കർഷക ആത്മഹത്യകൾ  മോദിഭരണ ബാക്കിപത്രം

കർഷക ആത്മഹത്യകൾ മോദിഭരണ ബാക്കിപത്രം

മോദി സർക്കാർ മുന്നോട്ടുവച്ച കാർഷിക ബില്ലുകൾക്കെതിരായ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിനു രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്കുമേൽ പതിച്ച കരിനിഴൽ മാറ്റിയെടുക്കുന്ന ദിശയിലേക്ക്  ഉയരുവാനായില്ല…കെ.കെ ശ്രീനിവാസൻ

Kk Sreenivasan

KK Sreenivasan writes about the burgeoning farmers’ suicide under the Modi regime

 രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നാണ് കാർഷിക മേഖല വിശേഷിപ്പിക്കപ്പെടുന്നത്. എന്നാലിന്ന് രാജ്യത്തിൻ്റെ കാർഷിക മേഖല  തീർത്തും പരിതാപകരമായവസ്ഥയിലാണ്. മാറിയ സാഹചര്യത്തിൽ രാ ജ്യത്തെ കാർഷിക മേഖല രേഖപ്പെടുത്തുന്നത് അതിൻ്റെ  വളർച്ചാ ഗ്രാഫല്ല. പക്ഷേ പെരുകുന്ന കർഷക ആത്മഹത്യകളുടെ കനംവയ്ക്കുന്ന കണക്കുകൾ! ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതികൂട്ടിലാക്കുന്ന ആത്മഹത്യാക്കുറിപ്പുകളും!

വായ്പയെടുത്ത്  കൃഷി ചെയ്ത് വിളവെടുത്ത് നെല്ല് കർഷകൻ വിറ്റു. കേരള സർക്കാരാണ് നെല്ല് വാങ്ങിയത്. സർക്കാർ പക്ഷേ  കാശ് നൽകിയില്ല.  സ്വന്തം കൃഷി ചെയ്തുണ്ടാക്കിയ വിളയുടെ വിലക്ക് പകരം കർഷകന് ബാങ്കുവായ്പ തരപ്പെടുത്തികൊടുത്തു. കിട്ടാനുള്ള തുകയിൽ നിന്ന് വായ്പയായ സ്വീകരിച്ച കാശ് തിരിച്ചടയ്ക്കപ്പെടാതെ ബാങ്കിൽ കുടിശ്ശികയായി. കുടിശ്ശിക തീർക്കേണ്ട ബാധ്യത സർക്കാരിൻ്റേതാണ്. പക്ഷേ സർക്കാർ ബാധ്യത നിറവേറ്റിയല്ല.

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് വലഞ്ഞ ഈ കർഷകൻ മറ്റൊരു വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. പക്ഷേ വായ്പ കുടിശി കയുള്ളതിനാൽ താഴ്ന്ന സിബിൽ റേറ്റിങ് കർഷകന്  വായ്പ അനുവദിക്കപ്പെടുന്നതിന് തടസ്സമായി. ജീവിതം വഴിമുട്ടി.  ഗതിയില്ലാതെ സ്വയം ജീവനെടുത്തു കർഷകൻ. കേരളത്തിൽ ആലപ്പുഴ തകഴി സ്വദേശി 55 കാരൻ പ്രസാദാണ് ഇക്കഴിഞ്ഞ മാസം ( 2023 നവംമ്പർ 10) ആത്മഹത്യയിൽ അഭയം തേടിയ കർഷകൻ. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സർക്കാരും ചില ബാങ്കുകളുമെന്ന ആത്മഹത്യാകുറിപ്പ് മാത്രമാണ് ഹതഭാഗ്യനായ ഈ കർഷകൻ അവശേഷിപ്പിച്ചത്.

“ഞങ്ങളുടെ കയ്യിൽ കാശില്ല. കടം തന്നവർ കാത്തിരിക്കാൻ തയ്യാറല്ല. ഞളെന്തു ചെയ്യണം? കടം വാങ്ങി കഷ്ടപ്പെട്ട് ഉള്ളി കൃഷി ചെയ്തു. വിളവെടുത്ത ഉള്ളി പക്ഷേ വിപ ണിയിലെത്തിയ്ക്കുവാൻ പോലും ഞങ്ങൾക്കാകുന്നില്ല. മോദി സാഹേബ്, നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് മാത്രമാണ് ചിന്ത. ഞങ്ങളുല്പാദിക്കുന്ന ഉല്പന്നങ്ങൾക്ക് നിങ്ങൾ ഉറപ്പുനൽകിയ വില നൽകണം. ധനകാര്യ സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്നു. സഹകരണ സംഘങ്ങളും. നീതിക്ക് വേണ്ടി ഞങ്ങൾ ആരെ  സമീപിയ്ക്കണം?  ഇന്ന് ഞാൻ ആത്മഹത്യ ചെയ്യാൻ നിർബ്ബന്ധിതനാകുന്നു. കാരണം മറ്റൊന്നുമല്ല. നിങ്ങളുടെ നിഷ്‌ക്രിയത്വം” –  ഇത് പൂന സ്വദേശി ദശരഥ് കേദാരിയുടെ ആത്മഹത്യാകുറിപ്പ്.

അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (National Crime Records Bureau- NCRB) റിപ്പോർട്ട് പ്രകാരം  നരേന്ദ്ര മോദി ഭരണത്തിൽ (2014-2022)  രാജ്യത്ത് 100474 കർഷകർ ആത്മഹത്യകൾ. ഈ ആത്മഹത്യാ കണക്കിൽ പൂന സ്വദേശിയുമുൾപ്പെടുന്നു. തകഴിയിലെ കർഷകൻ്റെ ആത്മഹത്യ റിപ്പോർട്ടിലുൾപ്പെട്ടിട്ടില്ല.

ബിജെപിയുടെ വിചിത്ര വാദം

മോദിഭരണ ഒമ്പത് വർഷത്തിനിടെ പ്രതിദിനം 30 ആത്മഹത്യകൾ. എന്നിട്ടും മോദിഭരണത്തിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സമർത്ഥിക്കുന്നത്. കഴിഞ്ഞ എട്ട്   കർഷക ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം എപ്പോഴെങ്കിലും ഒരു ചർച്ച നട ത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതും ബജെപി എംപി ! പ്രതിപക്ഷം ചോദ്യം ചോദിച്ചില്ലെന്ന്! ഇതിനർത്ഥം കർഷകർ ആത്മഹത്യ ചെയ്തിട്ടില്ല! ഇത്തരത്തിലുള്ള വിചിത്ര ഉത്തരത്തിലൂടെ മോദി ഭരണത്തിൽ കർഷക ആത്മഹത്യകളുണ്ടായിട്ടില്ലെന്നു് സമർത്ഥിക്കുവാൻ മോദി ഭക്ത സംഘങ്ങൾക്ക് മാത്രമേ കഴിയൂ.

ജവാ (സൈനീകൻ)  ൻ്റെ മരണം പറയുമ്പോലെ കിസാ (കർഷകൻ) ന്റെ അകാല വിയോഗവും  ധാർമ്മിക ദിശയിൽ സ്വാധീനം ചെലുത്തുന്ന വൈകാരിക വിഷയമാണ്. മൗലികമായി കർഷക സമൂഹമാണ് രാജ്യത്തിൻ്റെ അന്നദാതാക്കൾ. ഇവരുടെ കഴുത്തിലെ കുരുക്ക് തീർച്ചയായും വൈകാരികത ഉണർത്തുന്ന  വിഷയമാണ്.  പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഇപ്പോഴത്തെ എൻസിആർബി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ  വൈകാരിക വിക്ഷോഭങ്ങൾ  ഉളവാക്കിയതായി കണ്ടില്ല. മാധ്യമങ്ങളിലോ പ്രൈംടൈം ചർച്ചകളിലോ ഈ ഞെട്ടിക്കുന്ന ആത്മഹത്യാകണക്കാകട്ടെ ഇടം പിടിച്ചിതുമില്ല.

നടപ്പു രണ്ടാം തവണ മോദിഭരണത്തിൽ  കർഷക ആത്മഹത്യകൾ 10281-ൽ നിന്ന് 11290 ആയി ഉയർന്നു.  മഹാരാഷ്ട്രയിലെ വിദർഭ മേഖല തന്നെയാണ്  വീണ്ടും കർഷക ആത്മഹത്യകളുടെ  കേന്ദ്രമായത്. കർഷകവിരുദ്ധ നയങ്ങളുടെ മൗലിക കാരണങ്ങൾ തേടുമ്പോൾ 1990 – കളുടെ പ്രാരംഭത്തിൽ തുടക്കമിട്ട ഘടനാപരമായ നവഉദാരവൽകൃത നയങ്ങളിലാകുമെത്തിചേരുമെന്ന് പറയേണ്ടിവരും.

പൊതു നിക്ഷേപത്തിലെ കുറവ്, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം. രാജ്യാന്തര വ്യാപാര കരാറുകളിൽ പങ്കാളിയായയതിൻ്റെ പശ്ചാത്തലത്തിൽ  ആഭ്യന്തര വിപണി വിദേശ വ്യാപാരത്തിനായ് തുറന്നുകൊടുക്കൽ. ഇത്തരം രാജ്യാന്തര വ്യാപാര കരാറുകളിൽ നിന്നുള്ള പരസ്പര നേട്ടങ്ങൾ കൊയ്തെടുക്കുന്നതിൽ പക്ഷേ  ഇന്ത്യയുടെ ഗുരുതര വീഴ്ച. ഒപ്പുവയ്ക്കപ്പെട്ട  രാജ്യാന്തര വ്യാപാര കരാറുകളുപയോഗപ്പെടുത്തി രാജ്യത്തിൻ്റെ ഉല്പന്നങ്ങളുടെ വൈദേശിക വിപണി വിപുലീകരണം സുസാധ്യമാക്കുന്നതിൽ നയതന്ത്ര ശേഷിയില്ലാഴ്മ!   സബ്‌സിഡികൾ വെട്ടിച്ചുരുക്കൽ.  കാർഷിക വായ്പകൾ അനുവദിക്കപ്പെടുന്നതിലെ കുറവ്. ഇപ്പറഞ്ഞതെല്ലാം കർഷകർക്ക് തിരിച്ചടിയായി.

കനത്ത സബ്‌സിഡികളുടെ പിൻബലത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന വൈദേശിക ഉല്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകാൻ തുടങ്ങി. അത്തരം ഉല്പന്നങ്ങളോട്  സർക്കാർ സഹായ പിൻബലമില്ലാതെ ഉയർന്ന  ഉല്പാദന ചെലവിൽ പൊറുതിമുട്ടുന്ന ഇന്ത്യൻ കർഷകരുടെ ഉല്പന്നങ്ങൾക്ക് മത്സരിയ്ക്കാനാകാത്ത ബുദ്ധിമുട്ടാർന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  മൊൺസാന്റോ പോലുള്ള കാർഷിക ബിസിനസ് ഭീമൻമാരുടെ കുത്തക സമ്പ്രദായങ്ങൾ, ജനിതകമാറ്റം വരുത്തിയ വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ വില കൂടിയതും കൃഷി അനുബന്ധ ചെലവുകൾ  കുതിച്ചുയർന്നതും രാജ്യത്തെ കർഷക സമൂഹത്തിന് കൂനിന്മേൽ കുരുവായി.

കർഷക പ്രക്ഷോഭം അവശേഷിപ്പിച്ചത്

മൂന്ന് പതിറ്റാണ്ടിനിടെ കാർഷിക മേഖലയിൽ 350000 ആത്മഹത്യക ളുണ്ടായിയെന്നിടത്താണ് കാർഷിക പ്രതിസന്ധിയുടെ ആഴം പ്രകടിതമാകുന്നത്.  മോദി സർക്കാർ മുന്നോട്ടുവച്ച കാർഷിക ബില്ലുകൾക്കെതിരായ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിനു രാജ്യത്തിൻ്റെ കാർഷിക മേഖലയ്ക്കുമേൽ പതിച്ച കരിനിഴൽ മാറ്റിയെടുക്കുന്ന ദിശയിലേക്ക്  ഉയരുവാനായില്ലെന്നതാണ് അവശേഷിപ്പിച്ചത്.

സർക്കാർ നിയന്ത്രിത വിപണിയുടെ ഇടനിലയ്ക്ക് പകരം ഉല്പന്ന വില തിട്ടപ്പെടുത്തുന്നതിൽ  സ്വകാര്യ കോർപ്പറേറ്റുകളുമായി കർഷകർക്ക് നേരിട്ട്  ചർച്ച ചെയ്യാനുള്ള രീതിയിലായിരിയ്ക്കണമായിരുന്നു ബില്ലുകൾ.  കാർഷിക ബില്ലുകളിൽ നിന്നു സർക്കാർ പിന്മാറ്റത്തിന് ഒടുവിൽ ഒരു വർഷം നീണ്ടുനിന്ന കർഷക പോരാട്ടത്തിൽ  750 ഓളം ജീവനുകൾ ബലിയർപ്പിക്കേണ്ടിവന്നുവെന്നത് തീർത്തും ദൗർഭാഗ്യകരമായി.

രാജ്യത്തെ കർഷകരെ കുരുക്ക് എടുക്കാൻ പ്രേരിപ്പിക്കരുത്.  കർഷകർ കനത്ത വായ്പയെടുക്കേണ്ടതില്ല. വായ്പാദാതാക്കളുടെ വാതിലുകളിൽ മുട്ടാൻ  നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യം കർഷകർക്കുണ്ടാകരുത്. ഇതൊക്കയാണ്   2014 ലെ  തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോദി പറഞ്ഞത്. പക്ഷേ അധികാരത്തിലേറിയ മോദിയുടെ ശബ്ദം കർഷക ക്ഷേമത്തിനായി ഉയർന്നില്ലെന്നതിൻ്റെ പരിണിതിയാണ് വ്യഥയാർന്ന കർഷക ആത്മഹത്യകളുടെ പെരുക്കം.

കോർപ്പറേറ്റുകൾക്ക് വൻ നികുതിയിളവുകൾ. ഈ ഇളവുകൾ പക്ഷേ സമ്പദ്ഘടനയിൽ ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നതിൽ തിട്ടമില്ല. കോർപ്പറേറ്റുകൾക്ക് വാരിക്കോരി നൽകപ്പെടുന്ന ആനുകൂല്യങ്ങൾക്ക് വിധേയമായി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിൻ്റെ കണക്കുകൾ നിരത്താനില്ല (RAJYA SABHA UNSTARRED QUESTION NO. 1001 ANSWERED ON 12.12.2023 Corporate tax rebate : Smt. Jebi Mather Hisham).

മോദിയുടെ ഇഷ്ട പട്ടികയിലിടംപിടിച്ചിട്ടുള്ള കോർപ്പറേറ്റുകളുടെ വായ്പ എഴുതിതള്ളാൻ സർക്കാരിന് ഒട്ടുമേ വിമുഖതയില്ല. 2023 സാമ്പത്തിക വർഷത്തിൽ മാത്രം 2.09 ലക്ഷം കോടി രൂപയുടെ വായ്പ കൾ ബാങ്കുകൾ എഴുതിത്തള്ളി. ഇതിൽ 52.3 ശതമാനവും വൻകിട കോർപ്പറേ റ്റുകളുടേതാണ്. ഡിസംബർ നാലിന് പാർലമെൻ്റിൽ  (ശൈത്യക്കാല സമ്മേളനം- 2023) ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹ മന്ത്രി ഭഗവത് കരാദാണ് ഇക്കാര്യം പറഞ്ഞത്.

കർഷകർക്ക് കൈയഞ്ഞ്  വായ്പകളും ധനസഹായങ്ങളും അനുവദിക്കുന്നതിൽ സർക്കാരിന് പക്ഷേ   അമാന്തം. വിമുഖത. കോർപ്പറേറ്റുകളുടെ കടം തിരിച്ചുപിടിക്കുന്നതു പോലെയല്ല കർഷകരുടെ വായ്പകൾ തിരിച്ചുപിടിക്കുന്നതിൽ ബാങ്കുകൾക്ക് അത്യുത്സാഹം. ഒട്ടുമേ വിട്ടുവീഴ്ചയില്ല! കർഷകരുടെ അവസ്ഥ മെച്ചപ്പെട്ടാൽ അത് അവർ മെച്ചപ്പെടുക മാത്രമല്ല,   നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും  ചെയ്യുന്നുണ്ട്.

കർഷകർ, പ്രത്യേകിച്ച് കർഷക ത്തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളേറെ ഗൗരവമേറിയതാണ്. കടബാധ്യതയുള്ള കർഷകർ  2013-ൽ 52 ശതമാനമായിരുന്നത് 2019-ൽ 50.2 ശതമാനമായി  കുറഞ്ഞുവെന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. മോദി സർക്കാർ അവകാശപ്പെടുമ്പോലെയല്ല പക്ഷേ യഥാർത്ഥ ചിത്രം! കടമെടുത്ത കർഷകർ   902 ലക്ഷത്തിൽ നിന്ന് 930 ലക്ഷമായെന്ന പ്രകടമായ വർദ്ധനയാണ്  കാണാൻ കഴിയുക.  കുടിശ്ശികയായി മാറിയ വാ യ്പ  2013 നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങായി ഉയർന്നുവെന്നതാണ് വസ്തുത.

ഫലവത്താകാതെ സ്കീമുകൾ

മൊത്തം ബജറ്റ് ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ കാർഷിക മേഖ ലയിലെ പൊതുചെലവ് മോദി ഭരണ രണ്ടാം വേളയിലും  പടിപടിയായികുറയുകയാണ്.  കർഷകരുടെ ക്ഷേമ വിഹിതത്തിലും കുറവ്.  പ്രധാന്മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), മാർക്കറ്റ് ഇൻറർവെൻഷൻ സ്കീം, പ്രൈസ് സപ്പോർട്ട് സ്കീം (എംഐ എസ്-പിഎസ്എസ്), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) തുടങ്ങിയ  കാർഷിക സഹായ സ്കീമുകൾ ഇനിയുമതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെത്തുന്നില്ല.

പിഎംഎഫ്ബിവൈ വിഹിതം  തുടർച്ചയായി വർദ്ധിപ്പിക്കപ്പെടു ന്നുണ്ട്. 2022-2023  ബജറ്റ് എസ്റ്റിമേറ്റിൽ 15500 കോടി രൂപയായി.  2023 നവംബർ 30 ലെ കണക്കുകൾ പ്രകാരം പിഎംഎഫ്ബിവൈ സ്കീമിന് കീഴിൽ കർഷക അപേക്ഷകളിൽ ഗണ്യമായ വർദ്ധനവ്. റാബി 2022-23, ഖാരിഫ് 2023 സീസണുകളിൽ യഥാക്രമം 435 ലക്ഷം 689 ലക്ഷം അപേക്ഷകൾ.  എന്നിരുന്നാലും 2022-23 റാബി സീസണിൽ 7.8 ലക്ഷം കർഷകർക്ക് ധന സഹായമായി നൽകിയത് 3878 കോടി രൂപ മാത്രം. ഇവിടെയാണ് ഈ പദ്ധതിയുടെ ഫലപ്രാപ്തി സംശയാസ്പദമാകുന്നത്.  ഭൂരിഭാഗം അപേക്ഷകർക്കും അർത്ഥവത്തായ പിന്തുണ നൽ കുന്നതിൽ സ്കീം പരാജയമെന്നവസ്ഥ!

2022-2023 ലെ ബജറ്റ് എസ്റ്റിമേറ്റിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി  68000 കോടി രൂപയായി ഉയർത്തി.  ഈ പദ്ധതി പ്രാഥമികമായി ഭൂവുടമകളായ കർഷകർക്ക് പ്രയോജനം ചെയ്യുമ്പോൾ ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുക യാണ്.  2019 മുതൽ ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെ ആത്മ ഹത്യാനിരക്കേറുന്നുവെന്ന എൻസിആർബി റിപ്പോർട്ട് ശ്രദ്ധിയ്ക്കപ്പെടാതെ പോകരുത്.  വൈവിധ്യമാർന്ന കാർഷിക മേഖലയാണ് രാജ്യ ത്തിൻ്റേതെന്ന യാഥാർത്ഥ്യം കണക്കിലെടുത്തുവേണം കർഷക ക്ഷേമ പദ്ധതികൾക്ക് രൂപം നൽകാൻ. ഇക്കാര്യത്തിൽ ഒരേ സമീപനവും മാനദണ്ഡങ്ങളുമെന്നത്  അനുയോജ്യമല്ല.

2022-2023-ൽ എംഐഎസ്-പിഎസ്‌എസിനായി ബജറ്റ് എസ്റ്റിമേറ്റ്  1500 കോടി രൂപയായി കുറച്ചു. വിപണി വിലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന തായി ഈ കുറവ്. ഈ വർഷം  ജൂണിൽ നെല്ല്, പയർവർഗ്ഗങ്ങൾ, നിലക്കടല, സോയാബീൻ തുടങ്ങിയ എണ്ണക്കുരുക്കൾക്കും പരുത്തി ക്കുമുൾപ്പെടെ 17 ഖാരിഫ്’ വിളകൾക്ക് സർക്കാർ മിനിമം താങ്ങുവില (എംഎസ്പി) പ്രഖ്യാപിച്ചു.  എന്നിരുന്നാലും  പ്രഖ്യാപിച്ച എംഎസ്പി പക്ഷേ തീർത്തും  അപര്യാപ്തമാണെന്ന കർഷക ഗ്രൂപ്പുകകളുടെ ആവ ലാതികൾ മാനിക്കപ്പെട്ടില്ല. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ സൂചി കയ്ക്കനുസൃതമായി ചെറുകിട കർഷകരെ കടബാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിൽ എംഎസ്പി വ്യക്തമായും പരാജയപ്പെട്ടു.  സ്വാ മിനാഥൻ കമ്മീഷൻ ശുപാർശകൾക്കു വിധേയമായി എംഎസ്പി പരിഷ്ക്കരിച്ച് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് മോദി സർക്കാർ ഇപ്പോഴും അകലെയാണ്.

വേണ്ടത് പൊള്ളയായ വാഗ്ദാനങ്ങളല്ല

കർഷക ക്ഷേമത്തെപ്രതി പൊള്ളയായ വാഗ്ദാനങ്ങൾ. പരാജയപ്പെടുന്ന പദ്ധതികൾ. അപര്യാപ്തമായ ബജറ്റ് വിഹിതം. ഇതെല്ലാം രാജ്യ ത്തിൻ്റെ അന്നദാതാക്കളെ – കർഷകരെ – കടുത്ത നിരാശയിലേക്ക് തള്ളിവിടുകയാണ്.  മോദിഭരണത്തിൽ പെരുകുന്ന കർഷക ആത്മഹത്യകൾ അവർ അഭിമുഖീകരിക്കുന്ന കടുത്ത അവഗണനകളുടെ പരിണിതിയാണ്. തളർച്ചയിലേക്ക് കൂപ്പുകുത്തുന്ന കർഷക സമൂഹത്തിന്  മറ്റൊരു ഇരുട്ടടിയാണ് കാലാവസ്ഥാ  പ്രതിസന്ധി.  വിനാശകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന വിളനാശത്തെ പ്രതി രോധിക്കുവാനാകാതെ കർഷകർ നിസ്സഹായകരായി മാറുന്ന ഖേദകര മായവസ്ഥ.

കാർഷിക പ്രതിസന്ധിക്കൊപ്പം തന്നെ 2014 – 2022-നും കാലയളവിൽ  കാർഷിക തൊഴിലാളികളുടേതുൾപ്പെടെ പ്രതിവർഷം യഥാർത്ഥ വേതന വളർച്ചാനിരക്ക്  ഒരു ശതമാനത്തിൽ താഴെയായിയെന്നതും ശ്രദ്ധിക്കപ്പെടാതെ പോകരുത്. അതിവേഗ ഉപഭോഗ ഉല്പന്ന (fast moving consumer goods-FMCGs) വില്പനയുടെ ഏകദേശം 36 ശതമാനവും  ഗ്രാമീണ മേഖ ലയിലാണ്.   വേതന നിരക്ക് താഴ്ന്നതോടെയാകട്ടെയത് ഉപഭോഗ ഉല്പന്ന ഗ്രാമീണ വിപണിയെ ഗുരുതരമായി ബാധിച്ചു. ഇതാകട്ടെ ആത്യന്തികമായി ഉപഭോഗ ഉല്പന്ന നിർമ്മാതക്കളുടെ വളർച്ചാ ഗ്രാഫിനെ പിന്നോട്ടുവലിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ദശലക്ഷകണക്കിന് ജനങ്ങളുടെ ഉപജീവനോപാധിയാണ് കാർഷിക മേഖല – പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയുടെ. പ്രാഥമികമായി കാർഷിക മേഖലയാണ്  സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. ലോകബാങ്ക് കണക്കനു സരിച്ച് ഇന്ത്യൻ ജിഡിപിയിൽ  കാർഷിക മേഖലയുടെ സംഭവാന ഏക ദേശം 17 ശതമാനം.  രാജ്യത്തെ തൊഴിൽ ശക്തിയുടെ 50 ശതമാനത്തി ലധികം ജോലി ചെയ്യുന്നതും കാർഷികമഖലയിൽ. ഈ ബോധ്യപ്പെടലിനെ ആശ്രയിച്ചിരിക്കും കാർഷിക മേഖലയെ ചലനാത്മകമാക്കുന്ന തിൻ്റെ അനിവാര്യത കൃത്യതയോടെ തിരിച്ചറിപ്പെടുക.

സാമ്പത്തിക ഭാരങ്ങൾ.  അനിശ്ചിതത്വങ്ങൾ. വർദ്ധിച്ചുവരുന്ന പണപ്പരുപ്പം.  ജീവിതച്ചെലവിന് അനുസൃതമായി വരുമാനമില്ലാഴ്മ. ഇതിനെ യെല്ലാം മറികടക്കാൻ അശ്രാന്ത പരിശ്രമം. പോരാട്ടം. അവസാനം പരാജയപ്പെടുന്നിടത്ത് അഭയമാകുന്നത് ആത്മഹത്യ!  സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതുപോലെ മരണപ്പെട്ടയാളുടെ കുടുംബത്തിന്  നഷ്ടപരിഹാരം പോലെയുള്ള സർക്കാരിൻ്റെ മുഖംമിനുക്കൽ നടപടികൾ മാത്രം മതിയാകില്ല രാജ്യത്തിൻ്റെ കാർഷിക മേഖലയെ കൈപിടിച്ചുയർത്താൻ.

കർഷകർ കടം വാങ്ങി കഷ്ടപ്പെട്ടുണ്ടാക്കുന്ന കാർഷികോല്പന്നങ്ങൾക്ക് കൃഷി ചെലവുകൾക്ക് ആനുപാതികമായി  ന്യായവില ലഭ്യമാക്കപ്പെടുന്നില്ലെന്നതാണ് കാർഷിക മേഖലയെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ചതിൻ്റെ പ്രധാന കാരണം. ഇക്കാര്യം അതീവ പ്രാധാന്യത്തോടെ അടിയന്തിരമായി അഭിസംബോധന ചെയ്യപ്പെടണം. അതെ കാലം ശക്തമായി ആവശ്യപ്പെടുന്നത് രാജ്യത്തിൻ്റെ കാർഷിക അഭിവൃദ്ധിയെയും കർഷക ക്ഷേമത്തെയും മുൻനിറുത്തി നിലനിൽക്കുന്ന നയങ്ങളിലെ കാതലായ മാറ്റങ്ങൾ തന്നെയാണ്.

കടപ്പാട്: ദ വയർ

 

 

 

 

 

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…