രാജ്യം ഓൺലൈൻ റമ്മി കമ്പനികളുടെ പിടിയിൽ

രാജ്യം ഓൺലൈൻ റമ്മി കമ്പനികളുടെ പിടിയിൽ

Kk Sreenivasan

KK Sreenivaan writes on that country is under the clutches of online gamblings 

വില കുറവിലുള്ള ചൈനീസ് സ്മാർട്ടു ഫോണുകളുടെ വില്പന വേലിയേറ്റം ഇന്ത്യയെ ഡിജിറ്റിൽ ഇന്ത്യയാക്കി. ഡിജിറ്റിൽ ഇന്ത്യയെ ഓൺലൈൻ ചൂതാട്ട കേന്ദ്രവുമാക്കി. ലോകത്തിൽ വച്ചേറ്റവും വലിയ ഓൺലൈൻ ചൂതാട്ട വ്യവസായ കേന്ദ്രമായിമാറുകയാണ് ഇന്ത്യ

തിരുവനന്തപുരം വഞ്ചിയൂർ ട്രഷറി ഉദ്യോഗസ്ഥൻ ബിജുലാലിൽ നിന്ന് തുടങ്ങാം. ഓൺലൈൻ ചൂതാട്ട ആസക്തിയിലകപ്പെട്ടതിനാൽ ബിജുലാലിന് സർക്കാർ ഖജനാവിൽ നിന്ന് രണ്ടു കോടിയോളം രൂപ അപഹരിക്കേണ്ടിവന്നുവെന്ന് പത്രവാർത്തകൾ. ഓൺലൈൻ ചൂതാട്ടത്തിൽ കുടുങ്ങി കോഴിക്കോട് ഒരു വ്യക്തിയുടെ കുടുംബ ജീവിതം വഴിമുട്ടിയെന്ന് വാർത്തകൾ. തങ്ങളകപ്പെട്ട ഓൺലൈൻ ചൂതാട്ട കുരുക്ക് വാർത്തകളിലിടം പിടിയ്ക്കാതിരിക്കുവാൻ ശ്രമിക്കുന്നവർ എണ്ണത്തിൽ ഏറെയാണെത്രെ.

രാജ്യം ഓൺലൈൻ ചൂതാട്ട കമ്പനികളുടെ പിടിയിലാണ്. ഇക്കാര്യം ഇതിനകം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ സമ്മതിച്ചിരിക്കുന്നുവെന്നത് രസകരം. ഓൺലൈൻ ചൂതാട്ടം – വാതുവെയ്പ്. ഇതിലൂടെ രാജ്യത്തെ ജനങ്ങളുടെ കോടികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇഡി അന്വേഷണത്തിലാണ്. കള്ളപണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ പിൻബലത്തിലാണ് പക്ഷേ ഇഡി അന്വേഷണം.

ബ്രിട്ടിഷ് കൊളോണിയൽ ഭരണകർത്താക്കൾ 1867ൽ പാസാക്കിയ പബ്ലിക്ക് ഗാംബ്ലിങ് ആക്ടാണ് (ഇന്ത്യൻചൂതാട്ട നിയമം-1867) ഇപ്പോഴും രാജ്യത്ത് നിലവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടാൽ കേവലം 200 രൂപ പിഴ. അതല്ലെങ്കിൽ മൂന്നുമാസം തടവ്! ഓൺലൈൻ ചൂതാട്ടത്തെ ഇന്ത്യൻ ചൂതാട്ട നിയമം പ്രതിപാദിക്കുന്നില്ല. കൃത്യമായ പറഞ്ഞാൽ 153 വർഷം മുമ്പാണീ ആക്ട് പാസ്സാക്കപ്പെടുന്നത്. അക്കാലഘട്ടത്തിൽ വിവര സാങ്കേതിക വിദ്യയെക്കുറിച്ച് ചിന്തിയ്ക്കാൻ തക്ക തലത്തിലേക്ക് ശാസ്ത്ര സാങ്കേതിക ലോകം ഒട്ടുമേ പാകപ്പെട്ടിരുന്നില്ലെന്ന് പ്രത്യേകിച്ച് പരമാർശിക്കേണ്ടതില്ലല്ലോ. പക്ഷേ രാജ്യത്ത് ഓൺലൈൻ ചൂതാട്ട കമ്പനികൾക്ക് അഴിഞ്ഞാടാൻ ഈ കൊളോണിയൽ നിയമം പിൻബലമാകുന്നുവെന്നത് വിചിത്രം.

സൈബർ ലോകത്തിൻ്റെ കാണാവേഗങ്ങളിൽ റമ്മി ചൂതാട്ടം

ഇന്ത്യയിലെ ഓൺലൈൻ ചൂതാട്ട ബിസിനസിൻ്റെ 50 ശതമാനം റമ്മി കളി. വർഷത്തിൽ 2200 കോടിയുടെ റമ്മി കളി. 5.5 കോടി റമ്മി കളിക്കാർ. വളർച്ചാതോത് 34 ശതമാനം. റമ്മി സർക്കിൾ, ജൻഗ്ലി റമ്മി, എസിടുത്രീ (Ac2three) പാഷൻ ഗെയിം തുടങ്ങിയവരാണ് ഇന്ത്യയിലെ ഓൺലൈൻ റമ്മി ചൂതാട്ട കമ്പനികളിലെ ശക്തർ. ഇവർ 2019 നാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ മീഡിയ പരസ്യത്തിനായ് ചെലവഴിച്ചത് 700 കോടി രൂപയിലധികം (https://www.gaming360.in/online-rummy-spending-money-on-digital-advertising/). അതിനിയും വർദ്ധച്ചുകൊണ്ടിരിക്കുന്നുവത്രെ. ഓൺലൈൻ റമ്മി വലയിൽ ഇനിയും കളിക്കാരെ കൂട്ടത്തോടെ കുടുക്കുകയെന്നതാണ് കോടികൾ വാരിയെറിഞ്ഞുള്ള പരസ്യങ്ങൾ പ്രത്യേകിച്ചും ഡിജിറ്റൽ മീഡിയ പരസ്യങ്ങളിലൂടെഓൺലൈൻ ചൂതാട്ട റാക്കറ്റുകൾ ലക്ഷ്യംവയ്ക്കുന്നത്. ക്രിക്കറ്റ് താരം വീരാട് കോഹ് ലിയും തമിഴ് സിനിമാനടി തമന്നയും എംപിഎൽ എന്ന ഓൺലൈൻ ചൂതാട്ട കമ്പനിയുടെ റമ്മിയിലേക്ക് കളിക്കാരെ ആവാഹിക്കാൻ പരസ്യങ്ങളിൽ നിറഞ്ഞാടുന്നു!

ഈ കോവിഡുകാലം ജനങ്ങളെ വീട്ടിൽ അടച്ചുപൂട്ടിയിട്ടു. ഈ കാലം ഈ ചൂതാട്ട റാക്കറ്റുകൾക്ക് കൊയ്ത്തുകാലമായി. വീട്ടമ്മമാരടക്കം റമ്മി ചൂതാട്ടക്കാരുടെ പിടിയിലകപ്പെട്ട് കോടികളുടെ റമ്മി ചൂതാട്ടം പൊടിപൊടിക്കുന്നു. വിവവര സാങ്കേതിക വിദ്യയെ ജനങ്ങളെ ചൂത് കളിപ്പിച്ച്, ജനങ്ങളെ കബിളിപ്പിച്ച് കോടികളുണ്ടാക്കുന്ന വിദ്യയാക്കിമാറ്റിയിരിക്കുന്നു ഓൺലൈൻ ചൂതാട്ട കമ്പനികൾ!

സൈബർ ലോകത്തിൻ്റെ കാണാവേഗങ്ങളിൽ ജനങ്ങളെ (ബഹുഭൂരിപക്ഷവും സാധാരണക്കാരിൽ നാധാരണക്കാർ) മയക്കി കുടുക്കിയിടുന്നു. മയങ്ങികുടുങ്ങിപോയവരാകട്ടെ തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ ചെറു സമ്പാദ്യം പോലും ഓൺലൈൻ റമ്മി ചൂതാട്ടത്തിലേർപ്പെട്ട് തുലയ്ക്കുന്നു. സാധാരണക്കാർ തുലയുമ്പോൾ ഓൺലൈൻ ചൂതാട്ട കമ്പനികൾ തടിച്ചുകൊഴുക്കുന്നു. സൈബർ ലോകത്തിൻ്റെ മോഹവലയങ്ങളിൽ ജനങ്ങളെ കുടുക്കി പിഴിയുന്നവർക്ക് റമ്മി ഫെഡറേഷൻ എന്ന പേരിൽ ഒരു സ്വതന്ത്ര വ്യവസായ സംഘടന!

ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടത്തിന് വൈദ്ധ്യഗ്ദ്ധ്യത്തിൻ്റെ കളിയെന്ന് സുപ്രീംകോടതി വക മഹത്വവൽക്കരണം. ചൂതാട്ടവിരുദ്ധ നിയമത്തിലെസുലഭമായ പഴുതുകൾ. ഈ മേഖലയിലെ നികുതി ഘടനയിൽ അവ്യക്തത. ഇതിൻ്റെയെല്ലാം പിൻബലത്തിൽ ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ട വ്യവസായത്തിന്റെ വരുമാനം നാലിരട്ടിയാവുകയാണ്. ഈ തക്കംനോക്കി ഏഷ്യയിലെ വമ്പന്മാരായ ഇൻറർനെറ്റ് കമ്പനികളും ഓൺലൈൻ ചൂതാട്ട വ്യവസായത്തിനായ് വൻ നിക്ഷേപങ്ങളിറക്കുകയാണ്.ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡ്, അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡ്, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ എന്നിവരാണീ വമ്പന്മാർ. കളി (ഗെയിംഗ്), ഫാൻ്റസി സ്പോട്സ്തുടങ്ങിയപദപ്രയോഗത്തിലൂടെ നേരമ്പോക്കെന്ന ലാഘവത്തോടെയാണ് ഓൺലൈൻ ചൂതാട്ടം പ്രചരിപ്പിക്കുന്നത്. ഈ ‘കളി’ അല്ലെങ്കിൽ ‘നേരമ്പോക്ക്’ ഇന്ത്യയിൽ കൊള്ളലാഭത്തിൻ്റെ വ്യവസായമായി പടരുകയാണ്.

വൈദ്ഗദ്ധ്യത്തിൻ്റെ കളിയെന്ന വിധിവിചിത്രം

ഓൺലൈൻ ചൂതാട്ടത്തെനിയമവിരുദ്ധമെന്ന് പ്രഖ്യാപിയ്ക്കാനാകില്ലെന്നാണ് 1996 ലെ സുപ്രീം കോടതി വിധി (Dr. K.R. Lakshmanan vs State Of Tamil Nadu And Anr on 12 January, 1996 , AIR 1153, 1996 SCC (2) 226 Bench: Justice Kuldip Singh). ഇന്ത്യൻചൂതാട്ട നിയമം (1867) അനുസരിച്ച് ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളെ നിരോധിയ്ക്കാൻ വകുപ്പുകളില്ലെന്ന വിചിത്രമായ വാദഗതിയാണ് രാജ്യത്തെ ഉന്നത നീതിപീഠം ഉയർത്തിപ്പിടിക്കുന്നത്. ഭാഗ്യപരീക്ഷണമല്ല ചൂതാട്ടം. വൈദ്ഗദ്ധ്യത്തിൻ്റെ കളിയാണ് ചൂതാട്ടം. അതിനാലിത് നിരോധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി!

തിന്മയുടെ സൂചകമാണ് ചൂതാട്ടം. പുരാണങ്ങളിൽ പോലുമത് അടിവരയിടുന്നുണ്ട്. ചൂതാട്ടം മഹാഭാരത യുദ്ധത്തിന് കളമൊരുക്കി. ചൂതാട്ടം കള്ളകളികളുടെ കളിയെന്ന് മഹാഭാരത ഇതിഹാസ കാവ്യത്തിൽ വേദവ്യാസൻ. കൗരവ സദസിൽ പഞ്ചപാണ്ഡവ ജ്യേഷ്ഠ സഹോദരൻ ധർമ്മപുത്രരെ ശകുനിയുടെ കള്ളചൂതിൽ തറപറ്റിച്ച് രാജ്യം കൗരവർ കൈക്കാലാക്കി. ധർമ്മപുത്രർ സ്വപത്നി ദ്രൗപതിയെ പോലും പണയംവയ്ക്കുന്നു. പണയംവയ്ക്കപ്പെട്ട ദ്രൗപതി കൗരവസഭയിൽ അപമാനിക്കപ്പെട്ടു. പാണ്ഡവർക്ക് 14 വർഷം അജ്ഞാതവാസം. കൗരവ കൈകളിൽ രാജാധികാരം. അധാർമ്മികതയുടെ കൊടികെട്ടിയ ചൂതാട്ടം. ധാർമ്മികതക്കുമേൽ അധാർമ്മികതയുടെ വിജയം! ഈ ചൂതാട്ടത്തെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം വൈദ്ഗ്ദ്ധ്യത്തിൻ്റെ കളിയെന്ന നിലയിൽ മഹത്വവൽക്കരിച്ച് വിധി ചമച്ചത്. വൈദ്ഗ്ദ്ധ്യത്തിന് കൗശലമെന്നർത്ഥം കൂടിയുണ്ട്. കൗശലം പ്രയോഗിക്കുന്നിടത്ത് ധർമ്മാധർമ്മങ്ങൾക്ക് സ്ഥാനമില്ല!

ഓൺലൈൻ ചൂതാട്ടത്തെക്കുറിച്ച് രാജ്യത്ത് നിലനിൽക്കുന്ന -153 വർഷം പിന്നിട്ട കൊളോണിയൽ ചൂതാട്ട നിയമം-ചൂതാട്ട നിയമത്തിൽ പറയുന്നില്ലെന്നതിനെ പക്ഷേ ഓൺലൈൻ ചൂതാട്ടത്തിനുള്ള അനുമതിയാകുന്ന തരത്തിൽ വളരെ എളുപ്പത്തിൽ വ്യാഖ്യാനിച്ചെടുത്തു. അധാർമ്മികതയുടെ കൊടിയിറക്കാൻരാജ്യത്തിൻ്റെ പരമോന്നത നീതിപീഠവും ഒരുക്കമല്ലെന്ന അവസ്ഥയാണിത് അവശേഷിപ്പിക്കുന്നത്. സമകാലിക അവസ്ഥയിലും ശകുനിമാർ തകർത്താടുന്നു! വൈദ്ഗ്ദ്ധ്യത്തിൻ്റെ കളിയിൽ പക്ഷേ വൈദ്ഗ്ദ്ധ്യമില്ലാത്തവരുടെ സമ്പാദ്യം വൈദ്ഗ്ദ്ധ്യമുള്ളവരുടെ പോക്കറ്റിലെത്തുന്നു. വൈദ്ഗ്ദ്ധ്യമില്ലാത്തവരുടെ ജീവിതം അരക്ഷിതമാക്കപ്പെടുന്നു. സമ്പാദ്യ നഷ്ടപ്പെട്ടവർ പിരിമുറുക്കത്തിൻ്റെ തടവുക്കാരായിമാറുന്നു. സാമ്പത്തിക നഷ്ടവും പരാജയബോധവും ആത്മഹത്യയിലേക്ക്പോലും നയിയ്ക്കാം.

‘വൈദ്ഗ്ദ്ധ്യത്തിൻ്റെ കളി’യിൽ തോറ്റുകൊടുക്കേണ്ടിവരുന്ന വൈദ്ഗ്ദ്ധ്യമില്ലാത്തവരെക്കുറിച്ച് നീതിപീഠം ചിന്തിക്കുന്നതേയില്ല. ചൂതാട്ടത്തിൽ നീതിപീഠം വൈദ്ഗ്ദ്ധ്യമില്ലാത്തവരെ പരാജയപ്പെടുത്തുന്ന വൈദ്ഗ്ദ്ധ്യമുള്ളവരുടെ പക്ഷത്താണ്. ശേഷിയുള്ളവർ നീണാൾ വാഴട്ടെയെന്ന്! വൈദ്ഗ്ദ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള കോടതി വിധി സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. മൂല്യബോധ നീരാസം ഈ വിധിയിൽ അന്തർലീനം. ന്യായധർമ്മത്തിൽ വിദഗ്‌ദ്ധന്‍ – അവിദഗ്‌ദ്ധൻ എന്ന വിവേചനത്തിൽ മൗലികമായി തന്നെ മൂല്യബോധത്തിൻ്റെ തിരസ്ക്കരണം പ്രകടം. 1996 ലെ കോടതി വിധി സാമൂഹിക തിന്മക്ക് വൈദ്ഗ്ദ്ധ്യത്തിൻ്റെ പകിട്ട് ചാർത്തികൊടുത്തിരിക്കുന്നു. ഇത് ന്യായവിധിയല്ല. അന്യായവിധി. കുറ്റകൃത്യം, അഴിമതി, കള്ളപ്പണ സ്വരൂപണം, കള്ളപ്പണം വെളുപ്പിക്കൽ ഇതിൻ്റെയെല്ലാം കൂത്തരങ്ങാണ് ഓൺലൈൻ ചൂതാട്ടം. ഇതറിഞ്ഞിട്ടും നീതിപീഠം അറിഞ്ഞില്ലെന്നു നടിക്കുന്നത് സാമൂഹിക തിന്മക്ക് കുട പിടിക്കുന്നതിന് തുല്യം.

വൈദ്ഗദ്ധ്യമുള്ള വ്യക്തിയും വൈദ്ഗദ്ധ്യമില്ലാത്ത വ്യക്തിയും തമ്മിലുള്ളപണയിടപ്പാടാണ് ചൂതാട്ടം. ഇരുകൂട്ടരും കൂടുതൽ പണമുണ്ടാക്കുകയെന്ന പ്രതീക്ഷയിലാണ് അതല്ലെങ്കിൽ കണക്കുകുട്ടലിലാണ് ചൂതാട്ടത്തിലേർപ്പെടുന്നത്. പ്രതീക്ഷ അല്ലെങ്കിൽ കണക്കുകുട്ടൽ തെറ്റുന്നിടത്ത് പണം നഷ്ടം. പക്ഷേ നീതിപീഠത്തിൻ്റെ വിധിയനുസരിച്ച് പ്രതീക്ഷ അല്ലെങ്കിൽ കണക്കുകുട്ടൽ പൂവണിഞ്ഞ് പണം വാരിക്കൂട്ടുന്ന ചൂതുകളിക്കാരൻ വൈദ്ഗദ്ധ്യമുള്ളവൻ. കളിയിൽ തോറ്റ് പണം നഷ്ടപ്പെടുന്ന വ്യക്തി വൈദ്ഗദ്ധ്യമില്ലാത്തവരുടെ ഗണത്തിൽ! ഇത്തരം ലളിതവൽകരിക്കപ്പെട്ട യുക്തിയിലാണ് കോടികൾ മറിയുന്ന ഓൺലൈൻ ചൂതാട്ടത്തെ വൈദ്ഗദ്ധ്യത്തിൻ്റെ കളിയായി മഹത്വവൽകരിക്കപ്പെട്ടത്.

2000 ത്തിൽ ഐടി നിയമം. പക്ഷേ ഓൺലൈൻ ചൂതാട്ട കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് ഭംഗവരുത്തിയില്ല ഐടി നിയമം. ഓൺലൈൻ ചൂതാട്ട കമ്പനികളെ പരിക്കുകളേതുമില്ലാതെ നിലനിറുത്തി കൊടുക്കുവാൻ 153 വർഷം പഴക്കമുള്ള കൊളോണിയൽ നിയമത്തെ ഐടി നിയമം കണ്ടില്ലെന്ന് നടിച്ചുവെന്ന് ചുരുക്കം.

അധാർമ്മികത കാണാൻ കൂട്ടാക്കാതെ ഓൺലൈൻ ചൂതാട്ടത്തെ കേവലം കൗശലത്തിൻ്റെ കളിയെന്ന് സ്ഥാപിച്ചെടുത്ത കോടതി വിധി അക്ഷരംപ്രതി തെറ്റാതെ നടപ്പിലാക്കുന്നതിൽ പൊളിറ്റിക്കൽ എക്സിക്യുട്ടിവിനാകട്ടെ വിസ്മയിപ്പിക്കുന്ന ജാഗ്രത.ഓൺലൈൻ ചൂതാട്ടസ്ഥാപനങ്ങൾ യഥേഷ്ടം വിഹരിക്കുന്നതിന് തടസ്സങ്ങളേതുമില്ല. ഇതെന്തുകൊണ്ടെന്നതിനു പിന്നിൽ രാഷ്ടീയ എക്സിക്യുട്ടിവ് – ഉദ്യോഗ്യസ്ഥ – ഓൺലൈൻ ചൂതാട്ട – വാതുവെയ്പ് സ്ഥാപന അവിശുദ്ധ ബന്ധം പ്രതിപ്രവർത്തിക്കുന്നുണ്ടെന്ന് പറയാതെ നിർവ്വാഹമില്ല.

ഓൺലൈൻ ചൂതാട്ടം ഒട്ടുമേ സജീവമല്ലാതിരുന്ന വേളയിലാണ് 1996 ലെ സുപ്രംകോടതി വിധി. എന്നാൽ ഓൺലൈൻ ചൂതാട്ടം ഇന്ന് ശക്തമാണ്. സാമൂഹിക വിപത്തുമാണ്. അതിനാൽ നികുതി പോലും കൃത്യമായി വസൂലാക്കുവാനാകാത്ത ഓൺലൈൻ ചൂതാട്ടത്തെക്കുറിച്ച് മാറിയ ഈ സാഹചര്യത്തിൽ പുതിയ കോടതി വ്യവഹാര സാധ്യത ചിന്തിക്കേണ്ടവർ ചിന്തിക്കുന്നില്ല!

ഇന്റർനെറ്റ് ചൂതാട്ട വ്യവസായം

ഇന്ത്യൻ ചൂതാട്ട നിയമം (1867) അനുസരിച്ച് ഇന്ത്യയിലെ എല്ലാത്തരം ചൂതാട്ടങ്ങളും നിയമവിരുദ്ധമാണ്. എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ നിയമം മൂലം ഓൺ‌ലൈൻ ചൂതാട്ടം നിരോധിക്കുന്നു (The Unlawful Internet Gambling Enforcement Act of 2006). പക്ഷേ ഓൺ‌ലൈൻ ചൂതാട്ട നിരോധന നിയമങ്ങളൊന്നും ഇന്ത്യയിൽ നിലവിലില്ലെന്നത് നിയമ വിദ്ഗ്ദ്ധരുൾപ്പെടെയുള്ളവർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ചൂതാട്ടം നിയമാനുസൃതമായ രാജ്യങ്ങളിലെ സെർവറുകളിലാണ് ഇന്ത്യൻ ചൂതാട്ട വെബ്ബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നതെങ്കിൽ ഇന്റർനെറ്റ് ചൂതാട്ട കുറ്റവാളികളെ പിടികൂടുകഎളുപ്പമല്ല. എന്നിരുന്നിട്ടും ഇന്റർനെറ്റ് ചൂതാട്ട നിരോധിത നിയമനിർമ്മാണത്തിന് ഇന്ത്യ തയ്യാറാകുന്നതിൻ്റെ ലക്ഷണങ്ങളില്ല. അതേസമയം രാജ്യത്ത് ഇന്റർനെറ്റ് ചൂതാട്ടം ഐടി വ്യവസായമെന്ന നിലയിൽ പരിപോഷിപ്പിക്കപ്പെടുന്ന കാഴ്ച!

ഇന്റൽ സെക്യൂരിറ്റിയുടെ ഭാഗമായ സെക്യൂരിറ്റി കമ്പനി മക്അഫിയുടെ റിപ്പോർട്ട് (https://www.informationsecuritybuzz.com/news/cybercrime-pays-hidden-truth-online-gambling-sites/) പറയുന്നത് ഓൺലൈൻ ചൂതാട്ടത്തിലൂടെയുള്ള പണമിടപാട് അധോലോക പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നുവെന്നാണ്. ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ പെരുകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 30 ശതമാനം വളർച്ച കൈവരിക്കുന്ന വ്യവസായമായി ഓൺലൈൻ ചൂതാട്ടം വളരും.

വൈദഗ്ദ്ധ്യത്തിൻ്റെ കളിയെന്ന് ഇന്ത്യൻ സുപ്രീം കോടതി മഹത്വവൽകരിച്ചിട്ടുള്ള ചൂതാട്ട വ്യവസായത്തിൻ്റെ ഇന്ത്യൻ വിപണിയുടെ വളർച്ചാഗ്രാഫ് ഉയരുകയാണ്. 2021 ഓടെ ഇത് 1.1 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരുമെന്ന് ഗുഗിൾ – കെപിഎംജി അഭിപ്രായപ്പെടുന്നു. 2010 ൽ രാജ്യത്ത് 25 ഓൺലൈൺ ചൂതാട്ട കമ്പനികൾ. 2019 ലിത് 250 (https://www.india-briefing.com/news/investing-indias-online-gaming-sector-market-profile-growth-drivers-20440.html/#indiasgamingmarketHeader).

ഇന്ത്യൻ ജനസംഖ്യയുടെ 75 ശതമാനവും 45 വയസിന് താഴെ. 628 മില്യൺ ജനങ്ങൾ ഓൺലൈൻ ചൂതാട്ടക്കാരാകുമെന്നാണ് പ്രതീക്ഷ. ഇതിൽ 60 ശതമാനവും 18-24 നുമിടയിൽ പ്രായമുള്ളവർ. വർത്തമാനകാല കണക്കുകൾ പ്രകാരം രാജ്യത്ത് 560 മില്യൺ ഇൻ്റർനെറ്റ് ഉപയോക്താക്കൾ. 2023 ഓടെയിത് 650 മില്യണിലേക്ക് ഉയരുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്. വില കുറവിലുള്ള ചൈനീസ് സ്മാർട്ടു ഫോണുകളുടെ വില്പന വേലിയേറ്റം ഇന്ത്യയെ ഡിജിറ്റിൽ ഇന്ത്യയാക്കി. ഡിജിറ്റിൽ ഇന്ത്യയെ ഓൺലൈൻ ചൂതാട്ട കേന്ദ്രവുമാക്കി. ലോകത്തിൽ വച്ചേറ്റവും വലിയ ഓൺലൈൻ ചൂതാട്ട വ്യവസായ കേന്ദ്രമായിമാറുകയാണ് ഇന്ത്യ.

ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പണം സമ്പാദിക്കുന്നത് എളുപ്പമാക്കുന്നു. അനായസം സമ്പാദിക്കപ്പെടുന്ന പണത്തിൻ്റെ ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾക്ക് ആക്കം കൂട്ടുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട് മക്അഫിയുടെ റിപ്പോർട്ട്. ഓൺ‌ലൈൻ ചൂതാട്ടത്തിലെ പണമിടപാട് മറയ്‌ക്കുന്നത് ശ്രമകരമല്ല. വൻതുകളുടെകള്ളപ്പണ ഇടപാടുകളുടെ മുഖ്യ കണ്ണികളായി ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ മാറുന്നുവെന്നതും മക്അഫിറിപ്പോർട്ട് അടിവരയിടുന്നുണ്ട്.

ചൂതാട്ടം സംസ്ഥാന വിഷയമാണ്

1867 ലെ ഇന്ത്യൻചൂതാട്ട നിയമപ്രകാരം ചൂതാട്ടം സംസ്ഥാന വിഷയമാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ ചൂതാട്ടത്തിന് അനുമതികൊടുക്കണോ നിരോധിക്കണോയെന്നത് സംസ്ഥാനത്തിൻ്റെ അധികാര പരിധിയിലാണ്. മഹാരാഷ്ട്ര, തെലുങ്കാന പോലുള്ള വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾ മാത്രമാണ് ഈ അധികാരം കൃത്യമായി വിനിയോഗിച്ചിട്ടുള്ളത്. ബോംബെ വേജ്ർ ആക്ട് – 2019 എന്ന പേരിലാണ് മഹാരാഷ്ട്ര സർക്കാർ ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളെ സംസ്ഥാനത്തിൻ്റെ പടിക്ക് പുറത്തുനിറുത്തിയിരിക്കുന്നത്.

തെലുങ്കാന സർക്കാർ ഓർഡിനൻസ് (2017 ജൂൺ 17) ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാക്കി. സുപ്രീം കോടതി പറയുമ്പോലെ വൈദ്ഗ്ദ്ധ്യത്തിൻ്റെ കളിയല്ല ചൂതാട്ടം. അത് ഭാഗ്യപരീക്ഷണ കളിയാണ്. അതിനാലാണ് ഓൺലൈൻ ചൂതാട്ട കളികൾ നിയമവിരുദ്ധമാക്കിയുള്ള തെലുങ്കാന സർക്കാർ ഓർഡിനൻസ്.

ഒറ്റ നമ്പർ ലോട്ടറിയെ ചൂതാട്ടമായികണ്ട് പൊലിസ് അന്വേഷണ സംവിധാനങ്ങൾക്ക് രൂപം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസ്ക്ക് വിഎസ് അച്യുതാനന്ദൻ സർക്കാർ വേളയിൽ നിയമസഭയിൽ പറഞ്ഞിരുന്നു. അന്ന് എംഎൽഎയായിരുന്ന ബാബു എം പാലിശ്ശേരിയുൾപ്പെടെയുള്ളവർക്കുള്ള മറുപടിയായിരുന്നു ഡോ.ഐസ്ക്കിക്കിൻ്റേത്. സംവിധാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടക്കാർ ഇപ്പോഴുമതിൻ്റെ സാധ്യതകൾ ഉപയുക്തമാക്കുന്നുണ്ട്.

ഓൺലൈൻ ചൂതാട്ട നിരോധന നിയമത്തെക്കുറിച്ച് ചിന്തിക്കാൻ കേരള സർക്കാരിന് ഇനിയും സമയമായിട്ടില്ല. സമയമാകുമ്പോഴെക്കും ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകും. ഇത് കുടുംബാന്തരീക്ഷങ്ങളെ പാടെ വഷളാക്കുന്ന അവസ്ഥയിലെത്തിക്കുമെന്നൊക്കെ പറഞ്ഞാൽ അത് ഒട്ടുമേ അധികപറ്റാകില്ല. സംസ്ഥാനത്തിനകത്ത് ഈ ദിശയിലുള്ള വാർത്തകൾ അതിവേഗത്തിലിടം പിടിക്കുകയാണ്. വാർത്തകളിലിടം പിടിയ്ക്കാത്തതാണ് എണ്ണത്തിലേറെ. ഈ യാഥാർത്ഥ്യം അവഗണിക്കപ്പെടുന്നത് കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷം അപ്പാടെ വഷളാക്കപ്പെടുന്നതിനു വിട്ടുകൊടുക്കുന്നതിന് തുല്യമാകും. സാമൂഹിക തിന്മയെ ഊട്ടിയുറപ്പിക്കുന്ന ഓൺലൈൻ ചൂതാട്ടത്തെ തടയിടുവാനുള്ള സംസ്ഥാന അധികാരം യഥാസമയം വിനിയോഗിക്കുവാൻ ഭരിക്കുന്നവർ തയ്യാറാകണം. ഇല്ലെന്നാണെങ്കിൽ എല്ലാർത്ഥത്തിലുമതിന് വലിയ വില കൊടുക്കേണ്ടിവരും.

നികുതിയില്ലാ ‘കളി’

ഓൺലൈൻ ചൂതാട്ടത്തിലെ കോടികളുടെ സാമ്പത്തിക ഇടപാടുകളിന്മേലുള്ള നികുതിയെത്രയെന്നതിൽ ഇനിയും വ്യക്തതയില്ല. വിനോദമാണെങ്കിൽ 30 ശതമാനം നികുതി ചുമത്താം. 2017 ജൂലായിൽ ജിഎസ്ടി നടപ്പിലാക്കയതോടെ വിനോദ നികുതിയെന്നത് ഇല്ലാതായി. ജിഎസ്ടിയാകട്ടെ ഇപ്പോഴും ശൈശവദശയിലെന്ന് തന്നെ പറയാം. ജിഎസ്ടിയിൽ ഓൺലൈൻ ചൂതാട്ട നികുതി ഘടന ഇപ്പോഴും അവ്യക്തം. ഈ വ്യക്തതയില്ലാഴ്മക്ക് വ്യക്തത വരുത്തുന്നതിനുള്ള ശ്രമങ്ങൾ പ്രകടമല്ല. കരയിലല്ലാത്ത ചൂതാട്ടങ്ങൾ (offshore casinos – ഗോവ ഒരു ഉദാഹരണം), ലോട്ടറികൾ‌, ക്രോസ്വേഡ് പസിലുകൾ‌, റേസുകൾ‌, പോക്കർ‌ ഗെയിമുകൾ‌ (ഒരു തരം ചീട്ടുകളി) തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ ചൂതാട്ടുങ്ങളും 30 ശതമാനം നികുതി നിരക്കിലാണ് (Section 115B of the Income Tax Act, 1961). ആദായ നികുതി നിയമത്തിൻ്റെ ഈ സെക്ഷനിൽ പറയുന്ന‌ “അടിസ്ഥാനപരമായ എല്ലാ ചൂതാട്ട”ങ്ങളിൽ പക്ഷേ ഓൺലൈൻ ചൂതാട്ടമെന്നതിൻ്റെ നികുതി ഘടന അവ്യക്തം. നിലവിലെ ഈ സെക്ഷനുമായിതട്ടിച്ചു നോക്കുമ്പോൾ ഓൺലൈൻ ചൂതാട്ട സാമ്പത്തിക ഇടപ്പാടുകളിൽ നഷ്ടപ്പെടുന്ന നികുതി കോടികൾ!

ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളും ഒരു കളിക്കാരൻ 10000 രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ 30 ശതമാനം ടിഡിഎസ് (ഉറവിടത്തിൽ നികുതി കുറക്കൽ) ഈടാക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് നിയമപരമായ നികുതി വ്യവസ്ഥയല്ലതാനും. ഇതൊരു സൗകര്യാധിഷ്ഠിത പ്രയോഗ രീതി മാത്രം. നിയമപരമായ ബാധ്യതയില്ല. അതുകൊണ്ടുതന്നെ ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ ഉറവിടത്തിൽ നിന്ന് നികുതി ഈടാക്കുന്നില്ല. ടിഡിഎസില്ലാതെ മുഴുവൻ തുക പിൻവലിക്കാൻ കളിക്കാരെ അനുവദിക്കുന്നു. കയ്യിലെ കാശിന് കുറവ് വരുത്താതെ പരമാവധി പണലഭ്യത സജീവമാക്കി നിറുത്തി കളിക്കാരെ കളിയിൽ തന്നെ കുടുക്കിയിടുന്ന തന്ത്രമാണിത്. ഇതിലൂടെ നികുതിയിനത്തിൽ നഷ്ടപ്പെടുന്ന കോടികൾ കൃത്യമായി കണക്കു കൂട്ടിയെടുക്കപ്പെട്ടാൽ അന്തംവിട്ടുപോകാതിരിക്കില്ലെന്ന് നൂറു തരം.

വിനോദം, ചൂതാട്ടം, വാതുവയ്പ്പ് എന്നിവയ്ക്ക് നികുതി ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കാരണം ഇവ ജിഎസ്ടിയിലുൾപ്പെടുന്നു. രാജ്യത്തെ ഏക നികുതി സമ്പ്രദായമനുസരിച്ച് നികുതി പരിഷ്ക്കാരത്തെക്കുറിച്ചുള്ള മൗലികമായ തീരുമാനങ്ങൾ കൈകൊള്ളേണ്ടത് ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഏറ്റവുമൊടുവിൽ 2020 ആഗസ്ത് 27 ന് 41 ആമത് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നു. അവിടെയും പക്ഷേ ഓൺലൈൻ ചൂതാട്ട നികുതി ഘടനയെക്കുറിച്ച് ആരും മിണ്ടിയതേയില്ല. ഇതിനിടെ സേവനങ്ങളുടെ വിഭാഗത്തിൽ വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഭരണഘടന ഭേദഗതി വരുത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിലും പക്ഷേ ഇനിയും ആശയക്കുഴപ്പം ഇല്ലാതായിട്ടില്ല.

ഇഡി പിന്നാലെ

ഓൺലൈൻ ചൂതാട്ടസ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കന്നുവെന്നതിന് പിന്നാലെയാണ് രാജ്യത്തിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ദിശയിൽ ഇഡി ചൈനീസ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളുടെ 46.96 കോടി രൂപയുള്ള നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇന്ത്യയിൽ ഓൺ‌ലൈൻ വാതുവെയ്പ് പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണിത്. അല്ലെങ്കിൽ തന്നെ ലഡാക്ക് പ്രതിസന്ധി ഇന്ത്യയില ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടൊപ്പമാണ് കള്ളപണം വെളുപ്പിക്കലെന്ന ഗുരുതര സാമ്പത്തിക കുറ്റത്തിൽ ചൈനീസ് ഓൺലൈൺ ചൂതാട്ട സ്ഥാപനങ്ങൾ കുടുങ്ങിയിരിക്കുന്നുവെന്നത് ശ്രദ്ധേയം!

ചൂതാട്ട /വാതുവെയ്പിൽ 1000 കോടി രൂപയിലധികം കളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട് ആഗസ്ത് 28 ന് ചൈനീസ് ചൂതാട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡുകൾ നടത്തി. ദില്ലി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ 15 ഇടങ്ങളിലായിരുന്നു റെയ്ഡെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് (2020 ആഗസ്ത് 30).

ഡോക്കിപേ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ലിങ്ക്യുൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾക്കെതിരെ ഹൈദരാബാദ് പോലിസ് എഫ്‌ഐ‌ആർ രജിസ്ട്രർ ചെയ്തിരുന്നു. ചൈനീസ് പൗരനായ യാൻ ഹാവോയെ ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കള്ളപ്പണ നിരോധിത നിയമപ്രകാരം ഈ മാസം ആദ്യം ഇന്ത്യക്കാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ബീജിംഗ് ടുമാറോ പവർ കമ്പനി എന്ന കമ്പനിയുടെ മാനേജർ യാൻ ഹാവോയാണ് ഓൺലൈൻ ചൂതാട്ട /വാതുവെപ്പ് കുംഭകോണത്തിൻ്റെ മുഖ്യകണ്ണിയെന്നാണ് ഇഡിയുടെ നിഗമനം. ചില ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ ചൈനീസ് പൗരന്മാർ ഒന്നിലധികം ഇന്ത്യൻ കമ്പനികൾ രൂപികരിച്ചു. ഇതിനായി തുടക്കത്തിൽ ഡമ്മി ഇന്ത്യൻ ഡയറക്ടർമാരെ ഉപയോഗിച്ചായിരുന്നു കമ്പനികളുടെ രൂപീകരണം. പിന്നീട് ചൈനീസ് പൗരന്മാർ ഇന്ത്യയിലെത്തി ഈ കമ്പനികളിൽ ഡമ്മി ഡയറക്ടർമാരെ ഒഴിവാക്കി നേരിട്ട് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ചൈനീസ് ഡയറക്ടർമാർ തങ്ങളുടേതായി മാറ്റിയെടുത്ത സ്ഥാപനങ്ങളിൽ ഇന്ത്യക്കാരെ നിയമിച്ചു. അവർ മുഖേന എച്ച്എസ്ബിസി ബാങ്കിലും പേടിഎം, ക്യാഷ്ഫ്രീ, റേസർപേ തുടങ്ങിയ ഓൺലൈൻ വാലറ്റുകളിൽ വ്യാപാര അക്കൗണ്ടുകളും തുറന്നു. ഈ ചൈനീസ് കമ്പനി ഡയറക്ടർമാർ തീർത്തും ആസൂത്രിതമായാണ് ഇതെല്ലാം ചെയ്തത്.

ബാങ്ക് അക്കൗണ്ടുകൾ തുറന്നുകഴിഞ്ഞാൽ ഇന്ത്യൻ ജീവനക്കാരുടെ ഇൻറർനെറ്റ് ആക്സസ് ക്രെഡൻഷ്യലുകൾ ( ഇ-മെയിൽ യൂസർ ഐഡി /പാസ് വേർഡ്) ഉപയോഗിച്ച് പണം ചൈനയിലേക്ക് അയ്ക്കുന്നു.

ചൈനീസ് ഉടമകളിൽ നിന്നുള്ള പേയ്‌മെന്റ് നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് പണമയ്ക്കുന്നത്. ഇതാണ് ചൈനീസ് പൗരന്മാരുൾപ്പെട്ട കള്ളപണ കൈമാറ്റ രീതിയെന്ന് ഇഡി വിശദീകരിക്കുന്നു. കുറ്റാരോപിതരായ ചൈനീസ് കമ്പനികൾ‌ യു‌എസിലെ ക്ലൗ ഡ്‌ഫെയർ‌ സെർവറിലാണ് അവരുടെ ഓൺലൈൻ ചൂതാട്ട വെബ്ബ്സൈറ്റുകൾ ഹോസ്റ്റ്ചെയ്‌തിട്ടുള്ളത്. ഇത്തരത്തിൽ വിദേശ സെർവ്വറുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള നിരവധി വെബ്‌സൈറ്റുകൾ‌ കണ്ടെത്തിയിട്ടുണ്ട്.

എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്നവരെയാണ് ഈ സൈറ്റുകൾ ആദ്യം ചൂതാട്ടത്തിലേക്ക് ആകർഷിക്കുന്നത്. കൂടാതെ പുതിയ ഉപഭോക്താക്കളെയും അംഗങ്ങളെയും ആകർഷിക്കുന്നതിനായി ഏജന്റുമാരുടെ ശൃംഖലക്കും രൂപം നൽകിയിട്ടുണ്ട്. ഈ ഏജന്റുമാർ ടെലിഗ്രാം, വാട്ട്‌സ്പ്പ് അധിഷ്ഠിത സ്വകാര്യ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ലക്ഷങ്ങളെ സൈറ്റുകളിലേക്ക് ആകർഷിക്കുന്നു. റഫറൽ കോഡുകൾ ഉപയോഗിച്ചാണ് പുതിയ അംഗങ്ങളെ സ്വകാര്യമായി ക്ഷണിക്കുന്നത്. ഇതുപ്രകാരം കമ്മീഷൻ നേടാൻ സ്പോൺസർ അംഗങ്ങളെ സഹായിക്കുന്നുവെന്ന് ഇഡി വിവരിക്കുന്നു.

ഏജൻ്റുമാർ പണം ശേഖരിക്കുന്നതിനും കമ്മീഷൻ നൽകുന്നതിനും പേടിഎമ്മും ക്യാഷ്ഫ്രിയും ഉപയോഗിക്കുന്നു. ഇ-കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് വെബ്ബ്സൈറ്റുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.

വാതുവെയ്പിലൂടെ ഡോക്കിപേയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ 1268 കോടി രൂപയെത്തി. അതിൽ 300 കോടി രൂപ പേടിഎമ്മിലൂടെയും 600 കോടി രൂപ പേടിഎം ഗേറ്റ്‌വേയിലൂടെയുമാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. ലിങ്ക്യുൻ ടെക്നോളജിയുടെ അക്കൗണ്ട് പരിശോധനയിലും സമാനമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാർക്കായുള്ള ചൈനീസ് ഡേറ്റിംഗ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലും വിശദീകരിക്കപ്പെടാതെ പോയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായും ഇഡി പറയുന്നു. ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുൾപ്പെടെ ഓൺലൈൻ വാലറ്റുകളെ ഹവാല ഇടപാടുകൾക്കായ് ഉപയോഗിക്കുന്നുവെന്ന സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വാലറ്റ് കമ്പനികൾ, എച്ച്എസ്ബിസി ബാങ്ക്, കമ്പനി രജിസ്ട്രാർ ഓഫീസ് മുതലായവയിൽ നിന്ന് വിവരങ്ങൾ തേടാനുള്ളശ്രമത്തിലാണ് ഇഡി.

ഇഡിയുടെ അന്വേഷണ വലയത്തിലകപ്പെട്ട ചൈനീസ്ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ ഇന്ത്യ മുഴുവൻ അവരുടെ ഈ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നുവെന്നാണ് രാജ്യത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇഡി സങ്കോചമേതുമില്ലാതെ പറയുന്നത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തുരങ്കംവയ്ക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് ചൈനീസ്ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾക്കെതിരെ ഇഡി ചാർത്തിയിട്ടുള്ളത്. ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള ചൈനീസ് ഡേറ്റിംഗ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളടക്കം കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ സ്കാനറിലാണെന്നതും ഇവിടെ ചേർത്തുവായിക്കണം.

ഇവിടെ ഒരു കാര്യം വ്യക്തം. ലഡാക്ക് പ്രതിസന്ധി ഉടലെടുത്തിൻ്റെ പശ്ചാത്തലത്തിൽ ചെറുതും വലുതുമായ 50 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെട്ടു. ലഡാക്ക് പ്രതിസന്ധി ഉടലെടുത്തില്ലായിരുന്നുവെങ്കിലോ? ഇഡിയുടെ സംശയം കടംമെടുത്ത് പറഞ്ഞാൽ നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷൻ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കൽ/ഹവാല കണ്ണികളായി ഇന്ത്യയിൽ തുടർന്നും വിലസിയേനെയെന്ന് വ്യക്തം.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…