തനത് ചുറ്റുപ്പാടുമായ് അതിലോലമായി അതിസൂക്ഷ്മതയോടെ നിശബ്ദമായ് സംവദിയ്ക്കുവാനാകുന്നുയെന്നിടത്താണ് ദേവികയുടെ ചിത്രങ്ങളുടെ പിറവി. സ്വയമാർജ്ജിച്ച ചിത്രമെഴുത്തിലൂടെ പ്രകൃതി മനുഷ്യനോട് പറയാതെവച്ചതെല്ലാം മൃദുലമായി വെളിപ്പെടുത്തുകയാണ് ചിത്രമെഴുത്തുകാരി….
കെ.കെ ശ്രീനിവാസൻ/KK sreenivasan
ഏഴാം ക്ലാസ്സുക്കാരി ദേവിക പ്രകൃതിയെ നിറക്കൂട്ടുകളിൽ ഊതികാച്ചിയെടുക്കുകയാണ്. പെൻസിൽ. ക്രയോൺ. വാട്ടർ കളർ. ഓയിൽ പാസ്റ്റൽ… ഈ ചിത്രമെഴുത്തു മാധ്യമങ്ങളുടെ അതിസൂക്ഷ്മ സ്പർശങ്ങളിൽ ഇതൾ വിരിയുന്നത് പ്രകൃതിയുടെ അത്യപൂർവ്വ ദൃശ്യാവിഷ്ക്കാരം. ദേവികയുടെ വരകളിൽ പ്രകൃതിതാളങ്ങൾ അർത്ഥഗർഭ പ്രഭാഷണമായി വഴിഞ്ഞൊഴുകുന്നു. പ്രകൃതിയുടെ നിശ്ശബ്ദതയെ നിറങ്ങളിലൂടെ വാചാലമാക്കുന്നു.
നിറങ്ങളിൽ ചാലിച്ചെടുക്കുന്നതിലൂടെ പ്രകൃതിക്ക് അത്യപൂർവ്വ ദൃശ്യചാരുതയാണ് അനുഭവവേദ്യമാക്കുന്നത്. പ്രകൃതിയുമായ് ആഴത്തിൽ വേരോടിയ തന്മയീഭാവത്തിൻ്റെ ചാരുതയാർന്ന ബഹിർസ്ഫുരണങ്ങളാണ് ദേവികയുടെ ചിത്രരചനകൾ.
മറ്റുള്ളവർ കാണാത്ത പ്രകൃതിയെയാണ് ചിത്രമെഴുത്തുക്കാരി കാണുന്നത്. വർണങ്ങളിൽ വിളങ്ങുന്ന കാഴ്ച്ചകകളിലാണ് ദേവിക. വരകൾക്ക് വർണപകിട്ട് നൽകുന്നിടത്ത് പ്രകൃതിക്ക് ചന്തം ചാർത്തുകയാണ്. ഇവിടെയാണ് മറ്റുള്ളവർ കാണാതെ പോകുന്ന നിറങ്ങളിൽ നീരാടുന്ന പ്രകൃതിയെ ചിത്രമെഴുത്തുക്കാരി സമർപ്പിയ്ക്കുന്നത്. നാട്ടുവഴികൾ. അരുവികൾ. തോടുകൾ വീടുകൾ….അതെ ചിത്രമെഴുത്തുക്കാരി കാണുന്ന ഗ്രാമ്യസങ്കേതങ്ങൾക്ക് വർണങ്ങളുടെ അകമ്പടിയുണ്ട്.
തനത് ചുറ്റുപ്പാടുമായ് ചിത്രക്കാരിക്ക് അതിലോലമായി അതി സൂക്ഷ്മതയോടെ നിശബ്ദമായ് സംവദിയ്ക്കുവാനാകുന്നുയെന്നിടത്താണ് ദേവികയുടെ ചിത്രങ്ങളുടെ പിറവി. സ്വയമാർജ്ജിച്ച ചിത്രമെഴുത്തി ലൂടെ പ്രകൃതി മനുഷ്യനോട് പറയാതെവച്ചതെല്ലാം മൃദുലമായി വെളിപ്പെടുത്തുകയാണ് ചിത്രമെഴുത്തുകാരി.
നവ്യമായ കാഴ്ച്ചയുടെ അനുഭവങ്ങൾ സമ്മാനിക്കുന്നതോടൊപ്പം പ്രകൃതിയുമായ് ആഴത്തിലുള്ള അടുപ്പം ഇഴപിരിച്ചെടുക്കപ്പെ ടേണ്ടതിൻ്റെ അനിവാര്യത ഓർമ്മപ്പെടുത്തുക കൂടിയാണ് ദേവികയുടെ ചിത്ര രചനകൾ. പ്രകൃതിയോട് ഉത്തരവാദിത്തമില്ലാതെ ആധുനിക വികസന വഴികളിൽ അഭിരമിക്കുന്ന വർത്തമാനകാല മനുഷ്യർക്ക് പ്രകൃതിയുമായുള്ള ബാന്ധവം പുന:സൃഷ്ടിച്ചെടുക്കുവാനുള്ള പ്രേരണയാകുന്നുണ്ട് ദേവികയുടെ ചിത്രങ്ങൾ. ആസ്വാദനോപാധിയെന്നതിനുമപ്പുറം മനുഷ്യരിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം ഉണർത്തിക്കുന്നതിനുള്ള മാധ്യമമെന്നു നിലയിൽ കലയുടെ പ്രാധാന്യം വിളിച്ചോതുന്നതിൽ ദേവികയുടെ ചിത്രങ്ങൾ ഏറെ മുന്നിലാണ്.
സ്കൂൾ അങ്കണത്തിൽ അരങ്ങേറിയ ആദ്യ ചിത്രപ്രദർശനം ദേവികയുടെ കലാരസതത്വത്തിന്റെ ലളിതാവിഷ്കാരമല്ലായിരുന്നു. അത് സഹപാഠികളെയും അധ്യാപകരെയും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പ്രകൃതിയുടെ പുതുവായനയിലേക്ക് നയിച്ച ഒരു ദൃശ്യയാത്രയായി.

ദൃശ്യത്തിൻ്റെ പ്രത്യക്ഷമായ ആവിഷ്ക്കാരമെന്നതിലുപരി തൻ്റെതായ അനുഭവങ്ങളും ഭാവനയും കോർത്തിണിക്കുന്നതായി രചനാ ശൈലിയിൽ നിന്ന് വായിച്ചെടുക്കാം. ദൃശ്യത്തിൻ്റെ ബാഹ്യരൂപത്തിലൂന്നി ചിത്രമെഴുതുമ്പോൾ തന്നെ പ്രസ്തുത ദൃശ്യം/കാഴ്ച്ച മനസ്സിൻ്റെ ക്യാൻവാസിലുണർത്തുന്ന വിചാ രങ്ങളെതെന്തന്നുകൂടി ചാലിച്ചെടുക്കപ്പെടുന്ന നിറക്കൂട്ടിലൂടെ പിറവികൊള്ളുന്ന ചിത്രങ്ങൾക്ക് വിളിച്ചോതുവാനാകുന്നു. ഈ അപ്പൂർവ്വതയാണ് ദേവുട്ടിയുടെ ചിത്രമെഴുത്തിനെ ജീവുസുറ്റാക്കുന്നത്.
ബാല്യമനസ്സിന്റെ അതിരുകളിലൊതുങ്ങുന്നതല്ല ദേവികയുടെ ചിത്രകലാശേഷിയെന്നു പറയ്യാതെ വയ്യ. ചിത്രകലയുടെ സർവ്വസങ്കേതങ്ങളും രചനാപാടവവും അതിവേഗം സ്വായത്തുമാക്കുവാനുള്ള അതിശയിപ്പിക്കുന്ന സർഗശേഷിയാണ് ദേവികയിൽ പ്രകടമാകുന്നത്. ചിത്ര കാലാലോകത്ത് തനിക്ക് കൃത്യമായ ഒരിടമുണ്ടെന്ന് ഇതിനകം തെളിയിച്ചിരിക്കുന്നു ദേവികയുടെ രചനകൾ.
ചിത്രമെഴുത്തിൽ നന്നേ ചെറുപ്രായത്തിൽ തന്നെ തന്റേതായ മുദ്ര പതിപ്പിച്ച ദേവികക്ക് മുന്നിൽ തുറന്നുകിടക്കുന്നത് അതിവിശാല കലാക്യാൻവാസാണ്. നിറക്കൂട്ടുകളുടെ അകമ്പടിയിൽ വരകളുടെ മായികലോകം ഇതിനകം സ്വന്തമാക്കിയെന്നു തന്നെ പറയണം. വർണങ്ങളിൽ ചാലിച്ചെടുത്ത് പ്രകൃതിയെ അതിമനോഹരിയാക്കിയെടുക്കുന്ന കരവിരുതിൻ്റെ ഉടമയായ ദേവികയിൽ കാണുന്നത് ചിത്രകലയുടെ ശ്രദ്ധേയ വാഗ്ദാനം.
ഉണ്ണിക്കണ്ണനും ക്രിസ്തുവിൻ്റെ ക്രൂശിത രൂപവും ദേവികയുടെ കരവിരുതിലൂടെ മികവുറ്റ ചിത്രങ്ങളായി പിറവി കൊള്ളുന്നു.ചുമർചിത്രകലയും ദേവികക്ക് വഴങ്ങും. ഹാസ്യത്തിൽ കലർത്തിയുള്ള ചിത്രമെഴുത്ത് (കാരിക്കേച്ചർ) സ്വയമേ സ്വായത്തമാക്കുകയാണ് ദേവിക.
ഭാരതീയ ചിത്രകലയുടെ ശീലുകളിൽ പുതുപുത്തൽ ചിത്രകലാവൈ ഭവങ്ങൾ തുന്നിചേർക്കാനുള്ള അത്യപൂർവ്വ പ്രതിഭയായ ദേവികയുടെ പ്രയാണത്തിന് പ്രാരംഭമിട്ടതേയുള്ളൂ. ചിത്രകലയിൽ നവപരിസരങ്ങൾ തീർക്കുന്ന ദേവികയുടെ ചിത്രരചനാശേഷികൾക്കായ് കാലം അക്ഷ്മയോടെ കാത്തിരിക്കുകയാണ്.
തൃശൂർ ജില്ല കിഴക്കൻ മലയോര ഗ്രാമം കൊമ്പഴ സെൻ്റ് മേരീസ് പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥിയാണ് ദേവിക.
