമായും ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളെ ത്വരിതപ്പെടുത്തുന്നതിനെ മുൻനിറുത്തി രൂപം കൊടുത്ത ലുക്ക് ഈസ്റ്റ് പോളസിയെ ചുവടുപിടിച്ചാണ് ആക്ട് ഈസ്റ്റ് പോളസി. മ്യാന്മാർ, മംഗോളിയ, വിയറ്റ്നാം, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്തി മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങളെ തടയിടുകയെന്നതാണ് ആക്ട് ഈസ്റ്റ് പോളസിയുടെ ഊന്നൽ.

സൗത്ത് ചൈന കടൽ മേഖലയെ അന്തരാഷ്ട്ര കടൽമാർഗമായി ചൈന അംഗീകരിക്കണമെന്ന ദക്ഷിണ – പുർവ്വേഷ്യൻ രാഷ്ട്രങ്ങളുടെ ആവശ്യത്തിനൊപ്പമാണ് മോദിയുടെ ആക്ട് ഈസ്റ്റ് പോളസി. പക്ഷേ ബിആർഐയിലൂടെ ഇന്ത്യയുടെ തൊട്ട അയൽ രാജ്യങ്ങളെ കടകെണിയിലകപ്പെടുത്തി വരുതിയിലാക്കിയുള്ള ഈ മേഖലയിയിലെ ചൈനീസ് അപ്രമാദിത്തത്തെ ചെറുക്കാൻ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി പോരതാനും.

ബിആർഐ – മാരിടൈം സിൽക്ക് റൂട്ട് പദ്ധതിയിലുൾപ്പെടുത്തി ഇന്ത്യൻ മഹാസമുദ്ര മേഖ (ഇന്ത്യ – പസഫിക്ക്) യിൽ 18 നാവിക താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറാറെടുപ്പിലാണ് ചൈന ( www.dailyo.in/lite/variety/south-china-sea-indian-ocean-india-china-relations-belt-and-road-initiative-hambantota-port-chabahar-port/story/1/25962.html ).
ഇന്ത്യൻ മഹാസമുദ്ര തീരത്താണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കണ്ടെയ്നർ തുറമുഖങ്ങൾ. ആഗോള പെട്രോളിയം വ്യാപാരം പകുതിയിലധികവും ഈ തുറമുഖങ്ങളെ കേന്ദ്രീകരിച്ചാണ്. ഈ സമുദ്രത്തിലൂടെ  വർഷത്തിൽ 9.84 ബില്ല്യൺ ടൺ ചരക്ക് നീക്കം കണക്കാക്കപ്പെടുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം  17 ശതമാനത്തിൽ നിന്ന് 2030 ൽ 28 ശതമാനമായി ഉയർന്നേക്കും ( https://www.csis.org/analysis/chinas-maritime-silk-road-initiative-economic-drivers-and-challenges). ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഈ വൻ വ്യാപാര – വാണിജ്യ ഒപ്പം പ്രതിരോധ തന്ത്രപ്രധാന സാധ്യതകളിൽ തന്നെയാണ് ചൈനയുടെ കണ്ണ്.

ശ്രീലങ്കൻ ഹാംന്തോട്ട തുറമുഖ പദ്ധതിയിൽ നിന്ന് ആരംഭിച്ച ചൈനയുടെ ഇന്ത്യൻ മഹാസമുദ്ര ആധിപത്യ സംസ്ഥാപനത്തിനെതിരെ മോദിയുടെ ആക്ട് ഈസ്റ്റ് നയതന്ത്രങ്ങൾക്ക് പക്ഷേ കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. അതേസമയം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ ചൈനീസ് ആധിപത്യത്തിന് തടയെന്ന നിലയിൽ 2015ൽ അസംപ്ഷൻ ദ്വീപിൽ സീഷെൽസ് ഭരണകൂടവുമായി ഇന്ത്യൻ നാവിക താവള നിർമ്മാണ കരാറിലെത്തിയെന്നത് ശ്രദ്ധേയം. കരാറിന്റെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ മാറ്റിയെടുക്കുന്നതിൽ പക്ഷേ മോദി സർക്കാരിന്റെ നയതന്ത്ര ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ലതാനും( www.dailyo.in/lite/variety/south-china-sea-indian-ocean-india-china-relations-belt-and-road-initiative-hambantota-port-chabahar-port/story/1/25962.html ).
ഇതൊക്ക പറയുമ്പോഴുംഇറാനിലെ ചബ്ബാര്‍ തുറമുഖ പദ്ധതി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് വെല്ലുവിളിക്കെതിരെ ചെറിയ ആശ്വാസമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇറാന്‍ , അഫ്ഗാനിസ്ഥാന്‍ , മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യൻ വ്യാപാര – പ്രതിരോധ സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള തുറമുഖമാണ് ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ നിര്‍മ്മിക്കുന്ന ചബ്ബാര്‍. 500 മില്യണ്‍ ഡോളര്‍ ചെലവിൽ ഇന്ത്യയാണ് ഈ തുറമുഖം നിര്‍മിക്കുന്നത്. തുറമുഖ നിർമ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോഴുള്ള 25 മില്യണ്‍ ടണ്‍ തുറമുഖ വ്യാപാര ശേഷി 85 മില്യണ്‍ ടണായി ഉയരുമെന്നത് ഇന്ത്യക്ക് ആശ്വാസമായേക്കുമെന്ന പ്രതീക്ഷ ശ്രദ്ധേയം.

കോൺഗ്രസും അന്തർദേശീയ നയതന്ത്രവും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നെഹ്രു മുതൽ മൻമോഹൻ സിങ് സർക്കാരുകൾ അന്തർദേശീയ രാഷ്ട്രീയ വേദികളിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിലുള്ള നയതന്ത്ര മികവ് രേഖപ്പെടുത്തിയതിന് സാക്ഷ്യങ്ങളേറെ. യുഎസ് – സോവിയറ്റ് റഷ്യ ഇരുധ്രുവ ലോക ശീതസമര വേളയിൽ നെഹ്രുവിന്റെ മുൻകയ്യിൽ ഒരു നവ ലോക ക്രമത്തിനായി ചേരിചേരാ പ്രസ്ഥാനം. ലാൽ ബഹൂദർ ശാസ്ത്രീയുടെ നയതന്ത്രജ്ഞതയിൽ നിന്നുയിർകൊണ്ട ഇന്ത്യ – പാക്ക് താഷ്ക്കന്റ് കരാർ. പാക്കിസ്ഥാനുമായി അമേരിക്കൻ – ചൈനീസ് ബന്ധങ്ങൾ പുഷ്ഠിപ്പെടുന്നതിനു മറുപടിയെന്നോണം ഇന്ദിരഗാന്ധി സർക്കാർ നയതന്ത്രത്തിൽ രൂപമെടുത്ത ഇന്തോ – സോവിയറ്റ് സൗഹൃദ്ദ ഉടമ്പടി. ബംഗ്ലാദേശ് വിമോചനത്തിന് വഴിയൊരുക്കി ഇന്ത്യ – പാക്ക് സിംല കരാർ. ഇന്ദരിഗാന്ധിയുടെ തന്നെ പൊക്രാൻ ആണവ പരീക്ഷണത്തിലൂടെ ആഗോള ശാക്തിക ബലാബലത്തിൽ ഇന്ത്യയെ ആണവ രാഷ്ടമാക്കി. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മ (സാർക്ക്) രൂപീകരണത്തിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഇന്ത്യയുടെ നേതൃപരമായ പ ങ്കാളിത്തം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നയതന്ത്ര മികവിൽ അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബ്ബച്ചേവിനെ പങ്കെടുപ്പിച്ച് ആണവായുധ വിമുക്ത – യുദ്ധരഹിത ലോകമെന്ന ആഹ്വാനമുയർത്തി ദില്ലി ഉച്ചകോടി. ഏറ്റമൊടുവിൽ, വാജ്പേയി സർക്കാരിന്റെ ആണവ പരീക്ഷണത്തെ തുടർന്ന് ഇന്ത്യക്കെതിരെ അമേരിക്കയുടെ തന്നെ ഉപരോധത്തെ നിഷ്ഫലമാക്കി, ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാതെ
തന്നെ, ഇന്ത്യ ആണവശക്തിയെന്ന അംഗീകാരം ലോക രാഷ്ട്രങ്ങൾക്കിടയിൽ അരക്കിട്ടുറപ്പിച്ച് മൻമോഹൻ സിങ് സർക്കാർ വക ഇന്തോ – അമേരിക്കൻ ആണവക്കരാർ ( 1 2 3 എഗ്രിമെന്റ് ). ഇതിന്റെ പിൻബലത്തിൽ ആണവ മിസൈൽ സാങ്കേതിക വിദ്യാ വിപണി സാധ്യതകൾ തുറക്കുന്നതിലും ഒപ്പം മിസൈൽ നിർവ്യാപനത്തിലൂന്നതുമായ ചൈനക്ക് ഇനിയും ഇടം ലഭ്യമായിട്ടില്ലാത്ത മിസൈൽ ടെക്നോളജി കൺട്രോൾ വ്യവസ്ഥാ ഗ്രൂപ്പിൽ ഇന്ത്യ 35ാമത് അംഗമായി സ്ഥാനമുറപ്പിച്ചു. ഇന്തോ – അമേരിക്കൻ ആണവക്കരാറിന്റെ തന്നെ പിൻബലത്തിൽ 48 അംഗ ന്യൂ ക്ലിയർ സപ്ലയർ ഗ്രൂപ്പിലെ അംഗത്വവും ഇനിയിപ്പോൾ ഇന്ത്യക്ക് കയ്യെത്താദൂരത്തല്ല. ഇതെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകളുടെ വിദേശനയ നേട്ടങ്ങളുടെ പട്ടികയിൽ ചുരുക്കം ചിലത് മാത്രം.

നെഹ്രു വിന്റേതടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകളുടെ വിദേശ നയത്തിന്റെ കാതൽ അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ കയ്യൊപ്പിൽ ഒരു നവലോകക്രമമെന്നതായിരുന്നു. മോദിയുടെ ആകട് ഈസ്റ്റ് പോളസി പക്ഷേ ഇന്ത്യൻ വിദേശനയത്തെ ഒരു പ്രത്യേക മേഖലയിലേക്ക് ചുരുക്കികളഞ്ഞുവെന്ന് പറയേണ്ടിവരും. അതേസമയം ഇപ്പറഞ്ഞ മേഖലയിലെ ചൈനീസ് സ്വാധീനത്തെ മറികടക്കുവാനുള്ള ശ്രദ്ധേയമായ നയതന്ത്ര മികവ് പ്രകടിപ്പിക്കുന്നതിൽ മോദി സർക്കാർ മുന്നിലെന്ന് പറയുവാനും വയ്യ.

അഭയാർത്ഥി പ്രവാഹം, കൊറിയൻ ഉപ ദ്വിപിലെ അശാന്തി, ആണവായുധ വ്യാപനം, കാലാവസ്ഥ വ്യതിയാനം, വിശപ്പ്, പട്ടിണി, ദാരിദ്ര്യം, വംശീയ – ആഭ്യന്തര കലാപങ്ങൾ, ഭീകരവാദം, യുഎൻ സമാധാന ദൗത്യങ്ങൾ തുടങ്ങിയ അതീവ ഗൗരവമേറിയ പ്രശ്നങ്ങൾ ആഗോള രാഷ്ട്രീയത്തെ വരിഞ്ഞുമുറുക്കുകയാണ്. ഇത്തരമൊരു അവസ്ഥയിൽ നിന്ന് ലോകത്തെ കരകയറ്റാൻ സഹായകരമാകുന്നന്ന രചനാത്മകമായ നയതന്ത്ര സംഭാവനകൾ നൽകുന്നതിൽ മുൻ ഇന്ത്യൻ സർക്കാരുകളെ അപേക്ഷിച്ച് മോദി സർക്കാർ മികവ് പുലർത്തിയെന്നതിന് ദൃഷ്ടാന്തങ്ങൾ നന്നേ കുറവ്. ഇതൊക്ക പറയുമ്പോൾ തന്നെ അന്തർദേശീയ ആയുധവിപണിയിൽ മോദി സർക്കാരിന്റെ ഇടപെടൽ അന്തർദേശീയ രാഷ്ട്രീയ ബന്ധങ്ങളിൽ ഇന്ത്യയെ ശ്രദ്ധാകേന്ദ്രമാക്കിയെന്നത് കാണാതെപോകരുത്. റഷ്യയുമായുള്ള 5.43 ബില്യൺ ഡോളറിന്റെ എസ്- 4OO മീസൈൽ സിസ്റ്റംകരാറും ഫ്രാൻസുമായി 8.7 ബില്യൺ ഡോളറിന്റെ റഫേൽ യുദ്ധവിമാന കരാറും ഇതിൽ മുഖ്യം. അന്തർ ദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ആയുധക്കച്ചവടങ്ങൾക്ക് നയതന്ത്ര മികവിന്റെ പട്ടികയിൽ സ്ഥാനമില്ല. അതേസമയം റഫേൽ ഇടപാടിലെ അഴിമതികൾ അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ മാനംകെടുത്തിയെന്ന് പറയാതെ വയ്യ.

ലേഖകൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ റിസർച്ച് ഫെല്ലോയും പാണഞ്ചേരിന്യൂസ്.കോം എഡിറ്ററുമാണ്

Non-edited version

:

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…