കേരളം ലഹരി ഹബ്ബെന്ന്

കേരളം ലഹരി ഹബ്ബെന്ന്

Has Kerala turned into a narcotics hub? – writes KK Sreenivasan

കെകെ ശ്രീനിവാസൻ/KK sreenivasan 

“നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” – ഇത് ഒരു സിനിമയിലെ  പഞ്ച് ഡയലോഗ്. ഈ “ഡേർട്ടി ബിസിനസ്” കേരളത്തിൽ യാഥാർത്ഥ്യമായി മാറുകയാണോയെന്ന ആശങ്ക ശക്തിപ്പെടുകയാണ്. ലഹരിമരുന്നു കേസുകളിൽ പഞ്ചാബിനെ മറികടന്ന് കേരളം! ലഹരിക്ക് അടിമപ്പെടുന്ന ഒരു തലമുറ!

2025 ഡിസംബർ 31 ന് കോഴിക്കോട് കൈതപ്പൊയിൽ കാക്കൂർ സ്വദേശിനിയെ  കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ മരണത്തിനു പിന്നിൽ മയക്കുമരുന്ന് വ്യാപാര ബന്ധമുണ്ടെന്ന ശബ്ദ സന്ദേശമുണ്ട്.  ടിപി വധക്കേസ് പ്രതി കൊടി സുനിയുൾപ്പെടെയുള്ളവർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണത്രെ  മരണത്തിന് മുമ്പ് യുവതി അയച്ച ശബ്ദ സന്ദേശത്തിൽ!  സിപിഎമ്മും കൊടി സുനിയും തമ്മിലുള്ള അവിശുദ്ധബന്ധം! അതുകൊണ്ടുതന്നെ ഈ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയിലും ലഹരിമരുന്നു കടത്തു ബന്ധത്തിലും കാര്യമായ പൊലിസ് അന്വേഷണം പ്രതീക്ഷിക്കുക വയ്യ.

2025 മെയ് 18ന്  താമരശ്ശേരി ചുരം നാലാം ഹെയർപിൻ വളവിന് സമീപം സംഘർഷം.  മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്തവർ നിഷ്കരുണം ആക്രമിക്കപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  മയക്കുമരുന്ന് വ്യാപനത്തെകുറിച്ച് എസ്എഫ്ഐ  മുന്നറിയിപ്പു നൽകി. സ്വന്തം വിദ്യാർത്ഥി സംഘടനയുടെ മുന്നറിയിപ്പ് മയക്കുമരുന്ന മാഫിയക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് അടിവരയിടുന്നതായി.

പഞ്ചാബിനെ മറികടന്ന് കേരളം

കേരളം ലഹരിമരുന്ന് ഹബ്ബായ് മാറുന്നുവെന്നത് പ്രതിപക്ഷത്തിൻ്റെ ആരോപണണം മാത്രമായി കാണേണ്ടതില്ല. ഇടത് സർക്കാരിന്റെ  സ്വന്തം എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ തന്നെയാണ് സംസ്ഥാനം ലഹരിമരുന്ന് ഹബ്ബ് എന്ന് വ്യക്തമാക്കുന്നത്. 2021 മുതൽ 2024 വരെ നാർക്കോട്ടിക്‌സ് കേസുകളിൽ 330 ശതമാനം വർദ്ധന. എംഡിഎംഎ ഉപയോഗത്തിൽ മാത്രം 65 ശതമാനം വർദ്ധന. 2024-ൽ മാത്രം സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS Act) പ്രകാരം 27,701 കേസുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്  പഞ്ചാബിൽ 9,025 കേസുകൾ. പഞ്ചാബിനെക്കാൾ മൂന്നിരട്ടിയിലധികം ലഹരികേസുകൾ കേരളത്തിത്തിലെന്ന് സാരം!

2025 ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ ഒരാഴ്ചക്കുള്ളിൽ മാത്രം പ്രത്യേക ടാസ്‌ക് ഫോഴ്‌സ് 2,854 പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. തെക്കൻ തീരദേശ സംസ്ഥാനത്തിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഒരു ലക്ഷം പേരിൽ 78 ലഹരിമരുന്നു വില്പന/ഉപയോഗ കേസുകൾ റജിസ്ട്രർ ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇത് പ്രകടമെന്ന് റിപ്പോർട്ടുകൾ.

ലഹരിമരുന്നു വില്പന/ഉപയോഗ കേസുകൾ പെരുകുമ്പോൾ എൻഡിപിഎസ് ആക്ട്  പ്രകാരമുള്ള കേസുകളിലെ ശിക്ഷാനിരക്ക് എത്ര? തീർത്തും ദയനീയം. 2025 മാർച്ച് 12-ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ കണക്കു പ്രകാരം 2022 മുതൽ 2024 വരെ കേരളത്തിൽ രണ്ട് കേസുകളിൽ മാത്രം ശിക്ഷ. തക്കതായ ശിക്ഷ ലഭിയ്ക്കാതെ പോകുന്നുവെന്നത് ലഹരിമരുന്നു വ്യാപനത്തിലാണ് കലാശിയ്ക്കുന്നത്. ലഹരിമരുന്നു കേസുകളിൽ ശിക്ഷാനിരക്ക് കുറയുന്നത് ഇടത് സർക്കാരിൻ്റെ അന്വേഷണ ഏജൻസികളുടെ  അനാസ്ഥയല്ലാതെ മറ്റെന്താണ്?  

വ്യാപകമായ  ലഹരിമരുന്ന് വില്പന/ഉപയോഗം  സാമൂഹിക അരക്ഷിതാവസ്ഥക്ക് കാരണമാകുന്നു. മയക്കുമരുന്നിന് അടിമപ്പെട്ടവർ സഹജീവികളുടെ ജീവൻ അപഹരിക്കുന്ന വാർത്തകൾക്ക് ക്ഷാമമില്ല.  2025 ലെ ആദ്യ രണ്ട് മാസങ്ങളിൽ സംസ്ഥാനത്ത് 30 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ സിംഹഭാഗവും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പഠനം തന്നെ പറയുന്നു.

ഓർമ്മയില്ലേ? 2025 പുതുവർഷ ദിനത്തിൽ ലഹരിക്കടിമപ്പെട്ട രണ്ടു യുവാക്കൾ തൃശൂർ തേക്കിൻക്കാട് മൈതാനത്ത്, പട്ടാപ്പകൽ,  ഒരു 30-കാരനെ കുത്തിക്കൊലപ്പെടുത്തിയത്. 2025 ജനുവരിയിൽ തന്നെ ലഹരിവിമുക്ത കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ കോഴിക്കോട് സ്വദേശി 25 വയസ്സുകാരൻ തന്റെ അമ്മയെ കൊലപ്പെടുത്തി. 

സ്കൂൾ പരിസരങ്ങളിൽ ലഹരിമരുന്നു വില്പന

സ്കൂൾ പരിസരങ്ങൾ പോലും ലഹരി വസ്തുക്കൾ വിറ്റഴിക്കപ്പെടുന്ന ഇടങ്ങളായിമാറിയിരിക്കുന്നു. മാതാപിതാക്കൾ ഭയവിഹ്വലരാണ്. മയക്കുമരുന്ന് പരിശോധനാ കിറ്റുകൾ വാങ്ങി വീട്ടിൽ തന്നെ കുട്ടികളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കേണ്ട ദുരവസ്ഥയിലാണ് മാതാപിതാക്കൾ! കുട്ടികളുടെ സ്ക്കൂൾ ബാഗുകളിൽ ലഹരിമരുന്നുകളില്ലെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ട അവസ്ഥയിലാണ് അദ്ധ്യാപകർ!

കണ്ണെഴുതിയുള്ള ആൺകുട്ടികളെ കാണുന്നുണ്ട്. ഈ കണ്ണെഴുത്ത് പക്ഷേ ലഹരിമരുന്നു ഉപയോഗിച്ചതിൻ്റെ ലക്ഷണങ്ങൾ മറയ്ക്കുവാനാണെത്രെ.  ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിൽ എക്സ്സൈസ് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് ഈ കണ്ണെഴുത്തിൻ്റെ ദു:സൂചന ചൂണ്ടികാണിക്കുന്നത്.

ലഹരിമരുന്നു മാഫിയകളെ ഒതുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ അതിദയീനമായി പരാജയപ്പെട്ടിടത്താണ് ലക്ഷങ്ങൾ ചെലവഴിച്ചുള്ള ഇത്തരത്തിൽ ബോധവൽക്കണ ക്ലാസുകൾ വേണ്ടിവരുന്നതെന്നോർക്കുക. ലഹരിമരുന്നുവിരുദ്ധ ബോധവൽക്കരണം നടത്തേണ്ട അവസ്ഥയിൽ നാടിനെ കൊണ്ടുചെന്നെത്തിച്ചതിൻ്റെ മുഖ്യ കാരണം തങ്ങളുടെ ഗുരുതരമായ വീഴ്ചയാണെന്നതുകൂടി സർക്കാർ തിരിച്ചറിയാതെ പോകരുത്.

കുട്ടികളിലുണ്ടാകുന്ന ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ പോക്സോ കേസിൽ കുടുക്കിയ സർക്കാരാണ് ഇത്.  ലഹരി മാഫിയയ്ക്കെതിരെ നിലകൊള്ളുന്ന മാധ്യമ പ്രവർത്തനത്തിന് സർക്കാർ പിന്തുണയില്ലെന്നതാണ് ഇതിലൂടെ വ്യക്തമായത്. എന്താണ് ഇതെല്ലാം സൂചിപ്പിക്കുന്നത്? ഇടത് സർക്കാരിനെതിരെയുള്ള അപവാദ പ്രചരണങ്ങളാണോ? അല്ലെന്നു തന്നെ പറയേണ്ടിവരും.  ലഹരിമരുന്ന് വ്യാപനം തടയുന്നതിൽ സർക്കാരിൻ്റെ ഗുരുതരമായ വീഴ്ച്ചയാണ്. അതെ, കേരളം ലഹരി മാഫിയയുടെ വിളനിലമായി മാറിയിരിക്കുന്നുവെന്ന  ഖേദകരമായ അവസ്ഥ! പഞ്ചാബിനെ മറികടന്ന് ലഹരി മാഫിയ കേരളത്തിന്റെ തലയ്ക്കു മുകളിൽ വളർന്നു! ഇക്കാലമത്രയും ഈ സർക്കാർ എന്ത് ചെയ്യുകയായിരുന്നു? ഈ ഗൗരവമേറിയ ചോദ്യം ഉന്നയിയ്ക്കാതെ വയ്യ.

സർക്കാർ മദ്യക്കച്ചവട ലഹരിയിലാണ്

പിണറായി സർക്കാർ  മദ്യക്കച്ചവട ലഹരിയിലാണ്. യുഡിഎഫ് സർക്കാരുകൾ പിന്തുടർന്ന മദ്യനിരോധന നയം ഉപേക്ഷിയ്ക്കപ്പെട്ടു! പകരം “മദ്യ നിയന്ത്രണം” എന്ന പേരിൽ സംസ്ഥാനത്ത് മദ്യം ഒഴുക്കി ഇടത് സർക്കാർ. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ കേരളത്തിൽ 29 ബാറുകൾ. 2024 മെയ് ആയപ്പോഴേക്കും ബാറുകൾ 801 ആയി പെരുകി. 2024–25 ജൂലൈ വരെ കേരളം വിറ്റത് 19,561 കോടി രൂപയുടെ മദ്യം. ഇതിലൂടെ ഏകദേശം 15,000 കോടി രൂപ നികുതി വരുമാനം. അതേസമയം,  ഉല്പാദന – കാർഷിക മേഖലകളിൽ ശ്രദ്ധേയമായ വരുമാനം വർദ്ധിപ്പിയ്ക്കുന്നതിൽ കഴിഞ്ഞ 10 വർഷമായി ഭരിക്കുന്ന  ഇടത്  സർക്കാർ പരാജയപ്പെട്ടുവെന്നു പറയ്യാതെ നിർവ്വാഹമില്ല.

കുടിവെള്ള ക്ഷാമം നേരിടുന്ന പാലക്കാട് എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ സ്പിരിറ്റ് കമ്പനിക്ക് അനുമതി നൽകുന്നതിൽ സർക്കാർ അതീവ താല്പരരാണ്. ഗ്രാമസഭയെയും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയും നോക്കുകുത്തിയാക്കി സ്പിരിറ്റ് കമ്പനിയ്ക്ക്
അനുമതി നൽകണമെന്ന പിടിവാശി. ഇതിന് പിന്നിൽ   അഴിമതിയെന്നു പറഞ്ഞാലത് സർക്കാർ വിരുദ്ധ അപവാദ പ്രചരണമാകില്ല. ഇതിനിടെ, എലപ്പുള്ളി മദ്യ നിർമ്മാണ കമ്പനിക്കെതിരെ ഹൈക്കോടതി നിലപാട് സ്വികരിച്ചുവെന്നത് രൂക്ഷമായ കുടിവെള്ള ക്ഷാമംനേരിടുന്ന എലപ്പുള്ളി ഗ്രാമവാസികൾക്ക് ആശ്വാസം.

ഇടത് സർക്കാരിന്റെ മുഖ്യവരുമാന സ്രോതസ്  മദ്യവില്പന.  ലഹരിമരുന്ന് മാഫിയയുടെ തേരോട്ടത്തിലുമാണ് കേരളം! ഇതിൻ്റെ കടുത്ത വില കൊടുക്കുന്നത് കേരളത്തിന്റെ യുവത്വമാണെന്നത് കാണാതെ പോകരുത്.  ലഹരി വിപത്തിൽ നിന്ന് നാടിനെ വിമുക്തമാക്കണം. ഇക്കാര്യത്തിൽ വീഴ്ച്ചകളേതുമില്ലെന്നു ഉറപ്പുവരുത്തേണ്ടത് സർക്കാർ തന്നെയാണ്. 

 

 

 

Related Post