അഹാഡ്‌സിനെയല്ല ആദിവാസികളെയാണ് പേടി – സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ്

Radhakrishna kurupശിശുമരണ കാരണങ്ങള്‍ അഹാഡ്‌സിന്റെ തലയില്‍ കെട്ടിവച്ച് വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അഹാഡ്‌സിനെയല്ല വികസന പ്രക്രിയയിലുള്ള ആദിവാസി പങ്കാളിത്തത്തെ അട്ടിമറിക്കുകയെന്നതാണ് രാഷ്ട്രീയ നേതൃത്വ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഉന്നമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ്

? അട്ടപ്പാടിയുടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രത്യേക പാക്കേജ് വരുന്നു…..

അതെ, പാക്കേജ് വന്നേക്കാം. അത് പക്ഷേ എങ്ങനെ നടപ്പിലാക്കപ്പെടുമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍  വ്യക്തമാക്കുന്നതേയില്ല. അട്ടപ്പാടിയിലെ തനിയാവര്‍ത്തനമായ കോണ്‍ട്രാക്ടര്‍മാര്‍/ബിനാമികള്‍ വഴിയാണോ നടപ്പിലാക്കുക? ആദിവാസി പങ്കാളിത്തത്തിലധിഷ്ഠിതമായി പ്രവര്‍ത്തിച്ച അഹാഡ്‌സ് അടച്ചുപൂട്ടിയതിന്റെ പിന്നിലൂടെ ഇപ്പറഞ്ഞവരുടെ തിരിച്ചുവരവിന്റെ പാത തന്നെയാണ് ഒരുങ്ങുന്നതെന്നുള്ള സംശയം ശക്തിപ്പെടുന്നുണ്ട്. അഹാഡ്‌സ് രൂപീകരിച്ച ആദിവാസികളുടെ ഊരുവികസന സമിതികളുടെ അഭിപ്രായം ആരായാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. ഇതിന്റെയര്‍ത്ഥം പ്രത്യേക പാക്കേജ് ഇപ്പറഞ്ഞവര്‍ക്കുള്ള ചക്കരക്കുടം മാത്രമായിരിക്കുമെന്നായിരിക്കും.

? അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇപ്പോള്‍ പക്ഷേ, വ്യാപകമായ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നുമുയരുന്നത്…..

അഹാഡ്‌സിനെതിരെ രംഗത്തുവന്നിട്ടുള്ളത് ആദിവാസികളല്ല. അഹാഡ്‌സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആദിവാസികള്‍ ദിവസങ്ങളോളം തെരുവിലിറങ്ങി സമരം ചെയ്തവരാണ്. അവരെങ്ങിനെയാണ് അഹാഡ്‌സിനെ വിമര്‍ശിക്കുക? അഹാഡ്‌സിലൂടെ ആദിവാസിസമൂഹം അട്ടപ്പാടിയുടെ വികസനവഴിയില്‍ വലിയൊരിടം സ്ഥാപിച്ചെടുക്കുമെന്ന് ഇവിടത്തെ രാഷ്ട്രീയക്കാരും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥരും ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അഹാഡ്‌സിനെ ഇല്ലാതാക്കുവാന്‍ ഇവരെല്ലാം കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്.

അഹാഡ്‌സിനെ ഇന്നു വിമര്‍ശിക്കുന്നവരെല്ലാം പ്രത്യേകിച്ചും ഭരണകക്ഷിയിലുള്‍പ്പെട്ടവരെല്ലാം അതിന്റെ ഗവേണിങ്ങ് ബോഡിയില്‍ അംഗങ്ങളായിരുന്നു. എംപിയും എംഎല്‍എയും പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളുമടങ്ങിയതായിരുന്നു ഗവേണിങ്ങ് ബോഡി. അന്നൊന്നും അവര്‍ക്കൊരു വിമര്‍ശനവുമില്ലായിരുന്നു. ഇന്ന് പക്ഷേ വിമര്‍ശിക്കുമ്പോള്‍ അഹാഡ്‌സിന്റെ ഗവേണിങ്ങ് ബോഡിയില്‍ അവര്‍ തന്നെ എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ? ഗവേണിങ്ങ് ബോഡിയെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് അഹാഡ്‌സ് ചെയ്തത്.

? അഹാഡ്‌സിന് വേണ്ടി തീരുമാനങ്ങളെടുത്തവര്‍ തന്നെ അതിനെതിരെ രംഗത്ത് വരാനുണ്ടായ സാഹചര്യമെന്തായിരുന്നു

158 കോടിയുടെ കാര്‍ഷിക പാക്കേജ് അട്ടപ്പാടിയിലേക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ നടത്തിപ്പ് ചുമതല അഹാഡ്‌സിനെ ഏല്പിക്കുമെന്നവസ്ഥയിലാണ് രാഷ്ട്രീയ നേതൃത്വ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് അഹാഡ്‌സിനെതിരെ പടപുറപ്പാടിനിറങ്ങിയത്. ആദിവാസികളുടെ പങ്കാളിത്തത്തില്‍ കാര്‍ഷിക പാക്കേജ് നടപ്പിലാക്കപ്പെടുമ്പോള്‍ ഇപ്പറഞ്ഞ വിഭാഗത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ ഇനിയും നടക്കാതെ വരുമെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഹാഡ്‌സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടത്. ഇപ്പോള്‍ ശിശുമരണ കാരണങ്ങള്‍ കൂടി അഹാഡ്‌സിന്റെ തലയില്‍ കെട്ടിവച്ച് വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ചിരിക്കുകയാണെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ അഹാഡ്‌സിനെയല്ല വികസന പ്രക്രിയയിലുള്ള ആദിവാസി പങ്കാളിത്തത്തെ അട്ടിമറിക്കുകയെന്നതാണ് ഉന്നം.

പിന്നെ, പട്ടിണി മരണങ്ങള്‍ അഹാഡ്‌സിന്റെ തലയില്‍ കെട്ടിവയ്ക്കാനാകില്ല. കാരണം, അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനത്തില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തെ കേരള നിയമസഭയും പ്ലാനിങ്ങ് കമ്മീഷനും പ്ലാനിങ്ങ് ബോര്‍ഡും എന്തിനകം ജപ്പാന്‍ബാങ്ക് തന്നെ അങ്ങേയറ്റം ശ്ലാഘിച്ചിട്ടുള്ളതാണ്. ഇതൊന്നുകാണാന്‍ കൂട്ടാക്കാതെയുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ-ഉദ്യാഗസ്ഥ ലോബിയല്ലാതെ പിന്നെയാരാണ്?

? അഹാഡ്‌സ് പുനഃസ്ഥാപിച്ചുവെന്ന് പറയുന്നയിടങ്ങളില്‍ വ്യാപകമായ വനനശീകരണം നടക്കുന്നുണ്ടെന്ന പരാതിയുണ്ടല്ലോ

219 കോടി രൂപ ചെലവഴിച്ച് പരിസ്ഥിതി പുനഃസ്ഥാപനം നടത്തിയ അട്ടപ്പാടിയില്‍നിന്ന് മരങ്ങളെല്ലാം വെട്ടികടത്തുകയാണ്. വനം നശിപ്പിച്ച് ശിരുവാണി പുഴയെയും ഭവാനിപുഴയെയും വരള്‍ച്ചയുടെ പിടിയിലേക്ക് തള്ളിയിടുന്നതിന് കൂട്ടുനില്‍ക്കുന്നവരാണ് അഹാഡ്‌സിനെതിരെ തിരിഞ്ഞിരിക്കുന്നത്. അഹാഡ്‌സിനെ വിമര്‍ശിക്കുന്നവര്‍ ഇവിടത്തെ ആദിമ ജനതക്ക് അവരുടെ മണ്ണും കുടിവെള്ളവും അധികാരവും തിരിച്ചുനല്‍കുന്നതിനുള്ള സന്മനസ്സാണ് പ്രകടിപ്പിക്കേണ്ടത്.

? അഹാഡ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ചെലവിനത്തില്‍ മൊത്തം തുകയുടെ 50 ശതമാനത്തിലധികം ചെലവഴിക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്

അഹാഡ്‌സ് ഗ്രാമവികസന വകുപ്പിന്റെ ഏജന്‍സിയാണ്. ഭരണചെലവിനത്തില്‍ മൊത്തം പദ്ധതിയിലെ 50 ശതമാനം ചെലവഴിച്ചുവെന്ന് കണക്ക് എവിടെനിന്നും കിട്ടിയെന്നറിയില്ല. പരമാവധി ഭരണചെലവ് കുറവുള്ള പദ്ധതികളേ അംഗീകരിക്കപ്പെടൂ. 50 ശതമാനം ഭരണചിലവ് വരുന്ന പദ്ധതിയ്ക്ക് അനുമതി നല്‍കിയ ഉന്നത ഉദ്യോഗസ്ഥന്മാര്‍ ഭരണചെലവിനെക്കുറിച്ച് ഒട്ടും ധാരണയില്ലാത്ത മണ്ടന്മാരായിരുന്നുവെന്ന് കരുതാന്‍ പ്രയാസം. ഏതെങ്കിലും വിദേശഫണ്ടിങ്ങ് ഏജന്‍സി അധിക ഭരണചെലവ് വരുന്ന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാന്‍ തയ്യാറാകുമോയെന്നുമറിയില്ല.

(അഭിമുഖം നടത്തിയത് 20.05.2013)

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…