കെ കെ ശ്രീനിവാസൻ/kk Sreenivasan

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ് അനിവാര്യമാകുന്നത്. ഈ അനിവാര്യത ഭരണ-പ്രതിപക്ഷം സൗകര്യാർത്ഥം കണ്ടില്ലെന്ന് നടിയ്ക്കുന്നത് കുടിയിറക്ക് ഭീഷണിയിൽ നട്ടംതിരിയുന്ന മുനമ്പം ജനതയോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. മുനമ്പം ഭൂപ്രശ്ന പരിഹാര പ്രക്രിയ ഒരു കാരണവശാലും മോദി സർക്കാരിൻ്റെ കയ്യിലേക്ക് എത്തിച്ചുകൊടുക്കില്ലെന്ന രാഷ്ട്രീയ അവബോധം പിണറായി സർക്കാർ പ്രകടിപ്പിയ്ക്കേണ്ടതുണ്ട്……
കേന്ദ്ര സർക്കാരിൻ്റെ നിർദ്ദിഷ്ട വഖ്ഫ് നിയമനിർമ്മാണം പൂർത്തികരണത്തിലേക്ക് അടുക്കുകയാണ്. ഈ വേളയിൽ മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയ ഏത് പാതയിലായിരിയ്ക്കണമെന്നതിൽ വ്യക്തത കൈവന്നിട്ടുണ്ടോയെന്നത് കൃത്യതയോടെ പരിശോധിയ്ക്കപ്പെടണം. ബിൽ നിയമമാക്കപ്പെടുമ്പോൾ നിലവിലുള്ള വഖ്ഫ് സംവിധാനം പാടേ ഇല്ലാതാക്കപ്പെടുമെന്ന ആശങ്കയില്ലാതാക്കാൻ മോദി സർക്കാർ പരമാവധി ശ്രമിയ്ക്കും. അതേസമയം തന്നെ പേരിനു മാത്രം വഖ്ഫ് സംവിധാനം നിലലനിറുത്തപ്പെടുമെന്നതിൽ സംഘപരിവാർ നിയന്ത്രിത മോദി ഭരണം ശ്രദ്ധിയ്ക്കാക്കാതിരിയ്ക്കില്ല. വഖ്ഫ് ബന്ധിത ന്യൂനപക്ഷ സമുദായ വിരുദ്ധരാണ് തങ്ങളെന്ന ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടപ്പെടരുതെന്നില്ലെന്നതാണ് ഈ ശ്രദ്ധയ്ക്ക് പിന്നിൽ പ്രതിപ്രവർത്തിക്കുന്നത്.
രാജ്യത്തെ വഖ്ഫ് ആസ്തി – സ്വത്ത് നിയന്ത്രണത്തിൻ്റെ അധികാരകേന്ദ്രം യൂണിയൻ (കേന്ദ്ര) സർക്കാരാകുമെന്ന സാഹചര്യമാണ് പക്ഷേ കേന്ദ്ര നിയമത്തിലൂടെ യഥാർത്ഥത്തിൽ സൃഷ്ടിയ്ക്കപ്പെടുക. അത്തരമൊരു യൂണിയൻ സർക്കാർ കേന്ദ്രീകൃത അധികാര സംവിധാനം സൃഷ്ടിയ്ക്കപ്പെടുന്നതോടെ മുനമ്പം ഭൂതർക്ക പരിഹാരമെന്നതുൾപ്പെടെ യൂണിയൻ സർക്കാരിൻ്റെ അധികാരപരിധിയിലെത്തും. അതോടെ മുനമ്പത്തെ പോലുള്ള വഖ്ഫ് ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നതിനായ് നിരന്തരം മോദി സർക്കാരിൻ്റെ പിറകെ നടക്കേണ്ടിവരും. അതായത് വഖ്ഫ് ഭൂമി സമരപന്തൽ ദില്ലിയിലെ ജന്തർമന്ദിറിലേക്ക് മാറ്റേണ്ടവസ്ഥ രൂപപ്പെടും. കേന്ദ്ര നിയമം വരുന്നതോടെ വഖ്ഫ് ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന ധാരണയും വിശ്വാസവും വച്ചുപുലർത്തുന്നവരുണ്ട്. അത് അബ്ദ്ധമാകാനേ തരമുള്ളൂയെന്ന് പറയാതെ വയ്യ. മുനമ്പം ഭൂപ്രശ്ന പരിഹാര പ്രക്രിയ ഒരു കാരണവശാലും മോദി സർക്കാരിൻ്റെ കയ്യിലേക്ക് എത്തിച്ചുകൊടുക്കില്ലെന്ന രാഷ്ട്രീയ അവബോധം പിണറായി സർക്കാർ പ്രകടിപ്പിയ്ക്കേണ്ടതുണ്ട്.
മുനമ്പം ഭൂതർക്ക പരിഹാരമെന്നോണം ജൂഡിഷ്യൽ കമ്മീഷൻ നിയോഗിയ്ക്കപ്പെട്ടിരിക്കുന്നു! കമ്മീഷൻ്റെ പ്രവർത്തന വ്യാപ്തി (Terms of Reference) യിൽ പ്രധാനമായും തർക്കഭൂമികളുടെ ഭൂരേഖകൾ സ്വഭാവം പരിശോധിച്ച് തിട്ടപ്പെടുത്തലാണ്. ഇത് നിലവിൽ നിർവ്വഹിക്കുവാൻ റവന്യൂ ഉദോഗ്യസ്ഥ വൃന്ദത്തിൽ തഹസിൽദാർ മുതൽ വില്ലേജ് ഓഫീസ് സംവിധാനങ്ങളുണ്ട്. ഇവർക്ക് ചെയ്യാവൂന്നകാര്യത്തിനായ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവുവരുന്ന ജൂഡിഷ്യൻ കമ്മീഷനെന്തിന്ന് മനസ്സിലാകുന്നില്ല.
അതിരറ്റ സമ്പത്തും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയിച്ചിടത്ത് ഇഷ്ടദാന – മത സ്ഥാപന – ട്രസ്റ്റ് – സ്വകാര്യ വനം – തോട്ടം ഭൂസ്വത്തുക്കൾ ഭൂപരിഷ്കരണ നിയമപരിധിയിലകപ്പെടാതെ പോയി. ഭൂപരിഷ്കരണ നിയമത്തിൻ്റെ ആവശ്യകതയിലൂന്നിയുള്ള ചർച്ചകൾ പ്രാരംഭത്തിലേ പരിധിയിൽ കവിഞ്ഞ ഭൂസ്വത്തുക്കൾ രൂപീകരിക്കപ്പെടാൻ പോകുന്ന ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് സംരക്ഷിച്ചെടുക്കുവാൻ അതീവ കൗശലം പ്രകടിപ്പിക്കപ്പെട്ടുവെന്നത് പാടേ നിഷേധിക്കപ്പെടേണ്ടതല്ല.
മുനമ്പത്തെ ഗുജറാത്തി ജന്മിയുടെ ഭൂമിയെന്തുകൊണ്ട് ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമിയിലകപ്പെടാതെ പോയിയെന്നത് മുനമ്പം കമ്മീഷനാൽ അന്വേഷിയ്ക്കപ്പെടുമോ ആവോ? ഇനിയെങ്കിലും ഇക്കാര്യം അന്വേഷിച്ച് തിട്ടപ്പെടുത്തി അനന്തര നടപടി സ്വീകരിക്കപ്പെടുന്നുവെന്നാൽ അതിനെ കുടിയിറക്ക് ഭീഷണിയിലകപ്പെട്ടുപോയ മുനമ്പത്തെ കടുംബങ്ങൾക്കുള്ള ശ്വാശത നിയമപരിരക്ഷയാക്കി മാറ്റുവാനാകുമെന്ന സാധ്യത ഉപയോഗപ്പെടുത്തണം. ഈ ദിശയിയിലൂടെ മുനമ്പത്തെ കുടുംബങ്ങൾക്ക് നിയമ പരിരക്ഷയെന്നത് പരിശോധിയ്ക്കാൻ ജൂഡിഷ്യൽ കമ്മീഷൻ വേണമെന്നില്ല. സർക്കാർ നിയന്ത്രിത അഭിഭാഷകവൃന്ദത്തിൻ്റെ അഭിപ്രായമാരാഞ്ഞ് ഇക്കാര്യം സമയബന്ധിതമായി പരിശോധിയ്ക്കാവൂന്നതേയുള്ളൂ.
മൂന്നു മാസമാണ് കമ്മീഷന് കല്പിച്ചുനൽകിയിട്ടുള്ളത്. ഇത്രയും സമയത്തിനുള്ളിൽ അന്തിമ റിപ്പോർട്ടുണ്ടാക്കുവാനായില്ലെന്നതിൻ്റെ പേരിൽ കമ്മീഷൻ കാലാവധി നീട്ടികൊടുക്കേണ്ട അവസ്ഥ സൃഷ്ടിയ്ക്കപ്പെടാതിരിയ്ക്കില്ല. മുനമ്പം ഭൂതർക്കം തർക്കമായി തന്നെ തുടരുമെന്നതിനുമപ്പുറം ജൂഡിഷ്യൽ കമ്മിഷൻ മുനമ്പത്തെ ഭൂപ്രശ്നം നേരിടുന്നവർക്ക് ആശ്വാസമാകുമോയെന്ന് കണ്ടറിയണം. ജൂഡിഷ്യൽ കമ്മീഷൻ മുനമ്പത്തെ തർക്കഭൂമികളുടെ ഭൂരേഖ പുന:പരിശോധിച്ചതുകൊണ്ടു മാത്രം തർക്കത്തിനു ശാശ്വത പരിഹാരമാകുന്നില്ല. നിയമനിർമ്മാണത്തിലൂടെ മാത്രമെ ശ്വാശത പരിഹാരമാകൂ.
നിയമനിർമ്മാണ നിർദ്ദേശം മുന്നോട്ടുവയ്ക്കുവാനുള്ള ചുമതല ജൂഡീഷ്യൽ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ടെന്നതിൽ വ്യക്തതയില്ല. ഇനിയഥവാ ഏൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെയും ഇത്തരമൊരു നിർദ്ദേശം മാസങ്ങൾക്ക് ശേഷം പറയാൻ ഇത്തരമൊരു കമ്മീഷൻ വേണോ?മുനമ്പം ഭൂപ്രശ്നത്തിന് ഒത്തുതീർപ്പ് അല്ലെങ്കിൽ താൽക്കാലിക പരിഹാരമെന്നതല്ലല്ലോ ഈ ജൂഡിഷ്യൽ കമ്മീഷനിൽ നിന്ന് കാംക്ഷിക്കുന്നത്. മുനമ്പം ഭൂപ്രശ്നത്തിന് നിയമാധിഷ്ഠിത ശ്വാശത പരിഹാരമെന്നത് നിയമനിർമ്മാണമാണ്. ശാശ്വത പരിഹാര ദിശയിൽ നിയമനിർമ്മാണമെന്നത് ഇപ്പോഴെ വ്യക്തം. മാത്രമല്ല, മാസങ്ങൾക്ക് ശേഷം സമർപ്പിയ്ക്കപ്പെടുന്ന കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടപടിയെടുക്കണം. അതിനു പിന്നെയും വേണം സമയം! ഇനി നിയമനിർമ്മാണമെങ്കിൽ അത് നിയമസഭയിൽ പാസ്സാക്കണം. ഭൂപരിഷ്കരണ നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിലാണ്. അതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടിവരും. പിന്നെയും മുനമ്പം ഭൂപ്രശ്ന പരിഹാരമെന്നത് അനന്തമായി നീളുമെന്ന അവസ്ഥ വിട്ടൊഴിഞ്ഞേക്കില്ല. അതായത്, ഭൂപ്രശ്ന ശാശ്വത പരിഹാരത്തിന് ഇനിയുമേറെ കാലതാമസം സൃഷ്ടിയ്ക്കുന്നതിന് ജൂഡീഷ്യൽ കമ്മീഷൻ കാരണമായി മാറില്ലെന്ന് പറയാനാകില്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ് അനിവാര്യമാകുന്നത്. ഈ അനിവാര്യത ഭരണ-പ്രതിപക്ഷം സൗകര്യാർത്ഥം കണ്ടില്ലെന്ന് നടിയ്ക്കുന്നത് കുടിയിറക്ക് ഭീഷണിയിൽ നട്ടംതിരിയുന്ന മുനമ്പം ജനതയോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.
1997-98 കെ.ഇ ഇസ്മയിൽ തലശ്ശേരി തൃപ്രങ്ങോട്ടൂർ വില്ലേജ് വടക്കേകളത്തെ മിച്ചഭൂമി കൈവശക്കാർക്കെതിരെയുള്ള നിയമതർക്കവുമായി ബന്ധപ്പെട്ടു കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്-1998 (Kerala Stay of Eviction Proceedings Act) കൊണ്ടുവന്നുവെന്നത് വിസ്മരിക്കപ്പെടരുത്. ഈ ആക്ട് വടക്കേകളത്തെ കുടിയിറക്ക് ഭീഷണി നേരിട്ട 600 ഓളം കുടുംബങ്ങൾക്ക് പരിരക്ഷയായിയെന്നതും.
The legal experts opine that the following may be added/appended as deemed tenant in the Kerala Land Reforms Act…”Notwithstanding anything contained in any decree and judgment or order of the Court if any person who is in possession of a small land holdings for a period more than 25 years as on 31st December 2020 and not liable to be evicted”. ഇതുസംബന്ധിച്ച് ഒന്നാം പിണറായി ഇടതുസർക്കാരിൻ്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ സർക്കാരിൽ സമർപ്പിച്ച നിയമഭേദഗതി ഡ്രാഫ്റ്റ് സംസ്ഥാന റവന്യൂവകുപ്പ് – ലാൻ്റ് ബോർഡ് ഫയലുകളുണ്ട്. ഈ ഡ്രാഫ്റ്റ് പരിശോധിച്ച് ഉപയോഗപ്പെടുത്തുന്നതിലൂടെ മുനമ്പം ഭൂതർക്കത്തിനുൾപ്പെടെ നിയമപരമായ ശ്വാശ്വത പരിഹാരമാകുമെന്നത് ബോധ്യപ്പെടാതിരിയ്ക്കരുത്. വോട്ടുബാങ്കുരാഷ്ട്രീയം ഒട്ടുമേ കലർത്താതെ ഇപ്പോൾ കേരള സർക്കാർ വിചാരിച്ചാൽ മുനമ്പം ഭൂപ്രശ്നം ഇവിടെ തന്നെ എളുപ്പത്തിൽ പൊടുന്നനെ പരിഹരിയ്ക്കപ്പെടും. പക്ഷേ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയുള്ള നിയമ പരിഹാരമായിരിയ്ക്കും മുനമ്പം ഭൂപ്രശ്നത്തിനുള്ള ശ്വാശത പരിഹാരം.