തൃശ്ശൂര്‍ സിറ്റി പൊലീസിന് പൊതുചടങ്ങില്‍ വച്ച് ‘കൈക്കൂലി’

കെ.കെ. ശ്രീനിവാസന്‍

 ജനപ്രതിനിധിയായ മേയര്‍ ഐ.പി. പോളിന്റെ കാര്‍മ്മികത്വത്തില്‍ പൊലീസ് സേനയുടെ സേവനത്തിന്റെ പേരില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ആദരവും പുരസ്ക്കാരങ്ങളുമേറ്റു വാങ്ങിയതോടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളുടെ വാല്യക്കാരായി പൊലീസിന് മാറാതിരിക്കാനാവുമോ? പൊലീസ് സേവനത്തിന് പ്രത്യുപകാരമായി ഇനി മുതല്‍ സ്വകാര്യസംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കൈക്കൂലിക്ക് പകരമായി പൊതുചടങ്ങില്‍ വച്ച് ആദരവും പുരസ്ക്കാരങ്ങളും വാങ്ങുന്നത് ശീലമാക്കുവാനുള്ള സാധ്യതയാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് തുറന്നിട്ടിരിക്കുന്നത്.

  നാട്ടിലെ ക്രമസമാധാനപാലകരെന്ന നിലയില്‍ സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹി ക്കുന്നവരാണ് പൊലീസ്. സ്‌റ്റേറ്റിന്റെ മര്‍ദ്ദനോപകരണമെന്ന ചീത്തപേരും പൊലീസിന് സ്വന്തം. പൊലീസ് സേനയുടെ സേവനം നാടിനു വേണ്ടിയാണ്. അവര്‍ക്കു സേവന-വേതന വ്യവസ്ഥകളും പാരിതോഷികങ്ങളും ബഹുമതികളും നല്‍കുന്നത് സ്‌റ്റേറ്റ്.

എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി പൊലീസ് ആദരിക്കപ്പെടുന്നു! പുരസ്ക്കാരങ്ങള്‍ നല്‍കപ്പെടുന്നു. തൃശ്ശൂര്‍ സിറ്റി പൊലീസിനെ ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ആദരിച്ചിരിക്കുന്നു! 28 പൊലീസുകാര്‍ക്ക് ഇവരുടെ തന്നെ വക പുരസ്ക്കാരങ്ങളും! ജൂലായ് 10 നായിരുന്നു ഈ ‘മഹദ്’ ചടങ്ങ്.തൃശ്ശൂര്‍ നഗരത്തിലുണ്ടായ സ്വര്‍ണ്ണകവര്‍ച്ചകളെല്ലാം തെളിയിച്ച് സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളുടെ സ്വര്‍ണ്ണം തിരിച്ചുകിട്ടാന്‍ സഹായിച്ച പൊലീസിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പൊലീസ് ആദരിക്കപ്പെട്ടത്. ഇതിനുള്ള പ്രത്യുപകാരവും പ്രതിഫലവുമായിട്ടാണ് പൊലീസിന് പുരസ്ക്കാരങ്ങള്‍! എസ്. ഗോപിനാഥ് (ഐ.ജി) മുഖ്യാതിഥിയായ ചടങ്ങില്‍ പൊലീസിനു വേണ്ടി കമ്മീഷണര്‍ പി.വിജയന്‍ അസോസിയേഷന്റെ ഉപഹാരം ഏറ്റു വാങ്ങി.. മേയര്‍ ഐ.പി. പോളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പോലീസുകാര്‍ ‘കൈക്കൂലി’ ഏറ്റുവാങ്ങിയ പൊതുചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മേയര്‍ ഐ.പി. പോളിനെ എന്ത് പേരുച്ചൊല്ലി വിളിക്കണമെന്നറിയില്ല.

 പൊലീസ് സേനയുടെ ചുമതല ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണം നല്‍കുകയെന്നത് തന്നെയാണ്. ഇതിനായി ഇവര്‍ക്ക് ശമ്പളവും പാരിതോഷികവും പുരസ്ക്കാരങ്ങളും സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്. ഇതിനും പുറമെ ദേശീയ-സംസ്ഥാന ബഹുമതികളും നല്‍കപ്പെടുന്നു. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കള്‍ വച്ചു നീട്ടിയ പുരസ്ക്കാരങ്ങള്‍ക്കും ആദരവുകള്‍ക്കും പിറകെ പൊലീസ് പാഞ്ഞത്. കൈക്കൂലി വാങ്ങുന്നതിനു സമാനമായല്ലേ പൊലീസ് സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്ന് പുരസ്ക്കാരങ്ങള്‍ വാങ്ങിയത്.

ജനപ്രതിനിധിയായ മേയര്‍ ഐ.പി. പോളിന്റെ കാര്‍മ്മികത്വത്തില്‍ പൊലീസ് സേനയുടെ സേവനത്തിന്റെ പേരില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ആദരവും പുരസ്ക്കാരങ്ങളുമേറ്റുവാങ്ങിയതോടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളുടെ വാല്യക്കാരായി പൊലീസിന് മാറാതിരിക്കാനാവുമോ? പൊലീസ് സേവനത്തിന് പ്രത്യുപകാരമായി ഇനി മുതല്‍ സ്വകാര്യസംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കൈക്കൂലിക്ക് പകരമായി പൊതുചടങ്ങില്‍ വച്ച് ആദരവും പുരസ്ക്കാരങ്ങളും വാങ്ങുന്നത് ശീലമാക്കുവാനുള്ള സാധ്യതയാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് തുറന്നിട്ടിരിക്കുന്നത്. പൊലീസുകാരുടെ കൈക്കൂലി കഥകള്‍ നാട്ടില്‍ പാട്ടാണ്. കൈക്കൂലിയും പാരിതോഷികവും ചോദിച്ചും അല്ലാതെയും വാങ്ങുന്ന പൊലീസുകാരുടെ വന്‍ നിര തന്നെയാണ് പൊലീസ് സേനയില്‍. ക്രിമിനലുകളെ പിടികൂടാന്‍ ചുമതലയേല്പിക്കപ്പെട്ടിരിക്കുന്ന പൊലീസിനുള്ളിലെ ക്രിമിനല്‍ പട്ടിക കണ്ട് ജനം അന്തംവിട്ടിരിക്കുകയാണ്. സാദാ പൊലീസുകാര്‍ മുതല്‍ ഐപിഎസുകാരടക്കമുള്ളവര്‍ ക്രിമിനല്‍ പട്ടികയില്‍! ഇതോടൊപ്പം തന്നെയാണ് ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ സിറ്റി പൊലീസിന് നല്‍കിയ ഉപഹാരവും ആദരവും കൂട്ടിവായിക്കേണ്ടത്.

 

Related Post