ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പറയുന്നത്

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പറയുന്നത്

കെ .കെ ശ്രീനിവാസൻ

 

ബിജെപിയുടെെ കേരളത്തിലെ മോഹം ഇനിയുംം വ്യാമോഹം തന്നെയായി അവശേേഷിക്കുമെന്ന് തീർത്തും ഉറപ്പായിട്ടുണ്ടെന്നത് ശ്രദ്ധേയം

പതെരഞ്ഞെടുപ്പുകളിൽ അഞ്ചിൽ മൂന്ന് യുഡിഎഫ് നേടിയെങ്കിലും രണ്ടിടത്ത് മാത്രം വിജയിച്ച എൽഡിഎഫിനാണ് തിളക്കം. പാർലമെന്റ് തെരഞ്ഞടുപ്പോടെ ഇടത് സർക്കാരിന്റെ കഥക്കഴിഞ്ഞുവെന്ന് യുഡിഎഫ് അന്ധമായി വിശ്വസിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ പാല ഉപതെരഞ്ഞടുപ്പ്. കേരള കോൺഗ്രസ് ജോസ് മാണി – ജോസഫ് കലഹം യുഡിഎഫിനെ ബാധിക്കുമെന്ന് കോൺഗ സ്‌ നേതൃത്വം വേണ്ടത്ര മുഖവിലക്കെടുത്തില്ല. പകരം,  കിയാൽ – കിഫ്ബി ഓഡിറ്റ് വിഷയത്തിൽ ഇടത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തി പരമാവധി വോട്ടുനേടുകയെന്നതിലാണ് പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതൃത്വം പരിശ്രമിച്ചത്. പാലയിൽ പക്ഷേ യുഡിഎഫ് പരിശ്രമം  പിഴച്ചു. കെഎം മാണിയുടെ ‘കുടുംബ രാഷ്ട്രീയ സ്വത്താ’യ പാല പതിറ്റാണ്ടുകൾക്ക് ശേഷം എൽഡിഎഫിലേക്ക് ചേക്കേറി.

പാലാ വിജയം ഇടത് സർക്കാരിന് രാഷട്രീയ ആശ്വാസമായി. പാർലമെന്റ് തെരഞ്ഞെടുപ്പു പരാജയത്തിന് ശബരിമല സ്ത്രീ പ്രവേശ അനുകൂല നിലപാട് കാരണമായോയെന്ന കാര്യമായ ശങ്ക  സിപിഎമ്മിനെ പിടിക്കൂടിയിരുന്നു.  പാലയിലെ വിജയം പക്ഷേ ശബരിമല സ്ത്രീ പ്രവേശമടക്കുള്ള നിലപാടുകളിൽ കാര്യമാത്രമായ തിരുത്തലുകൾ വേണ്ടെന്നതിലെത്തിചേരുവാൻ സി പി എമ്മിനെ, മുഖ്യമന്തി പിണറായി വിജയനെ, പ്രേരിപ്പിച്ചുവെന്നതിന്റെ സൂചനകൾ കണ്ടു. ഏറെക്കുറെ നിർജീവമായിരുന്ന നവോത്ഥാന സമിതിയെ സജീവമാക്കുന്നതിനുള്ള നീക്കം ഈ വേളയിൽ തന്നെ  ഇടത് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിയെന്നത് ശ്രദ്ധേയമായി.

ജാതി-മത- വിശ്വാസങ്ങളുടെ പേരിൽ ഇടത് സർക്കാരിനെ രാഷ്ടീയമായി പിപ്പിടിപ്പെടുത്തുന്ന സാമുദായിക നേതാക്കളുടെ പ്രത്യേകിച്ചും എൻഎസ് എസ് നേതൃത്വത്തെ അവഗണിച്ചു മുന്നേ റുകയെന്നതിലാണ് പൊതുവെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം ഊന്നൽ നൽകിയത്. ഇത് തെരഞ്ഞെടുപ്പ് രാഷ്ടീയത്തിൽ ജാതി-മത ശക്തികളുടെ സ്ഥാപിത താല്പര്യ സംസ്ഥാപനത്തിനായുള്ള (അ) രാഷ്ട്രീയ ഇടപ്പെടലുകളെ ചെറുതായെങ്കിലും ദുർബ്ബലപ്പെടുത്തുന്നത്തിന്റെ ശുഭസൂചനയായിയെന്ന് പറയാതെ വയ്യ. 

ഉപതെരഞ്ഞെടുപ്പിൽ പക്ഷേ പരമ്പരാഗത സാമുദായിക പ്രീണന ശൈലി കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ പിന്തുടർന്നു. എൻഎസ്എസ് തങ്ങളുടെ  സാമന്ത സാമുദായിക ശക്തിയെന്നു തന്നെ തെളിയിക്കുന്നതിൽ കോൺഗ്രസ് മികവ് പ്രകടമാക്കി. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് പാർലമെന്റ് തെരഞ്ഞെടുപ്പുവേളയിൽ പെരുന്നയിൽ നിന്നുള്ള ശബ്ദം ഭാരത് മാതാ കീ ജയ് എന്നതിലേക്ക് മാറുന്നുവെന്നതിന്റെ ലക്ഷണങ്ങൾ തലപൊക്കി. പെരുന്നയുടെ നിറം പതുക്കെ കാവിയിലേക്ക് മാറുന്നതിന്റെ പ്രകടമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതാകട്ടെ കോൺഗസ് നേതൃത്വത്തെ വല്ലാതെ വലിഞ്ഞുമുറുക്കിയിരുന്നു.
ശബരിമല വിഷയത്തിൽ ബിജെപിയെ നമ്പിക്കൂടെന്ന് പാർലമെന്റ് തെരഞ്ഞെടുപ്പാനന്തരം പെരുന്നയിലെ പൊന്നുതമ്പുരാൻ അരുൾ ചെയ്തിടത്താണ് കോൺഗ്രസിലെ ചെന്നിത്തല നായന്മാരടക്കമുള്ള നേതൃത്വത്തിന് ശ്വാസം നേരെ ചൊവ്വെ വീണത്. ഇതോടൊപ്പം പെരുന്ന നേതൃത്വം ഉപതെരഞ്ഞെടുപ്പിൽ എത്തിചേരേണ്ട  ശരിദൂരം യുഎഡിഎഫാണെന്ന് പരസ്യമായി തന്നെ നിലപാടെടുത്തു. ഇതാകെട്ടെ യുഎഡിഎഫിനെ ആത്മവിശ്വാസത്തിലെത്തിച്ചു. എന്തിനധികം വട്ടിയൂർക്കാവിലടക്കം പെരുന്നയുടെ കുഞ്ഞാടുകൾ യുഡിഎഫിനായി വോട്ടുതേടിയിറങ്ങി. വിജയത്തിലെത്താൻ  ശബരിമല വിഷയം ആവോളം ഉപതെരഞ്ഞടുപ്പ് പ്രചരണങ്ങളിലുൾപ്പെടുത്തി. കൂട്ടത്തിൽ മന്ത്രി ജലീലിന്റെ മാർക്കുദാന വിവാദവും. പക്ഷേ ഇതിലല്ലൊമുപരി വട്ടിയൂർക്കാവിലെയും കോന്നിയിലെയും സ്ഥാനാർത്ഥി നിർണയത്തിൽ യഥാക്രമം കെ.മുരളീധരന്റെയും അടൂർ പ്രകാശിന്റെയും നീരസത്തിന്റെ അലയൊലികൾ അടിത്തട്ടിൽ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിരുന്നുവെന്നത് ഫലം വിളിച്ചോതുന്നുണ്ട്.

അരൂരിൽ ഷാനിമോളുടെ വിജയം തിളക്കമാർന്നതായി. തങ്ങളുടെ സമുദായത്തിലെ  സ്ത്രീകൾ പൊതുരംഗത്തുവരുന്നതിൽ അതൃപ്തിയുള്ള പൗരോഹിത്യം ഇത്തവണ ഷാനിമോളെ ഉപദ്രവിച്ചിട്ടില്ലെന്നു വേണം കരുതാൻ.  അതേസമയം വെള്ളാപ്പള്ളി പറയുന്നിടത്ത് സമുദായംഗങ്ങൾ വോട്ടു ചെയ്യുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. വെള്ളാപ്പള്ളി ഷാനിമോൾക്കെതിരെ പരസ്യമായി നിലപാടെടുത്തത്  ഷാനിമോൾക്ക് വോട്ടുകളായി മാറിയെന്നതാണ് വസ്തുത. ഉർവ്വശി ശാപം ഉപകാരം.

അരൂരിലെയും എറണാകുളത്തെയും വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസത്തിനുതകുംത്തക്കവിധം ഉയർന്നിട്ടില്ല. എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തിന്റെ ഏഴയലത്തുവാൻ ഷാനിമോൾക്കും ടി.ജെ വിനോദിനുമായില്ലെന്നിടത്ത് ഇടതുപക്ഷത്തിന്റെ രണ്ടു സ്ഥാനാർത്ഥികളുടെയും വിജയത്തിന്റെ രാഷ്ടീയ പ്രസക്തി ഉയരുകയാണ്. അടുത്ത വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒന്നര വർഷത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെ മറികടക്കാൻ യുഡിഎഫിന് കേവലം എൻഎസ്എസ് ശരിദൂരവും ശബരിമല സ്ത്രീ പ്രവേശ വിവാദവും പോരാതെ വരും. അതേേമയം ഇതോടെ ബിജെപിയുടെെ കേരളത്തിലെ മോഹം ഇനിയുംം വ്യാമോഹം തന്നെയായി അവശേേഷിക്കുമെന്ന് തീർത്തും ഉറപ്പായിട്ടുണ്ടെന്നത് ശ്രരദ്ധേയം.

സ്വന്തം നേട്ടങ്ങളിൽ മാത്രം ഉന്നംവച്ചുള്ള താണ്  സാമുദായിക നേതാക്കളുടെ അധികാര രാഷ്ടീയ ഇടപ്പെടലുകൾ. അത് ഇനിയും അതേപ്പടി അനുവദിച്ചു കൊടുക്കേണ്ടതുണ്ടോ? ഈ ദിശയിലുള്ള വിചിന്തനത്തിന് മുഖ്യധാരാ രാഷട്രീയ പാർട്ടികൾ തയ്യാറാകേണ്ട സമയമാണിതെന്നുകൂടി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഓർമ്മപ്പെടുത്തുുന്നുണ്ട്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…