യെമൻ മാനവ ദുരന്തം: ലോകം കൺ തുറക്കണം

യെമൻ മാനവ ദുരന്തം: ലോകം കൺ തുറക്കണം

KK Sreenivasan
കെ.കെ ശ്രീനിവാസൻ എഡിറ്റർ വിശകലനം ചെയ്യുന്നു
KK Sreenivasan, editor,  writes on Yemen Humanitarian Crisis and it includes URL of YouTube programme on Yemen crisis  https://youtu.be/5pomBU6pSTI 

കോവിഡ്- 19 മഹാമാരി ലോകത്ത് ശമനമില്ലാതെ പടരുകയാണ്.  ഒപ്പം യെമൻ ജനത മാനവ ദുരന്തത്തിൻ്റെ അടയാളമായി  തുടരുന്നു. സമകാലിക ലോകത്തിലെ ഏറ്റവും വലിയ മാനവദുരന്തമാണ് യെമൻ. 24 ദശലക്ഷത്തിലധികം മനുഷ്യർ അതായത് യെമൻ ജനസംഖ്യയുടെ 80 ശതമാനം – കൊടിയ യാതനകളിൽ ഉഴലുകയാണ്.

2010 ഡിസംബർ 18 പൊട്ടിപുറപ്പെട്ട  ട്യുണിഷ്യൻ വിപ്ലവം അഥവാ ജാസ്മിൻ വിപ്ലവം. ദീർഘകാല ട്യൂണീഷ്യൻ പ്രസിഡന്റ് സൈൻ എൽ അബിദിൻ ബെൻ അലി 2011 ജനുവരിയിൽ അധികാരഭൃഷ്ടനാക്കപ്പെട്ടു. ട്യുണിഷ്യൻ വിപ്ലവം അറബ് വസന്തമെന്നറിയപ്പെടാൻ തുടങ്ങി. അറബ് വസന്തത്തിൻ്റെ ഇടിമുഴക്കത്തിൽ മിഡിൽ ഈസ്റ്റ് – വടക്കൻ ആഫ്രിക്കൻ അറബ് മേഖലയിലെ ഈജിപ്തിൽ പ്രസിഡൻ്റ് ഹോസ്നി മുബാറക്കിൻ്റെ പതിറ്റാണ്ടുകളുടെ ഭരണം തൂത്തെറിയപ്പെട്ടു.

പാശ്ചാത്യ ശക്തികളുടെ തലവേദനയായിരുന്നു ലിബിയൻ നേതാവ് കേണൽ ഗദ്ദാഫി. അറബ് വസന്ത കലാപ വേലിയേറ്റത്തിൽ ഗദ്ദാഫി നാമാവശേഷനാക്കപ്പെട്ടു. സിറിയൻ പ്രസിഡൻ്റ് ബഷർ അൽ-അസ്ദ്.  അറബ് വസന്തം അസ്ദിൻ്റെ സിറിയയെയും ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തിച്ചു. മെഡിറ്ററേനിയൻ കടൽ തീരത്ത് അടിഞ്ഞുകൂടിയ അലൻ കുർദെന്ന സിറിയൻ കുഞ്ഞിൻ്റെ മൃതദേഹം മിഡിൽ ഈസ്റ്റ് അഭയാർത്ഥി പ്രവാഹത്തിൻ്റെ ഹൃദയം പിളർക്കുന്ന നേർകാഴ്ച ലോകം വിസ്മരിയ്ക്കരുത്.

ഷിയാ – സുന്നി കലാപo

അറേബ്യൻ ഉപദ്വീപിലെ ഒരു ചെറിയ രാജ്യമാണ് യെമൻ. അറബ് വസന്തത്തിൻ്റെ താണ്ഡവത്തിൽ യെമനും കലാപ ഭൂമികയാക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ട് അധികാരത്തിൽ നിന്ന് പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ്   2012 ജനുവരിയിൽ പുറത്താക്കപ്പെട്ടു.  2015 ൽ രാജ്യത്തെ ഹൂതി വിമതർക്കൊപ്പം ചേർന്ന് സന നഗര മേഖല കീഴടക്കി അബ്ദുള്ള സാലിഹ് തിരിച്ചുവരവ് നടത്തി. ഇതോടെ ഹൂതികളുമായുള്ള സാലിഹിൻ്റെ ചങ്ങാത്തത്തിൽ വിള്ളൽ വീണു. 2017 ഡിസംബറിൽ ഹൂതികൾ അബ്ദുള്ള സാലിഹിനെ വധിച്ച് മേഖലയുടെ അധികാരം പൂർണ്ണമായും കയ്യ്ക്കലാക്കി. അതോടെയാകട്ടെ ആഭ്യന്തര യുദ്ധത്തിൽ യമനിൽ ദുരന്തങ്ങളുടെ തോരാമഴ.

ആഭ്യന്തര യുദ്ധത്തിൻ്റെ ഒരു ഭാഗത്ത് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ. ഹൂതികളുടെ ആധിപത്യത്തിലാണ് തെക്കൻ യെമനിലെ പ്രധാന നഗരി സനയുൾപ്പെടെയുള്ള മേഖല. മറുഭാഗത്താകട്ടെ സൗദി അറേബ്യൻ – യുഎഇ പിന്തുണയുള്ള  ബഹുരാഷ്ട്ര സഖ്യം. വടക്കൻ യെമനിലെ ഏദൻ നഗരമുൾപ്പെടെയുള്ള മേഖല ഈ സഖ്യത്തിൻ്റെ അധീനതയിലാണ്.

മുസ്ലിം ഷിയാ  ഹൂതികളും സുന്നി  സഖ്യസേനയും തമ്മിൽ യെമനിൻ്റെ ആധിപത്യത്തിനായുള്ള കടുത്ത പേരോട്ടം. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബഹുരാഷ്ട്ര സഖ്യ സേനയും ഹൂതികളും തമ്മിലുള്ള ആഭ്യന്തര യുദ്ധം യമൻ ജനതയുടെ അടിവേര് തോണ്ടി. ഹൂതി – സഖ്യസേന  പോരാട്ടത്തിൽ  ഇതിനകം നാല് ദശലക്ഷത്തിലധികം യമനികൾ പിറന്ന് നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരാക്കപ്പെട്ടു. വലിയൊരു വിഭാഗം യുദ്ധക്കെടുതികളിലകപ്പെട്ട് രാജ്യത്തിനകത്ത് തന്നെ തുടരുന്നു.

യെമനിൽ 20 ദശലക്ഷം ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമാണ് – ഈ സംഘർഷം യെമൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിച്ചു. 6 ദശലക്ഷം യെമൻജനത കടുത്ത പട്ടിണിയിൽ.5 ദശലക്ഷത്തോളം രൂക്ഷമായ ക്ഷാമത്തിന്റെ വക്കിലാണെന്ന് യുഎൻഅഭയാർത്ഥി സംരക്ഷണ ഏജൻസി പറയുന്നു. അഭയാർത്ഥി കേന്ദ്രങ്ങൾ പോലുംനിഷ്കരുണം തകർക്കപ്പെടുന്നു. ആഭ്യന്തര യുദ്ധത്തിൻ്റെ മുഖ്യ ഇരകൾ കുട്ടികളും സ്ത്രീകളും. യമൻ ആഭ്യന്തര കലാപത്തിൽ 12 ദശലക്ഷത്തിലധികം കുട്ടികളുടെ ജീവിതമാണ് ഇരുളിലകപ്പെട്ടത്.

യുദ്ധം തീർത്ത കടുത്ത പട്ടിണിയാണ്  യെമനി കുട്ടികളെ കരളലിയിക്കുന്ന കോലത്തിലാക്കിയത്. യെമൻ ആഭ്യന്തര കലാപം കുട്ടികളെ കൂടുതൽ ദുർബലരാക്കുകയും അവരുടെ ഭാവി കവർന്നെടുക്കുകയും ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിൻ്റെ അനന്തര ഫലം വിശപ്പ്, പട്ടിണി, ക്ഷാമം, ദാരിദ്രം, പോക്ഷകാഹാരക്കുറവ്. ഇതിൻ്റെയെല്ലാം നീരാളിപിടുത്തത്തിലാണ് ദശലക്ഷക്കണക്കിന് യെമനി ജനത. യെമനിൽ അഞ്ച് വയസ്സിന് താഴെയുള്ള 2.3 ദശലക്ഷം കുട്ടികൾ  കടുത്ത പോഷകാഹാരക്കുറവിൻ്റെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ യുനിസഫ്

2021 ഫെബ്രുവരിയിൽ നടത്തിയ  സർവ്വെ പറയുന്നു. ഇതിൽ 400000 ത്തോളം കുട്ടികകൾക്ക് അടിയന്തിര ചികിത്സ അനിവാര്യം. ചികിത്സ ലഭ്യമാക്കപ്പെടാതിരുന്നാൽ 400,000  കുട്ടികൾക്ക് ജീവഹാനിയുണ്ടാകുമെന്നും സർവ്വെ റിപ്പോർട്ട് മുന്നറിയപ്പ് നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് യെമനിലെ കുട്ടികളെന്നും യുനിസഫ്  റിപ്പോർട്ട്  അടിവരയിടുന്നു.

തുടരുന്ന  സംഘർഷത്തിൽ സ്ത്രീകൾ തീർത്തും അരക്ഷിതർ. നാടുകടത്തപ്പെട്ട യെമൻ കുടുംബങ്ങളിൽ നാലിലൊരാൾ സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി. ഇവരിൽ 20 ശതമാനം 18 വയസ്സിന് താഴെയുള്ളവർ. കൊടിയ പട്ടിണി. ഒപ്പം ലൈംഗീകാതിക്രമം, ചൂഷണം, നേരത്തെയുള്ള വിവാഹം  തുടങ്ങിയവയുടെ ഇരകൾ കൂടിയാണ് യെമൻ സ്ത്രീകൾ. ഒരു ദശലക്ഷത്തിലധികം ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യെമൻ ആഭ്യന്തര യുദ്ധത്തിൽ സ്ത്രീകളും പങ്കാളികൾ. സൈനീക പരിശീലനത്തിലും സ്ത്രീകൾ. ചവിട്ടിമെതിക്കപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിയ്ക്കുന്നതിനായുള്ള സമരമുഖത്താണ് യെമൻ വനിതകൾ.

കോവിഡ് മഹാമാരി

ആഭ്യന്തര യുദ്ധം രാജ്യത്ത് കടുത്ത സാമ്പത്തിക തകർച്ച സൃഷ്ടിച്ചു. സ്കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടു.  അതോടെവിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ അപ്പാടെ അവതാളത്തിലാക്കപ്പെട്ടു. ആഭ്യന്തര യുദ്ധം തീർത്ത ദുരന്തത്തിനിടെയാണ് ഇപ്പോൾ COVID-19 മഹാമാരി. കോവിഡ് മഹാമാരി കൂനിന്മേൽ കുരു. ആരോഗ്യ സംരക്ഷണം. കുടിവെള്ളം. ശുചിത്വ പരിപാലനം. പോഷകാഹാരം, ഭക്ഷ്യ സഹായം, ഉപജീവനമാർഗങ്ങൾ.  ഇവയെല്ലാം COVID-19 മഹാമാരിയിൽ അപ്പാടെ തകർന്നു. വെൻ്റിലറ്റർ, ഓക്സിജൻ,മാസ്‌ക്ക്, കയ്യുറകൾ പോലുള്ള അവശ്യസാധനങ്ങളുടെ അഭാവം. ആരോഗ്യ പ്രവർത്തകർക്കും ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. യെമൻ അടിയന്തരാവസ്ഥയ്ക്കുള്ളിൽ  COVID-19 വ്യാപനമെന്ന അടിയന്തരാവസ്ഥയും.

യെമനിലെ മാനവ സേവ പദ്ധതിക്ക്  3.4 ബില്യൺ യുഎസ് ഡോളർ വേണം. ഇതിൽ പക്ഷേ 1.9 ബില്യൺ യുഎസ് ഡോളർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. യെമൻ ജനതയുടെ ദുരിതങ്ങളകറ്റുന്നതിനായുള്ള ഫണ്ടുസമാഹരണ യജ്ഞത്തിലാണ് യുഎൻ അഭയാർത്ഥി സംരക്ഷണഏജൻസിയും യുണിസെഫും. ഈ ദൗത്യം വിജയം കാണുന്നിടത്തായിരിക്കും ആഭ്യന്തര യുദ്ധം തകർത്ത യമൻ ജനതയ്ക്ക് ഒരു എളിയ ആശ്വാസമേകുക.

ബൈഡൻ ഭരണകൂടം

ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടത്തിൽ ട്രമ്പ് ഭരണകൂടം സഖ്യസേനക്കൊപ്പമായിരുന്നു. മേഖലയിലെ ആയുധക്കച്ചവടത്തിലാണ് അമേരിക്കൻ കണ്ണ്. ഒപ്പം എണ്ണകിണറുകളിലും. ബൈഡൻ ഭരണകൂടം പക്ഷേ യെമൻ പ്രതിസന്ധിയിൽ ഇനി പക്ഷം പിടിയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ്. മാത്രമല്ല സൗദി സഖ്യത്തിനുള്ള ആയുധ കച്ചവടം അവസാനിപ്പിക്കുമെന്നുo ബൈഡൻ. അമേരിക്കൻ  ഭരണക്കൂടത്തിൻ്റെ ഈ നിലപാട് മാറ്റം യെമൻ പോരാട്ടത്തിൻ്റെ കാലുഷ്യം കുറക്കുമോ? അതറിയാൻ ലോകം കാത്തിരിക്കുകയാണ്.https://youtu.be/5pomBU6pSTI

 

 

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…