ലൂസിഫർ:  നാലാംകിട കച്ചവടസിനിമ പറയുന്നത്

മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടം. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചു പറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ

കെ കെ ശ്രീനിവാസൻ

വിനോദമെന്നതിലുപരി സാമൂഹിക തിന്മകളെ തുറന്നുകാണിക്കുന്ന മാധ്യമമെന്ന നിലയിലാണ് സിനിമയുടെ സാധ്യതകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. പക്ഷേ തങ്ങളുടെ തിന്മകൾ മറച്ചുപിടിച്ച് മറ്റുള്ളവരുടെ തിന്മകൾ പെരുപ്പിച്ചുകാണിക്കുന്നതിനായുള്ള മാധ്യമമെന്നവസ്ഥയിലേക്ക് സിനിമ തന്ത്രപൂർവ്വം വഴിതെറ്റിക്കപ്പെടുന്നുണ്ടോയെന്ന തോന്നലുകളില്ലാതില്ല. ലൂസിഫർ എന്ന സിനിമ
അത്തരം തോന്നലുകളെ ശരിവയ്ക്കുകയാണ്.

ദീലിപുൾപ്പെട്ട നടി ആക്രമിക്കപ്പെട്ടപ്പെട്ട കേസിനോടുള്ള സമീപനത്തിലൂടെ മുൻനിര മലയാള സിനിമാ നടി – നടന്മാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ പൊള്ളത്തരം കൃത്യമായി തുറന്നുകാണിക്കപ്പെട്ടു. മുഖ്യ നടന്മാരുടെയും അവരുടെ മക്കളുടെയും സിനിമകൾ തിയേറ്ററുകളിലെത്തണമെങ്കിൽ ദീലിപിന്റെ സഹായം കൂടിയേ തീരുവെന്ന് വ്യക്തം.  സ്ത്രീ പീഡന കേസിലുൾപ്പെട്ടുവെന്നു കരുതി ദീലിപിനെ കൈവിടാൻ അവർക്ക് വയ്യ. മാധ്യമങ്ങളും ഒരളവുവരെ രാഷ്ട്രീയക്കാരും ഭരണനേതൃത്വവും ദീലിപിനെ കേസിൽ കുടുക്കിയെന്ന് കരുതുന്നവരാണ് സിനിമാക്കാരിലേറെയും. ഇവിടെയാണ് ലൂസിഫർ സിനിമ  മാധ്യമങ്ങളും രാഷ്ട്രീയക്കാരും  സർവ്വ സാമൂഹിക തിന്മകളുടെയും വിളനിലമെന്ന പ്രചരണമേറ്റെടുക്കുന്നത്.

മാധ്യമങ്ങൾ സിനിമക്കാർക്കെതിരെ പ്രചരണങ്ങൾ അഴിച്ചുവിടുന്നുവെന്ന കടുത്ത നീരസത്തോടെയുള്ള സംഭാഷണവും സിനിമയിലിടം പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കടബാധ്യതയിയിൽ മുങ്ങിതുടിക്കുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ശേഷിയില്ലാത്ത ഒരു മാധ്യമ സ്ഥാപനത്തെ സിനിമയുടെ ഭാഗഭാക്കാക്കുന്നുണ്ട്. ഇതിലൂടെ മാധ്യമരംഗം അപ്പാടെ അധ:പതിച്ചുവെന്ന സാക്ഷ്യപ്പെടുത്തുകയാണ് ലൂസിഫർ. മാധ്യമ ധർമ്മം പാടേ അറ്റംപറ്റിയിരിക്കുന്നുവെന്ന് ബോധപൂർവ്വം സ്ഥാപിച്ചെടുക്കൽ! ദീലിപ് സ്ത്രീപീഢന കേസിൽ മാധ്യമങ്ങൾ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളോടുള്ള അമർഷം തീർക്കുന്നതിനുള്ള അവസരം ഒളിച്ചുകടത്തുകയാണ് ലൂസിഫർ എന്ന നാലാംകിട കച്ചവട സിനിമ.

കള്ളപ്പണത്തിന്റെ സൂക്ഷിപ്പുക്കാർ. ഇടനിലക്കാർ. മക്കൾ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ. യുവതയെ ഉന്മാദത്തിന്റെ തടവുക്കാരാക്കി മാറ്റുന്നതിനായുള്ള ലഹരിമരുന്നു ഇടപ്പാടുക്കാർ. ഇത്തരത്തിൽ സമസ്ത സാമൂഹിക തിന്മകളുടെ വാഹകരാണ് രാഷ്ട്രീയക്കാരെന്ന് ചിത്രീകരിക്കുന്നതിൽ ലൂസിഫർ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. മാധ്യമങ്ങളെയും രാഷ്ടീയക്കാരെയും ഭരണസംവിധാനങ്ങളെയും പരമാവധി അധിക്ഷേപിക്കുമ്പോൾ സിനിമാമേഖല പരിപാവനമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രീത നീക്കം ലൂസിഫറിൽ പ്രകടമാണെന്ന് പറയേണ്ടിവരും. സ്വന്തം പാദങ്ങൾ മണ്ണിൽ പൂഴ്ത്തി മറ്റുള്ളവരുടേത് മന്തു കാലെന്ന് വിളിച്ചുപറയുന്നതിന്  ജനപ്രിയ മാധ്യമമായ സിനിമയെ എങ്ങനെ ദുരുപയോഗിക്കാമെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ലൂസിഫർ.

കള്ളപ്പണ / ഹവാല ഇടപ്പാടുകളിൽ തങ്ങൾക്ക് പങ്കുമേതുമില്ലെന്ന് സിനിമക്കാർ നെഞ്ചിൽ കൈവച്ചുപറയട്ടെ. ഇവർ  മീഡിൽ ഈസ്റ്റിലുൾപ്പെടെ  ബിസിനസ്സുകൾ കെട്ടിപ്പൊക്കുന്നു. വൻ ലാഭമെന്നു പെരുപ്പിച്ചു കാണിക്കുന്നു. ഇതിനു പിന്നിലെ സാമ്പത്തിക തന്ത്ര/സൂത്രങ്ങളിൽ ബ്ലാക്ക് വൈറ്റാക്കൽ പ്രക്രിയ ഒളിഞ്ഞിരിക്കുന്നില്ലെന്നു ജനം വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാരെ കള്ളപ്പണക്കാരായും അധികാരകൊതിയന്മാരുമായും ചിത്രീകരിക്കുന്ന ഈ ലൂസിഫർ സിനിമാക്കാരുടെ ശാഠ്യം. ഇവരുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലെ കണക്കില്ലാ പണത്തിന്റെ ഒഴുക്കും ജനങ്ങൾ കണ്ടില്ലെന്നു നടിക്കണമത്രെ.

ലൂസിഫർ സംവിധായകന് ബ്രാന്റഡ് സ്ത്രീപക്ഷക്കാനെന്നറിയപ്പെടണമെന്ന് നിർബ്ബന്ധം. താൻ അഭിനയിക്കുന്ന സിനിമകളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നുവരെ പറഞ്ഞയാളാണ് ഈ ലൂസിഫർ സംവിധായകൻ! എന്നാൽ ലൂസിഫറിലെ ക്ലബ്ബ് ഡാൻസിലൂടെയും സ്വീമ്മീങ് പൂൾ സീനീലൂടെയും സ്ത്രീശരീരത്തെ വിറ്റു കാശാക്കുവാനുള്ള കൗശലം  “സ്ത്രീപക്ഷ” സിനിമാക്കാരൻ കൃത്യമായി പ്രയോഗിക്കന്നുണ്ട്.  ടിവി സീരിയർ നടിമാർ ശരീരം വിറ്റു ജീവിക്കുന്നവരാണെന്ന് ദ്യോതിപ്പിക്കുന്ന സീനുകൾ കൂടിയായപ്പോൾ ലൂസിഫർ സിനിമാ സംവിധായകന്റെ സ്ത്രീപക്ഷ നിലപാടിന്റെ പൊള്ളത്തരം ഏറെ തുറന്നുകാണിക്കപ്പെട്ടു!

മക്കൾ രാഷ്ട്രീയത്തെ കണക്കറ്റ് കളിയാക്കുന്ന/അധിക്ഷേപിക്കുന്ന ലൂസിഫറിന്റെ സംവിധായകനും തിരക്കഥാകൃത്തും മക്കൾ സിനിമാക്കാരാണെന്ന് വിസ്മരിച്ചത് അനുചിതം. ഇന്നത്തെ സിനിമ അടക്കിഭരിക്കുന്നവരിലേറെയും സിനിമക്കാരുടെ മക്കൾ! ഈ മക്കളിൽ അഭിനയശേഷിയുള്ളവരില്ലാതില്ല. എന്നാൽ ഒട്ടും ശേഷിയില്ലാത്തവരാണേറെയും. ഇവരെയും പക്ഷേ ജാള്യതയേതുമില്ലാതെ മലയാള സിനിമാലോകത്ത് മേയുവാനിറക്കിവിട്ടിരിക്കുന്നു! അത് മലയാള സിനിമാ പ്രക്ഷേകരോടുള്ള
വെല്ലുവിളിയാണ്.

ലൂസിഫർ സിനിമക്ക് പറയാനുള്ളത് നടി ആക്രമിക്കപ്പെട്ട കേസിലെ  പ്രതി ദിലീപുൾപ്പെടുന്ന സിനിമാക്കാർ നന്മയുടെ പ്രകാശഗോപുരങ്ങളാണെന്നാണ്. ഇത് സ്ഥാപിച്ചെടുക്കുന്നതിനായി സിനിമയിൽ മേമ്പൊടിയായി ചേർത്തിട്ടുള്ളവയിലേറെയും സാഗർ ഏല്യാസ് ജാക്കി എന്ന സിനിമയെ പിൻപറ്റിയുള്ളതാണുതാനും. മലയാള സിനിമ മേന്മാരാഹിത്യത്തിൽ നിന്നു കരകയറേണ്ടതിന്റെ വിദൂര ലാഞ്ചനകൾ ലൂസിഫർ തുറന്നിടുന്നതേയില്ല.

2019 കോൺഗ്രസിന്റേത്

 

2019ലെ ലോക തെരഞ്ഞെടുപ്പ് ഫലം കർഷക അനുകുല നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് സുനിശ്ചിതം

2019 ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥക്ക് നിർണ്ണായകം. 2019 മെയ് മാസത്തിനു ശേഷവും അധികാരത്തിന്റെ ഹിന്ദുത്വ പതാക ദില്ലിയിൽ ഉയർന്നു പറക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിർണ്ണായകമാവുക. അഞ്ചു സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തിലായിരുന്നു ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ. ഹിന്ദി മേഖലകളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് അസംബ്ലി തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് 2019ലെ പൊതു തെരഞ്ഞടുപ്പിൽ രാജ്യം മോദി സംഘ് നെ ദില്ലയിൽ നിന്ന് കുടിയൊഴുപ്പിക്കുമെന്നതിന്റെ ശക്തമായ സൂചനയാണ്.

തുടർച്ചയായി 15 വർഷം ഭരിച്ചതിനു ശേഷമാണ് മധ്യപ്രദേശിൽ ബിജെപിയുടെ ശിവരാജ് സിംഗ്ചൗഹാനെയും ഛത്തിസ്ഗഡിൽ രമൺസിങിനെയും ജനം കയ്യൊഴിഞ്ഞത്. രാജസ്ഥാനിലാകട്ടെ വസുന്ധരയെ  അഞ്ചു വർഷം കൊണ്ടുതന്നെ ജനം മടുത്തു. ഹിന്ദുത്വ രാഷ്ട്രീയ സംസ്ഥാപനത്തിലായിരുന്നു ഈ ബിജെ പി മുഖ്യമന്ത്രിമാരുടെ മുഖ്യ ഊന്നൽ. അധികാര വിനിയോഗം പക്ഷേ ജനക്ഷേമ പ്രവർത്തനങ്ങളിലായിരുന്നില്ല. ഇതിന്റെ കൃത്യമായ പ്രതിഫലനമായിരുന്നുവല്ലോ മധ്യപ്രദേശിലെ മൻസൂർ കർഷക കലാപം. രാജ്യം സാക്ഷ്യം വഹിച്ച ഈ കർഷക കലാപത്തിന് പ്രത്യേകിച്ചൊരു പ്രതിപക്ഷ പാർട്ടിയുടെ നേതൃത്വുണ്ടായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. ഈ രാഷ്ട്രീയ സ്ഥിതിവിശേഷത്തിൽ ഭരണവിരുദ്ധ വികാരം
സ്വഭാവികമായും പ്രകടമായിരിക്കുന്നുവെന്ന് സാരം. കർഷക പ്രശ്ന പരിഹാരമെന്ന ഉത്തരവാദിത്തമേറ്റെടുക്കുന്നതിൽ ബിജെപിയുടെ കേന്ദ്ര സർക്കാരും ഒപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് ബി ജെ പി സർക്കാരുകളും പരാജയപ്പെടുന്നുവെന്നതിനുള്ള മറുപടിയാണിപ്പോൾ ജനങ്ങൾ നൽകിയിരിക്കുന്നത്.

17ാം ലോകസഭയിൽ കോൺഗ്രസിന് 44 സി റ്റുകൾ മാത്രം.2019 ലെ 18ാം ലോകസഭയിൽ ഈയൊരവസ്ഥ തിരുത്തപ്പെടുമെന്ന ശുഭ പ്രതീക്ഷ തന്നെയാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നൽകുന്നത്. 17ാം ലോകസഭയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് ലോകസഭാംഗങ്ങളുടെ അംഗബലം തീർത്തും ശുഷ്ക്കം.

രാജസ്ഥാനിലെ 25 സീറ്റുകളിൽ രണ്ടു സിറ്റുകൾ മാത്രമാണ് കോൺഗ്രസ് അക്കൗണ്ടിലുള്ളത്. മധ്യപ്രദേശിൽ നിന്നുള്ള 29 ലോകസഭ സീറ്റുകളിൽ 27 ഉം ബിജെപിക്കൊപ്പം. ഛത്തിസ്ഗഡിലെ 11 ൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന്‌. ഈ മൂന്ന് ഹിന്ദി ബൽറ്റ് സംസ്ഥാനങ്ങളിൽ മൊത്തം 65 സീറ്റുകൾ. ഇതാകട്ടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകം തന്നെയാണ്. മാറിയ രാഷ്ട്രീയ സാഹചര്യം അടിവരയിടുന്നത് 2019 മെയ് മാസത്തിലെ പൊതു തെരെഞ്ഞടുപ്പിൽ ബി ജെ പിയുടെ അവസ്ഥ പരിതാപകരമായിരിക്കുമെന്നുതന്നെയാണ്.

ഇനി പൊതു തെരഞ്ഞെടുപ്പിലേക്ക് കേവലം അഞ്ചുമാസം മാത്രം. ഇത്രയും സമയത്തിനുള്ളിൽ
നോട്ടു നിരോധനവും ജി എസ് ടി യുമടക്കം സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കുകയെന്നത് മോദിയുടെ കേന്ദ്ര സർക്കാരിന് ഒട്ടും എളുപ്പമാവില്ല. കോൺഗ്രസ് വിമുക്ത ഭാരതത്തിൽ ഹിന്ദു രാഷ്ട്ര സംസ്ഥാപ നമെന്ന മോദി സംഘിന്റ് മോഹം പൂവണിയുവാൻ പോകുന്നില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഈ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നത്. അതേേമയം ഈ സംസ്ഥാനങ്ങളിൽ അധികാരത്തിലേറുന്ന സർക്കാരുകൾ കർഷക പ്രശ്ന പരിഹാരത്തിനായി സ്വികരിക്കുവാൻ പോകുന്ന നടപടികളിലാണ്  ഏവരും ഉറ്റുനോക്കുുന്നത്. 2019ലെ ലോക തെരഞ്ഞെടുപ്പ് ഫലം കർഷക അനുകുല നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് സുനിശ്ചിതം. ഹിന്ദുത്വ സം സ്ഥാപനമെന്ന ദൗത്യമാണ് ഭരണം കൈപിടിിയിലാക്കുന്നതിനുള്ളള പ്രധാന മാർഗ്ഗമെന്നതിന് ശക്തമായ ഒരു തിരുത്തും ഈ തെരഞ്ഞെടുപ്പു ഫലങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

മോദിസർക്കാർ വിദേശനയം വിജയമോ?

 

ഇന്ത്യ – ചൈന, ഇന്ത്യ – പാക്ക് ബന്ധങ്ങളെ മുൻനിറുത്തി ഒരവലോകനം

കെ.കെ ശ്രീനിവാസൻ

മോദിഭരണത്തിന്റെ അഞ്ചുവർഷത്തിലേക്കുള്ള നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇക്കാലമത്രയായ മോദി ഭരണവേളയിൽ ഇന്ത്യയുടെ വിദേശനയം അന്തർദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ബാക്കി. അന്തർ ദേശീയ രാഷട്രീയത്തിന്റെ അകത്തളങ്ങളിൽ ഇന്ത്യയെ പ്രതിഷ്ഠിച്ചത് നെഹ്രുയുൾപ്പെടെ നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾ. ഈ സർക്കാരുകളുടെ വിദേശ നയ മികവിൽ മോദിയുടെ വിദേശ നയമെത്തുമോയെന്ന പരിശോധന ആവശ്യപ്പെടുന്നുണ്ട്.

ചരിത്രം നിർമ്മിക്കുകയാണ്. ഒപ്പം പഥ്യമല്ലാത്ത ചരിത്രം അപനിർമ്മിക്കപ്പെടുന്നു. മോദി വൃന്ദമാണ് തങ്ങൾക്കാവശ്യമായ ചരിത്രം നിർമ്മിക്കുന്നതും വേണ്ടാത്തവ അപനിർമ്മിക്കുന്നതും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ആധുനിക ഇന്ത്യയുടെ ശില്പി. തികഞ്ഞ മാനവീകതാവാദി. ഉയർന്ന ശാസ്ത്ര ബോധത്തിന്റെ ഉടമ. ഈശ്വര വിശ്വാസത്തിന്റെ തടവുക്കാരനോ അതല്ലെങ്കിൽ ഈശ്വര നിഷേധിയോയല്ല. ‘ഇന്ത്യയെ കണ്ടെത്തിയ’ എഴുത്തുക്കാരൻ. ഇപ്പറഞ്ഞ സവിശേഷ വ്യക്തിത്വത്തിന്റെ പിൻബലമാണ് ആധുനിക ഇന്ത്യയുടെ ശില്പിയെന്ന ഖ്യാതി നെഹ്രുവിനെ തേടിയെത്തിയത്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയ ആശയ സംസ്ഥാപനം ലക്ഷ്യംവയ്ക്കുന്ന മോദിവൃന്ദം ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് നെഹ്രുവിനെയും ഒപ്പം കോൺഗ്രസിനെയും മായ്ച്ചുകളയുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ആഗോള നയ തന്ത്രജ്ഞതയുടെ പ്രതിഭയെന്നതാണ് അന്തർദേശീയ രാഷ്ട്രീയ ചരിത്രത്തിൽ നെഹ്രുവിന്റെ സ്ഥാനം. അന്തർദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി ലോക രാഷ്ട്രങ്ങൾ കാതോർത്തിരുന്നു. നെഹ്രു – കോൺഗ്രസ് പൈതൃകം സർദാർ വല്ലഭായ് പട്ടേലിലൂടെ എഴുതിതള്ളാൻ ശ്രമിക്കുന്ന മോദിയെ പക്ഷേ അന്തർദേശീയ രാഷ്ട്രീയ ചരിത്രത്തിലിടം നേടാതെ പോയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന അപഖ്യാതിയാണ് കാത്തിരിക്കുന്നത്.

മോദി വിദേശയാത്രയിലാണ്

2014 മെയ് 26 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നാൾ മുതൽ അത്യാഢംബരത്തിന്റെ കോട്ടും. സൂട്ടുമിട്ട് മോദി വിദേശ രാജ്യങ്ങളിൽ പറന്നിറങ്ങുകയാണ്. മോദിയുടെ വിദേശയാത്രകൾ / വിദേശനയം പക്ഷേ അന്തർദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുവാൻ പോന്നവയാണോ? ഈ സംശയം ദൂരീകരിക്കുക മോദി സർക്കാരിനും എളുപ്പമാകില്ല.

2018 ജൂലായ് 20 വരെ 84 രാഷ്ട്രങ്ങൾ മോദി സന്ദർശിച്ചു. ഇതിനായി 1484 കോടി രൂപ ചെലവഴിക്കപ്പെട്ടു ( രാജ്യസഭ ചോദ്യോത്തരം, വി കെ സിങ്, രാജ്യരക്ഷ സ ഹമന്ത്രി, 2018 ജുലായ് 20). 2015 ഏപ്രിൽ 9 -17 വരെ നടത്തിയ ഫ്രാൻസ്, ജർമ്മനി, കാനഡ സന്ദർശത്തിനായി മാത്രം ചെലവഴിക്കപ്പെട്ടത് 32 കോടി. നാല് വർഷത്തിനുള്ളിൽ 171 ദിവസവും മോദി വിദേശ സന്ദർശനത്തിലായിരുന്നു. പ്രധാനമന്ത്രി കാലയളവിന്റെ 12 ശതമാനം സമയവും മോദി വിദേശ ടൂറിൽ (ഹിന്ദു, ജലായ് 21, 2018) .

2018 നവംമ്പർ 18 ന് അപ്ഡേറ്റ് ചെയ്തിട്ടുള്ള പ്രധാനമന്ത്രി കര്യാലയ വെബ്ബസൈറ്റിൽ മോദിയുടെ വിദേശയാത്രകളുടെ അപൂർണ വിവരങ്ങൾ ലഭ്യമാണ്. 2016 ഏപ്രിലിൽ സ്വീഡൻ, യു.കെ, ജർമ്മനി യാത്രകളുടേതു മുതൽ 2018 നവംമ്പർ 13 – 15 വരെയുള്ളവയുടെ ചെലവുവിവരങ്ങൾ ഇനിയും സൈറ്റിൽ ലഭ്യമാക്കപ്പെട്ടിട്ടില്ല !

ഇത്രയൊക്ക കോടികൾ ചെലവഴിക്കപ്പെട്ട വിദേശയാത്രകളിൽ നിന്ന് രാജ്യം എന്തു നേടിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. വിദേശ യാത്രകളിലെ മുഖ്യയിനം യോഗയുടെയും ആയുർവ്വേദത്തിന്റെയും പ്രചരണം. സന്ദർശന രാഷ്ട്രങ്ങളിലെ ഇന്ത്യൻ സമൂഹം തനിക്കായി നിറപ്പകിട്ടാർന്ന വരവേല്പ് ചടങ്ങുകൾ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ മോദിക്ക് പ്രത്യേകം ശ്രദ്ധ. ഹിന്ദുത്വത്തിൽ ഊതികാച്ചിയെടുക്കപ്പെട്ട തീവ്ര ദേശീയത വിക്ഷേപിക്കുന്നതിനായുള്ള ഇത്തരം ചടങ്ങുകളിലാണ് വിദേശ സന്ദർശനവേളയിൽ മോദിയുടെ മുഖ്യ ഊന്നൽ. സെമറ്റിക്ക് മതങ്ങളുടെ പരിസരത്ത് ജീവിക്കുന്ന പ്രവാസി ഇന്ത്യക്കാരാകട്ടെ പൊതുവെ ഹിന്ദുത്വ ആശയങ്ങളോട് ആഭിമുഖ്യമുള്ളവർ. ഇതിനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കുന്നതിനായുള്ള മെയ് വഴക്കം വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുമ്പോൾ മോദി പ്രത്യേകം പ്രകടിപ്പിക്കുന്നുണ്ടുതാനും.

തനിക്ക് അഭിമതരായ ഇന്ത്യൻ കോർപ്പറേറ്റുകളുടെ വാണിജ്യ വ്യാപാര കൊടുക്കൽ – വാങ്ങലുകൾക്കുള്ള വേദികളൊരുക്കുകയെന്നതും മോദിയുടെ വിദേശ സന്ദർശന അജണ്ടയിലെ പ്രധാന ചേരുവ. അന്തർദേശീയ സാമ്പത്തിക രംഗത്ത് മൈത്രി മുതലാളിത്തത്തിന്റെ മുഖ്യ പ്രചാരകനാണ് മോദി. ഇതല്ലാതെ നെഹ്രു മുതൽ മൻമോഹൻ സിങ്ങ് കോൺഗ്രസ് സർക്കാരുകൾ അടിത്തറയിട്ട ശ്രദ്ധേയമായ അന്തർദേശീയ നയതന്ത്ര ബാന്ധവങ്ങൾക്ക് സമാനമായവ കെട്ടിപ്പടുക്കുന്നതിൽ മോദിയുടെ വിദേശയാത്രകളും വിദേശ നയവും ഫലവത്തായി കാണുന്നില്ല.

അന്തർദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുവാൻ മോദിയുടെ നിരന്തര വിദേശ യാത്രകൾക്കായിട്ടുണ്ടെന്ന് സമ്മതിക്കത്തക്ക നയതന്ത്ര നീക്കങ്ങൾ തുച്ഛം. തൊട്ടടുത്ത അയൽ രാഷ്ട്രം പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ കാര്യമെടുക്കുക. ഇക്കാര്യത്തിൽ മാറ്റത്തിന്റെ സാധ്യതകൾ തേടിയുള്ള ക്രിയാത്മക നയതന്ത്ര നടപടികളേതുമില്ല. ഇന്ത്യ – പാക്ക് പരമ്പരാഗത വൈരത്തിന്റെ അന്തരീക്ഷം തണുപ്പിക്കുന്നതിൽ ഉഭയകക്ഷി ചർച്ചകളും സംഭാഷണങ്ങളും കൂടിയാലോചനകളും ഒഴിച്ചുകൂടാനാകത്തതാണെന്ന് പലവട്ടം
തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നയതന്ത്രം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ പക്ഷേ മോദി സർക്കാർ അമ്പേ പരാജയമാണെന്ന് ഈ രംഗത്തെ തിങ്ക് – ടാങ്കുകൾ അടിവരയിടുന്നു ( www.outlookindia.com/website/amp/me-first-the-core-of-modi-doctrine-of-foreign-policy-damaging-for-india/299892 ).

2015 ഡിസംബർ 24 ന് ക്ഷണിക്കപ്പെടാതെ അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ പേരമകളുടെ വിവാഹ ചടങ്ങിൽ മോദി പങ്കെടുത്തു. ഷെരിഫിന്റെ 66ാം പിറന്നാൾ ദിനത്തിൽ ട്വിറ്ററിലൂടെ ആശംസകൾ ചൊരിഞ്ഞു. ഇവയൊന്നും പക്ഷേ ഇരു രാഷ്ട്രങ്ങൾക്കിടയിലെ തർക്ക പരിഹാരത്തിന്റെ ചെറു സാധ്യതകൾ പോലും തുറക്കുവാനുള്ള നയതന്ത്ര നീക്കത്തിന്റെ ഗണത്തിലുൾപ്പെടുത്തേണ്ടവയായിരുന്നില്ല.

ഇമ്രാഖാന്റെ ഇസ്ലാമാബാദുമായി മോദിയുടെ ദില്ലിക്ക് സൗഹാർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുവാനാകുന്നില്ല.
കാശ്മീർ താഴ്വര കൂടുതൽ അശാന്തിയുടെ കരിനിഴലിൽ തന്നെ. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോദ് സിങ് സിദ്ദു ഇമ്രാ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണിക്കപ്പെട്ടതിലെ മോദി സർക്കാർ നീരസം പോലും ഇന്ത്യാ – പാക്ക് ബന്ധത്തിൽ പ്രതിഫലിച്ചു. മോദി സർക്കാർ പിന്തുടരുന്ന സങ്കുചിത നയതന്ത്രമാണ് ഇവിടെ സുവിദിതമായത്.

ഇന്ത്യ – ചൈന ബന്ധം

ഇന്ത്യ – ചൈന ബന്ധത്തിലും മോദി സർക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെയ്പ്പുകളുണ്ടായിട്ടില്ല. 2017 ജൂൺ മധ്യത്തിൽ ഇന്ത്യ – ഭൂട്ടാൻ – ചൈന അതിർത്തിയിലെ ദോക്ക് ലാം മേഖലയെ ചൊല്ലി ഇരു രാഷ്ടങ്ങളുംയുദ്ധത്തിന്റെ വക്കോളമെത്തി. മേഖലയിലെ ചൈനീസ് റോഡ് നിർമ്മാണത്തിന് ഇന്ത്യ തടസ്സവാദമുന്നയിച്ചതായിരുന്നു കാരണം. എന്നാൽ 2017 ആഗസ്ത് 28 ന് ഇരു രാഷ്ട്രങ്ങളും യുദ്ധസമാന അന്തരീക്ഷത്തിൽ വ്യാപൃതരാകേണ്ടതില്ലെന്ന് എടുത്തുപറയത്തക്ക നയതന്ത്ര നീക്കങ്ങളില്ലാതെ തന്നെ തീരുമാനിക്കുകയായിരുന്നു. അതു കൊണ്ടുതന്നെയിത് കേവലം സന്തുലിത ബലാബലത്തിലൂന്നിയുള്ള നയതന്ത്ര വിജയമായി പരിഗണിക്കപ്പെടേണ്ടതല്ല.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപം എട്ട് ബില്യൺ ഡോളറിന് മുകളിലാണ്. പോയ വർഷ കണക്ക് പ്രകാരം ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ 88.44 ബില്ലൺ ഡോളറിന്റെ വളർച്ച. ചൈനയുമായുള്ള വ്യാപാരത്തിൽ 52 ബില്യൺ ഡോളർ കമ്മിയിലാണ് ഇന്ത്യ.
വ്യാപാരക്കമ്മി കുറയ്ക്കുന്നതിനെ മുൻനിറുത്തി ഇനിയും ഇന്ത്യയിൽ ചൈന നിക്ഷേപമിറക്കണമെന്ന നിലപാടിലാണ് ഇന്ത്യ ( timesofindia.com/business/india-business/china-says-its-investment-in-india-crossed-8-billion/amp_articleshow/63928323.cms ). ഇത്തരമൊരു സാമ്പത്തികാധിഷ്ഠിത താല്പര്യങ്ങളുടെ പശ്ചാത്തലത്തിൽ കേവലം ഒരു റോഡുനിർമ്മാണ തർക്കം യുദ്ധത്തിലേക്ക് വഴിമാറുന്നുവെന്നു വന്നാലത് ഇരു രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥക്കുമേൽ വരുത്തിവയ്ക്കാവുന്ന ആഘാതം ഒട്ടുമേ ചെറുതായിരിക്കില്ലെന്ന തിരിച്ചറിവാണ് മുഖ്യം.

രാജ്യാതിർത്തികൾ കടന്നുള്ള ധന മൂലധനത്തിന്റെ കൊടുക്കൽ വാങ്ങലുകൾ ശരവേഗത്തിലാണ്. അതിൽ നിന്നുള്ള വൻ വ്യാപാര – വാണിജ്യ വരുമാനത്തിലും ലാഭത്തിലും ഒപ്പം സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലുമാണ് കണ്ണ്. അതിനാൽ തന്നെ പരസ്പര സർവ്വനാശത്തിന്റെ യുദ്ധ സാധ്യതകൾക്ക് പണ്ടേ പോലെ ഇടമി ല്ലെന്നതിന്റെ പ്രതിഫലനമാണ് പൊടുന്നനെയുള്ള ദോക്ക് ലാം പ്രശ്നപരിഹാരം. ഇവിടെയാണ് ദോക്ക് ലാം പ്രശ്നപരിഹാരം മോദി സർക്കാരിന്റെ നയതന്ത്ര വിജയമെന്ന നിലയിൽ പരിഗണിക്കപ്പെടാതെപോകുന്നത്. ഇന്ത്യ – ചൈന സാമ്പത്തിക താല്പര്യങ്ങളാണ് മുഖ്യമായും ദോ ക്ക് ലാം തർക്ക ശമനത്തിൽ പ്രതിപ്രവർത്തിച്ചിട്ടുള്ളതെന്ന് സാരം.

ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ്

കുമിഞ്ഞുകൂടിയിട്ടുള്ള ധനമൂലധന പിൻബലത്തിലുള്ള പുത്തൻ ചൈനീസ് സാ മ്രാജ്യത്വത്തിന്റെ തന്ത്രപ്രധാന താല്പര്യാധിഷ്ഠിത
സ്വപ്ന പദ്ധതിയാണ് ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർ
ഐ). ധനമൂലധനം ഭൂഖണ്ഡാന്തര വിപണിയിലെത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ചൈനയുടെ ലക്ഷ്യം. ദക്ഷിണ പൂർവ്വേഷ്യ, പേർഷ്യൻ ഗൾഫ്, വടക്കേ അമേരിക്ക, യുറോപ്പ്, ആഫ്രിക്കയെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ 71 രാഷ്ട്രങ്ങൾ ഭാഗഭാക്കാകുകയാണ്. ഒരു ട്രില്യൺ ഡോളർ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന പദ്ധതി ആഗോള ജിഡിപിയുടെ 30 ശതമാനം പങ്കുപറ്റി ലോകത്തിന്റെ പകുതിയോളം ജനസംഖ്യയെ ബന്ധിപ്പിക്കുന്നു. ഇതിനെതിരെ പക്ഷേ ആഗോള രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇതിനകം തന്നെ ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രങ്ങളെ വായ്പാ കെണിയലകപ്പെടുത്തുന്ന ചൈനീസ് നയതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വിലയിരുത്തലിനെ ശരിവയ്ക്കുംവിധമുള്ള റിപ്പോർട്ടുകളാണ് പ്രത്യേകിച്ചും ഇന്ത്യയുടെ തൊട്ടടുത്ത അയൽ രാഷ്ടങ്ങളിൽ നിന്ന് കേൾക്കുന്നത്‌.

നേപ്പാൾ, ശ്രീലങ്ക, ബർമ്മ , മാലിദ്വീപ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളും ബൽറ്റ് ആന്റ് റോഡ് പദ്ധതി പങ്കാളികൾ. കോടാനുകോടി ഡോളർ വായ്പകളാണ് ചൈന ഇവർക്ക് നൽകിയിട്ടുളളത്. ശ്രീലങ്കയും നേപ്പാളുമൊക്ക തിരിച്ചടവ് വിഴ്ചയിലകപ്പെട്ട് ചൈനീസ് അധിനിവേശത്തിലേക്ക് വഴുതിവീഴുകയാണ്. വായ്പാ തിരച്ചടവ് വീഴ്ചയിലകപ്പെട്ടതോടെ ശ്രീലങ്കയുടെ 1.5 ബില്യൻ ഡോളർ ഹംബന്തോട്ട തുറമുഖ പദ്ധതി ഇതിനകം തന്നെ ചൈനയുടെ കൈപ്പിടിയിലായി.

നേപ്പാളും ചൈനീസ് വായ്പാ പട്ടികയിൽ. ഹിമാലയൻ മേഖലയിൽ ടിബറ്റൻ അതിർത്തി വരെ 72 . 25 കി.മീറ്ററിൽ റെയിൽപാതാ പദ്ധതി. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലക്കടക്കം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് 2.4 ബില്യൺ ഡോളർ പദ്ധതി. എന്നാൽ പ്രതീക്ഷിക്കപ്പെടുമ്പോലെ വിജയകരമാകില്ലെന്നതിനാൽ വായ്പ തിരിച്ചടയ്ക്കാനാകാതെ ചൈനയുടെ കടകെണിയിൽ നേപ്പാളും അകപ്പെട്ടേക്കുമെന്ന ആശങ്കകൾ ഇപ്പോഴെ ശക്തിപ്പെട്ടിരിക്കുകയാണ് ( https://scroll.in/article/902680/after-sri-lanka-will-nepal-be-stuck-in-a-debt-trap-with-china-over-one-belt-one-road-projects).

ബലൂച് തീവ്രവാദ കേന്ദ്രമായ ബലൂചിസ്ഥാനെ ഉൾപ്പെടുത്തി പാക്ക് – ചൈെന സ്വപ്ന പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ തന്ത്രപ്രധാന  പാക്ക് തുറമുഖമായ ഗ്വാദറിൽ നിന്നു തുടങ്ങി ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ സിൻജിയാങ്ങിലെ കാഷ്ഗർവരെ  വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക ഇടനാഴിയാണ് ഇൗ പദ്ധതി. റോഡുകൾ, റയിൽപ്പാതകൾ, എണ്ണ – പ്രകൃതി വാതക പൈപ്പ് ലൈൻ, വാർത്താവിനിമയ സൗകര്യ വികസനം തുടങ്ങിയവ
ഇതിലുൾപ്പെടുന്നു. ബിആർഐയിലെ 62 ബില്യൺ ഡോളറിന്റെ ചൈന – പാക്ക് ഇക്കണോമിക്ക് കോറിഡോറി (സി പി ഇ സി ) ന്റെ ഭാഗമാണിത്. ചൈനയുടേയതാണ് ഇതിന്റെ 80 ശതമാനം വായ്പയും.

ഇക്കണോമിക്ക് കോറിഡോറിൽ അഫ്ഗാനിസ്ഥാനെ യുൾപ്പെടുത്തിയതോടെ അഫ്ഗാനും 50 ബില്യൺ ഡോളറിന്റെ ചൈനയുടെ വായ്പാ സ്വീകർത്താവായി. 7.3 ബില്യൺ ഡോളർ ക്വാക്ക് പ്യൂ ആഴക്കടൽ തുറമുഖ പദ്ധതി രാജ്യത്തെ വൻ കടകെണിലകപ്പെടുത്തുമെന്നതിനാൽ വായ്പ 1.3 ബില്യണാക്കി കുറക്കുവാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബർമ്മീസ് ഭരണകൂടം. 2016 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ ഡാക്ക സന്ദർശനവേളയിൽ വായ്പയടക്കമുള്ള 25 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവക്കപ്പെട്ടു. ഇതോടെ ബംഗ്ലാദേശും ചൈനയുടെ കടക്കാരായി.

മാലിദ്വീപ് പാടേ ചൈനീസ് ചൊൽപ്പടിയിലായി. അബ്ദുള്ള യമീൻ പ്രസിഡന്റായതോടെയാണ് ഇന്ത്യയുടെ പരമ്പരാഗത സഖ്യ രാജ്യമായ മാലിദ്വീപ് ചൈനീസ് പക്ഷത്തേക്ക് കൂടുമാറുന്നത്. ബി ആർഐ പ്രകാരുള്ള വൻകിട പദ്ധതികൾക്കായി 2.5 ബില്യൺ ഡോളർ വായ്പ മാലിദ്വീപ് ചൈനയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. മാലിദ്വീപിന്റെ 70 ശതമാനം വായ്പകളും ചൈനയിൽ നിന്ന്. ഇതിലുടെ മാലിദ്വിപിന്റെ പരമാധികാരവും സ്വാതന്ത്രൃവും ചൈനക്ക് അടിയറവക്കപ്പെട്ടിരിക്കുന്നുവെന്നാണ് മുൻ പ്രസിഡന്റ് അബ്ദുൾ നഷിദ് ഉയർത്തുന്ന ആരോപണം ( https://maldivestimes.com/maldives-feels-the-weight-of-chinas-regional-ambitions/). ദക്ഷിണേഷ്യയിലെ ഭൂട്ടാനെക്കൂടി സ്വാധീനിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാക്കുന്ന തിരക്കിലാണ് ചൈന ( economictimes.com/news/defence/india-watching-chinas-bid-to-court-bhutan/amp_articleshow/59853950.cms ). ഇതുകൂടി സാധ്യമാകുന്നിടത്ത് ചൈനീസ് പിൻബലത്തിൽ സാർക്ക് അംഗ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയെ ഒറ്റപ്പെടുത്തി വലയം ചെയ്യുന്നവസ്ഥ പൂർണമാകും.

ചൈനയുടെ ബിആർഐക്കൊപ്പം ആസൂത്രണം ചെയ്യപ്പെട്ട മാരിടൈം സിൽക്ക് റൂട്ട് പദ്ധതിയും ലോക ശ്രദ്ധയിലാണ്. ദക്ഷിണപുർവ്വേഷ്യ, ഇന്ത്യൻ ഉപ ഭൂഖണ്ഡം, അറേബ്യൻ ഉപ ദ്വിപ്, സോമാലിയ, ഈജിപ്ത് തുടങ്ങിയവയെ കണിചേർത്ത കടൽമാർഗമാണ് ചൈനീസ് മാരിടൈം സിൽക്ക് റൂട്ട്. സൗത്ത് ചൈന കടൽ, മലാക്ക ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഗൾഫ്, ചെങ്കടൽ എന്നിവയടങ്ങുന്നതാണ് സിൽക്ക് റൂട്ട്. ഇന്ത്യൻ മഹാസമുദ്രം താണ്ടി ചെങ്കടൽ പിന്നിട്ട് സൂയസ് കനാലിലേക്ക് ചൈനീസ്
പ്രവേശനമൊരുക്കുകയാണ് ഈ പദ്ധതി. ഇവിടെയാണ് ആഫ്രിക്കൻ വൻകരയുടെ കഴിക്കൻ മുനമ്പിലെ രാജ്യമായ ജീബൂട്ടിയിൽ ബിആർഐയുടെ ഭാഗമായി ചൈന അതിന്റെ ആദ്യ വൈദേശിക സൈനീക താവളത്തിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചുവെന്നത് ഏറെ ശ്രദ്ധേയമാകുന്നത്. ഭൂഖണ്ഡാന്തര വാണിജ്യ – വ്യാപാര ബാന്ധവത്തിന്റെയും തന്ത്രപ്രധാന മേധാവിത്വത്തിന്റെയും പുതുപുത്തൻ കടൽ – കര മാർഗമാണ് ഈ പദ്ധതി ചൈനയ്ക്കായി തുറക്കുന്നത്. ആഗോള ശാക്തിക സന്തുലിതാവസ്ഥയിൽ അമേരിക്കയെ പോലും വെല്ലാവൂന്ന ചൈനീസ് മേൽകൈ ശക്തിപ്പെടുന്നതിന്റെ അടയാളമായും മാറുകയാണ് ജിബൂട്ടി സൈനീക താവളവും ഇതോടൊപ്പം3.5 ബില്യൺ ഡോളർ ചെലവിൽ 48 സ്വക് യർ കി.മിറ്ററിൽ പണിതുയർത്തപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയും.

ചൈനയെ പിടിച്ചുകെട്ടാനാകതെ
മോദിയുടെ ആക്ട് ഈസ്റ്റ് പോളസി

2014 നവംബറിൽ രൂപംകൊടുത്ത ആക്ട് ഈസ്റ്റ് പോളസിയിലൂന്നന്നതാണ് മോദി സർക്കാരിന്റെ വിദേശ നയം.1991 ൽ നരസിംഹറാവു സർക്കാർ വേളയിൽ പ്രധാനമായും ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളെ ത്വരിതപ്പെടുത്തുന്നതിനെ മുൻനിറുത്തി രൂപം കൊടുത്ത ലുക്ക് ഈസ്റ്റ് പോളസിയെ ചുവടുപിടിച്ചാണ് ആക്ട് ഈസ്റ്റ് പോളസി. മ്യാന്മാർ, മംഗോളിയ, വിയറ്റ്നാം, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്തി മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങളെ തടയിടുകയെന്നതാണ് ആക്ട് ഈസ്റ്റ് പോളസിയുടെ ഊന്നൽ.

സൗത്ത് ചൈന കടൽ മേഖലയെ അന്തരാഷ്ട്ര കടൽമാർഗമായി ചൈന അംഗീകരിക്കണമെന്ന ദക്ഷിണ – പുർവ്വേഷ്യൻ രാഷ്ട്രങ്ങളുടെ ആവശ്യത്തിനൊപ്പമാണ് മോദിയുടെ ആക്ട് ഈസ്റ്റ് പോളസി. പക്ഷേ ബിആർഐയിലൂടെ ഇന്ത്യയുടെ തൊട്ട അയൽ രാജ്യങ്ങളെ കടകെണിയിലകപ്പെടുത്തി വരുതിയിലാക്കിയുള്ള ഈ മേഖലയിയിലെ ചൈനീസ് അപ്രമാദിത്തത്തെ ചെറുക്കാൻ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി പോരതാനും.

ബിആർഐ – മാരിടൈം സിൽക്ക് റൂട്ട് പദ്ധതിയിലുൾപ്പെടുത്തി ഇന്ത്യൻ മഹാസമുദ്ര മേഖ (ഇന്ത്യ – പസഫിക്ക്) യിൽ 18 നാവിക താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള തയ്യാറാറെടുപ്പിലാണ് ചൈന ( www.dailyo.in/lite/variety/south-china-sea-indian-ocean-india-china-relations-belt-and-road-initiative-hambantota-port-chabahar-port/story/1/25962.html ).
ഇന്ത്യൻ മഹാസമുദ്ര തീരത്താണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കണ്ടെയ്നർ തുറമുഖങ്ങൾ. ആഗോള പെട്രോളിയം വ്യാപാരം പകുതിയിലധികവും ഈ തുറമുഖങ്ങളെ കേന്ദ്രീകരിച്ചാണ്. ഈ സമുദ്രത്തിലൂടെ  വർഷത്തിൽ 9.84 ബില്ല്യൺ ടൺ ചരക്ക് നീക്കം കണക്കാക്കപ്പെടുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം  17 ശതമാനത്തിൽ നിന്ന് 2030 ൽ 28 ശതമാനമായി ഉയർന്നേക്കും ( https://www.csis.org/analysis/chinas-maritime-silk-road-initiative-economic-drivers-and-challenges). ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഈ വൻ വ്യാപാര – വാണിജ്യ ഒപ്പം പ്രതിരോധ തന്ത്രപ്രധാന സാധ്യതകളിൽ തന്നെയാണ് ചൈനയുടെ കണ്ണ്.

ശ്രീലങ്കൻ ഹാംന്തോട്ട തുറമുഖ പദ്ധതിയിൽ നിന്ന് ആരംഭിച്ച ചൈനയുടെ ഇന്ത്യൻ മഹാസമുദ്ര ആധിപത്യ സംസ്ഥാപനത്തിനെതിരെ മോദിയുടെ ആക്ട് ഈസ്റ്റ് നയതന്ത്രങ്ങൾക്ക് പക്ഷേ കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. അതേസമയം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ ചൈനീസ് ആധിപത്യത്തിന് തടയെന്ന നിലയിൽ 2015ൽ അസംപ്ഷൻ ദ്വീപിൽ സീഷെൽസ് ഭരണകൂടവുമായി ഇന്ത്യൻ നാവിക താവള നിർമ്മാണ കരാറിലെത്തിയെന്നത് ശ്രദ്ധേയം. കരാറിന്റെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ മാറ്റിയെടുക്കുന്നതിൽ പക്ഷേ മോദി സർക്കാരിന്റെ നയതന്ത്ര ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ലതാനും( www.dailyo.in/lite/variety/south-china-sea-indian-ocean-india-china-relations-belt-and-road-initiative-hambantota-port-chabahar-port/story/1/25962.html ).
ഇതൊക്ക പറയുമ്പോഴുംഇറാനിലെ ചബ്ബാര്‍ തുറമുഖ പദ്ധതി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് വെല്ലുവിളിക്കെതിരെ ചെറിയ ആശ്വാസമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇറാന്‍ , അഫ്ഗാനിസ്ഥാന്‍ , മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യൻ വ്യാപാര – പ്രതിരോധ സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള തുറമുഖമാണ് ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിൽ നിര്‍മ്മിക്കുന്ന ചബ്ബാര്‍. 500 മില്യണ്‍ ഡോളര്‍ ചെലവിൽ ഇന്ത്യയാണ് ഈ തുറമുഖം നിര്‍മിക്കുന്നത്. തുറമുഖ നിർമ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോഴുള്ള 25 മില്യണ്‍ ടണ്‍ തുറമുഖ വ്യാപാര ശേഷി 85 മില്യണ്‍ ടണായി ഉയരുമെന്നത് ഇന്ത്യക്ക് ആശ്വാസമായേക്കുമെന്ന പ്രതീക്ഷ ശ്രദ്ധേയം.

കോൺഗ്രസും അന്തർദേശീയ നയതന്ത്രവും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നെഹ്രു മുതൽ മൻമോഹൻ സിങ് സർക്കാരുകൾ അന്തർദേശീയ രാഷ്ട്രീയ വേദികളിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിലുള്ള നയതന്ത്ര മികവ് രേഖപ്പെടുത്തിയതിന് സാക്ഷ്യങ്ങളേറെ. യുഎസ് – സോവിയറ്റ് റഷ്യ ഇരുധ്രുവ ലോക ശീതസമര വേളയിൽ നെഹ്രുവിന്റെ മുൻകയ്യിൽ ഒരു നവ ലോക ക്രമത്തിനായി ചേരിചേരാ പ്രസ്ഥാനം. ലാൽ ബഹൂദർ ശാസ്ത്രീയുടെ നയതന്ത്രജ്ഞതയിൽ നിന്നുയിർകൊണ്ട ഇന്ത്യ – പാക്ക് താഷ്ക്കന്റ് കരാർ. പാക്കിസ്ഥാനുമായി അമേരിക്കൻ – ചൈനീസ് ബന്ധങ്ങൾ പുഷ്ഠിപ്പെടുന്നതിനു മറുപടിയെന്നോണം ഇന്ദിരഗാന്ധി സർക്കാർ നയതന്ത്രത്തിൽ രൂപമെടുത്ത ഇന്തോ – സോവിയറ്റ് സൗഹൃദ്ദ ഉടമ്പടി. ബംഗ്ലാദേശ് വിമോചനത്തിന് വഴിയൊരുക്കി ഇന്ത്യ – പാക്ക് സിംല കരാർ. ഇന്ദരിഗാന്ധിയുടെ തന്നെ പൊക്രാൻ ആണവ പരീക്ഷണത്തിലൂടെ ആഗോള ശാക്തിക ബലാബലത്തിൽ ഇന്ത്യയെ ആണവ രാഷ്ടമാക്കി. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മ (സാർക്ക്) രൂപീകരണത്തിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഇന്ത്യയുടെ നേതൃപരമായ പ ങ്കാളിത്തം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നയതന്ത്ര മികവിൽ അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബ്ബച്ചേവിനെ പങ്കെടുപ്പിച്ച് ആണവായുധ വിമുക്ത – യുദ്ധരഹിത ലോകമെന്ന ആഹ്വാനമുയർത്തി ദില്ലി ഉച്ചകോടി. ഏറ്റമൊടുവിൽ, വാജ്പേയി സർക്കാരിന്റെ ആണവ പരീക്ഷണത്തെ തുടർന്ന് ഇന്ത്യക്കെതിരെ അമേരിക്കയുടെ തന്നെ ഉപരോധത്തെ നിഷ്ഫലമാക്കി, ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാതെ
തന്നെ, ഇന്ത്യ ആണവശക്തിയെന്ന അംഗീകാരം ലോക രാഷ്ട്രങ്ങൾക്കിടയിൽ അരക്കിട്ടുറപ്പിച്ച് മൻമോഹൻ സിങ് സർക്കാർ വക ഇന്തോ – അമേരിക്കൻ ആണവക്കരാർ ( 1 2 3 എഗ്രിമെന്റ് ). ഇതിന്റെ പിൻബലത്തിൽ ആണവ മിസൈൽ സാങ്കേതിക വിദ്യാ വിപണി സാധ്യതകൾ തുറക്കുന്നതിലും ഒപ്പം മിസൈൽ നിർവ്യാപനത്തിലൂന്നതുമായ ചൈനക്ക് ഇനിയും ഇടം ലഭ്യമായിട്ടില്ലാത്ത മിസൈൽ ടെക്നോളജി കൺട്രോൾ വ്യവസ്ഥാ ഗ്രൂപ്പിൽ ഇന്ത്യ 35ാമത് അംഗമായി സ്ഥാനമുറപ്പിച്ചു. ഇന്തോ – അമേരിക്കൻ ആണവക്കരാറിന്റെ തന്നെ പിൻബലത്തിൽ 48 അംഗ ന്യൂ ക്ലിയർ സപ്ലയർ ഗ്രൂപ്പിലെ അംഗത്വവും ഇനിയിപ്പോൾ ഇന്ത്യക്ക് കയ്യെത്താദൂരത്തല്ല. ഇതെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകളുടെ വിദേശനയ നേട്ടങ്ങളുടെ പട്ടികയിൽ ചുരുക്കം ചിലത് മാത്രം.

നെഹ്രു വിന്റേതടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകളുടെ വിദേശ നയത്തിന്റെ കാതൽ അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ കയ്യൊപ്പിൽ ഒരു നവലോകക്രമമെന്നതായിരുന്നു. മോദിയുടെ ആകട് ഈസ്റ്റ് പോളസി പക്ഷേ ഇന്ത്യൻ വിദേശനയത്തെ ഒരു പ്രത്യേക മേഖലയിലേക്ക് ചുരുക്കികളഞ്ഞുവെന്ന് പറയേണ്ടിവരും. അതേസമയം ഇപ്പറഞ്ഞ മേഖലയിലെ ചൈനീസ് സ്വാധീനത്തെ മറികടക്കുവാനുള്ള ശ്രദ്ധേയമായ നയതന്ത്ര മികവ് പ്രകടിപ്പിക്കുന്നതിൽ മോദി സർക്കാർ മുന്നിലെന്ന് പറയുവാനും വയ്യ.

അഭയാർത്ഥി പ്രവാഹം, കൊറിയൻ ഉപ ദ്വിപിലെ അശാന്തി, ആണവായുധ വ്യാപനം, കാലാവസ്ഥ വ്യതിയാനം, വിശപ്പ്, പട്ടിണി, ദാരിദ്ര്യം, വംശീയ – ആഭ്യന്തര കലാപങ്ങൾ, ഭീകരവാദം, യുഎൻ സമാധാന ദൗത്യങ്ങൾ തുടങ്ങിയ അതീവ ഗൗരവമേറിയ പ്രശ്നങ്ങൾ ആഗോള രാഷ്ട്രീയത്തെ വരിഞ്ഞുമുറുക്കുകയാണ്. ഇത്തരമൊരു അവസ്ഥയിൽ നിന്ന് ലോകത്തെ കരകയറ്റാൻ സഹായകരമാകുന്നന്ന രചനാത്മകമായ നയതന്ത്ര സംഭാവനകൾ നൽകുന്നതിൽ മുൻ ഇന്ത്യൻ സർക്കാരുകളെ അപേക്ഷിച്ച് മോദി സർക്കാർ മികവ് പുലർത്തിയെന്നതിന് ദൃഷ്ടാന്തങ്ങൾ നന്നേ കുറവ്. ഇതൊക്ക പറയുമ്പോൾ തന്നെ അന്തർദേശീയ ആയുധവിപണിയിൽ മോദി സർക്കാരിന്റെ ഇടപെടൽ അന്തർദേശീയ രാഷ്ട്രീയ ബന്ധങ്ങളിൽ ഇന്ത്യയെ ശ്രദ്ധാകേന്ദ്രമാക്കിയെന്നത് കാണാതെപോകരുത്. റഷ്യയുമായുള്ള 5.43 ബില്യൺ ഡോളറിന്റെ എസ്- 4OO മീസൈൽ സിസ്റ്റംകരാറും ഫ്രാൻസുമായി 8.7 ബില്യൺ ഡോളറിന്റെ റഫേൽ യുദ്ധവിമാന കരാറും ഇതിൽ മുഖ്യം. അന്തർ ദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ആയുധക്കച്ചവടങ്ങൾക്ക് നയതന്ത്ര മികവിന്റെ പട്ടികയിൽ സ്ഥാനമില്ല. അതേസമയം റഫേൽ ഇടപാടിലെ അഴിമതികൾ അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ മാനംകെടുത്തിയെന്ന് പറയാതെ വയ്യ.

ലേഖകൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ റിസർച്ച് ഫെല്ലോയും പാണഞ്ചേരിന്യൂസ്.കോം എഡിറ്ററുമാണ്

Non-edited version

:

വെള്ളാപ്പള്ളിക്ക് എൽഡിഎഫിലെത്താൻ ഇത് അപൂർവ്വ അവസരം

 

കെ.കെ ശ്രീനിവാസൻ

വെള്ളാപ്പള്ളി നടേശന് ഇത് അപൂർവ്വ അവസരം. വെള്ളാപ്പള്ളിയും മകനും കുടുംബവും അടുപ്പക്കാരും ചേർന്ന് രൂ പീകരിച്ച ഭാരതീയ ധർമ്മ ജന സേനയെന്ന പാർട്ടിക്ക് എൽഡിഎഫിൽ ചേക്കുറുവാനുള്ള നല്ല അവസരമെന്നാണ് ഉദ്ദേശിച്ചത്.

സമുദായ പിൻബലത്തെ രാഷ്ട്രീയ പാർട്ടിയാക്കുവാനുള്ള തീരുമാനമെടുത്തത് പെട്ടെന്നൊന്നുമായിരുന്നില്ല. അപ്പോൾപോലും സാമുദായിക സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുത്തുമ്പോൾ സമുദായാംഗങ്ങൾക്കിടയിലുണ്ടാകാനിടയുള്ള ആശയക്കുഴപ്പത്തെ മറികടന്നുകൊണ്ടുതന്നെയായിരുന്നു രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമെന്ന് പറയാനാകില്ലെന്ന വസ്തുത അവശേഷിക്കുന്നുണ്ട്.

വെള്ളാപ്പള്ളിയും ഭാര്യയും മകനും മൂന്നു തിരിയിട്ട നിലവിളക്ക് കൊളുത്തി 2015 നവംമ്പർ 23 ന് കാസർഗോഡ് സിദ്ധിവിനായക ക്ഷേത്രപരിസരത്തു നിന്ന് ആരംഭിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപനം ഡിസംബർ അഞ്ചിന് തി രു വ ന ന്തപുരം ശംഖുമുഖം കടപ്പുറത്തായിരുന്നു. നായാടി മുതൽ നമ്പൂതിരി വരെ ഒരേ രാഷ്ട്രീയത്തിൽ കണ്ണിചേർക്കുകയെന്ന ദൗത്യമായിരുന്നുവല്ലോ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിലൂടെ വെള്ളാപ്പള്ളി കുടുംബം ഏറ്റെടുത്തത്. ഒരുമാതിരി സ്പോൺൺസർ ചെയ്യപ്പെട്ട
ഹൈന്ദവ ഏകീകരണ ദൗത്യം. പക്ഷേ നായാടിയെയും നമ്പൂതിരിയെയും കണ്ണി ചേർക്കാൻ ഇറങ്ങിതിരിച്ചവർ പെരുന്നയുടെ പടിക്കലിൽ പോലുമെത്തിയില്ലെന്നുമാത്രം.

പാർട്ടി പ്രഖ്യാപിക്കപ്പെട്ടതോടെ വെള്ളാപ്പള്ളി കുടുംബത്തിൽ നിന്ന് എൽഡിഎഫും യുഡിഎഫും അകലം പാലിക്കുന്നവസ്ഥ ഏറെക്കുറെ പ്രകടമായി. എൽഡിഎഫിലെത്തിപ്പെടുന്നതിന് വെള്ളാപ്പള്ളിക്ക് മുഖ്യ തടസ്സമായി വിഎസ്. യുഡിഎഫിലേക്ക് വഴിമുടക്കിയായതാകട്ടെ സുധീരനും. ഇവിടെയാണ് ബിജെപി ആദ്യംമുതലേ രാഷ്ടീയക്കണ്ണ് വെച്ചിരുന്ന വെള്ളാപ്പള്ളി പാർട്ടി വളരെ എളുപ്പത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാക്കപ്പെടുന്നത്. കേന്ദ്ര അധികാരത്തിന്റെ അംശങ്ങൾ തങ്ങൾക്ക് കൂടി ലഭ്യമാക്കപ്പെടുമെന്നു വെള്ളാപ്പള്ളി പാർട്ടിയെ വിശ്വസിപ്പിക്കുന്നതിൽ കേരളത്തിലെ ബിജെപി ഘടകത്തിനും അനായസേന സാധിച്ചു.

ബിജെപിദേശീയ നേതൃത്വം മുന്നോട്ടുവച്ച വാഗ്ദാനങ്ങളുടെ പെരുമഴയിൽ കോൾമയിർകൊണ്ടു വെള്ളാപ്പള്ളി പാർട്ടി. വെള്ളാപ്പള്ളി മകൻ പക്ഷേ രാജ്യസഭാംഗമാക്കപ്പെട്ടില്ല. കേന്ദ്ര മന്ത്രിയും. കേന്ദ്ര സർക്കാർ ബോർഡു സ്ഥാനങ്ങളിലെത്തി നോക്കാൻ പോലും അനുവദിക്കപ്പെട്ടില്ല. എന്തിനധികം, വെള്ളാപ്പള്ളി ഗവർണറാക്കപ്പെട്ടതുമില്ല. ഏറെ “സുരക്ഷാ ഭിഷണി” നേരിടുന്ന വെള്ളാപ്പള്ളിക്ക് പക്ഷേ കരിമ്പൂച്ചകളെ അനുവദിച്ചതിലുടെ സകല വാഗ്ദാനങ്ങളും തങ്ങൾ പാലിച്ചുവെന്ന മട്ടിലാണ് ബി ജെ പി നേതൃത്വം. ഇനിയാകട്ടെ വാഗ്ദാനങ്ങൾ പാലിക്കാൻ സമയവുമില്ല. മോദി സർക്കാർ അതിന്റെ കൗണ്ട് ഡൗണിലാണ്.

ശബരി സ്ത്രീ പ്രവേശന വിവാദത്തിൽ സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നത് സവർണ ഹിന്ദുത്വ അജണ്ടയാണെന്ന് വെള്ളാപ്പള്ളിക്ക് ഏറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ടെന്നുവേണം കരുതാൻ – നിലപാടിൽ അവ്യക്തതകൾ അവശേഷിപ്പിക്കുന്നണ്ടെങ്കിലും. ശബരിമലയിലെ ആചാരങ്ങൾ ഒരു കോടതി വിധിയിൽ ലംഘിക്കപ്പെടേണ്ടതല്ലെന്ന ബിജെപി – സംഘ പരിവാർ പിടിവാശി ശ്രീനാരായണഗുരുവടക്കമുള്ളവർ മുന്നോട്ടുവച്ച നവോത്ഥാന മൂല്യങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന്‌ വെള്ളാപ്പള്ളിയെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയിച്ചുവെന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.

Also read article on sabarmala issue….

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ സംഘടിപ്പിക്കുവാൻ സിപിഎം തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ സംഘാടന ചുമതലയുടെ താക്കോൽ സ്ഥാനം സിപിഎം വെള്ളാപ്പള്ളിക്ക് നൽകിയത് വെറുതെയൊന്നുമല്ല. ബി ജെ പി പാളയത്തിലേക്ക് എൻഎസ്എസ് വഴിമാറുന്നുവെന്നവസ്ഥ സി പി എമ്മിനെ തിർത്തും അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയാണ് വെള്ളാപ്പള്ളിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യത്തിൽ സിപി എം എത്തിചേർന്നിരിക്കുന്നത്.

കമ്യൂണിസ്റ്റ് സർക്കാരിനെതിരെ ഉയർത്തിയ വിമോചന സമര നായകരിലൊരാളായിരുന്നു മന്നത്ത് പത്മനാഭനെന്നത് വ്യക്തം. ഗതികേടുകൊണ്ട് പക്ഷേ ഈ മന്നത്തിനെ കേരളത്തിന്റെ നവോത്ഥാന നായകനെന്ന് നാഴികക്ക് നാല്പതുവട്ടം സിപിഎം പു ക്ഴത്തുന്നുണ്ട്. ഏതുവിധേനെയും പെരുന്നയിലെ പൊന്നുതമ്പുരാൻ സംഘപരിവാർ പാളയത്തിലകപ്പെടുന്നതിനെ തടയിടുകയെന്നതാണ് മന്നം മഹത്വവൽക്കരണത്തിലടക്കം സിപിഎം ലക്ഷ്യംവയ്ക്കുന്നത്. പെരുന്ന എന്നിട്ടും കൺമിഴിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ എന്തു വില കൊടുത്തും കൂടെ നിറുത്തുകയെന്ന‌ തന്ത്രം മെനയാൻ സിപിഎം നിർബ്ബന്ധിക്കപ്പെടുന്നത്.

നവോത്ഥാനത്തിൽ  മന്നത്തിന്റെ പങ്ക്?… ക്ലിക്ക് ചെയ്യുക

തങ്ങളെ കൂടെ നിറുത്തണമെന്ന സി പി എമ്മിന്റെ നിർബ്ബന്ധിതാവസ്ഥയെ രാഷ്ട്രീയമായ മുതലെടുക്കുന്നതിൽ വെള്ളാപ്പള്ളി വൃന്ദം മികവ് പ്രകടിപ്പിക്കേണ്ട സമയമാണിത്. കേരളത്തിൽ ബിജെപി പാളയത്തിൽ തുടർന്നാൽ ഹിന്ദുത്വ പാർട്ടിയെന്ന ലേബൽ വെള്ളാപ്പള്ളി പാർട്ടിക്കുമേൽ പതിയും. അതല്ലാതെ മറ്റൊന്നും ലഭിക്കുവാനേ പോകുന്നില്ല.

സവർണമൂല്യങ്ങളിൽ അഭിരമിക്കുന്ന സംഘപരിവാർ എൻഎസ് എസിനോട് പ്രകടിപ്പിക്കുന്ന ഭയഭക്തി ബഹുമാനം തങ്ങളോട് കാണിക്കുന്നില്ലെന്ന തിരിച്ചറിവും വെള്ളാപ്പള്ളിക്കുണ്ടാകുന്നത് നന്ന്. കേരളത്തിന്റെ രാഷ്ട്രീയ – സാമുഹിക പരിസരത്ത് ഹിന്ദുത്വാശയ വാഹകരായ ബിജെപി പച്ചപിടിക്കുകയെന്നത് അസാദ്ധ്യമായി തുടരുകയാണ്. അതുകൊണ്ടു തന്നെ കേൾക്കാനിരിക്കുന്ന ഹിന്ദുത്വ പാർട്ടിയെന്ന അപരാധത്തിൽ നിന്ന് കരകയറുവാനുള്ള അവസരമാണ് വെള്ളാപ്പള്ളി പാർട്ടിക്കിത്. അതെ, എൽഡിഎഫിൽ ഘടകകക്ഷിയാക്കാൻ തയ്യാറെങ്കിൽ ബിജെപി പാളയത്തോട് വിട പറയാൻ തങ്ങൾ ഒരുക്കമെന്ന് എൽഡിഎഫിനോട് വെള്ളാപ്പള്ളി പാർട്ടി അടിവരയിട്ടുപറയേണ്ട അനിവാര്യമാക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ സന്ദർഭമാണിത്. സന്ദർഭത്തിനു് അനുസരിച്ച് ഉയർന്ന് കൃത്യമായ രാഷ്ട്രീയ വിലപേശൽ നടത്തിയാൽ വെള്ളാപ്പള്ളി പാർട്ടി എൽഡി എഫ് ഘടകകക്ഷിയാക്കപ്പെടാതിരിക്കില്ല. വെള്ളാപ്പള്ളിയെ ഘടക കക്ഷിയാക്കി കൂടെ അരക്കിട്ടുറപ്പിച്ചുനിറുത്തേണ്ടത് സി പി എമ്മിന്റേതു കൂടി ആവശ്യമാണുതാനും.

ശബരിമലയിൽ സംഭവിക്കുന്നത്

നിയമം കയ്യിലെടുക്കുന്നവർക്കെതിരെയുള്ള നിയമപരമായ നടപടികൾ ഭക്തരുടെ / വ്യക്തികളുടെ ആരാധാന സ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന്റെ കടന്നുകയറ്റമാണെന്ന പ്രചരണത്തിന് നിയമപിൻബലമുണ്ടാകില്ല

 

ബരിമല സ്ത്രീ പ്രവേശന വിധി ‘ദൈവത്തിന്റെ സ്വന്തം നാടി’ന്റെ രാഷ്ട്രീയ വിധി നിശ്ചയിക്കപ്പെടുന്നവസ്ഥയിലേക്ക് നീങ്ങുന്നുവെന്നു വേണം പറയാൻ. രാജ്യത്തെ പരമോന്നത കോടതി വിധിയ്ക്കെതിരെയുള്ള ഹിന്ദുത്വ ആൾക്കൂട്ട പ്രതിഷേധങ്ങൾ നാടിന്റെ സമര ചരിത്രത്തിൽ കുറിക്കപ്പെടുകയില്ല. സ്ത്രീ പ്രവേശനത്തിലൂടെ അയ്യപ്പന്റെ നൈഷ്ഠികആചാര – അനുഷ്ഠാനങ്ങൾ ലംഘിക്കപ്പെടുമെന്ന പ്രചരണം വിചിത്രമായ രീതിയിൽ അനുഷ്ഠാനമാക്കപ്പെടുകയാണ്. നാമജപമെന്ന പുതിയ ബ്രാന്റ് നെയിമിലാണ് ഹിന്ദുത്വ വാദികളുടെ പ്രതിഷേധം. നാമജപമെന്നത് ഭക്തി പ്രക്രിയ. എന്നാൽ നാമജപമെന്നതിനെ അക്രമണോത്സുകതക്ക് കോപ്പുകൂട്ടുന്നതിന്റെ പ്രഭവകേന്ദ്രമായി മാറ്റിയെടുത്തിരിക്കുന്നു! നാമജപമെന്നത് അശ്ലീല പദത്തിന് തത്തുല്യമാക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയവും ബാക്കി.

ശബരിമല സ്ത്രീപ്രവേശന വിധി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് വീണുകിട്ടിയ അപൂർവ്വ അവസരമാണെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻപ്പിള്ള വ്യക്തമാക്കിയിടത്ത് തന്നെ ഉയർത്തിവിട്ടിട്ടുള്ള ആൾക്കൂട്ട പ്രതിഷേധ കോലാഹലങ്ങൾക്കു പിന്നിലെ ഹിന്ദുത്വ വോട്ടു ബാങ്ക് സ്വരൂപണ അജണ്ട കൃത്യമായി കേരളം കണ്ടു. ഹിന്ദു ഐക്യവേദിയുടെ ശശികലയുടെയും കെ സുരേന്ദ്രനടക്കുള്ളവരുടെയും അറസ്റ്റുകളെ ഭക്തരുടെ / വ്യക്തികളുടെ ആരാധാനാസ്വാതന്ത്ര്യത്തെ സർക്കാർ ഹനിക്കുന്നുവെന്ന പ്രചരണമായിട്ടാണ് അഴിച്ചുവിടുന്നത്. കോടതി വിധിയുടെ ആനുകൂല്യം ഉറപ്പിക്കപ്പെട്ടവരുടെ ആരാധനാ സ്വാതന്ത്ര്യമനുദിക്കില്ലെന്നത് പക്ഷേ ഹിന്ദുത്വ നിർബ്ബന്ധബുദ്ധി. ഇതിനെ സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കണമെന്ന് ഹിന്ദുത്വ പിടിവാശി. കോടതി വിധി ആനുകൂല്യത്തിൽ ആരധാനക്കെത്തുന്നവരുടെ സ്വാതന്ത്രൃത്തെ സർക്കാരും അനുവദിക്കരുതെന്നാണ് ഈ കടുത്ത പിടിവാശിയിൽ സുവിദിതമാകുന്നത്.

തുലാമാസ – ചിത്തിര പൂജാ വേളകളിൽൽ ഹിന്ദുത്വ ആൾക്കൂട്ടം സന്നിധാനത്തുൾപ്പെടെ കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കണ്ടതാണ്. ഈ സമ്മർദ്ദ സാഹചര്യമാണ് മണ്ഡല മഹോത്സവത്തിൽ അത് ആവൃത്തിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലെത്താൻ സർക്കാരിനെ നിർബ്ബന്ധിതമാക്കിയത്. ഇതിന്റെ പ്രതിഫലനമായി തന്നെയാണ് വൻ പൊലിസ് സേനാ വിന്യാസവും ഭക്തരുടെ പ്ര വേശന നിയന്ത്രണവും. നിലക്കൽ മുതൽ സാന്നിധാനം വരെ നിയമം കയ്യിലെടുക്കാൻ തങ്ങളെ അനുവദിക്കണമെന്ന ഹിന്ദുത്വ ആൾകൂട്ടത്തിന്റെ ആവശ്യം അപ്പാടെ അനുവദിച്ചുകൊടുക്കുവാൻ ഭരണഘടനാ സ്ഥാപനമായ സർക്കാരിനാകില്ല. ഇവിടെയാണ് ഹിന്ദുത്വ ആൾക്കൂട്ട നേതാക്കളായ ശശികല, കെ സുരേന്ദ്രനടക്കമുള്ളവരുടെ കൂടെ കൂടെയുള്ള ശബരിമല സന്ദർശനം അനുവദിക്കപ്പെടാതിരുന്നതിലെ സർക്കാർ നടപടികളിലെ നിയമ പിൻബലം പ്രസക്തമാവുക. ഭക്തിയുടെ മറപിടിച്ച് ഹിന്ദുത്വ രാഷ്ട്രീയ താല്പര്യങ്ങൾ വിക്ഷേപിക്കുന്നതിനായുള്ള ആരാധനയെ അവകാശമായി അംഗീകരികരിച്ചുകൊടുക്കുവാൻ നിയമപരമായ തന്നെ സർക്കാരിന് ബാധ്യതയില്ലേയില്ല. രാജ്യത്തെ പരമോന്നത കോടതി വിധി ലംഘിക്കുന്നവരുടെ ആരാധന സ്വാതന്ത്രൃം സംരക്ഷിക്കുവാൻ സർക്കാരിന് ബാധ്യതയേതുമില്ലെന്ന് തിരിച്ചറിയാൻ കൊച്ചു കുട്ടികൾക്കു പോലുമാകും.

മുമ്പെങ്ങുമില്ലാത്ത കടുത്ത നിയന്ത്രണങ്ങൾ ഇത്തവണത്തെ ശബരിമല ഉത്സവ/ ആരാധനാന്തരീക്ഷത്തെ ബാധിച്ചിരിക്കുന്നുവെന്നത് ശരി തന്നെയാണ്. ഇത്തരമൊരു അലങ്കോലാവസ്ഥ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വച്ച് ക്ഷണിച്ചുവരുത്തിയതാണ്. ഹിന്ദുത്വ വാദികൾ സ്വഭാവികമായും
അ ലങ്കോലവസ്ഥയുടെ ഉത്തരവാദിത്തം സർക്കാരിൽ കെട്ടിവക്കും. ആത്യന്തികമായി പക്ഷേ ആരാണ് മുഖ്യ ഉത്തരവാദികളെന്ന് ജനങ്ങളായിരിക്കും കൃത്യമായി വിലയിരുത്തുക. ബഹു ഭൂരിപക്ഷത്തിന്റെ ശരിയായ വിലയിരുത്തൽ 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഉന്നംവച്ചുള്ള ഹിന്ദുത്വ വോട്ടു ഏകീകരണമെന്ന കണക്കുകൂട്ടലിന് വിരുദ്ധമായിരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

ഇനി 2019 ജനുവരി 22 ന് കാണാം

 

ഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 28 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടിവരില്ലേ?

ഇനി സുപ്രീം കോടതി ജനുവരി 22ന് ! 50  പുന:പരിശോധന ഹർജികൾ അനുവദിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ പ്രവേശന വിധിയിൽ പക്ഷേ സ്റ്റേയില്ല. ഇതോടെ  ഹിന്ദുത്വ ആൾക്കൂട്ട വെല്ലുവിളികളുടെ ശക്തി കൂട്ടേണ്ട വോട്ടു ബാങ്ക് രൂപീകരണ ബാധ്യത ഇനിയും ഹിന്ദുത്വവാദികൾക്ക് ഏറ്റെടുക്കേണ്ടിവരും. സർക്കാരാകട്ടെ ക്രമസമാധാന ലംഘനമെന്നതിനെ തടയിടുവാനുള്ള സംയമനത്തിന്റെ പുത്തൻ അടവുകൾ പ്രയോഗിയ്ക്കുവാൻ നിർബ്ബന്ധിക്കപ്പെടാതിരിക്കിക്കുകയില്ലതാനും. സ്റ്റേ  അനുവദിക്കാതിരുന്നതിൽ ഇതുവരെ സർക്കാർ സ്വീകരിച്ച നിലപാടും നടപടികളും ശരിയെന്നതിന്റെ ശക്തമായ സൂചനകളുണ്ട്.

ഇനിയും  കാതലായ സംശയം ബാക്കി. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ നിന്ന് പിറകോട്ട് പോകുവാൻ സുപ്രീoകോടതിക്ക് കഴിയുമോയെന്നത് അതീവ ഗൗരവമേറിയ സംശയം. ആചാര – അനുഷ്ഠാന ലംഘനങ്ങൾ അനുവദിക്കില്ലെന്ന ആൾക്കൂട്ട ബഹളം കണ്ട് രാജ്യത്തെ പരമോന്നത നീതിപീംത്തിന്റെ മുട്ട് വിറക്കുന്നുവെങ്കിലത് ഇന്ത്യൻ പാർലമെൻററി വ്യവസ്ഥയുടെ നിലനില്പിന് നേരെ ഉയർത്തുന്ന ചോദ്യചിഹ്നമായി അവശേഷിക്കും.

കോടതിയെ വെല്ലുവിളിക്കുന്നതിലൂടെ ഹിന്ദുത്വ സ്പോൺസേഡ് ആൾക്കൂട്ട ലക്ഷ്യം ഹൈന്ദവ ഏകീകരണത്തിലുടെ ഹിന്ദു വോട്ടു ബാങ്ക് ശക്തിപ്പെടുത്തുകയെന്നത് തന്നെ.  മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര രാഷ്ട്രീയത്തിന്റെ അകത്തളത്തിലേറാൻ വോട്ടു ബാങ്ക് രൂപീകരണവും പരിപാലനവും മുഖ്യ ചേരുവയായി മാറിയിട്ടുണ്ട്. പക്ഷേ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ സവിശേഷതകളിലൊന്നായ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ ചെലവിൽ വേണോ  ഹിന്ദുത്വവോട്ടു ബാങ്ക് രൂപീകരണം?

ഹിന്ദുത്വ ആൾകൂട്ട വെല്ലുവിളി ഒരു കോടതി വിധിയുടെ വിധി നിർണ്ണയിക്കുന്നുവെന്നുവന്നാൽ അതിലൂടെ  ലോകത്തിലെ വിഖ്യാതമായ ജനാധിപത്യ വ്യവസ്ഥയുടെ ദുരവസ്ഥയായിരിക്കും വെളിവാക്കപ്പെടുക.  മാസങ്ങൾക്ക് മുമ്പു പോലും സുപ്രീം കോടതിയുടെ വിധികൾ കോടതി തന്നെ പിൻവലിക്കുകയോ മയപ്പെടുത്തുകയോ ഭേദഗതി ചെയ്യുകയോ ചെയ്തിട്ടുണ്ട്.  പാതയോരത്തെ ബാറുകളുടെയും മദ്യഷോപ്പുകളുടെയും പ്രവർത്തനം അവസാനിപ്പിക്കണമെന്ന ഉത്തരവിൽ നിന്ന് കോടതി തന്നെ ഏറെക്കുറെ പിന്നോട്ടു പോയിയെന്നത് കണ്ടതാണ്. ഇത്തരമൊരു ലാഘവത്തോടെ കോടതിക്ക് ശബരിമല സ്ത്രീ പ്രവേശന കോടതി വിധിയിൽ മാറ്റം വരുത്തുകയെന്നത് എളുപ്പമാവില്ല.

മൗലിക അവകാശ സംരക്ഷണമെന്ന മൗലികമായ ഭരണഘടനാപരമായ ഭാരിച്ച ഉത്തരവാദിത്തമാണ് ശബരിമല  സ്ത്രീ പ്രവേശന വിധിയിലുടെ പരമോന്നത കോടതി ഏറ്റെടുത്തത്. ഇതിൽ നിന്ന് പിറകോട്ടു പോകുന്നുവെങ്കലതിൽ നിന്ന് മൗലിക അവകാശ സംരക്ഷണ ചുമതല നിർവ്വഹിക്കുന്നതിൽ ഇന്ത്യൻ നീതിപീഠം ഭയപ്പെടുന്നുവെന്ന് വായിച്ചെടുക്കേണ്ടി വരും. ഇന്ത്യൻ നിയമ വ്യവസ്ഥക്കുമേൽ സവർണ താന്ത്രിക താല്പര്യങ്ങൾ മേൽകൈ നേടുന്ന അവസ്ഥ സ്വതന്ത്ര നീതിന്യായ വ്യവസ്ഥ മുഖമുദ്രയായുള്ള ഇന്ത്യൻ ജനാധിപത്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശുഭകരമാവില്ല.

ക്രമസമാധാന ലംഘനമെന്ന തുറുപ്പുചീട്ട് ഇറക്കി കളിച്ചാൽ നീതിപീംത്തെ വിറപ്പിക്കുവാനാകുമെന്ന സന്ദേശമുണ്ടായാലും അത് ഗുണകരമാവില്ല. ഇതിലുപരി അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച കോടതി വിധി പുന:പരിശോധനക്ക് വിധേയമാക്കുവാൻ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 25 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടി വഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 25 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടിവരില്ലേ?

കേരളീയ നവോത്ഥാന നേതൃത്വം ഗാന്ധിക്കോ നാരായണ ഗുരുവിനോ?

 

 

കെ.കെ ശ്രീനിവാസൻ

കോൺഗ്രസിന്റെ പോസ്റ്ററിൽ  ശ്രീനാരായണ ഗുരുവിന് കേരളത്തിന്റെ മുഖ്യ നാവോത്ഥാന ശില്പിയെന്ന  അംഗീകാരത്തിന്  പ്രകടമായ  അവഗണന.  ഗാന്ധിജിയാണ്  നവോത്ഥാന ചരിത്ര സംഭവങ്ങൾക്ക് മുഖ്യസാരഥിയായതെന്ന് ദ്യോതിപ്പിക്കുകയാണ്  കോൺഗ്രസ് പോസ്റ്റർ

ഇവർ ഹിന്ദുത്വ വിശ്വാസികൾ; അയ്യപ്പ വിശ്വാസികളല്ല

 

കെ.കെ.ശ്രീനിവാസൻ

വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഇതാണ് അജണ്ട

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ഹിന്ദുത്വ ആൾക്കൂട്ട സമരകോലാഹലങ്ങൾ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട കേരളത്തിന് അപമാനം. ഹിന്ദുത്വ സാമൂഹിക ക്രമം ഉന്നംവക്കുന്ന സംഘ് പരിവാറിന്റെ അധികാര രാഷ്ട്രീയ ശാഖയായ ബി ജെ പി അയ്യപ്പ വിശ്വാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്ക് നിക്ഷേപമാണെന്ന അവകാശവാദത്തിലാണ്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഭംഗം വരുമെന്ന വേവലാതിയുടെ മറയിലാണ് നാമജപമെന്ന പേരിൽ ഹിന്ദുത്വ വാദികളുടെ സമരം. ഇതിന്റെ പൊള്ളത്തരങ്ങൾ ഇതിനകം തന്നെ പല കോണുകളിൽ നിന്ന് തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പസ്വരൂപമല്ല ശാസ്താവാണ്. ഭാര്യാ സമേതനാണ് ശാസ്താവ്. അതും രണ്ട് പത്നിമാർ. പൂർണയും പുഷക്കലയും. തിരുവാഭരണത്തിൽ തന്നെയിത് പ്രകടം.

പമ്പയ്ക്കപ്പുറം മല കയറാൻ 10-50 വയസു വരെയുള്ള സ്ത്രീകൾ അനുവദിക്കിപ്പെടുന്നില്ല. സന്നിധാനത്തിന്റെ മൂക്കിൻ തുമ്പിൽ പക്ഷേ അയ്യപ്പനെ കാംക്ഷിച്ച് മാളികപുറത്തമ്മയുണ്ട്. ഇതൊക്കയായിട്ടും അയ്യപ്പന് ചാർത്തിനൽകിയിട്ടുള്ള നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഇളക്കമുണ്ടായിട്ടില്ലെന്നല്ലേ വിശ്വാസത്തിന്റെ/ ഭക്തിയുടെ തലത്തിൽ വിചാരിക്കാൻ. കോടതി വിധയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതോടെ ബ്രഹ്മചര്യം തകർന്നുതരിപ്പണമാകുമെന്ന് ഹിന്ദുത്വവാദികളുടെ ദുഷ്പ്രചരണം. ഇത് അയ്യപ്പനെ അപഹസിക്കുന്നതിന് തുല്യം.

കോടതി വിധിയെ വെല്ലുവിളിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ കൂട്ടത്തിൽ കൂടിയിട്ടുള്ളവരെ വിശ്വാസികളായാണ് ബി ജെ പി ബ്രാന്റ് ചെയ്തിട്ടുള്ളത്. ഇപ്പറത്ത വിശ്വാസികൾ പക്ഷേ അയ്യപ്പ വിശ്വാസികളല്ല. ഹിന്ദുത്വ വിശ്വാസികൾ . ഹിന്ദുത്വ ചാവേറുകൾ. യഥാർത്ഥ വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഹിന്ദുത്വ വോട്ട് ബാങ്ക് നിക്ഷേപ സമാഹരണ യത്നത്തിൽ കണ്ണുംപൂട്ടി വ്യാപരിക്കുന്ന ബി ജെ പി കേരളത്തെ വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭ്രാന്താലയമാക്കി മടക്കികൊണ്ടുപോകുകയാണെന്ന യാഥാർത്ഥ്യം ഇതിനകം തന്നെ തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്.

അയോദ്ധ്യയും ശബരിമലയും

ദേശീയ തലത്തിൽ ഹിന്ദുത്വ ഏകീകരണമെന്ന തുറുപ്പ് ചീട്ട് തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണം. അയോദ്ധ്യക്കേസ് നീട്ടികൊണ്ടുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സംഘ്പരിവാർ. സുപ്രീംകോടതിയുടെ അന്തിമ വിധിയ്ക്കായ് കാത്തിരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ച് തർക്കത്തിന് തങ്ങൾ ആഗ്രഹിക്കുംവിധം പരിസമാപ്തി കുറിക്കണം. നീതിന്യായ മണ്ഡലത്തെ പൂർണ്ണമായും ബൈപ്പാസ് ചെയ്ത് ദുർബ്ബലപ്പെടുത്തി എത്രയും പെട്ടന്ന് അയോദ്ധ്യ ക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കുകയെന്നതാണ്  അജണ്ട. ഇതിലുടെ 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യ ഹിന്ദുത്വ പ്രചരണ ആയുധമായി അയോദ്ധ്യ ക്ഷേത്ര നിർമ്മാണ ദൗത്യം ഉയർത്തികാണിക്കുകയെന്നതാണ് ഉന്നം.

കഴിഞ്ഞ നാലര വർഷമായി മോദി ഭരണം. എന്നിട്ടും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന ഹിന്ദുത്വ അജണ്ടയിൽ വേണ്ടത്ര ശുഷ്കാന്തി കണ്ടില്ല. ഇപ്പോൾ പക്ഷേ ക്ഷേത്ര നിർമ്മാണമെന്ന നിർബ്ബന്ധബുദ്ധിയിലാണ് സംഘ പരിപാ ർ. ഭരണ നേട്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയെന്നത് മോദിക്ക് എളുപ്പമാവില്ല. റഫേൽ ഇടപ്പാടിലെ അഴിമതി കുരുക്കിലകപ്പെട്ടതോടെയാകട്ടെ ഇതേറെ ദുഷ്ക്കരവുമായി. ഇവിടെയാണ് പൊതുതെരഞ്ഞടുപ്പുവേളയിൽ ഹൈന്ദവ വോട്ടു ഏകീകരണം സുസാധ്യമാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ നീതിപീഠത്തെ ദുർബ്ബലമാക്കിയും വെല്ലുവിളിച്ചും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന തുറുപ്പുചീട്ട് കളത്തിലിറക്കാൻ മോദി -സംഘപരിവാർ വൃന്ദം കോപ്പുകൂട്ടുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കലാപത്തിലും നീതിന്യായ മണ്ഡലത്തെ ദുർബ്ബലമാക്കുകയെന്നതാണ് സംഘപരിവാർ ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹിന്ദുത്വ വാദികളുടെ പുന:പരിശോധന ഹർജികളുടെ കൂമ്പാരം. ഇതിന്റെ തീർപ്പ് വരുംവരെ കാത്തിരിക്കാതെ തന്നെ ഹിന്ദുത്വ ചാവേറുകളെ ആട്ടിയിറക്കി സ്വാമി വേഷം കെട്ടിച്ച് ബി ജെ പി കലാപത്തിനിറങ്ങി. നവംമ്പർ 13 ന് കോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചേക്കാം. ഹർജികൾ തള്ളുകയാണെങ്കിൽ അത് അംഗീകരിക്കുകയില്ലെന്ന് ഇതിനകം ഹിന്ദുത്വ വാദികൾ പറഞ്ഞുവച്ചിരിക്കുന്നു. അതായത് ഹിന്ദുത്വവാദികൾ അയ്യപ്പന്റ   പൂങ്കാവനത്തിൽ അക്രമത്തിന്റെ ധ്വജ പ്രതിഷ്ഠ നടത്താൻ അണിയറയിൽ സജ്ജമായെന്ന് സാരം.

ശബരിമല സ്ത്രീ പ്രവേശനത്തെ ചെറുക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വവാദികളെ ഒഴിവാക്കി വിധി നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം. ഇത് നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ  പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്നത് സ്വഭാവികം മാത്രം. ഇതിനെ പക്ഷേ നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയായാണ് കേരളത്തിലെ ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പിലാക്കുന്നത് ഏതുവിധേനെയും തടയുമെന്ന് ആക്രോശിക്കുന്നവരാണ് സർക്കാർ നിയമവാഴ്ച ലംഘിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഈ വിരോധാഭാസം സർവ്വരും കൺ തുറന്നുകാണുന്നുണ്ടെന്ന് ഹിന്ദുത്വവാദികൾ കാണാൻ കൂട്ടാക്കുന്നില്ലെന്നു മാത്രം!

ഭരണഘടന തത്വങ്ങൾ മുറുകെപ്പിടിച്ച് അധികാര വിനിയോഗമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയവരാണെല്ലോ നരേന്ദ്ര മോദി വൃന്ദം. ഇവർ പക്ഷേ ഭരണഘടനയുടെ സംരക്ഷക ദൗത്യമേറ്റെടുത്തിട്ടുള്ള നീതിപീംത്തെ വെല്ലുവിളിക്കുകയാണ്. കോടതിയെ മറികടന്ന് ഹിന്ദു രാജ്യസംസ്ഥാപനമെന്ന ആത്യന്തിക അജണ്ട നടപ്പിലാക്കുന്നതിനായി നിയമനിർമ്മാണമെന്നതാണ് ശാഠ്യം. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. പാർലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കുന്നതിൽ മുഖ്യമാണ് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ. ഹിന്ദുത്വ ജ്വരം തലക്ക് പിടിച്ച ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാ, അരുൺജെയ്റ്റലി തുടങ്ങിയ മുൻനിര നേതാക്കൾക്കെല്ലാം നീതിപീം / ഭരണഘടനാ വിരുദ്ധ ശബ്ദം! മൗലികമായി ഇവരെല്ലാം മനുസ്മൃതി സംരക്ഷകർ തന്നെ ! ഈ സംരക്ഷണം പക്ഷേ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെലവിലാകുന്നത് അനുവദിക്കപ്പെടേണ്ടതല്ലെന്ന ബോധ്യപ്പെടലുകൾ അനുദിനം ശക്തിപ്പെടുക തന്നെ ചെയ്യും.

ശബരിമല സ്ത്രീ പ്രവേശന വിധി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇത് ചരിത്ര നിയോഗം

കെ.കെ ശ്രീനിവാസൻ

ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെയും അലട്ടുന്നു

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്യന്തിക കർത്തവ്യമെന്ത്? ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമൂഹി ക – രാഷ്ട്രീയ പരിസരം ഈ ദിശയിലൊരു വിലയിരുത്തൽ അനിവാര്യമാക്കുന്നുണ്ട് . ആധുനിക ജനാധിപത്യ പ്രത്യേകിച്ചും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള മാധ്യമമെന്ന ദിശയിലേക്ക് മാത്രം രാഷ്ടീയ പ്രസ്ഥാനങ്ങളുടെ കർത്തവ്യം ചുരുങ്ങിപ്പോയിരിക്കുന്നു. അധികാരവും വോട്ടു ബാങ്ക് രൂപീകരണവും പരിപാലനവും പാർലമെന്ററി വ്യവസ്ഥയുടെ മുഖ്യ ചേരുവ! ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഖേദകരമായവസ്ഥ.

സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയെന്ന നിലയിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ സ്ഥാനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പാതകാവാഹകരെന്ന നിലയിലാണ് ചരിത്രത്തിലിടം നേടിയത്.
നീരീശ്വരവാദിയും ഉയർന്ന ശാസ്ത്ര ബോധത്തിന്റെ ഉടമയും മാനവീകതാവാദിയുമായ നെഹ്രുവിന്റെ പിൻമുറക്കാരാണെല്ലോ ഇവിടത്തെ കോൺഗ്രസുക്കാർ. അയിത്തോച്ഛാടനുമുൾപ്പെടെയുള്ള സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരെ സമര രംഗത്തു വന്ന ഗാന്ധിജിയുടെ കൂടി പാരമ്പര്യംപേറുന്നവരാണ് കോൺഗ്രസുക്കാർ .

സ്ത്രീ പ്രവേശന വിധിക്കെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് കെ.സുധാകരനിൽ ഹിന്ദുത്വ വോട്ടു ബാങ്ക് ഏകീകരണ ശ്രമത്തിലേർപ്പെട്ടിരിക്കുന്ന സംഘ് ശക്തികളുടെ സ്വരം. ആചാര-അനുഷ്ഠാന ലംഘനമെന്ന പിന്തിരിപ്പൻ നിലപാടാണ് സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കോൺഗ്രസിൽ നിന്ന് പ്രകടമായിട്ടുള്ളത്. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലവും ഉയർത്തിപ്പടിച്ചിട്ടുള്ള സാമൂഹിക മുന്നേറ്റ ഉത്തരവാദിത്തത്തെ തീർത്തും മങ്ങലേപ്പിക്കുന്നതിന് തുല്യം.

വിശ്വാസികളെന്ന പേരിൽ കൊണ്ടാടപ്പെടുന്ന ആൾക്കൂട്ട വോട്ടു ബാങ്കെന്ന ഓലപ്പാമ്പ് കണ്ട് കോൺഗ്രസ് ഭയപ്പെട്ടിരിക്കുകയാണ്. മതേതര മുല്യങ്ങങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപിടിച്ചുള്ള സാമൂഹിക മാറ്റമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് ജാതി-മത വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി നന്നേ ചുരുങ്ങിപോയിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണിത്. അതേസമയം ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി സ്ത്രീ പ്രവേശന വിധിക്കനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാകട്ടെ കെ പി സി സി കൂട്ടം ആകപ്പാടെ ആശയക്കുഴപ്പത്തിന്റെ ആഴക്കടലിക്കപ്പെട്ടുപ്പോയിക്കുന്ന ദയനീയ കാഴ്ച്ച!

ബി ജെ പിയുടെ കാര്യമെടുക്കുക. സംഘ് പരിവാർ പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയാധികാരത്തിനായി ഹിന്ദുത്വ വോട്ടു ബാങ്ക് രൂപീകരണവും ഹിന്ദു രാജ്യ സംസ്ഥാപനവുമെന്നതാണ് മൗലികമായി ബിജെപി കാംഷിക്കുന്ന മാറ്റം. രാഷ്ട്രീയ അധികാരമുപയോഗിച്ച് ഈ ദിശയിലുള്ള സാമൂഹികമാറ്റം സാധ്യമാക്കുകയെന്ന ദൗത്യം കൃത്യമായി ബിജെപി ഏറ്റെടുത്തിട്ടുണ്ടെന്നത് വ്യക്തം. ലക്ഷ്യംവക്കുന്ന സാമൂഹിക മാറ്റത്തിന്റെ പാതയിൽ അടിപതറാതെയുള്ള മുന്നേറ്റം പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. രാജ്യത്തിന്റെ ബഹുസ്വര സാമുഹികാവസ്ഥയെ മാറ്റിമറിച്ച് ഹിന്ദുത്വ സമൂഹസൃഷ്ടിയെന്ന ആത്യന്തിക ലക്ഷ്യസാധൂകരണ ദിശയിൽ നിന്ന് വ്യതിചലിക്കാതെ ബി ജെ പി അതിന്റെ പാരമ്പര്യം ഉയർത്തിപിടിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ബി ജെ പി സമരത്തിലും ഇത് പ്രകടം.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും, പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്ക്കരണ ബില്ലിലൂടെ കേരളത്തിലെ ഭൂ ബന്ധങ്ങൾ പൊളിച്ചെഴുതി സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തി. ഒപ്പം വിവാദ വിദ്യാഭ്യാസ ബിൽ. ഇതിന്റെ പേരിൽ പ്രസ്ഥാനത്തിന് അധികാരം നഷ്ടമായി. ഇതെല്ലാം പക്ഷേ സാമൂഹിക മാറ്റത്തിന്റെ ചരിത്രമെന്ന നിലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരിൽ കൃത്യമായി കുറിക്കപ്പെട്ടു. അത്തരമൊരു സാമുഹിക മാറ്റത്തിന്റെ പ്രയോക്താവ് എന്ന ചരിത്രത്തിന്റെ ഗുണഭോക്താവാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം.

പിൽക്കാല രാഷ്ട്രീയ കാലാവസ്ഥയിൽ പക്ഷേ പ്രസ്ഥാനമെന്നവസ്ഥയിൽ നിന്ന് അധികാരം ഉന്നംവയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയായി പരിണാമം സംഭവിച്ചു. പിന്നിടങ്ങോട്ട് ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യാസമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ചേരുവകൾ തേടിയുള്ള രാഷ്ട്രീയ തന്ത്രങ്ങളുുടെ പിറകെയായി. അതോടെ ചരിത്രത്തിലിടം നോടാനുതകുന്ന മൗലികമായ സാമൂഹിക മാറ്റങ്ങൾക്ക് നാന്ദി കുറിക്കാവുന്ന ശ്രദ്ധേയമായ മുന്നേറ്റങ്ങൾ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പ്രകടമായില്ലെന്നു പറയേണ്ടിവരും.

ഇതാ ഇപ്പോൾ ഒരു അപൂർവ്വ അവസരം. ശബരിമല സ്ത്രീ പ്രവേശന കോടതി വിധി. അതെ ഇതാണ് അപൂർവ്വ അവസരം. കോടതി വിധി നടപ്പിൽ വരുത്തുന്നുവെങ്കിലത് കേവലം സർക്കാരിന്റെ ഇച്ഛാശക്തിയെന്നതിൽ മാത്രമല്ല ഒതുങ്ങുക. ഒരിക്കൽക്കൂടി കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റത്തിന്റെ ഏജന്റ് എന്ന നിലയിൽ കേരള ചരിത്രത്തിൽ തന്നെയായിരിക്കും ഇടംപിടിക്കുക.

വ്യത്യസ്ത ആശയ ചേരികൾക്കിടയിലെ പ്രതിപ്രവർത്തനം അടിസ്ഥാനമാക്കിയുള്ളതാണ് മാറ്റം. നിലാപാടിലെ വ്യതിരിക്തതകൾ മൂർച്ഛിക്കുമ്പോൾ സാമൂഹിക സ്തംഭനാവസ്ഥ മാറ്റത്തിന്റെ തലത്തിലേക്ക് വഴിമാറുന്നു. തുടർന്ന് വ്യതിരിക്ത നിലപാടുകളുടെ സംശ്ലേഷണം. ഇത് ഹെഗലേലിയൻ കാഴ്ചപ്പാട്.

ഹെഗലേലിയൻ കാഴ്ചപ്പാട് സാധൂകരിക്കുംവിധം വ്യത്യസ്ത ചേരികളുടെ സംഘട്ടനങ്ങളുടെ പരിണിതിയായി നിലപാടുകളുടെ സംശ്ലേഷണമെന്നതിലായിരിക്കും ആത്യന്തികമായി ശബരിമല സ്ത്രീ പ്രവേശന തർക്കത്തിന്റെ പരിസമാപ്തി. വിധിക്കെതിരെയുള്ള ഇന്നത്തെ എതിർ – അനുകൂല സ്വരങ്ങളുടെ സംശ്ശേഷണചരിത്രം കുറിക്കപ്പെടുക തന്നെ ചെയ്യും. അതായത് ഇന്നത്തെ ഹിന്ദുത്വ സ്പോൺസേഡ് എതിർ സ്വരങ്ങൾ, പ്രത്യേകിച്ചും വിശ്വാസികളായി വേഷ പ്രച്ഛന്നരായുള്ള ഹിന്ദുത്വ സ്ത്രീ എതിർ സ്വരങ്ങൾ പോലും വിധിയനുകൂ’ല സ്വരങ്ങളിൽ സംശ്ലേഷിക്കപ്പെടും.

ശബരിമല സ്ത്രീ പ്രവേശന കോടതിവിധി നടപ്പാക്കലുമായി
ബന്ധപ്പെട്ട് മാർക്സിസ്റ്റ് പാർട്ടി നിലയില്ലാ കയത്തിലകപ്പെട്ടുപോയവസ്ഥയിലാണോയെന്ന് ന്യായമായും സംശയിക്കാം. മാനവരാശിയുടെ ചരിത്രം മൗലികമായി വർഗസമരമെന്ന് മാർക്‌സ്. സാമൂഹിക മാറ്റം മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെയേ സാധ്യമാകൂവെന്ന മാർക്സിയൻ ദാർശനികത. ഇതിന്റെ പിൻമുറക്കാരായ കേരളത്തിലെ കമ്യൂണിസ്റ്റുക്കാരെ സമൂഹത്തിൽ മുതലാളി – തൊഴിലാളി വൈരുദ്ധ്യം മാത്രമല്ല ഉടലെടുക്കുകയെന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയാണ് സ്ത്രീ പ്രവേശന കോടതി വിധി നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള ചേരിതിരിവുകൾ. ഇത്തരം ബോധ്യപ്പെടലുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അപരിചിതമല്ലതാനും. ജാതി-മത-ഭാഷാ – ന്യൂനപക്ഷ – ലിംഗ – പരിസ്ഥിതി – സ്വത്വ രാഷ്ട്രീയത്തിന്റെ ഭൂമികയാണെല്ലോ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ. ഈ യാഥാർത്ഥ്യം മുതലാളി – തൊഴിലാളി വർഗ രാഷട്രീയം ഉയർത്തിപിടിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അവഗണിക്കുവാനാാകില്ലെന്നത് വസ്തുത.

ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെ യും അലട്ടുന്നുണ്ടെന്നു സമ്മതിക്കേണ്ടിവരും.

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്ന ആൾക്കൂട്ട ആർപ്പുവിളികൾക്ക് ചെവികൊടുക്കാതെ പോയാൽ അത് വോട്ട് ബാങ്കിനെ ബാധിച്ചേക്കുമെന്ന ഭീതി കമ്യൂണിസ്റ്റ് പാർട്ടിയെയും പിടികൂടിയിട്ടുണ്ടെന്നതിന്റെ സൂചനകളുണ്ട്. ദേവസ്വം മന്ത്രിയുടെ ചില പ്രസ്താവനകളിൽ / നടപടികളിൽ നിന്ന് ഇത് വായിച്ചെടുക്കാം.

ശ’ബരിമല സ്ത്രീ പ്രവേശനത്തിന് ദേവസ്വം മന്ത്രി വക പുതിയ മാനദണ്ഡങ്ങൾ. ആക്ടിവിസ്റ്റുകളായ സ്ത്രീകൾ ശബരിമലയിൽ വേണ്ടെന്ന മാനദണ്ഡം! മല ചവിട്ടാൻ ആഗ്രഹിച്ച സ്ത്രീകളുടെ രാഷ്ട്രീയ പശ്ചാത്തലം തേടിപ്പിടക്കൽ! ശബരിമലയിൽ പോകാനെത്തിയ സ്ത്രീകളുടെ വയസ്സ് പരിശോധന! സ്ത്രീയുടെ ശരീരഘടന നോക്കി വയസ്സ് നിശ്ചയിക്കുന്നതിന് അവിടെ വിശ്വാസികളായി വേഷപ്രച്ഛന്നരായി തമ്പടിച്ച ഹിന്ദുത്വ ചാവേറുകൾക്ക് അവസരം! ശരീരഘടനയിൽ സംശയിക്കപ്പെട്ടവരുടെ വയസു തെളിയിക്കൽ രേഖ പരിശോധനയും അവരുടെ വക ! 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾ വിശ്വാസികളല്ല. ആർത്ത വോല്പാദകർ മാത്രം! ഇരുമുടിക്കെട്ടിൽ കൽക്കണ്ടത്തിനും കദളി’ പഴത്തിനും കാണിപൊന്നിനും കർപ്പൂരത്തിനും പകരം കല്ലും കുറുവടിയും കൈ മുറിച്ച് സന്നിധാനത്തെ രക്ത പങ്കിലമാക്കുവാനുള്ള കത്തിയുമായി സ്വാമി വേഷം കെട്ടിയെത്തിയവരുടെ പ്രതിലോമപരമായ ഇത്തരം സമീപനങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പൊലീസ് വേണ്ടത്ര പിൻബലം നൽകിയിട്ടു ണ്ടോയെന്ന് സംശയം.   “ആർത്ത വോല്പാദക”രിൽ നിന്ന് തങ്ങൾ സ്വയം പിന്തിരഞ്ഞതാണെന്ന് പൊലീസ് എഴുതിവാങ്ങി. ഇതിലൂടെ കോടതിയലക്ഷ്യമെന്ന സാധ്യതയ്ക്ക് തടയിടുന്നതിനുള്ള രേഖ ചമച്ച പൊലീസ് നടപടിയിലും സ്ത്രീ പ്രവേശന വിരുദ്ധത പ്രകടമല്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ?

ശബരിമല സ്ത്രീ പ്രവേശന കോടതി വിധിക്കെതിരെയുള്ള ആൾക്കൂട്ടത്തെ വോട്ടുബാങ്കെന്ന നിലയിൽകൊണ്ടാടപ്പെടുകയാണ്. ഇത് ബോധപൂർവ്വം. കോൺഗ്രസിനെ പോലെ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടിയും
ഈ കൊണ്ടാടപ്പെടുന്ന വോട്ടു ബാങ്കിനെ ഭയക്കുന്നുണ്ടോ? എങ്കിലതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റം ഏറ്റെടുക്കേണ്ട ചരിത്രപരമായ നിയോഗമായിരിക്കും നിരാകരിക്കുക. ഇതിനുപകരം, പ്രസ്ഥാനത്തോടൊപ്പം ചരിത്രത്തിൽ എഴുതി ചേർത്തിട്ടുള്ള ഭൂപരിഷ്ക്കരണം, വിവാദ വിദ്യാഭ്യാസ ബിൽ തുടങ്ങിയവയുടെ കൂട്ടത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി നടപ്പിലാക്കിയ പ്രസ്ഥാനമെന്ന ചരിത്ര നിർമ്മിതിക്കായ് പിണറായി വിജയൻ സാരഥിയായിട്ടുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ കാർമ്മികത്വം വഹിച്ചുവെന്നതിനാണ് ഈ സൈബർ കാലഘട്ടത്തിലെ കേരളം കാത്തിരിക്കുന്നത്.

കാനം പറഞ്ഞതിന്റെ പൊരുള്‍

കാനം പറഞ്ഞതിന്റെ പൊരുള്‍

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ ലേഖന പരമ്പരയൊന്നും പാര്‍ട്ടിയോട് രാഷ്ട്രീയമായി പിണങ്ങാന്‍ വെമ്പുന്നവര്‍ക്ക് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമാര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. പരമ്പരാഗതമായി കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള രാഷ്ട്രീയ അസ്വസ്ഥതകളെ അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം പച്ചപിടിക്കുന്നുവെന്നതിനെപ്രതിയുള്ള രാഷ്ട്രീയ വിശകലനങ്ങളും അഭിപ്രായങ്ങളും ന്യൂനപക്ഷ/ഭൂരിപക്ഷ സമുദായ വിരുദ്ധമോ അനുകൂലമോയെന്ന് തിട്ടപ്പെടുത്തപ്പെടുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ 35,000ത്തോളം വോട്ടുകള്‍ നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തിട്ടപ്പെടുത്തലുകള്‍ തകൃതിയായിട്ടുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതും ആരോപിക്കപ്പെടുന്നതും രാഷ്ട്രീയ കേരളം കാണുന്നു.സി.പി.എമ്മിന്റെ പരാജയത്തില്‍ നിന്നാണ് ബി.ജെ.പി വോട്ടുകള്‍ വാരിക്കൂട്ടിയതെന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളാണ് ഇത്തരമൊരു രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചത്. സി.പി.എമ്മിന്റെ വോട്ടുകള്‍ ഒഴുകിപ്പോയപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചയമായി. പക്ഷെ സി.പി.എമ്മിന്റെ വോട്ടു ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്സടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അത് അപകടകരവും അപക്വവുമാണ്. ബി.ജെ.പിയുടെ വളര്‍ച്ചയെ തടയണമെന്ന് രാഷ്ട്രീയമായി ആഗ്രഹിക്കുന്നവര്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ചയില്‍ ആഹ്ലാദിക്കരുത്. ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയെ പിടിച്ചുനിര്‍ത്തുന്നതില്‍ രാഷ്ട്രീയമായും എന്തിനധികം കായികമായിപോലുമുള്ള സി.പി.എമ്മിന്റെ പങ്ക് ഒട്ടുംതന്നെ ചെറുതല്ല

അരുവിക്കരയില്‍ കണ്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയമായ വീഴ്ച തന്നെയാണ്. ഈ വീഴ്ചക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെന്തെന്ന് കണ്ടെത്തുന്നതില്‍ പക്ഷെ സി.പി.എം ഇനിയും അതിന്റെ നേതൃവൈഭവം തെളിയിച്ചിട്ടില്ല. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമുയര്‍ത്തി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ സജീവ സാന്നിധ്യമാകുന്നതിനെ സി.പി.എം അടവുനയമെന്ന പേരുചൊല്ലിയാണ് വിളിക്കുന്നത്. അടവുരാഷ്ട്രീയം അധികാര രാഷ്ട്രീയം തന്നെയാണ്. ഇത് പക്ഷേ പരസ്യമായി അംഗീകരിക്കാന്‍ സി.പി.എമ്മിന് വല്ലാത്തൊരു രാഷ്ട്രീയ വിമ്മിഷ്ടമാണുതാനും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുന്നതിലൂടെ അധികാരത്തിലെത്തുന്നതാണോ അതോ വര്‍ഗ്ഗരാഷ്ട്രിയം ഉയര്‍ത്തിപ്പിടിച്ച് ജനകീയ ജനാധിപത്യ വിപ്ലവം സംഘടിപ്പിക്കുകയാണോയെന്നതിന് വ്യക്തത വരുത്തുവാനും സി.പി.എം തയ്യാറല്ല. അതേസമയം അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയം ഒളിച്ചുകടത്തുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്നതില്‍ സി.പി.എം ഏറെ മുന്നിലാണുതാനും. അടവുരാഷ്ട്രീയത്തിലൂടെ സി.പി.എം പ്രയോഗിക്കുന്നത് അധികാര രാഷ്ട്രീയമാണെന്നറിയാന്‍ കാര്യമാത്രമായ രാഷ്ട്രീയ പരിജ്ഞാനമൊന്നും വേണ്ട.

പാര്‍ട്ടിക്കുള്ളില്‍ സ്വത്വ രാഷ്ട്രീയ വിചാരധാര ശക്തിപ്പെടുന്നു. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്നവര്‍ ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ തുടങ്ങി. മതന്യൂനപക്ഷങ്ങള്‍ ഇരകളാണെന്നും ഇരകളുടെ സംരക്ഷണം രാഷ്ട്രീയമായിതന്നെ ഏറ്റെടുക്കുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നുമുള്ള നിലയില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നു. ന്യൂനപക്ഷങ്ങളുടെ പക്ഷത്തേക്ക് പാര്‍ട്ടി ചായുന്നുവെന്ന അവസ്ഥ ശക്തിപ്പെട്ടിടത്താണ് സ്വത്വരാഷ്ട്ര വിചാരധാര പാര്‍ട്ടിക്കുള്ളില്‍ വേരോടിയത്. ഈ ധാരയെ പക്ഷെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ തടയുവാന്‍ ശ്രമമുണ്ടായിയെന്നതും ശ്രദ്ധേയമായി.

ഈഴവ വോട്ടുബാങ്ക് ചോരുന്നു?

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിവേരുകള്‍ ഈഴവദളിത് പിന്നോക്ക വിഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നുവെന്ന് വ്യക്തം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട കേരളത്തിന്റെ നവോത്ഥാന മണ്ണില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിത്തിറക്കി നേട്ടം കൊയ്‌തെടുത്തുവെന്ന് പറഞ്ഞാല്‍ അത് പ്രസ്ഥാനത്തിന് അലങ്കാരമായി കാണണമായിരുന്നു. അതിനുപകരം പക്ഷേ മതന്യൂനപക്ഷങ്ങളാണ് തങ്ങളുടെ വോട്ടു ബാങ്കെന്ന നിലയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിചിന്തിക്കാന്‍ തുടങ്ങി. കേരളത്തിന്റെ സാമുദായിക സമവാക്യത്തില്‍ ഭൂരിപക്ഷം വരുന്ന ഈഴവര്‍ എക്കാലവും തങ്ങളുടെ വോട്ടുബാങ്കിലെ സ്ഥിരം നിക്ഷേപമായിരിക്കുമെന്നും സി.പി.എം ഉറച്ചുവിശ്വസിച്ചു. ഈ സ്ഥിരം നിക്ഷേപത്തോടൊപ്പം ന്യൂനപക്ഷ വോട്ടുബാങ്കിലും സി.പി.എം കണ്ണുവെക്കാന്‍ തുടങ്ങി. എന്നാലത് വളരെ എളുപ്പത്തില്‍ തരപ്പെടുത്തുവാനാകുന്നതായിരുന്നില്ല. അതു കാണ്ടുതന്നെ സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ മതന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി ഇരകളായി മാറുന്നുവെന്നത്തിനെതിരെ മുന്നണിപോരാളികളാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവന്നു. മതന്യൂനപക്ഷ വിഭാഗങ്ങളെപ്രതി അവരെക്കാള്‍ കൂടുതല്‍ വേവലാതി പ്പെടാന്‍ പാര്‍ട്ടികള്‍ തുടങ്ങി. രാജാവിനെക്കാള്‍ കൂടുതല്‍ രാജഭക്തി!

തെരഞ്ഞെടുപ്പുകളില്‍ പക്ഷെ ഈ ഇരകളുടെ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട്, പ്രതേകിച്ചും സി.പി.എമ്മിനോട് അകലം പാലിക്കുന്നുവെന്ന് ബാലറ്റുപെട്ടികള്‍ പൊട്ടിച്ചെണ്ണുമ്പോള്‍ പലപ്പോഴും ബോധ്യപ്പെട്ടു. ഈ ബോധ്യപ്പെടലുകള്‍ക്കുനേരെ പക്ഷെ നിരന്തരം കണ്ണടച്ചു. ഇതിലൂടെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പടപൊരുതുന്നുവെന്നുള്ള പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ സി.പി.എം തയ്യാറല്ലെന്ന് വിളിച്ചോതി. മറുവശത്താകട്ടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ടുബാങ്കുനിക്ഷേപമായ ഈഴവരടക്കമുള്ളവര്‍ അസ്വസ്ഥരാകുന്നുവെന്ന അവസ്ഥ തലപൊക്കാന്‍ തുടങ്ങി. ഇതു പക്ഷെ കുടികിടപ്പും 10 സെന്റും പതിച്ചുനല്‍കിയതിന്റെ പോയകാല ചരിത്രത്തില്‍ ഇപ്പോഴും ഊറ്റംകൊണ്ട് വശംവദരായിട്ടുള്ള പാര്‍ട്ടി നേതൃത്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന തോന്നല്‍ ഈഴവരടക്കമുള്ളവര്‍ക്കിടയില്‍ ശക്തിപ്പെട്ടു. ഇത്തരമൊരവസ്ഥയിലായിരിക്കണം ഇരകളെ സംരക്ഷിക്കുവാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന തോന്നലിന്റെ തടവുകാരായി ഈഴവരാദി ജനവിഭാഗങ്ങള്‍ മാറുന്നത്. ഈ മാറ്റത്തിന്റെ സൂചന അരുവിക്കരയില്‍ പ്രകടമായി പ്രതിഫലിക്കുന്നതിന് പെട്ടെന്നുള്ള കാരണവുമുണ്ടായി. അത് മറ്റൊന്നുമല്ല; ദേശീയ രാഷ്ട്രീയത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ മൊത്തക്കച്ചവടക്കാരനായ മോദിയുടെ ഉദയം തന്നെ.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുപാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ചും സി.പി.എമ്മിന് നല്‍കുന്ന പാഠം ഒട്ടും ചെറുതല്ല. അധികാര രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മിന്റെയും ആത്യന്തിക ലക്ഷ്യം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതൊരു പാതകവുമല്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സംരക്ഷകരാകുന്നതിലൂടെ ഇന്നോളമുണ്ടായിട്ടുള്ള നേട്ടകോട്ടങ്ങള്‍ വോട്ടുബാങ്ക് സമവാക്യത്തില്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കേണ്ടതുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സിദ്ധാന്തത്തേക്കാള്‍ പ്രാമുഖ്യം പ്രയോഗത്തിനാണെന്ന് പരസ്യമായി സമ്മതിക്കുവാനുളള രാഷ്ട്രീയ പിടിവാശി വെടിഞ്ഞ് ന്യൂനപക്ഷഭൂരിപക്ഷ സാമുദായിക വേര്‍തിരിവുകളിലെ രാഷ്ട്രീയ ഉള്‍പിരിവുകള്‍ തിരിച്ചറിഞ്ഞ് വോട്ടുബാങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ സമുദായവുമായുളള പരമ്പരാഗത രാഷ്ട്രീയ ചങ്ങാത്തവും അവര്‍ക്കിടയിലെ വോട്ടുബാങ്കും അന്യാധീനപ്പെടുത്തി ഇരകളുടെ സംരക്ഷകരാ കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുവാന്‍ അവസരമുണ്ടാക്കികൊടു ക്കുന്നതിലൂടെ നഷ്ടക്കച്ചവടമുണ്ടാകുമെന്ന് തിരിച്ചറിയില്ലെന്ന ശാഠ്യം അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി മുടക്കിയേക്കാം.

കാനം ക്രൂശിക്കപ്പെട്ടു?

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം നേതൃത്വത്തിനുണ്ടാകാത്ത രാഷ്ട്രീയ തിരിച്ചറിവുണ്ടായിയെന്നത് ശ്രദ്ധേയമായി. എന്നാല്‍ കാനത്തെ മതനിരപേക്ഷതയെന്തെന്ന് പറഞ്ഞ് പഠിപ്പിക്കുന്നതിലാണ് ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാരെയും നേതാക്കളെയുംപോലെ പിണറായിയും കൊടിയേരിയും ശ്രദ്ധയൂന്നിയത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട കാനം കടമെടുക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിലും ആരോപിക്കപ്പെടുന്നിലുമാണ് കാനത്തിന്റെ കണ്ടെത്തലുകള്‍ കലാശിച്ചത്. ഇക്കാലമത്രയായും കൂടെ നില്‍ക്കുന്ന സാമുദായങ്ങള്‍ക്കുണ്ടായിട്ടുളള രാഷ്ട്രീയ അവിശ്വാസം മാറ്റിയെടുക്കുന്നതിനുളള രാഷ്ട്രീയമായ തിരുത്തലുകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്ന കാനത്തിന്റെ തിരിച്ചറിവുകള്‍ സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടക്ക് സമാനമായി വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പിന്നിലും പ്രയോഗിക്കപ്പെട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിറകെ പോകുന്നവെന്ന അവസ്ഥയില്‍ മാറ്റമുണ്ടാകരുതെന്ന് ശഠിക്കുന്നവരുടെ രാഷ്ട്രീയ തന്ത്രമാണ്. ഈ തന്ത്രം വിജയിക്കുന്നിടത്ത് കൂടെ നില്‍ക്കുന്നവരിലുണ്ടായിട്ടുള്ള അവിശ്വാസം കനംവെക്കുക തന്നെ ചെയ്യും. ഇതു പക്ഷെ വോട്ടുബാങ്ക് ദിശയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരിക്കുമെന്ന് അരുവിക്കര പാഠത്തില്‍ നിന്ന് വായിച്ചെടുക്കപ്പെടാതെ പോകുന്നത് ആത്മഹ ത്യാപരമായിരിക്കും. അടവുനയത്തിന്റെ മറവില്‍ അധികാര രാഷ്ട്രീയത്തിലേറുവാന്‍ കോപ്പുകൂട്ടുന്നവര്‍ക്ക് മതന്യൂന പക്ഷങ്ങളോടുള്ള അതിരുകടന്ന രാഷ്ട്രീയ സഹാനുഭൂതിയുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നത് അധികാര രാഷ്ട്രീയത്തിലെത്തിപ്പിടിക്കുന്നതിന്റെ വഴിയില്‍ ഭൂരിപക്ഷ സമുദായം വിലങ്ങുതടിയായേക്കുമെന്ന മുന്നറിയിപ്പാണ് അരുവിക്കരയില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

കേരളത്തിന്റെ സാമൂഹിക പരിസരത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരല്ലെന്ന് ബോധ്യമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികഅധികാര സ്വാധീന ശക്തിയാകട്ടെ ഈ ബോധ്യത്തിന് ശക്തി പകരുന്നുണ്ടുതാനും. കേരളത്തിലെ ഇട്ടാവട്ട രാഷ്ട്രീയത്തിനല്ല ന്യൂനപക്ഷങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ദേശീയതലത്തില്‍ ഹിന്ദു ത്വശക്തികളുടെ രാഷ്ട്രീയാധികാര സംസ്ഥാപനമാണ് മതന്യൂനപക്ഷങ്ങളെ അലട്ടുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് ബദലായി ഇവര്‍ പക്ഷേ കാണാനാഗ്രഹിക്കുന്നത് കോണ്‍ഗ്രസിനെയാണ്. അതിനാല്‍തന്നെ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുമെന്ന് കരുതുകാനാവില്ല. മദനിയെ ഇടത്ത് ഇരുത്തിയും പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ സദാംഹൂസൈന്റെയും യാസര്‍ അരാഫത്തി ന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തും ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടാനാകുമെന്നത്തില്‍ തിരുത്ത് ആവശ്യമാകാതിരിക്കുന്നില്ല.

ബംഗാളില്‍ അന്യംനിന്നുപോയികൊണ്ടിരിക്കുകയും കേരളത്തില്‍ ദുര്‍ബലപ്പെ ടുകയും ചെയ്യുന്നുവെന്ന തോന്നലിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സി.പി.എമ്മിനും മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വോട്ടുകള്‍ നല്‍കാന്‍ ന്യൂനപക്ഷങ്ങള്‍ സന്നദ്ധമാകുമെന്ന് രാഷ്ട്രീയമായി ഇനിയും വിശ്വസിക്കപ്പെടുന്നതില്‍ പന്തിക്കേടുണ്ടെുന്നുവേണം പറയാന്‍. ഇത്തരമൊരു രാഷ്ട്രീയാവസ്ഥയില്‍ ന്യൂനപക്ഷ സംരക്ഷണവാദത്തില്‍ നിന്ന് ഒരു വിട്ടുവീഴ്ചയുമില്ലെന്നതിന് പ്രത്യുപകാരമായി ന്യൂനപക്ഷ വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാന ാര്‍ത്ഥികള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പിക്കപ്പെടേണ്ടതില്ല. ഇവിടെയാണ് മാറുന്ന രാഷ്ട്രീയ അടിയൊഴുക്കുകളില്‍ ഭൂരിപക്ഷന്യൂനപക്ഷ സമുദായ വോട്ടുബാങ്കുകളെ ഒരേപോലെ കൂടെ നിര്‍ത്തുവാനുള്ള പ്രായോഗിക രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കപ്പെടേണ്ടതിന്റെ സാധ്യതകള്‍ ആരായപ്പെടണമെന്ന കാനത്തിന്റെ അഭിപ്രായം മുഖവിലക്കെടുക്കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനു പോകട്ടെ

ഈഴവ സമുദായത്തെ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശനെ പുലഭ്യം പറഞ്ഞും ശ്രീനാരായണ സൂക്തങ്ങള്‍വാരിവിതറിയതുകൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല സി.പി.എമ്മിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി. വെള്ളാപ്പള്ളി നടേശന്‍ പോകുന്നിടത്തെല്ലാം ഈഴവര്‍ അപ്പാടെ കൂടെ പോകുമെന്ന ഭയപ്പാടിലാണ് സി.പി.എം നേതൃത്വം. അതുകൊണ്ടുതന്നെ സ്ഥാനത്തും അസ്ഥാനത്തും വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ലേഖന പരമ്പരകള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളാപ്പള്ളിക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കുന്നതിനു പകരം തങ്ങളുടെ വോട്ടുബാങ്കില്‍ നിന്നും ബി.ജെ.പിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നുപോകുന്നുവെന്ന അതീവ ഗൗരവമേറിയ രാഷ്ടീയ സാഹചര്യത്തിന് തടയിടുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലിയാരിക്കണം പ്രഥമ പരിഗണന. വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും ശ്രീനാരായണ ദര്‍ശനങ്ങള്‍ ആവോളം വാരിവിതറിയും വോട്ടുബാങ്ക് ചോര്‍ച്ചക്ക് തടയിടാനാകുമെന്നത് അബദ്ധ ധാരണയാണ്. അധികാര രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകമായ വോട്ടുബാങ്ക് സംസ്ഥാപന ദിശയില്‍ ഭൂരിപക്ഷന്യൂനപക്ഷ സാമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ നേതൃപാടവം പ്രകടിപ്പിക്കുന്നതിലാണ് മുന്‍തൂക്കം നല്‍കപ്പെടേണ്ടത്.

വെള്ളാപ്പള്ളി പാട്ടിനുപോകട്ടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തെന്നും സ്ഥാപിത താല്‍പര്യമെന്തെന്നും കണ്ടെത്തുവാന്‍ ഗവേഷണ ബുദ്ധിയോടെയുളള നേതൃത്വത്തിന്റെ സഹായമൊന്നും പാര്‍ട്ടിയോട് പിണങ്ങാന്‍ വെമ്പുന്ന സമുദായത്തിന് വേണ്ട. അതൊക്ക തിരിച്ചറിയുവാനുളള രാഷ്ട്രീയ പ്രബുദ്ധത സ്വയമായി ആര്‍ജ്ജിച്ചിട്ടുളളവര്‍ തന്നെയാണവര്‍. ന്യൂനപക്ഷ രക്ഷകരാകാന്‍ സദാ സമയം കണ്ടെത്തുന്നതിലൂടെ തങ്ങളുടെ ഒപ്പം പരമ്പരാഗതമായി നിലകൊള്ളുന്ന ഭൂരിപക്ഷ സമുദായത്തില്‍ രാഷ്ട്രീയ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. അത് അകറ്റുന്നതിനായുള്ള അധികാര രാഷ്ട്രീയ തന്ത്രങ്ങളാണ് ഇടത് രാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രീയമായ പിണക്കം മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാലത് ഹൈന്ദവ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ അതിനുള്ള രാഷ്ട്രീയമായ വിശദീകരണമാണ് ആവശ്യം. ഇക്കാര്യത്തില്‍ കാനം വ്യക്തമാക്കാന്‍ ശ്രമിച്ച നിലപാടിനെ പിന്തുണക്കുന്നതിലുളള വിമ്മിഷ്ടം സി.പി.എമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ഗുണകരമായേക്കില്ല.

ഒളിച്ചുകളി തുടരാനാകില്ല

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അടവുനയത്തിലൂടെ ജനകീയ ജനാധിപത്യം സാധ്യമായേക്കുമെന്ന് അണികളെ വിശ്വസിപ്പിക്കുന്ന ഒളിച്ചുകളി പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഭൂരിപക്ഷന്യൂനപക്ഷ സമുദായ നിലപാടുകളില്‍ ഇതേ ഒളിച്ചുകളി തുടരാനാകുമെന്നതിന് കടുത്ത വില നല്‍കേണ്ടി വരും. ഈ ഒളിച്ചുകളിക്ക് പകരം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ അത് അരുവിക്കരയിലെ വോട്ടുചോര്‍ച്ച ആവര്‍ത്തിക്കപ്പെടുവാനെ തരപ്പെടൂ. അടവുനയത്തിലൂടെ അധികാര രാഷ്ട്രീയത്തിലിടം തേടുവാന്‍ ഇറങ്ങിത്തിരിച്ച സ്ഥിതിവിശേഷ ത്തില്‍ വോട്ടുബാങ്കുകളെ കണ്ടെത്തി കൂടെനിര്‍ത്തുന്നതിനെ ഭൂരിപക്ഷ പ്രീണന രാഷ്ട്രീയമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചൂണ്ടയില്‍ കൊത്തേണ്ടതില്ല. പാര്‍ലമെന്ററി രാഷ്ട്രീയ ത്തില്‍ അധികാരം തന്നെയാണ് മുഖ്യമെന്ന് സി.പി.എമ്മിന് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഉത്തിലിരിക്കുന്നത് എടുക്കും വേണം കക്ഷത്തിലിരിക്കുന്നത് പോകുവാനും പാടില്ലെന്ന ചൊല്ലുണ്ട്. ഇവിടെ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടേക്കാമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ടും നഷ്ടപ്പെ ടുവാതിരിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുവാനുളള ശേഷിയാണ് പ്രകടിപ്പിക്കപ്പെടേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മില്‍ തന്ത്രങ്ങള്‍ മെനയുവാന്‍ ശേഷിയുള്ളവരുടെ അഭാവമുണ്ടോ? ജനങ്ങളെ കയ്യിലെടുക്കുവാന്‍ വ്യക്തിപ്രഭവമുള്ളവരുണ്ടോ സി.പി.എമ്മില്‍? പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വി.എസ് അച്യുതാനന്ദിനെ പുറത്താക്കാതെ കൂടെ നിര്‍ത്തുന്നതെന്തുകൊണ്ട്? വി.എസ് വോട്ടുപിടിക്കല്‍ യന്ത്രമാണെന്ന് കരുതുന്നുണ്ടോ? വി.എസ് ജനകീയനാണെന്ന തോന്നല്‍ അരുവിക്കരയില്‍ അസ്തമിച്ചില്ലേ? വടക്കുനിന്നുള്ള നേതാക്കള്‍ ജനസമ്മിതിയുള്ളവരാണോ? തെക്കുനിന്നുള്ള നേതാക്കള്‍ ബുജികള്‍ മാത്രമാണോ? നേതാക്കളില്‍ ഭേദം തോമസ് ഐസ്‌ക്കോ? ഐസ്ക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ചുകൂടെ? ഐസ്ക്കിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെടുകയില്ലേ? ന്യൂനപക്ഷ പ്രീണനമെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ പേരില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടേക്കാമെന്ന രാഷ്ട്രീയ സാഹചര്യത്തെ എങ്ങിനെ മറികടക്കും? ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവന്നതിലൂടെ പാര്‍ട്ടിക്കെന്താണ് നേട്ടം? ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടും അവരുടെ വോട്ടുകള്‍ നേടാനാകു ന്നില്ലെന്നതെന്തുകൊണ്ട്? ഇപ്പറഞ്ഞ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നിടത്തായിരിക്കും സി.പി.എമ്മിലെ വരുംകാല നേതൃപാടവം തെളിയിക്കപ്പെടുക.