ഭാരത് നിര്‍മ്മാണ്‍: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പാഴാക്കിയത് ലക്ഷങ്ങള്‍

 കെ.കെ.ശ്രീനിവാസന്‍

ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും തുടര്‍ക്കഥയാവുകയാണ്. പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക

ഭാരത് നിര്‍മ്മാണ്‍ പദ്ധതിപ്രകാരമുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തി. ഗ്രാമീണ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപംകൊടുത്ത പദ്ധതിയാണ് ഭാരത് നിര്‍മ്മാണ്‍. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച 11270745080701104953bharth nriman rtiഅപേക്ഷക്ക് പഞ്ചായത്ത് നല്‍കിയ മറുപടി (നമ്പര്‍ 1820/11, 21-3-2011)യിലാണ് കേന്ദ്രസഹായം  നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്.

ഭാരത് നിര്‍മ്മാണ്‍ പ്രധാന്‍മന്ത്രി ഗ്രാമീണ സഡ്ക് യോജന, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, (എന്‍ ആര്‍ എച്ച് എം) എന്നീ പദ്ധതികള്‍ക്കായി നീക്കിവെച്ച കോടികളുടെ ഫണ്ടില്‍ നിന്ന് ഒരു ചില്ലികാശ്പോലും ലഭ്യമാക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഗ്രാമീണ റോഡ് നിര്‍മ്മാണം, കുടിവെള്ള വിതരണം, പാര്‍പ്പിടം, ചെറുകിട ജലസേചന പദ്ധതികള്‍, വൈദ്യുതീകരണം, ടെലിഫോണ്‍, എന്നീ അടിസ്ഥാന സൗകരവികസനത്തിനായാണ് ഭാരത് നിര്‍മ്മാണ്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. 2005 ഫെബ്രുവരി 25ന് രാഷ്ട്രപതി പാര്‍ലമെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 2005- 06 ദേശീയ ബഡ്ജറ്റില്‍ മൊത്തം 1,74,000 കോടി രൂപ പദ്ധതി അടങ്കലായി പ്രഖ്യാപിച്ചു. 2005 – 2009 കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയെന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഇപ്പോഴതിന്റെ കാലാവധി 2012 വരെ നീട്ടിയിട്ടുണ്ട്. 2011-12 ദേശീയ ബഡ്ജറ്റില്‍ ഈ പദ്ധതിക്കായി 58,000 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന എന്ന പേരിലാണ് ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ 100 ശതമാനം ഫണ്ടും കേന്ദ്രം അനുവദിക്കുന്നു. 60,000 കോടിയുടേതാണ് മൊത്തം ഫണ്ട്. 146185 കി.മീ. പുതിയ ഗ്രാമീണ റോഡ് വികസനമാണ് ലക്ഷ്യം. നിലവിലുള്ള 194132കി.മീ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. 2010 നവംബര്‍ വരെ 163309 കി.മീ പുതിയ റോഡുകള്‍ ഇന്തയയിലൊട്ടാകെ പണിതീര്‍ത്തിട്ടുണ്ട്. 120300 കി.മീ റോഡുകള്‍ ഗതാഗതയോഗ്യവുമാക്കി. ഇതിനായി ഇതിനകം തന്നെ 75,404.45 കോടി ചെലവഴിച്ചിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലാണ് ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതി. ഇന്ദിരാ ആവാസ് യോജന പദ്ധതിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് പദ്ധതിയ്ക്കായി ഫണ്ട് ചെയ്യുന്നത്. 2001 സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആവശ്യമുള്ളതിലും 149 ലക്ഷം വീടുകള്‍ കുറവാണ്. 2005-09നുള്ളില്‍ 60 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇതില്‍ 60 ശതമാനം എസ് സി / എസ് ടി വിഭാഗങ്ങളാണ് ഗുണഭോക്താക്കളായത്.

ഒരു കോടി ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നു.  2009വരെ 6.5 മില്യണ്‍ ഹെക്ടറില്‍ ജലസേചന സൗകര്യമെത്തിച്ചു. ബാക്കി 3.5 മില്യണ്‍ 2012ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാമങ്ങളില്‍ കുടിവെള്ള വിതരണമുറപ്പുവരുത്തുന്നതിനായി സ്വജല്‍ധാര പദ്ധതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇത് 100 ശതമാനവും കേന്ദ്രസഹായമാണ്. ഇതിലൂടെ 2.16 ലക്ഷം ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കുകയെന്നതാണ് ലക്ഷ്യം.

ഭാരതീയ ഗ്രാമങ്ങളില്‍ വെളിച്ച വിപ്ലവം ലക്ഷ്യംവയ്ക്കുന്ന പദ്ധതിയാണ് രാജീവ്ഗാന്ധി വിദ്യുത്കരണ്‍ യോജന. ഇല്ക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. മൂലധനചെലവിന്റെ 90 ശതമാനവും സബ്‍സിഡിയായി അനുവദിക്കപ്പെടും. അതേസമയം, ആദിവാസികള്‍ക്കും ബി പി എല്‍ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായും സൗജന്യമാണ്. 40,000 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുകയെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ടെലിഫോണ്‍ കണക്ടിവിറ്റി 40 ശതമാനമായി ഉയര്‍ത്തുക, ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിക്കുക, 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലുള്‍പ്പെടുന്നു.

ഗ്രാമീണജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യംവച്ചുള്ള പദ്ധതിയാണ് എന്‍ആര്‍എച്ച്എം. ആരോഗ്യമേഖലയ്ക്കായി വിനിയോഗിക്കപ്പെടുന്നത് മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 0.9 ശതമാനം മാത്രമാണ്. എന്നാലത് 2.3 ശതമാനമായി ഉയര്‍ത്തി ഗ്രാമീണ ജനതയുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് എന്‍ ആര്‍ എച്ച് എം വിഭാവനം ചെയ്യപ്പെട്ടത്. 2004-09 കാലയളവില്‍ ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 67,000 കോടി രൂപ. വില്ലേജ് ഹെല്‍ത്ത് പ്ലാന്‍ അനുസരിച്ച് ഗ്രാമീണ ആശുപത്രികള്‍ വിപുലപ്പെടുത്തുക, സാനിട്ടേഷന്‍ ശുചിത്വ പദ്ധതികള്‍ ആരംഭിക്കുക, പോക്ഷകാഹാരം ഉറപ്പുവരുത്തുക, സുരക്ഷിത കുടിവെള്ളവിതരണം ഉറപ്പുവരുത്തുക, പ്രാദേശിക ആരോഗ്യപാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണമേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ അതിവിപുലമായ ലക്ഷ്യങ്ങളാണ് എന്‍ ആര്‍ എച്ച് എം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത്രയും വിപുലമായ ആരോഗ്യപദ്ധതികള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കുമ്പോള്‍തന്നെ അതിന്റെ ഗുണഭോക്താവാകാന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ലെന്നിടത്ത് തെളിയുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പിടപ്പുകേടല്ലാതെ മറ്റെന്താണ്? പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര, മണിയംകിണര്‍, പാത്രകണ്ടം, രാമന്‍ചിറ തുടങ്ങിയ ആദിവാസി ഊരുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകളില്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും ഒരു തുടര്‍ക്കഥയാവുകയാണ്. ഭാരത് നിര്‍മ്മാണ്‍ പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക. കേരളത്തില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മാത്രമായിരിക്കില്ല ഈ ഫണ്ട് പാഴാക്കിയതെന്ന യാഥാര്‍ത്ഥ്യം ഇവിടെ കാണാതിരിക്കുന്നില്ല.

Related Post