തീരം തേടി പോയവര്‍

posted by ജിഎച്ച്എസ്എസ്  on 21 July 11 at 04:43 AM

പണ്ട് ഭൂമിയില്‍ വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നല്‍കിയ ദൈവം നല്ലവനായ നോഹയെയും

അവന്റെ സന്തതി പരമ്പരയ്ക്കായി ഭാര്യയെയുംലോകത്തിലെ
മൊത്തം ഒരു ജോഡി ജന്തുക്കളെയും, സസ്യങ്ങളെയും ഒരു വലിയ കപ്പലിലാക്കി വെള്ളപ്പൊക്കം
കഴിയുന്നതുവരെ സംരക്ഷിച്ച കഥ ഉണ്ണക്കുട്ടനറിയില്ല.
അതിനും വളരെ പണ്ട് നീതീമാനായ ഒരു രാജാവിനെ മത്സ്യാവതാരത്തില്‍ വന്നു
വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച കഥ ഉണ്ണിക്കുട്ടനറിയില്ല.
വലിയൊരു മഴ പെയ്യുമ്പോള്‍ റോഡിന്റെ ഇരുവശത്തെയും വെള്ളച്ചാലുകള്‍ നിറഞ്ഞ്
ഒരാള്‍പൊക്കത്തില്‍ കയറുകയും അത് അഞ്ചര സെന്റ് സ്ഥലത്ത്-
വീര്‍പ്പുമുട്ടി നില്‍ക്കുന്ന രണ്ടുനിലവീട്ടിലേക്ക് തള്ളിക്കയറി വരുന്നതാണ് ഉണ്ണിക്കുട്ടന്
വെള്ളപ്പൊക്കം.
          ഇന്ന് പെയ്ത കനത്ത മഴയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ട് ചാനല്‍
മാറ്റിക്കളിക്കുന്ന അച്ഛന് നാളെയും അവധി ഉണ്ടോ എന്നറിയാനാണു
തിടുക്കം. ആറുമണി സീരിയില്‍ നഷ്ടപ്പെട്ട മുഖകനത്തോടെ അമ്മയും മുത്തശ്ശിയും
ജീവിതത്തിലാദ്യമായി ഒന്നിച്ച് വിഷമിച്ചിരിക്കുമ്പോള്‍ഉണ്ണിക്കുട്ടന് അറിയേണ്ടത് നാളെ
 സ്കൂളുണ്ടോ എന്നു തന്നെയാണ്
          ഉമ്മറത്തേക്കിറങ്ങി പെയ്തവസാനിക്കുന്ന മഴയോട്  ഇനിയും, ഇനിയും എന്ന്
വലിയ വായില്‍ ആവര്‍ത്തിച്ചുകൊണ്ട് ഉണ്ണിക്കുട്ടന്‍ മഴവെള്ളത്തില്‍
കടലാസുതോണിയിട്ടുകൊണ്ട്, അതിന്റെ പോക്കുംനോക്കിക്കൊണ്ടിരുന്നു.
          അകത്ത് ഒരു കൊമേഴ്സ്യല്‍ ബ്രേക്കിന്റെ ആലസ്യത്തിലിരിക്കുന്ന അച്ഛന്റെ
കൈയ്യില്‍ നിന്നും റിമോര്‍ട്ട് തട്ടിയെടുത്ത അമ്മ
പുരാണസീരിയലിലേക്കു തിരിഞ്ഞ് മത്സ്യാവതാരമായോ എന്ന ആകാംക്ഷയോടെ ആ
ചാനലിലെയും കൊമേഴ്സ്യല്‍ ബ്രേക്ക് കഴിയുവാനായി കാത്തിരിക്കുന്നു.
ഉണ്ണിക്കുട്ടനിലേക്ക്……
          അവന്‍ ഒഴുക്കിയ ചെറിയ കടലാസു വഞ്ചികള്‍ ദൈവത്തിന്റെ കപ്പലുകളോ മറ്റോ
ആയിരുന്നില്ല.മറിച്ച് ഹാരിപോട്ടറും ബെല്‍ട്ടണും മറ്റും നയിക്കുന്ന
അസാമാന്യ അത്യാധുനിക അന്തര്‍വാഹിനികളായിരുന്നു. ആ കപ്പലുകളെല്ലാം മുങ്ങിയപ്പോള്‍
ഉണ്ണിക്കുട്ടന്‍ പുതിയൊരെണ്ണം ഉണ്ടാക്കി വെള്ളത്തിലേക്കിട്ടു.
അതിന്റെകപ്പിത്താന്‍ അവന്‍ തന്നെയായിരുന്നു.
           ശത്രുക്കളുടെ വരവിനനുസരിച്ച് കപ്പല്‍ മുങ്ങുകയും താഴുകയും ചെയ്തപ്പോള്‍ ,
ഹാരിപോട്ടറെയും ബെല്‍ട്ടണെയും രക്ഷിക്കാനുള്ള ഭാരിച്ച
ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഉണ്ണിക്കുട്ടന്‍ എന്ന ധീരനായ കപ്പിത്താന്‍ തന്റെ ജൈത്രയാത്ര
തുടങ്ങി.  കപ്പലിന്റെ വഴിയില്‍ തടസമായി നില്‍ക്കുന്ന
മാക്രികളെയും , ചെറുകല്ലുകളെയും തന്റെ മാന്ത്രിക ദണ്ഡുകൊണ്ട് വകവരുത്തി ഉണ്ണിക്കുട്ടന്‍
ജൈത്രയാത്ര തുടരുന്നു…….
           വീണ്ടും കനം പിടിച്ച മഴ കപ്പലിനെ മുക്കുന്ന സ്ഥിതിയായപ്പോള്‍ ഉമ്മറത്തേക്ക്
കയറുന്ന വെള്ളത്തെക്കുറിച്ചോര്‍ക്കാതെ ഉണ്ണിക്കുട്ടന്‍ കടലിലേക്ക്
എടുത്തുചാടുകയും തന്റെ കപ്പലിനെ ഇരുകാലുകൊണ്ട് മാറിമാറി സംരക്ഷിക്കുകയും ചെയ്തു.
കപ്പലടുക്കുന്ന തീരത്തുനിന്നും കണ്ടെടുക്കാവുന്ന നിധികളെയും
മറ്റും എങ്ങനെ കപ്പലില്‍ കയറ്റി തിരികെ നാട്ടിലെത്തിക്കാം എന്ന ചിന്ത മാത്രമായിരുന്നു
ഉണ്ണിക്കുട്ടന്റെ മനസിലപ്പോള്‍ അവന്‍ പതുക്കെ ഹാരിപോട്ടറെയും
ബെല്‍ട്ടണെയും മറന്നു.നിധികൈക്കലാക്കുമ്പോള്‍ അവര്‍ തടസം  നിന്നാലോ? അതിന്റെ പങ്ക്
അവര്‍ക്കും കൊടുക്കേണ്ടി വരില്ലേ?
           ഇതെല്ലാ മാണിപ്പോള്‍ ഉണ്ണിക്കുട്ടന്റെ ചിന്ത അങ്ങനെയാണെങ്കില്‍ അവരെ
നേരിടാന്‍  ‘s’  ആക്യതിയിലുള്ള ഒരു കത്തിസൂക്ഷിച്ചിട്ടുണ്ട്.
ആ കത്തി മാത്രം പോരാ , തോക്കുകളും ബോംബുകളും സംഘടിപ്പിക്കണം. അല്ലെങ്കില്‍ കുറച്ച്
കൊട്ടേഷന്‍ പാര്‍ട്ടികളെ കൂട്ടുപിടിച്ചാലോ? വേണ്ട,
അത് പിന്നീട് പാരയാകും കാലിനു താഴെ കനം വെച്ചു വരുന്ന ഉണ്ണിക്കുട്ടന് പേടിക്കേണ്ട അവന്‍
കപ്പിത്താനാണ് . ഗെയ്റ്റു കടന്ന് താഴെ
ആഴക്കടലിലേക്ക് മുങ്ങിയ കപ്പലിനെ രക്ഷിക്കാനുള്ള മാന്ത്രിക ദണ്ഡും നഷ്ടപ്പെട്ടപ്പോള്‍ ഉണ്ണിക്കുട്ടന്‍
സ്വയം അതിലേക്കെടുത്തു ചാടി.
ഒരു കൈകൊണ്ട് തന്റെ കപ്പലിനെ രക്ഷിച്ച ഉണ്ണിക്കുട്ടന്‍ മറ്റേ കൈകൊണ്ട് നീര്‍ക്കോലികളെയും
മാക്രികളെയും ശരിപ്പെടുത്തേണ്ടിവന്നു.
 അപ്പോള്‍ മാത്രമാണ് നിധിയുടെ പങ്ക് ബെല്‍ട്ടണും ഹാരിപോട്ടര്‍ക്കും കൊടുക്കാമായിരുന്നു എന്ന്
ഉണ്ണിക്കുട്ടന്‍ ചിന്തിച്ചത്. ഉണ്ണീക്കുട്ടനും
കപ്പലും അടിഞ്ഞ തീരം…….
    മത്സ്യാവതാരം രാജാവിനെ രക്ഷിച്ച സന്തോഷത്തേക്കാളേറെ ചാനലുകള്‍ വലിച്ചു
നീട്ടാതെ ഈ എപ്പിസോഡില്‍തന്നെ തീര്‍ത്തു.
എന്ന ആശ്വാസത്തോടെ റിമോര്‍ട്ട് അച്ഛനു കൈമാറിയ അമ്മ നാളത്തെ അവധിയുടെ ഫ്ലാഷ്
ന്യുസിനായി കാത്തിരുന്നു.
ആ ന്യുസിനോടൊപ്പം വെളളച്ചാലില്‍പെട്ട് “മരിച്ച കുട്ടിയുടെ ജഢം കണ്ടെടുത്തു”. എന്ന താഴെ
ചലിക്കുന്ന വാര്‍ത്ത അവര്‍ക്കു
തീര്‍ത്തും അപ്രധാനമായിരുന്നു.
        അവധിയുടെ കാര്യം അറിയിക്കുവാനായി  മകനെ തിരഞ്ഞ അമ്മയും പീന്നിട്
അച്ഛ്നും അങ്ങനെ മറ്റെല്ലാവരും ഉണ്ണിക്കുട്ടന്‍
അടിഞ്ഞ തീരത്തെക്കുറിച്ച് ഓര്‍ത്തതേയില്ല.
    അവസാനം ആ തീരത്തേക്ക് അവരെത്തിച്ചേര്‍ന്നപ്പോള്‍ ചാനലിന്റെ ലൈവ്
കോളത്തില്‍ കണ്ടെടുക്കപ്പെട്ട മൃതദേഹവും
അതിന്റെ വലത്തെ കൈയ്യില്‍ കുതിര്‍ന്ന ഒരു കടലാസുവഞ്ചിയും മാത്രമായിരുന്നു
ഉണ്ടായിരുന്നത്.
  നിധി എവിടെ? എന്നത് ഉണ്ണിക്കുട്ടനു മാത്രം അറിയാവുന്ന സത്യം

Related Post