കാനം പറഞ്ഞതിന്റെ പൊരുള്‍

കാനം പറഞ്ഞതിന്റെ പൊരുള്‍

കാനം പറഞ്ഞതിന്റെ പൊരുള്‍

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ ലേഖന പരമ്പരയൊന്നും പാര്‍ട്ടിയോട് രാഷ്ട്രീയമായി പിണങ്ങാന്‍ വെമ്പുന്നവര്‍ക്ക് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമാര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. പരമ്പരാഗതമായി കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള രാഷ്ട്രീയ അസ്വസ്ഥതകളെ അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം പച്ചപിടിക്കുന്നുവെന്നതിനെപ്രതിയുള്ള രാഷ്ട്രീയ വിശകലനങ്ങളും അഭിപ്രായങ്ങളും ന്യൂനപക്ഷ/ഭൂരിപക്ഷ സമുദായ വിരുദ്ധമോ അനുകൂലമോയെന്ന് തിട്ടപ്പെടുത്തപ്പെടുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ 35,000ത്തോളം വോട്ടുകള്‍ നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തിട്ടപ്പെടുത്തലുകള്‍ തകൃതിയായിട്ടുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതും ആരോപിക്കപ്പെടുന്നതും രാഷ്ട്രീയ കേരളം കാണുന്നു.സി.പി.എമ്മിന്റെ പരാജയത്തില്‍ നിന്നാണ് ബി.ജെ.പി വോട്ടുകള്‍ വാരിക്കൂട്ടിയതെന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളാണ് ഇത്തരമൊരു രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചത്. സി.പി.എമ്മിന്റെ വോട്ടുകള്‍ ഒഴുകിപ്പോയപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചയമായി. പക്ഷെ സി.പി.എമ്മിന്റെ വോട്ടു ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അത് അപകടകരവും അപക്വവുമാണ്. ബി.ജെ.പിയുടെ വളര്‍ച്ചയെ തടയണമെന്ന് രാഷ്ട്രീയമായി ആഗ്രഹിക്കുന്നവര്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ചയില്‍ ആഹ്ലാദിക്കരുത്. ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയെ പിടിച്ചുനിര്‍ത്തുന്നതില്‍ രാഷ്ട്രീയമായും എന്തിനധികം കായികമായിപോലുമുള്ള സി.പി.എമ്മിന്റെ പങ്ക് ഒട്ടുംതന്നെ ചെറുതല്ല

അരുവിക്കരയില്‍ കണ്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയമായ വീഴ്ച തന്നെയാണ്. ഈ വീഴ്ചക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെന്തെന്ന് കണ്ടെത്തുന്നതില്‍ പക്ഷെ സി.പി.എം ഇനിയും അതിന്റെ നേതൃവൈഭവം തെളിയിച്ചിട്ടില്ല. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമുയര്‍ത്തി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ സജീവ സാന്നിധ്യമാകുന്നതിനെ സി.പി.എം അടവുനയമെന്ന പേരുചൊല്ലിയാണ് വിളിക്കുന്നത്. അടവുരാഷ്ട്രീയം അധികാര രാഷ്ട്രീയം തന്നെയാണ്. ഇത് പക്ഷേ പരസ്യമായി അംഗീകരിക്കാന്‍ സി.പി.എമ്മിന് വല്ലാത്തൊരു രാഷ്ട്രീയ വിമ്മിഷ്ടമാണുതാനും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുന്നതിലൂടെ അധികാരത്തിലെത്തുന്നതാണോ അതോ വര്‍ഗ്ഗരാഷ്ട്രിയം ഉയര്‍ത്തിപ്പിടിച്ച് ജനകീയ ജനാധിപത്യ വിപ്ലവം സംഘടിപ്പിക്കുകയാണോയെന്നതിന് വ്യക്തത വരുത്തുവാനും സി.പി.എം തയ്യാറല്ല. അതേസമയം അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയം ഒളിച്ചുകടത്തുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്നതില്‍ സി.പി.എം ഏറെ മുന്നിലാണുതാനും. അടവുരാഷ്ട്രീയത്തിലൂടെ സി.പി.എം പ്രയോഗിക്കുന്നത് അധികാര രാഷ്ട്രീയമാണെന്നറിയാന്‍ കാര്യമാത്രമായ രാഷ്ട്രീയ പരിജ്ഞാനമൊന്നും വേണ്ട.

പാര്‍ട്ടിക്കുള്ളില്‍ സ്വത്വ രാഷ്ട്രീയ വിചാരധാര ശക്തിപ്പെടുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്നവര്‍ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ തുടങ്ങി. മതന്യൂനപക്ഷങ്ങള്‍ ഇരകളാണെന്നും ഇരകളുടെ സംരക്ഷണം രാഷ്ട്രീയമായിതന്നെ ഏറ്റെടുക്കുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നുമുള്ള നിലയില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നു. ന്യൂനപക്ഷങ്ങളുടെ പക്ഷത്തേക്ക് പാര്‍ട്ടി ചായുന്നുവെന്ന അവസ്ഥ ശക്തിപ്പെട്ടിടത്താണ് സ്വത്വരാഷ്ട്ര വിചാരധാര പാര്‍ട്ടിക്കുള്ളില്‍ വേരോടിയത്. ഈ ധാരയെ പക്ഷെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ തടയുവാന്‍ ശ്രമമുണ്ടായിയെന്നതും ശ്രദ്ധേയമായി.

ഈഴവ വോട്ടുബാങ്ക് ചോരുന്നു?

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിവേരുകള്‍ ഈഴവദളിത് പിന്നോക്ക വിഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നുവെന്ന് വ്യക്തം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട കേരളത്തിന്റെ നവോത്ഥാന മണ്ണില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിത്തിറക്കി നേട്ടം കൊയ്‌തെടുത്തുവെന്ന് പറഞ്ഞാല്‍ അത് പ്രസ്ഥാനത്തിന് അലങ്കാരമായി കാണണമായിരുന്നു. അതിനുപകരം പക്ഷേ മതന്യൂനപക്ഷങ്ങളാണ് തങ്ങളുടെ വോട്ടു ബാങ്കെന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിചിന്തിക്കാന്‍ തുടങ്ങി. കേരളത്തിന്റെ സാമുദായിക സമവാക്യത്തില്‍ ഭൂരിപക്ഷം വരുന്ന ഈഴവര്‍ എക്കാലവും തങ്ങളുടെ വോട്ടുബാങ്കിലെ സ്ഥിരം നിക്ഷേപമായിരിക്കുമെന്നും സി.പി.എം ഉറച്ചുവിശ്വസിച്ചു. ഈ സ്ഥിരം നിക്ഷേപത്തോടൊപ്പം ന്യൂനപക്ഷ വോട്ടുബാങ്കിലും സി.പി.എം കണ്ണുവെക്കാന്‍ തുടങ്ങി. എന്നാലത് വളരെ എളുപ്പത്തില്‍ തരപ്പെടുത്തുവാനാകുന്നതായിരുന്നില്ല. അതു കാണ്ടുതന്നെ സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ മതന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി ഇരകളായി മാറുന്നുവെന്നത്തിനെതിരെ മുന്നണിപോരാളികളാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവന്നു. മതന്യൂനപക്ഷ വിഭാഗങ്ങളെപ്രതി അവരെക്കാള്‍ കൂടുതല്‍ വേവലാതി പ്പെടാന്‍ പാര്‍ട്ടികള്‍ തുടങ്ങി. രാജാവിനെക്കാള്‍ കൂടുതല്‍ രാജഭക്തി!

തെരഞ്ഞെടുപ്പുകളില്‍ പക്ഷെ ഈ ഇരകളുടെ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട്, പ്രതേകിച്ചും സി.പി.എമ്മിനോട് അകലം പാലിക്കുന്നുവെന്ന് ബാലറ്റുപെട്ടികള്‍ പൊട്ടിച്ചെണ്ണുമ്പോള്‍ പലപ്പോഴും ബോധ്യപ്പെട്ടു. ഈ ബോധ്യപ്പെടലുകള്‍ക്കുനേരെ പക്ഷെ നിരന്തരം കണ്ണടച്ചു. ഇതിലൂടെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പടപൊരുതുന്നുവെന്നുള്ള പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ സി.പി.എം തയ്യാറല്ലെന്ന് വിളിച്ചോതി. മറുവശത്താകട്ടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ടുബാങ്കുനിക്ഷേപമായ ഈഴവരടക്കമുള്ളവര്‍ അസ്വസ്ഥരാകുന്നുവെന്ന അവസ്ഥ തലപൊക്കാന്‍ തുടങ്ങി. ഇതു പക്ഷെ കുടികിടപ്പും 10 സെന്റും പതിച്ചുനല്‍കിയതിന്റെ പോയകാല ചരിത്രത്തില്‍ ഇപ്പോഴും ഊറ്റംകൊണ്ട് വശംവദരായിട്ടുള്ള പാര്‍ട്ടി നേതൃത്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന തോന്നല്‍ ഈഴവരടക്കമുള്ളവര്‍ക്കിടയില്‍ ശക്തിപ്പെട്ടു. ഇത്തരമൊരവസ്ഥയിലായിരിക്കണം ഇരകളെ സംരക്ഷിക്കുവാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന തോന്നലിന്റെ തടവുകാരായി ഈഴവരാദി ജനവിഭാഗങ്ങള്‍ മാറുന്നത്. ഈ മാറ്റത്തിന്റെ സൂചന അരുവിക്കരയില്‍ പ്രകടമായി പ്രതിഫലിക്കുന്നതിന് പെട്ടെന്നുള്ള കാരണവുമുണ്ടായി. അത് മറ്റൊന്നുമല്ല; ദേശീയ രാഷ്ട്രീയത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ മൊത്തക്കച്ചവടക്കാരനായ മോദിയുടെ ഉദയം തന്നെ.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുപാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ചും സി.പി.എമ്മിന് നല്‍കുന്ന പാഠം ഒട്ടും ചെറുതല്ല. അധികാര രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മിന്റെയും ആത്യന്തിക ലക്ഷ്യം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതൊരു പാതകവുമല്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സംരക്ഷകരാകുന്നതിലൂടെ ഇന്നോളമുണ്ടായിട്ടുള്ള നേട്ടകോട്ടങ്ങള്‍ വോട്ടുബാങ്ക് സമവാക്യത്തില്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കേണ്ടതുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സിദ്ധാന്തത്തേക്കാള്‍ പ്രാമുഖ്യം പ്രയോഗത്തിനാണെന്ന് പരസ്യമായി സമ്മതിക്കുവാനുളള രാഷ്ട്രീയ പിടിവാശി വെടിഞ്ഞ് ന്യൂനപക്ഷഭൂരിപക്ഷ സാമുദായിക വേര്‍തിരിവുകളിലെ രാഷ്ട്രീയ ഉള്‍പിരിവുകള്‍ തിരിച്ചറിഞ്ഞ് വോട്ടുബാങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ സമുദായവുമായുളള പരമ്പരാഗത രാഷ്ട്രീയ ചങ്ങാത്തവും അവര്‍ക്കിടയിലെ വോട്ടുബാങ്കും അന്യാധീനപ്പെടുത്തി ഇരകളുടെ സംരക്ഷകരാ കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുവാന്‍ അവസരമുണ്ടാക്കികൊടു ക്കുന്നതിലൂടെ നഷ്ടക്കച്ചവടമുണ്ടാകുമെന്ന് തിരിച്ചറിയില്ലെന്ന ശാഠ്യം അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി മുടക്കിയേക്കാം.

കാനം ക്രൂശിക്കപ്പെട്ടു?

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം നേതൃത്വത്തിനുണ്ടാകാത്ത രാഷ്ട്രീയ തിരിച്ചറിവുണ്ടായിയെന്നത് ശ്രദ്ധേയമായി. എന്നാല്‍ കാനത്തെ മതനിരപേക്ഷതയെന്തെന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിലാണ് ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാരെയും നേതാക്കളെയുംപോലെ പിണറായിയും കൊടിയേരിയും ശ്രദ്ധയൂന്നിയത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിലും ആരോപിക്കപ്പെടുന്നിലുമാണ് കാനത്തിന്റെ കണ്ടെത്തലുകള്‍ കലാശിച്ചത്. ഇക്കാലമത്രയായും കൂടെ നില്‍ക്കുന്ന സാമുദായങ്ങള്‍ക്കുണ്ടായിട്ടുളള രാഷ്ട്രീയ അവിശ്വാസം മാറ്റിയെടുക്കുന്നതിനുളള രാഷ്ട്രീയമായ തിരുത്തലുകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്ന കാനത്തിന്റെ തിരിച്ചറിവുകള്‍ സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടക്ക് സമാനമായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പിന്നിലും പ്രയോഗിക്കപ്പെട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിറകെ പോകുന്നവെന്ന അവസ്ഥയില്‍ മാറ്റമുണ്ടാകരുതെന്ന് ശഠിക്കുന്നവരുടെ രാഷ്ട്രീയ തന്ത്രമാണ്. ഈ തന്ത്രം വിജയിക്കുന്നിടത്ത് കൂടെ നില്‍ക്കുന്നവരിലുണ്ടായിട്ടുള്ള അവിശ്വാസം കനംവെക്കുക തന്നെ ചെയ്യും. ഇതു പക്ഷെ വോട്ടുബാങ്ക് ദിശയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരിക്കുമെന്ന് അരുവിക്കര പാഠത്തില്‍ നിന്ന് വായിച്ചെടുക്കപ്പെടാതെ പോകുന്നത് ആത്മഹ ത്യാപരമായിരിക്കും. അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയത്തിലേറുവാന്‍ കോപ്പുകൂട്ടുന്നവര്‍ക്ക് മതന്യൂന പക്ഷങ്ങളോടുള്ള അതിരുകടന്ന രാഷ്ട്രീയ സഹാനുഭൂതിയുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നത് അധികാര രാഷ്ട്രീയത്തിലെത്തിപ്പിടിക്കുന്നതിന്റെ വഴിയില്‍ ഭൂരിപക്ഷ സമുദായം വിലങ്ങുതടിയായേക്കുമെന്ന മുന്നറിയിപ്പാണ് അരുവിക്കരയില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

കേരളത്തിന്റെ സാമൂഹിക പരിസരത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരല്ലെന്ന് ബോധ്യമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയാകട്ടെ ഈ ബോധ്യത്തിന് ശക്തി പകരുന്നുണ്ടുതാനും. കേരളത്തിലെ ഇട്ടാവട്ട രാഷ്ട്രീയത്തിനല്ല ന്യൂനപക്ഷങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ദേശീയതലത്തില്‍ ഹിന്ദു ത്വശക്തികളുടെ രാഷ്ട്രീയാധികാര സംസ്ഥാപനമാണ് മതന്യൂനപക്ഷങ്ങളെ അലട്ടുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് ബദലായി ഇവര്‍ പക്ഷേ കാണാനാഗ്രഹിക്കുന്നത് കോണ്‍ഗ്രസിനെയാണ്. അതിനാല്‍തന്നെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുമെന്ന് കരുതുകാനാവില്ല. മദനിയെ ഇടത്ത് ഇരുത്തിയും പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സദാംഹൂസൈന്റെയും യാസര്‍ അരാഫത്തി ന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തും ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടാനാകുമെന്നത്തില്‍ തിരുത്ത് ആവശ്യമാകാതിരിക്കുന്നില്ല.

ബംഗാളില്‍ അന്യംനിന്നുപോയികൊണ്ടിരിക്കുകയും കേരളത്തില്‍ ദുര്‍ബലപ്പെ ടുകയും ചെയ്യുന്നുവെന്ന തോന്നലിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സി.പി.എമ്മിനും മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വോട്ടുകള്‍ നല്‍കാന്‍ ന്യൂനപക്ഷങ്ങള്‍ സന്നദ്ധമാകുമെന്ന് രാഷ്ട്രീയമായി ഇനിയും വിശ്വസിക്കപ്പെടുന്നതില്‍ പന്തിക്കേടുണ്ടെുന്നുവേണം പറയാന്‍. ഇത്തരമൊരു രാഷ്ട്രീയാവസ്ഥയില്‍ ന്യൂനപക്ഷ സംരക്ഷണവാദത്തില്‍ നിന്ന് ഒരു വിട്ടുവീഴ്ചയുമില്ലെന്നതിന് പ്രത്യുപകാരമായി ന്യൂനപക്ഷ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാന ാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പിക്കപ്പെടേണ്ടതില്ല. ഇവിടെയാണ് മാറുന്ന രാഷ്ട്രീയ അടിയൊഴുക്കുകളില്‍ ഭൂരിപക്ഷന്യൂനപക്ഷ സമുദായ വോട്ടുബാങ്കുകളെ ഒരേപോലെ കൂടെ നിര്‍ത്തുവാനുള്ള പ്രായോഗിക രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കപ്പെടേണ്ടതിന്റെ സാധ്യതകള്‍ ആരായപ്പെടണമെന്ന കാനത്തിന്റെ അഭിപ്രായം മുഖവിലക്കെടുക്കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനു പോകട്ടെ

ഈഴവ സമുദായത്തെ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശനെ പുലഭ്യം പറഞ്ഞും ശ്രീനാരായണ സൂക്തങ്ങള്‍വാരിവിതറിയതുകൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല സി.പി.എമ്മിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി. വെള്ളാപ്പള്ളി നടേശന്‍ പോകുന്നിടത്തെല്ലാം ഈഴവര്‍ അപ്പാടെ കൂടെ പോകുമെന്ന ഭയപ്പാടിലാണ് സി.പി.എം നേതൃത്വം. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ലേഖന പരമ്പരകള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളാപ്പള്ളിക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കുന്നതിനു പകരം തങ്ങളുടെ വോട്ടുബാങ്കില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നുപോകുന്നുവെന്ന അതീവ ഗൗരവമേറിയ രാഷ്ടീയ സാഹചര്യത്തിന് തടയിടുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലിയാരിക്കണം പ്രഥമ പരിഗണന. വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും ശ്രീനാരായണ ദര്‍ശനങ്ങള്‍ ആവോളം വാരിവിതറിയും വോട്ടുബാങ്ക് ചോര്‍ച്ചക്ക് തടയിടാനാകുമെന്നത് അബദ്ധ ധാരണയാണ്. അധികാര രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകമായ വോട്ടുബാങ്ക് സംസ്ഥാപന ദിശയില്‍ ഭൂരിപക്ഷന്യൂനപക്ഷ സാമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ നേതൃപാടവം പ്രകടിപ്പിക്കുന്നതിലാണ് മുന്‍തൂക്കം നല്‍കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനുപോകട്ടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ സഹായമൊന്നും പാര്‍ട്ടിയോട് പിണങ്ങാന്‍ വെമ്പുന്ന സമുദായത്തിന് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമായി ആര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. ന്യൂനപക്ഷ രക്ഷകരാകാന്‍ സദാ സമയം കണ്ടെത്തുന്നതിലൂടെ തങ്ങളുടെ ഒപ്പം പരമ്പരാഗതമായി നിലകൊള്ളുന്ന ഭൂരിപക്ഷ സമുദായത്തില്‍ രാഷ്ട്രീയ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. അത് അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങളാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രീയമായ പിണക്കം മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാലത് ഹൈന്ദവ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ അതിനുള്ള രാഷ്ട്രീയമായ വിശദീകരണമാണ് ആവശ്യം. ഇക്കാര്യത്തില്‍ കാനം വ്യക്തമാക്കാന്‍ ശ്രമിച്ച നിലപാടിനെ പിന്തുണക്കുന്നതിലുളള വിമ്മിഷ്ടം സി.പി.എമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ഗുണകരമായേക്കില്ല.

ഒളിച്ചുകളി തുടരാനാകില്ല

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അടവുനയത്തിലൂടെ ജനകീയ ജനാധിപത്യം സാധ്യമായേക്കുമെന്ന് അണികളെ വിശ്വസിപ്പിക്കുന്ന ഒളിച്ചുകളി പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഭൂരിപക്ഷന്യൂനപക്ഷ സമുദായ നിലപാടുകളില്‍ ഇതേ ഒളിച്ചുകളി തുടരാനാകുമെന്നതിന് കടുത്ത വില നല്‍കേണ്ടി വരും. ഈ ഒളിച്ചുകളിക്ക് പകരം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ അത് അരുവിക്കരയിലെ വോട്ടുചോര്‍ച്ച ആവര്‍ത്തിക്കപ്പെടുവാനെ തരപ്പെടൂ. അടവുനയത്തിലൂടെ അധികാര രാഷ്ട്രീയത്തിലിടം തേടുവാന്‍ ഇറങ്ങിത്തിരിച്ച സ്ഥിതിവിശേഷ ത്തില്‍ വോട്ടുബാങ്കുകളെ കണ്ടെത്തി കൂടെനിര്‍ത്തുന്നതിനെ ഭൂരിപക്ഷ പ്രീണന രാഷ്ട്രീയമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചൂണ്ടയില്‍ കൊത്തേണ്ടതില്ല. പാര്‍ലമെന്ററി രാഷ്ട്രീയ ത്തില്‍ അധികാരം തന്നെയാണ് മുഖ്യമെന്ന് സി.പി.എമ്മിന് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഉത്തിലിരിക്കുന്നത് എടുക്കും വേണം കക്ഷത്തിലിരിക്കുന്നത് പോകുവാനും പാടില്ലെന്ന ചൊല്ലുണ്ട്. ഇവിടെ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടേക്കാമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ടും നഷ്ടപ്പെ ടുവാതിരിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുവാനുളള ശേഷിയാണ് പ്രകടിപ്പിക്കപ്പെടേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മില്‍ തന്ത്രങ്ങള്‍ മെനയുവാന്‍ ശേഷിയുള്ളവരുടെ അഭാവമുണ്ടോ? ജനങ്ങളെ കയ്യിലെടുക്കുവാന്‍ വ്യക്തിപ്രഭവമുള്ളവരുണ്ടോ സി.പി.എമ്മില്‍? പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വി.എസ് അച്യുതാനന്ദിനെ പുറത്താക്കാതെ കൂടെ നിര്‍ത്തുന്നതെന്തുകൊണ്ട്? വി.എസ് വോട്ടുപിടിക്കല്‍ യന്ത്രമാണെന്ന് കരുതുന്നുണ്ടോ? വി.എസ് ജനകീയനാണെന്ന തോന്നല്‍ അരുവിക്കരയില്‍ അസ്തമിച്ചില്ലേ? വടക്കുനിന്നുള്ള നേതാക്കള്‍ ജനസമ്മിതിയുള്ളവരാണോ? തെക്കുനിന്നുള്ള നേതാക്കള്‍ ബുജികള്‍ മാത്രമാണോ? നേതാക്കളില്‍ ഭേദം തോമസ് ഐസ്‌ക്കോ? ഐസ്ക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ചുകൂടെ? ഐസ്ക്കിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുകയില്ലേ? ന്യൂനപക്ഷ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പേരില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടേക്കാമെന്ന രാഷ്ട്രീയ സാഹചര്യത്തെ എങ്ങിനെ മറികടക്കും? ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവന്നതിലൂടെ പാര്‍ട്ടിക്കെന്താണ് നേട്ടം? ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടും അവരുടെ വോട്ടുകള്‍ നേടാനാകു ന്നില്ലെന്നതെന്തുകൊണ്ട്? ഇപ്പറഞ്ഞ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നിടത്തായിരിക്കും സി.പി.എമ്മിലെ വരുംകാല നേതൃപാടവം തെളിയിക്കപ്പെടുക.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…