ലാലൂര്‍ : കേരള വികസന മാതൃകയും കെ.വേണുവിന്റെ നിരാഹാരസമരവും

കെ.കെ.ശ്രീനിവാസന്‍

ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ
മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും സ്വീകരിക്കുന്നതില്‍ ഐക്യ കേരളത്തിലാദ്യമായി അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരടക്കമുള്ളവ പരാജയപ്പെട്ടുവെന്നതിന് ഉദാഹരങ്ങളിലൊന്നാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനമെന്ന കീറാമുട്ടി.

കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും അതിവേഗം വളര്‍ന്നു. ആ വളര്‍ച്ച പക്ഷേ ജനകീയ സര്‍ക്കാരുകളുടെ നയ സമീപനങ്ങളുടെ ഗുണഫലം മാത്രമല്ല. അന്യദേശങ്ങളില്‍ തൊഴില്‍ തേടിപോകുവാനുളള മലയാളികളുടെ സന്നദ്ധതയാണ് ഇന്ന് ഇവിടെ കാണുന്ന വളര്‍ച്ചയുടെ ആണികല്ല്. കടലുകള്‍ താണ്ടി സിലോണിലും (ശ്രീലങ്ക), മലയ (മലേഷ്യ) തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ജീവിത മാര്‍ഗ്ഗം തേടിപോയി. ’70’ കളുടെ ആരംഭത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ഭാഗ്യം തേടിപോയി. പത്തേമാരികളില്‍ കയറിപ്പറ്റി എണ്ണപ്പാട രാഷ്ട്രങ്ങളുടെ (ഗള്‍ഫ് രാഷ്ട്രങ്ങള്‍) കരയണഞ്ഞ മലയാളി മണലാര്യങ്ങളില്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയതാണ് ഇന്നു കാണുന്ന കേരളം. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കോടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നൊ ഏറെകൂറെ ഭേദമില്ലാതെ കേരളം വളര്‍ന്നു. എന്നാല്‍ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ പാടെ പരാജയപ്പെട്ടു. കേരളത്തെ വികസന മാതൃകയാക്കിവരെന്ന് അവകാശപ്പെടുന്നവര്‍പോലും മാറുന്ന കേരളം ഖരമാലിന്യ കൂനയായി മാറുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം കാണാന്‍ കണ്ണുതുറന്നില്ല. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന വിശേഷണത്തിലൂടെ അന്യദേശങ്ങളില്‍ കേരളത്തെ വിറ്റഴിക്കുമ്പോള്‍പോലും ഈ ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യവിമുക്ത നാടാക്കി മാറ്റണമെന്ന രാഷ്ട്രീയ ഇച്ഛാശക്തി ആരാലും പ്രകടമാക്കപ്പെടുന്നത്തേയില്ല.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടര പതീറ്റാണ്ടായി തുടരുന്ന തൃശൂര്‍ നഗരമാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ ലാലൂരിലെ പരിസരവാസികളുടെ ദുരന്തങ്ങള്‍ക്ക് അറുതിയായില്ല. ടി.കെ വാസുവിന്റെ നേതൃത്വത്തിലുള്ള ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി പ്രക്ഷോഭങ്ങള്‍ങ്ങള്‍ക്കും ഇത്ര തന്നെ പഴക്കമുണ്ട്. അറബിക്കടലിന്റെ റാണി കൊച്ചി മാലിന്യങ്ങളുടെ കടലിലാണ്. ഭരണാധികള്‍ക്ക് കോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അതുകൊണ്ടൊന്നും പക്ഷേ കൊച്ചി മാലിന്യവിമുക്തമാക്കപ്പെട്ടില്ല. ഗുരുപവനപുരിയില്‍ സാക്ഷാല്‍ ഗുരുവായൂരപ്പനും മാലിന്യ പ്രശ്‌നത്തില്‍ പ്രതികൂട്ടിലാണ്. ഗുരുവായൂരപ്പനെ കാണാന്‍ എത്തുന്നവരടക്കമുള്ളവര്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഗുരുവായൂര്‍ നഗരസഭയും ദേവസ്വം ബോര്‍ഡും കൈകഴുകുമ്പോള്‍ ചക്കംകണ്ടം നിവാസികള്‍ ഗുരുവായൂര്‍ നഗരത്തിന്റെ മാലിന്യം പേറുവാന്‍ വിധിക്കപ്പെട്ടവരായി തുടരുകയാണ്. കോഴിക്കോട് ഞ്ഞെളിയപ്പറമ്പുക്കാര്‍ മാലിന്യംകൊണ്ട് കുഴിച്ചുമൂടപ്പെട്ടുകൊണ്ടേരിരിക്കുന്നു. തലശ്ശേരി നഗരത്തിന്റെ മാലിന്യമേറ്റുവാങ്ങുന്നവരുടെ പ്രതിഷേധ സമരത്തെ പൊലീസ് ലാത്തികൊണ്ടു നേരിട്ടു. മുന്‍ചൊന്നിടങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ മറ്റു നഗരപ്രദേശങ്ങളും ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണമെന്നതിനെപ്രതി പ്രതിസന്ധിയിലകപ്പെട്ടുഴലുകയാണ്.

കേരളത്തിലെ 999 ഓളം വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. മനുഷ്യന്‍ മരിച്ചാല്‍ ആറടി മണ്ണ് വേണം. ഇതില്ലാത്തവര്‍ എന്തു ചെയ്യും? സ്വന്തം കൂരയ്ക്കുള്ളില്‍ ഉറ്റവരുടെ മൃദേഹം സംസ്കരിക്കുന്ന ദുരവസ്ഥ വികസന മാതൃകയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ വോറൊരിടത്തും കാണില്ല. ശാസ്ത്രീയമായ പൊതുശ്മശാനങ്ങളുടെ അനിവാര്യത ജനകീയ സര്‍ക്കാരുകള്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജന/സംസ്കരണത്തെപ്രതിയുള്ള മുറവിളികള്‍ക്കൊപ്പം പ്രാദേശിക തലങ്ങളില്‍ പൊതുശ്മശാനങ്ങളുടെ ആവശ്യകതയിലൂന്നിയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ പാശ്ചാത്തലത്തില്‍ ലാലൂര്‍ മാലിന്യകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തത്വ ചിന്തകന്‍ കെ.വേണുവിന്റെ നിരാഹാര സമരത്തിന്റെ പ്രസക്തിയും കേരള വികസന മാതൃകയുടെ അപ്രസക്തിയും സൂക്ഷ്മതയോടെ വിശകലനവിധേയമാക്കപ്പെടുക തന്നെ വേണം.

കേരള വികസന മാതൃക ദീര്‍ഘകാലത്തോളം കൊട്ടിഘോഷിക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ അധികാരത്തിലേറിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയങ്ങള്‍ കേരളത്തിന്റെ വികസന പ്രക്രിയയെ മാതൃകാപരമാക്കിയെന്നാണ്് പൊതുവെ വിവക്ഷ. പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകളാണ് മുഖ്യമായും വികസന മാതൃകകളെന്ന് വിശേഷിക്കപ്പെടാന്‍ തുടങ്ങിയത്. റോഡ് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും പൊതുവെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കപ്പെട്ടുവെന്ന് പറയാം. സ്റ്റേറ്റിന്റെ ഇടപെടലിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയെന്നാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അവകാശവാദം. ഇന്ത്യക്ക് തന്നെ കേരളത്തിന്റെ വികസന പ്രക്രിയ മാതൃകയായെന്നും രാഷ്ട്രീയ ലാക്കോടെ കൊട്ടിഘോഷിക്കപ്പെട്ടു.

കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസമേഖല വികസന മാതൃകയാക്കിത്തീര്‍ക്കുന്നതിന് തിരികൊളുത്തിയത് തങ്ങളാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവകാശവാദത്തെ അതേപ്പടി അംഗീകരിച്ചുകൊടുക്കാവുന്നതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ സാക്ഷരതാ നിരക്ക് ഏറെ മുന്നിലാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിന്റെ വികസന പ്രക്രിയയില്‍ മാതൃകയായിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള ക്രൈസ്തവ മിഷണറിമാരുടെ ആഗമനം വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലായി. ബാസല്‍ മിഷന്റെ ഇടപ്പെടലുകളിലൂടെ തന്നെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് തുടക്കം കുറിച്ചു. പില്‍ക്കാലങ്ങളില്‍ കേരളം ഭരിച്ച നാട്ടു രാജാക്കന്മാരും ജനകീയ സര്‍ക്കാരുകളും ബാസല്‍ മിഷന്‍ തുറന്നിട്ട വിദ്യാഭ്യാസ പുരോഗതിയുടെ പാത തന്നെ പിന്തുടരുകയായിരുന്നു. കേരളത്തില്‍ ഇന്നു കാണുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രൈസ്തവസഭ തുടക്കം കുറിച്ചത്.

ആതുരസേവന രംഗത്തും ശ്രദ്ധേയമായ ഇടപ്പെടല്‍ നടത്തുന്നതില്‍ ക്രൈസ്തവ സഭ പ്രത്യേകം ഊന്നല്‍ നല്‍കി. കേരളത്തില്‍ അങ്ങോളമിങ്ങോളമായി മിഷന്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആതുരസേവന രംഗത്ത് ഇപ്പോഴും ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ശിശുമരണനിരക്ക് തുലോം തുച്ഛമാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍. ആരോഗ്യരംഗത്തെ ഇത്രയും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് സംസ്ഥാന രൂപീകരണാനന്തരം അധികാരത്തിലേറിയ ജനകീയ സര്‍ക്കാരുകള്‍ പ്രത്യേകിച്ചും കമ്മ്യൂണിറ്റ് സര്‍ക്കാരുകളാണെന്ന് അവകാശപ്പെടുന്നതിലെ പൊള്ളത്തരങ്ങള്‍ വിശകലന വിധേയമാക്കപ്പെടാതെ പോയിട്ടുണ്ടെന്നുവേണം പറയാന്‍.

ജനകീയ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ പുതിയ ആതുരാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. അവയെല്ലാം പക്ഷേ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കപ്പെടുന്നതില്‍ ഭരണപരമായ നൂലാമാലകളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകളും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നു. ഇവിടെയാണ് ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് അടിത്തറയായിട്ടുള്ളത് ക്രൈസ്തവ സഭയാണെന്ന് അടിവരയിടുന്നത്. ഈ യാഥാര്‍ത്ഥ്യം പക്ഷേ മുഖവിലക്കെടുക്കാതെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളെ വികസന മാതൃകകളാക്കിയത് തങ്ങള്‍ മാത്രമാണെന്നുള്ള അവകാശവാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നയിക്കുന്നത്. മാറിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളും സമ്മതിക്കുന്നുണ്ട്. എല്ലാ വീഴ്ചകളും പക്ഷേ ആഗോളീകരണ-ഉദാരവത്കരണ നയങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച് തടിതപ്പുവാനുള്ള ഇവരുടെ വ്യഗ്രത ഒരു രാഷ്ട്രീയ കൗതുകമാണുതാനും.

കേരളത്തിന്റെ സ്വയം നിര്‍ണ്ണയാവകാശമുന്നയിച്ച് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി. രാമസ്വാമി അയ്യരുടെ ദീര്‍ഘവീക്ഷണം കേരളത്തിലെ പ്രത്യേകിച്ചും തിരുവിതാംകൂര്‍ മേഖലയിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ റോഡ് വികസനത്തെ/നിര്‍മ്മാണത്തെ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെടുത്തിയെന്നല്ലാതെ കുറ്റമറ്റ രീതിയില്‍ അല്ലെങ്കില്‍ ഗുണമേന്മയോടെ റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്ന് പറഞ്ഞാലത് ആര്‍ക്കും തള്ളിക്കളയാനാവില്ല. റോഡ് നിര്‍മ്മിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമാകുന്നുവെന്നത് ഇന്ന് ഇവിടെ പതിവുകാഴ്ചയാണ്.

കുട്ടനാടന്‍ മേഖലയിലടക്കമുള്ളവരുടെ കുടിവെള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമകലെ! മഴക്കാലത്തുപോലും കുടിവെള്ള ടാങ്ക് ലോറികള്‍ നിരത്തില്‍ നിന്നൊഴിയുന്നില്ല. കുടിവെള്ളപ്രശ്‌നത്തിന് ശ്വാശത പരിഹാരമെന്നതിന് മുഖ്യ തടസ്സം ടാങ്ക് ലോറി ഉടമ ജനപ്രതിനിധിഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ്. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണം, മാലിന്യം കലരാത്ത കുടിവെള്ളം വിതരണം തുടങ്ങിയ അനിവാര്യമായ അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കികൊണ്ടാണ് ജനകീയ സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തെ മാതൃകാവല്ക്കരിക്കേണ്ടിയിരുന്നത്. ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഇവിടെയാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം ഏറെ പ്രസക്തമാകുന്നത്.

അഭിപ്രായങ്ങള്‍
Sebastine Chittilappilly on 22 February 12 at 06:21 AM
Dear Sreeni, This fast will be an epoch and turning point in civil action in Kerala. I was bedridden since we met last. I couln’t meet and salute KV as well. I earnestly pray for health of KV and the City.
Anoop on 20 February 12 at 10:05 PM
മാലിന്യപ്രശ്നം ഒരു കീറാമുട്ടിയുമല്ല, വീടുകളില്‍നിന്നായാലും, സ്ഥാപനങ്ങളില്‍നിന്നായാലും, മനുഷ്യര്‍ ഉപയോഗിച്ചു തള്ളുന്ന സാധനങ്ങളാണ് സാധാരണയായി മാലിന്യം എന്നു പറയുന്നത്. പറഞ്ഞുവന്നത് അവനവന്‍റെ വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കാന്‍ നാം തയ്യാറാകണം. അതിനു പറ്റാത്തവന്‍ കൃത്യമായി കിലോയ്ക്ക് ഇത്ര രൂപ നിരക്കില്‍ പണം കൊടുക്കണം എന്നു വയ്ക്കണം, അതു വരാത്തിടത്തോളം മാലിന്യം സൃഷ്ടിക്കുന്നവന് യാതൊരു കൂസലും ഉണ്ടാകില്ല.ഇത് സംസ്കരിക്കാന്‍ ചിലവുണ്ടെന്നും, അത് കൊടുക്കണമെന്നുമുള്ള ബോധം വന്നാലെ ഈ പ്രശ്നത്തിന് അറുതിവരൂ. ഈ പണം പിരിക്കുന്നവന്‍ അതുകൊണ്ട് വൃത്തിയായി മാലിന്യനിര്‍മ്മാ
Bins Manjooran on 20 February 12 at 10:05 PM
Jai Venujee ! Our politicians must imitate and fight for such a noble cause. Will send you a different story of a female young municipal councillor in Ernakulam District who is going to declare her ward as waste free. She named the waste disposal project as CLEAN 22 GREEN 22 . Only when the authorities show a place to dispose their waste from each houses.Because the food waste and the plastic waste should be separated for easy disposal.Lets start from homes…
Kamal on 20 February 12 at 10:05 PM
Sreeni.. Well written.. So proud to hear such a powerful statement..

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…