
കെ. കെ ശ്രീനിവാസൻ
അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന
വിദ്യാഭ്യാസത്തിന്റെയും പൊതുഖജാനവിലെ കോടികൾ ചെലവഴിച്ചുള്ള നൈപുണ്യ വികസന പ്രക്രിയയുടെയും വിലയാര് നൽകും? – കോർപ്പറേറ്റ് റീട്ടെയിൽ ഫാഷൻ ബ്രാൻ്റുകളെ മുൻനിറുത്തി ഒരു വിശകലനം
അഭ്യസ്തവിദ്യരായ തൊഴിൽശക്തിയിൽ കേരളത്തിന് എക്കാലവും സവിശേഷമായ ഒരിടമുണ്ട്. വേഗത്തിൽ വേരോടിയ വിപണി സംസ്ക്കാരത്തിൽ സംഘടിത റീട്ടെയിൽ മേഖല (ബ്രാൻ്റഡ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂസ്, ചെരിപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ മുതലായവ) ത്വരിതഗതിയിലുള്ള വളർച്ചയിലാണ്. വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ മേഖല ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. സൃഷ്ടിയ്ക്കപ്പെടുന്ന തൊഴിലവസരങ്ങൾ തരപ്പെടുത്തുന്നതിൽ വ്യാപൃതരാണ് യുവ തൊഴിൽസേന. ഇതിൻ്റെ ഭാഗമായി ആധുനിക വിപണന തന്ത്രങ്ങൾ പരിശീലിപ്പിയ്ക്കപ്പെടുന്നതുൾപ്പെടെയുള്ള ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത നേടുന്നതിൽ യുവജനങ്ങൾ ശ്രദ്ധാലുക്കളാണ്. അതേസമയം ഇവരുടെ വേതനം, ജോലി സമയം, തൊഴിൽ സുരക്ഷിതത്വം, തൊഴിലിടങ്ങളിലെ ആത്മാഭിമാനം എന്നിവയെപ്രതിയുള്ള ആശങ്കകൾക്ക് ഒട്ടുമേ കുറവില്ല.
തുണി – വസ്ത്ര നിർമ്മാണ മേഖലയിലെ സേവന – വേതന വ്യവസ്ഥകൾ സ്ഥാപനങ്ങളുടെ വിശ്വസ്തതയെയും ജീവനക്കാരുടെ ക്ഷേമത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് ഈ ലേഖകൻ നേരിൽ മനസ്സിലാക്കിയിട്ടുണ്ട്. ഒരിടവേള സോഷ്യൽ കംപ്ലയൻസ് ഓഡിറ്റിങിൽ തൊഴിൽ ചെയ്തതിൻ്റെ വെളിച്ചത്തിലാണ് സംഘടിത ഫാഷൻ റീട്ടെയിൽ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രൊഫഷണൽ യോഗ്യതയുള്ള യുവ ഉദ്യോഗാർത്ഥികളുൾപ്പെടെ അഭിമുഖീകരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ വ്യക്തിപരമായി തന്നെ അനുഭവവേദ്യമായത്. യുവ അഭ്യസ്തവിദ്യരുടെ തൊഴിൽ പ്രശ്നങ്ങൾ ഈ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാകണമെന്നില്ല. പക്ഷേ ഈ മേഖലയിലെ അനഭിലഷണീയ തൊഴിൽരീതികൾ നേരിട്ട് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് കേരളത്തിലെ കോർപ്പറേറ്റ് ഫാഷൻ റീട്ടെയിൽ മേഖല ഈ ലേഖനത്തിൻ്റെ മുഖ്യ പ്രതിപാദ്യ വിഷയമാകുന്നത്.
വെസ്റ്റ് സൈഡ് (Westside), ജൂഡിയോ (Zudio), ക്രോമ (Croma), റിലയൻസ് ട്രെൻഡ്സ് (Reliance Trends), മാർക്സ് ആൻ്റ് സ്പെൻസർ (Marks & Spencer), ആദിത്യ ബിർള ഫാഷൻ ബ്രാൻ്റുകൾ (Adithya Birla Fashion Brands), മാക്സ് (MAX) – ലൈ ഫ്സ്റ്റൈൽ (Landmark Group), എച്ച് ആൻ്റ് എം – ഇത് റീട്ടെയിൽ ഫാഷൻ ബ്രാൻ്റുകളുടെ ചെറിയ പട്ടിക മാത്രം. വൻകിടക്കാരുടെ സാന്നിധ്യം ഈ രംഗത്തിന്റെ വളർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന തൊഴിൽരീതികൾ എല്ലാ ബ്രാൻ്റുകളും പിന്തുടരുന്നവരെന്ന് നിലയിൽ വ്യാഖ്യാനിയ്ക്കേണ്ടതില്ല. അതേസമയം തൊഴിൽ നിയമത്തിന് നിരക്കാത്ത വേതന – സേവന രീതികൾ പിന്തുടരുന്നവസ്ഥയുണ്ടെന്ന് പറയാതെയും വയ്യ. അനഭിലഷണീയ തൊഴിൽരീതികൾ ഉന്നത പ്രൊഫഷണൽ ബിരുദങ്ങൾ കരസ്ഥമാക്കി തൊഴിൽ കെട്ടിപ്പടുക്കുവാൻ ആഗ്രഹിക്കുന്ന നവാഗതരെയാണ് പ്രധാനമായും ബാധിക്കുന്നത്. പ്രമുഖ റീട്ടെയിൽ ഫാഷൻ ബ്രാൻ്റുകളുടെ മേഖലയിൽ നിലനിൽക്കുന്ന ഇത്തരം തൊഴിൽ രീതികളെക്കുറിച്ചുള്ള ആശങ്കകൾ രേഖാമൂലം തന്നെ ഇതിനകം കേരള സർക്കാരിന്റെയും ബന്ധപ്പെട്ട കോർപ്പറേറ്റ് മാനേജ്മെന്റുകളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കുതിക്കുന്ന സംഘടിത റീട്ടെയിൽ മേഖല
’90-കളിലെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ പിൻബലത്തിലാണ് രാജ്യത്ത് റീട്ടെയിൽ വിപണന മേഖല പുഷ്ഠിപ്പെടുന്നത്. അസംഘടിത വ്യാപാരത്തിൽ നിന്ന് സംഘടിതവും ആധുനികവുമായ റീട്ടെയിൽ ശൃംഖലകളിലേക്കുള്ള നിർണ്ണായക മാറ്റമാണ് തുടർന്ന് കണ്ടത്. വ്യക്തമായ സേവന – വേതന ഘടന, കുറ്റമറ്റ തൊഴിൽ നിയമ പരിപാലനം തുടങ്ങിയവ ഉറപ്പു നൽകിയായിരുന്നു ഇന്ത്യൻ കോർപ്പറേറ്റ് – ആഗോള റീട്ടെയിൽ ഭീമന്മാരുടെ രംഗപ്രവേശം. അസംഘടിത മേഖലയെ അപേക്ഷിച്ച് സംഘടിത റീട്ടെയിൽ മേഖലയിലെ ജീവനക്കാർക്ക് മാന്യമായ സേവന-വേതന വ്യവസ്ഥകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടത്.
പതിറ്റാണ്ടുകൾക്കിപ്പുറം സംഘടിത റീട്ടെയിൽ മേഖല മാറ്റത്തിന്റെ വ്യാപ്തി കൃത്യമായി അടയാളപ്പെടുത്തി. രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ജി.ഡി.പി) 10 ശതമാനത്തിലധികം സംഭാവന. റീട്ടെയിൽ മേഖലയിൽ 4.5 കോടിയിലധികം പേർക്ക് തൊഴിൽ. സംഘടിത ഫാഷൻ വസ്ത്ര മേഖലയിൽ മാത്രം 40 മുതൽ 50 ലക്ഷം വരെ പ്രത്യക്ഷ – പരോക്ഷ തൊഴിലവസരങ്ങൾ. റീട്ടെയിൽ വിപണി 2025-ലെ 1.18 ട്രില്യൺ ഡോളറിൽ നിന്ന് 2030-ഓടെ ഏകദേശം രണ്ടു ട്രില്യൺ ഡോളറായി വികസിക്കുമെന്നും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 2.5 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വി5 ഗ്ലോബലിന്റെ (V5 Global) റിപ്പോർട്ട് പ്രവചിക്കുന്നു[1].
റീട്ടെയിൽ മേഖലയുടെ കുതിപ്പിനൊപ്പമുണ്ട് ഫാഷൻ മേഖലയും. 2024-ലെ ഒരു റിപ്പോർട്ടു പ്രകാരം രാജ്യത്തെ ഫാഷൻ റീട്ടെയിൽ വിപണിയ്ക്ക് 60.12 ബില്യൺ യു.എസ് ഡോളർ മൂല്യം. നഗരവ ൽക്കരണം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം, യുവ ഉപഭോക്തൃ അടിത്തറ തുടങ്ങിയവയുടെ പിൻബലത്തിൽ മുന്നേറ്റത്തിൻ്റെ പാതയിലാണ് ഫാഷൻ റീട്ടെയിൽ വിപണി[2]. പ്രീമിയം ഉല്പന്നങ്ങളോടുള്ള പ്രിയം വർദ്ധിക്കുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം 2027-ഓടെ 10 കോടിയിലെത്തുമെന്നും അനുമാനിക്കപ്പെടുന്നു[3].
also read Higher Degrees, Lower Wages: Kerala’s Fashion Retail Crisis https://panancherynews.com/kerala-fashion-retail-crisis-higher-degrees-lower-wages/02/09/2026/
സംഘടിത റീട്ടെയിൽ മേഖലയുടെ മികവാർന്ന വളർച്ചാകണക്കുകൾക്ക് പിന്നിൽ സെയിൽസ് ജീവനക്കാർ, വിഷ്വൽ മെർച്ചൻഡൈസർമാർ, സ്റ്റോർ മാനേജർമാർ, സപ്ലൈ ചെയിൻ ജീവനക്കാർ എന്നിവരടങ്ങുന്ന തൊഴിൽശക്തി. പ്രത്യേക എം.ബി.എ പ്രോഗ്രാമുകളുടെയുൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളുടെ ആവിർഭാവം റീട്ടെയിൽ, പ്രത്യേകിച്ചും ഫാഷൻ – അപ്പാരൽ മേഖലകളിൽ മാനേജ്മെൻ്റ് പരിശീലനം ലഭിച്ച മാനവ വിഭവശേഷിയുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ ഈ മേഖലയുടെ ശ്രദ്ധേയ വളർച്ചക്ക് ചുക്കാൻപിടിക്കുന്ന പ്രൊഫഷണലുകൾക്ക് അതിനനുസൃതമായ വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കപ്പെടുന്നില്ലെന്നത് പരിഗണനാ വിഷയമാകുന്നതേയില്ല.
യോഗ്യതയ്ക്ക് നിരക്കാത്ത വേതനം
ഉന്നത പ്രൊഫഷണൽ യോഗ്യതയുള്ള തുടക്കക്കാർക്ക് വാഗ്ദാന ചെയ്യപ്പെടുന്ന പ്രതിമാസ ശമ്പളം 12,000–15,000 രൂപ! ജോലിസമയം 11-12 മണിക്കൂർ – അർദ്ധ ദിനമെന്ന് പറയണം! ഒരു മാസം പണിയെടുത്തതിൻ്റെ ശമ്പളം അടുത്ത മാസത്തിൻ്റെ ആദ്യ ദിനങ്ങളിൽ തന്നെ ജീവനക്കാർക്ക് കൊടുക്കണമെന്ന തൊഴിൽ നിയമം (Section 17 of the Code on Wages – 2019, Section 17 of the Kerala Shops and Commercial Establishments Act, 1960 ) ഏറിയകൂറും പാലിയ്ക്കപ്പെടുന്നില്ല. പലപ്പോഴും പണിയെടുത്ത് 45 ദിവസത്തിനു ശേഷമത്രെ പ്രതിമാസ ശമ്പളം. വൈകികിട്ടുന്ന വേതനം! ഈയവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെപ്രതി പ്രത്യേകിച്ച് പരാമർശിയ്ക്കേണ്ടതില്ലല്ലോ. റീട്ടെയിൽ കൗണ്ടറിലെ ജോലി സമയത്തിലുടനീളം നിൽക്കേണ്ടിവരുന്നവസ്ഥ. റീട്ടെയിൽ ഷോറൂമിൻ്റെ ഗോഡൗണി ലെത്തുന്ന ചരക്കുകൾ ഓഫ് ലോഡു ചെയ്യുന്നതുൾപ്പെടെ കായിക അധ്വാനമുള്ള ജോലികൾ ചെയ്യുവാൻ നിർബ്ബന്ധിയ്ക്കപ്പെടുന്നു. ഇതൊന്നും പക്ഷേ റിക്രൂട്ട്മെന്റ് വേളയിൽ പറയുന്നില്ല.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുഭാവ പൂർവ്വം പരിഗണിയ്ക്കപ്പെടുന്നുവെന്നത് ശ്രദ്ധേയം. എട്ടു മണിക്കൂർ ജോലിക്ക് ഇവർക്ക് കേരളം നൽകുന്നത് പ്രതിദിനം 1000 – 1200 രൂപ. പ്രതിമാസം 30000 രൂപയോളം. ഈ വേതനവുമായി താരതമ്യപ്പെടു ത്തുമ്പോഴാണ് വൻകിട കോർപ്പറേറ്റുകൾ അരങ്ങുവാഴുന്ന ഫാഷൻ റീട്ടെയിൽ മേഖല അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വിഭവ ശേഷിവിനിയോഗത്തിൽ പുലർത്തുന്ന വിവേചനത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.
ഫാഷൻ ബ്രാൻ്റുകൾക്ക് ഉത്തരവാദിത്തമില്ലെന്നോ?
റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഫ്രാഞ്ചൈസി സംവിധാനത്തിലായിരിയ്ക്കാം. അതുകൊണ്ടുതന്നെ അവിടത്തെ ആശാസ്യമല്ലാത്ത തൊഴിൽരീതികളിൽ തങ്ങൾക്ക് പങ്കില്ലെന്ന ന്യായീകരണത്തിലൂന്നിയുള്ള സമീപനമാണ് പല കോർപ്പറേറ്റ് റീട്ടെയിൽ മാനേജ്മെൻ്റുകളിലും പ്രകടമാകുന്നത്. തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി മാനവ വിഭവശേഷി വിനിയോഗത്തിന് അർഹിയ്ക്കുന്ന മൂല്യം കല്പിയ്ക്കപ്പെടാതെ പോകരുത്. ഉത്തരവാദിത്തം കേവലം ഫ്രാഞ്ചൈസികൾക്കുമേൽ മാത്രം ചുമത്തി ബ്രാൻ്റ് മാനേജ്മെൻ്റുകൾ ഒഴിഞ്ഞുമാറുന്നത് ന്യായീകരിക്കാനാവില്ല.
അഭിമുഖാനന്തരം തെരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ ഉദ്യോഗാർത്ഥിക്ക് തൊഴിൽ വിവരങ്ങൾ (job description) , തസ്തിക, ജോലിസമയം, തൊഴിൽ നിബ്ബന്ധനകൾ എന്നിവ വ്യക്തമാക്കുന്ന ഓഫർ ലെറ്റർ നൽകണം. നിയമനവേളയിൽ നിയമന ഉത്തരവും (Section 6(f) of the Occupational Safety, Health and Working Conditions (OSH) Code – 2020, Section 5D – Chapter 1B, The Kerala Shops & Commercial Establishments Act, 1960). ഏത് സാഹചര്യത്തിലും ജീവനക്കാർക്ക് നിയമന കത്ത് (Appointment Letter) നൽകണമെന്ന കേന്ദ്ര തൊഴിൽ മന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന (2026 ഫെബ്രുവരി 12 ) ഇതോടൊപ്പം ചേർത്തുവായിയ്ക്കുക. ജീവനക്കാരുടെ നിയമനം സംബ്ബന്ധിച്ച പൂർണ വിവരങ്ങളുൾകൊള്ളുന്ന ഫയൽ പരിപാലനവും തൊഴിൽനിയമങ്ങൾ (Section 33 of the Occupational Safety, Health and Working Conditions Code – 2020, Section 30 of the Kerala Shops and Commercial Establishments Act, 1960) അനുശാസിയ്ക്കുന്നുണ്ട്.
റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണെങ്കിൽ പോലും ഇപ്പറഞ്ഞ തൊഴിൽ നിയമവ്യവസ്ഥകൾ പാലിയ്ക്ക പ്പെടേണ്ടതുണ്ട്. പക്ഷേ പലയിടങ്ങളിലും പാലിയ്ക്കപ്പെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാരുടെ നിയമാനുസൃത സേവന- വേതന വ്യവസ്ഥകൾ കൃത്യമായി പാലിയ്ക്കപ്പെടണമെന്ന് ബ്രാൻ്റ് മാനേജ്മെൻ്റ് – ഫ്രാഞ്ചൈസി കരാറിലുൾപ്പെടുത്തേണ്ടതുണ്ട്. കരാറിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ തന്നെ അവയെല്ലാം ഫ്രാഞ്ചൈസി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബ്രാൻ്റ് മാനേജ്മെൻ്റുകൾ പരിശോധനകൾ നടത്തേണ്ടതുമുണ്ട്.
അവഗണിയ്ക്കപ്പെടുന്ന നിവേദനങ്ങൾ
2026 ജൂലൈ ആദ്യ വാരത്തിൽ കേരള സംസ്ഥാന ലേബർ കമ്മീഷണർ (lc.lc@kerala.gov.in, lbrcommissioner@gmail.com date: 2 Jul 2026, 07:47), സംസ്ഥാന തൊഴിൽ വകുപ്പു സെക്രട്ടറി (secy.labour@kerala.gov.indate: 4 Jul 2026, 06:04), കേരള തൊഴിൽ – യുവജന വകുപ്പ് മന്ത്രിമാർ എന്നിവർക്ക് കോർപ്പറേറ്റ് ഫാഷൻ റീട്ടെയിൽ മേഖലയിലെ സേവന-വേതന ക്രമക്കേടുകൾ നിരത്തി നിവേദനം നൽകിയിരുന്നു. പക്ഷേ മറുപടിയോ അന്വേഷണ സൂചനയോ ഇനിയും ലഭിച്ചില്ല. ഇക്കാര്യത്തിൽ ടാറ്റ ഗ്രൂപ്പ് ചെയർമാന് ഇ-മെയിൽ (chairman@tata.com, info@tata.com 22 Jun 2026, 12:51 ) അയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല. വെസ്റ്റ്സൈഡിനയച്ച (ട്രെന്റ് ലിമിറ്റഡ് – റ്റാറ്റ ഗ്രൂപ്പ്) മെയിൽ (18 Jun 2026, 19:17. Ticket No: 4781790440760) “ഫീഡ്ബാക്ക്’‘ എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ലൈഫ്സ്റ്റൈൽ – മാക്സ് ബ്രാൻ്റുകൾക്ക് നേതൃത്വം നൽകുന്ന ലാൻ്റ്മാർക്ക് ഗ്രൂപ്പിനും ഇ-മെയിൽ (Date: Wed, 19 Aug 2026, 19:37 Subject: Re: Employment Practices at Kerala Outlets To: help@lifestylestores.com) അയച്ചു. പ്രതികരണമില്ല .
അഭ്യസ്തവിദ്യർ ചൂഷണം ചെയ്യപ്പെടുന്നതിലേക്ക് കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. യുവ ഉദ്യോഗാ ർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ ന്യായമായ തൊഴിലിൽ – വേതന വ്യവസ്ഥകളുൾപ്പെടെ സംബന്ധിച്ച വിപുലമായ ഭരണപരിഷ്ക്കാര പ്രപ്പോസൽ (‘സർക്കാർ കാര്യം മുറപോലെ – തിരുത്ത് വേണ്ടേ’) 2026 ജൂൺ 30-ന് നിയമസഭാ ചേമ്പറിൽ മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചിരുന്നു. ശമ്പള ഓഡിറ്റുകൾ, ഫെയർ-പേ സർട്ടിഫിക്കേഷൻ, ശമ്പള സുതാര്യത, അഭ്യസ്തവിദ്യരുടെ അണ്ടർ എംപ്ലോയ്മെന്റ് (യോഗ്യതയേക്കാൾ താഴ്ന്ന ജോലി ചെയ്യേണ്ടിവരുന്നവസ്ഥ) സംബന്ധിച്ച പഠനങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തുകയെന്ന ദിശയിൽ ‘കേരള എഡ്യൂക്കേ റ്റഡ് യൂത്ത് ഫെയർ പേ മിഷൻ’ എന്ന ആശയവും ഈ നിർദ്ദേശത്തിലുൾപ്പെടുത്തിയിട്ടുണ്ട്. തൻ്റെ മാത്രം മഹത്തായ കണ്ടുപിടുത്തമെന്ന നിലയിൽ അഭിരമിച്ച് കേരളത്തെ തുറമുഖ നഗരമായി മാറ്റുമെന്നതിൽ അടയിരിയ്ക്കുന്ന മുഖ്യമന്ത്രിയിൽ നിന്നു ഇനിയും പക്ഷേ പ്രതികരണമില്ല!
വിദ്യാഭ്യാസ വായ്പാ ഭാരം
തൊഴിൽ തേടുന്ന ഭൂരിപക്ഷം ബിരുദധാരികൾക്ക് പിന്നിലും ഗണ്യമായ സാമ്പത്തിക നിക്ഷേപമുണ്ട്. പ്രൊഫഷണൽ യോഗ്യതകൾ മെച്ചപ്പെട്ട തൊഴിലിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും നയിക്കുമെന്ന പ്രതീക്ഷയിൽ യുവജനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പകളെയാണ് ആശ്രയിക്കുന്നത്. റിസർവ് ബാങ്ക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി സ്റ്റാൻ്റിങ് കമ്മിറ്റി റിപ്പോർട്ട് (372nd Report, 2025) അനുസരിച്ച്, വിദ്യാഭ്യാസ വായ്പ കുടിശ്ശിക 2021-ലെ 78,661 കോടിയിൽ നിന്ന് 2022-ൽ 83,876 കോടിയായി വർദ്ധിച്ചു. 2023-ൽ 99,086 കോടി. 2024-ൽ 1,18,155 കോടി. 2025-ൽ 1,37,474 കോടിയായും വർദ്ധിച്ചു. വിദ്യാഭ്യാസ ചെലവുകൾ വർദ്ധിക്കുന്നതിനൊപ്പമാണ് വായ്പാതുകയിലെ കുത്തനെ വർദ്ധനവെന്നത് പ്രത്യേകം പറയേണ്ടതുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ വായ്പാ കണക്കുകളും ശ്രദ്ധേയമാണ്. പൊതുമേഖലാ ബാങ്കുകൾ 2022- 25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്ത് 8,937.78 കോടിയുടെ വിദ്യാഭ്യാസ വായ്പകൾ വിതരണം ചെയ്തു. ഇതിലൂടെ മൂന്ന് വർഷ കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ ലഭിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം (RBI data furnished to the Rajya Sabha, 2025).
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ശേഷി ഭദ്രമല്ല. ഒപ്പം വിദ്യാഭ്യാസ വായ്പ എൻ.പി.എയാകുന്നതിലെ ആശങ്കയും! വിദ്യാഭ്യാ സത്തിനായി വൻതുക ചെലവ്. തുടർന്ന് പ്രതിമാസം 12,000–15,000 രൂപ ശമ്പളത്തിൽ ജോലി! വാടക, ഭക്ഷണം, യാത്ര, ചികിത്സാ ചെലവുകൾ. പണപെരുപ്പം സദാ കുത്തനെ. ഇത്തരമൊരവസ്ഥയിൽ വിദ്യാഭ്യാസ വായ്പാ തവണകൾ അടയ്ക്കാനുള്ള ശേഷി ശോഷിയ്ക്കാതിരിയ്ക്കില്ല.
നിരന്തരമായ വായ്പാതിരിച്ചടവ് വീഴ്ച്ചകൾ കുറഞ്ഞ സിബിൽ (CIBIL) സ്കോറിൽ കലാശിക്കുന്നു. തിക്തഫലമായി വായ്പാ സൗക ര്യങ്ങൾ നിഷേധിയ്ക്കപ്പെടുന്നു! അതുകൊണ്ട് വിദ്യാഭ്യാസ വായ്പ എൻ.പി.എയാകുന്നുവെന്നതിൽ ആകുലപ്പെടുന്ന സാമ്പത്തിക ശാസ്ത്ര ജ്ജർ, വിദ്യാഭ്യാസത്തിന് ശേഷം തരപ്പെടുന്ന തൊഴിൽ യുവ വായ്പ ക്കാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിയ്ക്കാൻത്തക്ക വരുമാന അടിത്തറ നൽകുന്നില്ലെന്ന മൗലികവശം കാണാൻ തയ്യാറാകണം.
നൈപുണ്യവികസനം: ഗുണഭോക്താക്കളാര്?
നൈപുണ്യവികസനത്തിനായി (Skill Development) വൻതുക പൊതുവി ഭവങ്ങളിൽ നിന്ന് ചെലവഴിയ്ക്കുന്നു. പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ (Rajya Sabha reply, 21 December 2022) പ്രകാരം 2017-22 ൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് ഒൻട്രപ്രണർഷിപ്പ് മന്ത്രാലയം അതിന്റെ പ്രധാന പദ്ധതികൾക്കും സ്ഥാപന ചെലവുകൾക്കുമായി 15,192.79 കോടി രൂപ വകയിരുത്തി. തൊഴിൽ ശക്തിയെ നൈപുണ്യവൽക്കരിച്ച് തൊഴിൽ ലഭിക്കാൻ പ്രാപ്തിയുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുഖജനാവിൽ നിന്ന് സഹസ്രലക്ഷങ്ങൾ ചെലവഴിയ്ക്കപ്പെടുന്നത്. നേടിയ കഴിവുകൾ ഗുണനിലവാരമാർന്ന തൊഴിൽ, ന്യായമായ വേതനം, മെച്ചപ്പെട്ട കുടുംബ വരുമാനം – ജീവിത നിലവാരം എന്നിവയിലേക്ക് മാറ്റപ്പെടുന്നുവെങ്കിൽ മാത്രമെ കോടികൾ ചെലവഴിച്ചുള്ള നൈപുണ്യവികസന പ്രക്രിയയെ പ്രയോജനപ്രദമെന്ന് പറയനാകൂ.
മാനവ വിഭവശേഷി നൈപുണ്യവൽക്കരണത്തിനായ് പൊതുഖ ജനാവിൽ നിന്നു സഹസ്ര ലക്ഷങ്ങൾ ചെലവഴിയ്ക്കപ്പെടുന്നതിൻ്റെ ആത്യന്തിക ഗുണഫലം കൊയ്യുന്നവർ ആരെന്ന് തെരയേണ്ടതുണ്ടോ? കോർപ്പറേറ്റുകൾക്ക് കുറഞ്ഞ വേതനത്തിൽ പണിയെടുക്കുവാനുള്ള തൊഴിൽശക്തിയെ രൂപപ്പെടുത്തികൊടുക്കുകയല്ലേ? ഉത്തരം ലളിതം – കോർപ്പറേറ്റുകളാണ് ആത്യന്തിക ഗുണഭോക്താക്കൾ! ഇതിനുമപ്പുറം കോടികൾ ചെലവഴിച്ചുള്ള നൈപുണ്യവികസന പദ്ധതികൾ പ്രയോജനപ്രദമാകുന്നില്ലെന്നു പറഞ്ഞാലത് അധികപ്പറ്റാകില്ല.
നിക്ഷേപത്തിനും കോർപ്പറേറ്റ് ലാഭത്തിനും അമിത പ്രാധാന്യം. അതേസമയം യുവ തൊഴിൽസേനയുടെ വിഭവശേഷിയെ ഇക്ഴത്തുന്ന സമീപനം. പരിണിതഫലമായി സമ്പദ് വ്യവസ്ഥാവളർച്ചയും കുടുംബങ്ങളുടെ യഥാർത്ഥ സമൃദ്ധിയും തമ്മിലുള്ള അകലം വർധിക്കുന്നു. ബിരുദവും പ്രൊഫഷണൽ യോഗ്യതകളും വ്യവസാ യത്തിന് അനുയോജ്യമായ നൈപുണ്യവും നേടാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്ത് കുറഞ്ഞ വേതനവും ദീർഘനേര ജോലിയും! അതായത്, മാനവ മൂലധനത്തിന് അർഹമായ മൂല്യം കല്പിയ്ക്കപ്പെടുന്നില്ല. ഇതിൻ്റെ പ്രതിഫലനമായാണ് പാടിപ്പുക്ഴത്തപ്പെടുന്ന സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ബഹുഭൂപരിപക്ഷവും ഇടം പിടിയ്ക്കാതെപോകുന്നത്.
പ്രശ്നം കേരളത്തിലൊതുങ്ങുന്നില്ല
കേരളത്തിലെ സംഘടിത റീട്ടെയിൽ മേഖലയിൽ ശ്രദ്ധയിൽപ്പെട്ട ഒട്ടുമേ ആശാസ്യമല്ലാത്ത സേവന – വേതനരീതികളെ ഒറ്റപ്പെട്ട തൊഴിൽ പ്രശ്നമായി തള്ളിക്കളയാനാവില്ല. രാജ്യത്തിൻ്റെ വളർച്ചയ്ക്കും സാമ്പത്തിക വികസനത്തിനും സാമൂഹിക പുരോഗതിക്കും മൂലക്കല്ലായ് മാറേണ്ട വിദ്യാസമ്പന്നരായ തൊഴിൽശക്തി അപ്പാടെ വിവേചനപരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുവെന്നതാണ് പ്രശ്നം. ഇത് ചൂണ്ടികാണിക്കുന്നതിനു പിന്നിൽ ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെയോ ആഗോള ബ്രാൻ്റുകളെയോ സ്വകാര്യ നിക്ഷേപത്തെയോ എതിർക്കുകയെന്നതല്ല. കോർപ്പറേറ്റുകളുടെ വ്യാപാര വിജയം യുവ ജീവനക്കാരുടെ അന്തസ്സിന്റെയും ന്യായമായ പ്രതീക്ഷകളുടെയും ചെലവിലാകരുതെന്നതാണ് പ്രധാനം.
Also read : ‘വളരുന്ന’ ജിഡിപി, തളരുന്ന ആളോഹരി വരുമാനം https://panancherynews.com/growing-gdp-and-weakening-per-capita-income/21/12/2025/
സമ്പദ്വ്യവസ്ഥ അഞ്ചു ട്രില്യൺ ഡോളറിലേക്ക് കുതിക്കുന്നുവെന്ന അവകാശവാദത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ യഥാർത്ഥ ഗുണഭോക്താക്കൾ അതിനുവേണ്ടി മുഖ്യമായി പ്രയത്നിക്കുന്ന തൊഴിൽശക്തിയാകണമെന്നത് കാണാതെപോകരുത്. സംഘടിത റീട്ടെയിൽ മേഖലയിലുൾപ്പെടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ 12,000–15,000 രൂപ പ്രതിമാസ ശമ്പളത്തിൽ ദീർഘനേരം തൊഴിലെടുപ്പിക്കുന്നുവെന്ന വസ്തുത പരിഹാരമില്ലാതെ അവശേഷിക്കുകയാണ്. ഈ ഖേദകരമായ പശ്ചാ ത്തലത്തിൽ സമ്പദ്വ്യവസ്ഥ വൻ വളർച്ചയിലേക്ക് മുന്നേറുന്നുവെന്ന അവകാശവാദത്തിൽ പുനരാലോചന അനിവാര്യമാകുന്നുണ്ട്. അധികാരം കയ്യാളുന്നവർക്ക് മൂലധന ശക്തികളായ കോർപ്പറേറ്റുകളോടു മാത്രം മമതയെന്നതിലെ മാറ്റവും.
ജി.ഡി.പി വലുപ്പം അഞ്ചു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകുന്നതുകൊണ്ടു മാത്രം രാജ്യത്തിൻ്റെ സർവ്വതോന്മുഖ വളർച്ച പൂർണമാകില്ല. രാജ്യത്തിന്റെ വൻ മുതൽക്കൂട്ടാണ് മേന്മയാർന്ന വിദ്യകൊണ്ട് മൂല്യവൽകരിക്കപ്പെട്ട യുവ ജനത. ഇവരുടെ ശോഭനമായ ഭാവി സുഭദ്രമാകുന്നതിൽ സമ്പദ് വ്യവസ്ഥയുടെ വലുപ്പം ചാലകശക്തിയായി മാറണം. അവിടെയാണ് രാജ്യത്തിൻ്റെ വിശാലമായ വളർച്ചയുടെ ഗ്രാഫ് നിർണയിയ്ക്കപ്പെടുക.
ലേഖകൻ: റിസർച്ച് ഫെല്ലോ – ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, മുൻ കീ അക്കൗണ്ട് മാനേജർ (സോഷ്യൽ കംപ്ലയൻസ് ഓഡിറ്റ്, Tuv Sud – ജർമ്മൻ മൾട്ടിനാഷണൽ, റിസർച്ച് അനലിസ്റ്റ് – പാർലമെൻ്ററി ബിസിനസ്സ് അഫയേഴ്സ്
[1] https://www.ptinews.com/press-release/indias-retail-workforce-poised-for-structural-shift-as-sector-nears-usd-2-trillion-by-2030/3197661
[2] https://www.nexdigm.com/market-research/report-store/india-fashion-retail-market-report/
[3] https://www.firstresort.in/blogs/research/premiumization-indian-fashion-2026
