ജനങ്ങളെ പിഴിഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി 

ജനങ്ങളെ പിഴിഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി 

പൊതുജനങ്ങളെ  പിഴിഞ്ഞ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ നൽകാൻ തൊഴിൽ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കെട്ടിട സെസ്സ് പിരിച്ചെടുക്കുന്നത് ജനങ്ങളെ പിഴിയുന്നതിന് തുല്യം.

തൊഴിലാളികൾക്ക് ആജീവനാന്ത പെൻഷൻ കൊടുക്കേണ്ട സാമ്പത്തിക ബാധ്യത പൊതു ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നതിൻ്റെ യുക്തി മനസിലാകുന്നില്ല.

വീട് / കെട്ടിടം നിർമാണത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് ആത്മാർത്ഥമായി മേലനങ്ങി പണിയെടുക്കുവാൻ തയ്യാറാകാത്തവർക്കുൾപ്പെടെ മാന്യമായ കൂലി നൽകപ്പെടുന്നുണ്ട്. ഇതിനും പുറമെ സിമൻ്റ് – ഇഷ്ടിക -മണൽ/പാറ പൊടി – കമ്പിയുൾപ്പെടെ കെട്ടിട നിർമ്മാണ വസ്തുക്കൾ ജനങ്ങൾ വാങ്ങുമ്പോൾ നികുതി /GST (18-28 ശതമാനം) സർക്കാർ വസൂലാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മാണ അനുമതി ഫീസ് ജനങ്ങളിൽ നിന്ന് ഈടാക്കുന്നു. കെട്ടിട / വിട്ടുനമ്പർ നൽകുന്നതിന് കംപ്ലീഷൻ സർട്ടിഫിക്കറ്റന്നതിനും ജനങ്ങളിൽ നിന്ന് അന്യായ ഫീസ് വസൂലാക്കപ്പെടുന്നു. കൂടാതെ വാർഷിക നികുതിയും പൊതുജനങ്ങൾ നൽകുന്നുണ്ട്. ഭൂമി തരമാറ്റത്തിൻ്റെ പേരിലും സർക്കാരിന്  ജനങ്ങൾ കാശ് കൊടുക്കണം. ഇവയെല്ലാം ഇപ്പോൾ കുത്തനെ കൂട്ടിയിട്ടുണ്ടുതാനും. ഇതിൽ നിന്നെല്ലാമായിരിയ്ക്കണം നിർമാണ തൊഴിലാളികൾക്ക് പെൻഷൻ (ഇത് വേണ്ടെന്ന പറഞ്ഞാൽ തൊഴിലാളി വിരുദ്ധനാകുമോ) നൽകേണ്ടത്. 

കെട്ടിട / വീട് പ്ലാൻ തയ്യാറാക്കി സമർപ്പിക്കുന്നതിനായ് സർക്കാർ അംഗീകൃത എശ്ചീനിയർമാർക്കും കെട്ടിടം/വീട് നിർമ്മിക്കുന്നവർ ന്യായമല്ലാത്ത കാശ് കൊടുക്കണം!

വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവരാണ് ഏറെയും. ഇവർ വായ്പയ്ക്ക് പലിശ കൊടുത്തു കൊണ്ടേയിരിയ്ക്കണം.  ഇത്തരം യാഥാർത്ഥ്യങ്ങളൊന്നും കാണാൻ സർക്കാരും തൊഴിലാളിയവകാശ സംരക്ഷകരും തയ്യാറല്ല.

പൊതുജനങ്ങൾ കഷ്ട്പ്പെട്ടുണ്ടാക്കുന്ന വീട് / കെട്ടിടം അർഹതയില്ലാത്ത ഒരു ചെറുപറ്റത്തിന് ആനുകൂല്യമാക്കി മാറ്റപ്പെടുന്നത്  തീർത്തും ജനവിരുദ്ധമാണ്.. തൊട്ടതിനും പിടിച്ചതിനുമെല്ലാം നികുതികൾ നൽകി , തൊഴിലാളികൾക്ക് അന്യായ കൂലി നൽകി വീട്/ കെട്ടിടം പണിയുന്നവർ ഒരു ചെറുവിഭാഗം തൊഴിലാളികളെന്നു പറയുന്നവരെ തീറ്റിപോറ്റണമെന്നത് തൊഴിലാളി അവകാശ പട്ടികയിലല്ല ഉൾപ്പെടുത്തേണ്ടത്.  നോക്കുകൂലി സമ്പ്രദായം ഔദ്യോഗികവൽകരിക്കപ്പെടുന്നവസ്ഥക്ക് തുല്യമാണിതെന്ന് പറയുന്നതിൽ ക്ഷമിയ്ക്കണം! ഇത് ദുരന്തമാണ്!! 

ജനങ്ങളെ പിഴിഞ്ഞ് കെട്ടിട സെസ് / നികുതി പിരിച്ചെടുത്ത് അർഹതയില്ലാത്ത തൊഴിലാളികൾക്ക് കൊടുക്കുമ്പോൾ ഒരു കാര്യം അന്വേഷിക്കണം… കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ മഹാഭൂരിപക്ഷവും ഇതര സംസ്ഥാന തൊഴിലാളികളാണ്. മലയാളി തൊഴിലാളികൾ ഈ മേഖലയിൽ എത്രയെന്ന് അന്വേഷിച്ച് തിട്ടപ്പെടുത്തണം. തൊഴിലാളി ക്ഷേമനിധിയെന്ന പേരിൽ ജനങ്ങളിൽ നിന്ന് ഊറ്റിയെടുക്കുന്നതിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ തയ്യാറാകുമോയെന്നതിനും ഉത്തരം ആവശ്യം. 

തൊഴിലാളി ക്ഷേമനിധി ബോർഡിൽ രാഷ്ട്രീയക്കാർ ചെയർമാൻ – അംഗങ്ങൾ. അത്തരക്കാരെ തീറ്റിപോറ്റുന്നതിനും കൂടിയാണ് ജനങ്ങൾക്കുമേൽ കെട്ടിട സെസ് ചുമത്തപ്പെടുന്നതെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. 

കെട്ടിടം പണിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് ന്യായവും അന്യായവുമായ കൂലി നൽകപ്പെടുന്നുണ്ട്.  തൊഴിലാളികൾ ക്ഷേമനിധി ന്യായമായ  വിഹിതം നൽകണം. വിഹിതം പേരിന് മാത്രമായാൽ പോരാ. ജനങ്ങളെ പിഴിഞ്ഞാകരുത് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിയ്ക്കപ്പെടേണ്ടത് ! സ്വ അദ്ധ്വാനത്തിൻ്റെ ബാക്കിപത്രമായിരിയ്ക്കണം പെൻഷൻ ആനുകൂല്യം….

നികതികൾക്കുമേൽ വീണ്ടും നികുതി (ബഹുമുഖ നികുതി ) യായി തൊഴിൽ വകുപ്പ് ചുമത്തുന്ന കെട്ടിട സെസ്  യുക്തിരഹിതമെന്നു പറഞ്ഞാലതിനെ തൊഴിലാളി വിരുദ്ധതയായി കാണരുത്. പൊതുജനങ്ങൾ നികുതികൾ ഒടുക്കാൻ മാത്രം വിധിക്കപ്പെടുന്നുവെന്നത് കഷ്ടമാണു്. ഇക്കാര്യത്തിൽ തിരുത്തലിന്  തയ്യാറാകണം…

കെ കെ ശ്രീനിവാസൻ

Related Post

Leave a Reply

Your email address will not be published. Required fields are marked *