കെ.കെ.ശ്രീനിവാസന്‍
വിദ്യാഭ്യാസ അവകാശ നിയമം – 2009 പ്രാബല്യത്തില്‍ വന്നിട്ട് മൂന്നുവര്‍ഷം പിന്നിടുന്ന ഈ വേളയില്‍ തൃശൂര്‍ ജില്ലയിലെ താളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍ മാനേജ്‌മെന്റിനെ മുന്‍നിറുത്തി ഒരവലോകനം
കേരള വികസന മാതൃക ഏറെ കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വളര്‍ച്ചയെ കേന്ദ്രീകരിച്ചാണ് കേരള വികസന മാതൃകയെന്ന പ്രചരണം. മാറിയ സാഹചര്യത്തില്‍ പക്ഷേ ഈ വികസന മാതൃകയുടെ മറവില്‍ അരങ്ങേറുന്ന അനഭിലഷണീയ പ്രവണതകള്‍ സമൂഹത്തിനുമേല്‍ ഇടിത്തീയായി മാറുന്നുവെന്നതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ ദിശയിലുള്ള ഉദാഹരണങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ താളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍.
എല്‍.കെ.ജി മുതല്‍ 10-ാം ക്ലാസ് വരെയുള്ളവരാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഈ വിദ്യാലയത്തിലേറെയും കാര്യമാത്രമായ സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളാണ് പഠിക്കുന്നത്. 900ത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്.
വിദ്യാഭ്യാസ കച്ചവടക്കാരുടെ പട്ടികയില്‍ ഈ വിദ്യാലയവും ഇടംപിടിച്ചിരിക്കുന്നുവെന്ന് ശക്തമായ സൂചനയുള്ള ആക്ഷേപം മാതാപിതാക്കള്‍ തന്നെ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അന്യായവും അമിതവുമായ ഫീസ് ഘടനയാണത്രെ ഈ വിദ്യാലയത്തിലേത്. മാസഫീസ്, സ്‌പെഷല്‍, ക്വാര്‍ട്ടര്‍ലി ഫീസ്, വികസന/പി.ടി.എ ഫണ്ട്, ടേംഫീസ്, ലാബ് ഫീസ് , ലൈബ്രറി ഫീസ്… ഇങ്ങനെ പോകുന്നു പണപ്പിരിവുകളുടെ പട്ടിക. വിദ്യാലയ മാനേജ്‌മെന്റിന്റെ സാമൂഹിക നീതിക്ക് നിരക്കാത്ത നിര്‍ബന്ധിത പണപ്പിരിവ് അക്കമിട്ട് നിരത്തിക്കൊണ്ട് ഒരുപറ്റം മാതാപിതാക്കള്‍ തങ്ങളുടെ ആവലാതികള്‍ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി (No. 3821, 05-04-2013) യായി സമര്‍പ്പിച്ചിരിക്കുകയാണ്.
അദ്ധ്യയന വര്‍ഷാരംഭത്തില്‍ യൂണിഫോം, ഷൂ, ടൈ, ടെക്സ്റ്റ്/നോട്ട് ബുക്കുകള്‍ തുടങ്ങിയവയുടെ കച്ചവടക്കാര്‍ കൂടിയാണ് സ്വകാര്യ സ്കൂള്‍ മാനേജുമെന്റുകള്‍, പ്രത്യേകിച്ചും പബ്ലിക് സ്കൂള്‍ മാനേജ്‌മെന്റുകള്‍. പൊതുവിപണിയിലേക്കാള്‍ 100 ശതമാനം കൂടുതല്‍ വിലക്കാണ് പുസ്തകങ്ങളടക്കമുള്ളവയുടെ കച്ചവടം. ഇത്തരം കച്ചവടത്തിലൂടെ മാതാപിതാക്കളുടെ പോക്കറ്റ് കൊള്ളയടിക്കപ്പെടുമ്പോള്‍ തന്നെ മാതാപിതാക്കള്‍ പാപ്പരാക്കപ്പെടുകയാണ്. ജീവന്‍ ജ്യോതി സ്കൂള്‍ മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള കച്ചവടരീതികളും മാതാപിതാക്കള്‍ പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിച്ചിട്ടുള്ള പരാതിയിലിടം പിടിച്ചിട്ടുണ്ട്. സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരം ഓരോ അദ്ധ്യയന വര്‍ഷവും താഴെക്ക് പോയിക്കൊണ്ടിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രാദേശിക സര്‍ക്കാര്‍ ഇപെടല്‍
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് തീരുമാനങ്ങളില്‍ സര്‍ക്കാരിന്് പ്രത്യേകിച്ചും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഇടപെടാനാകുമോയെന്ന സാങ്കേതിക പ്രശ്‌നം ഇവിടെ ഇല്ലാതില്ല. എങ്കില്‍ തന്നെയും പൊതു/സ്വകാര്യ മേഖലകളെന്ന വ്യത്യാസമില്ലാതെ തങ്ങളുടെ അധികാര മേഖലക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹിക നീതിക്ക് നിരക്കാത്ത ചെയ്തികളില്‍ തിരുത്തല്‍ ആവശ്യപ്പെടുവാനുള്ള ആര്‍ജ്ജവം പ്രാദേശിക സര്‍ക്കാരുകള്‍ പ്രകടിപ്പിേക്കണ്ടതുണ്ട്. തീര്‍ച്ചയായുമത് നാട്ടിലെ വിദ്യാഭ്യാസ കച്ചവടക്കാരെ നിലക്ക് നിറുത്തുന്നതിന്റെ ദിശയിലുള്ള വ്യവസ്ഥാപിത ജനകീയ സമ്മര്‍ദ്ദവും ഇടപെടലുമാകുമെന്നത് അവിതര്‍ക്കിതമാണ്. ഇവിടെയാണ്, ജീവന്‍ ജ്യോതി സ്കൂളിന്റെ ഫീസ് ഘടനയിലെ അശാസ്ത്രീയതകളും അനാവശ്യ പണപ്പിരിവുകളും നിരത്തിക്കൊണ്ടുള്ള ഒരു കൂട്ടം മാതാപിതാക്കളുടെ ആവലാതികള്‍ക്ക് അറുതി വരുത്തുന്നതിനായുള്ള പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി തങ്ങളുടെ കെല്പ് പ്രകടിപ്പിക്കേണ്ടത്. ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയിട്ടുള്ള ജനസമ്മതിക്കുള്ള പ്രത്യുപകാരങ്ങളിലൊന്നായിട്ടായിരിക്കും മാതാപിതാക്കളുടെ ആവലാതികള്‍ പരിഹരിക്കുവാനുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടല്‍ പരിഗണിക്കപ്പെടുകയെന്നത് ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. റോഡക്കമുള്ള പൊതുമരാമത്തുപ്പണികള്‍ ഒാടിനടന്ന് കണ്ടുപിടിക്കുന്നു. അവ കരാറുക്കാര്‍ക്ക് തരപ്പെടുത്തിനല്‍കി അതിലൂടെ കമ്മീഷന്‍ പറ്റുക. ഇത് മാ്രതമല്ല പക്ഷേ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ചുക്കാന്‍പ്പിടിക്കുന്നവരുടെ ചുമതലയെന്നറിയണം.
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്ന മാതാപിതാക്കളുടെ പരാതികള്‍ക്ക്, നിങ്ങള്‍ എന്തിനാണ് ഇത്രയൊക്കെ ‘ചൂഷണങ്ങള്‍’ സഹിച്ച് ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിക്കുന്ന ജനപ്രതിനിധികളുണ്ടാകാം. അധികാരികള്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെടുന്ന ആവലാതികള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുവാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതിനുമപ്പുറം ഭരണാധികാരികളില്‍/ജനപ്രതിനിധികളില്‍ നിന്ന് ഇത്തരത്തിലുള്ള മറു ചോദ്യങ്ങളോ മറുപടിയോ ഉയരുന്നുവെന്നാലത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഭൂഷണമായിരിക്കില്ലെന്ന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഓര്‍ക്കുന്നത് നന്ന്. സ്വകാര്യ സ്കൂള്‍ മാനേജ്‌മെന്റ് കല്പിക്കുന്ന ഫീസുകളടക്കമുള്ള അമിതമായ തുക ഒടുക്കുന്നതില്‍ സാമ്പത്തിക ശേഷിയില്ലാത്തവരും പ്രതിഷേധമുള്ളവരുമായ മാതാപിതാക്കള്‍ അവരുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന് പറയാതെ പറയുന്ന ഭരണാധികാരികള്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തെ അപ്പാടെ അംഗീകരിക്കുന്നവരാണെന്ന് തിരിച്ചറിയപ്പെടാതെ പോകില്ലെന്ന് അറിയണം.
പി.ടി.എ മാനേജുമെന്റ് ആജ്ഞാനുവര്‍ത്തികള്‍
ഓരോ വിദ്യാലയത്തിലും പേരന്റ്‌സ് ടീച്ചേഴ്‌സ് അസ്സോസിയേഷനു (പി.ടി.എ) കളുണ്ട്. അവയിലേറിയ കൂറും തന്നെ പ്രത്യേകിച്ചും ജീവന്‍ ജ്യോതിപോലുള്ള സ്വകാര്യ സ്കൂളുകളിലേതടക്കമുള്ള സ്കൂള്‍ മാനേജ്‌മെന്റുകളുടെ ആജ്ഞാനുവര്‍ത്തികളാണെന്നത് ഏറെ പ്രകടമാണ്. സ്കൂള്‍ വികസന ഫണ്ടിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളും ചുരുങ്ങിയത് 1000 രൂപയെങ്കിലും ഒടുക്കണമെന്ന് ജീവന്‍ ജ്യോതി മാനേജ്‌മെന്റ് മാതാപിതാക്കളോട് ആവശ്യപ്പെട്ടതിനെപ്രതിയുള്ള പരാതിയെക്കുറിച്ച് ഈ ലേഖകന്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് ഫോണില്‍ ആരാഞ്ഞപ്പോഴുള്ള മറുപടി ഇങ്ങനെ, ‘അത് ഞങ്ങളുടെ തീരുമാനമല്ല. ഇതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. പി.ടി.എയുടെ തീരുമാനമാണ് ഞാന്‍ നടപ്പിലാക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ പി.ടി.എ പ്രസിഡന്റിനോട് ചോദിച്ചോളൂ’. മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കി പിരിച്ചെടുക്കുന്ന പണമെല്ലാം പി.ടി.എ അംഗങ്ങള്‍ അവരുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന ധ്വനി പ്രിന്‍സിപ്പലിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്ന് വായിച്ചെടുക്കപ്പെട്ടാല്‍ അത് അബദ്ധമായി പോകുമോയെന്നറിയില്ല.
‘പ്രിന്‍സിപ്പല്‍ പറഞ്ഞത് ശരിയാണ്. പി.ടി.എയുടെ തീരുമാന പ്രകാരമാണ് 1000 രൂപ വീതം പിരിക്കുന്നത്. ഈ തുക പി.ടി.എ ഫണ്ടിലേക്കാണ് വരുക. കുട്ടികള്‍ അസംബ്ലിക്ക് നില്‍ക്കുന്നത് വെയിലത്താണ്. ഇതൊഴിവാക്കുന്നതിന് വേണ്ടി ഒരു ഷെഡ് നിര്‍മ്മിക്കണം. ഇതിനായാണ് ഈ ഫണ്ട് പിരിക്കുന്നത്’, ജീവന്‍ ജ്യോതി സ്കൂള്‍ പി.ടി.എ പ്രസിഡന്റും ഡി.വൈ.എഫ്.ഐ സജീവ പ്രവര്‍ത്തകനുമായ റെജി മാത്യു പറഞ്ഞു (ടെലിഫോണ്‍ സംഭാഷണം 17 ഏപ്രില്‍ 2013, സമയം 3.28 പി.എം). സ്കൂളിനെ തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്, പി.ടി.എ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പിന്നെ, ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ ഈ സ്കൂളില്‍ മാത്രമല്ല എല്ലാ സ്വകാര്യ സ്കൂളുകളിലും നടക്കുന്നുണ്ടെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.
മിനിറ്റുകളോളം നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെ എല്ലാ സ്കൂളുകളിലും നടക്കുന്ന പണപ്പിരിവ് ഈ സ്കൂളിലും തുടരാന്‍ പി.ടി.എ പ്രസിഡന്റെന്നനിലയിലും ഉത്തരവാദിത്തപ്പെട്ട യുവജപ്രസ്ഥാനാംഗമെന്നനിലയിലും കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും കൂട്ടുനില്‍ക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുന്നതിന് ഈ ലേഖകന്‍ മറന്നില്ല. അമിതമായ ഫീസുകളടക്കമുള്ളവ മാതാപിതാക്കളില്‍ നിന്ന് വസൂലാക്കുന്നത് വെയിലുകൊള്ളാതെ വിദ്യാര്‍ത്ഥികള്‍ക്ക് അസംബ്ലിക്ക് നില്‍ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഒരുക്കുന്നതിനാണ് വിനിയോഗിക്കപ്പെടേണ്ടത്. അതിന് പകരം പക്ഷേ ഒരു ഷെഡ് നിര്‍മ്മാണത്തിന്റെ പേരിലടക്കം പി.ടി.എയെ മുന്‍നിറുത്തി മാതാപിതാക്കളെ കഷ്ടത്തിലാക്കുന്ന മാനേജ്‌മെന്റിന്റെ അനഭിലഷണീയ പ്രവണതകള്‍ കാണാന്‍ ശ്രമിക്കുന്നില്ലെന്നിടത്ത് പി.ടി.എ മാതാപിതാക്കളുടെ പക്ഷത്തല്ല, മറിച്ച് മാനേജ്‌മെന്റിന്റെ പക്ഷത്താണെന്ന് പറയേണ്ടിവരും.
‘സ്കൂള്‍ മാനേജുമെന്റിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മാതാപിതാക്കളുടെ കുട്ടികളോട് മാനേജ്‌മെന്റ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു. അതുകൊണ്ടൊക്കെയാണ് മാനേജു്‌മെന്റുകള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പൊതുവെ മാതാപിതാക്കള്‍ പിന്തിരിയുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. ഈ നിര്‍ബന്ധിതാവസ്ഥയുടെ തടവിലാക്കപ്പെടുന്നതോടെ പ്രതിഷേധത്തിന്റെയോ വിയോജിപ്പിന്റെയോ സ്വരമുയര്‍ത്താതെ മാനേജ്‌മെന്റുകള്‍ സ്ഥാനത്തും അസ്ഥാനത്തും ആവശ്യപ്പെടുന്ന പണം മാതാപിതാക്കള്‍ നല്‍കിക്കൊണ്ടേയിരിക്കും’, ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍ മാനേജുമെന്റിനെതിരെ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിച്ച പരാതിയില്‍ ഒപ്പിട്ടിരിക്കുന്ന മാതാപിതാക്കളിലൊരാളായ സുനില്‍കുമാര്‍ പറയുന്നു.
പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല
കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയിലെ ആരോഗ്യ മേഖല പോലും വ്യവസായമാണിപ്പോള്‍. ഇതേ ചുവടുപിടിച്ച് വിദ്യാഭ്യാസ മേഖലയും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധങ്ങളും ഒട്ടും കുറവില്ല. അപ്പോള്‍ പോലും സ്വാശ്രയ വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ക്ക് തോന്നുംപോലെ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുവാനും ഫീസ് വസൂലാക്കാനുമാകുന്നില്ല. ഇക്കാര്യത്തിലെല്ലാം തന്നെ സര്‍ക്കാര്‍ ഏറെക്കുറെ സൃഷ്ടിപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതിലുപരി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടലുകളും ചെറുത്തുനില്പുകളും.
ഇവിടെ പക്ഷേ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അമിതമായ ഫീസ് ഘടന, അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക് നല്‍കുന്ന തുഛമായ വേതനം, യോഗ്യതയില്ലാത്തവരെ അദ്ധ്യാപകരായി നിയമിക്കല്‍, അദ്ധ്യാപകരില്‍ നിന്ന് ഡിപ്പോസിറ്റ് വാങ്ങിവെക്കല്‍, ഗുണനിലവാരമില്ലാത്ത അദ്ധ്യാപനം തുടങ്ങിയ അതീവ ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിയുന്നില്ല. വിദ്യാര്‍ത്ഥി സംഘടനകളാകട്ടെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഇത്തരം കൊള്ളകള്‍ കണ്ടതായി ഭാവിക്കുന്നതേയില്ല. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ ഫീസ് ഘടനയടക്കമുള്ളവ നിയന്ത്രിക്കപ്പെടുമ്പോള്‍ തന്നെ സ്ഥാപനങ്ങളുടെ പഠന നിലവാര തകര്‍ച്ചയില്‍ ജൂഡീഷ്യറിയും ഇടപെടുന്നു. അതേസമയം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജ്‌മെന്റുകളുടെ അമിതമായ ഫീസ് ഘടനക്കും പഠന നിലവാരത്തകര്‍ച്ചക്കുമെതിരെ വേണ്ടത്ര ഇടപെടലുകള്‍ ജുഡീഷ്യറിയുടേതടക്കമുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നത് ഖേദകരമാണ്.
വിദ്യാഭ്യാസ ഗുണനിലവാരം
ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസമാണ് വലിയൊരു പറ്റം സ്വകാര്യ സ്കൂളുകള്‍ പ്രദാനം ചെയ്യുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ യോഗ്യതയും കഴിവുമുള്ള അദ്ധ്യാപകര്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള അദ്ധ്യാപകര്‍ പക്ഷേ ജീവന്‍ ജ്യോതിയടക്കമുള്ള ഒട്ടുമിക്ക സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലുമില്ലെന്ന പരാതികള്‍ വ്യാപകമാണ്. ഇത്തരം പരാതികളുടെ നിജസ്ഥിതി അറിയാന്‍ ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ നോട്ടുബുക്കുകള്‍ തുറന്നുനോക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഇംഗ്ലീഷ് ഭാഷയിലേതടക്കമുള്ള പരിതാപകരമായ അവസ്ഥ കുട്ടികള്‍ക്ക് ഇവര്‍ നല്‍കുന്ന നോട്ടുകളില്‍ നിന്ന് വ്യക്തമാകും.
അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളമാകട്ടെ തുലോം തുഛം. തുഛമായ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നവരിലേറെയും അദ്ധ്യാപന ശേഷിയുളളവരാണെന്നുറപ്പിച്ച് പറയാനാകില്ല. യോഗ്യതയോടൊപ്പം അദ്ധ്യാപന ശേഷിയുളള അദ്ധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് മാന്യമായ ശമ്പളം നല്‍കണം. അതിന് പക്ഷേ മാനേജ്‌മെന്റുകള്‍ തയ്യാറേയല്ല. തുഛമായ ശമ്പളത്തില്‍ അദ്ധ്യാപന ശേഷിയില്ലാത്തവര്‍ നിയമിക്കപ്പെടുമ്പോള്‍ അത് വിദ്യാഭ്യാസ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്നുതു നൂറുതരം. ഇത്തരത്തില്‍ ഒട്ടും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്നത്തിന് ചുക്കാന്‍പ്പിടിക്കുന്നവരാണ് മാതാപിതാക്കളുടെ പോക്കറ്റില്‍ മാത്രം ലക്ഷ്യംവെയ്ക്കുന്ന വലിയൊരു വിഭാഗം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജ്‌മെന്റുകളന്നെ് പറയാതെ വയ്യ.
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പാഠ്യ പദ്ധതിയില്‍ മാതൃഭാഷ നിര്‍ബന്ധമാക്കണമെന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ സി.ബി.എസ്.ഇ ചെയര്‍മാനെ സമീപിച്ചിരിക്കുകയാണ്, കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍. ഇവരുടെ സ്കൂളുകളിലെ അദ്ധ്യാപനത്തിലെ ഗുണനിലവാരമില്ലായ്മ മൂലം നേരെ ചൊവ്വെ ഇംഗ്ലീഷുമറിയില്ല, മാതൃഭാഷയുമറിയില്ല വിദ്യാര്‍ത്ഥികള്‍ക്ക്. ഈ വസ്തുത തിരിച്ചറിയാന്‍ കൂട്ടാക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ് മാതൃഭാഷക്കെതിരെ പടപ്പുറപ്പാടിനറങ്ങിതിരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് മാതൃഭാഷ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നയം. ഇതേ നയത്തിന്റെ പിന്‍ബലത്തില്‍ തന്നെ സ്വകാര്യ വിദ്യാഭ്യാസ മേഖല ലാഭത്തില്‍ നിന്ന് കൊള്ള ലാഭത്തിലേക്ക് അതിവേഗം ചേക്കേറുന്നത് തടയുവാനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരും പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളും തയ്യാറാകന്നുണ്ടോയെന്നതാണ് മുഖ്യം.
വിദ്യാഭ്യാസ അവകാശ നിയമം
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ചരിത്രപരമായ ചുവടുവെയ്പകളിലൊന്നായ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍.ടി.ഇ ആക്ട്-2009) 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് അനുശാസിക്കുന്നു. 2010 ഏപ്രില്‍ 10 ന് നിലവില്‍ വന്ന ഈ നിയമം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കുട്ടികളുടെ താമസസ്ഥലത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള പൊതു/സ്വകാര്യമെന്ന് വ്യത്യാസമില്ലാതെത്തന്നെ സ്കൂളുകള്‍ ബാധ്യസ്ഥരാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരും ദുര്‍ബ്ബല വിഭാഗത്തിലുള്‍പ്പെട്ടവരുമായ കുട്ടികള്‍ക്ക് മൊത്തം സീറ്റിന്റെ 25 ശതമാനം വരെ പ്രവേശനം നല്‍കണ്ടേതുണ്ട്, സ്വകാര്യ സ്കൂളുകള്‍. ഈ ക്വാട്ടയിലെ സീറ്റുകളിലെല്ലാം തന്നെ നിര്‍ബന്ധമായും പ്രവേശനം നല്‍കണം. ഈ സീറ്റുകളില്‍ ഒഴിവുകളില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരക്കാരുടെ വിദ്യാഭ്യാസ ചെലവുകള്‍ സബ്‌സീഡിയായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ സ്കൂള്‍ മാനേജു്‌മെന്റുകള്‍ക്ക് കൈമാറും. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചെലവായിരിക്കും സ്വകാര്യ സ്കൂളുകള്‍ക്കുള്ള സബ്‌സീഡി തുകയുടെ മാനദണ്ഡം. മുന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂള്‍ മാനേജു്‌മെന്റുകളും നിയമം അനുസരിച്ചുള്ള വ്യവസ്ഥകളെല്ലാം പാലിക്കണം. ഈ 2013 ഏപ്രിലോടെ മുന്നുവര്‍ഷ സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇതിനുള്ളില്‍ എല്ലാ സ്വകാര്യ സ്കൂളുകളും സര്‍ക്കാര്‍ അംഗീകാരം തേടേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂള്‍ മാനേജുമെന്റുകള്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുന്നു. സമയപരിധി കഴിഞ്ഞിട്ടും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകള്‍ ഒരു ലക്ഷം രൂപ പിഴ കൂടാതെ ദിനം പ്രതി 10,000 രൂപ ഒടുക്കണമൈന്നും നിയമം അനുശാസിക്കുന്നു. .
വിദ്യാഭ്യാസ നിയമം പ്രകാരം അദ്ധ്യാപകരുടെ യോഗ്യതയും പരിശീലനവും അക്കാദമിക്ക് അഥോറിറ്റിയുടെ മാര്‍ഗ്ഗരേഖക്ക് വിധേയമാണ്. ഈ മാര്‍ഗ്ഗരേഖക്ക് അനുസൃതമായി അദ്ധ്യാപകരുടെ നിലവാരമുറപ്പുവരുത്തേണ്ടതുണ്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിനെ (NCPCR – National Commission for Protection of Child Rights) നെയാണ് ഈ ചരിത്രപരമായ നിയമം നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളുമാകട്ടെ ഈ നിയമം വീഴ്ച കൂടാതെ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥരാണ്.
വിദ്യാഭ്യാസ അവകാശമെന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരമുള്ള മൗലികാവകാശമായി മാറിയിരിക്കുകയാണ്. ഈ നിയമത്തിലൂടെ ഭരണഘടനയുടെ 45-ാം വകുപ്പിന് (Directive Principles of the State Policy) പുതുശക്തിയാര്‍ജ്ജിച്ചിരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയം. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന് മൂന്നു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ വിദ്യാഭ്യാസ മേഖലയെ ലാഭത്തില്‍ നിന്ന് കൊള്ള ലാഭത്തിലേക്ക് കൊണ്ടുപോകുന്ന ജീവന്‍ ജ്യോതി പബ്ലിക് സ്കൂള്‍ മാനേജ്‌മെന്റിന്റേതടക്കമുള്ള സ്വകാര്യ സ്കൂള്‍ മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ച് തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുവാനും അതല്ലെങ്കില്‍ നിയന്ത്രിക്കുവാനും ഭരണം കയ്യാളുന്നവര്‍ മടികാണിക്കുകയേ അരുത്.
മാനേജ്‌മെന്റ് അസ്സോസിയേഷന്‍
സി.ബി.എസ്.ഇ റീജിയണല്‍-സംസ്ഥാന കലാകായിക മേളകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ മാത്രമായി പിരിച്ചെടുക്കുന്നു. ഓരോ റീജിയണല്‍-സംസ്ഥാനതല കലാ-കായിക മേളകള്‍ കഴിയുമ്പോള്‍ ലക്ഷങ്ങളാണ് ഈ അസ്സോസിയേഷന്റെ ഫണ്ടിലെത്തുന്നത്. വന്‍ തുക ചെലവഴിച്ച് മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് അസ്സോസിയേഷന്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കാകെട്ട ഒരു വിലയുമില്ലെന്നത് മറ്റൊരു വസ്തുത.
കേരളത്തിലെ സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 80 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഇത്രയും തുക നല്‍കാനുള്ള ശേഷി ആര്‍ജ്ജിച്ചതിനു പിന്നില്‍ ജീവന്‍ ജ്യോതി സ്കൂളിലേതടക്കം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ വിയര്‍പ്പിന്റെ മണമുണ്ടാകും. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ സാമ്പത്തിക ശേഷിയുള്ളവരുടെ മക്കളെക്കാള്‍ കൂടുതല്‍ സാമ്പത്തിക ശേഷിയില്ലാത്തവരുടെ മക്കളാണെന്ന വസ്തുത അറിയുന്നിടത്താണ് മുഖ്യമന്ത്രിക്ക് സി.ബി.എസ്.ഇ സ്കൂള്‍ മാനേജുമെന്റ് അസ്സോസിയേഷന്‍ നല്‍കിയ തുകയില്‍ പുരണ്ടിരിക്കുന്ന വിയര്‍പ്പിന് ഉപ്പുരസമേറുന്നത്.
സാമ്പത്തിക ശേഷിയില്ലാത്തതടക്കമുള്ള കാരണങ്ങളാല്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഈ തലമുറയിലെ മാതാപിതാക്കളുടെ ആഗ്രഹം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളക്കുന്നത് ഇപ്പോള്‍ പൊതുവെ ഗ്രാമീണ മേഖലയിലാണ്. ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെല്ലാവരും തന്നെ സാമ്പത്തിക ഭദ്രതയുള്ളവരായിരിക്കണമെന്നില്ല. എന്നിട്ടും ഇപ്പറഞ്ഞ വലിയ വിഭാഗത്തിന്റെ മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നു. അവര്‍ക്കതിന് പക്ഷേ വന്‍ വില നല്‍കേണ്ടിവരുന്നു! വിദ്യാര്‍ത്ഥികളുടെ ചെലവില്‍ തടിച്ചുകൊഴുക്കുന്ന അസ്സോസിയേഷന്‍ ദുരിതാശ്വാസഫണ്ട് തുടങ്ങിയവ വച്ചുനീട്ടി ഭരണകര്‍ത്താക്കളെ കയ്യിലെടുക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ വിദ്യാഭ്യാസ അവകാശ നിയമമെന്നല്ല മറ്റെന്ത് നിയമങ്ങള്‍ കാറ്റില്‍പറത്തിയാലും കേരളത്തിലെ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂള്‍ മാനേജുമെന്റുകള്‍ അവരുടെ ചെയ്തികള്‍ തുടരുക തന്നെ ചെയ്യുമെന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.
സ്വകാര്യ സ്കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രാരംഭഘട്ടത്തില്‍ മൂലധനച്ചെലവുകളുണ്ടെന്നത് വസ്തുതയാണ്. മൂലധന നിക്ഷേപങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കുക സ്വാഭാവികം. ലാഭമുണ്ടാക്കുകയെന്നത് സംരംഭത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും അനിവാര്യവുമാണ്. വിദ്യാഭ്യാസ മേഖലയെ പക്ഷേ ഏതൊരു മേഖലയെന്നപോലെ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിച്ച് ലാഭ (profit) ത്തില്‍ നിന്ന് കൊള്ളലാഭ (profiteering) ത്തിലേക്ക് നയിക്കുന്നത് ഒട്ടും തന്നെ അഭിലഷണീയമല്ല. മാതാപിതാക്കളുടെ പോക്കറ്റ് ചോര്‍ത്തിയെടുത്തുള്ള വിദ്യാഭ്യാസക്കച്ചവടത്തില്‍ നിന്ന് സ്വകാര്യ ഇംഗ്ലീഷ് മീഡിയം മാനേജ്‌മെന്റുകള്‍ പിന്മാറണം. ഇതിലൂടെ മാത്രമേ പുത്തന്‍ തലമുറയെ വാര്‍ത്തെടുത്ത് നവ സാമൂഹിക നിര്‍മ്മിതയിലുള്ള തങ്ങളുടെ സൃഷ്ടിപരമായ പങ്ക് താളിക്കോട് ജീവന്‍ ജ്യോതി സ്കൂള്‍ മാനേജ്‌മെന്റടക്കമുള്ളര്‍വക്ക് രേഖപ്പെടുത്തപ്പെടുത്താനാകൂ.
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ അവയെ നിയന്ത്രിക്കുവാനുള്ള അധികാരം പ്രയോഗിക്കുവാനുളള ആര്‍ജ്ജവം പ്രകടിപ്പിക്കുവാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ/ഭൂരിപക്ഷ പ്രീണനത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്; മൗലീകമായി ജനങ്ങളുടെ ആവലാതികള്‍ക്കാണ്.
super
janangal orikalum prathikarikuvan thayaralla prathikarikunna yuvajana prasthanangale ennum ottapeduthukaye ullu
Few things first
1. If private schools are exploiting everyone, Why does each parent want to be exploited?. Why not put the children in a good , proper high standard Govt. School?
What about aided schools, We know for sure most “aided” schools are the biggest business, There is even the rumor of Managements appointing teachers after taking lakhs of rupees as bribes.
Also we also know first hand , what happened, when Cochin Devaswom Board appointed college teachers without taking bribes and purely on qualification and merit, Did those teachers, all of whom has very high qualifications, get salaries after having two years of service?, So before blaming private schools who does not in any way leach public money, Why not just take a good look at the “AIDED” business first ?, It consumes public money
Self-financing schools and colleges do depend on contributions from parents and students to run the institutions, If you don’t like it, Just leave them alone, I will never sent my kid to a Govt. school or aided school, I really do not have any problem paying the fees, even if I have to take a loan for that. At least private schools will take care of your child.
What about Govt/aided schools, What is the guarantee that your child will come back in one piece from these institutions?. Also much more so when your kid grows up and go to college, I dont have too many children to sacrifice for politics and union fights, I will never want my kids to go to a Govt/aided institution for exactly the same reason. Hope you understand the outlook of a parent. Money can be made, Lives cannot !!
ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.
ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.
ഇംഗ്ലീഷ് ഭാഷാപഠനം- ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാന്‍ ,തെറ്റുകൂടാതെ എഴുതാന്‍ വായിക്കാന്‍ പഠിക്കുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത് .അതായതു ഇംഗ്ലീഷ് ഭാഷയില്‍ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വായിച്ചു മനസിലാക്കാന്‍ കഴിയുക .ലളിതമായി പറയാന്‍ കഴിയുക .ആശയം മനസിലാക്കി ഇംഗ്ലീഷില്‍ തന്നെ എഴുതാന്‍ കഴിയുക .ചുരുക്കി പറഞ്ഞാല്‍ ആശയം ഗ്രഹിക്കുക എന്നത് മാത്രമാണ് .
ഇംഗീഷ് മാധ്യമ വിദ്യാഭ്യാസം:- ഇംഗ്ലീഷ് ഭാഷ ഒരു പഠന മാധ്യമമായി ഉള്ള പഠനം .ഇവിടെ എല്ലാ ഭാഷയിതര -ശാസ്ത്ര -മാനവിക വിഷയങ്ങളും ഇംഗ്ലീഷ് ഭാഷയിലൂടെ പഠിക്കുന്നു .പഠനവും പരീക്ഷയും മൂല്യനിര്‍ണ്ണയവും എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ .
ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സംസ്കാരത്തെയും ഭാഷയെയും നശിപ്പിക്കുന്നു.പത്താം ക്ലാസ്സിലേക്ക് ജയിക്കും എന്നുറപ്പുള്ളവരെ മാത്രം കടത്തിവിടുകയും മറ്റുള്ളവരെ തോല്പ്പിക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധ പൂര്‍വ്വം TC നല്‍കി പറഞ്ഞയക്കുകയോ ചെയ്യുകയാണ് കേരളത്തിലെ ഭൂരിഭാഗം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലും . എന്നിട്ട് 100 % വിജയം എന്നാ മിഥ്യ സൃഷ്ടി . ആരു എന്ന് നോക്കാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം കൊടുക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുമായിട്ടാണ് ഇവിടെ വിജയ ശതമാനം താരതമ്യം ചെയ്യപ്പെടുന്നത്.
ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നത് ഒരു കച്ചവടമാണ് .കച്ചവടം നടത്തുമ്പോള്‍ കൊള്ള ലാഭം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ കുട്ടികളുടെ ഭാവി ഇത്തരം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധികാരികള്‍ നോക്കാറില്ല എന്നതാണ് വസ്തുത .
നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്.
ഇന്ത്യയിലെ ജനതകളുടെ സര്‍ഗ്ഗശേഷി നശിപ്പിക്കുന്ന ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം ഒഴിവാക്കുക.
പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക !
ഇംഗ്ലീഷ് മീഡിയം നിരോധിക്കുക.എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
malayalatthanima.blogspot.in
ഭാഗ്യം കുട്ടിയെ ICSE സ്കൂളില്‍ ചേര്‍ക്കാന്‍ തോന്നിയത്, Norway, sweden തുടങിയ രാജ്യങ്ങളില്‍ പഠിച്ച എത്ര പേരാണ് ലോകത്തില്‍ ഒരു തൊഴിലുനുവേണ്ടി അലയുന്നതും, ഇരക്കുന്നതും എന്നുകൂടി ഒരു ഗവേഷണം നടത്തിയാല്‍ നന്നായിരുന്നു,
മലയാളം മാത്രം പഠിച്ചിട്ട് കൊടിപിടിക്കാനും, കൂലിത്തല്ലിനും മാത്രമായി കുട്ടികളെ വളര്‍ത്താന്‍ തയ്യാറില്ലാത്തതുകൊണ്ടാണ് രക്ഷിതാക്കള്‍ ഇംഗ്ലീഷു പഠിപ്പിക്കുന്നത്. എല്ലാവര്‍ക്കും കേരളത്തില്‍ മന്ത്രിയാകാന്‍ ഒഴിവില്ലല്ലോ, വേറൊരു പണിയും കിട്ടാനുമില്ല.