പീച്ചി വില്ലേജിൽ കുടിയിറക്കപ്പെടുന്നവരും മുനമ്പം ഭൂപ്രശ്നവും

പീച്ചി വില്ലേജിൽ കുടിയിറക്കപ്പെടുന്നവരും മുനമ്പം ഭൂപ്രശ്നവും

 

ഇപ്പോൾ കേരള സർക്കാർ വിചാരിച്ചാൽ മുനമ്പം ഭൂപ്രശ്നം ഇവിടെ തന്നെ പരിഹരിയ്ക്കപ്പെടും. പക്ഷേ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയുള്ള നിയമപരിഹാരമായിരിയ്ക്കും ശ്വാശത പരിഹാരം. ഇത്തരമൊരു മുനമ്പം ഭൂതർക്ക നിയമപരിഹാര പ്രക്രിയയിലുൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ജന്മിമാരാൽ കുടിയിറക്കപ്പെടുന്ന തൃശൂർ ജില്ല പീച്ചി വില്ലേജിലെ കർഷകത്തൊഴിലാളി കുടുംബങ്ങൾ…..

 

കെ കെ ശ്രീനിവാസൻ/kk Sreenivasan


തൃ ശൂർ താലൂക്ക് പീച്ചി വില്ലേജിൽ കർഷക തൊഴിലാളി കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നു.  തങ്ങളുടേതെന്ന ഉത്തമവിശ്വാസത്തിൽ എട്ടു പതിറ്റാണ്ടോളമായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നാണ് ജന്മിമാരാൽ കുടുംബങ്ങൾ തെരുവിലേക്ക് ആട്ടിയിറക്കപ്പെടുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം കൂടിയാന് 1976 ൽ ലാൻ്റ് ട്രിബ്യൂണലിൽ പട്ടയം ലഭിച്ച അഞ്ച് തലമുറകളുടെ ജനനവും മരണവും നടന്ന  മണ്ണിൽ നിന്നാണ്‌ ഈ കുടുംബങ്ങളെ ജന്മിമാർ കുടിയൊഴിപ്പിയ്ക്കുന്നത്. പട്ടയം ലഭ്യമാക്കപ്പെട്ട കുടിയാൻ്റെ അനന്തരതലമുറകളാണ് ജന്മിമാരാൽ ഇപ്പോൾ കുടിയിറക്കപ്പെടുന്നത്. കുടുംബങ്ങൾക്ക് സംരക്ഷണമെന്ന നിലയിൽ ഭൂപരിഷ്കരണ നിയമഭേദഗതിക്കായി സർക്കാർ സമീപിച്ചിട്ട് വർഷങ്ങളേറെയായി. ഇപ്പോൾ മുനമ്പം ഭൂതർക്കപരിഹാര പ്രക്രിയയുടെ പശ്ചാത്തലത്തിൽ, കുടിയിറക്ക് ഭീഷണിയിൽ നിന്ന് സംരക്ഷണമെന്നതിനെ മുൻനിറുത്തി വർഷങ്ങളായുള്ള തങ്ങളുടെ അപേക്ഷകൾക്കൂടി പരിഗണിയ്ക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ . 

കേരളത്തിലെ ഭൂബന്ധങ്ങൾക്ക് പുന:നിർവ്വചനമെന്ന നിലയിലാണ് ഭൂപരിഷ്കരണ ബിൽ അവതരിപ്പിയ്ക്കപ്പെട്ടത്. കൃഷിഭൂമി കൃഷി ചെയ്യുന്ന കർഷകന്. ജന്മിമാരിൽ നിന്ന് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക. കുടികിടപ്പുകാരുടെ കൈവശഭൂമിക്ക് ഉടമസ്ഥതാവകാശ സ്ഥാപനം. ഇപ്പറഞ്ഞ ശ്രദ്ധേയമായ ലക്ഷ്യങ്ങളിലൂന്നിയാണ്  1957  ഡിസംബർ  18 ന് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണ ബിൽ അവതരിപ്പിക്കുന്നത് . ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ ഉയർന്നവന്ന വിമോചനസമര പരിണിതിയെന്നോണം ഭൂപരിഷ്ക്കരണ ബിൽ യഥാർത്ഥ്യമായില്ല. പിന്നീട് അര പതിറ്റാണ്ടിനുശേഷം  1963 നിയമം പാസ്സാക്കപ്പെട്ടു. ചട്ടങ്ങൾ രൂപീകരിക്കപ്പെട്ട് ഭൂപരിഷ്കരണം നിയമം പ്രാപല്യത്തിൽ വന്നതാകട്ടെ 1970 ജനുവരി ഒന്നിന്.   ബില്ലിൻ്റെ ആദ്യാവതരണം മുതൽ ബിൽ നിയമമാക്കപ്പെടുന്നതുവരെ നീണ്ട ഇടവേള. പ്രഖ്യാപിത മൗലിക ലക്ഷ്യങ്ങളെ ദുർബ്ബലപ്പെടുത്തി ബില്ലിൻ്റെ അടിസ്ഥാന ചട്ടക്കൂടിൽ ജന്മിയനുകൂല താൽപ്പര്യക്കാർക്ക് ഇടം നൽകുന്നതിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു ഈ നീണ്ട ഇടവേളയെന്ന് പറഞ്ഞാൽ അത് അധികപ്പറ്റാകാനിടിയില്ല.         

ഭൂപരിഷ്കരണ പിടിയിലകപ്പെടാതെ

പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയിച്ചിടത്ത് പല   ഇഷ്ടദാന – മത – ട്രസ്റ്റ് – സ്വകാര്യ വനം – തോട്ടം ഭൂസ്വത്തുക്കൾ   ഭൂപരിഷ്കരണ നിയമപരിധിയിലകപ്പെടാതെ പോയി. ഭൂപരിഷ്കരണ നിയമത്തിൻ്റെ ആവശ്യകതയിലൂന്നിയുള്ള ചർച്ചകൾ പ്രാരംഭത്തിലേ   പരിധിയിൽ കവിഞ്ഞ ഭൂസ്വത്തുക്കൾ രൂപീകരിക്കപ്പെടാൻ പോകുന്ന ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് സംരക്ഷിച്ചെടുക്കുവാൻ  അതീവ കൗശലം പ്രകടിപ്പിക്കപ്പെട്ടുവെന്നത് പാടേ നിഷേധിക്കപ്പെടേണ്ടതല്ല.        

ഇഷ്ടദാന – മത –  സ്ഥാപന  ട്രസ്റ്റ് – സ്വകാര്യ വനം – തോട്ടം ഭൂസ്വത്തുക്കളെന്നത് ഭൂപരിഷ്കരണ നിയമപരിധിയിലകപ്പെടുന്നില്ലെന്നിടത്ത് ഭൂരഹിതരുടെ പട്ടിക കനംവച്ചില്ലെങ്കിലേ അതിശയമുളളൂ. ഭൂപരിഷ്കരണത്തിൻ്റെ നാട്ടിൽ പരിധിയില്ലാതെ ഭൂമി കൈപിടിയിൽ തന്നെ നിലനിർത്തുവാൻ സാധിച്ചവരുടെ ഭൂമിയിൽ പണിയെടുക്കുവാൻ വേണ്ടിമാത്രമെന്ന നിലയിൽ ഭൂരഹിത കർഷകതൊഴിലാളി വർഗം സൃഷ്ടിയ്ക്കപ്പെട്ടതിലും അതിശയിയ്ക്കേണ്ടതില്ല. ഭൂരഹിതരില്ലെന്ന കേരളം സൃഷ്ടിച്ചെടുക്കുന്നതിനായ് തുടരുന്നു “മഹത്തായ യജ്ഞം” കേവലം മൂന്നു സെൻറ് വിതരണം ചെയ്യുകയെന്നതിനുമപ്പുറമില്ലെന്നതിനു കാരണം ഭൂവിസ്തൃതിയിൽ സിംഹഭാഗവും വൻകിടക്കാരുടെ കൈപിടിയിലായിപോയിയെന്നതുതന്നെയാണ്.

തൃശൂർ ജില്ലയിൽ തൃശ്ശൂർ , കോലഴി, മാടക്കത്തറപാണഞ്ചേരി വില്ലേജുകളിലായി വിവിധ സർക്കാർ നമ്പറുകളിൽ 120 എക്കറോളം ഭൂമിയുടെ ഉടമകളായിരുന്നു മുൻ സൂചിപ്പിച്ച ജന്മികുടുംബം. ഇവരുടെ ഒരു തുണ്ടു ഭൂമിപോലും മിച്ചഭൂമിയായി കണ്ടുകെട്ടപ്പെട്ടില്ലെന്നത് ഉദാഹരണങ്ങളിലൊന്നു മാത്രം. കേരളത്തിലെ മുഴുവൻ വില്ലേജുകളിലെ ഭൂരേഖകൾ സൂക്ഷ്മതയോടെ ഠന വിധമാക്കപ്പെട്ടാൽ രാഷ്ട്രീയ – സാമ്പത്തിക സ്വാധീനമുള്ള ജന്മിമാർ തങ്ങളുടെ അധിക കുടുംബസ്വത്തുക്കൾ ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് സംരക്ഷിച്ചെടുക്കപ്പെട്ടിട്ടുണ്ടോയെന്നതിന് കൂടുതൽ വ്യക്തത കൈവന്നേക്കും.     

നിയമങ്ങളിൽ അന്തർലീനമായിരിക്ക നീതിനിഷേധത്തിൻ്റെ പഴുതുകൾ തുറക്കപ്പെടുന്നത് അവ വ്യാഖ്യാനിക്കപ്പെടുമ്പോൾ മാത്രം. ഏറെ വിപ്ലവാത്മകമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്കരണം നിയമം നീതിനിഷേധത്തിൻ്റെ പഴുതുകളിൽ നിന്ന് വിമുക്തമല്ല. നിയമത്തിനുള്ളിൽ പതിയിരിക്കുന നീതിനിഷേധത്തിൻ്റെ പ്രത്യാഘാതങ്ങളേറെയുംപക്ഷേ ഏറ്റുവാങ്ങേണ്ടിവരുന്നത് സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവരായിരിക്കും . ഇത്തരമൊരു പ്രത്യാഘാതത്തിന് ഇരയാകേണ്ടിവന്നവരാണ് തൃശ്ശൂർ ജില്ല പീച്ചി വില്ലേജിൽ  പതിറ്റാണ്ടുകളായ് താമസിക്കുന്ന  30 ലധികം  കർഷകത്തൊഴിലാളി കുടുംബങ്ങളും കുടിയിറക്ക് ഭീഷണി നേരിടുന്നു എറണാകുളം ജില്ലയിലെ മുനമ്പത്തെ കുടുംബങ്ങളും.       

ജന്മി കുടിയാൻ ഭൂതർക്ക പശ്ചാത്തലം

1930-കളുടെ തുടക്കം മുതൽകൂട്ടാല കൃഷ്ണനെന്ന വ്യക്തി ജന്മിയുടെ കാര്യസ്ഥനായിരുന്നു. 1963ൽ കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കപ്പെട്ടു. ചട്ടങ്ങൾ രൂപീകരിക്കപ്പെട്ട്  1970  ജനുവരി ഒന്നിന് ഭൂപരിഷ്കരണ നിയമം പ്രാപല്യത്തിൽ വന്നതോടെ താലൂക്ക് അടിസ്ഥാനത്തിൽ ലാൻറ് ട്രിബ്യൂണലുകൾ (ലാൻ്റ് ട്രിബ്യൂണൽ – എൽടി) നിലവിൽ വന്നു. തങ്ങളുടെ കൈവശമുള്ള പാട്ടഭൂമിയ്ക്കുമേലുള്ള ഉടമസ്ഥാവകാശമുറപ്പിക്കുന്നതിനായ് ട്രിബ്യൂണലുകളിൽ കുടിയാന്മാർ അപേക്ഷകൾ സമർപ്പിയ്ക്കുവാൻ തുടങ്ങി. ഇതുപ്രകാരം  1930- കൾ മുതലുള്ള രേഖകൾ സഹിതം കുടിയനായ കൂട്ടാല കൃഷണൻ തൃശൂർ താലൂക്ക് പാണഞ്ചേരി  (പിൽക്കാലത്ത് പീച്ചി വില്ലേജ് )   05  ഏക്കർ  70.5  സെൻറ് ഭൂമിയ്ക്ക് ഒല്ലൂക്കര ലാൻ്റ് ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിച്ചു. തുടർന്ന് ജന്മിമാർ  1970  തന്നെ സബ്ബ് കോടതിയിൽ കൃഷ്ണനെതിരെ കേസ് ഫയൽ ചെയ്തു. ഒപ്പം എൽടിയിൽ എതിർഹർജിയും. എന്നാൽ കുടിയാനെന്ന് തെളിയിക്കുന്ന കൃഷ്ണൻ്റെ ശക്തമായ രേഖകളുടെ പിൻബലത്തിൽ കുടിയാന് അനുകൂലമായി എൽടി ഉത്തരവിറക്കി. ഈ ഉത്തരവിൻ്റെ പിൻബലത്തിൽ ജന്മിയുടെ സബ്ബ് കോടതി ഒഎസ് തള്ളിക്കളഞ്ഞു. അതോടെ 1976  കുടിയാൻ കൃഷ്ണന് പട്ടയം  (OA3316/1970 & OAN.90/75  ഉത്തരവ് ) ലഭിച്ചു .                 

പട്ടയം ലഭിച്ചതോടെ ഭൂമിയിലൊരു ഭാഗം കുടിയാൻ അവൻ്റെ മക്കൾക്ക് ഭാഗാധാരം ചെയ്തു നൽകി. ബാക്കി ഭൂമിയാകട്ടെപുറത്തുള്ളവർക്ക് വിറ്റു. ഇങ്ങനെയാണ് കുടിയാൻ കൃഷ്ണൻ ലഭ്യമാക്കപ്പെട്ട ലാൻ്റ് ട്രിബ്യൂണൽ പട്ടയഭൂമി തുണ്ടുവൽക്കരിക്കപ്പെട്ട് ഇപ്പോൾ കുടിയിറക്ക് ഭീഷണിയിലകപ്പെട്ടിട്ടുള്ള കുടുംബങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലുമെത്തിയത്. പക്ഷേ അപ്പീൽ കോടതികളിലെ ജന്മി-കുടിയാൻ  ഭൂവ്യവഹാര വിധികളെല്ലാം അത്യന്തികമായി ഉന്നത സമ്പത്ത് രാഷ്ട്രീയാധികാര നീതിന്യായമണ്ഡലങ്ങളിൽ സ്വാധീനമുള്ള ജഡ്ജിമാരടക്കമുൾപ്പെടുന്നു ജന്മികുടുംബത്തിന് അനുകൂലമായി. കുടിയാൻ്റെ ട്രിബ്യൂണൽ പട്ടയവും കൈമാറ്റങ്ങളെല്ലാം അതോടെ അസ്ഥിരമാക്കപ്പെട്ടു. തുടർന്നാണ് ഈ കുടുംബങ്ങൾക്കെതിരെ ജന്മിമാർ കുടിയൊഴിപ്പിയ്ക്കൽ കേസ് (execution procedure – ഇപി) തൃശൂർ സബ്ബ് കോടതിയിൽ ഫയൽ കേസ് ചെയ്തത്.

ജന്മിമാർ അതിശക്തർ

കുടിയാൻ കൃഷ്ണൻ്റെ അനന്തരാവകാശികൾ ഒരു വേള (1997) അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ജഡ്ജി പി.കെ ബാലസുബ്രഹ്മണ്യം  അപ്പീൽ തള്ളി. 1980കളിൽ ഇതേ ഭൂവ്യവഹാരത്തിൽ ബാലസുബ്രമണ്യൻ ഹൈക്കോടതിയിൽ ജന്മിയുടെ അഭിഭാഷകനായിരുന്നു. അതിനാൽ അപ്പീൽ കേസ് കേൾക്കുന്നതിൽ നിന്ന് ഈ ജഡ്ജി പിൻമാറണമെന്ന അപ്പീൽ ഹർജിക്കാരുടെ വക്കീൽ വാദമുന്നയിച്ചു. അത് പക്ഷേ അവഗണിച്ച് ജന്മിക്ക് അനുകൂലമായി ഈ ജഡ്ജി ജന്മിക്ക് അനുകൂലമായി അപ്പീൽ ഹർജി തള്ളി. ഇവിടെയും നീതിന്യായവ്യവസ്ഥ കയ്യാളുന്നവർ സർവ്വനിലയ്ക്കും ശക്തരായ ജന്മിയ്ക്കൊപ്പം നിന്നുവെന്നതു തുടർച്ചയായി.

ഈ ഭൂമിക്കേസിൽ ഹൈകോടതികളിൽ ജന്മിമാർ സമർപ്പിച്ച ഹർജികളിൽ ഹർജിക്കാരിലൊരാളുടെ മേൽവിലാസത്തിൽ ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയെന്ന് രേഖപ്പെടുത്തിയതിലെ ഉദ്ദേശ ശുദ്ധി സംശയിയ്ക്കപ്പെടാതിരിയ്ക്കുന്നില്ല.  ജന്മിയുടെ സമ്പത്തും  ഭരണം നീതിന്യായ തലങ്ങളിൽ ശക്തമായ സ്വാധീനവും ഭൂപരിഷ്കരണ നിയമത്തിലെ ജന്മിയനുകൂല പഴുതുകളും കുടുംബങ്ങൾക്ക് അപ്പാടെ വിനയായെന്നു സാരം.

ജന്മികുടിയാൻ തുടർ കേസുകളെല്ലാം  ജന്മിമാർക്കനുകൂലമാക്കപ്പെട്ടതോടെയാണ് അഞ്ചു ഏക്കർ എഴുപതര സെൻ്റിലെ തുണ്ടുഭൂമികളിൽ പതിറ്റാണ്ടുകളായി കുടിയാന്മാരാണെന്ന ഉത്തമവിശ്വാസത്തിൽ താമസിച്ചുകൊണ്ടിരിക്കുന്നു കുടുംബങ്ങൾക്കെതിരെ ജന്മിമാരുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. മൊത്തം  05  ഏക്കർ എഴുപതര സെൻ്റ് ഭൂമിയിന്മേലാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നിട്ട് അഞ്ചര പതിറ്റാണ്ടാവുകയാണ്. പക്ഷേ ഇപ്പോഴും ഭൂപരിഷ്കരണ നിയമത്തിലെ ജന്മിയനുകൂല പഴുതുകൾ ഉപയോഗപ്പെടുത്തി ഭൂപരിഷ്കരണ നിയമപ്രകാരം പട്ടയം കിട്ടിയവർ കുടിയിറക്കപ്പെടുന്നത് തുടരുകയാണ്. ഇക്കാര്യത്തിൽ നിരവധി ഉദാഹരണങ്ങളിലൊന്ന് മാത്രമാണ് പീച്ചി വില്ലേജിൽ ജന്മിമാരാൽ കുടിയിറക്കപ്പെടുന്ന കുടുംബങ്ങൾ.  

മിച്ചഭൂമിക്കേസ്

1998 ഹൈക്കോടതി ഉത്തരവ് പ്രകാരം  ഇപ്പറഞ്ഞ ജന്മിക്കെതിരെ തൃശൂർ താലൂക്ക് ലാൻ്റ് ബോർഡ്   2005  മിച്ചഭൂമി കേസ് റജിസ്ട്രർ ചെയ്തു . വർഷങ്ങൾ നീണ്ടുനിന്ന മിച്ചഭൂമി കേസിനൊടുവിൽ ജന്മി കുടിയാൻ തർക്കഭൂമി (അഞ്ച് ഏക്കർ എഴുപതര സെൻറ് ) യുൾപ്പെടെ ജന്മിക്ക് മിച്ചഭൂമിയുണ്ടെന്ന് താലൂക്ക് ലാൻ്റ് ബോർഡ് കണ്ടെത്തി . പക്ഷേ പ്രസ്തുത തർക്കഭൂമി ഇഷ്ടദാനമായി ലഭിച്ചതാണെന്ന ജന്മിയുടെ വാദത്തിൻ്റെ പിൻബലത്തിൽ ലാൻ്റ് ബോർഡിൻ്റെ താൽക്കാലിക ഉത്തരവ് (10.10.2017)   ഹൈകോടതി അസ്ഥിരപ്പെടുത്തി..

ജന്മിമാരുടെ ഭൂരേഖ തീറാധാര (വില്പന, തൃശൂർ സബ്ബ് റജിസ്ട്രാർ ഓഫീസ് ) എന്നതാണു നിയമപരമായ വസ്തുത. വസ്തുവിന്  1000  രൂപ വില നിശ്ചയിച്ചുറപ്പിച്ചത് ഭൂരേഖയിലുണ്ടെന്നതാണ് വസ്തുതയ്ക്ക് ആധാരം.  ഇതിന്  ജന്മി സ്റ്റാമ്പ് ഡ്യൂട്ടി ഒടുക്കിയിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട വില സ്നേഹം വാത്സല്യത്താൽ വേണ്ടെന്നുവെയ്ക്കുന്നുവെന്നതും ഭൂരേഖയിലുണ്ട്. ഇപ്പറഞ്ഞതിൻ്റെ പിൻബലത്തിൽ തീറാധാരരേഖ ഇഷ്ടദാന (സമ്മാനം)  എന്ന വാദമാണ് ജന്മിമാർ ലാൻറ് ബോർഡിൽ ഉന്നയിച്ചത്.  1963  ഭൂപരിഷ്കരണനിയമം  (Section 85(1) explanation (i), ii – “natural love and affection “)  പ്രകാരം ഇഷ്ടദാനം നൽകപ്പെട്ട ഭൂമി മിച്ചഭൂമിയായി കണ്ടുകെട്ടാനാവില്ലെന്ന വാദമാണ് ജന്മിമാരുടെ വാദത്തിൻ്റെ അടിസ്ഥാനം.  ജന്മിമാരുടെ തീരാധാരരേഖയെ ഇഷ്ടദാനമെന്ന് വ്യാഖ്യാനിച്ച് ഇഷ്ടദാനമാണെന്ന് ജന്മിമാരുടെ വാദത്തിനൊപ്പം നിന്നാണ് ലാൻ്റ് ബോർഡ് ഉത്തരവ്  ഹൈകോടതി അസാധുവാക്കിയത്.                  

ഹൈകോടതിവിധിക്കെതിരെതിരെയുള്ള സർക്കാരിൻ്റെ അപ്പീൽ (special leave petition –   SLP No. 18759-18760/2019, SC order 11.08.2021 വിശദാംശങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതി അനുവദിച്ചില്ല. സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുളള സമാനമായ മിച്ചഭൂമി കേസുകളിൽ ജന്മിമാർ ചൂണ്ടിക്കാണിച്ചേക്കും. അത് സര്‍ക്കാരിന്റെ സമാനമായ മിച്ചഭൂമി  കേസുകളെ പ്രതികൂലമായി ബാധിച്ചേക്കും. ഭൂപരിഷ്കരണനിയമം തന്നെ ദുർബ്ബലമായേക്കും. സുപ്രീംകോടതി ഉത്തരവ് വരുംനാളുകളില്‍ സര്‍ക്കാരിന്റെ മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയെ പ്രതിസന്ധിയിലാക്കുമെന്നുമുള്ള നിയമജ്ഞരുടെ അഭിപ്രായം ശ്രദ്ധേയം. സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്ത്കേരളത്തിന്റെ സാമൂഹികരാഷ്ട്രിയ ചരിത്രത്തിലിടം നേടിയിട്ടുള്ള ഭൂപരിഷ്കരണ നിയമത്തില്‍ ജന്മിയനുകൂല ഇഷ്ടദാന വ്യാഖ്യാന പഴുതുകളടച്ച് സര്‍ക്കാരിന്റെ മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ  സുഗമമാക്കി നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന അഭിപ്രായവും പങ്കുവെയ്ക്കുന്നു നിയമജ്ഞർ 

മിച്ചഭൂമിക്കേസും കുടിയൊഴിപ്പിപ്പെടുന്നവരും

ജന്മിമാർക്കനുകൂലമായ പിയിൽ പറയുന്ന  34  കുടുംബങ്ങളുടെ ഭൂമി ജന്മിമാർക്കെതിരെയുള്ള തൃശൂർ താലൂക്ക് ലാൻറ് ബോർഡ് മിച്ചഭൂമിക്കേസിലുൾപ്പെട്ടിരുന്നു.  ഇതുയർത്തി  ജന്മിമാരുടെ കുടിയൊഴിപ്പിയ്ക്കൽ ഇപി കേസിനെ ഇക്കാലമത്രയും കുടുംബങ്ങൾ ഹൈകോടതിവിധിയുടെ പിൻബലത്തിൽ തടഞ്ഞുനിറുത്തിയിരുന്നു.  ഇപി കേസിനെതിരെ കുടിയിറക്കപ്പെടുന്നവരുടെ ഹൈകോടതി അപ്പീൽ ക്കേസിൽ ഇപ്പോഴത്തെ ടിഎൽബി ഉത്തരവ്  ജന്മിമാർ പക്ഷേ ഹാജരാക്കി. ജന്മിയനുകൂല തൃശൂർ ടിഎൽബി ഉത്തരവിനെ ആധാരമാക്കി  കുടിയിറക്കപ്പെടുന്നവർക്ക് അനുകൂലമായി കിടന്നിരുന്ന സ്റ്റേ ഹൈക്കോടതി തള്ളി. ഇതോടെയാണ് കുടംബങ്ങൾ ജന്മിമാരാൽ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ആസന്നമായ സാഹചര്യം സൃഷ്ടിയ്ക്കപ്പെട്ടത്.

ലാൻറ് ബോർഡുകളുടെ മുൻ രണ്ടു ഉത്തരവുകളിൽ നിന്ന് വ്യത്യസ്തമായാണ്  ഇപ്പോഴത്തെ തൃശൂർ താലൂക്ക് ലാൻ്റ് ബോർഡ് പക്ഷേ ജന്മിയനുകൂല ഉത്തരവ് (26-07-2024) പുറപ്പെടുവിച്ചത്.   പതിറ്റാണ്ടുകളായി കൈവശം ഭൂമിക്കുമേലുള്ള കുടുംബങ്ങളുടെ അവകാശഹർജി  (claim petition )  ജന്മികൾക്ക് അനുകൂലമായി നിയതമായ  നടപടിക്രമങ്ങൾ പാലിയ്ക്കാതെ ഇപ്പോഴത്തെ ടിഎൽബി തള്ളിക്കളഞ്ഞു. മിച്ചഭൂമിക്കേസിൽ കക്ഷികളാണ് കുടിയിറക്ക് ഭീഷണിയിലുള്ള കുടുംബങ്ങൾ. എന്നിട്ടും  കുടുംബങ്ങളെ കേൾക്കാതെയാണ്  ജന്മിമാർക്കെതിയുള്ള  മിച്ചഭൂമിക്കേസിൽ താലൂക്ക് ലാൻ്റ് ബോർഡിൻ്റെ ജന്മിയനുകൂല  അന്തിമ ഉത്തരവ്. മാസങ്ങളോളം തങ്ങളിൽ നിന്നു പ്രസ്തുത ഉത്തരവ് മറച്ചുവയ്ക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ കുടുംബങ്ങളെ കുടിയൊഴിപ്പിയ്ക്കുവാനുള്ള ഇപി കേസിൽ  ജന്മിമാർക്ക് അനുകൂലമായ സാഹചര്യം  26.07.24 ലെ ഉത്തരവിലൂടെ സൃഷ്ടിച്ചുകൊടുക്കപ്പെട്ടു. തൃശൂർ സബ്ബ് കോടതി  (കുടിയൊഴിപ്പിക്കൽ കേസ് ) ഇപി കേസിലെ സ്റ്റേ തളളിക്കളഞ്ഞുള്ള ഹൈക്കോടതി കേസ് ഉത്തരവ് ജന്മിമാർ സബ്ബ് കോടതിയിൽ ഹാജരാക്കിയതോടെ പാവപ്പെട്ട  34  കുടുംബങ്ങൾ എട്ടു പതിറ്റാണ്ടുകൾക്ക് ശേഷം തെരുവിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഖേദകരമായ അവസ്ഥ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. 

യഥാർത്ഥ ജന്മിമാരുടെ  മുൻകയ്യിലല്ല പീച്ചി കുടിയിറക്ക് നീക്കങ്ങൾ. മലപ്പുറം തിരൂർ കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് മാഫിയയാണ് ഇപ്പോൾ കുടിയിറക്ക് നീക്കങ്ങളിൽ വ്യാപൃതരായിട്ടുള്ളത്.  ജന്മി-കുടിയാൻ തർക്കഭൂമി ജന്മിമാരിൽ നിന്ന് തങ്ങൾ വിലക്കെടുത്തു വാങ്ങിയെന്നാണ് ഈ മാഫിയ സംഘത്തിൻ്റെ അവകാശവാദം. തർക്കഭൂമികൾ തുച്ഛവിലക്ക് വാങ്ങി കുടിയൊഴിപ്പിയ്ക്കേണ്ടവരെ കടുത്ത ഭീഷണിപ്പെടുത്തി കുടിയിറക്ക് സാധ്യമാക്കാൻതാണെല്ലോ പൊതുവെ റിയൽ എസ്റ്റേറ്റ് മാഫിയകളുടെ രീതി. ഈരീതിതന്നെയാണ് ഈ കുടുംബങ്ങൾക്കെതിരെയും അവലംബിക്കപ്പെടുന്നത്.  കോടതിവിധിയെന്നതിൻ്റെ മറപിടിച്ച് ഈ മാഫിയ്ക്ക് സദാ പൊലീസ് ഒത്താശയെന്നത് ഖേദകരം. വർഷങ്ങളായുള്ള സുപ്രീംകോടതിവിധികളുൾപ്പെടെ ഇക്കാലമത്രയും നടപ്പിലാക്കപ്പെടുന്നില്ലെന്നത് കാണാതെ പോകരുത്. അതേസമയം ഈ പാവപ്പെട്ട കർഷകർ തൊഴിലാളികൾക്കെതിരെ ജന്മിമാർ വളഞ്ഞവഴിയിലൂടെ സമ്പാദിച്ച കുടിയൊഴിപ്പിയ്ക്കൽ വിധി നടപ്പിലാക്കികൊടുക്കുവാൻ എന്തിനിത്ര തിടുക്കമെന്ന് മനസ്സിലാകുന്നില്ല.

നിയമഭേദഗതി സാധ്യത

പാവപ്പെട്ട കർഷക തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ജന്മിമാരാൽ തിരിച്ചുപിടിക്കപ്പെടാതിരിയ്ക്കുന്നതിനെയുൾപ്പെടെ മുൻനിറുത്തി  ഭൂപരിഷ്കരണനിയമം  section 85(1) explanation (i), (ii – “natural love and affection ” (it may be removed from the KLR Act ) ബന്ധപ്പടുത്തി നിയമഭേദഗതി നടത്തുവാൻ ഇടതു സർക്കാർ തയ്യാറാകണം. ഇഷ്ടദാനം ചെയ്യപ്പെട്ട ഭൂമി സർക്കാർ കണ്ടെത്തുന്ന മിച്ചഭൂമി പരിധിയിലുൾപ്പെടുത്താനാകില്ല ജന്മിമാരുടെ വാദം ഹൈകോടതിയും വിശദാംശങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതിയും ഉയർത്തിപ്പിടിച്ചുവെന്നത് സർക്കാർ ഗൗരവത്തിലെടുക്കണം.        

ദിവസങ്ങൾ മാത്രം ആയുസ്സുണ്ടായിരുന്നു സിഎച്ച് മുഹമ്മദ് കോയ സർക്കാർ കൊണ്ടുവന്ന ഇഷ്ടദാനബിൽ പ്രകാരമാണത്രെ ഭൂപരിഷ്കരണ നിയമത്തിൽ ഇഷ്ടദാന ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാനാകില്ലെന്ന വ്യവസ്ഥ ഇടംപിടിച്ചത് . ഭൂപരിഷ്കരണ നിയമത്തിലെ “ഇഷ്ടദാന”മെന്നത് ഇപ്പോഴും തുടരുകയാണ് . ജന്മിമാരിൽ നിന്ന്  ഒരിക്കൽ പട്ടയം ലഭിച്ച നന്നേ ചെറുകിട കുടിയാന്മാരുടെ ഭൂമി പതിറ്റാണ്ടുകൾക്ക് ശേഷം ജന്മിമാർ തന്നെ തിരിച്ചുപിടിക്കുന്ന സമാനമായ കേസുകളേറെയുണ്ട് . കേരളത്തിൻ്റെ രാഷ്ട്രിയ ചരിത്രത്തിലിടം നേടിയിട്ടുള്ള ഭൂപരിഷ്കരണ നിയമത്തിലെ ജന്മിയനുകൂല ഇഷ്ടദാന വ്യാഖ്യാന പഴുതുകളുൾപ്പെടെയടച്ച് കുടിയിറക്ക് ഭീഷണി നേരിടുന്നവരെ പരിരക്ഷിയ്ക്കണം.  ഈ ദിശയിൽ നിയമത്തെ കൂടുതലായി ശക്തിപ്പെടുത്തുന്നതിനായ് മുൻക്കാല പ്രാബല്യത്തോടെ ഭൂപരിഷ്കരണ നിയമഭേദഗതി അനിവാര്യമാണ് .                

ഭൂരാഷ്ട്രീയത്തിലെ മുൻഗണനാക്രമം

2011 ലെ യുഡിഎഫ് പ്രകടനപത്രിക (വികസനവും കരുതലും പേജ് 07:120 ) ഭൂപരിഷ്കരണ നിയമപ്രകരം അനുവദിക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാര വിമുക്തമാക്കുമെന്ന് പറഞ്ഞു. പക്ഷേ ഒന്നുമുണ്ടായില്ല . ഭൂപരിഷ്കരണ നിയമത്തോട് എക്കാലവും അകലംപാലിച്ച കെഎം മാണിയുൾപ്പെട്ടിരുന്ന യുഡിഎഫ് വേണ്ടത്ര ശ്രദ്ധ അക്കാര്യം ശ്രദ്ധിക്കാതിരുന്നതിൽ അതിശയമില്ല . അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന   ഭൂപരിഷ്കരണ നിയമത്തിൻ്റെ പിതൃത്വത്തെപ്രതി തർക്കവിതർക്കങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടികൾ.  നിക്ഷേപക സൗഹാർദ്ദ സംസ്ഥാനമെന്ന ഖ്യാതി തരപ്പെടുത്തിയെടുക്കുന്നതിനായി ഭൂപരിഷ്കരണ നിയമത്തിൻ്റെ അടിസ്ഥാനം വ്യവസ്ഥകളിൽ പോലും മാറ്റം വരുത്തുവാനുള്ള നീക്കം സജീവം. എന്നാൽ ദിശയിൽ മുൻഗണനാക്രമം നിശ്ചിയിക്കുന്നിടത്ത് ഭൂപരിഷ്കരണം നിയമത്തിലെ ജന്മിയനുകൂല പഴുതുകളടയ്ക്കുന്നതിലും പതിറ്റാണ്ടുകളായ് കൈവശംവച്ച് കുടിപാർത്തുപോരുന്നവർ നേരിടുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്കെതിരെയുള്ള പരിരക്ഷ നൽകുന്നതിലുമുള്ള ഇടതു രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് സർക്കാർ പ്രകടിപ്പിക്കേണ്ടത് .    

ഭൂപരിഷ്കരണ നിയമത്തിലെ ജന്മിയനുകൂല പഴുതുകൾ ചൂണ്ടിക്കാണിച്ച് നിവേദനങ്ങൾ നൽകിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇക്കാര്യത്തിൽ ഇടതുസർക്കാർ പ്രത്യേകംഉത്തരവാദിത്തം പ്രകടമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിവേദനങ്ങൾ സമർപ്പിച്ചത് . അപ്പോഴും മിച്ചഭൂമി കണ്ടുകെട്ടി ഭൂരഹിതർക്ക് വിതരണം ചെയ്യുകയെന്ന സാമൂഹിക നന്മയിലധിഷ്ഠിതമായ പ്രവർത്തനത്തെ ഭൂപരിഷ്കരണം നിയമത്തിലെ ജന്മിയനുകൂല പഴുതകൾ പരാജയപ്പെടുത്തുന്നത് തുടരുന്നു. ഒപ്പം  പട്ടയം ലഭിച്ച ഭൂമിയിൽ നിന്ന് നന്നേ പാവപ്പെട്ട കുടിയന്മാരുൾപ്പെടെ കുടിയൊഴിപ്പയ്ക്കപ്പെടുന്നു.        

ഭൂപരിഷ്കരണ നിയമ ജന്മിയനുകൂല പഴുതുകളടക്കാൻ യുഡിഎഫിനെക്കാൾ രാഷ്ട്രീയ ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനാണ്. ഇടത് സർക്കാരിനാണ്. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചാചരിത്രത്തിന്റെ ഭാഗമാണ് കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ രംഗത്തെ മാറ്റിമറിച്ച് ഭൂബന്ധങ്ങൾക്ക് പുതിയ നിർവ്വചനം നൽകപ്പെട്ട ഭൂപരിഷ്ക്കരണ നിയമം. കമ്യൂണിസ്റ്റുപ്രസ്ഥാന ചരിത്രത്തിലിടം നേടിയ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത നിയമഭേദഗതിയിലൂടെ ഉയര്‍ത്തിപിടിക്കുന്നതിന്റെ സാമൂഹികരാഷ്ട്രിയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ നേത്യത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നാണ് പ്രതീക്ഷ. 

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയ

കേന്ദ്ര സർക്കാരിൻ്റെ നിർദ്ദിഷ്ട വഖ്ഫ്  നിയമനിർമ്മാണം പൂർത്തികരണത്തിലേക്ക് അടുക്കുകയാണ്.  ബിൽ നിയമമാക്കപ്പെടുമ്പോൾ നിലവിലുള്ള വഖ്ഫ് സംവിധാനം പാടേ ഇല്ലാതാക്കപ്പെടുമെന്ന ആശങ്കയില്ലാതാക്കാൻ മോദി സർക്കാർ പരമാവധി ശ്രമിയ്ക്കും. അതേസമയം തന്നെ പേരിനു മാത്രം വഖ്ഫ് സംവിധാനം നിലലനിറുത്തപ്പെടുമെന്നതിൽ സംഘപരിവാർ നിയന്ത്രിത മോദി ഭരണം ശ്രദ്ധിയ്ക്കാക്കാതിരിയ്ക്കില്ല.  വഖ്ഫ് ബന്ധിത ന്യൂനപക്ഷ സമുദായ വിരുദ്ധരാണ് തങ്ങളെന്ന ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടപ്പെടരുതെന്നില്ലെന്നതാണ് ഈ ശ്രദ്ധയ്ക്ക് പിന്നിൽ പ്രതിപ്രവർത്തിക്കുന്നത്.

രാജ്യത്തെ വഖ്ഫ് ആസ്തി – സ്വത്ത് നിയന്ത്രണത്തിൻ്റെ അധികാരകേന്ദ്രം  യൂണിയൻ (കേന്ദ്ര) സർക്കാരാകുമെന്ന സാഹചര്യമാണ് പക്ഷേ കേന്ദ്ര നിയമത്തിലൂടെ യഥാർത്ഥത്തിൽ സൃഷ്ടിയ്ക്കപ്പെടുക.  അത്തരമൊരു യൂണിയൻ സർക്കാർ കേന്ദ്രീകൃത അധികാര സംവിധാനം സൃഷ്ടിയ്ക്കപ്പെടുന്നതോടെ മുനമ്പം ഭൂതർക്ക പരിഹാരമെന്നതുൾപ്പെടെ യൂണിയൻ സർക്കാരിൻ്റെ അധികാരപരിധിയിലെത്തും. അതോടെ  മുനമ്പത്തെ പോലുള്ള വഖ്ഫ് ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നതിനായ്  നിരന്തരം മോദി  സർക്കാരിൻ്റെ പിറകെ നടക്കേണ്ടിവരും. അതായത് വഖ്ഫ് ഭൂമി സമരപന്തൽ ദില്ലിയിലെ ജന്തർമന്ദിറിലേക്ക് മാറ്റേണ്ടവസ്ഥ രൂപപ്പെടും. കേന്ദ്ര നിയമം വരുന്നതോടെ വഖ്ഫ് ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന  ധാരണയും വിശ്വാസവും വച്ചുപുലർത്തുന്നവരുണ്ട്. അത് അബ്ദ്ധമാകാനേ തരമുള്ളൂയെന്ന് പറയാതെ വയ്യ. മുനമ്പം ഭൂപ്രശ്ന പരിഹാര പ്രക്രിയ ഒരു കാരണവശാലും മോദി സർക്കാരിൻ്റെ കയ്യിലേക്ക് എത്തിച്ചുകൊടുക്കില്ലെന്ന രാഷ്ട്രീയ അവബോധം പിണറായി സർക്കാർ പ്രകടിപ്പിയ്ക്കേണ്ടതുണ്ട്.

മുനമ്പം ഭൂതർക്ക പരിഹാരമെന്നോണം ജൂഡിഷ്യൽ കമ്മീഷൻ നിയോഗിയ്ക്കപ്പെട്ടിരിക്കുന്നു! കമ്മീഷൻ്റെ പ്രവർത്തന വ്യാപ്തി യിൽ പ്രധാനമായും തർക്കഭൂമികളുടെ ഭൂരേഖകൾ സ്വഭാവം പരിശോധിച്ച് തിട്ടപ്പെടുത്തലാണ്. ഇത് നിലവിൽ നിർവ്വഹിക്കുവാൻ റവന്യൂ ഉദോഗ്യസ്ഥവൃന്ദത്തിൽ തഹസിൽദാർ മുതൽ വില്ലേജ് ഓഫീസ് സംവിധാനങ്ങളുണ്ട്. ഇവർക്ക് ചെയ്യാവൂന്നകാര്യത്തിനായ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവുവരുന്ന ജൂഡിഷ്യൻ കമ്മീഷനെന്തിന്ന് മനസ്സിലാകുന്നില്ല.

മുനമ്പത്തെ ഗുജറാത്തി ജന്മിയുടെ ഭൂമിയെന്തുകൊണ്ട് ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമിയിലകപ്പെടാതെ പോയിയെന്നത് മുനമ്പം കമ്മീഷനാൽ അന്വേഷിയ്ക്കപ്പെടുമോ ആവോ? ഇനിയെങ്കിലും ഇക്കാര്യം അന്വേഷിച്ച് തിട്ടപ്പെടുത്തി അനന്തര നടപടി സ്വീകരിക്കപ്പെടുന്നുവെന്നാൽ അതിനെ കുടിയിറക്ക് ഭീഷണിയിലകപ്പെട്ടുപോയ മുനമ്പത്തെ കടുംബങ്ങൾക്കുള്ള ശ്വാശത നിയമപരിരക്ഷയാക്കി മാറ്റുവാനാകുമെന്ന സാധ്യത ഉപയോഗപ്പെടുത്തണം. ഈ ദിശയിയിലൂടെ മുനമ്പത്തെ കുടുംബങ്ങൾക്ക് നിയമ പരിരക്ഷയെന്നത് പരിശോധിയ്ക്കാൻ ജൂഡിഷ്യൽ കമ്മീഷൻ വേണമെന്നില്ല. സർക്കാർ നിയന്ത്രിത അഭിഭാഷകവൃന്ദത്തിൻ്റെ അഭിപ്രായം ആരാഞ്ഞാൽ തന്നെ ഇക്കാര്യം സമയബന്ധിതമായി പരിശോധിയ്ക്കാവൂന്നതേയുള്ളൂ.

മൂന്നു മാസമാണ് കമ്മീഷന് കല്പിച്ചുനൽകിയിട്ടുള്ളത്. ഇത്രയും സമയത്തിനുള്ളിൽ അന്തിമ റിപ്പോർട്ടുണ്ടാക്കുവാനായില്ലെന്നതിൻ്റെ പേരിൽ കമ്മീഷൻ കാലാവധി നീട്ടികൊടുക്കേണ്ട അവസ്ഥ സൃഷ്ടിയ്ക്കപ്പെടാതിരിയ്ക്കില്ല. മുനമ്പം ഭൂത തർക്കം തർക്കമായി തന്നെ തുടരുമെന്നതിനുമപ്പുറം ജൂഡിഷ്യൽ കമ്മിഷൻ മുനമ്പത്തെ ഭൂപ്രശ്നം നേരിടുന്നവർക്ക് ആശ്വാസമാകുമോയെന്ന് കണ്ടറിയണം. ജൂഡിഷ്യൽ കമ്മീഷൻ മുനമ്പത്തെ തർക്കഭൂമികളുടെ ഭൂരേഖ പുന:പരിശോധിച്ചതുകൊണ്ടു മാത്രം തർക്കത്തിനു ശാശ്വത പരിഹാരമാകുന്നില്ല. നിയമനിർമ്മാണത്തിലൂടെ മാത്രമെ ശ്വാശത പരിഹാരമാകൂ.

നിയമനിർമ്മാണ നിർദ്ദേശം മുന്നോട്ടുവയ്ക്കുവാനുള്ള ചുമതല ജൂഡീഷ്യൽ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ടെന്നതിൽ വ്യക്തതയില്ല. ഇനിയഥവാ ഏൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെയും ഇത്തരമൊരു നിർദ്ദേശം മാസങ്ങൾക്ക് ശേഷം പറയാൻ ഇത്തരമൊരു കമ്മീഷൻ ആവശ്യമില്ല. മുനമ്പം ഭൂപ്രശ്നത്തിന് ഒത്തുതീർപ്പ് അല്ലെങ്കിൽ താൽക്കാലിക പരിഹാരമെന്നതല്ലല്ലോ ഈ ജൂഡിഷ്യൽ കമ്മീഷനിൽ നിന്ന് കാംക്ഷിക്കുന്നത്. മുനമ്പം ഭൂപ്രശ്നത്തിന് നിയമാധിഷ്ഠിത ശ്വാശത പരിഹാരമെന്നത് നിയമനിർമ്മണം മാത്രമാണ് . ശാശ്വത പരിഹാര ദിശയിൽ ഇക്കാര്യം ഇപ്പോഴെ വ്യക്തം. മാത്രമല്ല, മാസങ്ങൾക്ക് ശേഷം സമർപ്പിയ്ക്കപ്പെടുന്ന കമ്മീഷൻ റി പോർട്ടിന്മേൽ സർക്കാർ നടപടിയെടുക്കണം. അതിനു പിന്നെയും വേണം സമയം! ഇനി നിയമനിർമ്മാണമെങ്കിൽ അത് നിയമസഭയിൽ പാസ്സാക്കണം. ഭൂപരിഷ്കരണ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിലാണ്. അതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടിവരും. പിന്നെയും മുനമ്പം ഭൂപ്രശ്ന പരിഹാരമെന്നത് അനന്തമായി നീളുമെന്ന അവസ്ഥ വിട്ടൊഴിഞ്ഞേക്കില്ല. അതായത്, ഭൂപ്രശ്ന ശാശ്വത പരിഹാരത്തിന് ഇനിയുമേറെ കാലതാമസം സൃഷ്ടിയ്ക്കുന്നതിന് ജൂഡീഷ്യൽ കമ്മീഷൻ കാരണമായി മാറില്ലെന്ന് പറയാനാകില്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ് അനിവാര്യമാകുന്നത്. ഈ അനിവാര്യത ഭരണ-പ്രതിപക്ഷം സൗകര്യാർത്ഥം കണ്ടില്ലെന്ന് നടിയ്ക്കുന്നത് കുടിയിറക്ക് ഭീഷണിയിൽ നട്ടംതിരിയുന്ന മുനമ്പം ജനതയോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.

1997-98 കെ.ഇ ഇസ്മയിൽ തലശ്ശേരി തൃപ്രങ്ങോട്ടൂർ വില്ലേജ് വടക്കേകളത്തെ മിച്ചഭൂമി കൈവശക്കാർക്കെതിരെയുള്ള നിയമതർക്കവുമായി ബന്ധപ്പെട്ട് കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്-1998 (Kerala Stay of Eviction Proceedings Act) കൊണ്ടുവന്നുവെന്നത് വിസ്മരിക്കപ്പെടരുത്.  ഈ ആക്ട് വടക്കേകളത്തെ  കുടിയിറക്ക് ഭീഷണി നേരിട്ട 600 ഓളം കുടുംബങ്ങൾക്ക് പരിരക്ഷയായിയെന്നതും.

The legal experts opine that the following may be added/appended as deemed tenant in the Kerala Land Reforms Act…”Notwithstanding anything contained in any decree and judgment or order of the Court if any person who is in possession of a small land holdings for a period more than 25 years as on 31st December 2020 and not liable to be evicted”. ഇതുസംബന്ധിച്ച് ഒന്നാം പിണറായി ഇടതുസർക്കാരിൻ്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ സർക്കാരിൽ സമർപ്പിച്ച നിയമഭേദഗതി ഡ്രാഫ്റ്റ്  സംസ്ഥാന റവന്യൂവകുപ്പ് – ലാൻ്റ് ബോർഡ് ഫയലുകളുണ്ട്. ഈ ഡ്രാഫ്റ്റ് പരിശോധിച്ച് ഉപയോഗപ്പെടുത്തുന്നതിലൂടെ മുനമ്പം ഭൂതർക്കത്തിനുൾപ്പെടെ നിയമപരമായ ശ്വാശ്വത പരിഹാരമാകുമെന്നത് ബോധ്യപ്പെടാതിരിയ്ക്കരുത്.

വോട്ടുബാങ്കുരാഷ്ട്രീയം ഒട്ടുമേ കലർത്താതെ ഇപ്പോൾ കേരള സർക്കാർ വിചാരിച്ചാൽ മുനമ്പം ഭൂപ്രശ്നം ഇവിടെ തന്നെ എളുപ്പത്തിൽ പൊടുന്നനെ പരിഹരിയ്ക്കപ്പെടും. പക്ഷേ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയുള്ള നിയമ പരിഹാരമായിരിയ്ക്കും മുനമ്പം ഭൂപ്രശ്നത്തിനുള്ള ശ്വാശത പരിഹാരം. അതെ ഇത്തരമൊരു മുനമ്പം ഭൂതർക്ക നിയമപരിഹാര പ്രക്രിയയിലുൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ജന്മിമാരാൽ കുടിയിറക്കപ്പെടുന്ന തൃശൂർ ജില്ല പീച്ചി കർഷകത്തൊഴിലാളി കുടുംബങ്ങൾ .

 

Related Post