നഗരത്തിലെ ഹോട്ടൽ താമസ സൗകര്യങ്ങളുടെ ചെക്ക്-ഇൻ സമയം മുൻകാലങ്ങളിലേതുപോലെ 24 മണിക്കൂറും (24 × 7) ലഭ്യമാക്കുന്നതിനായ് അടിയന്തര ഇടപെടലുകൾ അനിവാര്യം
സ്വീകർത്താവ്: ശ്രീ. വി.വി രാജേഷ് – ബഹു. മേയർ, തിരുവനന്തപുരം നഗരസഭ

വിഷയം: നഗരസഭയുടെ കീഴിൽ കുറഞ്ഞ നിരക്കിൽ ശുചിത്വമാർന്ന “His” ലോഡ്ജുകൾ – നിവേദനം
സർ,
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന്, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ, അനേകം സാധാരണ പൗരന്മാർ ഔദ്യോഗികവും വ്യക്തിഗതവുമായ ആവശ്യങ്ങൾക്കായി പ്രതിദിനം തലസ്ഥാന നഗരത്തിലെത്തുന്നു. സെക്രട്ടറിയേറ്റ്, മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ പ്രധാന സർക്കാർ സ്ഥാപനങ്ങൾ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാ
ദൂര പ്രദേശങ്ങളിൽ നിന്ന് വരുന്നവരിൽ പലരും രാത്രിയാത്ര ചെയ്താണ് രാവിലെ നഗരത്തിലെത്തുന്നത്. ഓഫീസ് സമയപരിധിക്കുള്ളിൽ ആവശ്യങ്ങൾ നിവൃത്തിക്കുന്ന രീതിയിലാണ് യാത്രാക്രമീകരണം.
പ്രഭാതത്തിൽ നഗരത്തിലെത്തുന്നവർക്ക് വിശ്രമ – പ്രഭാതകർമ്മ സൗകര്യങ്ങൾ അനിവാര്യമാണെല്ലോ. നഗരത്തിലെ പല സ്വകാര്യ ലോഡ്ജുകൾ, പ്രത്യേകിച്ച് ഓൺലൈൻ ആപ്പുകൾ വഴി ബുക്കിങ് ചെയ്യുന്നവ, രാവിലെ 11-ന് മുമ്പ് ചെക്ക്-ഇൻ അനുവദിക്കാത്തത് സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇതുവഴി അനാവശ്യ കാത്തിരിപ്പും അധിക ചെലവും.
നഗരത്തിൽ പ്രവർത്തിക്കുന്ന ഡോർമിറ്ററികളുടെ ശുചിത്വവും പരിപാലന നിലവാരവും പൊതുവെ തൃപ്തികരമല്ല. നഗരത്തിൻ്റെ ഹൃദയഭാഗത്ത് സർക്കാർവക കെട്ടിട സമുച്ഛയത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഡോർമിറ്ററികളിലെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ “തനിക്ക് തൃപ്തിയില്ലെങ്കിൽ അവിടെ താമസിയ്ക്കണ്ട” എന്ന മറുപടിയാണ് ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്ന് ലഭിച്ചതെന്ന് പറയുന്നതിൽ ഖേദമുണ്ട്.
പൊതുമരാമത്തുവകുപ്പു താമസ സൗകര്യങ്ങളുണ്ട്. അവ പക്ഷേ സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവുകുറഞ്ഞതുമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതും പ്രായോഗികമായി ബുദ്ധിമുട്ടാണ്.
തീർച്ചയായും വനിതകൾക്കായി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങൾ ആശ്വാസമാണ്. ഇതേ മാതൃകയിൽ തലസ്ഥാന നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായിയെത്തുന്ന പുരുഷന്മാർക്കും ശുചിത്വമാർന്ന കുറഞ്ഞ നിരക്കിൽ സുരക്ഷിത “His” താമസ സൗകര്യങ്ങൾ നഗരസഭയുടെ കീഴിൽ ആരംഭിയ്ക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. ഇത്തരത്തിലുള്ള സൗകര്യം നഗരത്തിലെത്തുന്ന പുരുഷന്മാർക്ക് വലിയ അനുഗ്രഹവും ആശ്വാസവുമായിരിക്കും.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ നഗരത്തിലെ ഹോട്ടൽ താമസ സൗകര്യങ്ങളുടെ ചെക്ക്-ഇൻ സംവിധാനം മുൻകാലങ്ങളിലേതു പോലെ 24 മണിക്കൂറും (24 × 7) ലഭ്യമാക്കുന്നതിനായ് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
മറുപടി പ്രതീക്ഷിയ്ക്കുന്നു.
വിശ്വസ്തതയോടെ,
KK Sreenivasan/ Thrissur
editor, panancherynews.com
Research Fellow- ICHR, Research Analyst – Parliamentary Business Affairs
