തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സർക്കാരിൻ്റെ ഗ്രാൻ്റ് വേണ്ടെന്നുവയ്ക്കുമോ? അംഗമാകുന്നതിനു മുമ്പും ശേഷവുമുള്ള ആസ്തി വിവരങ്ങൾ പുറത്തുവിടുമോ? റോഡുനിർമ്മാണത്തിൽ കരാറുക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നുവെന്ന ആരോപണത്തിനിട വരുത്താതിരിയ്ക്കുമോ? റോഡു നിർമ്മാണം / നിർമ്മാണ പ്രവർത്തികൾ മാത്രമാണു് അംഗത്തിൻ്റെ ചുമതലയെന്ന ധാരണ തിരുത്തുമോ? റോഡുനിർമ്മാണത്തിലെ ഗുണനിലവാരം കൃത്യതയോടെ ഉറപ്പുവരുത്തുന്നതിൽ അംഗങ്ങളുടെ നേരിട്ടുള്ള മേൽനോട്ടമുണ്ടാകുമോ? പുറമ്പോക്കുസ്ഥലം കയ്യേറി ബിൽഡിങ്ങുണ്ടാക്കുന്നവർക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന് വഴിയൊരുക്കുകയില്ലെന്നുറപ്പിയ്ക്കുമോ?
ബിൽഡിങ്ങ് നികുതി നിശ്ചയിക്കുന്നതിൽ സുതാര്യതയുറപ്പുവരുത്തുമോ? രാഷ്ട്രീയ ബന്ധത്തിൻ്റെ പേരിൽ വാണിജ്യ ബിൽഡിങ്ങ് നികുതി പരിച്ചെടുക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നു ഉറപ്പുവരുത്തുമോ? ഗ്രാമസഭ – സ്ത്രീ-ശിശു – പരിസ്ഥിതി ശാക്തീകരണ പ്രവർത്തനങ്ങൾ ക്രിയാത്മകമാക്കുമോ? പങ്കാളിത്ത വികസനം സുസാധ്യമാക്കുകയെന്ന ദിശയിൽ ഗ്രാമസഭയുടെ പങ്കെന്തെന്ന് കൃത്യതയോടെ തിരിച്ചറിയുമോ? ഗ്രാമസഭയെന്നത് വാർഡിലെ ജനങ്ങളുടെ കയ്യൊപ്പിട്ട് മിനിറ്റ്സുണ്ടാക്കൽ മാത്രമെന്നതിൽ മാറ്റം വരുത്തുമോ? ഗ്രാമസഭാ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാട് ഭരണസമിതിയിൽ സ്വീകരിക്കുകയില്ലെന്ന് ഉറപ്പിക്കുമോ? സഹജീവികൾക്ക് സർക്കാർ സഹായമെന്നതിൽ കക്ഷിരാഷ്ട്രീയ താല്പര്യം തടസ്സമാകില്ലെന്നു തിട്ടപ്പെടുത്തുമോ?
സ്ത്രീ അംഗങ്ങളെ മറയാക്കി ഭർത്താക്കന്മാർ / സഹോദരന്മാർ അധികാരം കയ്യാളുന്നവസ്ഥ സൃഷ്ടിയ്ക്കാതിരിയ്ക്കുമോ? വനിതാ അംഗങ്ങൾ തങ്ങളുടെ അധികാരം മറ്റുള്ളവർക്ക് “പുറംകരാർ” കൊടുക്കില്ലെന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുമോ? തങ്ങളുടെ അധികാര രാഷ്ട്രീയ ശാക്തീകരണത്തിൻ്റെ പ്രധാന വേദിയാണ് പഞ്ചായത്തീ രാജ് സംവിധാനമെന്നത് വനിതാ അംഗങ്ങൾ തിരിച്ചറിയുന്നതിൽ പ്രത്യേക ഊന്നൽ നൽകുമോ?
റോഡുനിർമ്മാണ പദ്ധതികൾക്കെന്നതിനുമപ്പുറം പഞ്ചായത്തീരാജ് നിയമത്തിൻ്റെ വ്യാപ്തിയും സാധ്യതകളും ഉപയുക്തമാക്കി സമഗ്ര വാർഡുവികസനത്തിനായ് നൂതന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് അവ നടപ്പിലാക്കുമോ?
തെരഞ്ഞെടുക്കപ്പെടുന്നതോടെ ‘കില’ നൽകുന്ന പരിശീലന കളരിയിൽ പങ്കെടുക്കുമെന്നുറപ്പുവരുത്തുമോ? ഭരണനിർവ്വഹണത്തെപ്രതി ‘കില’ നൽകുന്ന കൈപുസ്തകങ്ങൾ തുറന്നുനോക്കില്ലെന്ന ‘പിടിവാശി’ അവസാനിപ്പിക്കുമോ? പഞ്ചായത്തീ രാജ് നിയമ പ്രകാരം അംഗത്തിൻ്റെ ചുമതലകളെന്തന്നു ആത്മാർത്ഥമായി പരിശോധിക്കുമോ… ശേഷം അതു പ്രകാരം അധികാരം പ്രയോഗിക്കുമോ?
