കെ.കെ ശ്രീനിവാസൻ
This article discusses the decline of Mummar Gadhaffi, the Libyan Leader and the Libyan Civil War
ഗദ്ദാഫിയില്ലാതെ പോയ ലിബിയയിൽ വിമത വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധം ലിബിയയെ തകർത്തുതരിപ്പണമാക്കി. പതിനായരങ്ങളുടെ ജീവനെടുത്തു ആഭ്യന്തര യുദ്ധം. ഒപ്പം ജനങ്ങളുടെ കൂട്ടപാലയനം
ലിബിയയിൽ നിന്ന് ആഭ്യന്തര യുദ്ധത്തിൻ്റെ പെരുമ്പറമുഴക്കം തന്നെയാണീപ്പോഴും കാതോർക്കുന്നത്. 1969 സെപ്തംബർ ഒന്ന്. ലിബിയൻ അധികാരത്തിൽ കേണൽ മുമ്മർ ഗദ്ദാഫി. നാലു പതിറ്റാണ്ടിനുശേഷം 2011 ൽ ആസൂത്രിത രക്തരൂക്ഷിത കലാപത്തിൽ ഗദ്ദാഫി വധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ലിബിയയിൽ ലോകം കണ്ടത് അധികാരത്തിനായ് വിമത പക്ഷങ്ങൾ തമ്മിലുള്ള സായുധ കലാപങ്ങൾ. സംഹാര താണ്ഡവമാടിയ ആഭ്യന്തര യുദ്ധം. ലിബിയ ഇപ്പോഴും രണഭൂമി തന്നെ.
ആഭ്യന്തര യുദ്ധത്തിൽ അയൽരാജ്യമായ ഈജിപ്തിന് പ്രത്യക്ഷമായി സൈനീക ഇടപ്പെടൽ സുസാധ്യമാക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഇപ്പോൾ ലിബിയൻ ആഭ്യന്തര യുദ്ധാന്തരീക്ഷത്തെ ഏറെ വഷളാക്കിയിരിക്കുന്നത്. ജൂലായ് 13നാണ് ഈജിപ്തിൻ്റെ സൈനീക ഇടപ്പെടലിന് അംഗീകാരം നൽകുന്ന പ്രമേയം ലിബിയയുടെ കിഴക്കൻ മേഖലയിൽ ടോബ്രുക്ക് ആസ്ഥാനമായുള്ള പാർലമെന്റ് പാസ്സാക്കിയത്.
ഗദ്ദാഫിയുടെ പതനത്തെ തുടർന്ന് രാജ്യത്തിൻ്റെ അധികാര കിടമത്സരം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. പടിഞ്ഞാറൻ ബാഹ്യശക്തികൾ പോരടിക്കുന്ന ആഭ്യന്തര വിമത നേതൃത്വങ്ങൾക്കായി പക്ഷംപിടിച്ചു. ഇതോടെ ലിബിയിൻ വിഭജിക്കപ്പെട്ടു. തലസ്ഥാനമായ ട്രിപ്പോളിയടക്കമുള്ള മേഖല പ്രധാനമന്തി ഫയ്സ് അൽ സറാ ജിൻ്റെ നേതൃത്വത്തിൽ രാജ്യാന്തര അംഗീകാരമുള്ള ഗവണ്മൻ്റ് ഓഫ് അക്കോഡി (ജിഎൻഎ ) യുടെ അധീനതയിലായി. തുർക്കിയുടെ പിന്തുണയിലാണ് ജിഎൻഎ. ഈജിപ്ത് – യുഎഇ – റഷ്യ രാഷ്ട്രങ്ങളുടെ പിന്തുണ ലിബിയൻ നാഷണൽ ആർമിക്ക്.
തുർക്കി പിന്തുണയുള്ള ജിഎൻഎക്കെനെതിരെയുള്ള ചെറുത്തുനില്പ് ശക്തിപ്പെടുത്തുകെയന്ന ലക്ഷ്യത്തിലൂന്നിയാണ് അയൽ രാജ്യമായ ഈജിപ്തിന് ലിബിയയിൽ ഇടപ്പെടാമെന്ന്ലി ബിയൻ നാഷണൽ ആർമിക്ക് സ്വാധീനമുള്ള പാർലമെൻ്റിൽ പ്രമേയം പാസ്സാക്കപ്പെട്ടത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയെ ജിഎൻഎയിൽ നിന്ന് പിടിച്ചെടുക്കുവാൻ ലിബിയൻ നാഷണൽ ആർമി പോരട്ടത്തിലാണ്. നാഷണൽ ആർമിയുടെ സ്വയം വിശേഷിപ്പിക്കുന്ന കമാൻഡർ ഖലീഫ ഹഫ്തറിൻ്റെ നേതൃത്വത്തിൽ 14 മാസ പോരാട്ടത്തിന് പക്ഷേ വിജയം വരിയ്ക്കാനായിട്ടില്ല. ജിഎൻഎ ആധിപത്യ ലിബിയൻ മേഖലയടക്കം കൂട്ടിചേർത്ത് മുൻ രൂപത്തിലുള്ള ഏകീകൃത ലിബിയയെന്നതാണ് ഹഫ്തിൻ്റെ ലിബിയൻ നാഷണൽ ആർമിയുടെ ലക്ഷ്യം. പക്ഷേ തുർക്കിയുടെ ശക്തമായ പിന്തുണയാർജ്ജിച്ചിട്ടുള്ള ജിഎൻഎയോട് പൊരുതി മുന്നേറുന്നതിൽ നാഷണൽ ആർമിക്ക് കെല്പില്ലാതെപോകുന്നു. ഇതാണ് ഈജിപ്തിൻ്റെ പ്രത്യക്ഷമായ സൈനീക ഇടപ്പെടലിന് അനുമതി നൽകാൻ മുഖ്യമായും പ്രേരകമായത്.
ജിഎൻഎയുടെ മുന്നേറ്റത്തെ ചെറുക്കുകയെന്നതാണ് ജൂലായ് 13 ന് ഈജിപ്ഷ്യൻ സായുധ സേന ഇടപ്പെടൽ അനുമതിയ്ക്കുള്ള പ്രമേയം ടോബ്രുക് പാർലമെന്റ് തിരിക്കിട്ട് പാസാക്കിയതെന്നു ചുരുക്കം. ലിബിയയുടെയും ഈജിപ്തിന്റെയും ദേശീയ സുരക്ഷയെ മുൻനിറുത്തിയാണ് പ്രമേയമെന്ന വിശദീകരണവും ടോബ്രുക്ക് പാർലമെൻ്റ് നൽകുന്നുണ്ട്.
ലിബിയയിലെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലുകളുടെ കവാടമായി കാണപ്പെടുന്ന മധ്യ തീരദേശ നഗരമായ സയ്റത്തിലാണ് ഇപ്പോൾ പോരാട്ടം കനക്കുന്നത്.. സയ്റത്ത് – ജുഫറ മേഖലകൾ ജിഎൻഎയുടെ അധീനതയിലാകുംവരെ സൈനീക മുന്നേറ്റത്തി നിന്ന് പിന്മാറ്റമില്ലെന്ന നിലപാടിലാണ് ഇസ്താംബൂൾ. ഈജിപ്തിന് ലിബിയയിലേക്ക് സൈന്യത്തെ അയയ്ക്കാമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ പക്ഷേ ജിഎൻഎക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമായാണ് തുർക്കി കണ്ടത് .
ലിബിയയിലെ സയ്റത്തിന് ചുറ്റം യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുക യാണ്. ഇത് ഗുരുതര സംഭവവികാസങ്ങൾക്കും അപകടകരമായ മാനുഷിക – രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും – ജൂലായ് 14ന് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് ട്വിറ്ററിൽ എഴുതി. യുഎഇ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു. വ്യക്തമായ അന്താരാഷ്ട്ര ചട്ടക്കൂടുകൾക്കുള്ളിൽ ലിബിയൻ സംഘടനകൾ സംഭാഷണങ്ങളിലേർപ്പെ ടണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി ആഹ്വാനം ചെയ്തു.
ലിബിയയിൽ വെടിനിർത്തലിന്റെ സാധ്യതകൾ പക്ഷേ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ട്ട് കാവുസോഗ്ലു തള്ളിക്കളഞ്ഞു. തൊട്ടുപിന്നാലെ സയറ്ത്ത്, ജുഫ്ര എയർബേസ് പ്രദേശങ്ങളിൽ ജിഎൻഎ ശക്തമായി പിടിമുറുക്കി. മേഖലയിലെ ലിബിയൻ നാഷണൽ ആർമിയെ തുരുത്താനുള്ള പോരാട്ടം ശക്തപ്പെടുത്തിയിരിക്കുകയാണ് ജിഎൻഎ.
മുല്ലപ്പൂ വിപ്ലവാനുരണങ്ങൾ
2010 ഡിസംബർ 18. ട്യുണീഷ്യൻ മുല്ലപ്പൂ വിപ്ലവം. വിപ്ലവ പാതയിൽ അറബ് വസന്തത്തിൻ്റെ ഇടിമുഴക്കം. ഇത് അറബ് രാഷ്ടങ്ങളിലെ അധികാരത്തിൻ്റെ അന്ത:പുരങ്ങളെ ഇളക്കിമറിച്ചു. മധ്യപൂർവേഷ്യ സിറിയൻ ഭരണാധികാരി ബഷർ അൽ അസദ്. ഏഷ്യനഫ്രിക്കൻ ഭൂഖണ്ഡങ്ങൾ അതിരിടുന്ന യമനിലെ ഭരണാധികാരി അലി അബ്ദു സലെ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രം ഈജിപ്ത് അടക്കിവാണിരുന്ന ഹോസ്നി മുബാറക്ക്. ലിബിയൻ സർവ്വാധിപതി കേണൽ ഗദ്ദാഫി.
ഇവരുടെയെല്ലാം ദീർഘകാല ഭരണകൂടങ്ങൾ അറബ് വസന്തത്തിൻ്റെ ഇടിമുഴക്കത്തിൽ തകർന്നുവീണു. സിറിയൻ പ്രസിഡൻ്റ് അസദ് ഇപ്പോഴും പക്ഷേ തോറ്റു കൊടുക്കില്ലെന്ന നിലപാടിൽ തന്നെയാണ്. വിമതപക്ഷത്തെ നേരിടുന്ന അസദിൻ്റ ഏറ്റവും വലിയ ശക്തിയായ് റഷ്യൻ പിന്തുണയും.
ട്യുണിഷ്യൻ മുല്ലപ്പൂ വിപ്ലവത്തിൽ നിന്നുയിർകൊണ്ട അറബ് വസന്തത്തിൻ്റെ ഇടിമുഴക്കത്തിൽ പ്രതീക്ഷിക്കപ്പെട്ടത് മേഖലയിലെ രാഷ്ട്രങ്ങളിലെ സർവ്വാധിപത്യ – കുടുംബാധിപത്യ മുസ്ലീം ഭരണ വ്യവസ്ഥക്കൊരു മാറ്റം. പകരം ജനാധിപത്യമെന്നനിലയിലാണ് അറബ് വസന്തം ഉയർന്നുവന്നത്. പക്ഷേ ഫലത്തിൽ സംഭവിച്ചത് മറ്റൊന്ന്. ഏറ്റവും വലിയ ആഭ്യന്തര യുദ്ധക്കെടുതികളാണ് ഇവിടെ വാരിവിതറിയത്. ലക്ഷക്കണക്കിന് അഭയാർത്ഥികൾ സൃഷ്ടിക്കപ്പെട്ടു. അഭയാർത്ഥികളുടെ കൂട്ട പാലയനം. നടുക്കടലുകളിൽ അഭയാർത്ഥികളുടെ ജീവൻ പൊലിയുന്ന കരളലയിക്കുന്ന കാഴ്ചകൾ. മെഡിറ്ററേനിയൻ കടൽക്കരയിൽ അലൻ കുർദിയെന്ന കുഞ്ഞിൻ്റെ മൃതദേഹം. ആ കാഴ്ച്ച!
അഭയാർത്ഥികളെ ഉൾകൊള്ളുന്നുതുമായി ബന്ധപ്പെട്ട് അന്തർദേശീയ രാഷ്ട്രീയത്തിൽ ചുടേറിയ ചർച്ചകൾ. കൂടിയാലോചനകൾ. നയതന്ത്ര മത്സരങ്ങൾ. ഇനിയും പക്ഷേ പരിഹാരമകലെ. ആത്യന്തികമായി ഈ മേഖല ഇസ്ലാമിക ഭീകരവാദത്തിൻ്റെ വിളനിലങ്ങളായി അധ:പതിച്ചുവെന്നതിനുമപ്പുറം അറബ് വസന്തം മുന്നോട്ടുപോയില്ലെന്നു പറയുന്നിടത്തായിരിക്കും കൂടുതൽ ശരി.
ഗദ്ദാഫിയുടെ വീഴ്ച
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പരിചതമല്ലാത്ത സ്വാതന്ത്രൃം. സോഷ്യലിസം. ഐക്യം. ഈ മുദ്രവാക്യങ്ങളുയർത്തിയാണ് കേണൽ ഗദ്ദാഫി ഉദിച്ചുയർന്നത്. ഇതിലെ സോഷ്യലിസമെന്ന മുദ്രാവാക്യമാകട്ടെ പടിഞ്ഞാറൻ രാജ്യങ്ങളുടെ ശത്രുപക്ഷത്താക്കി ഗദ്ദാഫിയെ. ക്യൂബൻ വിപ്ലവതാരം ഫിദൽ കാസ്ട്രോ. ദക്ഷിണാഫ്രിക്കൻ വർണവിവേചന പോരാട്ടത്തിൻ്റെ കറുത്തമുത്ത് നെൽസൺ മണ്ടേല. പിറന്ന മണ്ണിൽ നിന്ന് ആട്ടിയിറക്കപ്പെട്ടവർക്കായ് സമര പഥത്തിലേറിയ പലസ്തീൻ വിമോചന നേതാവ് യാസർ അറാഫത്ത്. അമേരിക്കയുൾപ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങളോട് കൃത്യമായി അകലം പാലിച്ചിരുന്ന
ഇവരൊക്കയായിരുന്നു ഗദ്ദാഫിയുടെ ഇഷ്ടത്തോഴർ. അപ്പോൾപോലും അമേരിക്ക ഒഴികെയുള്ള പടിഞ്ഞാറൻ രാഷ്ടങ്ങുമായി എണ്ണക്കച്ചവട സാധ്യതകൾ തരപ്പെടുത്തുന്നതിലുള്ള നയതന്ത്ര വൈഭവങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഗദ്ദാഫി മുന്നിലായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയം. നീണ്ടക്കാല ഗദ്ദാഫി ഭരണ വാഴ്ച്ചക്കെതിരെ പടിഞ്ഞാറൻ മുതലാളിത്ത രാഷ്ടങ്ങൾ പ്രത്യേകിച്ചും അമേരിക്കൻ ഭരണകൂടങ്ങൾ സദാ അവസരം പാർത്തിരുന്നു.
2011 ഫെബ്രുവരിയിൽ കേണൽ ഗദ്ദാഫി ഭരണക്കൂടത്തിനെതിരെ ഒരു പക്ഷം ജനങ്ങളുടെ കലാപം. ഗദ്ദാഫിയെ വീഴ്ത്താൻ തക്കംനോക്കിയിരുന്ന യുഎസ് ഒബാമ ഭരണകൂട നേതൃത്വത്തിൽ നാറ്റോ സഖ്യം കലാപക്കാരികളെ പിന്തുണച്ചു. ഏകാധിപതിയെന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ മുദ്രകുത്തിയ ഗദ്ദാഫിയെ അതിക്രൂരമായി വധിച്ചു – 2011 ഒക്ടോബർ 20 ന്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമെന്ന ഖ്യാതിയും ഇസ്ലാമിക മണ്ണിൽ ഉയർന്നുകേട്ട സോഷ്യലിസവും ഗദ്ദാഫിയോടൊപ്പം മണ്ണടിഞ്ഞു.
ഗദ്ദാഫിയില്ലാതെ പോയ ലിബിയയിൽ വിമത വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധം ലിബിയയെ തകർത്തുതരിപ്പണമാക്കി. പതിനായരങ്ങളുടെ ജീവനെടുത്തു ആഭ്യന്തര യുദ്ധം. ഒപ്പം ജനങ്ങളുടെ കൂട്ടപാലയനം. ഇതിൽ പരിതപിച്ച് ഒബാമയുടെ കുറ്റസമ്മതവും കണ്ടു. ഗദ്ദാഫിയെ വീഴ്ത്തിയ ലിബിയ പിന്നിടെങ്ങനെയായിരിക്കണമെന്നതിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ തൻ്റെ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടുവെന്നായിരുന്നു ഒബാമയുടെ കുറ്റസമ്മതം. 2016ൽ പ്രസിഡൻ്റു പദവിയിൽ നിന്ന് പടിയിറങ്ങുന്ന വേളയിലായിരുന്നു ഒബാമയുടെ ഈ കുറ്റസമ്മതം.
സമ്പുഷ്ഠമായ ലിബിയൻ എണ്ണപ്പാടങ്ങളിലാണ് സർവ്വരുടെയും കണ്ണ്. ഗദ്ദാഫിയെ വീഴ്ത്തുവാൻ പടിഞ്ഞാറൻ രാഷ്ട സഖ്യം നറ്റോ അണിനിരന്നിതിനു പിന്നിലെ പ്രധാന ലക്ഷ്യം ലിബിയൻ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം തരപ്പെടുത്തുകയെന്നതായിരുന്നു. അളവറ്റ എണ്ണയുടെ നിയന്ത്രണ താല്പര്യങ്ങൾ തന്നെയാണ് നിലവിലെ പോരാട്ടങ്ങളുടെയും മുഖ്യ ഹേതു. ഗദ്ദാഫിയെ ഇല്ലാഴ്മ ചെയ്ത് ലിബിയൻ എണ്ണ പാടങ്ങൾ അപ്പാടെ കൈപ്പിടിയിലാക്കാമെന്നായിരുന്നു അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ മോഹം. അത് ഇപ്പോഴും പ്രതീക്ഷിക്കപ്പെട്ട പോലെ പൂവണിയപ്പെട്ടിട്ടില്ല.
വിമതപക്ഷങ്ങളുടെ ആഭ്യന്തര യുദ്ധത്തിൽ ലിബിയ ഇപ്പോഴും കലങ്ങിമറിയുകയാണ്. ഈ അരിക്ഷത അന്തരീക്ഷം നിലനിൽക്കുവോളം ലിബിയൻ എണ്ണപ്പാടങ്ങളിലെ എണ്ണ പര്യവേഷണം കലശലായ ആഭ്യന്തര യുദ്ധ തയ്യാറെടുപ്പുകളിൽ മന്ദീഭവിക്കപ്പെട്ടു കൊണ്ടേയിരിക്കും. ഒപ്പം ലിബിയൻ അധികാരത്തിനും എണ്ണപ്പാടങ്ങളുടെ ഉടമസ്ഥതക്കും വേണ്ടിയുള്ള യുദ്ധത്തിൻ്റെ പെരുമ്പറ മുഴക്കങ്ങൾക്കും ഇനിയും കാതോർക്കുക.
* അവലംമ്പം: അൽജസീറ റിപ്പോർട്ട്