ദേശീയപാത 544: അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

ദേശീയപാത 544: അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ

കെ.കെ ശ്രീനിവാസൻ/KK Sreenivasan

KK Sreenivasan

Ongoing construction sites on NH 544 ( Mannuthy- Vadakkanchery- Walayar stretch) turn out to be the death traps and hub of accidents. The issue has been taken up before the  PMO –  writes Kk Sreenivasan

ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തനവേളയിലും ടോൾ പിരിക്കുന്നത് ന്യായികരിക്കപ്പെടേണ്ടതല്ല. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കപ്പെടുംവരും ടോൾ പിരിവു നിറുത്തിവയ്ക്കുന്നതിനുള്ള അടിയിന്തര നിർദ്ദേശം നൽകണമെന്നാണ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്

ദേശീയപാത 544 – മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആലത്തൂർ, കുഴൽമന്ദം – നിറയെ ഗർത്തങ്ങൾ. വെളിച്ചമില്ല – ഇരുട്ട്. അപായ സൂചനകളുടെ അഭാവം. യാത്രാദുരിതം. അപകട മരണങ്ങൾ പതിവ്.  ടോൾ പിരിവ് പക്ഷേ കോട്ടമില്ലാതെ തുടരുന്നു!

ലൈറ്റിങ്ങില്ലാത്ത മുടിക്കോട് മേല്പാലം നിർമ്മാണ സൈറ്റിൽ ട്രാഫിക്ക് ഡൈവേർഷൻ പോയിൻ്റ്                                      ദേശീയപാത – 544 ലെ നിർമ്മാണ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന യാത്രാദുരിതങ്ങൾക്ക് അറുതിയുണ്ടാക്കുന്നതിൻ്റെ ആവശ്യകതയിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നതിനായ് പ്രധാനമന്ത്രി കാര്യാലയത്തിൽ ഇക്കഴിഞ്ഞ ദിവസം നിവേദനം ( ഇതോടൊപ്പം വയ്ക്കുന്നു) സമർപ്പിച്ചു. ദേശിയപാത – 544 ( മണ്ണുത്തി – വടക്കുഞ്ചേരി – വളയാർ സ്ട്രച്ച്) നിർമ്മാണം ഇനിയും പൂർത്തികരിക്കപ്പെട്ടിട്ടില്ല. ഇതുമൂലം വാഹന ഗതാഗതം സുഗമമല്ല. അതുകൊണ്ടുതന്നെ യാത്ര ക്ലേശകരം. പാലങ്ങൾ, അണ്ടർപാസുകൾ, സർവീസ് റോഡുകൾ എന്നിവയുടെ മന്ദഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിന് പ്രധാന കാരണം.

റോഡു നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തീർത്തിട്ടുള്ള ആഴത്തിലുള്ള കുഴികൾ വൻ വെള്ളക്കെട്ടുകളായിമാറിയിരിക്കുന്നു. ഈയ്യിടങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകളില്ല. അപകടസൂചന ബോർഡുകളില്ല.
പണി നടക്കുന്നയിടങ്ങളിൽ മതിയായ വെളിച്ച സംവിധാനങ്ങളേതുമില്ല. റിഫ്ളക്ടറുകള്‍ സ്ഥാപിച്ചിട്ടില്ല. രാത്രി സമയങ്ങളിൽ ഈ മേഖലയിലെ വാഹന യാത്ര തീർത്തും അപകട യാത്ര! 

മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആലത്തൂർ, കുഴൽമന്ദം, പാലക്കാട് ലുലു ഇംഗ്ഷൻ തുടങ്ങിയങ്ങളിലെ
അടിപ്പാതനിര്‍മാണം മന്ദഗതിയിലാണ്. അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ബദൽ റോഡുകൾ പൊട്ടിപൊളിഞ്ഞവസ്ഥയിലാണ്. ബദൽ റോഡിൻ്റെ ശോചീനായവസ്ഥ സൃഷ്ടിക്കുന്നത് വ്യാപക ഗതാഗതക്കുരുക്ക്. പക്ഷേ പരിഹാരമില്ല.
വരാനിരിക്കുന്ന മൺസൂൺ അടിപ്പാത – സർവ്വീസ് റോഡ് – കൾവെർട്ട് നിർമ്മാണ പോയിൻ്റുകളിലെ ഗതാഗതകുരുക്ക് ഏറെ ഗുരുതരമക്കും. മധ്യവേനൽ അവധിയ്ക്ക ശേഷം വിദ്യാലയങ്ങൾ തുറക്കും. ഗതാഗതകുരുക്ക് വിദ്യാലായ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ കൃത്യസമയത്ത് എത്തിചേരുന്നതിനെ ഗതാഗത കുരുക്ക് ഏറെ ബാധിക്കും. സമയം ഏറെ വിലപ്പെട്ടതെന്നതിനെ തെല്ലുമേ ദേശീയപാത അധികൃതർ വകവയ്ക്കുന്നില്ല. 

ദേശീയപാത ഉദ്യോഗസ്ഥർ ആരുടെ പക്ഷത്ത്

ടോൾ പ്ലാസ ഓപ്പറേറ്ററുടെയും നിർമ്മാണ  കരാർ കമ്പനികളുടെയും പക്ഷംപിടിക്കുകയെന്നതല്ലാതെ പാലക്കാട് ഡിവിഷൻ ദേശീയപാത പ്രോജക്ട്  ഉദ്യോഗസ്ഥർ റോഡിൽ പൊലിയുന്ന ജീവനുകൾ കാണാൻ കണ്ണുതുറക്കുന്നില്ല.  കരാർ കമ്പനികളുടെ  നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരം കൃത്യതയോടെ പാലിക്കപ്പെടുന്നുണ്ടോയെന്നത് തിട്ടപ്പെടുത്തുന്നതിൽ പോലും ദേശീയ പാത പ്രോജക്ട്  ഉദ്യോഗസ്ഥർ ശുഷ്കാന്തി പുലർത്തുന്നതായി കാണുന്നില്ല. ടോൾ പിരിച്ചെടുക്കുന്നതിൽ കൃത്യത പുലർത്തുന്ന ടോൾ കമ്പനി പക്ഷേ ദേശീയ പാതയിലെ സുഗമമായ ഗതാഗതം സൗകര്യമുറപ്പുവരുത്തുന്നതിൽ ഗുരുതരമായ അലംഭാവത്തിലാണ്. ഇതിനെതിരെയാകട്ടെ ദേശീയപാത ഉദ്യോഗസ്ഥർ ചെറുവിരൽ പോലുമെനക്കുന്നില്ല. ടോൾപ്ലാസ ഓപ്പറേറ്ററും നിർമ്മാണ കരാറെടുത്തിരിക്കുന്ന കമ്പനികളും ലാഭമല്ല കൊള്ളലാഭമാണ് ഉന്നംവയ്ക്കുന്നത്.  യാത്രികരുടെ ജീവനുകൾ പൊലിഞ്ഞാലും വേണ്ടില്ല ഇവരുടെ കൊള്ളലാഭമെന്നതിന് ഒത്താശ ചെയ്യുന്നവരാണ് ദേശീയ പാത പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരെന്നവസ്ഥ തിരുത്തപ്പെടുക തന്നെ വേണം.

ദേശീയപാത ഉദ്യോഗസ്ഥർ ടോൾ പ്ലാസ മാനേജ്മെൻ്റിൻ്റെയും കരാർ കമ്പനികളുടെയും പബ്ലിക് റിലേഷൻസ് ഓഫീസർമാരെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ടോൾ പ്ലാസ ഓപ്പറേറ്റർക്കും നിർമ്മാണകരാർ കമ്പനികൾക്കും വേണ്ടി ദേശീയപാതാ നിയമവും കരാർ വ്യവസ്ഥകളും തലനാരിഴ കീറി വ്യാഖ്യാനിക്കുകയെന്നതാണ് ഈ  ദേശീയപാത പ്രോജക്ട് ഉദ്യോഗസ്ഥരുടെ മുഖ്യ ദൗത്യം!  പന്നിയങ്കര ടോൾ പ്ലാസയിൽ തദ്ദേശവാസികൾക്കുള്ള സൗജന്യ യാത്ര പിൻവലിക്കുന്നതിനെതിരെ പ്രോജക്ട് മാനേജറുമായി ഈ ലേഖകൻ  ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചപ്പോഴാണ്  ദേശീയപാത പാലക്കാട് ഡിവിഷൻ ജനപക്ഷത്തല്ലെന്നു് കൃത്യമായും ബോധ്യപ്പെട്ടത്.  

കുറ്റമറ്റ റോഡുസുരക്ഷയെന്നതിൽ ദേശീയ പാത ഉദ്യോഗസ്ഥർ ചെറുവിരൽ പോലുമെന ക്കുന്നില്ലെന്നതിൻ്റെ തിക്തഫലങ്ങൾക്ക് ദിനേന സാക്ഷ്യം വഹിയ്ക്കേണ്ടിവരുന്നു! ഈയ്യിടെ വാണിയമ്പാറ അടിപ്പാത നിർമാണ സൈറ്റിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ. ദേശീയ പാതയിൽ തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ശോചീനയാവസ്ഥ ഇനിയും അപകടങ്ങളുടെ പെരുക്കത്തിനും മരണങ്ങൾക്കും വഴിവയ്ക്കുമെന്നത് കാണാതെ പോകരുത്. റോഡുകളിൽ പൊലിയുന്ന ജീവനുകളുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം കനം വയ്ക്കുകയില്ലെന്നു ഉറപ്പുവരുത്തണം. വാഹന അപകടങ്ങൾ സ്റ്റേറ്റിന് വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യതകൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ദേശീയ പാതയിൽ ഇതിനകം പ്രത്യേകിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് എത്ര അപകട മരണങ്ങളുണ്ടായി? എത്ര പേർക്ക് പരിക്കേറ്റു? ഇതുസംബന്ധിച്ച കൃത്യമായ സ്ഥിതിവിവരകണക്കുകൾ  ദേശീയപാത പാലക്കാട് ഡിവിഷനിലുണ്ടാകും. തീർത്തും കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളുമില്ലാതെയുള്ള ദേശിയപാത നിർമ്മാണ പ്രവർത്തനങ്ങൾ “സമ്മാനി”ക്കുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രീതരുടെ ദുരവസ്ഥ. പരിക്കേറ്റവർക്കു വേണ്ടിവരുന്ന ഭാരിച്ച ചികിത്സാചെലവ്. ഇതുമൂലം കുടുംബങ്ങൾ  നേരിടുന്ന സാമ്പത്തിക പ്രയാസം… ഇത്തരം ദൈന്യതയാർന്ന യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന  ദേശീയ പാത ഉദ്യോഗസ്ഥരുടെ നിലപാട് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.  

ഗതാഗതകുരുക്കുകൾ സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടം പരമാവധി ഒഴിവാക്കപ്പെടുന്നതിൽ പ്രത്യേക ജാഗ്രത അനിവാര്യം. ഗതാഗതകുരുക്ക് വാഹനങ്ങളുടെ ഇന്ധന നഷ്ടത്തിലാണ് കലാശിക്കുന്നത്. ഇത് ഗതാഗാത ചെലവ് വർദ്ധനക്ക് കാരണമാകുന്നു. പാരിസ്ഥിതിക സoന്തുലനാവസ്ഥയെയും ബാധിക്കുന്നു. ടോൾ കൊടുക്കപ്പെടുമ്പോൾ തടസ്സങ്ങളില്ലാത്ത റോഡു സൗകര്യമെന്നത് മുഖ്യം. ഇതു ഉറപ്പാക്കപ്പെടുന്നില്ലെങ്കിൽ ടോൾ കൊടുക്കുന്നതിൻ്റെ ഗുണഫലം വാഹന ഉടമകൾക്ക് ലഭിക്കുകയില്ല.
മാത്രമല്ല വാഹനങ്ങളുടെ ഇന്ധന ചെലവും ഒപ്പം വാഹനത്തിൻ്റെ അറ്റകുറ്റപണികളും അനിയന്ത്രിതമായി വർദ്ധിക്കുകയും ചെയ്യുന്നു.

ടോൾ റോഡിൻ്റെ ആത്യന്തിക ലക്ഷ്യം ടോൾ ഓപ്പറേറ്റർമാർക്കും കരാർ കമ്പനികൾക്കും കൊള്ളലാഭമുണ്ടാക്കികൊടുക്കുകയെന്നതല്ല. അന്യായ ടോൾ കൊടുക്കുന്ന യാത്രികർക്ക് പരമാവധി സുരക്ഷ, സൗകര്യം, തടസ്സങ്ങളേതുമില്ലാതെ  യാത്രാ സമയ ക്ലിപ്തത ഉറപ്പിയ്ക്കൽ തുടങ്ങിയവയാണ് ടോൾ പാതയെന്നതിൻ്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യങ്ങൾ സാധൂകരിക്കുമെന്നുറപ്പുവരുത്തുവാൻ നിയോഗിയ്ക്കപ്പെട്ടവരാണ് ദേശീയ പാത ഉദ്യോഗസ്ഥർ. എന്നാലിവർ ടോൾ പ്ലാസ നടത്തിപ്പുക്കാരുടെ, നിർമ്മാണക്കരാർ കമ്പനിക്കാരുടെ താല്പര്യവാഹക സംഘങ്ങളാകുന്നുവെന്നത് ഖേദകരമാണ്.

ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തന വേളയിലും ടോൾ പിരിക്കുന്നത് ന്യായികരിക്കപ്പെടേണ്ടതല്ല. അടിസ്ഥാന യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കപ്പെടുംവരും ടോൾ പിരിവു നിറുത്തിവയ്ക്കുന്നതിനുള്ള അടിയിന്തര നിർദ്ദേശം നൽകണമെന്നാണ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ചുരുങ്ങിയ പക്ഷം
ടോൾ പകുതിയായി കുറയ്ക്കുക. പന്നിയങ്കര ടോൾ പ്ലാസയിൽ 10 കിലോമീറ്ററിനുള്ളിലെ ജനങ്ങൾക്ക് യാത്രാ സൗജന്യം ഏകപക്ഷീയമായി പിൻവലിക്കപ്പെട്ടത് പുനഃസ്ഥാപിയ്ക്കണമെന്ന ആവശ്യവും നിവേദനത്തിലുന്നയിച്ചിട്ടുണ്ട്. പരിഹാര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

ദേശീയപാത പാലക്കാട് ഡിവിഷൻ പ്രോജക്ട് മാനേജറുടെ മുൻഗണ റോഡുയാത്രികരുടെ സുരക്ഷയായിരിയ്ക്കണം. വരുംദിവസങ്ങളിൽ അടിയന്തരമായി തന്നെ കർശനമായ സുരക്ഷാ – നിർമ്മാണ ഗുണനിലവാര ഓഡിറ്റ് നടത്താൻ – പ്രത്യേകിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് – പ്രോജക്ട്  മാനേജർ തയ്യാറാകണം.  പരിഹാരങ്ങൾ വാക്കുകളിൽ മാത്രം ഒതുക്കരുത്. യാത്രികരുടെ സുരക്ഷയെന്നാണെങ്കിൽ പരിഹാര നിർദ്ദേശങ്ങൾ പഴുതടച്ച് പ്രയോഗവൽക്കരിക്കപ്പെടുമെന്നു ഉറപ്പാക്കണം. ഇതൊരു ദൗത്യമായി പ്രോജ്ക്ട് മാനേജർ ഏറ്റെടുക്കുവാൻ തയ്യാറാകണം. നിവേദനത്തിലുന്നയിച്ചിട്ടുള്ള ആശങ്കകൾക്ക് അടിയന്തര പരിഹാരമാണ് ദേശീയപാത പാലക്കാട് ഡിവിഷൻ പ്രോജക്ട് മാനേജർ  അൻസിൽ ഹസ്സനിൽ നിന്ന് പ്രതിക്ഷിക്കുന്നത്. പതിവു ജനവിരുദ്ധ പ്രതികരണമല്ല. ഗതാഗതത്തിനായ് തുറന്നുകൊടുത്ത് ദിവസങ്ങൾക്കുള്ളിൽ വഴുക്കുംപാറ മേല്പാലത്തിന്  വൻ വിള്ളലുണ്ടായി. ഇതിനു കാരണം പരിസര പ്രദേശത്തെ ജനങ്ങൾ പാലത്തിൻ്റെ ഡിസൈനിൽ ഇടപ്പെട്ടതുകൊണ്ടാണെന്ന് പാർലമെൻ്ററിൽ ഗതാഗത മന്ത്രി ഗഡ്കരിയെക്കൊണ്ട് മറുപടി പറയിപ്പിച്ചവരാണീ ദേശീയപാത പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ !

മേഖലയിലെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണ സമിതികൾ ദേശീയപാതയിലെ സുരക്ഷ ഉറപ്പിയ്ക്കപ്പെടണ മെന്നതിൽ വേണ്ടത്ര ഇടപ്പെടൽ നടത്തുവാൻ തയ്യാറാകുന്നില്ലെന്നത് റോഡുനിർമ്മാണ കരാർ കമ്പനികളെ അലോസരപ്പെടുണ്ടേതില്ലെന്നതുകൊണ്ടാകാം. 

 

Related Post