കുടുംബശ്രീ : ധവളപത്രം അനിവാര്യം

കെ.കെ. ശ്രീനിവാസന്‍/KK Sreenivasan

the article was published  in Malayalam varika ( issue: 28 Jan 2011) and its non-edited version posted on this portal and the same is posted once again. It discusses that Kudumbasree Mission has deviated from its goal projected . A white paper on working of KSM needed to be released by conducting a social auditing with immediate effect.

story on Kudumba sree pg 01 Malyalam varika 28 Jan 2011ആദ്യ മുന്‍ഗണന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. ഇതിനു സഹായകരമാകുന്ന ദിശയില്‍ ഉപഭോകതൃഷ്ണ ആളിക്കത്തിച്ച് ദാരിദ്ര്യത്തെ ശാശ്വതീകരിക്കുന്നതില്‍ നിന്ന് കുടുംബശ്രീ മിഷനുകളുടക്കമുളള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പിന്മാറണം. ഇതിലൂടെ മാത്രമെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരമാകൂ

വികസ്വര രാജ്യങ്ങളില്‍ ലഘുവായ്പ പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്ന സ്ഥാപനങ്ങള്‍ (Micro Finance Institutions – MFIs) ദരിദ്ര ജനവിഭാഗങ്ങളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പാതയില്‍ നിന്ന് വന്‍ ലാഭസമ്പാദനം മാത്രം ലക്ഷ്യംവെച്ച് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു വെന്നഞെട്ടിക്കുന്ന വസ്തുതകളാണ് വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും അക്കാദമിക് പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നതുമായ കേരളത്തിന്റെ ലഘുവായ്പ പദ്ധതിയായ കുടുംബശ്രീ മിഷന്‍ അഥവാ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നതിന്റെ സൂചനകള്‍ ശക്തമാണ്. നാടിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നു. അവ നടപ്പിലാക്കപ്പെടുന്നു. ഒരു നിശ്ചിത സമയത്തിനുശേഷം അവയെല്ലാം ശാസ്ത്രീയവും കാര്യക്ഷമവും നീതിയുക്തവുമായ സോഷ്യല്‍ ഓഡിറ്റിങ്ങ് വിധേയമാക്കപ്പെടുന്നുണ്ടോയെന്നത് സുപ്രധാനം. സോഷ്യല്‍ ഓഡിറ്റിങ്ങ് അവഗണിക്കപ്പെടുന്നിടത്ത് പദ്ധതികള്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമെന്നതിന്റെ അനുഭവസാക്ഷ്യങ്ങളെറെയാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ ഈയ്യിടെ നടന്ന കര്‍ഷക ആത്മഹത്യകളെ വിലയിരുത്താന്‍

തൃശ്ശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന് കീഴില്‍ 580 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 79 അയല്‍ക്കൂട്ടങ്ങളിലെ 358 അംഗങ്ങള്‍ക്ക് ഓണക്കാലത്ത് (ഓണം-2010) ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ വായ്പതരപ്പെടുത്തി നല്‍കി. ഇതിനു പിന്നില്‍ പക്ഷേ പ്രധാനമായും വ്യക്തമാകുന്നത് കുടുംബശ്രീ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും സുതാര്യതയില്ലായ്മയുമാണ്. വിവരാവകാശ നിയമപ്രകാരം 2010 നവംബര്‍ 11 ന് പഞ്ചായത്തില്‍ നിന്നു ലഭ്യമായ വിവരങ്ങളില്‍ നിന്നു തന്നെയാണ് മുന്‍ചൊന്ന വസ്തുതകള്‍ പ്രകടമാകുന്നത്. ഫ്രിഡ്ജ് (127 എണ്ണം), മിക്സി (78), ഗ്യാസ് സ്റ്റൗ (16), വാഷിങ്ങ് മെഷീന്(43), ടി.വി.(66), ഡിവിഡി (50), ഇസ്തിരിപ്പെട്ടി (24), എല്‍.സിഡി. ടിവി (14), ക്യാമറ (4), ഗ്രൈന്റര്‍(24), എയര്‍കണ്ടീഷണര്‍(2), മൈക്രോവേവ് ഓവന്‍ (1), ഹോം തിയ്യേറ്റര്‍(2) എന്നിവയാണ് അംഗങ്ങള്‍ക്ക് തവണ വ്യവസ്ഥയില്‍ വിതരണം ചെയ്തത്. സാംസങ്ങ്, ഉഷ എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ ഗൃഹോപകരണങ്ങളാണ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈയിനത്തില്‍ 34,43,260 രൂപ അംഗങ്ങള്‍ക്ക് ബാങ്ക് വായ്പ തരപ്പെടുത്തികൊടുത്തിട്ടുണ്ട്. തിരിച്ചടവ് കാലാവധി 24 മാസം. പലിശ 12 ശതമാനം. രസകരമെന്നു പറയട്ടെ, കമ്പനികള്‍ നേരിട്ട് ബാങ്കിന് പലിശ നല്‍കുമെന്ന വിവരമാണ് വിവരാവകാശ നിയമപ്രകാരം നല്‍കപ്പെട്ടിട്ടുള്ളത്. അതായത് മുപ്പത്തിയഞ്ചര ലക്ഷം രൂപയോളം വിറ്റുവരവുണ്ടാക്കിയ ബഹുരാഷ്ട്ര കമ്പനികള്‍തന്നെ വായ്പയെടുത്തവരുടെ പലിശ ഭാരം ഏറ്റെടുത്തിരിക്കുന്നുപോല്‍! വായ്പയെടുത്തവര്‍ പലിശ കൊടുക്കേണ്ടതില്ല! പലിശരഹിത വായ്പ!

 ഉല്‍പ്പന്നങ്ങളുടെ പരമാവധി ചില്ലറ വില (മാക്‍സിമം റീട്ടെയില്‍ പ്രൈസ്) യാണ് അംഗങ്ങളില്‍ നിന്ന് വസൂലാക്കിയിട്ടുള്ളത്. ഓണക്കാലത്തുള്ള പ്രത്യേക വിലയിള വുകളടക്കമുള്ള ഓഫറുകളൊന്നും അംഗങ്ങള്‍ക്ക് ലഭ്യമായില്ല. അതുകൊണ്ടുതന്നെ കമ്പനിയാണ് പലിശ നല്‍കുന്നതെന്നുള്ള അനുവദിക്കപ്പെട്ട വിവരം ശരിയാണെങ്കില്‍, ഈ ഇടപാടില്‍; കമ്പനികള്‍ക്ക് വന്‍ ലാഭം ഉറപ്പിക്കപ്പെടുകയായിരുന്നുവെന്നുതന്നെയല്ലേ ഇവിടെ സുവിദിതമാകുന്നത്?. ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി വിലയിന്മേല്‍വിലപേശി കുറഞ്ഞ വിലയ്ക്ക് വാങ്ങുകയെന്ന അനുകൂല അവസരം, പ്രത്യേകിച്ചും ഉത്സവവേളകളില്‍,ഉപയോഗപ്പെടുത്തുകയെന്നത് ഉപഭോക്താവിന്റെ അവകാശമായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഇടപാടില്‍പക്ഷേ കുടുംബശ്രീ മിഷന്‍ ഇടനിലക്കാരായതോടെ ഉപഭോക്താവിന്റെ വിലപേശല്‍ അവകാശം നിഷേധിക്കപ്പെടുകയായിരുന്നു. ഉപഭോക്താവിന്റെ വിലപേശല്‍ ചെലവില്‍ കമ്പനികള്‍ പലിശഭാരം ഏറ്റെടുത്തിരിക്കുന്നുവെന്ന് ചുരുക്കം!

ഉല്‍പന്നങ്ങളുടെ നികുതി വസൂലാക്കപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് എത്രയെന്നുള്ളതുമാണ്, 2010 ഒക്ടോബര്‍ 10 ലെ വിവരാവകാശ അപേക്ഷയിലെ ഏഴാമത്തെ ചോദ്യം. അതിനുള്ള ഉത്തരം ഇങ്ങനെ: വായ്പയെടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങിയ വ്യക്തികളുടെ പേരിലാണ് ബില്‍ അനുവദിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ നികുതി പിടിച്ചിട്ടുണ്ടോയെന്നറിയില്ല. ബില്ല് ലഭിച്ചിട്ടില്ല. ഇത് പക്ഷേ തെറ്റുധരിപ്പിക്കപ്പെടുന്നതാണെന്നുള്ള ശക്തമായ സംശയം ജനിപ്പിക്കുന്നതാണ് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം. വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഉല്‍പന്നങ്ങളുടെ ബില്‍ ലഭ്യമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം വായ്പാതിരിച്ചടവ് കഴിയുംവരെ ബില്ലുകളെല്ലാം കമ്പനികളുടെ കൈവശം തന്നെയാ യിരിക്കുമെന്ന വിചിത്രമായ അനൗദ്യോഗിക വിശദീകരണവുമുണ്ട്. ഇനി അഥവാ ഈ വിശദീകരണം ശരിയാണെന്ന് തന്നെ കരുതുക. അങ്ങനെയെങ്കില്‍ ഉല്‍പന്നങ്ങളുടെ കേടുപാടുകളെപ്രതി കമ്പനിക്കെതിരെ ബില്ല് ഇല്ലാതെ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി സമര്‍പ്പിക്കുവാനാകില്ലെന്നത് അതീവ ഗൗരവമര്‍ഹിക്കുന്നു.

വാങ്ങിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ഉപഭോക്താവിന്റെ ഉഷ ബ്രാന്റിലുള്ള മിക്സി കൂടെകൂടെ പ്രവര്‍ത്തനരഹിതമായത്രെ. പുതിയതൊന്ന് വേണമെന്നായിരുന്നു ഉപഭോക്താവിന്റെ ആവശ്യം. ഈ ആവശ്യവുമായി പക്ഷേ അവര്‍ സമീപിച്ചത് കുടുംബശ്രീ ഓഫീസിനെ!. അത് സ്വാഭാവികമായും അവഗണിക്കപ്പെട്ടു. ബില്ല് തന്റെ കൈവശമുണ്ടായി രുന്നുവെങ്കില്‍ ഉപഭോക്താവിന് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കാമായിരുന്നു. ഇവിടെയും ഉപഭോക്താവിന്റെ നിയമാനുസൃതമായ അവകാശം നിഷ്ഫലമാക്കപ്പെട്ടതിന് കാരണക്കാരായത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമേറ്റെടുത്തിട്ടുള്ള കുടുംബശ്രീ മിഷന്‍!kudumbasree(1).jpg

ഗൃഹോപകരണങ്ങള്‍ ആവശ്യപ്പെട്ട അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ട് വായ്പാ തുക അനുവദിക്കപ്പെടുന്നതിലെ തടസ്സമെന്തായിരുന്നു? ഗൃഹോപകരണങ്ങല്‍ തങ്ങള്‍ക്ക് തന്നെ നേരിട്ട് വാങ്ങുവാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെട്ടതിന്റെ പിന്നാമ്പുറം എന്താണ്? മൊത്തം 34,43,260 രൂപയ്ക്കുള്ള വിവിധയിനം ഗൃഹോപകരണങ്ങളുടെ ബില്ല് അതത് ഉപഭോക്താക്കള്‍ക്ക് ഇനിയും നല്‍ക പ്പെട്ടിട്ടില്ലെന്നിടത്ത് യഥാര്‍ത്ഥ നിജസ്ഥിതി വ്യക്തമാക്കപ്പെടേണ്ടതല്ലെന്നുണ്ടോ? ഇപ്പറഞ്ഞ തുകയിന്മേലുള്ള നികുതി സര്‍ക്കാരില്‍ ഒടുക്കപ്പെട്ടിട്ടുണ്ടോ? എന്തുകൊണ്ട് ഉഷ, സാംസങ്ങ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വിതരണം ചെയ്യപ്പെട്ടു? അംഗങ്ങള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കുകയെന്നതിനപ്പുറത്ത് ഈ ഇടപാടില്‍ കുടുംബശ്രീമിഷന്‍ ഇടനിലക്കാരായതിലെ താല്‍പര്യമെന്ത്? ഇത്തരം സംശയങ്ങള്‍ ഇനിയും ബാക്കി.

വ്യത്യസ്ത രീതിശാസ്ത്രം 1995 സെപ്തംബറില്‍ ബീജിങില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനമാണ് ബംഗ്ലാദേശ് മോഡല്‍ ലഘുവായ്പാ പദ്ധതിയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നത്. 100 കോടിയിലധികം ജനങ്ങള്‍ പ്രത്യേകിച്ചും വനിതകള്‍ ആഗോളതലത്തില്‍ തന്നെ ദാരിദ്രത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ്. ഈയവസ്ഥക്ക് ഒരു പരിഹാരമാര്‍ഗ്ഗമായിട്ടാണ് ആഗോള വനിതാ സമ്മേളന പ്രഖ്യാപനത്തില്‍ ലഘുവായ്പാ പദ്ധതി ഇടം തേടുന്നത്.

വികസ്വര രാഷ്ട്രങ്ങളിലെ സാമൂഹികസാമ്പത്തിക സ്ഥിതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലൂന്നി ഐക്യരാഷ്ട്ര സംഘടനയുടെ മില്യേന്യം വികസന ലക്ഷ്യങ്ങള്‍-2000 (Millienium Development Goals-2000) മുന്നോട്ടുവയ്ക്കപ്പെട്ടു. 100 രാജ്യങ്ങളില്‍ നിന്നുള്ള 1000 ത്തോളം എന്‍.ജി.ഒകളും സിവില്‍ സൊസൈറ്റി സംഘടനകളും പങ്കെടുത്ത മില്യേന്യം ഫോറത്തിലാണ്, 2000 മേയില്‍, ഈ ലക്ഷ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്. 2000 സെപ്തംബറിലെ യു.എന്‍ മില്യേന്യം പ്രഖ്യാപന പ്രകാരം, 2015 ഓടെ പൂര്‍ത്തീകരിക്കുവാനുദ്ദേശിച്ചുള്ള എട്ട് ലക്ഷ്യങ്ങളില്‍ ദാരിദ്ര/ വിശപ്പ് നിര്‍മ്മാര്‍ജ്ജനത്തിനാണ് പ്രഥമ പരിഗണന.

വികസ്വര രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ച് ഗ്രാമീണ വികസനത്തിന് പുതുപുത്തന്‍ അടിത്തറ പാകുക എന്ന ലക്ഷ്യമാണ് ലോക ബാങ്ക് ലഘുവായ്പാ പദ്ധതിയിലൂടെ മുന്നോട്ടുവച്ചത്. വികസ്വര രാഷ്ട്രങ്ങളിലെ 16 മില്യന്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സേവനദാതാക്കളായി 7000 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ 2.5 ബില്യണ്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക ഇടപാടുകളിലേര്‍പ്പെടുന്നുവെന്ന് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ബില്യണ്‍ ദരിദ്രര്‍ 7 ബില്യണ്‍ യു.എസ്. ഡോളര്‍ വായ്പ സ്വീകരിച്ചിട്ടുണ്ടെന്നും ലോകബാങ്ക് പറയുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയെന്ന നിലയില്‍ ലഘു വായ്പാ പദ്ധതിക്ക് പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലത്തിലാണ്.

 ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളാ മോഡല്‍ വികസനം വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് ലോകബാങ്കിന്റെ ലഘുവായപാ പദ്ധതി കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ വിദേശ ബാങ്കുകളുടെയും ലോക ബാങ്കിന്റെയും കരിനിഴല്‍ വീഴാതിരിക്കേണ്ടത് കേരള ജനതയുടെ ആവശ്യമായിരുന്നു. ഇവിടെ നിന്നാണ് കുടുംബശ്രീയുടെ ഉത്ഭവം. ലോക ബാങ്കിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സമീപനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രമാണ് കുടുംബശ്രീക്ക് രൂപം കൊടുത്തത് (കുടുംബശ്രീ സി.ഡി.എസ്. ത്രിതല സംഘടനാ സംവി ധാനം ഒരു പഠന സഹായി – 2009, പേജ് – 8). kudumbashree

ലഘുവായ്പ പദ്ധതിയിലൂടെ നവഉദാരവല്‍ക്കരണ ശക്തികള്‍ തങ്ങളുടെ ഫിനാന്‍സ് മൂലധനം മൂന്നാം ലോകത്തെ ദരിദ്രരെ ലക്ഷ്യമാക്കി കയറ്റി അയക്കുന്നു. വായ്പകള്‍ നല്‍കി ക്രയശേഷി പുഷ്ഠി പ്പെടുത്തി ദരിദ്രരെ ചൂഷണം ചെയ്യുന്നു. അതായത്, നവ ഉദാരവല്‍ക്കരണ പ്രയോക്താക്കളുടെ കൂട്ടിരി പ്പുക്കാരായ ബഹുരാഷ്ട കമ്പനി കളുടേതടക്കമുള്ള വന്‍കിടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങു വാനുള്ള ഉപഭോഗതൃഷ്ണ ദരിദ്ര ജനതയില്‍ വളര്‍ത്തിയെടുക്കുന്നു.ഇത്തരം വിമര്‍ശനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സാമ്പത്തിക വിദഗ്ദ്ധരുടെ മുന്‍കയ്യില്‍ കുടുംബശ്രീ മിഷന് ലോകബാങ്കിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിശാസ്ത്രം സമ്മാനിച്ചത്.

തദ്ദേശ സ്വയംഭരണ പ്രദേശത്ത് ലഭ്യമായിട്ടുള്ള പ്രകൃതി വിഭവങ്ങളുടെയും മാനവ വിഭവശേഷിയെയും അനുയോജ്യമായ രീതിയില്‍ പ്രാദേശികമായി സമന്വയിപ്പിച്ച് തൊഴിലും ഉല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിച്ച് പൊതു സാമ്പത്തിക വികസനത്തിന്റെ ഫലമായിട്ടുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ശാശ്വതമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു (കുടുംബശ്രീ സി.ഡി.എസ്. ത്രിതല സംഘടനാ സംവിധാനം ഒരു പഠന സഹായി – 2009, പേജ്-9). ഇത് ഒരു ഭാഗത്ത് പറയുമ്പോള്‍ തന്നെ, മറുഭാഗത്ത് തൊഴിലും ഉല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കാതെ ദരിദ്രരെ കടബാദ്ധ്യതയില്‍ കുരുക്കിയിട്ട് ദാരിദ്ര്യത്തെ ശാശ്വതവല്‍ക്കരിക്കുന്ന ഗൃഹോപകരണ വിതരണം പോലുള്ള കുടുംബശ്രീ മാതൃകകളാണ് ശാശ്വതവല്‍ക്കരിക്കപ്പെടുന്നത്

ദരിദ്ര ജനവിഭാഗങ്ങളുടെ ക്രയശേഷി ചൂഷണം ചെയ്യുവാന്‍ ലോകബാങ്കിനെ അനുവദിക്കില്ലെന്ന് ഡോ. ഐസക് അടിവരയിടുമ്പോള്‍തന്നെ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം അതിവിദൂരമായിരി ക്കെതന്നെ, നവഉദാരവല്‍ക്കരണ പ്രയോക്താക്കളുടെ കൂട്ടിരിപ്പുക്കാരായിട്ടുളളവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുവാനുള്ള വായ്പ തരപ്പെടുത്തികൊടുക്കുന്ന കേവലം ഇടനിലക്കാരായി ലോക ബാങ്കിന്റേതില്‍നിന്ന് വ്യത്യസ്തമായ രീതിശാസ്ത്രത്തിലൂടെ രൂപപ്പെടു ത്തിയതെന്നവകാശപ്പെടുന്ന കുടുംബശ്രീ വര്‍ത്തിച്ചിരിക്കുന്നു. എയര്‍കണ്ടീഷനടക്കമുള്ളവ വിതരണം ചെയ്യുന്നതിലാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിടുന്ന കുടുംബശ്രീ മിഷന്‍ ഇടനിലക്കാരായത്.

കുടുംബശ്രീയില്‍ ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്കുമേലുള്ള വനിതകളും അംഗങ്ങളാണ്. ബി.പി.എല്‍ക്കാര്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകബാങ്ക് പോലും ദരിദ്രജനവിഭാഗങ്ങളെ മാത്രം മുന്‍നിര്‍ത്തിയാണ് ലഘുവായ്പാ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതില്‍നിന്നും പക്ഷേ തീര്‍ത്തും വ്യത്യസ്തമായാണ് ഇവിടെ കുടുംബ ശ്രീയില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നവ ഉദാരവല്‍ക്കരണ പ്രയോക്താക്കളെന്നു വിളിക്കപ്പെടുന്ന ബഹുരാഷ്ട കമ്പനികളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം (വിപണിയുടെ ശക്തിയെന്നു വായിക്കുക) ആവശ്യംപോലെ വര്‍ദ്ധിപ്പിച്ചു നല്‍കപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഏറെ പ്രകടമല്ലെന്നത് കേരളത്തിന്റെ സവിശേഷതയാണ്. മോശമല്ലാത്ത സാക്ഷരതാനിരക്കും മലയാളിയുടെ പ്രവാസജീവിത ങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത സമ്പാത്തിക ചുറ്റുപ്പാടുമാണ് ഈ സവിശേഷതക്ക് ആധാരം. ഈ ചുറ്റുപ്പാട് മലയാളികളുടെ ഉപഭോഗത്വര ശക്തിപ്പടുത്തുന്നതില്‍ ഒട്ടും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്നോ മുകളിലുള്ളവരെന്നോ ഭേദമില്ലാതെ കോടികള്‍ മറിയുന്ന ലഘുവായ്പാ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ എല്ലാവര്‍ക്കും അപൂര്‍വ്വ അവസരം ഒരുക്കികൊടുത്തിരിക്കുന്നു. ഇതാകട്ടെ മലയാളിയുടെ ഉപഭോഗതൃഷ്ണയെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയാണ്. ഈ അപൂര്‍വ്വ അവസരം പരമാവധി മുതലാക്കുവാനുള്ള നൂതന വിപണന തന്ത്രങ്ങള്‍ മെനഞ്ഞ് അത് പ്രയോഗ വല്‍ക്കരിക്കുന്നതില്‍ വന്‍കിട കമ്പനികള്‍ അവരുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു പ്രത്യേകിച്ചും കിടമത്സര വേദിയായി പരിണമിച്ചിട്ടുള്ള വര്‍ത്തമാന വിപണി വ്യവസ്ഥയില്‍. ഇവിടെ കുടുംബശ്രീ മിഷന്‍ എന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഗൃഹോപകരണ വിതരണം പോലുള്ളവ ഏറ്റെടുത്ത് ഈ വന്‍കിട കമ്പനികളുടെ വിപണന തന്ത്രങ്ങളുടെ വരുതിയിലകപ്പെടുകയാണ്. ഇവിടെയാണ് വയനാട്(7ആത്മഹത്യകള്‍) പാലക്കാട്(1), തൃശ്ശൂര്(1), കണ്ണൂര്(1) ജില്ലകളില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍ കൂട്ടിവായിക്കപ്പെണ്ടേത്.

കേരളത്തില്‍ ഒരു ചെറിയ കാലയളവിനുള്ളില്‍തന്നെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ (www.nabdard.org/mfilist.pdf) അഭൂതപൂര്‍വ്വമായ പെരുക്കം. ലഘുവായപാപദ്ധതിയുടെ പിന്‍ബലത്തില്‍ പരസ്പരം സഹായിച്ചും കൊച്ചുകൊച്ചു സമ്പാദ്യങ്ങള്‍ സ്വരൂപിച്ചും സംരംഭകത്വ സംസ്ക്കാരം ഊട്ടിയുറപ്പിച്ച് ദരിദ്രരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുവാനുമാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പ്രതീക്ഷിക്കപ്പെടുംപോലെ പക്ഷെ സംരംഭകത്വ സംസ്കാരം വേരൂന്നാന്‍ പറ്റിയ മാനസികഘടനയും ഭൗതിക സാഹചര്യവുമല്ല മലയാളിക്ക് തന്റെ സാമൂഹികരാഷ്ട്രീയ അവസ്ഥ സമ്മാനിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സംരംഭകത്വ സംസ്കാരം ലഘുവായ്പാ പദ്ധതിയിലൂടെ രൂപപ്പെടുത്തിയെടുക്കാമെന്നതില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് ഉറപ്പിച്ച് പറയാ നാകില്ല.

കേരളം പറയുന്ന ദാരിദ്ര്യത്തിന്റെ സ്വഭാവം പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തിന്റെ സ്വഭാവുമായി തട്ടിച്ചുനോക്കുമ്പോള്‍, പൊരുത്തപ്പെടുന്നില്ല. വന്‍കിട കമ്പനികള്‍ക്ക് തങ്ങളുടെ വിപണന തന്ത്രങ്ങള്‍ ഏറെ എളുപ്പത്തില്‍ കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പ്രയോഗി ക്കാനാകുന്നുണ്ടെന്നതുതന്നെ ഇതിന്റെ പ്രതിഫലനമാണ്. ഈ അവസ്ഥയില്‍ വന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനുള്ള ഇടനിലക്കാരായി പ്രാദേശിക കുടുംബശ്രീ മിഷനുകളടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പക്ഷേ ചുരുക്കം ചില പ്രാദേശിക കുടുംബശ്രീ മിഷനുകളുടെയോ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെയോ രാഷട്രിയ വകതിരിവില്ലായ്മയായി മാത്രം എഴുതിത്തള്ളേണ്ടതല്ല. നവ ലിബറല്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് അവ കാശപ്പെടുന്നവരുടെ (ഇടതുപക്ഷത്തിന്റെ) സാമ്പത്തിക നയവ്യതിയാനത്തിന്റെ പ്രതിഫലനമായിട്ടു കൂടി വേണം ഇതിനെ കാണാന്‍.

അനിവാര്യമാകുന്ന സോഷ്യല്‍ ഓഡിറ്റിങ്ങ്

സാമ്പത്തികശേഷിയുള്ളവര്‍ മാത്രം ആധുനിക സൗകര്യങ്ങളുടെ ഗുണഭോക്താക്കളായാല്‍ മതിയെന്ന കുലീനവര്‍ഗ്ഗവാദമല്ല ഇവിടെ വിക്ഷേപിക്കപ്പെടുന്നത്. മറിച്ച്, കുടുംബശ്രീയടക്കമുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലൂടെ ദരിദ്രരരെ കൈപിടിച്ചുയര്‍ത്തുവാന്‍ ശാസ്ത്രീയവും സൃഷ്ടിപരവുമായ ഇടപെടലുകള്‍ നടത്തുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെ ന്നുള്ളതാണ്.

ആദ്യ മുന്‍ഗണന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. ശേഷം ആരുടെയും വായ്പാവലയ ത്തില്‍ കുടുങ്ങാതെ ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം സ്വായത്തമാക്കപ്പെടട്ടെ. ഇതിനു സഹായകരമാകുന്ന ദിശയില്‍ ഉപഭോകതൃഷ്ണ ആളിക്കത്തിച്ച് ദാരിദ്ര്യത്തെ ശാശ്വതീകരിക്കുന്നതില്‍ നിന്ന് കുടുംബശ്രീ മിഷനു കളുടക്കമുളള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പിന്മാറണം. ഇതോടൊപ്പംതന്നെ കുടുംബശ്രീ മിഷന്റേതടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങളെപ്രതി സാമ്പ്രദായിക അക്കാദമിക് അന്വേഷണങ്ങളെക്കാളുപരി സ്വതന്ത്രവും നീതിയുക്തവുമായ സോഷ്യല്‍ ഓഡിറ്റിങ്ങും ധവളപത്രവും അനിവാര്യമാകുന്നുണ്ട്.

Related Post

സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേൽ പിടിമുറുകുന്നു

സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേൽ പിടിമുറുകുന്നു

യുഎഇ സ്വർണ കമ്പോളത്തിന് കൂച്ചുവിലങ്ങു വീഴുവാനുള്ള സാധ്യത ശക്തിപ്പെടുന്നു. സുതാര്യമല്ലാത്ത ദുബായ് സ്വർണ വ്യാപാരത്തിനുമേലാണ് പിടിമുറുകുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ലോകത്തിലെ…