ദീർഘകാലമായി നേപ്പാൾ- ഇന്ത്യ പ്രത്യേക സൗഹാർദ്ദം നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അഭിപ്രായപ്പെട്ടു. നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെയുമായി നവംബർ ആറിന് നടത്തിയ കൂടികാഴ്ചയിലായിരുന്നു പ്രധാനമന്ത്രി ഒലിയുടെ ഈ അഭിപ്രായ പ്രകടനമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷമാദ്യം ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒലിയുടെ പരാമർശം. കാലാപാനി മേഖലയെക്കുറിച്ചുള്ള അവകാശ തർക്കമാണ് ഇന്തോ- നേപ്പാൾ ബന്ധത്തിൽ വിള്ളലുകൾ വീഴുന്നുവെന്ന അവസ്ഥക്ക് ഹേതുവായത്.
സമ്പന്നമായ പാരമ്പര്യത്തിൻ്റെ ഭാഗമായി സന്ദർശനത്തിനോടനുബന്ധിച്ച് നേപ്പാൾ ആർമിയുടെ ജനറൽ പദവി നൽകി നരവാനെ ആദരിക്കപ്പെട്ടു. ഇത് ഇടക്കാലത്തുണ്ടായ ഇന്ത്യ- നേപ്പാൾ അസ്വാരസ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സൗഹാർദ്ദത്തിൻ്റെ അന്തരീക്ഷം ഇരു രാഷ്ട്ര ബന്ധത്തിൽ വീണ്ടും ഊഷ്മളമാകുന്നുവെന്നതിൻ്റെ സൂചനയായി.
കലാപാനി- ലിംപിയാദുര- ലിപുലെഖ് മേഖലയാണ് നേപ്പാൾ- ഇന്ത്യ- ചൈനയും (ടിബറ്റ്) തമ്മിലുള്ള തർക്കത്തിന്റെ എല്ലിൻക്കഷ്ണം. 3600 മീറ്റർ ഉയരത്തിൽ കാളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കലാപാനി പ്രദേശം ഇന്ത്യയിലെ ഉത്തരാഖണ്ഡിന്റെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറ് നേപ്പാളിലെ സുദുർപാഷിം പ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ ഈ പ്രദേശം തങ്ങളുടെ ധാർചുല ജില്ലയുടെ ഭാഗമാണെന്ന് നേപ്പാൾ വിശ്വസിക്കുന്നു. ഈ വർഷം തുടക്കത്തിൽ ഉത്തരാഖണ്ഡിനെ ലിപുലെഖുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് ഇന്ത്യ തുറന്നിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യ- നേപ്പാൾ സൗഹാർദ്ദത്തിൽ വിള്ളൽ പ്രത്യക്ഷപ്പെടുന്നതിന് നിദാനമായത്.
മൂന്ന് ദിവസ സന്ദർശന വേളയിൽ നരവാനെ- ഒലി കൂടിക്കാഴ്ച ഇന്തോ- നേപ്പാൾ സൗഹാർദ്ദത്തിൻ്റെ പുത്തൻ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നുവെന്ന ശുഭകരമായ സൂചനയാണ് നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ചീഫ് ഓഫ് ആർമി സ്റ്റാഫ് നരവാനെ നേപ്പാൾ പ്രധാനമന്ത്രിക്ക് കൈമാറി. ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവച്ചു ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് നരവാനെ കാഠ്മണ്ഡു ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി പ്രതിരോധവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഒലിയും നരവാനെയും ചർച്ച ചെയ്തതായി ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തു.
സന്ദർശനത്തിനോടനുബന്ധിച്ച് ശിവപുരിയിലെ നേപ്പാളി ആർമി കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ വിദ്യാർത്ഥി ഉദ്യോഗസ്ഥരെയും ഫാക്കൽറ്റികളെയും നരവാനെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. നരവാനെ ഇന്ത്യൻ എംബസി സന്ദർശിച്ചു. നേപ്പാളിലെ 230000 ഇന്ത്യൻ കരസേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഏഴ് റെജിമെന്റുകളിലായി 30000 ത്തോളം ഗൂർഖകൾ സേവനം ചെയ്യുന്നുണ്ട്.