കെ-സ്മാർട്ട്: ഐകെഎം “നോക്കുകൂലി” പ്രാദേശിക സർക്കാരുകൾക്ക് നഷ്ടക്കച്ചവടം

കെ-സ്മാർട്ട്: ഐകെഎം “നോക്കുകൂലി” പ്രാദേശിക സർക്കാരുകൾക്ക് നഷ്ടക്കച്ചവടം

The author contends that local self-governments are losing money on K-Smart, which allows IKM to collect levies from LSGIs’ own-source income that are almost equivalent to “nokukooli“.
കെ-സ്മാർട്ടിലൂടെ പിരിച്ചെടുക്കുന്ന വരുമാനം ഏറെനാൾ ഐകെഎം കൈപ്പിടിയിൽ വയ്ക്കുന്നത് പ്രാദേശിക വികസന പ്രക്രിയയെ ഗരുതരമായി ബാധിക്കുന്നില്ലേ? ഐകെഎമ്മിലൂടെയുള്ള പ്രാദേശിക സർക്കാരിൻ്റെ തനത് വരുമാന ചോർച്ചക്കെതിരെ ഭരണസമിതികൾക്ക് ഇടപ്പെടാവൂന്നതല്ലേ? കെ-സ്മാർട്ടിൽ റജിസ്ട്രർ ചെയ്യപ്പെടുന്ന വ്യക്തിഗത സൈബർ ഡാറ്റയുടെ സുരക്ഷയ്‌ക്കായ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെന്തല്ലാം?………
KK Sreenivasan

കെ കെ ശ്രീനിവാസൻ/KK Sreenivasan

 ൻഫർമേഷൻ കേരള മിഷൻ (ഐകെഎം) സംസ്ഥാനത്തെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിൽ നിന്ന് നിശ്ചിത വിഹിതം വസൂലാക്കുന്നു!  ഐകെഎമ്മിൻ്റെ മുൻകയ്യിലാണ് പ്രാദേശിക സർക്കാർ സ്ഥാപന സേവനങ്ങൾ ഡിജിറ്റിൽവൽക്കരിച്ചത്. ഇതിനായ്  കെ – സ്മാർട്ട് (KSMART ) ഡിജിറ്റിൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു ഐകെഎം (Information Kerala Mission). പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് നടപ്പാക്കുന്നതിൻ്റെ പേരിലാണ് പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിൽ നിന്ന് നിശ്ചിത വിഹിതം വസൂലാക്കപ്പെടുന്നത്. 

പ്രൊപ്പർട്ടി ടാക്സ് ഐകെഎം ഡിജിറ്റൽ രശീത്

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ തനത് വരുമാന സ്രോതസുകളിലൊന്നാണ് പ്രൊപ്പർട്ടി ടാക്സ്. ഇതിൽ നിന്ന് 2.5 ശതമാനം ഐകെഎമ്മിന് നൽകണമെന്ന വ്യവസ്ഥ തുടരുകയാണ്.  ഓരോ പ്രൊപ്പർട്ടി ടാക്സ് ഒടുക്കലിൽ നിന്നും മൊത്തം തുകയുടെ 2.5 ശതമാനം തുല്യമായ തുക ഐകെഎമ്മിന് സ്വയം ഡെബിറ്റ് ചെയ്യാമെന്ന രീതിയിലാണ് കെ-സ്മാർട്ട് സോഫ്റ്റ് വെയർ രൂപകല്പന. പ്രാദേശിക സർക്കാർ മുഖേനെ പിരിച്ചെടുക്കുന്ന നിർമാണ തൊഴിലാളി ക്ഷേമനിധി സെസിൽ നിന്ന് ഒരു ശതമാനം കളക്ഷൻ ചാർജ് വസൂലാക്കുവാനും ഐകെഎമ്മിന് അനുമതിയുണ്ട്.

“ഡിജിറ്റൽ ചെലവ്” സമം ‘കമ്മീഷൻ’

തങ്ങൾ വികസിപ്പിച്ചെടുത്ത  കെ-സ്മാർട്ട് പ്ലാറ്റ്ഫോമിലൂടെ പ്രൊപ്പർട്ടി ടാക്സ് ശേഖരണത്തിൽ ശ്രദ്ധേയമായ വർദ്ധനയുണ്ടായതായാണ് ഐകെഎമ്മിൻ്റെ അവകാശവാദം. ഇതിനെ പിൻപ്പറ്റി ശേഖരിയ്ക്കപ്പെടുന്ന ഓരോ പ്രൊപ്പർട്ടി ടാക്സിൽ നിന്നും അഞ്ചു ശതമാനം വിഹിതം വേണമെന്നതായിരുന്നു ഐകെഎമ്മിൻ്റെ ആവശ്യം. 2.5 ലത് നിജപ്പെടുത്തുകയായിരുന്നു സർക്കാർ.

പ്രാദേശിക സർക്കാരുകൾ നൽകുന്ന വിവിധ സർട്ടിഫിക്കറ്റുകളും അനുമതികളുമായി ബന്ധപ്പെട്ട സാമ്പത്തിക  ഇടപാടുകളിൽ നിന്ന് “ഡിജിറ്റൽ ചെലവ്” (digital cost) എന്ന പേരിൽ നിശ്ചിത തുക ഐകെഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടിലെത്തുന്നു. ഇതിനു പുറമെ നഗരസഭകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവ വികസന ഗ്രാന്റിന്റെ 0.25 ശതമാനം ഐകെഎമ്മിന് നൽകണമെന്നാണത്രെ വ്യവസ്ഥ! ബ്ലോക്ക് പഞ്ചായത്തു- ജില്ലാപഞ്ചായത്തുകൾ  0.1 ശതമാനവും! ഇതിനെല്ലാം പുറമെ  ഐകെഎമ്മിന് ഓരോ സാമ്പത്തിക വർഷവും കോടികളുടെ ബജറ്റ് വിഹിതം!

ഐകെഎമ്മിനായ് കോടികളുടെ ബജറ്റ് വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നുള്ള വിഹിതവും നൽകുന്നതെന്തിനെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രാദേശിക സർക്കാരുകളുടെ കെ-സ്മാർട്ട് ഐടിയധിഷ്‌ഠിത പ്രോജക്ടു ചെലവുകൾക്കുൾപ്പെടെ ഐകെഎം ഇപ്പറഞ്ഞ സാമ്പത്തിക വിഹിതങ്ങൾ വിനിയോഗിയ്‌ക്കേണ്ടതല്ലേ? അങ്ങനെയെങ്കിൽ, സാമ്പത്തിക ദുർബ്ബലാവസ്ഥയിലകപ്പെട്ടിട്ടുള്ള പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനത്തിൽ നിന്ന് കെ-സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം പരിപാലന ചെലവിൻ്റെ പേരിലുൾപ്പെടെ ‘ഡിജിറ്റൽ കോസ്റ്റ്’ എന്ന ഓമന പേരിട്ട് ഐകെഎം ‘കമ്മീഷൻ’ കൈപ്പറ്റുന്നതെന്തിന്?  വിശദീകരിയ്ക്കപ്പെടേണ്ടതുണ്ട്.

പ്രാദേശിക ജനം അസംതൃപ്തരാണ്

പ്രാദേശിക സർക്കാരുകൾ നൽകുന്ന ജനന – മരണ – വിവാഹ സർട്ടിഫിക്കറ്റുകളുൾപ്പെടെ വിവിധതരം സേവനങ്ങൾക്കെല്ലാം ജനങ്ങളിൽ നിന്നു പണം വസൂലാക്കുന്നു. ഈ സേവന തുകയാകട്ടെ സർക്കാർ കൂടെ കൂടെ കുത്തനെ ഉയർത്തുന്നു! 

ആ പണം പക്ഷേ പൂർണമായും  പ്രാദേശിക വികസന പ്രക്രിയയായി പരാവർത്തനം ചെയ്യപ്പെട്ട് അതിൻ്റെ ഗുണഭോക്താക്കളാകാൻ അർഹതപ്പെട്ടവരാണ് പ്രാദേശിക ജനങ്ങൾ. അതിലെ നല്ലൊരു വിഹിതം കെ-സ്മാർട്ട് വികസിപ്പിച്ചെടുത്തുവെന്ന പേരിൽ ഐകെഎമ്മെന്ന സ്ഥാപനം കൈപ്പറ്റുന്നുവെന്നവസ്ഥ! അതുകൊണ്ടുതന്നെ സ്വ ദേശത്തിൻ്റെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യവൽക്കരിക്കപ്പെടുന്നതിനായ് സ്വന്തം പ്രാദേശിക സർക്കാരിന് നൽകപ്പെടുന്ന  പണം കൃതതയോടെ വിനിയോഗിയ്ക്കപ്പെടാതെ പോകുന്നവെന്നതിൽ അതൃപ്തരാണ് പ്രാദേശിക ജനങ്ങൾ.  

തനത് വരുമാന വ്യാപ്തി പൊതുവെ ചുരുങ്ങിവരുന്ന ഈയവസ്ഥയിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണ്  പ്രാദേശിക സർക്കാരുകളിലേറെയും. ഈ സുഭദ്രമല്ലാത്ത സാമ്പത്തികസ്ഥിതിയിൽ പ്രാദേശിക വികസന പ്രക്രിയ അവതാളത്തിലാക്കപ്പെടുന്നുവെന്നത് വസ്തുത. ഇത്തരമൊരു ഖേദകരമായ പശ്ചാത്തലത്തിലാണ് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ ദുർബ്ബലപ്പെടുത്തി തനത് വരുമാനം പ്രൊപ്പർട്ടി ടാക്സ്- ബിൽഡിങ്

ഹരിത കർമ സേന ചാർജ് ഐകെഎം ഡിജിറ്റൽ രശീത്

പെർമിറ്റ് തുടങ്ങി എന്തിനധികം ഹരിത  കർമ സേന ചാർജുൾപ്പെടെ പൂർണമായും നേരെ ഐകെഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടിലെത്തുന്നത്. ഇതിൽ നിന്നാണ്  “നോക്കുകൂലി”യെന്നതിന് തത്തുല്യമായി ഐകെഎം അവരുടെ ‘കമ്മീഷൻ’ കൈപ്പറ്റുന്നത്. ശേഷം തുക പ്രാദേശിക സർക്കാരിന് ഐകെഎം എപ്പോൾ തിരിച്ചുനൽകുന്നുവെന്നതിൽ വ്യക്തതയില്ലതാനും. പ്രാദേശിക സർക്കാരുകളുടെ സർവ്വ തനത് വരുമാന ശേഖരവും സമയ ക്ലിപ്തതയില്ലാതെ ഐകെഎമ്മിൻ്റെ കൈപ്പിടിയിലെന്നവസ്ഥ! പ്രാദേശിക സർക്കാരുകളുടെ സ്വന്തം വരുമാനം കൈവശത്തിലെത്തുന്നത് ഐകെഎമ്മിൻ്റെ സൗകര്യാർത്ഥമെന്നാണോ?!

സൈബർ ലോകത്തെ ജനാധിപത്യ പ്രക്രിയ

നഗരസഭ – മുനിസിപ്പൽ – ത്രിതല പഞ്ചായത്തു സേവന പണമിടപാട് കെ-സ്മാർട്ട് ഡിജിറ്റൽ ശൃംഖലയിയാതോടെ പൊതുജനങ്ങൾക്ക് നൽകപ്പെടുന്ന സേവനങ്ങളുടെ വേഗതയേറുമെന്നത് ശ്രദ്ധേയം. സൈബർ ലോകത്തിൻ്റെ കാണാവേഗങ്ങളിൽ  വിരൽ തുമ്പിൽ സർക്കാർ സേവനങ്ങൾ പ്രദാനം ചെയ്യപ്പെടുകയെന്നത് തീർത്തും സ്വഭാവികം. സ്വതവേ ഒന്നിലധികം നികുതികൾ ഒടുക്കേണ്ടവസ്ഥയിൽ വീർപ്പുമുട്ടുന്ന പൊതുജനത്തിന് സൈബർ സൗകര്യങ്ങൾ ഒരുക്കിനൽകുകയെന്നത് സർക്കാരിൻ്റെ ബാധ്യതയാണ്. ഉത്തരവാദിത്വമാണ്.  

സർക്കാർ ഈ ഉത്തരവാദിത്വമേറ്റെടുക്കുന്നതിനു പകരം ഇ-ഗവേണൻസിനായുള്ള  പരിപാലന ചെലവെന്നതിൻ്റെ പേരിൽ പ്രദാനം ചെയ്യപ്പെടുന്ന സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന്  അമിത ചാർജ്ജ് ഈടാക്കേണ്ടിവരുമെന്നുറപ്പിച്ചിരിയ്ക്കുന്നു!  ഇങ്ങനെ ജനങ്ങളെ തീർത്തും സാമ്പത്തിക സമ്മർദ്ദത്തിലാക്കി വസൂലാക്കപ്പെടുന്ന പണത്തിൽ  നിന്നാണ് കെ-സ്മാർട്ട് പരിപാലന ചെലവിൻ്റെ മറയിൽ ഐകെഎം ‘കമ്മീഷൻ’ കൈക്കിലാക്കുന്നത്!

Read this also….പ്രാദേശിക സർക്കാർ അംഗങ്ങളുടെ ശ്രദ്ധക്ക് https://panancherynews.com/attention-to-the-local-goverments-member/17/12/2025/ 

പ്രാദേശിക സർക്കാരെന്നതിലൂടെ ഗാന്ധിജി വിഭാവനം ചെയ്തതത് അധികാരം വാതിൽപ്പടിയിലെന്നതാണ്. താഴെതട്ടിലേക്കുള്ള  അധികാര വികേന്ദ്രീകരണ പ്രക്രിയ സുസാധ്യമാക്കി പ്രാദേശിക ജനതയെ അധികാരത്തിൻ്റെ അകത്തളത്തിലെത്തിക്കുകയെന്നതിൻ്റെ സാക്ഷ്തക്കാരം. 1992 ലെ 73-ാം ഭരണഘടനാ ഭേദഗതി ആക്ടിലൂടെ രാജീവ് ഗാന്ധി സർക്കാരാണ് പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനയിലിടം നൽകിയത്. അധികാര കേന്ദ്രങ്ങളിൽ പരമാവധി സ്ത്രീ പങ്കാളിത്തമുറപ്പിക്കുകയെന്നതാകട്ടെ പഞ്ചായത്തീരാജ് സംവിധാനത്തെ ഏറെ ശ്രദ്ധേയമാക്കി. 

കേന്ദ്രീകൃത അധികാരഘടനയിലകപ്പെട്ട വിവര സാങ്കേതിക വിദ്യ

അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ പക്ഷേ സാമ്പത്തികാധികാര വികേന്ദ്രീകരണം അനുവദിയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നിയന്ത്രിത ഇടതുസർക്കാർ.  ഇത്തരമൊരു നിലപാടിൻ്റെ  പ്രതിരൂപമാണ് കെ-സ്മാർട്ടെന്ന ഡിജിറ്റൽ സംവിധാനം. ഈ വിവര സാങ്കേതികവിദ്യാ സംവിധാനം പ്രാദേശിക സർക്കാരുകളുടെ സാമ്പത്തികാധികാരം കവർന്നെടുക്കുന്നതിലാണ് ആത്യന്തികമായി കലാശിച്ചിരിക്കുന്നത്. മൗലികമായി വിവര സാങ്കേതികവിദ്യ വേഗതയുടെയും സുതാര്യതയുടെയും രാസത്വരകമാണ്. രാഷ്ട്രങ്ങൾ ഡിജിറ്റൽ റിപ്പബ്ലിക്കെന്ന നിലയിൽ. ജനാധിപത്യ പ്രക്രിയയെയും സ്ഥാപനങ്ങളെയും പരമാവധി ഉപയോക്ത സൗഹൃദ (user freindly) മാക്കി കൂടുതൽ സുസജ്ജമാക്കുന്നതിൽ വിവര-വിജ്ഞാന സാങ്കേതിക വിദ്യ നൽകുന്ന രചനാത്മക സംഭാവനയെപ്രതി പ്രത്യേകം പരാമർശിയ്ക്കേണ്ടതില്ലല്ലോ.

Read this also…..ഇന്റര്‍നെറ്റും ഐടിയുടെ ഇന്ത്യന്‍ അവസ്ഥയും https://panancherynews.com/the-state-of-information-techonology-in-india/24/01/2014/

സൈദ്ധാന്തികമായി സിപിഎമ്മിന് ജനാധിപത്യമെന്നത്  ജനാധിപത്യ കേന്ദ്രീകരണം (democratic centralism). ജനാധിപത്യമെന്ന പദം കൊണ്ട് ‘കേന്ദ്രീകരണ’ത്തെ അലങ്കരിച്ചുവെന്നു മാത്രം. പ്രയോഗതലത്തിലിത് പക്ഷേ പാർട്ടി-നേതൃ കേന്ദ്രീകൃതം! അതുകൊണ്ടുതന്നെയാണ് ജനാധിപത്യ വ്യവസ്ഥയെ സമ്പുഷ്ഠീകരിക്കുന്നതിൽ ചാലക ശക്തിയായിമാറിയ വിവര സാങ്കേതികവിദ്യയെ പോലും കേന്ദ്രീകൃത അധികാരഘടനയിൽ തളച്ചിടുന്നതിൽ സിപിഎം നേതൃ സർക്കാർ പ്രത്യേകം ഊന്നൽ നൽകുന്നത്. ഇതിനുത്തമ ദൃഷ്ടാന്തങ്ങളിലൊന്നാണ് സിപിഎം-നേതൃസർക്കാരിൻ്റെ  മുൻകയ്യിൽ രൂപീകരിക്കപ്പെട്ട  ഐകെഎം കേന്ദീകൃത കെ-സ്മാർട്ടെന്ന ഡിജിറ്റൽ സംവിധാനം! പാർട്ടി-നേതൃ അധികാര കേന്ദ്രീകരണമെന്നതിലൂന്നി വിവരസാങ്കേതികവിദ്യയെ പോലും ഇണക്കിയെടുക്കുന്ന രീതിശാസ്ത്രം!

എന്തുകൊണ്ട് ഐകെഎം?

പ്രാദേശിക സർക്കാരുകൾക്ക് അവരുടെ സ്വന്തം വരുമാനം പിരിച്ചെടുക്കുന്നതിനായ് സ്വന്തമായി ഡിജിറ്റിൽ ഫ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കുന്നതിലെന്താണു് തടസ്സം? ഇക്കാര്യത്തിൽ സംസ്ഥാന വിവര സാങ്കേതിക വകുപ്പിൻ്റെ സഹായം തേടാവൂന്നതല്ലേ? 2022 മുതൽ 2027 വരെ മാത്രം ഐടി വകുപ്പിന് അനുവദിയ്ക്കപ്പെട്ടത് കോടികളുടെ ബജറ്റ് വിഹിതം.

2026–27 | ██████████████████████████████ 548.05

2025–26 | ████████████████████████████   517.64

2024–25 | ███████████████████████████    507.14

2023–24 | ████████████████████████████████ 559.00

2022–23 | ███████████████████████████████ 551.49

ഉറവിടം: Government of Kerala — State Budget Documents (Demand for Grants: IT Department)

ഇത്രയും ഭീമമായ തുക അനുബന്ധ സർക്കാർ സ്ഥാപനങ്ങളുടെ ഇ-ഗവേണൻസ് സംവിധാനം സുസാധ്യമാക്കുന്നതിനായ് വിനിയോഗിയ്ക്കുന്നതിനാണ് വകയിരുത്തുന്നത്. എന്നിട്ടും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇ – ഗവേണൻസ് പ്രക്രിയ ഏറ്റെടുക്കുന്നതിൽ സംസ്ഥാനത്തിൻ്റെ ഐടി വകുപ്പിൻ്റെ ഭാഗത്തുനിന്ന് ശ്രദ്ധേയമായ ഇടപ്പെടലുകളുണ്ടായെന്ന് പറയാനാകില്ല. അതേസമയം പ്രാദേശിക സർക്കാരുകളുടെ ഇ-ഗവേണൻസ് ചുമതല ഐകെഎമ്മിന് പൂർണമായും കൈമാറുകയായിരുന്നു ഇ.കെ നയനാർ മുഖ്യമന്ത്രിയായുള്ള അന്നത്തെ സിപിഎം നേതൃ സർക്കാർ. ഐകെഎമ്മിൻ്റെ രൂപീകരണവും സാരഥ്യവും പാർട്ടിയുടെ തന്നെ പ്രധാന സഹയാത്രികനിൽ നിക്ഷിപ്തമാക്കികൊടുത്തുവെന്നതും ഇതോടൊപ്പം ചേർത്തുവായിയ്ക്കുക.

കാർഷിക – ഉല്പാദനമേഖലകളിലെ യന്ത്രവൽക്കരണത്തിനെതിരെ തൊഴിലാളിവർഗ വിപ്ലവ അവകാശപോരാട്ട  മുഷ്‌ടിചുരുട്ടിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടികൾ. പിൽക്കാലങ്ങളിൽ  യന്ത്രവൽക്കരണത്തെ ആശ്ലേഷിയ്ക്കാമെന്നായി. അപ്പോഴേക്കും പക്ഷേ കേരളത്തിന്റെ കാർഷിക- ഉല്പാദന മേഖലകളുടെ പിന്നോക്കാവസ്ഥ ഏറെ പരിതാപകരമാവുകയായിരുന്നു. സൃഷ്ടിക്കപ്പെട്ട ആ പരിതാപകരവസ്ഥയിൽ നിന്ന് കേരളത്തിന് ഇപ്പോഴും മുക്തിനോടാനായിട്ടില്ലതാനും.

Read this also…“His” ലോഡ്ജുകൾ – തിരുവനന്തപുരം മേയർക്ക് കത്ത്… https://panancherynews.com/a-letter-to-the-thiruvananthapuram-mayor-seeking-to-open-his-lodge-in-the-city/28/02/2026/

ആഗോളതലത്തിൽ വിവര സാങ്കേതിക വിദ്യാവിസ്ഫോടനത്തിനുസൃതമായി ആധുനിക ജനാധിപത്യ-വികസന പരിപ്രേക്ഷ്യത്തിൽ കാതലായ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. 1980-കളുടെ തുടക്കത്തിൽ വികസനം വഴിമുട്ടിയ കേരളീയ സാമൂഹിക പരിസരത്തിന്  പുതുപ്രാണവായുവെന്ന നിലയിൽ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നുള്ള സാധ്യതകൾ തെളിഞ്ഞു. യന്ത്രവൽക്കരണത്തെ ചെറുത്തതുപോലെ കേരളത്തിലെ സിപിഎമ്മുൾപ്പെടെയുള്ള ഇടത് പാർട്ടികൾ വിവര സാങ്കേതിക വിദ്യക്കെതിരെയുള്ള പ്രചാരണ കോലാഹലങ്ങൾക്കാണ് മുൻതൂക്കം നൽകിയത്.  നിർണായക സാഹചര്യങ്ങളിൽ കാലം ആവശ്യപ്പെടുന്ന വികസന സംസ്ക‌ാരം അനഭിലഷണീയമല്ലാത്ത പ്രത്യയശാസ്ത്ര കടുംപിടുത്തത്തിൽ കൂടുക്കിയവർ തന്നെ കാലമേറെ വൈകിയാണെങ്കിലും വിവര സാങ്കേതികവിദ്യയുടെ അനിവാര്യത തിരിച്ചറിയാൻ നിർബന്ധിക്കപ്പെട്ടതിൻ്റെ പ്രതിഫലനങ്ങളിലെന്നായാണ് ഐകെഎമ്മിൻ്റെ ആവിർഭാവം.

കവർ – സമീക്ഷ ഡിസംബർ 2004 

വിവര സാങ്കേതിക വിദ്യാരംഗത്തെ കുത്തകവൽക്കരണത്തിൻ്റെ ചൊൽപ്പടിയിൽ നിറുത്തുന്ന ബഹുരാഷ്ട്ര ഭീമനായിട്ടായിരുന്നു ബിൽ ഗേറ്റ്സിൻ്റെ മൈക്രോസോഫ്റ്റിൻ്റെ രംഗപ്രവേശം. സ്വതന്ത്ര സോഫറ്റ് വെയറി (free software) ൻ്റെ സാധ്യത്യകൾ വേണ്ടത്ര തേടാൻ തയ്യാറാകാതെ കേരളത്തിൻ്റെ തദ്ദേശ സ്വയംഭരണ ഇ-ഗവേണൻസ് പ്രക്രിയയിൽ മൈക്രോസോഫ്റ്റിൻ്റ കുത്തക സോഫ്റ്റ് വെയറി (proprietary software) ന്  നിർണ്ണായക സ്വാധീനം നൽകിയവരാണ് ഐകെഎമ്മിൻ്റെ പ്രാരംഭകർ. തദ്ദേശ സ്വയംഭരണ ഇ-ഗവേണൻസ് പ്രക്രിയയിൽ മൈക്രോസോഫ്റ്റിൻ്റെ വിൻ്റോസ് ഓപ്പറേറ്റിങ് സിസ്റ്റം (windows operating system) സന്ദർഭോചിതമെന്ന ന്യായീകരണമാണ് ഐകെഎമ്മിൻ്റെ പ്രാരംഭക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ പിവി ഉണ്ണികൃഷ്ണൻ ഈ ലേഖകന് മുന്നിൽ നിരത്തിയത്. 

സമീക്ഷ  ഡിസംബർ 2004  കവർ സ്റ്റോറി 

മുൻ നക്സൽ നേതാവ്  കെ.വേണു പത്രാധിപരും ഈ ലേഖകൻ സഹപത്രാധിപരുമായ സമീക്ഷ ദ്വൈവാരിക 22 വർഷം മുമ്പ്കേരളത്തിൻ്റെ  ഇ- ഗവേണൻസ് ദിശതെറ്റുന്നു”വെന്ന തലക്കെട്ടിൽ കവർസ്റ്റോറി (ലക്കം 2004 ഡിസംബർ ) പ്രസിദ്ധികരിച്ചു. പ്രസ്തുത ലക്കത്തിൽ ഐകെഎമ്മിനെപ്രതി വിശദമായ റിപ്പോർട്ടു (ഐകെഎമ്മും കമ്പ്യൂട്ടർവൽക്കരണവും ) ൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി  ഈ ലേഖകൻ ഐകെഎമ്മിൻ്റെ ഉണ്ണികൃഷ്ണനെ ഇൻ്റർവ്യൂ ചെയ്തിരുന്നു.

ഐകെഎമ്മും കമ്പ്യൂർവൽക്കരണവും – കവർ സ്റ്റോറി റിപ്പോർട്ട്

ഈ അഭിമുഖത്തിലാണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇ-ഗവേണൻസ് പ്രക്രിയയിൽ ബിൽഗേറ്റ്സിൻ്റെ കുത്തക സോഫറ്റ് വെയർ അനിവാര്യമെന്ന ന്യായീകരണങ്ങൾ നിരത്തപ്പെട്ടത്. സ്ഥാപിത താല്പര്യങ്ങൾ മുൻനിറുത്തി പ്രാദേശിക സർക്കാരുകളുടെ ഇ – ഗവേണൻസ് പ്രക്രിയയെ ബഹുരാഷ്ട്രകുത്തക മൈക്രോസോഫ്റ്റിന്  അടിയറവച്ച ഐകെഎം,   കാലം പിന്നിടുമ്പോൾ കെ-സ്മാർട്ടിലൂടെ പ്രാദേശിക സർക്കാരുകളിൽ നിന്ന് ‘കമ്മീഷൻ’ വസൂലാക്കുന്ന സ്ഥാപനമെന്ന നിലയിലെത്തിനിൽക്കുന്നുവെന്നത് വിചിത്രമായി തോന്നുന്നില്ല.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ സ്വയംഭരണാധികാര സ്ഥാപനമായിട്ടാണ് 1999-ൽ ഐകെഎം രൂപീകരിക്കപ്പെട്ടത്.  ഇവിടത്തെ ജീവനക്കാരുടെ നിയമനങ്ങളിൽ സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷന് പങ്കേതുമില്ല. നേരിട്ടുള്ള നിയമന രീതി! അതുകൊണ്ടു രൂപീകരണം മുതൽ തന്നെ ഐകെഎമ്മെന്നത് ഏറെക്കുറെ പാർട്ടിക്ക് വേണ്ടപ്പെട്ടവരുടെ സങ്കേതമെന്ന നിലയിലായിയെന്ന് പറയേണ്ടിവരും. സിപിഎം-നേതൃ സർക്കാർ  ഭരണവേള ഐകെഎമ്മിൻ്റെ സുവർണഘട്ടംമെന്ന് പറയുന്നത് അധികപറ്റാകില്ല.

ഐടി വകുപ്പിന് കോടികളുടെ ബജറ്റ് വിഹിതം പ്രഖ്യാപിയ്ക്കപ്പെടുന്നത് കൂടാതെ ഐകെഎമ്മിന് പ്രത്യേകം ബജറ്റ് വിഹിതം അനുവദിയ്ക്കുന്നതിലും സദാ മുൻഗണന!  അധികാര രാഷ്ട്രീയ പക്ഷപാത്തിത്വത്തിൻ്റെ പ്രതിഫലനമാണ് ഐകെഎ എമ്മെന്ന സ്വയംഭരണാധികാര സ്ഥാപനം. ഇത്തരമൊരു “സ്വയംഭരണാധികാര” സ്ഥാപനത്തിന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം പൂർണമായും വരുതിയിലാക്കികൊടുത്തുള്ള സർക്കാർ നടപടികളെയും തീരുമാനങ്ങളെയും എന്ത് പേരു ചൊല്ലിവിളിയ്ക്കണം; കേവലം  കക്ഷിരാഷ്ട്രീയ താല്പര്യമെന്നല്ലാതെ?

 പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനത്തിൽ നിന്ന് 2.5 ശതമാനം ‘കമ്മീഷൻ’ ! നഗരസഭകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ വികസന ഗ്രാന്റിന്റെ 0.25 ശതമാനം. ബ്ലോക്ക് പഞ്ചായത്തു- ജില്ലാപഞ്ചായത്തുകളുടെ 0.1 ശതമാനം. ഇതിനെല്ലാം പുറമെ വർഷത്തിൽ ഓരോ പ്രാദേശിക സർക്കാരിൽ നിന്നും ഓപ്പറേറ്റിങ് ഫണ്ടെന്ന ഇനത്തിൽ ശരാശരി രണ്ടു ലക്ഷം രൂപ  ഐകെഎം വസൂലാക്കുന്നു. 

സംസ്ഥാനത്ത് മൊത്തം 941 ഗ്രാമ പഞ്ചായത്ത്. 941 x 2 ലക്ഷം (ശരാശരി) സമം (=) എത്ര കോടിയെന്ന് ഐകെഎം പറയട്ടെ.  ഈ ലേഖകൻ്റെ ഗ്രാമ പഞ്ചായത്തിൽ നിന്ന് മാത്രം ഈയിനത്തിൽ ഓരോ വർഷത്തിലും ശരാശരി 2.3 ലക്ഷം രൂപ കൈപ്പറ്റുന്നു! അതായത്, കെ-സ്മാർട്ടിൻ്റെ മറപിടിച്ച് പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനത്തിൻ്റെ നല്ലൊരു വിഹിതം “സ്വയംഭരണാധികാര”  ഐകെഎം സ്വന്തമാക്കുകയാണ് – കയ്യിട്ടുവാരുന്നുവെന്നു പറയുന്നതാകും ഉചിതമെന്നു തോന്നുന്നു. 

ദേശീയ ഇ-ഗവേണൻസ് പദ്ധതി  (NeGP)

ദേശീയ ഇ-ഗവൺമെന്റ് പദ്ധതി  (National e-Governance Plan – NeGP).  ഇതിനു കീഴിൽ നിർണായക ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചറുകളെന്ന നിലയിലാണ് പൂർണമായും കേന്ദ്ര സർക്കാർ ധനസഹായത്താലുള്ള സംസ്ഥാന ഡാറ്റാ സെൻ്ററുകൾ. ഈ ദേശീയ പദ്ധതിയുടെ പ്രാരംഭം മുതൽ തന്നെ തനത് ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി കേന്ദ്ര സർക്കാർ കേരളത്തിനുൾപ്പെടെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും  പ്രത്യേക ഫണ്ട് അനുവദിയ്ക്കുന്നുണ്ട്. 

രാജ്യത്തിൻ്റെ സൈബർ ഡാറ്റാ സുരക്ഷയെ മുൻനിറുത്തി വിദേശ ഹോസ്റ്റിങ് സെർവ്വറുകളെ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ആശ്രയിയ്ക്കരുതെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട് കേന്ദ്ര സർക്കാർ. ഇതിനനുബന്ധമായാണ് ദേശീയ ഇ-ഗവേണൻസ് പദ്ധതി ഫണ്ടിൻ്റെ പിൻബലത്തിൽ സംസ്ഥാനങ്ങളിൽ ഡാറ്റാ സെൻ്ററുകൾ സ്ഥാപിതമായത്. 

കേരള ഐടി വകുപ്പിൽ സ്വയംഭരണ സ്ഥാപനമായ ഐടി മിഷൻ്റെ കീഴിലാണ് പൂർണമായും കേന്ദ്ര സർക്കാർ ഫണ്ടിങ്ങിൽ സംസ്ഥാന ഡാറ്റ സെൻ്റർ (Kerala State Data Center- KSDC) പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് അവരുടെ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ വിന്യസിക്കുന്നതിന് ന്യായമായ ശേഷിയുള്ള തടസ്സമില്ലാത്തതും ഉയർന്ന വിശ്വാസ്യതയുള്ളതും  സുരക്ഷിതവുമായ  ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചറാണ് കെഎസ് ഡിസി. 

ഇൻഫർമേഷൻ കേരള മിഷൻ അതിൻ്റെ വെബ്ബ് – അപ്ലിക്കേഷൻ  ഹോസ്റ്റിങ് സേവനങ്ങൾക്കായി കേരള സ്റ്റേറ്റ് ഡാറ്റ സെന്ററിനെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാന ഡാറ്റാ സെൻ്ററിന് ഐകെഎം ഹോസ്റ്റിങ് സെർവ്വർ ചാർജ് നൽകേണ്ടതുണ്ടെന്നു എവിടെയും പറയുന്നില്ല (https://itmission.kerala.gov.in/sites/default/files/Circulars/Hosting%20Protocol%20for%20State%20Data%20Centre%20Services.pdf). സർവ്വ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാന ഡാറ്റാ സെന്ററിലെ സെർവർ സൗകര്യങ്ങൾ സൗജന്യമെന്ന

ഐടി വകുപ്പ് സർക്കുലർ

ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ സർക്കുലറുമുണ്ട് (No.2890/B1/08/ITD, 28-09-2008)അതായത്   ഹോസ്റ്റിങ് സെർവ്വർ ചെലവിനത്തിൽ ഐകെഎമ്മിന് ഒരു ചില്ലി കാശുപോലും ആർക്കും തന്നെ നൽകേണ്ടതില്ല – തീർത്തും സൗജന്യം. ഈ യാഥാർത്ഥ്യം നിലനിൽക്കവെയാണ് ‘ഡിജിറ്റൽ കോസ്റ്റ്’ എന്ന പേരിൽ  പ്രാദേശിക വികസന പ്രക്രിയയിൽ തടസ്സം സൃഷ്ടിയ്ക്കുന്നതിന് കാരണമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തിൽ നിന്ന് വർഷംതോറും ഭീമമായ തുക ഐകെഎം  വസൂലാക്കുന്നത്. 

ഇ-ഗവേണൺസിൻ്റെ ഉത്തമ മാതൃകയെന്ന നിലയിൽ, വൻ വികസന കുതിപ്പെന്ന നിലയിൽ  ഐകെഎമ്മിൻ്റെ  പൂർണ നിയന്ത്രണത്തിലുള്ള കെ-സ്മാർട്ട്  ഡിജിറ്റൽ പ്ലാറ്റ്ഫോം കൊട്ടിഘോഷിയ്ക്കപ്പെടുകയാണ്. ഫലത്തിലിത് പക്ഷേ പ്രാദേശിക സർക്കാരുകളുടെ വരുമാനം ചോർത്തിയെടുക്കുന്നതിനുള്ള സംവിധാനമെന്ന് പറയ്യാതെ വയ്യ. യഥാർത്ഥത്തിൽ ഒരു വിഭാഗത്തിൻ്റെ ഇഷ്ടക്കാർക്കുവേണ്ടിയുള്ള ഐകെഎമ്മെന്ന തൊഴിൽ സംരംഭം നിലനിർത്തപ്പെടുന്നത്  പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനത്തിൻ്റെയും പ്രാദേശിക വികസന പ്രക്രിയയുടെയും ചെലവിലാണെന്നു തന്നെ പറയേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഐകെഎമ്മിൻ്റെ സാമ്പത്തിക ഇടപ്പാടു (‘വാങ്ങൽ – കൊടുക്കൽ’ …. ഇവിടെ ‘വാങ്ങലാ’ണ് ആദ്യം) കളെപ്രതി  ഏത് ഭരണഘടനാ സ്ഥാപനമാണ് ഓഡിറ്റ് ചെയ്യുന്നത് – സിഎജി (Comptroller and Auditor General of India)? പ്രാദേശിക സർക്കാരുകളുമായുള്ള ഐകെഎമ്മിൻ്റെ ഇതപര്യന്തമുള്ള സാമ്പത്തിക ഇടപ്പാടുകളെക്കുറിച്ച്  (പൂർണമായും ഐകെഎം കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം കെ-സ്മാർട്ടുൾപ്പെടെ പ്രാദേശിക സർക്കാരുകൾക്കായുള്ള ഇ-ഗവേണൻസ് ചെലവുകളെക്കുറിച്ച്) ധവളവപത്രമിറക്കുവാൻ മടിയ്ക്കരുത് സർക്കാർ.

സംശയങ്ങൾ ഒഴിയാതെ….

കെ-സ്മാർട്ട് പ്രാദേശിക സർക്കാരുകൾക്ക് നഷ്ടക്കച്ചവവടം തന്നെ. ഈ സ്ഥിതിവിശേഷത്തിൽ മുൻചൊന്ന ചില സംശയങ്ങളും ആശങ്കകളും ആവർത്തിയ്ക്കപ്പെടേണ്ടതുണ്ട്.

 പ്രാദേശിക സർക്കാരുകളുടെ  തനത് വരുമാനത്തിൽ നിശ്ചിത ശതമാനം ഇൻഫർമേഷൻ കേരള മിഷൻ വസൂലാക്കുന്ന രീതിയിൽ മാറ്റം അനിവാര്യമല്ലെന്നുണ്ടോ? 

അനുവദിയ്ക്കപ്പെടുന്ന വാർഷിക പ്ലാൻ ഫണ്ടുവിഹിതത്തിൽ കെ-സ്മാർട്ടിലൂടെ  ഐകെഎം  പൂർണമായും പിരിച്ചെടുക്കുന്ന പ്രാദേശിക സർക്കാർ  തനത് ഫണ്ടുൾചേർക്കപ്പെടുന്നില്ലെന്ന് കൃത്യതയോടെ തിട്ടപ്പെടുത്തുന്നുണ്ടോ? 

ഐകെഎമ്മിൻ്റെ അക്കൗണ്ടിലെത്തുന്ന തനത് വരുമാനം അവർ ‘കമ്മീഷൻ’ എടുത്തതിനു ശേഷം ബാക്കി തുക പ്രാദേശിക സർക്കാരുകളിലേക്ക് തിരിച്ചേല്പിക്കപ്പെടുന്നതിൻ്റെ സമയപരിധി തിട്ടപ്പെടു ത്തിയിട്ടുണ്ടോ?

കെ-സ്മാർട്ടിലൂടെ പ്രാദേശിക സർക്കാരുകളുടെ മൊത്തം തനത് വരുമാനം ഇതിനകം ഐകെഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടിലെത്ര എത്തിയെന്നും അതിൽ നിന്ന് ‘കമ്മീഷ’നായ് എത്ര തുക വസൂലാക്കപ്പെട്ടുവെന്നും വ്യക്തമാക്കുമോ ? 

കെ-സ്മാർട്ടിലൂടെ പിരിച്ചെടുക്കുന്ന വരുമാനം ഏറെക്കാലം ഐകെഎം കൈപ്പിടിയിൽ വയ്ക്കുന്നതും  അവർ വസൂലാക്കുന്ന “നോക്കുകൂലി”യെന്നതും  പ്രാദേശിക വികസന പ്രക്രിയയെ ഗരുതരമായി ബാധിക്കുന്നില്ലേ? 

കെ-സ്മാർട്ട് സോഫ്റ്റ് വെയർ/അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതിൻ്റെ പേരിൽ പ്രാദേശിക സർക്കാരുകളുടെ തനത് വരുമാനത്തിൽ നിന്ന്  സർവ്വീസ് ചാർജെന്നതിൻ്റെ മറയിൽ ഇൻഫർമേഷൻ കേരള മിഷൻ കൈപ്പറ്റുന്ന ‘കമ്മീഷൻ’ ലോകാവസാനം വരെ തുടരുവാൻ അനുവദിയ്ക്കപ്പെടേണ്ടതുണ്ടോ?

ആദ്യകാലങ്ങളിലെന്നപോലെ തനത് വരുമാനം പ്രാദേശിക സർക്കാരുകൾക്ക് തന്നെ പരസഹായമില്ലാതെ വിവരസാങ്കേതികാധിഷ്ഠിത പിൻബലത്തിൽ  സ്വന്തം ബാങ്കു അക്കൗണ്ടിലെത്തുംവിധം നേരിട്ടു പിരിച്ചെടുക്കുന്നതിലെന്താണ് തടസ്സം?

ഐകെഎമ്മിലൂടെയുള്ള പ്രാദേശിക സർക്കാരിൻ്റെ തനത് വരുമാന ചോർച്ച സൃഷ്ടിക്കുന്ന പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ ഭരണസമിതികൾക്കെന്താണ് തടസ്സം?

കെ-സ്മാർട്ടിൽ റജിസ്ട്രർ ചെയ്യപ്പെടുന്ന വ്യക്തിഗത സൈബർ ഡാറ്റയുടെ സുരക്ഷയ്‌ക്കായ് സ്വികരിച്ചിട്ടുള്ള മുൻകരുതലുകളെന്തല്ലാം?

വ്യക്തിവിവര സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്ക് വിധേയമായി വ്യക്തിഗത സൈബർ ഡാറ്റ ദുരുപയോഗം/മോഷണം ചെയ്യപ്പെടുകയില്ലെന്നും ചോർത്തിനൽകപ്പെടുകയില്ലെന്നും ഉറപ്പുവരുത്തുന്നതിനായ് കൈകൊണ്ട നടപടികളെന്തല്ലാം?

വ്യക്തിവിവര സ്വകാര്യതയ്ക്ക് ഭംഗം വന്നാൽ നഷ്ടപരിഹാര വ്യവസ്ഥക്ക് രൂപം നൽകിയിട്ടുണ്ടോ?

സൈബർ ഡാറ്റ സുരക്ഷയിൽ വീഴ്ച്ചയുണ്ടായാൽ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വികരിയ്ക്കുമോ?

ലേഖകൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ റിസർച്ച് ഫെല്ലോയും പാർലമെൻ്ററി ബിസിനസ് അഫയേഴ്സ് റിസർച്ച് അനലിസ്റ്റുമാണ്

 

Related Post