കെ.കെ ശ്രീനിവാസൻ/KK Sreenivasan

KK Sreenivasan argues that India’s GDP growth is inflated and conceals the real living conditions of ordinary people, who constitute a large segment of the population. This paper was published in Samakalika Malayalam Weekly, an Indian Express publication, Issue: 22 December 2025.
രാജ്യത്തിൻ്റെ ജിഡിപി 3.7 ട്രില്യൺ ഡോളർ കടന്നുവെന്ന പ്രചരണങ്ങൾ. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ. രാജ്യം മൾട്ടി-ട്രില്യൺ ഡോളർ സാമ്പത്തിക ശക്തി. രാജ്യത്തിൻ്റെ വളർച്ചാനിരക്കുകളും റാങ്കിങുകളും ആവർത്തിച്ച് ഉയർത്തിക്കാണിക്കപ്പെടുന്നു. വളർച്ചയുടെ യഥാർത്ഥ പ്രയോജനം പക്ഷേ രാജ്യത്തിൻ്റെ ബഹുഭൂരിപക്ഷമാർന്ന സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രകടമാകുന്നുണ്ട്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടേണ്ടതുണ്ട്.

ജനസംഖ്യയുടെ വലുപ്പവുമായി താരതമ്യം ചെയ്ത് ആളോഹരി വരുമാനം, തൊഴിൽ അവസരങ്ങൾ, സാമൂഹിക സുരക്ഷ, ആരോഗ്യ–വിദ്യാഭ്യാസ സേവനങ്ങൾ, പൊതുവരുമാനത്തെ ദുർബ്ബലപ്പെടുത്തി വാരിക്കോരിനൽകപ്പെടുന്ന ഇളവുകളും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന കോർപ്പറേറ്റുകൾ രാജ്യത്തിൻ്റെ വളർച്ചക്ക് നൽകുന്ന സംഭാവനയുടെ നിജസ്ഥിതി തുടങ്ങിയവ പരിശോധിക്കുമ്പോഴാണ് പ്രചരിപ്പിയ്ക്കപ്പെടുന്ന വളർച്ചാനിരക്കുകളുടെ യഥാർത്ഥ സാമൂഹിക ചിത്രം വ്യക്തമാകുക. ഉയർന്ന ജിഡിപിയും താഴ്ന്ന ആളോഹരിവരുമാനവും തമ്മിലുള്ള അന്തരം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെ ആന്തരിക വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നു. ഈ അന്തരം വർദ്ധിച്ചുവരുന്ന അസമത്വത്തിലും തൊഴിൽ വേതന ഘടനകളിലെ അപര്യാപ്തതകളിലും പ്രകടം.
ജിഡിപി കേന്ദ്രീകൃത വളർച്ചാവിവരണങ്ങളും ജനങ്ങളുടെ യാഥാർത്ഥ ജീവിതാവസ്ഥയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വൈരുദ്ധ്യമാണ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകളുടെ കേന്ദ്രബിന്ദു. അധികാര രാഷ്ട്രീയ പ്രചരണായുധമെന്ന നിലയിലവതരിപ്പിയ്ക്കപ്പെടുന്ന വളർച്ചയുടെ കണക്കുകൾക്കപ്പുറം അതിന്റെ സാമൂഹിക പ്രതിഫലനങ്ങളും ദീർഘകാല സുസ്ഥിരതയും സൂഷ്മതയോടെ പരിശോധിക്കാതെ രാജ്യത്തിൻ്റെ സാമ്പത്തിക വിജയം സമ്പൂർണ്ണമെന്ന് പറയാനാകില്ല.
സമ്പത്ത് കുമിഞ്ഞുകൂടുന്നതാരിൽ?
രാജ്യത്ത് ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിഡിപി. ദേശീയ വരുമാനത്തെ മൊത്തം ജനസംഖ്യയിൽ ഡിവൈഡു ചെയ്താണ് ആളോഹരി വരുമാനം കണക്കാക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിശീർഷ വരുമാനം പ്രതിമാസം ഏകദേശം 11500 രൂപ. വ്യക്തിഗത വാങ്ങൽ ശേഷിയുമായി ബന്ധപ്പെടുത്തിയാലിത് ഇനിയും കുറയുമെന്നവസ്ഥ! ജിഡിപിയും പ്രതിശീർഷ വരുമാനവും തമ്മിലുള്ള അന്തരം നോക്കുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥാവളർച്ച ചെറിയ രാജ്യങ്ങളുൾപ്പെടെയുള്ള 140 രാജ്യങ്ങൾക്ക് പിന്നിലാണെന്നതാണ് വസ്തുത.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് ആദംസ്മിത്ത് പറഞ്ഞു, “ഏറെ സമൃദ്ധിയെങ്കിൽ, വലിയ അസമത്വവും രൂപപ്പെടും.” ആദംസ്മിത്തിൻ്റെ ഈ വാക്കുകളെ അന്വർത്ഥമാക്കുകയാണ് വർത്തമാനക്കാല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളർച്ചാതലക്കെട്ടുകൾ. രാജ്യം അതിവേഗത്തിലുള്ള വളർച്ചയിലെന്നു പറയുമ്പോൾ തന്നെ നന്നേ ചുരുക്കം ചിലരിൽ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നുവെന്ന അവസ്ഥയിലാണ് സമ്പദ് വ്യവസ്ഥ.
ജനസംഖ്യയിലെ സമ്പന്നരായ കേവലം ഒരു ശതമാനത്തിൻ്റെ കൈകളിലാണ് സമ്പത്തിന്റെ 40 ശതമാനവും. ഇത് രാജ്യത്തെ ലോകത്തിലെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിലൊന്നാക്കിമാറ്റിയതായി ഇക്കഴിഞ്ഞ ആഴ്ച്ച (2025 ഡിസംബർ 10) പ്രസിദ്ധീകരിക്കപ്പെട്ട 2026 – ലെ വേൾഡ് ഇൻഇക്വാലിറ്റി റിപ്പോർട്ട്[1] പറയുന്നു. സമീപ വർഷങ്ങളിൽ അസമത്വം കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇന്ത്യയിൽ പ്രകടമായിട്ടില്ലെന്ന് ഈ പഠനത്തിലെ കണ്ടെത്തലുകൾ പറയുന്നു.
ജിഡിപി വളർച്ചയിൽ രാജ്യത്തിൻ്റെ നന്നേ ചെറിയ ശതമാനം മാത്രമേ ഇടംപിടിക്കുന്നുവെന്ന അതിദയനീയവസ്ഥയാണ് ഏറെ പ്രൊഫഷണൽ ഗവവേഷണ രീതിശാസ്ത്രത്തിലൂന്നിയുള്ള ഇത്തരം റിപ്പോർട്ടുകൾ അടിവരയിടുന്നത്. മോദിസർക്കാർ ഇത്തരം റിപ്പോർട്ടുകൾ അംഗീകരി യ്ക്കുവാൻ തയ്യാറല്ലെങ്കിലും ഇവിടെയാണ് രാജ്യം ശിഘ്രഗതിയിലുള്ള വളർച്ചയിലെന്നു സ്ഥാപിക്കുന്നതിനായ് പ്രചരിപ്പിയ്ക്കപ്പെടുന്ന വിവരങ്ങളിലെ വിശ്വാസ്യതയിലും ആധികാരികതയിലും ആഴത്തിലുള്ള സംശയങ്ങൾ ജനിപ്പിക്കുന്നത്.
സമ്പദ് വ്യവസ്ഥവളർച്ചയിലെ അസമത്വം സംസ്ഥാനങ്ങളിലും പ്രകടമാണ്. മഹാരാഷ്ട്ര, കര്ണാടക, തമിഴ്നാട്, ഗുജറാത്ത്, കേരളം, ഹരിയാന സംസ്ഥാനങ്ങൾ ഉയർന്ന പ്രതിശീർഷ വരുമാന – വികസന സൂചികകളിൽ ഇടംപിടിച്ചിരിക്കുന്നു. അതേസമയം ബിഹാർ, ഉത്തർപ്രദേശ്, ജാർ ഖണ്ഡ്, മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ച ഒട്ടുമേ ശുഭകരമല്ല. ബിഹാറിന്റെ പ്രതിശീർഷ വരുമാനം മുൻനിര സം സ്ഥാനങ്ങളുടെ നാലിൽ ഒരു ഭാഗത്തിൽ താഴെ മാത്രം!
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിലും സമ്പത്ത് ശേഖരണ അസന്തുലിതാവസ്ഥ പ്രകടം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എൽഎഡിആർ) റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം വരുമാനം 4340.47 കോടി രൂപ. ഇത് ആറ് ദേശീയ പാർട്ടികളുടെയും ആകെ വരുമാനത്തിന്റെ 74.56 ശതമാനം! 2025 ഡിസംബർ 11 ന് രാജ്യസഭയിൽ പറഞ്ഞതനുസരിച്ച് ബിജെപിയുടെ ഇലക്ഷൻ അക്കൗണ്ടിൽ ഏകദേശം 10,107.2 കോടി രൂപ! നിലവിൽ രാജ്യത്തെ ഏറ്റവും സമ്പത്ത് സമാഹരിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. എല്ലാ ദേശീയ പാർട്ടികളുടെയും മൊത്തം ആസ്തിയുടെ പകുതിയിലധികവും അവരുടേതാണ്. രാജ്യത്തിൻ്റെ വളർച്ചയിലെ വൈരുദ്ധ്യം സാധാരണക്കാരും സമ്പന്നരും തമ്മിൽ മാത്രമല്ല, രാഷ്ട്രീയ പാർട്ടികളിലും പ്രകടമെന്ന് പറയാതെ പോകരുതല്ലോ.
രാജ്യത്തിൻ്റെ ജിഡിപി ഉയർച്ചയ്ക്കൊപ്പം വിശപ്പുനിർമ്മാർജ്ജനവും (ഇപ്പോഴിതിനുപകരം വിശപ്പുലഘൂകരണമെന്നാക്കി. ചങ്ങാത്ത മുതലാളിത്ത ഭരണകൂടങ്ങൾക്കറിയാം തങ്ങളുടെ നയങ്ങൾ ഒരിക്കിലും വിശപ്പു നിർമ്മാർജ്ജനമെന്നത് സാക്ഷത്കരിക്കുകയില്ലെന്ന്! അതുകൊണ്ടുതന്നെയാണ് ദാരിദ്ര്യം/വിശപ്പ് ലഘൂകരണ പ്രക്രിയയിലേക്കുള്ള സൗകര്യാധിഷ്ഠിത മാറ്റം) പോഷക ആഹാര ലഭ്യതയും സുസാധ്യമാക്കപ്പെടേണ്ടതുണ്ട്. ആഗോളവിശപ്പു സൂചിക- 2025 പ്രകാരം ഇന്ത്യ 116 രാജ്യങ്ങ ളിൽ 102-ാം സ്ഥാനത്താണ്. വൻ സാമ്പത്തിക ശക്തിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന രാജ്യത്തിന് ഇത് ഒട്ടും ഭൂഷണമല്ല.
ജനക്ഷേമ പദ്ധതികൾക്കെന്തുപറ്റി?
ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. ഭക്ഷണം മൗലികാവകാശമാക്കിയ ഭക്ഷ്യ സുരക്ഷാനിയമം. വിദ്യാഭ്യാസവകാശ നിയമം. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ. ഇത്തരത്തിലുള്ള ജനക്ഷേമ പദ്ധതികൾക്ക് കുറവൊന്നുമില്ല. ഈ പദ്ധതികൾ പക്ഷേ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെ ടുത്തുന്നതിൽ ശ്രദ്ധേയ പങ്കു വഹിച്ചതായി കാണുന്നില്ല. ജിഡിപി വളർച്ചയിലെന്നു പ്രചരിപ്പിക്കപ്പെടുമ്പോൾ തന്നെ തൊഴിലുറപ്പു പോലുള്ള പദ്ധതികൾ മാനവ വികസന സൂചിക ഉയർത്തിയോ, വിശപ്പുലഘൂകരണത്തിന് സഹായിച്ചോയെന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.
സപ്തഗിരി ഉലക അധ്യക്ഷനായ ഗ്രാമവികസന – പഞ്ചായത്തിരാജ് പാർലമെന്ററി സ്റ്റാൻ്റിങ് കമ്മിറ്റി തൊഴിലുറപ്പുപദ്ധതി വേതന പരിഷ്കരണ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കാലഹരണപ്പെട്ട കാർഷിക തൊഴിലാളി – ഉപഭോക്തൃവില സൂചികക്ക് പകരം വർദ്ധിച്ചുവരുന്ന ജീവിത ച്ചെലവുകൾക്കനുസൃതമായ പണപ്പെരുപ്പ സൂചികയിലേക്ക് മാറാൻ കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലെ നിരക്കുകൾ അപര്യാപ്തമായതിനാൽ തൊഴിലാളികൾ തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറുവാൻ നിർബ്ബന്ധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ യഥാർത്ഥ ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്ന ദിശയിൽ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണം. തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 150 ദിവസമാക്കണം. കാലതാമസമില്ലാതെ സമയബന്ധിതമായി തന്നെ കൂലി നൽകുക. വേതന വിതരണ കാലതാമസത്തിനുള്ള നിലവിലെ പിഴ 0.05 ശതമാനമെന്നത് ഉയർത്തണം.
തൊഴിലുറപ്പു പദ്ധതിയിൽ രാജ്യത്ത് ഏകീകൃത വേതന ഘടനയെന്നതും സ്റ്റാൻ്റിങ് കമ്മിറ്റി മുന്നോട്ടുവച്ചു. യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പുപദ്ധതി കാലോചിതമായി പരിഷ്കരിയ്ക്കുകയെന്നതിനു പകരം പദ്ധതിയെ തന്നെ ഇല്ലാഴ്മ ചെയ്യുകയെന്ന നീക്കത്തിലാണ് മോദിസർക്കാർ. അതിനാൽ സ്റ്റാൻ്റിങ് കമ്മിറ്റി വേതന പരിഷ്ക്കരണ നിർദ്ദേശങ്ങളോടു കേന്ദ്ര സർക്കാർ മുഖംതിരിഞ്ഞുനിൽക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ ഇത്തരത്തിലുള്ള വേതന പരിഷ്ക്കരണ വിരുദ്ധ സമീപനങ്ങളാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കൊപ്പം പ്രതിശീർഷ വരുമാനമുയരാതെ പോയതിൽ പ്രധാനമായും പ്രതിഫലിക്കുന്നത്.
നൈപുണ്യവികസനവും വേതന അപര്യാപ്തതയും
തൊഴിലില്ലായ്മയും തൊഴിൽക്ഷമതയുടെ അപര്യാപ്തതയും സാധാരണക്കാരുടെ പ്രതിശീർഷ വരുമാന ശോഷണത്തിന് കാരണങ്ങളാണ്. 2022 ലെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങ ളിൽ 65.7 ശതമാനവും സെക്കൻ്ററി വിദ്യാഭ്യാസം നേടിയവരാണ്. ഐഎൽഒയുടെ (മാർച്ച് 2024) റിപ്പോർട്ട് അനുസരിച്ച് ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനം. ഇതെല്ലാം തന്നെ തൊഴിൽക്ഷമതയുടെ അപര്യാപ്തതയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിയ്ക്കപ്പെടാതെ തരമില്ല.
തൊഴിൽക്ഷമത പരിപോഷിപ്പിയ്ക്കൽ ദിശയിൽ നൈപുണ്യ വികസന പദ്ധതികൾ. നൈപുണ്യമാർജ്ജിച്ച തൊഴിൽ സേനയെ സൃഷ്ടിക്കുകയെന്നതാണ് ഇത്തരം പദ്ധതികളുടെ പ്രഖ്യാപിത ലക്ഷ്യം. പൊതുഖജനാവിൽ നിന്ന് നൈപുണ്യവികസനത്തിനായ് 2017-22 കാലയളവിൽ സ്കിൽ ഇന്ത്യ മിഷനിലൂടെ 15,193 കോടി രൂപ[2] ചെലവഴിക്കപ്പെട്ടു. പരിശീലനാന്തരം പക്ഷേ നല്ല വേതനമുള്ള ജോലികൾ ലഭിക്കുമെന്നുറപ്പില്ല. മാന്യമായ വേതനം ലഭ്യമാക്കപ്പെടുവാനുതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നതാണിതിന് കാരണം.
നൈപുണ്യ വികസനത്തിനായ് സർക്കാർ ചെലവഴിക്കുന്ന ഭീമമായ തുക തൊഴിൽദാതാക്കൾ നൽകുന്ന വേതനഘടനയുമായ് പൊരുത്തപ്പെടുന്നതേയില്ല. പൊതുപണം ചെലവഴിച്ച് വൈദ്ഗ്ദ്യവൽക്കരിക്കപ്പെടുന്ന തൊഴിൽ സേനക്ക് ജീവിത ചെലവിനു ആനുപാതികമായ കൂലിയുറപ്പാക്കുന്നതിൽ കോർപ്പറേറ്റുകളുടെ താല്പര്യ വാഹക സംഘമായ ഭരണ കർത്താക്കൾക്ക് താല്പര്യക്കുറവ്. അതിനാൽ കോടികൾ ചെലവഴിയ്ക്കപ്പെടുന്ന നൈപുണ്യവികസന പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ തൊഴിലാളികളല്ല. കോർപ്പറേറ്റുകളും പരിശീലനം നൽകുന്ന സ്ഥാപനങ്ങളുമാണ്. കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യാനുള്ള മാനവ വിഭവശേഷി സൃഷ്ടിക്കുന്നതിലപ്പുറം ഈ പദ്ധതികൾ പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുന്ന ഫലപ്രദമായ ഉപാധിയായി മാറുന്നില്ല.
ലളിതമായി പറഞ്ഞാൽ നൈപുണ്യവികസന പദ്ധതികളിലൂടെ നൈപുണ്യമാർജ്ജിച്ച് തൊഴിൽ തരപ്പെടുന്നവരുടെ പ്രതിശീർഷ വരുമാനത്തിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാകുന്നില്ല. പൊതുഖജാനവിൽ നിന്നു പണം മുടക്കുമ്പോഴതിൻ്റെ ആദ്യ ഗുണഭോക്താക്കൾ പൊതുജനങ്ങളാകണമെന്നതിൽ ഭരണകർത്താക്കൾ വേണ്ടത്ര ഊന്നൽ നൽകുന്നില്ല. അതേസമയം പൊതുജനക്ഷേമ പദ്ധതികളെന്ന പേരിൽ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ ആത്യന്തികമായി കോർപ്പറേറ്റുകൾക്ക് കൂടുതൽ ഗുണകരമാകുന്ന അവസ്ഥയാണ്. ഇതിൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ ശക്തമായ സ്വാധീനം വ്യക്തമാണ്.
ഉയർന്ന ആരോഗ്യ ചെലവ് 
ലോകത്തിൽ ഏറ്റവും ഉയർന്ന ആരോഗ്യ ചെലവ് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 40 കോടി ജനങ്ങൾക്ക് – ജനസംഖ്യയുടെ 30 ശതമാനം – ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല. ലഭ്യമാക്കപ്പെടുന്ന വരുമാനത്തിൽ നിന്ന് നല്ലൊരു ഭാഗം ആരോഗ്യ പരിചരണത്തിനായ് ചെലവഴിക്കപ്പെടുന്നു. അതേസമയം തന്നെ സാധാരണ ജനങ്ങളുടെ ഔട്ട്-ഓഫ്-പോക്കറ്റ് മെഡിക്കൽ ചെലവുകൾ കുറയുന്നുവെന്ന അവകാശവാദത്തിലൂന്നിയുള്ള സർക്കാർ ഡാറ്റകൾ നിരത്തപ്പെടുന്നതിൽ കുറവൊന്നുമില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് (എൻഎച്ച്എ) റിപ്പോർട്ട് (2020-22) പറയുന്നത് ഔട്ട് ഓഫ് പോക്കറ്റ് മെഡിക്കൽ ചെലുവുകളിൽ കാര്യമായ കുറവുണ്ടായിയുട്ടുണെന്നാണ്[3]. ആരോഗ്യപരിചരണ ചെലവുകളിൽ കോവിഡു മഹാമാരി തീർത്ത കനത്ത പ്രത്യാഘാതങ്ങളുൾപ്പെടെയുള്ള ഗൗരവമേറിയ വസ്തുതകൾ പക്ഷേ ഈ സർക്കാർ റിപ്പോർട്ടിൽ പ്രതിപാദിപ്പിയ്ക്കപ്പെടാതെ പോയിയെന്നത് കാണാതെ പോകരുത്. കൺസ്യൂമർ എക്സ്പെൻ്റിച്ചർ സർവ്വേ (2022-23), ലോഞ്ചിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഇൻ ഇന്ത്യ(2023), സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി യുടെ കൺസ്യൂമർ പിരമിഡ്സ് ഹൗസ്ഹോൾഡ് സർവ്വേ, നാഷണൽ ഇൻകം അക്കൗണ്ടുകൾ തുടങ്ങിയ ഡാറ്റാ സ്രോതസ്സുകൾ എൻഎച്ച്എ ഡാറ്റയ്ക്ക് വിരുദ്ധമാണ്[4]
താഴെത്തട്ടിലുള്ള 40 ശതമാനം വരുന്ന 12 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് (ഏകദേശം 55 കോടി ഗുണഭോക്താക്കൾ) പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പിഎം ജെഎവൈ. ചികിത്സാചെലവുകൾ സാധാരണകാർക്ക് സാമ്പത്തിക ഭാരമാകരുതെന്ന നിലയിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെയുൾപ്പെടുത്തിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
രാജ്യത്തുടനീളമുള്ള 31466 ആശുപത്രികൾ പദ്ധതിയുടെ ഭാഗമാണ്. 2025 ജൂലൈ വരെ 9.84 കോടിയിലധികം പേർക്ക് ചികിത്സ നൽകിയതിനായി എംപാനൽ ചെയ്യപ്പെട്ട ആശുപത്രികൾക്ക് 1.40 ലക്ഷം കോടി രൂപയില ധികം അനുവദിച്ചിട്ടുണ്ട്. 2019–2025–26 കാലയളവിൽ പിഎംജെഎവൈ യ്ക്കായി കേന്ദ്ര ബജറ്റിൽ 51,349 കോടി രൂപ നീക്കിവച്ചിട്ടുണ്ട്[5]. സർക്കാർ ധനസഹായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സർക്കാർ ജീവനക്കാ രുടെ മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുടങ്ങിയ ചെലവുകളാണ് ആരോഗ്യമേഖലയിലെ ജിഡിപിവിഹിതത്തിൽ പ്രധാനമായുൾപ്പെടുന്നത്.
പിഎംജെഎവൈ പോലുള്ള പദ്ധതികൾ സഹായകരമാണെങ്കിലും ദന്തചികിത്സ, വന്ധ്യതാചികിത്സ, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവ പരിരക്ഷാപരിധിയിലുൾപ്പെടുന്നില്ല. ഇതുമൂലം സാധാരണക്കാരുടെ ആരോഗ്യ ചെലവ് സർക്കാർ പദ്ധതികളിൽ മാത്രം ഒതുങ്ങുന്നില്ല. ഇത്തരം പരിമിതികൾ സർക്കാർ ധനസഹായ ഇൻഷുറൻസ് ഉപയോക്താക്കളെയും ചെലവേറിയ സ്വകാര്യ ചികിത്സയെ ആശ്രയിക്കാൻ നിർ ബ്ബന്ധിതരാക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്നുള്ള ചെലവുകളിൽ നിന്നു മോചനം നേടാൻ സർക്കാർ ആരോഗ്യ പരിരക്ഷ പദ്ധതികൾ പര്യാപ്തമല്ലെന്ന അവസ്ഥയിൽ സാധാരണക്കാർക്കുമേലുള്ള സാമ്പത്തിക സമ്മർദ്ദം തുടരുന്നു.
ആരോഗ്യപദ്ധതികളുടെ ഗുണഭോക്താക്കാളാര്?
2017 ലെ ദേശീയ ആരോഗ്യ നയമനുസരിച്ച് 2025 ആകുമ്പോഴേക്കും പൊതുജനാരോഗ്യ ചെലവ് ജിഡിപിയുടെ 2.5 ശതമാനമെന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം ഇനിയും കൈവരിക്കാനായിട്ടില്ല. ആരോഗ്യ ജിഡിപി വിഹിതത്തെ വിഴുങ്ങുകയാണ് സർക്കാർ ധനസഹായ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ. ഭീമമായ ബജറ്റ് വിഹിതത്തിൻ്റെ സിംഹഭാഗവും സ്വകാര്യ ചികിത്സാദാതാക്കളുടെ കൈകളിലാണെത്തുന്നത്. ഇത് പൊതുജനാരോഗ്യ പദ്ധതികൾക്കുള്ള ഫണ്ടു വിഹിതം ഗണ്യമായ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. പൊതുജനാരോഗ്യ രംഗത്തെ സർക്കാർ നിക്ഷേപം ശോഷിക്കുന്നിടത്ത് സ്വകാര്യ ആരോഗ്യമേഖല പുഷ്ഠിപ്പെടുകയാണ്. ഇതിൻ്റെ തിക്തഫലമേറ്റുവാങ്ങേണ്ടിവരിക ചികിത്സാചെലുവകൾ സർക്കാർ വച്ചുനീട്ടുന്ന ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ അപര്യാപ്തമെന്ന സാഹചര്യത്തിലാകും.
സർക്കാർ സ്പോൺസേഡ് ആരോഗ്യ/മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളുടെ ആത്യന്തിക ഗുണഭോക്താക്കൾ പ്രധാനമായും സ്വകാര്യ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളുമാണെന്ന വിമർശനം ശക്തമാണ്. എന്നിട്ടും പൊതുമേഖലയിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പകരം സ്വകാര്യ മേഖലയെ മുൻനിറുത്തി ബജറ്റുകൾ തോറും ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുന്നില്ല.
ജിഡിപിയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നത്. സർക്കാർ സ്പോൺസർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികളിലൂടെ ഈ വിഹിതത്തിന്റെ വലിയൊരു ഭാഗം സ്വകാര്യ മേഖലയിലേക്ക് ഒഴുകുന്നു. മുഴുവൻ ബജറ്റ് വിഹിതവും പൊതുമേഖലാ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വിനിയോഗിച്ചാൽ പൊതുജനാരോഗ്യ സംവിധാനം സ്വയം പര്യാപ്തമാകുമെന്ന് വ്യക്തമാണ്.
സർക്കാർ സ്പോൺസർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികൾക്കായ് ചെലവഴിയ്ക്കുന്ന പണം പൊതുമേഖലയിൽ ആരോഗ്യ അടിസ്ഥാന സൗകര്യനത്തിനായ് വിനിയോഗിക്കുകയാണ് വേണ്ടത്. നികുതിദായകരുടെ പണം സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുന്ന നിലവിലെ മാതൃകയിൽ മൗലികമായ തിരുത്തൽ അനിവാര്യമാണ്.
മെഡിക്കൽ/ഹെൽത്ത് ഇൻഷുറൻസിനായ് സർക്കാർ ചെലഴിച്ച തുക. രാജ്യത്തുടനീളമുള്ള എംപാനൽഡ് സ്വകാര്യ ആശു പത്രികൾക്ക് നൽകിയ റീഇംബേഴ്സ്മെൻ്റ് തുക. ഈയ്യിനങ്ങളിൽ കഴിഞ്ഞ 11 വർഷം മൊത്തമെത്ര തുക പൊതു ഖജനാവിൽ നിന്ന് ചെലവഴിക്കപ്പെട്ടുവെന്നതു സംബന്ധിച്ച് ധവളപത്രമിറക്കുവാൻ മോദി സർക്കാർ തയ്യാറാകണം. ഇതേ കാലയളവിൽ മൊത്തം ബജറ്റ് വിഹിതത്തിൽ നിന്ന് പൊതുമേഖലയിൽ ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പദ്ധതികൾക്കായ് ചെലവഴിച്ച പണത്തിന്റെ കൃത്യമായ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്.
കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവ്
പുത്തൻ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വികസനത്തിനായുള്ള പൊതുനിക്ഷേപങ്ങൾ മന്ദഗതിയിലായി. ആരോഗ്യ മേഖലയിലേതുപോലെ തന്നെ വിദ്യാഭ്യാസരംഗത്തും സ്വകാര്യമൂലധന നിക്ഷേപമേറി. ഇതിന്റെ ഫലമായി വിദ്യാഭ്യാസം പൊതുജനങ്ങൾക്ക് കൂടുതൽ ചെലവേറിയതായി. സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഫീസ് കുത്തനെ ഉയർന്നു. മത്സരാധിഷ്ഠിത പരീക്ഷാപരിശീലന – എഡ്യുടെക്ക് ഓൺലൈൻ വിദ്യാഭ്യാസച്ചെലവുകളും സാധാരണക്കാർക്ക് താങ്ങാവുന്നതിനുമപ്പുറo.
ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ പാർലമെൻ്റു സമ്മേളന ( 2025 ശീതക്കാല സമ്മേളനം) ത്തിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള മത്സരക്ഷമ തയിലേക്കു ഉയർത്തുന്നതിനുതകുമെന്നവകാശപ്പെടുമ്പോഴും രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തുകയെന്നതാണ് ബിൽ ആത്യന്തികമായി ലക്ഷ്യമിടുന്നത്.
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം ജിഡിപിയുടെ ആറു ശതമാനമെന്നതാണു് ശുപാർശ. വർത്തമാനകാല വിഹിതം പക്ഷേ 4.6 ശതമാനം മാത്രം. അതായത് വിദ്യാഭ്യസരംഗത്തെ പൊതുനിക്ഷേപം വർദ്ധിപ്പിക്കപ്പെടുന്നില്ലെന്നിടത്ത് സ്വകാര്യമേഖലയെ ആശ്രയിക്കുകയെന്നല്ലാതെ ബദലുകളില്ല. വിദ്യാഭ്യാസ മേഖലയെ സ്വകാര്യ മൂലധന നിക്ഷേപകർ ഇനിയും കയ്യടക്കുന്നതോടെ വിദ്യാഭ്യാസം – പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം – നിഷേധിക്കപ്പെടുന്നവരുടെ എണ്ണം ഇനിയുമേറെ കനംവെയ്ക്കും. അപ്പോഴും തങ്ങളുടെ അല്പവരുമാനം കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ബാധിയ്ക്കാതിരിയ്ക്കുവാൻ സാധാരണക്കാർ ശ്രദ്ധിക്കും. ഇവിടെയാണ് വിദ്യാഭ്യാസ വായ്പയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ കുതിച്ചുക്കയറ്റം ഇനിയും കാണാനിരിക്കുന്നത്.
വേതനം നിത്യജീവിത ചെലവുകൾക്കു മാത്രമേ മതിയാകുന്നുള്ളൂ. അതിനാൽ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി വായ്പകളെ ആശ്രയിക്കേണ്ട അവസ്ഥ ശക്തമാകുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് വിദ്യാഭ്യാസ വായ്പാ ആവശ്യക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2024 ജനുവരിവരെ വിദ്യാഭ്യാസത്തിനായുള്ള ബാങ്ക് വായ്പകൾ 23 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയായി. വായ്പയെടുക്കുന്ന ഈ സഹസ്ര കോടികൾ പക്ഷേ ആത്യന്തികമായ് സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പണപ്പെട്ടിയിലെത്തുമ്പോൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലാഭഗ്രാഫ് മാത്രമാണ് ഉയരുന്നത്.
വിദ്യാഭ്യാസ വായ്പകളേറെയും കുടിശ്ശികയാണ്. 2024 ജൂലൈയിലെ കണക്കനുസരിച്ച് ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക ആകെ 123,066 രൂപ കോടി. വായ്പയെടുത്ത് വിദ്യാഭ്യാസം നേടിയിട്ടും ഉദ്യോഗാർത്ഥികൾക്ക് മാന്യമായ വേതനമുള്ള തൊഴിൽ ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യമാണ് കുടിശ്ശിക വർദ്ധനയിൽ വ്യക്തമാക്കുന്നത്. ജീവിത ചെലവിന് അനുസൃതമായ വേതനമില്ലെന്നതിനാൽ നീക്കിയിരി പ്പുണ്ടാകുന്നില്ല. ആളോഹരി വരുമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടാകുന്നില്ല. ഇതിന്റെ ഫലമായി വായ്പ തിരിച്ചടവില്ലാതെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയാകുന്നു. സാമ്പത്തിക ബാധ്യതയായി മാറുന്നു. ഈ ബാധ്യത സിബിൽ സ്കോറിനെ ദുർബ്ബലമാക്കുന്നതോടെ പിന്നീട് വായ്പ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഇതിന്റെ ആത്യന്തിക പരിണിതിയായി സാമ്പത്തിക അസമത്വങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
കുടുംബങ്ങൾ കടക്കെണിയിലാണ്
കുടുംബങ്ങൾ കൊടിയ സാമ്പത്തിക ഭാരത്തിൻ്റെ പിടിയിലാണ്. ഭക്ഷ്യ പണപ്പെരുപ്പം ഒഴിയാബാധയാകുമ്പോൾ ദൈനംദിന ജീവിത ചെലവിനെ കിട്ടുന്ന കൂലിയുമായി കൂട്ടിമുട്ടിക്കുവാനാകുന്നില്ല. ജീവിത നിലവാരത്തെ ഉത്തേജിപ്പിയ്ക്കുവാനാകാത്ത കേവലം അതത് ദിവസം കഷ്ടിച്ച് ജീവൻ നിലനിർത്തിപോയാൽ മതിയെന്ന നിലയിലുള്ള വേതന ഘടനയിൽ സമ്പാദ്യം സ്വരൂപിയ്ക്കൽ സാധ്യമല്ല. മിനിമം കൂലിയെന്ന സമ്പ്രദായം തുടരുവോളം കഷ്ടിച്ചുനിലനിന്നുപോകാം. അതിനുമപ്പുറം രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാർ വളർച്ചയുടെ ഗ്രാഫിൽ ഇടം പിടിയ്ക്കുകയില്ല. ആളോഹരിവരുമാനമെന്നത് കേവലം ജീവിച്ചുപോകുകയെന്നവസ്ഥയിൽ! ഇതിൽ നിന്നു വ്യത്യസ്ത മായി സമ്പാദ്യം/ആസ്തി സൃഷ്ടിയ്ക്കപ്പെടുവാനുതകുന്ന വരുമാനം പ്രദാനം ചെയ്യുന്ന തൊഴിൽ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാകണം സമ്പദ് വ്യവസ്ഥാവളർച്ച ഘോഷിക്കപ്പെടേണ്ടത്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഗാർഹിക കടം ഇരട്ടിയിലധികമായി[6]. ജാഗ്രതയാർന്ന മിതവ്യയത്തിലൂടെ വരുമാനത്തെ സമ്പാദ്യമാക്കുന്ന ശീലത്തിൻ്റെ ഉടമകളാണ് ഇന്ത്യൻ ജനതയെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ കുടുംബങ്ങൾ കടമെടുക്കാതെ ഒരിഞ്ചുമുന്നോട്ടുപോകാനാവില്ലെന്നവസ്ഥയിലാണ്. റിസർവ് ബാങ്ക് സാമ്പത്തിക സ്ഥിരത റിപ്പോർട്ട് ( 2024) പ്രകാരം രാജ്യത്തെ ഗാർഹിക കടം ജിഡിപിയുടെ 42-43 ശതമാനമായി. 2015 ലിത് കേവലം 26 ശതമാനം മാത്രമായിരുന്നു. അതായത് ആകെ കടം ഏകദേശം മൂന്നിരട്ടിയായി. വെറും രണ്ട് വർഷത്തിനുള്ളിൽ വ്യക്തിഗത ശരാശരി കടം 23 ശതമാനത്തിലേക്ക് കുതിച്ചു. ദേശീയ വരുമാനത്തിന്റെ ഇരട്ടി വേഗതയിൽ വ്യക്തിയുടെ ശരാശരി കടം വർദ്ധിക്കുന്നു. 2023-ൽ 3.9 ലക്ഷം രൂപയായിരുന്നത് 2025 മാർച്ചോടെ 4.8 ലക്ഷം രൂപയായി ഉയർന്നു.
ഗാർഹിക കടം ജിഡിപിയുടെ 42-43 ശതമാനമെന്നതിൽ 28 കോടിയിലധികം ജനങ്ങൾ വായ്പാ കുടിശ്ശികക്കാരാണ്. വായ്പയുടെ ഏകദേശം 55 ശതമാനം ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ തുടങ്ങിയ റീട്ടെയിൽ വായ്പകൾ. അതേസമയം പരമ്പരാഗത ഭവന വായ്പ കൾ മൊത്തം കുടുംബ കടത്തിന്റെ ഏകദേശം 29 ശതമാനം മാത്രമാണ്[7].
ആർബിഐ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (2024) വ്യക്തമാക്കുന്നത് 50000 രൂപയിൽ താഴെയുള്ള വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വർഷം തോറും 30 ശതമാനത്തിലധികം വർ ദ്ധന[8]. 2023-ൽ നടപ്പിലാക്കിയ യുപിഐ ക്രെഡിറ്റ് ലൈൻ പ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങുന്നതുപോലും കടമായി! 2025 – 2032 വേളയിൽ ഇന്ത്യയിലെ വ്യക്തിഗത വായ്പാ വിപണി 15 ശതമാനത്തിലധികം വാർഷിക വളർച്ചയിലെത്തുമത്രെ. വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഏറെ ഉയർന്നതാണുതാനും. നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിനുപോലും വായ്പയെ ആശ്രയിയ്ക്കേണ്ട നിർ ബ്ബന്ധിതാവസ്ഥയലികപ്പെടുവരുന്നവരുടെ എണ്ണം കുതിച്ചുയരുന്നിടത്ത് ജിഡിപി വളർച്ച അതിവേഗത്തിലെന്ന് പെരുപ്പിക്കുന്നതിനു പിന്നിൽ ഇല്ലാത്ത ഭരണ നേട്ടമുണ്ടെന്നു സ്ഥാപിച്ചെടുക്കുകയാണ്.
ആസ്തികൾ സൃഷ്ടിക്കുന്നതിനുപകരം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനാണ് വർദ്ധിച്ചുവരുന്ന ഗാർഹിക വായ്പകൾ വിനിയോഗിയ്ക്കപ്പെടുന്നത്. ഉല്പാദനപരമായ നിക്ഷേപത്തേക്കാൾ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള കടം വാങ്ങലുകൾ! കടം-ജിഡിപി അനുപാതം വേഗത്തിൽ ഉയരുകയാണ്. 2025 ന്റെ തുടക്കത്തിൽ രാജ്യത്തിൻ്റെ ഗാർഹിക കടം-ജിഡിപി അനുപാതം ഏകദേശം 42-43 ശതമാനത്തിലെന്നത് രാജ്യത്തിൻ്റെ ദീർഘകാല സുസ്ഥിര വളർച്ചയുടെ അടിത്തറയെ ദുർബ്ബലപ്പെടുത്തുന്നിലേ കലാശിയ്ക്കൂ.
മുടക്കംവരാതെ മാസ തവണകളും പലിശയും അടച്ചുതീർക്കേണ്ട നെട്ടോട്ടത്തിലാണ് വായ്പയെടുത്തവർ. ഇവിടെയാണ് ജീവിത ചെലുവകൾ നിവൃത്തിക്കുന്നതിനിടയിൽ സമ്പാദ്യം കയ്യെത്താദൂരത്തെന്ന ദുരവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. ജീവിത ചെലവുകൾക്ക് ആനുപാതികമായി വരുമാനമില്ല. മഹാഭൂരിപക്ഷത്തിനും സ്വത്തുസമ്പാദനമെന്നതിലേക്ക് എത്തിപിടിയ്ക്കുവാനാകുന്നില്ല. അതിനാൽ ജീവതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാൻ വായ്പയല്ലാതെ മറ്റൊരു ആശ്രയമില്ല.
വായ്പയെ വരുമാന വർദ്ധന/വളർച്ചയ്ക്കുള്ള/ആസ്തി വികസന ഉപാധികളിലെന്നായാണു് സാമ്പത്തികശാസ്ത്രം കാണുന്നത്. ഇവിടെ പക്ഷേ പുത്തൻ വരുമാന സാധ്യതകൾ തുറക്കുന്നതിൻ്റെ ദിശയിൽ വായ്പകൾ മൂല്യവൽകരിക്കപ്പെടുന്നില്ല. പകരം ദൈനംദിന ജീവിത ചെലവുകൾ ക്കായ് വായ്പയെടുക്കുന്നിടത്ത് ആസ്തി വികസനത്തെ സാധ്യമല്ലാതാക്കുകയാണ്. ജീവിത ചെലവുകൾക്കനുസൃതമായ് വരുമാന പിൻബലമില്ലാത്ത അവസ്ഥയിൽ വായ്പാകെണിയിലകപ്പെടാതെ നിലനിന്നുപോകാനാവില്ലെന്ന ദുരവസ്ഥയിലാണ് രാജ്യത്തിൻ്റെ ജനസംഖ്യയിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാർ. ഈ വലിയൊരു വിഭാഗത്തെ ഇരുട്ടിൽ നിറുത്തിയാണ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്ന് പ്രച രിപ്പിക്കപ്പെടുന്നത്.
ചങ്ങാത്ത മുതലാളിത്തമാണ് മുഖ്യം
മോദിസർക്കാർ 2014-15 മുതൽ 2018-19 കാലയളവിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് 4.32 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകൾ നൽകിയതായി വിവിധ വർഷങ്ങളിലെ ബജറ്റ് രേഖകൾ പറയുന്നു. ഇളവുകൾ 2014-15 ലെ 65,067 കോടി രൂപയിൽ നിന്ന് അതിന്റെ അവസാന വർഷം 2018-19 ൽ ഏകദേശം 1.09 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഈ ഇളവുകൾ കേന്ദ്ര സർക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ ഏകദേശം 7.6 ശതമാനമായിരുന്നു[9].
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോർപ്പറേറ്റുകൾ ശ്രദ്ധേയമായ സാമ്പത്തികശക്തി പ്രകടിപ്പിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ലാഭം 2020 – 2025 സാമ്പത്തിക വർഷത്തിനിടയിൽ രാജ്യത്തിന്റെ ജിഡിപിയേക്കാൾ മൂന്നിരട്ടി വേഗത്തിൽ വളർന്നുവെന്ന് അയോണിക് വെൽത്ത് (ഏഞ്ചൽ വൺ- ജൂലൈ 2025) സമാഹരിച്ച ഡാറ്റയെ ആധാരമാക്കി പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പറയുന്നു. ലാഭം-ജിഡിപി അനുപാതം 6.9 ശതമാനമായി ഗണ്യമായി ഉയർന്നന്നതായും പ്രസ്തുത റിപ്പോർട്ട് [10].
ലാഭക്ഷമതയിലെ കോർപ്പറേറ്റുകളുടെ വർദ്ധനവ് പക്ഷേ ആഭ്യന്തര സ്വകാര്യ മൂലധന ചെലവിൽ ആനുപാതികമായ വർദ്ധന രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ ഗണ്യമായ കോർപ്പറേറ്റ് നികുതി ഇളവുകളും ആനുകൂല്യങ്ങളും (പിഎൽഐ സ്കീമുകൾ പോലുള്ളവ) നൽകി ലാഭക്ഷമത വർദ്ധിപ്പിക്കുന്നുവെങ്കിലുമത് കൂടുതൽ ഉയർന്ന നിലവാരമുള്ളതും ഉല്പാദനക്ഷമവുമായ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നതിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ല.
കോർപ്പറേറ്റുകൾക്ക് നൽകുന്ന വൻതോതിലുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും യഥാർത്ഥത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളായി മാറുന്നുണ്ടോയെന്ന സംശയം പാർലമെന്റിൽ ഉയർന്നു. 2023 ലെ പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിൽ അഡ്വ. ജെബി മേത്തർ എം.പി ഉന്നയിച്ച ഈ ചോദ്യ ത്തിന് 12.12.2023 ന് കോർപ്പറേറ്റുക്കാര്യ വകുപ്പ് മന്ത്രി പറഞ്ഞത് അത്തരം വിവരങ്ങൾ സമാഹരിയ്ക്കപ്പെട്ടിട്ടില്ലെന്നാണ്. വൻ ഇളവുകൾ കൈപ്പറ്റുന്ന കോർപ്പറേറ്റുകൾ രാഷ്ട്ര നിർമാണത്തിൽ കാര്യമായ സംഭാവനകൾ നൽകുന്നില്ലെന്ന സത്യം പുറത്തറിയരുതെന്ന സർക്കാർ നിലപാടാണ് ഇത്തരം വിവരങ്ങൾ സമാഹരിക്കേണ്ടതില്ലെന്നതിലൂടെ വ്യക്തമാകുന്നത്.
പൊതുഖജനാവിൻ്റെ ചെലവിൽ സർക്കാർ വച്ചുനീട്ടുന്ന ആനുകൂല്യങ്ങളിലൂടെ സമാഹരിക്കുന്ന മൂലധനം ഇവിടെ ചെലവഴിയ്ക്കാതെ വിദേശത്ത് നിക്ഷേപമാക്കിമാറ്റുവാനുള്ള അവസരങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് സൃഷ്ടിച്ചുകൊടുക്കുന്നതിൽ സർക്കാർ സദാ സന്നദ്ധമെന്നത് കണക്കുകൾ വ്യക്തമാകുന്നുണ്ട്. രാജ്യത്തിനു പുറത്തേക്കുള്ള ഇന്ത്യൻ കോർപ്പറേറ്റ് നിക്ഷേപങ്ങൾ 67.74 ശതമാനം വർദ്ധിച്ച് 2025 സാമ്പത്തിക വർഷത്തിൽ 41.6 ബില്യൺ യുഎസ് ഡോളറിലെത്തി. 2024 സാമ്പത്തിക വർഷത്തിലിത് 24.8 ബില്യൺ യുഎസ് ഡോളറെന്ന് ഏണസ്റ്റ് & യംഗ് (EY) റിപ്പോർട്ട്[11]. രാജ്യത്തിന്റെ ജിഡിപിയേക്കാൾ മൂന്നിരട്ടി വേഗത്തിൽ കോർപ്പറേറ്റ് ലാഭം വളരുവാൻ ആവോളം അവസരമൊരുക്കികൊടുക്കുകയാണ്. അതേസമയം ഘോഷിക്കപ്പെടുന്ന ജിഡിപി വളർച്ചക്കൊപ്പം ആളോഹരി വരുമാനത്തെ ശക്തിപ്പെടുത്തുവാനുള്ള സൃഷ്ടിപരമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നത് രാജ്യത്തെ ബഹുഭൂപരിപക്ഷം വരുന്ന സാധാരണക്കാരോടുള്ള മോദിസർക്കാരി ൻ്റെ കടുത്ത വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
പൊതുകടം
രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥ പൊതുകടത്തിൽ മുങ്ങിയിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025 ലെ ദ്വിവാർഷിക സാമ്പത്തിക സ്ഥിരത റിപ്പോർട്ടു പ്രകാരം ഇന്ത്യയുടെ വിദേശകടം കഴിഞ്ഞ സാമ്പത്തിക വർഷം 668.8 ബില്യൺ യുഎസ് ഡോളർ. മുൻപാദത്തിലെ 735.9 യുഎസ് ഡോളർ ബില്യണിൽ നിന്ന് രാജ്യത്തിൻ്റെ വിദേശ കടം 2025 ജൂണിൽ 747.2 ഡോളർ ബില്യണിലെത്തി[12]! ഘോഷിക്കപ്പെടുന്ന ജിഡിപി വളർച്ചയിൽ കുതിച്ചുയരുന്ന വിദേശ കടത്തിൻ്റെ ഭാരിച്ച ബാധ്യത അന്തർലീനമെന്നത് ശ്രദ്ധിയ്ക്കപ്പെടാതെ പോകരുത്.
സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിലല്ല ഊറ്റം കൊള്ളേണ്ടത്. ജനസംഖ്യ യിലെ ബഹുഭൂപരിക്ഷംവരുന്ന സാധാരണക്കാരുടെ ജീവിത നിലവാരം മികവുറ്റതാക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്. രാജ്യത്തിൽ ജിഡിപി വളർച്ചയിൽ സർവ്വതോന്മുഖമായ വളർച്ച പ്രകടമാകുന്നുണ്ടോയെന്നതിലാണ് ഊന്നൽ വേണ്ടത്. അഞ്ചു ട്രില്യൺ ഡോളറിലേക്ക് സമ്പദ് വ്യവസ്ഥ വളരുന്നിടത്ത് വിശപ്പിൻ്റെ വിളിക്ക് ശമനമിടുവാനാകുന്നുണ്ടോ? മാനവ വികസന സൂചികയിൽ ശ്രദ്ധേയമായ മാറ്റം പ്രകടമാകുന്നുണ്ടോ? ഇത്തരം സംശയങ്ങൾ ദൂരികരിക്കപ്പെടേണ്ടതുണ്ട്.
2014–2025 കാലയളവിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ സ്ഥിരമായ മൂല്യതകർച്ചയിലാണ്. 58 രൂപയിൽ നിന്ന് 90 രൂപയിലേക്ക് കൂപ്പുകുത്തി. രൂപയുടെ തുടരുന്ന മൂല്യതകർച്ച സമ്പദ്വ്യവസ്ഥയെ കരിനിഴലിലാക്കി. ഇത് കാണാൻ തയ്യാറാകാതെ രാജ്യത്തിന്റെ ജിഡിപി വൻ വളർച്ചയിലാണെന്ന് പ്രചരിപ്പിക്കുന്നത് സാമ്പത്തികശാസ്ത്ര തത്വങ്ങളോടുള്ള കടുത്ത അവഗണനയാണ്.
ഉപസംഹാരം
ഇന്ത്യക്ക് മഹത്തായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുവാനാകുമെന്നതിൽ തർക്കത്തിനിടമില്ല. അതിസമ്പന്നമായ മാനവ വിഭവശേഷി തന്നെയാണ് രാജ്യത്തിൻ്റെ ശ്രേഷ്ഠമായ വളർച്ചയ്ക്ക് മുതൽക്കൂട്ട്. ഈ മാനവശേഷിക്കൂടി സാമ്പത്തികമായി ശാക്തികരിക്കപ്പെടുമെന്ന അനുകൂല സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. കേവലം ഒരു രൂപ നിരക്കിൽ നൂറുകണക്കിന് ഏക്കർ ഭൂമി അദാനി പോലുള്ള കോർപ്പറേറ്റുകൾക്ക് പതിച്ചുനൽകുന്ന ചങ്ങാത്ത മുതലാളിത്ത രീതിയിൽ അടിയന്തര പുരാലോചനയാണ് ഇന്നിൻ്റെ ആവശ്യം.
തലക്കെട്ടുകളിൽ നിരത്തപ്പെടുന്ന ജിഡിപി വളർച്ചാകണക്കുകളും ബഹുഭൂരിഷത്തിൻ്റെ യാഥാർത്ഥ ജീവിതാവസ്ഥയും തമ്മിലുള്ള അന്തരം ആത്മാർത്ഥതയോടെ, കൃത്യതയോടെ തിട്ടപ്പെടുത്തിയുള്ള ഇടപ്പെടലുകളിലൂടെ മാത്രമേ സർവ്വതോന്മുഖ വളർച്ച സുസാധ്യമാകൂ. വളർച്ച പെരുപ്പിക്കുന്നതിനായ് തെറ്റായ ഡാറ്റകളരുത്. രാജ്യത്തിൻ്റെ വളർച്ച നിർണയിയ്ക്കപ്പെടുന്നതിൻ്റെ മാനദണ്ഡം ചുരുക്കം ചില സമ്പന്നരുടെ കൈകളിൽ കുമിഞ്ഞുകൂടുന്ന സമ്പത്തെന്ന അവസ്ഥയിൽ കാതലായ തിരുത്തലുകളാണ് ഇന്നത്തെ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പിൻബലമാകേണ്ടത്.
- ലേഖകൻ ഇന്ത്യൻ ചരിത്ര ഗവേഷണ റിസർച്ച് ഫെല്ലോയും പാർലമെൻ്ററി ബിസിനസ് അഫയേഴ്സ് റിസർച്ച് അനലിസ്റ്റുമാണ്
പടങ്ങൾക്ക് കടപ്പാട്
footnotes
[1] chrome-extension://efaidnbmnnnibpcajpcglclefindmkaj/https://wir2026.wid.world/www-site/uploads/2025/12/World_Inequality_Report_2026.pdf?utm_source=chatgpt.com
2https://www.pib.gov.in/PressReleaseIframePage.aspx?PRID=1847956®=3&lang=2#:~:text=Since%202015%2C%20a%20comprehensive%20Skill,5%20years%20is%20as%20under:
3 https://www.civilsdaily.com/news/the-hard-truth-about-out-of-pocket-health-expenditure/#:~:text=PYQ%20Relevance,achieving%20sustainable%20and%20inclusive%20development.
4https://www.civilsdaily.com/news/the-hard-truth-about-out-of-pocket-health-expenditure/#:~:text=PYQ%20Relevance,achieving%20sustainable%20and%20inclusive%20development.
7 https://www.deccanherald.com/opinion/the-silent-surge-in-india-s-household-debt-3778321
9https://www.newsclick.in/corporate-tax-concessions-modi-government-budget
12 https://www.ceicdata.com/en/indicator/india/external-debt#:~:text=India%20External%20Debt%2C%201999%20%E2%80%93%202025,Max
[1] chrome-extension://efaidnbmnnnibpcajpcglclefindmkaj/https://wir2026.wid.world/www-site/uploads/2025/12/World_Inequality_Report_2026.pdf?utm_source=chatgpt.com
[2] https://www.pib.gov.in/PressReleaseIframePage.aspx?PRID=1847956®=3&lang=2#:~:text=Since%202015%2C%20a%20comprehensive%20Skill,5%20years%20is%20as%20under:
[3] https://www.civilsdaily.com/news/the-hard-truth-about-out-of-pocket-health-expenditure/#:~:text=PYQ%20Relevance,achieving%20sustainable%20and%20inclusive%20development.
[4] https://www.civilsdaily.com/news/the-hard-truth-about-out-of-pocket-health-expenditure/#:~:text=PYQ%20Relevance,achieving%20sustainable%20and%20inclusive%20development.
[5] https://www.pib.gov.in/PressNoteDetails.aspx?NoteId=155855&ModuleId=3®=3&lang=2#:~:text=AB%2DPMJAY%20Budget,crore%20estimated%20for%202025%2D2
[6] https://www.drishtiias.com/daily-updates/daily-news-analysis/rising-household-debt-in-india#:~:text=According%20to%20the%20Reserve%20Bank%20of%20India,to%20absorb%20shocks**%20*%20**Higher%20credit%20dependence**
[7] https://www.deccanherald.com/opinion/the-silent-surge-in-india-s-household-debt-3778321
[8] https://upstox.com/news/upstox-originals/investing/is-india-getting-addicted-to-borrowing/article-185653/
[9] https://www.newsclick.in/corporate-tax-concessions-modi-government-budget
[10] https://ddnews.gov.in/en/corporate-profits-in-india-grew-nearly-3x-faster-than-gdp-between-fy20-25-report/#:~:text=profits%20in%20India-,Corporate%20profits%20in%20India%20grew%20nearly%203x%20faster%20than%20GDP,also%20posted%20healthy%20earnings%20growth.
[11] https://www.ibef.org/economy/indian-investments-abroad#:~:text=India’s%20outbound%20investments%20have%20evolved,mergers%20and%20acquisitions%20(M&A).
[12] https://www.ceicdata.com/en/indicator/india/external-debt#:~:text=India%20External%20Debt%2C%201999%20%E2%80%93%202025,Max
