പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര ആദിവാസി കോളനി നിവാസികളും കുടില്‍കെട്ടി സമരത്തിലൂടെ ഭൂസമരപാതയില്‍.. 50 ഓളം ദിവാസി കുടുംബങ്ങളാണ് സമരപോരാട്ട ത്തി ലേറിയിട്ടുള്ളത്. മാര്‍ച്ച് അഞ്ചിന് തൃശ്ശൂര്‍ ജില്ലാ കളക്ടറും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയവര്‍ കോളനിയിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വ്വേ നടത്തി ഭൂമി വിതരണത്തിന് നടപടി സ്വീകരിക്കുമെന്നായിരുന്നു തീരുമാനം. ഇതേ തുടര്‍ന്ന് ഫെബ്രുവരി 20 ന് തുടങ്ങിയ കുടില്‍കെട്ടി സമരത്തില്‍ നിന്ന് ആദിവാസികള്‍ പിന്മാറിയിരുന്നു. എന്നാല്‍ തീരുമാന പ്രകാരം സര്‍വ്വേ നടത്തിയെങ്കിലും ഭൂമി ലഭ്യമാക്കുന്ന നടപടികള്‍ കൈകൊള്ളുകയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും ആദിവാസികള്‍ ഭൂസമരപാതയിലേറിയത്.
അടിക്കാടുകള്‍ വെട്ടിതെളിച്ച് കുടില്‍ കെട്ടി താമസമാക്കിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. അടിക്കാടുകള്‍ വെട്ടിതെളിക്കുന്നത് തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് പക്ഷെ അവഗണിക്കുവാനുള്ള നീക്കത്തിലാണ് ആദിവാസികള്‍. ഇതിനിടെ കളക്ടറുമായുളള ചര്‍ച്ചയിലും ഒത്തു തീര്‍പ്പുണ്ടാക്കാനായില്ല. ആദിവാസികള്‍ കൃഷിചെയ്ത വിളകള്‍ വനംപാലകര്‍ നശിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധവും ശക്തിപ്പെടുകയാണ്.