നേഴ്‌സുമാരുടെ സമരം: ട്രേഡ് യൂണിയനുകളെ സൂക്ഷിക്കുക

posted by on on 19 January 12 at 02:36 AM

3 out of 5 stars
rate this article

സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരരംഗത്ത്. ദില്ലി, മുബൈ, കല്‍ക്കത്ത നഗരങ്ങളിലെ ആശുപത്രികളില്‍ രൂപംകൊണ്ട പ്രതിഷേധ സമരങ്ങളാണ് കേരളത്തിലെ ആശുപത്രികളിലും അലയടിയ്ക്കാന്‍ ആരംഭിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്നാണ് സമരത്തിന്റെ അലയൊലികള്‍ ആദ്യം ഉയര്‍ന്നത്. കൊല്ലം അസീസി, കൊല്ലം ശങ്കേഴ്‌സ്, തൃശ്ശൂര്‍ എലൈറ്റ് തുടങ്ങിയ ആശുപത്രികളും സമരമുഖരിതമായി. ഇപ്പറഞ്ഞടിത്തെല്ലാം സമരം ചെയ്ത നേഴ്‌സുമാരോട് ആശുപത്രി മാനേജ്‌മെന്റുകള്‍ തീര്‍ത്തും തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. നാമാത്രമായ വേതനത്തിന് 8 മുതല്‍ 15 മണിക്കൂറോളം പണിയെടുക്കുന്ന നേഴ്‌സുമാരെ  ഗുണ്ടകളെ ഉപയോഗിച്ച് തല്ലി ചതക്കുവാനാണ് മാനേജ്‌മെന്റ്   ശ്രമിച്ചത്. അവര്‍ ചെയ്ത പാതകം മറ്റൊന്നുമല്ല അദ്ധ്വാനത്തിനനുസൃതമായി അര്‍ഹമായ ശമ്പളം ആവശ്യപ്പെട്ടുവെന്നതാണ്.

  കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച് വേവലാതിപ്പെടുന്നതില്‍ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ മുന്നിലാണ്. അതേസമയം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടി നേഴ്‌സിങ്ങ് അടക്കമുള്ള ജോലി ചെയ്തുവരുന്നവരുടെ സേവന വേതനവ്യവസ്ഥകളെപ്രതി വേവലാതിപ്പെടാന്‍ ഇവിടത്തെ രാഷ്ട്രീയ/ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരമില്ല. പതിനായിരക്കണക്കിന് നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ ജോലി സ്വപ്നം കണ്ട് നടക്കുന്നു. അത് സാക്ഷാത്ക്കരിയ്ക്കപ്പെടാതെ പോകുമ്പോള്‍ അവര്‍ സ്വകാര്യ സ്ഥാപനങ്ങളിലെത്തിപ്പെടുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 45 ലക്ഷത്തോളം യുവതിയുവാക്കള്‍ ഇവിടെത്തെ കച്ചവട സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. മിനിമം കൂലി ഇവര്‍ക്ക് ലഭിക്കുന്നില്ല. നിയമാനുസൃതമായ തൊഴില്‍ ആനുകൂല്യങ്ങളില്ല. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. അല്ലെങ്കില്‍ മാനേജ്‌മെന്റ് വച്ചുനീട്ടുന്ന കൈക്കൂലിയില്‍ കടമ മറക്കുന്നു.

കേരളത്തിലെ തൊഴിലില്ലാഴ്മക്കെതിരെ കലാപം ചെയ്യുന്നുവെന്ന് സദാ വീരവാദം മുഴക്കുന്ന വിപ്ലവ യുവജന പ്രസ്ഥാനങ്ങളടക്കമുള്ളവര്‍ കേരളത്തില്‍ പെരുപ്പിച്ചുപറയത്തക്ക തൊഴിലില്ലായ്മയില്ലെന്ന് കണ്‍ തുറന്നുകാണണം. തൊഴിലില്ലാഴ്മ പെന്‍ഷന്‍ കൃത്യമായി വാങ്ങിച്ചുനല്‍കാന്‍ ഉശിര് കാണിക്കുന്നവര്‍ ആദ്യം സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നിയമാനുസൃതമായ വേതനവ്യവസഥകള്‍ ഉറപ്പിച്ചു കൊടുക്കുന്നതിലാണ് ശ്രദ്ധ ഊന്നേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ മാന്യമായ സേവന വേതന വ്യവസ്ഥകള്‍ക്ക് അര്‍ഹരാകുന്നുണ്ടോയെന്ന് അന്വേഷണത്തിനാണ് ഇവിടത്തെ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതെന്ന് ചുരുക്കം.

 തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ ഒട്ടും കുറവില്ല. തൊഴിലാളി വര്‍ഗ്ഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ സമര ചരിത്രംപേറുന്നവരെന്നവകാശപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് പക്ഷേ കേരളത്തിലെ പതിനായിരകണക്കിന് വരുന്ന നേഴ്‌സുമാരെയും പീടിക തൊഴിലാളികളെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപിക അനദ്ധ്യാപകരെയും സംഘടിപ്പിക്കാന്‍ താല്പര്യമില്ല. ട്രേഡ് യൂണിയന്‍ നിര്‍വ്വചനത്തില്‍ ഇപ്പറഞ്ഞ തൊഴില്‍ വിഭാഗങ്ങളെ  ഉള്‍പ്പെടുത്തുന്നില്ല.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗ്ഗമല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍പോലെ വ്യക്തം.

നേഴ്‌സുമാരുടെ സമരത്തിലേക്ക് മടങ്ങിവരാം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍(എല്‍എഫ്) ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരത്തിലേറിയതോടെ സമരത്തിന് മതത്തിന്റെ നിറം പകര്‍ന്നു കിട്ടി. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചനയായിട്ടാണ് എല്‍എഫിലെ നേഴ്‌സുമാരുടെ സമരം ചിത്രീകരിക്കപ്പെട്ടത്. കേരളത്തിലെ വിദ്യഭ്യാസ, ആതുര സേവന മേഖലകളില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള പങ്ക് നിക്ഷേധിക്കത്തക്കതല്ല. അതേസമയം ഇവരുടേതടക്കമുളള ആശുപത്രികളിലും സ്കൂളു (അണ്‍എയ്ഡഡ്) കളിലും തൊഴിലെടുക്കുന്ന നേഴ്‌സുമാര്‍ക്കും അദ്ധ്യാപകര്‍ക്കും അദ്ധ്വാനത്തിന് അനുസൃതമായി വേതനം നല്‍കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്താന്‍ ഈ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നത് ചോദ്യം ചെയ്യേണ്ടതല്ലന്നുണ്ടോ?

എല്‍എഫിലെ നേഴ്‌സുമാരുടെ സമരത്തിനെതിരെ സഭാനേതാക്കള്‍ വിശ്വാസികളെ തെരുവിലറക്കുന്നു. സമരത്തെ പിന്തുണയ്ക്കുന്നവരെ അവിശ്വാസികളെന്ന് മുദ്ര കുത്തുന്നു. കേരളത്തിലെ നേഴ്‌സിങ്ങ് ജോലിയിലേര്‍പ്പെടുന്നവരും ബഹുഭൂരിപക്ഷവും തങ്ങളുടെ തന്നെ സന്താനങ്ങളാണെന്ന് സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നേഴ്‌സുമാരുടെ സമരത്തിനെതിരെ തെരുവിലിറങ്ങുന്ന വിശ്വാസികള്‍ മനസ്സിലാക്കാതെ പോകുന്നു. തങ്ങളുടെ തന്നെ സന്താനങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകളെ പിന്തുണയ് ക്കുന്നതിലൂടെസഭാവിശ്വാസികള്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. അവിശ്വാസികളെന്ന് മുദ്രകുത്തപ്പെടാതിരിക്കുന്നതിനും വിശ്വാസിയെന്ന് ഊട്ടിയുറപ്പിക്കപ്പെടുന്ന തിനുമിടയില്‍പ്പെട്ട് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാരുടെ മാതാപിതാക്കള്‍ നട്ടംതിരിയുന്ന കാഴ്ച അതീവ ദയനീയമാണ്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ള വര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ ശുദ്ധ മണ്ടത്തരമാണ്. എന്നാലിപ്പോള്‍ നേഴ്‌സുമാരുടെ അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്ക് കൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകളില്‍ ചിലത് മുന്നോട്ടുവരുന്നത്. ഗമര നേതൃത്വം തൊഴിലാളി ട്രേയ്ഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ‘ഹൈജാക്ക്’ ചെയ്യുന്നത് ഗുണപരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ സൂക്ഷ്മതയോടെ പരിശോധിക്കേ ണ്ടതാണ്. സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.

 

 

 

Related Post