സ്വന്തം മണ്ണ് നഷ്ടപ്പെട്ട അമേരിക്കൻ ഐക്യനാട്ടിലാണ്   പുതിയ  പ്രസിഡൻ്റ്

സ്വന്തം മണ്ണ് നഷ്ടപ്പെട്ട അമേരിക്കൻ ഐക്യനാട്ടിലാണ്  പുതിയ  പ്രസിഡൻ്റ്

Kk Sreenivasan

കമ്യൂണിസത്തിൻ്റെ പൊയ്മുഖമണിഞ്ഞ ചൈനയുടേതുപോലുള്ള ടെക്ക് മുതലാളിത്തിൻ്റെ രീതിശാസ്ത്രത്തെ ഇനിയുള്ള കാലം പരമ്പരാഗത അമേരിക്കൻ മുതലാളിത്തത്തിന് മറികടക്കുക എളുപ്പമാകില്ല

കെ.കെ ശ്രീനിവാസൻ എഡിറ്റർ എഴുതുന്നു

KK Sreenivasan writes on the American Soil that has been sold to foreign entities

മേരിക്കൻ ജനതയുടെ കാലിനടിയിൽ നിന്നു ശരവേഗത്തിൽ മണ്ണ് ഒഴുകിപോയികൊണ്ടേയിരിക്കുന്നു. മണ്ണ് പോലും സ്വന്തമായില്ലാത്ത അമേരിക്കൻ ഐക്യനാടിന്റെ46ാമത് പ്രഡിസെന്റയാണ് ജോ ബൈഡൻ അധികാരത്തിലേറുന്നത്.

ആധുനിക രാഷ്ട്രത്തിന് നാല് ഘടകങ്ങൾ. ജനത. ഭൂവിഭാഗം. സർക്കാർ. പരമാധികാരം. ഈ നാല് ഘടകങ്ങളാണ് രാഷ്ട്രത്തിൻ്റെ അസ്തിത്വത്തിന് ആധാരം. ജനതയും ഭൂപ്രദേശവുമാണ് രാഷ്ട്രത്തിൻ്റെ ഭൗതികമായ അടിത്തറ. ജനങ്ങളെ ഒന്നിപ്പിക്കുന്ന, അവരുടെ പൊതുലക്ഷ്യങ്ങൾ നേടിയെടുക്കുന്ന ഏജൻസിയാണ് സർക്കാർ.

സമൂഹത്തിൻ്റെ അഥവാ രാഷ്ട്രത്തിൻ്റെ സർവ്വതന്ത്ര സ്വതന്ത്ര അധികാരമാണ് പരമാധികാരം. രാഷ്ട്രത്തിൻ്റെ മൗലിക അടിത്തറയായ ഭൂവിഭാഗമെന്നതിൻ്റെ നാല് അതിർത്തികൾ സംരക്ഷിയ്ക്കുന്നതിൻ്റെ പേരിൽ കോടാനുകോടികൾ ചെലവഴിച്ച് സൈനികസന്നാഹങ്ങൾ ഒരുക്കുകയെന്ന ചുമതല മാത്രമല്ല സർക്കാരിൽ നിഷിപ്തമാകുന്നത്. ഭൂവിഭാഗത്തിൻ്റെ മണ്ണ്, ജലം തുടങ്ങിയ പ്രകൃതി സമ്പത്തുക്കൾ ജനതയ്ക്കായി കാത്തുസംരക്ഷിക്കുവാനുള്ള പരമാധികാരം വിനിയോഗിക്കുവാനും ആത്യന്തികമായ രാഷട്രത്തിൻ്റെ ലക്ഷ്യം നേടുവാനും കൂടി നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ് സർക്കാർ. നൈയാമികമായ ഈ അധികാര വിനിയോഗത്തിൽ വിട്ടുവീഴ്ച്ചവരുത്തിയ ഭരണകൂടങ്ങളാണ് അമേരിക്കൻ മണ്ണു പോലും അന്യരുടെ അധീനതയിലായി പോയതിൻ്റെ ഉത്തരവാദികൾ.

1993 മുതൽ 2001 ഡമോക്രാറ്റ് ബിൽ ക്ലിൻ്റൺ പ്രസിഡൻസിയുടെ അധീനതയിലായിരുന്നു അമേരിക്കൻ ഐക്യനാടുകൾ. 2001 ജനവരി മുതൽ 2009 വരെ 43 മത് പ്രസിഡൻ്റായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ജോർജ്ജ് ഡബ്ല്യു ബുഷ് അമേരിക്ക ഭരിച്ചു. 2009 മുതൽ 2017 വരെ ഡമോക്രാറ്റ് പ്രസിഡൻ്റായി ബാരക് ഒബാമ.

2017 ജനുവരിയിൽ അധികാരത്തിലേറിയ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിന് മുമ്പു് അധികാരത്തിലിരുന്ന പ്രസിഡൻസികളുടെ ഭരണ വേളയിലാണ് അതിവേഗത്തിൽ അമേരിക്കൻ മണ്ണ് അമേരിക്കയുടേതല്ലായത്. സ്വന്തം കാലിനടിയിൽ മണ്ണു ചോർന്നുപോയത് കയ്യുംകെട്ടി നോക്കിനിന്നവർ. അതല്ലെങ്കിൽ അത് വൈദേശിക കമ്പനികൾക്ക് തീറെഴുതികൊടുത്തവരാണ് ട്രംപിന് മുമ്പ് അമേരിക്കൻ ഐക്യനാട് ഭരിച്ചത്.

അമേരിക്കൻ മണ്ണ്

അമേരിക്കൻ മണ്ണു പോലും നഷ്‌പ്പെടുത്തിയ മുൻകാല ഭരണകൂട വീഴ്ചകളെല്ലാം പക്ഷേ മറച്ചുപിടിക്കപ്പെട്ടു. അതേസമയം ലോകത്തിനു മുന്നിൽ കഴിവുക്കെട്ട അമേരിക്കൻ പ്രസിഡൻ്റെന്ന നിലയിൽ ട്രംപിനെ ചിത്രീകരിക്കുന്നതിൽ ടെക്ക് മുതലാളിത്തത്തിൽ ഊതിക്കാച്ചിയെടുക്കുന്ന ഗ്ലോബിലിസ്റ്റ് ശക്തികളും ഒപ്പം ചില രാജ്യാന്തര മാധ്യമങ്ങളും കൂട്ടായി പ്രവർത്തിച്ചു.

ഗ്ലോബിലിസ്റ്റ് ശക്തികൾക്ക് അമേരിക്ക ഡമോക്രാറ്റ് പാർട്ടിയെ, ക്ലിൻ്റൺ – ഒബാമ പ്രസിഡൻസികളെ തങ്ങൾക്കൊപ്പം നിറുത്താനായി. ഇതാകട്ടെ ലോക രാഷ്ട്രീയ – സാമ്പത്തിക മണ്ഡലങ്ങളിൽ പുത്തൻ അനുഭവമായി. ഇതോടൊപ്പം പക്ഷേ അമേരിക്കൻ പ്രസിഡൻസികൾ തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോയികൊണ്ടിരുന്നത് കാണാൻ കണ്ണ് തുറക്കാൻ തയ്യാറായില്ല. സമകാലിക അമേരിക്കൻ ഐക്യനാടിൻ്റെ മണ്ണ് വൈദേശിക കോർപ്പറേറ്റുകളുടെ കൈവശത്തിലകപ്പെട്ടുപോയ ദുരവസ്ഥ.

അമേരിക്കൻ മണ്ണ്. ദേശസ്നേഹ വികാരങ്ങൾ വിക്ഷേപിക്കുന്ന രണ്ട് സംജ്ഞകളാണിത്. വർത്തമാന അമേരിക്കക്ക് സ്വന്തം മണ്ണെന്നതിലൂന്നിയുള്ള ദേശ സ്നേഹത്തിന് വകയില്ലാതെ പോയിരിക്കുന്നു! കാരണം വർത്തമാനകാല അമേരിക്കൻ ഐക്യനാടുകളിലെ 30 ദശലക്ഷം ഏക്കർ കൃഷിഭൂമി വൈദേശിക നിക്ഷേപകർ കവർന്നെടുത്തിരക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലാണ് ഇതേറെ സംഭവിച്ചത്. സ്വന്തം കൃഷിഭൂമി അന്യശക്തികളുടെ അധീനതയിലകപ്പെട്ടതിലൂടെ അമേരിക്കൻ കാർഷിക സമൂഹം ആപത്തിൻ്റെ മണിമുഴക്കം കേൾക്കാൻ തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് ഓഹരി കമ്പോള കൂപ്പുകുത്തൽ. ഓഹരി കമ്പോള ചൂതാട്ടത്തിൽ നിന്ന് ബില്യൺ കണക്കിന് നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടു. പിൻവലിക്കപ്പെട്ട ധനമൂലധനം പക്ഷേ ആസ്തി സ്വരൂപണത്തിനായി വ്യാപകമായി നിക്ഷേപിക്കപ്പെട്ടു.

ധനമൂലധനത്തെ സ്ഥായിയായ മൂലധന നിക്ഷേപമാക്കി മാറ്റുവാൻ പറ്റിയിടം ഭൂമിയാണെന്ന് തിരിച്ചറിയപ്പെട്ടു. ഇതിൻ്റെ പ്രതിഫലനമെന്നോണം വിദേശ നിക്ഷേപകർ യുഎസ് കാർഷിക ഭൂമിയൊന്നാകെ വാങ്ങികൂട്ടുവാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥാവകാശം വൈദേശിക ഉടമകൾക്ക് വിൽക്കുന്നതിൽ ഫെഡറൽ ഭരണകൂട നിയന്ത്രണങ്ങളേതുമില്ലെന്നത് അമേരിക്കൻ മണ്ണിന് വിലയിട്ടുവാങ്ങുന്നവസ്ഥയെ ഏറെ എളുപ്പമാക്കി. ഇക്കാര്യത്തിൽ പക്ഷേ അതത് ഫെഡറൽ സ്റ്റേറ്റുകൾക്ക് തീരുമാനിയ്ക്കാവൂന്നതാണ്. തീരുമാനിക്കപ്പെടുന്നില്ലെന്നതാകട്ടെ അമേരിക്കൻ മണ്ണ് നഷ്ടപ്പെടുന്നവസ്ഥയ്ക്ക് വേഗം കൂട്ടി. ഇനിയും അമേരിക്കൻ ഭൂമി വൈദേശിക കരങ്ങളിലെത്തന്നുവസ്ഥയുണ്ട് – പ്രത്യേകിച്ചും ഉടമസ്ഥാവകാശ കൈമാറ്റത്തിന് നിയന്ത്രണങ്ങളില്ലാത്ത സ്റ്റേറ്റുകളിൽ.

യു‌എസ് കർഷകരുടെ ശരാശരി പ്രായം 55. ഈ തലമുറ കാർഷിക മേഖലയിൽ നിന്നു വിരമിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇവർക്ക് പക്ഷേ കൃഷിയിൽ താല്പര്യമുള്ള പിൻഗാമികളുണ്ടാകുന്നില്ല. പുതുതലമുറ പലരും കൃഷിയോട് വിമുഖരാണെന്നറിഞ്ഞുതന്നെ കൃഷിയിൽ നിന്ന് വിരമിയ്ക്കുവാൻ നിർബ്ബന്ധിക്കപ്പെടുന്നവരാണ് ഇപ്പോഴത്തെ അമേരിക്കൻ കർഷക സമൂഹം.

അടുത്ത ഏതാനും ദശകങ്ങളിൽ രാജ്യത്തിന്റെ മൂന്നിൽ രണ്ട് കൃഷിഭൂമി വിദേശ നിക്ഷേപകർക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന ദേശീയ യുവ കർഷക കൂട്ടായ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നു! അതായത് ഒരു പിടി മണ്ണ് പോലും സ്വന്തമായില്ലാത്ത ഒരു ജനതതിയുടെ നാടായി അമേരിക്കൻ ഐക്യനാടുകൾ മാറുന്നുവെന്നവസ്ഥ വിദൂരത്തല്ലെന്ന പ്രവചനം!

ചൈന, നെതർലൻ്റ്, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ വൻകിട കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലേക്ക് മാറുകയാണ് അമേരിക്കൻ ഐക്യനാടുകിലെ കാർഷിക ഭൂമി. പരമ്പരാഗത അമേരിക്കൻ ആസ്ഥാന ബഹുരാഷ്ട കമ്പനികകളാകട്ടെ സമകാലിക ആഗോള വ്യാപാര – വാണിജ്യ ഗ്രാഫിൽ ഇടം നേടാൻ പെടാപ്പാടുപ്പെടുകയാണ്.

ടെക്സസ്, ഒഹിയോ തുടങ്ങിയ സ്റ്റേറ്റുകളിലെ കണ്ണായ കാർഷിക ഭൂമി ഏറെക്കുറെ സർവ്വതും വൈദേശിക കോർപ്പറേറ്റുകളുടെ കൈവശത്തിലായികഴിഞ്ഞു. കനേഡിയൻ നിക്ഷേപകരാണ് അമേരിക്കൻ ഐക്യൻ നാടുകളിൽ ഏറ്റവും കൂടുതൽ കൃഷിഭൂമി ഉടമസ്ഥതയിലാക്കിയിരിക്കുന്നത്. ഒഹിയോയിൽ ജർമ്മനിക്ക് 71000 ഏക്കർ.

ഒഹിയോ സ്റ്റേറ്റിൻ്റെ തെക്കൻ – മധ്യഭാഗത്ത് 30000 ഏക്കറിലും ജർമ്മനി ധാന്യവും സോയാബീനും കൃഷി ചെയ്യുന്നു. ഒഹിയോ സ്റ്റേറ്റിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 64000 ഏക്കർ ഇപ്പോൾ അമേരിക്കൻ ഐക്യനാടിൻ്റെ മണ്ണല്ല. നെതർലെൻ്റിലെ വിൻ്റ് മിൽ കമ്പനികളുടേതാണ്.

നിയന്ത്രണങ്ങളേതുമില്ലാതെ പരിധികളില്ലാതെ കൃഷിസ്ഥലങ്ങൾ വൈദേശിക സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഒഹിയോ ഫാം ബ്യൂറോ ഹിഗ്ഗിൻസ് പറയുന്നു. വിദേശ സ്ഥാപനങ്ങൾ അവർ ആഗ്രഹിക്കുന്നത്ര കൃഷിഭൂമി വാങ്ങികൂട്ടുന്നു. ആ ഭൂമി പിൽക്കാലത്ത് ഒരിക്കലും അമേരിക്കൻ ജനതക്ക് തിരിച്ചുപിടിക്കുവാനേയാകില്ല. അതിനാൽ ഒരിക്കൽ നഷ്ടപ്പെട്ടത് അമേരിക്കൻ ജനതക്ക് എക്കാലവും നഷ്ടപ്പെട്ടത് തന്നെയെന്ന കടുത്ത ആശങ്ക കലർത്തിയ മുന്നറിയിപ്പാണ് ഹിഗ്ഗിൻസ് നൽകുന്നത്.

ഭക്ഷ്യസ്വയം പര്യാപ്തതക്ക് ഭീഷണി

അമേരിക്കൻ ഐക്യനാടുകളുടെ ഭക്ഷ്യവസ്തു ഇറക്കുമതി കേവലം 20 ശതമാനം. ബാക്കി 80 ശതമാനവും സ്വയ പര്യാപ്തമാണ്. മാത്രമല്ല ലോകത്തിലെ ഭക്ഷ്യോല്പന്ന കയറ്റുമതി പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലാണ് അമേരിക്ക. രാജ്യത്തിൻ്റെ ജിഡിപിയുടെ 5. 2 ശതമാനം സംഭാവന കൃഷി ഭക്ഷ്യ- അനുബന്ധ മേഖലയുടേതാണ്. അമേരിക്കൻ മൊത്തം കാർഷികോല്പാദനം 136.1 ബില്യൺ ഡോളർ. ജിഡിപിയുടെ 0.6 ശതമാനം. കൃഷി – അനുബന്ധ വ്യാവസായിക മേഖല സൃഷ്ടിക്കുന്നത് 10.9 ശതമാനം തൊലഴിവസരങ്ങൾ (https://www.ers.usda.gov/data-products/ag-and-food-statistics-charting-the-essentials/ag-and-food-sectors-and-the-economy).

അമേരിക്കൻ ഐക്യനാടുകളിലെ ഭക്ഷ്യസ്വയംപര്യാപ്തത ഇനിയെത്ര കാലം നിലനിൽക്കുമെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. വിദേശ കോർപ്പറേറ്റുകൾ കൈപിടിയിലാക്കുന്ന കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി വ്യാപകമായി പരിവർത്തനം ചെയ്യപ്പെടുകയാണ്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വ്യാപകമായി കൃഷിഭൂമി തരംമാറ്റുന്നത് അമേരിക്കൻ ഐക്യനാടുകളുടെ ഭക്ഷ്യോല്പാദന-അനുബന്ധ കാർഷിക മേഖലകളെ പാടെ തകിടംമറിക്കും. ഒരിക്കൽ തരംമാറ്റപ്പെടുന്ന ഭൂമിയിൽ വീണ്ടും ഭക്ഷ്യവിളകൾ കൃഷി ചെയ്യുകയെന്നത് എളുപ്പമാകില്ല.

ഫെഡറൽ സ്റ്റേറ്റുകളിൽ പ്രത്യേകിച്ചും ഒഹിയോ പോലുള്ളയിടങ്ങളിൽ ആറിലൊരാൾ കാർഷിക മേഖലയുമായി ബന്ധമുള്ളവരാണ്. കാർഷിക ഭൂമി കൈക്കിലാക്കി കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുമ്പോഴത് അമേരിക്കൻ ഐക്യനാടുകളിലെ ഗ്രാമീണ സമൂഹത്തിന് തീർത്താൽ തീരാത്ത നഷ്ടമായിരിക്കും ആത്യന്തികമായി അവശേഷിപ്പിക്കുക.

ചൈനീസ് പന്നിയിറച്ചി

ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്പാദകരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സ്മിത്ത്ഫീൽഡ് ഫുഡ്സ്. അമേരിക്കൻ ഐക്യനാട്ടിലെ വെർജിനീയ സ്റ്റേറ്റിലെ 146000 ഏക്കർ കാർഷിക ഭൂമി ഈ കമ്പനിയുടെ ഉടമസ്ഥതയിലാണ്. 2013 ലാണ് ഇത്രയുംമധികം കൃഷിഭൂമി ചൈനീസ് കമ്പനി വാങ്ങികൂട്ടിയത്.

വെർജിനീയയിൽ കൂടാതെ അമേരിക്കൻ ഐക്യനാടുകളിൽ അങ്ങളോമിങ്ങോളം സ്മിത്ത്ഫീൽഡിന് 500 ലധികം പന്നിവളർത്തൽ ഫാമുകൾ. സ്മിത്ത്ഫീൽഡിന് നോർത്ത് കരോലീന തർ ഹീലിൽ 973000 ചതുരശ്ര അടിയിൽ പന്നിയിറച്ചി സംസ്ക്കരണ ഫാക്ടറി. അമേരിക്കൻ ജനത ചൈനീസ് പന്നിയിറച്ചിയുടെ കേവലം ഉപഭോക്താവ് മാത്രം. പക്ഷേ അമേരിക്കൻ ഐക്യനാടിൻ്റെ കാർഷികോല്പാദനത്തെ തകിടംമറിച്ച് പതിനായിരകണക്കിന് ഏക്കർ കാർഷിക ഭൂമി വാങ്ങിക്കൂട്ടി പന്നിവളർത്തു കേന്ദ്രങ്ങളാക്കിയ ചൈനീസ് കമ്പനി സ്മിത്ത്ഫീൽഡ് സർവ്വ നിലക്കും ഗുണഭോക്താക്കൾ. അമേരിക്കൻ ജനത ഏത് ബ്രാൻ്റ് പന്നിയിറച്ചി ഭക്ഷിക്കണമെന്ന്തീരുമാനിക്കുന്നത് വ്യാപകമായി അമേരിക്കൻ കാർഷിക ഭൂമി കൈക്കലാക്കിയ ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്പാദകരായ ചൈനീസ് കമ്പനി സ്മിത്ത്ഫീൽഡ്.

പാരമ്പര്യ – ടെക്ക് മുതലാളിത്തങ്ങൾ

പാരമ്പര്യമായി യു‌എസ് കർഷകരും കോർപ്പറേഷനുകളും വിദേശ കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നുവരാണ്. ആസ്‌ട്രേലിയ മുതൽ ബ്രസീൽ വരെ അമേരിക്കൻ ഐക്യനാടിൻ്റെ കൃഷിഭൂമികൾ വ്യാപിച്ചുകിടക്കുന്നു. ഇതിനായ് അമേരിക്കൻ കമ്പനികളുടെ കോടിക്കണക്കിന് ഡോളർ നിക്ഷേപവും. എന്നാൽ അമേരിക്കയുടെ സ്വന്തം മണ്ണ് അപ്പാടെ സ്മിത്ത്ഫീൽഡു പോലുള്ള ചൈനീസ് ഭീമന്മാരുടെ കൈപിടിയിലകപ്പെട്ടുപോയിയെന്നതിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങൾ തിരിയേണ്ടത്തുണ്ട്. പാരമ്പര്യ മുതലാളിത്തെ പ്രതിനിധീകരിച്ച് ഇനിയുള്ള കാലം ടെക്ക് മുതലാളിത്തത്തിൻ്റെ മൊത്ത കച്ചവടക്കാരായ ചൈനയെ മറികടക്കുകയെന്നത് അമേരിക്കൻ ഐക്യനാടുകൾക്ക് എളുപ്പുമാകില്ലെന്നതാണ് ഇവിടെ സുവിദിതമാകുന്നത്.

ലോകം മുഴുവൻ നിക്ഷേപവുമായി ഓടിനടന്നിരുന്നവരാണ് പരമ്പരാഗത അമേരിക്കൻ മുതലാളിമാർ. എന്നാൽ അവർ ഇന്ന് തങ്ങളുടെ ജനതയുടെ കാലിനടിയിലെ മണ്ണ് വ്യാപമായി ചോർന്നുപോകുന്നവസ്ഥയിൽ പോലും ഇടപ്പെടാൻതക്ക പ്രാപ്തരല്ലന്നവസ്ഥ!

പരമ്പരാഗത മുതലാളത്തിന് മങ്ങലേറ്റിരിക്കുന്ന ഈ വേളയിൽ ടെക്ക് മുതലാളിത്തമാണ് ആഗോളത്തിലെന്ന പോലെ അമേരിക്കയിലും അരങ്ങുതകർക്കുന്നത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ യുറോപ്യൻ പരമ്പരാഗത മുതലാളിത്തം സമ്പത്തിൻ്റെ ഉടമസ്ഥരാൽ സമ്പന്നമായിരുന്നു. മാറിയക്കാലത്തെ ടെക്ക് മുതലാളിത്തത്തിൽ സമ്പത്തിൻ്റെ ഉടമസ്ഥത പക്ഷേ നന്നേ ചുരുക്കം ചില വ്യക്തികളിലേക്ക് ചുരുങ്ങിയവസ്ഥ!

കമ്യൂണിസത്തിൻ്റെ പൊയ്മുഖമണിഞ്ഞ ചൈനയുടേതുപോലുള്ള ടെക്ക് മുതലാളിത്തിൻ്റെ രീതിശാസ്ത്രത്തെ ഇനിയുള്ള കാലം പരമ്പരാഗത അമേരിക്കൻ മുതലാളിത്തത്തിന് മറികടക്കുക എളുപ്പമാകില്ല. ബിൽഗേറ്റ്സിൻ്റെ മൈക്രോസോഫ്റ്റ്, മാർക്ക് സുക്കർബർഗിൻ്റെ ഫേസ് ബുക്ക്, ജെഫ് ബിസോസിൻ്റെ ഇ- കോമേഴ്സ് ഭീമൻ ‌ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ അമേരിക്കൻ അധിഷ്ഠിത ടെക്ക് മുതലാളിത്ത പ്രായോജകർ ചൈനീസ് ടെക്ക് മുതലാളിത്തത്തിൻ്റെ വലയിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്.

ഇത് അമേരിക്കൻ മണ്ണു പോലും നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻസിയിലേറിയിട്ടുള്ള ഡമോക്രാറ്റ് ജോ ബൈഡൻ്റെ ഭരണത്തിൻ്റെ ഗതി നിർണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിയ്ക്കാതിരിക്കില്ല.

ഭൂമിവില്പന വിവരങ്ങൾക്ക് കടപ്പാട്: https://www.npr.org

 

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…