കിഫ്ബി: തൃശൂർ സൂവോളജിക്കൽ-കണ്ണാറ ബനാന ആൻ്റ്  ഹണി പാർക്ക്

കിഫ്ബി: തൃശൂർ സൂവോളജിക്കൽ-കണ്ണാറ ബനാന ആൻ്റ് ഹണി പാർക്ക്

കെ കെ ശ്രീനിവാസൻ/KK Sreenivasan 

വോട്ടു സമാഹരണ പദ്ധതിയായി പ്രചരിപ്പിയ്ക്കപ്പെടുന്ന കിഫ്ബിയുടെ കോടികളുടെ തിരിച്ചടവെന്ന മഹാഭൂതം കേരളത്തെ വിഴുങ്ങുവാൻ പോകുന്നു! ഈ വരുന്ന 4-5 വർഷത്തിനകം 16500 കോടിയിലധികമാണ് തിരിച്ചടവ് തുക. ഇനി മുതൽ കടബാധ്യതയിലാഴ്ത്തപ്പെട്ട കേരളം! എഡിബി വായ്പയിലൂടെ സംസ്ഥാനത്തെ പണയപ്പെടുത്തുവാൻ അനുവദിയ്ക്കുകയില്ലെന്ന മുറവിളികൂട്ടിയവർ (അധികാരത്തിലേറിയപ്പോഴത് തിരുത്തി) ലണ്ടൻ ഓഹരി വിപണിയിൽ മസാല (കമ്യൂണിസവും മുതലാളിത്തവും സമാസമം ചേർത്തുള്ള ‘മസാല’ ) ബോണ്ടു വിറ്റ് കാശുണ്ടാക്കിയെന്നതിലെ വൈരുദ്ധ്യമൊന്നും പറയുന്നില്ല. ഇതുവരെ 90500 ഓളം കോടിയുടെ പദ്ധതികൾ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ഇതിൽ നിന്ന് ഇതിനകം 37380 കോടിലധികം ചെലവഴിയ്ക്കപ്പെട്ടതായും പറയുന്നു.

കിഫ്ബി – ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടം

അടിസ്ഥാന സൗകര്യ വികസനത്തിനായ് ചെലവഴിയ്ക്കപ്പെട്ട കിഫ്ബിയുടെ സഹസ്രകോടികളിൽ നിന്ന് പാർട്ടി-ബന്ധിത ഊരാളങ്കൽ (നിർമ്മാണ കരാറുകൾ വാരിക്കൂട്ടി നൽകപ്പെട്ട കരാർ കമ്പനി) കമ്പനിയിലേക്ക് എത്ര കോടികൾ ഒഴുകിയെത്തിയെന്നുതുൾപ്പെടെയുള്ള വിവരങ്ങൾ ഉൾചേർത്ത് കിഫ്ബി പദ്ധതികൾ സംബന്ധിച്ച ധവളപത്രമിറക്കണം.

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിയ്ക്കപ്പെട്ട കെട്ടിടങ്ങളുടെ / പാലങ്ങളുടെ /മരാമത്തുപ്പണികളുടെ ഗുണനിലവാരമില്ലാഴ്മ മൂലമുണ്ടായ പുനർനിർമ്മാണ / അറ്റകുറ്റപ്പണി ചെലവുകളെപ്രതിയുള്ള വിവരങ്ങളും    ധവളപത്രത്തിലൂടെ പൊതുജനസമക്ഷം വയ്ക്കണം. കിഫ്ബിയിൽ നിന്നു കോടികൾ ചെലവിട്ട് കെട്ടിപ്പൊക്കി ഒമ്പതോളം പുള്ളി മാനുകളെ തെരുവുനായകൾക്ക് കടിച്ചുകീറി കൊല്ലാൻ കൊടുത്ത തൃശൂർ – പൂത്തൂർ സുവോളജിയ്ക്കൽ പാർക്ക്, തൃശൂർ-കണ്ണാറ ബനാന ആൻ്റ് ഹണി പാർക്ക് തുടങ്ങിയവയുടെ ഇന്നത്തെ യഥാർത്ഥ അവസ്ഥ കൂടി ധവളപത്രത്തിലുൾപ്പെടുത്തണം.

ഭരണകൂടത്തിന് കാശുണ്ടാക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗം കോടികൾ ചെലവഴിയ്ക്കപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന/മരാമത്തു പദ്ധതി (റോഡ്, പാലം, കെട്ടിടങ്ങൾ..) കളെന്നത് പുതുമയുള്ളതല്ലല്ലോ..ഏറ്റവും താഴെ തട്ടിൽ ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും മുൻഗണന വാർഡിൽ പരമാവധി റോഡു നിർമ്മിയ്ക്കുകയെന്നതാണെല്ലോ.. ആദ്യകാലത്തൊക്ക നാട്ടിൻപുറത്ത് ഒരു നല്ല റോഡെന്നതിനെപ്രതി പഞ്ചായത്തംഗത്തിന് കാര്യമായ ധാരണയില്ല. അഥവാ റോഡ് ആവശ്യം നാട്ടുക്കാർ ഉന്നയിച്ചാൽ തന്നെയും അംഗങ്ങൾ ചെവികൊള്ളാറില്ല. ഇപ്പോൾ പക്ഷേ റോഡു വേണോയെന്ന് ചോദിച്ച് അംഗങ്ങൾ ജനങ്ങൾക്ക് പിറകെയാണ് – നല്ല കാര്യം! റോഡുനിർമ്മാണമാണ് തങ്ങളുടെ മുഖ്യ ചുമതലയെന്ന ധാരണയിലാണ് ബഹുഭൂരിപക്ഷം അംഗങ്ങളും! അതെ നാടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്വയം “വികസി”യ്ക്കപ്പെടുമെന്ന തിരിച്ചറിവ് !!

 

Related Post