കിട്ടാകടങ്ങളിലെ കള്ളക്കളികൾ

കിട്ടാകടങ്ങളിലെ കള്ളക്കളികൾ

Kk Sreenivasan

കെ.കെ ശ്രീനിവാസൻ

This article discusses the manipulations in converting bank loans to bad loans

ഗതിക്കേടുകൊണ്ട് വായ്പ തിരിച്ചടവിൽ വീഴ്ച്ചവരുത്തുന്ന സാധാരണക്കാർക്കെതിരെ സർഫാസി നിയമമടക്കം ഉപയോഗിച്ച് വായ്പ കൃത്യമായി തിരിച്ചുപിടിക്കും. പാവപ്പെട്ടവരുടെ വായ്പ പിടിച്ചപിടിയാൽ തിരിച്ചടപ്പിക്കും. ഇതിലൂടെ രാജ്യത്തിൻ്റെ ബാങ്കിങ് മേഖലയെ ‘സുഭദ്ര’മാക്കും. അധികാരികളുടെ ഈ ‘മിടുക്ക്’ തുടരും

കേരളത്തിലെ കളമശ്ശേരി മാനാത്തുപാടത്തു വീട്ടിൽ ഷാജിയുടെ ഭാര്യ പ്രീതി. 18.5 സെൻ്റ് കിടപ്പാടം ഈട് നൽകി സുഹൃത്തിനായ് മൂന്നു ലക്ഷം ബാങ്ക് വായ്പ. ജീവിതം വഴിമുട്ടി. തിരിച്ചടവ് മുടങ്ങി. പലിശ. കൂട്ടുപലിശ. വൻ കുടിശിക. സർഫാസി നിയമം. ബാങ്ക് ജപ്തി. ജപ്തിക്കെതിരെ സമരാഗ്നി. വിട്ടുറ്റത്ത് ചിത. സമരം 222 ദിനം. ബാങ്കിന് മുന്നിൽ നിരാഹാര സമരം. 19 ദിവസം. സർഫാസി നടപടികൾക്ക് കോടതി വിലക്ക്. 43 ലക്ഷത്തോളം അടയ്ക്കണമെന്ന് കോടതി. ശേഷിയുണ്ടായിട്ടല്ല. അടയ്ക്കാമെന്നായി പ്രീതി. പക്ഷേയെങ്ങനെ? സന്മനസുകളുടെ സഹായം. തുക അടച്ചു. പ്രീതിയുടെ കിട്ടാക്കടമായില്ല. പ്രീതിയുടെ വായ്പ ആരും എഴുതിതള്ളിയതുമില്ല.

പ്രീതിയുടെ കിട്ടാക്കടമായില്ല പക്ഷേ

പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ ബാങ്ക് വായ്പകൾ ഏതുവിധേനയും തിരിച്ചുപിടിക്കപ്പെടുക തന്നെ ചെയ്യും. പ്രീതിയിലൂടെ ഒരിക്കിൽ കൂടിയത് ഉറപ്പിക്കപ്പെട്ടു. അതേസമയം കോടികളുടെ ബാങ്ക് വായ്പകൾ തരപ്പെടുത്തി കിട്ടാക്കടമാക്കി ഉന്നതരുടെ പിന്തുണയിൽ പിടികൊടുക്കാതെ വിലസുന്ന കോർപ്പറേറ്റു വമ്പന്മാരുടെ പട്ടിക നാൾക്കുനാൾ കനംവയ്ക്കുന്നു. ഈ കാഴ്ച തുടർന്നു കൊണ്ടേയിരിക്കുന്നു!

 പ്രീതി ഷാജി
പ്രീതി ഷാജി

രാജ്യത്തെ ബാങ്കിങ് മേഖലയിലെ സ്ഥിരം ചേരുവയാണ് കിട്ടാക്കടങ്ങൾ എഴുതിതള്ളൽ. കോടികൾ വായ്പയെടുത്ത് മന:പൂർവ്വം തിരിച്ചടയ്ക്കാതിരിക്കുക. വായ്പാ കുംഭകോണം. ഇത്തരം വായ്പാ തട്ടിപ്പുസംഘങ്ങൾ രാജ്യത്തിൻ്റെ ബാങ്കിങ് മേഖലയ്ക്കൊപ്പം സഞ്ചരിക്കുന്നവർ. കോർപ്പറേറ്റ് മേലങ്കിയണിഞ്ഞവരാണ് ഇവരിലേറെയും. കോടികൾ കിട്ടാകടങ്ങളുടെ പട്ടികയിലുൾപ്പെടുന്നതും കാത്തിരിക്കുന്നവരാണ് ഇക്കൂട്ടർ. വർഷംതോറും കോടികളുടെ കിട്ടാക്കടം പട്ടിക പതിവായി പ്രസിദ്ധികരിക്കപ്പെടുന്നു. കിട്ടാക്കടങ്ങൾ എഴുതിതള്ളുന്നു.

കിട്ടാക്കടങ്ങൾ എഴുതിതള്ളുന്നത് അവ ഒരിക്കിലും പക്ഷേ തിരിച്ചുപിടിയ്ക്കപ്പെടില്ലെന്ന അർത്ഥത്തിലല്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെയും റിസർവ്വ ബാങ്കിൻ്റെയും അവകാശവാദം. ഇതിൻ്റെ പ്രതിഫലനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യിൽ നിന്ന് പൂനെ ആസ്ഥാനമായുള്ള സജാഗ് നാഗരിക് മഞ്ച് പ്രസിഡന്റ് വിവേക് ​​വെലങ്കർ ശേഖരിച്ച രേഖകൾ. പിന്നിട്ട എട്ട് സാമ്പത്തിക വർഷങ്ങളിൽ എസ്‌ബി‌ഐ വെറും ഏഴ് ശതമാന (8969 കോടി രൂപ) മാണ് തിരിച്ചുപിടിച്ചതെന്ന് വെലങ്കറിന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. എഴുതിതള്ളിയ കിട്ടാക്കടങ്ങളുടെ തുക കേട്ടാൽ പക്ഷേ നികുതിദായക പൊതുജനം അന്തംവിടും – 123432 കോടി രൂപ. ഇതിൻ്റെ കേവലം ഏഴ് ശതമാനം എഴുതിതള്ളിയതിനു ശേഷം തിരിച്ചു പിടിക്കപ്പെട്ടുവെന്നതിനെയാണ് മഹത്തരമെന്ന രീതിയിൽ എസ്ബിഐ കൊട്ടിഘോഷിക്കുന്നത്.

വായ്പ കിട്ടാക്കടമായി മാറിയാലത് തിരിച്ചുപിടിയ്ക്കപ്പെടുകയെന്നത് സാധ്യമല്ല. സാങ്കേതികമായി പറഞ്ഞാൽ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നതോടെ അവ ബാലൻസ് ഷീറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടും. തിരിച്ചുപിടിയ്ക്കൽ അസാധ്യമെന്നതിനാലാണിത്. ഇക്കാര്യത്തിൽ വിദഗ്ധർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അപ്പോൾപോലും നികുതി പരിപാലന പ്രക്രിയയെ ബാധിയ്ക്കാതിരിക്കുന്നതിനെ മുൻനിറുത്തി ബാങ്കുകൾ ഇത് പതിവായി ചെയ്യുന്നു.

ചുരുക്കം ചില കിട്ടാക്കടങ്ങൾ എഴുതിതള്ളുമ്പോഴും അതിൻ്റെ മൂല്യം ആസ്തിയായി ബാലൻസ് ഷീറ്റിൽ നിലനിറുത്തപ്പെടുന്നുണ്ട്. തിരിച്ചുപിടിയ്ക്കുവാനായേക്കുമെന്ന പ്രതീക്ഷയിലാണിത്. ഇത്തരത്തിൽ ചില പ്രതീക്ഷയർപ്പിക്കപ്പെട്ട കിട്ടാക്കടം തിരിച്ചുപിടിയ്ക്കൽ എസ്ബിഐ ലഭ്യമാക്കിയ വിവരങ്ങളിലുണ്ട്. പ്രതീക്ഷ കൊളളാം! പ്രതീക്ഷ പക്ഷേ യാഥാർത്ഥ്യവൽക്കരിക്കപ്പെടണം. ഇതിന് ആത്മാർത്ഥമായ തുടർനടപടികൾ അനിവാര്യം. ഈ അനിവാര്യത പക്ഷേ തോന്നേണ്ടവർക്ക് തോന്നണം. തോന്നുന്നതേയില്ല.

എസ്‌ബി‌ഐ വെലങ്കറിന് നൽകിയ വിവരങ്ങൾ പ്രകാരം ഭൂഷൺ പവർ ആൻ്റ് സ്റ്റീൽ ലിമിറ്റഡ്, ഐ‌ആർ‌വി‌സി‌എൽ ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് ഏറ്റവും വലിയ വായ്പാ കുടിശികക്കാർ. കടമെടുത്ത ശേഷം ഒരു പൈസ പോലും തിരിച്ചടയ്ക്കാത്തവർ! കിട്ടാക്കടപട്ടികയിലെ ഏറ്റവും വലിയ വായ്പാ സ്വീകർത്താവ് അലോക് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 8098.05 കോടി രൂപ. തിരിച്ചടച്ചതാകട്ടെ വെറും 1703.57 കോടി രൂപ. ബാക്കി എസ്‌ബി‌ഐ എഴുതിതള്ളിയത് 6394.48 കോടി! കൂടെ പലിശയും! എസ്ബിഐ കിട്ടാക്കടം പട്ടികയിൽ 56 കമ്പനികൾ. ജെറ്റ് എയർവേയ്സ്, റിലയൻസ് നേവൽ ആൻ്റ് എശ്ചിനീയറിങ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻസ് തുടങ്ങിയവയും ഈ കിട്ടാക്കട പട്ടികയിലുണ്ട്.

ആർബിഐ പട്ടിക

2019 സെപ്റ്റംബർ 30 വരെ കിട്ടാക്കടങ്ങളായി കണക്കാക്കിയ 68,607 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് (ആർ‌ബി‌ഐ) 20 20 ഏപ്രിലിൽ പറഞ്ഞിരുന്നു (https://www.bloombergquint.com/business/over-rs-68-600-cr-loans-of-wilful-defaulters-including-choksi-mallya-firms-written-off-rbi-in-rti-reply). സാകേത് ഗോഖലെ എന്ന വ്യക്തി സമർപ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയായാണ് റിസർവ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടികൾ വായ്പയെടുത്ത് മന:പൂർവ്വം തിരിച്ചടയ്ക്കാതെ കിട്ടാക്കടം എഴുതിതള്ളിയ പട്ടികയിലുൾപ്പെട്ടിട്ടുള്ളത് 50 മുൻനിര കമ്പനികൾ.

രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ കടംവാങ്ങി മന:പൂർവ്വം കിട്ടാക്കടംമാക്കിയവരുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് രത്നവ്യാപാരി മെഹുൽ ചോക്‌സിയുടെ കമ്പനി ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്. 5492 കോടി രൂപ കുടിശിക. 1447 കോടി കുടിശിക ഗിലി ഇന്ത്യ ലിമിറ്റഡ്. 1109 കോടി നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ്. ഗീതാജ്ജലി ജെംസിൻ്റെ സഹോദര സ്ഥാപനങ്ങളാണീ ഇരു കമ്പനികളും. വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ ചോക്സി ഇപ്പോൾ ആന്റിഗ്വ ആന്റ് ബാർബഡോസ് ദ്വീപുകളിലെ പൗരനാണ്. അദ്ദേഹത്തിന്റെ അനന്തരവൻ മറ്റൊരു വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിൽ! വിജയ് മല്യയുൾപ്പെടെയുള്ള വായ്പാ തട്ടിപ്പുക്കാരുടെ തടിതപ്പൽ ഉന്നതരെല്ലാം അറിഞ്ഞുകൊണ്ടു തന്നെ.

ആർബിഐ പട്ടികയിൽ രണ്ടാമത് 4314 കോടി രൂപ കുടിശികയുമായ് ആർഇഐ അഗ്രോ ലിമിറ്റഡ്. ഇതിന്റെ ഡയറക്ടർമാരായ സന്ദീപ് ജുജുൻവാലയും സഞ്ജയ് ജുൻജുൻവാലയും ഒരു വർഷത്തിലേറെയായി സാമ്പത്തിക കുറ്റാന്വേഷണ ഡയറക്ടറേറ്റിന്‌ അന്വേഷണവലയത്തിലാണ്. പട്ടികയിലടുത്തത് 4076 കോടി രൂപ കുടിശ്ശികയുള്ള വജ്ര വ്യാപാരി ജിതിൻ മേത്തയുടെ വിൻസോം ഡയമണ്ട്സ് ആൻ്റ് ജ്വല്ലറി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷിക്കുന്ന വിവിധ ബാങ്ക് വായ്പാതട്ടിപ്പു കേസുകളിലിതുമുൾപ്പെടുന്നു.

2850 കോടി രൂപ കുടിശ്ശികയുമായി കോത്താരി ഗ്രൂപ്പിന്റെ കാൺപൂർ ആസ്ഥാനമായുള്ള റൈറ്റിംഗ് ഇൻസ്ട്രുമെന്റ്സ് ഭീമൻ റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡുണ്ട്. കിടൊസ് കെമി ലിമിറ്റഡിൻ്റെ 2236 കോടി. യോഗാചാര്യനെന്നുവിളിക്കപ്പെടുന്ന രാംദേവിൻ്റെ പതജ്ഞലി ഗ്രൂപ്പിൻ്റെ 2212 കോടി. സൂം ഡവല്പേഴ്സ് 2012 കോടി. ലണ്ടനിലേക്ക് തടിതപ്പിയ വിജയ് മല്യ കിങ്ഫിഷർ 1943 കോടി. ഫോർ എവർ പ്രഷ്യസ് ജ്വല്ലറി ആൻ്റ് ഡയമെണ്ട് 1962 കോടി. ഡക്കാൺ ക്രോണിക്കൽ ഹോൾഡിങ്സ് 1915 കോടി. അതെ കിട്ടാക്കടങ്ങളുടെയും എഴുതിതള്ളിയ വായ്പകളുടെയും പട്ടിക കനംവയ്ക്കുകയാണ്.

കിട്ടാക്കടങ്ങളിലെ ഉപജാപങ്ങൾ

രാജ്യത്ത് കിട്ടാക്കടങ്ങളിൽ മുങ്ങിയ ബാങ്കുകളിൽ മുന്നിൽ പൊതുമേഖല ബാങ്കുകൾ. 2019 സാമ്പത്തിക വർഷത്തിൽ ആന്ധ്ര ബാങ്കിൻ്റെ 86 ശതമാനം വായ്പയും കിട്ടാക്കടങ്ങളായി. യുണൈറ്റഡ് ബാങ്ക് 78. ഇന്ത്യൻ ബാങ്ക് 74. എസ്ബിഐ 73. അലഹബാദ് ബാങ്ക് 70 ശതമാനം. ഇതേ സാമ്പത്തിക വർഷത്തിൽ 20 – ൽ 18 പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടങ്ങളിൽ 50 ശതമാനത്തിലധികം നിഷ്ക്രിയ ആസ്തി. ഇപ്പറഞ്ഞ അഞ്ചു പൊതുമേഖല ബാങ്കുകൾ വരുത്തിവച്ച കിട്ടാക്കടങ്ങളാണ് മൊത്തം നിഷ്ക്രിയ ആസ്തിയുടെ 70 ശതമാനവുമെന്ന് 2019 ജൂൺ 25 ന് ആർബിഐ വിവരങ്ങൾ ഉദ്ധരിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ലോകസഭയിൽ പറഞ്ഞു.

കിട്ടാക്കടം എഴുതിതള്ളുന്നതിൻ്റെ ഗുണഭോക്താക്കൾ തങ്ങൾക്ക് വേണ്ടപ്പെട്ട വ്യവസായികളാണെന്നതിൽ നന്നേ ബോധ്യമുണ്ട് ഭരിക്കുന്നവർക്കും ബാങ്ക് ഉദ്യോഗസ്ഥ മേധാവികൾക്കും. ഈ കൃത്യമായ ബോധ്യപ്പെടലിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് കിട്ടാക്കടം എഴുതിതള്ളൽ പ്രക്രിയ. കോടികൾ വായ്പകൾ അനുവദിക്കപ്പെടുന്ന വേളയിൽ തന്നെയത് തിരിച്ചടയ്ക്കുവാതിരിക്കുന്നതിനായി പഴുതുകൾ സൃഷ്ടിക്കപ്പെടുന്നവസ്ഥ!

വായ്പാ അപേക്ഷ കൃത്രിമങ്ങളിൽ പെരുപ്പിച്ചെടുക്കുന്നു. വായ്പാ അപേക്ഷകനില്ലാത്ത ആസ്തികളുണ്ടെന്ന് പെരുപ്പിച്ചുള്ള രേഖകൾ. ലാഭം പെരുപ്പിച്ചുകാണിക്കുന്ന ബാലൻസ് ഷീറ്റ്. ഇല്ലാത്ത ഓഹരി മൂല്യം. അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന രേഖകളുടെ ആധികാരിത. നിയമപരമായ പിൻബലം. ഇവയൊക്ക പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടത് പക്ഷേ ബാങ്കിൻ്റെ നിയമോപദേശകർ. ഇവിടെയെല്ലാം ഉപജാപങ്ങൾ! തിരിമറികൾ. ക്രമവിരുദ്ധ നടപടികൾ. വിട്ടുവീഴ്ചകൾ. ഗൂഢാലോചന. അനുവദിക്കപ്പെടുന്ന വായ്പാ തുകയുടെ നിശ്ചിത ശതമാനം കമ്മീഷൻ ബാങ്ക് മേധാവികൾക്കുൾപ്പെടെയുള്ളവർക്ക് പറഞ്ഞുറപ്പിക്കൽ. ഇത്തരം ഉപജാപ പ്രക്രിയയിൽ തന്നെ വായ്പാതട്ടിപ്പിൻ്റെ വിത്തിടുകയാണ്. ഉപജാപങ്ങളുടെ ശൃംഖലയിൽ ആസൂത്രണം ചെയ്യപ്പെടുന്ന വായ്പാ തട്ടിപ്പ് രാജ്യത്തിൻ്റെ ബാങ്കിങ് മേഖലയിൽ സ്ഥായിയായ ചേരുവയായി തകർത്താടുകയാണ്.

സാധാരണക്കാരുടെ വായ്പാ പലിശയിൽ ഇളവുകൾ അഭ്യർത്ഥിച്ചുള്ള അപേക്ഷകൾ നിഷേധിക്കുന്നവർക്ക് നൂറുകണക്കിന് കോടികൾ കിട്ടാക്കടത്തിലുൾപ്പെടുത്തി എഴുതിതള്ളുന്നതിൽ സങ്കോചമേയില്ല. കൊറോണ ക്കാലത്ത് ബാങ്ക് വായ്പാതിരിച്ചടവിന് മോറോട്ടറിയം പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ നിശ്ചിതമാസത്തിന് ശേഷമുള്ള തിരിച്ചടവിനോടൊപ്പം പലിശയും പിഴപലിശയും ഒഴിവാക്കുവാനാകില്ലെന്ന നിലപാടിലാണ് രാജ്യത്തിൻ്റെ കേന്ദ്ര ബാങ്കും അനുബന്ധ ബാങ്ക് മാനേജ്മെൻ്റുകളും. പലിശ ഒഴിവാക്കുന്നത് ബാങ്കിങ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന കടുത്ത ആശങ്കയാണ് ഇക്കൂട്ടർ പങ്കുവയ്ക്കുന്നത്.

ബാങ്കുമേധാവി – കോർപ്പറേറ്റ് കള്ളക്കളിയിൽ നൂറുകണക്കിന്‌ കോടികളുടെ വായ്പകൾ കിട്ടാക്കടങ്ങളാക്കപ്പെടുന്നു. ശേഷം അവ എഴുതിതള്ളുന്നു. ഈയൊരു ഗുരുതരമായവസ്ഥ ഇന്ത്യൻ ബാങ്കിങ് മേഖലയെ ഒപ്പം സമ്പദ് വ്യവസ്ഥയെ ദുരവസ്ഥയിലാക്കുമെന്ന ആശങ്ക കേന്ദ്ര ബാങ്കിൽ നിന്നുൾപ്പെടെ നിന്നുയരുന്നതേയില്ല. മന:പൂർവ്വം സൃഷ്ടിക്കപ്പെടുന്ന കിട്ടാക്കടങ്ങൾ സമയാസമയങ്ങളിൽ എഴുതിതള്ളുന്നു. ഇതോടെ ഇവരെല്ലാം സ്വസ്ഥം! പക്ഷേ സമ്പദ് വ്യവസ്ഥയ്ക്ക് ദുരവസ്ഥ!

വായ്പാ കുംഭകോണം

ഐസിഐസി എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാർ 2012ൽ നടത്തിയ 3250 കോടി വായ്പ കുംഭകോണം രാജ്യത്തെ ബാങ്കിങ് മേഖലയെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു. 2016 ഒക്ടോബറിലാണ് തൻ്റെ ഭർത്താവ് ദീപക് കൊച്ചാറുൾപ്പെടെയുള്ളവരുടെ വിഡീയോകോൺ ഗ്രൂപ്പിന് വായ്പ അനുവദിച്ചിലെ ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നത്. വീഡിയോ കോൺഗ്രൂപ്പ് അഞ്ച് കമ്പനികൾ. ഇതിലൊരന്നിനും 650 കോടി വീതം (5 X 650 = 3250) ഐസിഐസി ബാങ്ക് വായ്പ. ഓരേ തിയ്യതിയിലാണ് – 2012 ഏപ്രിൽ 30 – അഞ്ച് വായ്പയും അനുവദിക്കപ്പെട്ടത്. ഇതെല്ലാം കിട്ടാക്കടപട്ടികയിലുമായി.

ചന്ദാ കൊച്ചാർ
ചന്ദാ കൊച്ചാർ

ചന്ദാ കൊച്ചാറിൻ്റെ വായ്പാ കുംഭകോണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റിലിക്കും പരാതി സമർപ്പിക്കപ്പെട്ടു. പക്ഷേ നടപടികളുണ്ടായില്ല. അവഗണിക്കപ്പെട്ടു! 2018 മാർച്ചിൽ വീണ്ടും ഈ പരാതി ഉയർന്നു. അതോടെ സാമ്പത്തികൂറ്റാന്വേഷണ ഡയറക്ടറേറ്റിനും സിബിഐക്കും പരാതി അന്വേഷിയ്ക്കാതെ നിവൃത്തിയില്ലെന്നുവന്നു. ചന്ദാ കൊച്ചർ കുടുംബത്തെ ചോദ്യം ചെയ്തു. തൻ്റെ ഭർത്താവിൻ്റെ കമ്പനിക്ക് വഴിവിട്ട് വായ്പ അനുവദിച്ചതിൽ കൊച്ചാർ കുടുങ്ങി. വീഡിയോകോൺ ഗ്രൂപ്പിലെ വായ്പ അനുവദിക്കപ്പെട്ട കമ്പനികൾക്ക് വായ്പ തിരിച്ചടത്തക്ക ശേഷിയുള്ള ആസ്തിയില്ല. ദുർബ്ബലമായ ആസ്തികൾ. കമ്പനികൾ നഷ്ടത്തിൽ. അനർഹമായ കമ്പനികൾക്ക് അനർഹമായ വായ്പകൾ! സ്വജനപക്ഷപാതം. പദവി ദുരുപയോഗം. കൃത്യവിലോപം. ഇതാണ് കൊച്ചാറിന് വിനയായത്.

2019 മാർച്ച് 24ന് സിബിഐ ചന്ദാ കൊച്ചാറിനും അവരുടെ ഭർത്താവിനും വീഡിയോകോൺ എംഡി വേണുഗോപാൽ ദുതിനുമെതിരെ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നതിൻ്റെ പേരിൽ എഫ്ഐആർ റജിസ്ട്രർ ചെയ്തു. വായ്പാ കുംഭകോണത്തെകുറിച്ച് ജുഡിഷ്യൽ അന്വഷണം നടത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണയുടെ 2019 മാർച്ച് 30 ലെ റിപ്പോർട്ട് ചന്ദാ കൊച്ചാർ കുറ്റക്കാരിയെന്നു കണ്ടു. അതോടെ കൊച്ചാറിൻ്റെ രാജിയെന്നത് പിരിച്ചുവിടലായി. അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടെയാണ് മറ്റൊരു മൂന്നാം തലമുറ ബാങ്കായ യെസ് ബാങ്ക് വായ്പാ കുംഭകോണം പുറംലോകമറിയുന്നത്.

യെസ് ബാങ്ക് വായ്പാതട്ടിപ്പ്

നൂറുകണക്കിന് കോടികളുടെ അനധികൃത വായ്പകൾ നൽകുക. അനുവദിക്കപ്പെടുന്ന വായ്പകളിൽ നിന്ന് നിശ്ചിത ശതമാനം കമ്മീഷൻ വസൂലാക്കുക. ഇത്തരം വൻ വയ്പാ തട്ടിപ്പ് സംഘമാണ് മൂന്നാം തലമുറ ബാങ്ക് യെസ് ബാങ്ക് സാരഥികൾ. ബാങ്കിൻ്റെ സഹസ്ഥാപകൻ റാണാ കപൂറടക്കം 11 പേർക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ ഡയറക്ടറേറ്റിൻ്റെയും സിബിഐയുടെയും കേസുകൾ തുടരുകയാണ്. തട്ടിപ്പ്, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളിലാണ് കേസുകൾ. കടംകയറി ഊർദ്ധ്വശ്വാസം വലിക്കുന്ന ഡിഎച്ച്എഫ്എൽ കമ്പനിയുടെ കടപ്പത്രങ്ങളിൽ യെസ് ബാങ്ക് നിക്ഷേപിച്ചത് 3700 കോടി രൂപ! ഇതിനു കമ്മീഷനായി യെസ് ബാങ്കിൻ്റെ റാണാ കപൂറിൻ്റെ കൈകളിലെത്തിയത് 600 കോടി!

സാമ്പത്തിക കുറ്റാന്വേഷണ ഡയറക്ടറേറ്റ് 2020 മെയിൽ സമർപ്പിച്ച കുറ്റപത്രം പറയുന്നത് യെസ് ബാങ്ക് തിരിച്ചടവ് ശേഷിയില്ലാത്ത അനർഹരായ കമ്പനികൾക്ക് വാരിക്കോരി വായ്പകൾ നൽകിയെന്നാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ബാങ്ക് കൂട്ടുനിന്നു. ഇതിലൂടെ 5050 കോടി രൂപയുടെ കമ്മീഷൻ റാണാ കപൂറിൻ്റെ കീശയിലെത്തിയിട്ടുണ്ടെന്നാണ് സാമ്പത്തിക കുറ്റാന്വേഷണ ഡയറക്ടറേറ്റ് കണ്ടെത്തൽ. അനുവദിക്കപ്പെട്ട മൊത്തം 60000 കോടിയുടെ വായ്പകൾ നിഷ്ക്രിയ ആസ്തിയുടെ പട്ടികയിലിടംപിടിക്കുകയാണ്.

റിലയൻസ് ഉടമ അനിൽ അംബാനി ( 12800 കോടി രൂപ) എസ്സൽ ഗ്രൂപ്പ് (8400 ). ഡി എച്ച് എഫ് എൽ ( 4735) ഓങ്കാർ റിലേറ്റേഴ്സ് ( 2710) ഐ എൽ ആൻ്റ്ജെ എഫ് എസ (2500 ) ബിഎംഖയ്ത്താൻ ഗ്രൂപ്പ് (1250) ജെറ്റ് എയർവേയ്സ് (1100 കോടി) തുടങ്ങിയ കോർപ്പറേറ്റ് വമ്പന്മാരാണ് റാണാ കപൂറുമായുള്ള ഉപജാപത്തിലൂടെ യെസ് ബാങ്കിൽ നിന്ന് കോടികളുടെ വായ്പകൾ തരപ്പെടുത്തിരിക്കുന്നത് (www.newindianexpress.com/business/2020/mar/11/big-companies-have-defaulted-on-rs-60000-crore-in-yes-bank-scam-ex-bjp-mp-kirit-somaiya-2115236.amp).

സഹകരണ ബാങ്കുകളിലും വായ്പാ കുംഭകോണം

സർക്കാർ അധീനതയിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പേറേറ്റീവ് ബാങ്ക് (എംഎസ്‌സി ബാങ്ക്) വായ്പ തട്ടിപ്പ്. 297 കോടിയുടെ. 2007-2011 കാലയളവിൽ മാത്രം! 2001-2011 വരെ 25000 കോടിയുടെ കള്ളപണം വെളുപ്പിക്കൽ. ഇതിലെല്ലാം എൻസിപി നേതാവ് ശരദ് പവ്വാറും മരുമകൻ അജിത് പവ്വാറു (നിലവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി) മുൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിൽ. വർഷമേറെയായിട്ടും കേസെങ്ങുമെത്തിയിട്ടില്ല.

2019 സെപ്തംമ്പറിൽ പുറത്തുവന്നത് പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് (പിഎംസി) ബാങ്ക് വായ്പ കുംഭകോണം. 6500 കോടി വായ്പ തട്ടിപ്പ്. നഷ്ടത്തിൽ കൂപ്പുകുത്തിനിൽക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനി എച്ച്ഡിഐഎലിന് നൽകിയ ഈ വായ്പ കിട്ടാക്കടപട്ടികയിലുൾപ്പെടത്താതെ ക്രമക്കേട് നടത്തി. ഇത് വെളിച്ചത്തുവന്നതോടെ ആർബിഐ ഇടപ്പെടൽ. ഇടപ്പാടുകൾക്ക് മൊറോട്ടറിയം. ബാങ്കിൻ്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ. ഇത് സാധാരണക്കാരായ ഇടപ്പാടുക്കാരെ ചില്ലറയൊന്നുമല്ല വലച്ചത്. പിഎംസി വായ്പാ തട്ടിപ്പുക്കേസിൽ മലയാളിയായ ബാങ്ക് എംഡി ജോയ് തോമസും മുൻ ചെയർമാൻ വാര്യം സിങും എച്ച്ഡിഐഎൽ പ്രെമോട്ടർമാരായ രാകേഷ് കുമാർ വാദുവാനും മകൻ സാരംഗും പ്രതികളാണ്. കൃത്യമായൊരു അന്വേഷണം നടത്തിയാൽ കേരളത്തിലെ സഹകരണ ബാങ്കുകളിലെയും കോടികളുടെ വായ്പാ കുംഭകോണങ്ങളും കിട്ടാക്കടങ്ങളും വെളിച്ചത്തുവരുമെന്നത് അവിതർക്കിതം.

രാഷ്ട്രീയ നേതാക്കൾ. ഭരണാധികാരികൾ. ബാങ്ക് മേധാവികൾ. കോർപ്പറേറ്റുകൾ. ഇവർക്കിടയിലെ അവിശുദ്ധബന്ധമാണ് രാജ്യത്തെ ബാങ്ക് വായ്പാതട്ടിപ്പുകൾക്ക് ഊർജ്ജം. ബാങ്കിങ് മേഖലയുടെ നിയന്താവിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ. ഇതും കൂടിയാകുമ്പോഴാകട്ടെ രാജ്യത്തെ ബാങ്കിങ് മേഖല കുത്സിത ഇടപാടുകളുടെയും അഴിമതിയുടെയും കേന്ദ്രമെന്നതിലേക്ക് വഴിമാറുകയാണ്.

കൊറോണക്കാല ലോക്ക് ഡൗൺ. പ്രഖ്യാപിക്കപ്പെട്ട തിരിച്ചടവ് മോറോട്ടോറിയം. ഇതിൻ്റെ മറപിടിച്ച് മന:പൂർവ്വം സൃഷ്ടിക്കപ്പെടാനിരിക്കുന്നത് പതിനായരകണക്കിന് കോടികളുടെ കിട്ടാക്കടങ്ങൾ. ശേഷം ഇവയെല്ലാം എഴുതിതള്ളൽ. പ്രത്യേകിച്ചും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ കിട്ടാക്കടപട്ടികയിൽ നിറയും. രാജ്യത്തെ ബാങ്കുകൾ നടപ്പുസാമ്പത്തിക വർഷത്തിൽ നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമായി 42150 കോടിയുടെ വായ്പ നൽകിയിട്ടുണ്ട് (https://wap.business-standard.com/article/finance/npas-rise-in-tandem-as-mfis-gross-loan-portfolios-grow-by-29-in-fy20-120061901390_1.html). ഇതിൽ നിന്നുൾപ്പെടെ ഇനിയും പൂർവ്വാധികം ശക്തിയോടെ വായ്പകൾ മന:പൂർവ്വം കിട്ടാക്കടങ്ങളാക്കി എഴുതിതള്ളും. കള്ളപണം വെളുപ്പിക്കാൻ ബാങ്കുകൾ ഇനിയും കൂട്ടുനിൽക്കും. അതേസമയം ഗതിക്കേടുകൊണ്ട് വായ്പ തിരിച്ചടവിൽ വീഴ്ച്ചവരുത്തുന്ന സാധാരണക്കാർക്കെതിരെ സർഫാസി നിയമമടക്കം ഉപയോഗിച്ച് വായ്പ കൃത്യമായി തിരിച്ചുപിടിക്കും. പാവപ്പെട്ടവരുടെ വായ്പ പിടിച്ചപിടിയാൽ തിരിച്ചടപ്പിക്കും. ഇതിലൂടെ രാജ്യത്തിൻ്റെ ബാങ്കിങ് മേഖലയെ “സുഭദ്ര”മാക്കും. അധികാരികളുടെ ഈ “മിടുക്ക്” തുടരും.

Related Post

ഡ്രയനേജ്: റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുറപ്പുണ്ടോ?

ഡ്രയനേജ്: റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നുറപ്പുണ്ടോ?

  തൃശൂർ: പീച്ചി – പട്ടിക്കാട് റോഡിൻ്റെ ഇരുവശത്തും പുരോഗമിക്കുന്ന ഡ്രയിനേജ് നിർമ്മാണം തീർത്തും അശാസ്ത്രീയം! ഡ്രയ്നേജ് നിർമ്മാണ പ്രവർത്തികളിൽ…