ഡബ്ല്യുടിഒ: ആരായിരിക്കും ആദ്യ വനിതാ ഡയറക്ടർ ജനറൽ

ഡബ്ല്യുടിഒ: ആരായിരിക്കും ആദ്യ വനിതാ ഡയറക്ടർ ജനറൽ

ആരായിരിക്കും ലോക വ്യാപാര സംഘടനയുടെ

ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Kk Sreenivasan

വരും ആഴ്ച്ചകളിലിത് ലോകം അറിയും

kk sreenivasan on the women who are in race of WTO director general position

ലോ ക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ക്ക് സാരഥിയാകാൻ രണ്ടു വനിതകൾ മത്സരത്തിലാണ്. ദക്ഷിണ കൊറിയ വാണിജ്യമന്ത്രി യൂ മ്യുങ്-ഹീ. ഹാർവാർഡ് പരിശീലനം നേടിയ മുൻ നൈജീരിയൻ ധനമന്ത്രിഎൻഗോസി ഒകോൻജോ-ഇവാല. ഈ ഇരു വനിതകളാണ് ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലാകാനുള്ള അന്തിമ പട്ടികയിലിടം പിടിച്ചിട്ടുള്ളത്. ഒക്ടോബർ എട്ടിനാണ് ഈ അന്തിമ ചുരുക്കു പട്ടിക ലോക വ്യാപാര സംഘടന പ്രഖ്യാപിച്ചത്. ഇവരിലാർക്ക് അന്തിമ നറുക്ക് വീഴുമെന്നത് ലോകം കാത്തിരിക്കുകയാണ്.

ആരായിരിക്കും ലോക വ്യാപാര സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ? വരും ആഴ്ച്ചകളിലിത് ലോകം അറിയും.164 അംഗ രാഷ്ട്ര പ്രതിനിധികളുൾപ്പെട്ട ഡബ്ല്യുടിഒയുടെ ജനറൽ കൗൺസിലിനാണ് നിയമന പ്രക്രിയയുടെ മേൽനോട്ടം.

നൈജീരിയയിലെ എൻഗോസി ഒകോൻജോ-ഇവാലയും ദക്ഷിണ കൊറിയയുടെ യൂ മ്യുങ്-ഹീയും അഞ്ച് സ്ഥാനാർത്ഥികളുള്ള പൂളിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കെനിയൻ മുൻ വ്യാപാര മന്ത്രി ആമിന മുഹമ്മദ്. സൗദി മുൻ സാമ്പത്തിക മന്ത്രി മുഹമ്മദ് മസിയാദ് അൽ തുവൈജ്രി. ബ്രിട്ടൻ്റെ മുൻ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയും ബ്രെക്സിറ്റ് വക്താവുമായ ലിയാം ഫോക്സ് മത്സര പട്ടികയിലുണ്ടായിരുന്നു.

കുടിക്കാഴ്ച്ചകളിലെ പോരാഴ്മകളിൽ പക്ഷേ അവരെല്ലാം തഴയപ്പെടുകയായിരുന്നു. അന്തിമ റൗണ്ടിലെത്തിയ വനിതകൾ ഒകോൻജോ ഇവാലയും യൂ മ്യുങ്ഹീയും മികച്ച യോഗ്യതയുള്ളവരാണ്. ഇവരുടെ യോഗ്യത എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇവരുടെ പ്രകടനം മികവുറ്റതായിരുന്നുവെന്നാണ് ഡബ്ല്യുടിഒ വക്താവ് കീത്ത് റോക്ക്വെൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അടുത്ത ഡയറക്ടർ ജനറലിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അങ്ങേയറ്റം ആഹ്ലാദവും അഭിമാനവും – വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള നിയമബിരുദധാരി കൂടിയായ യൂ മ്യുങ്ഹീ ട്വീറ്റ് ചെയ്തു. “ഡബ്ല്യുടിഒയുടെ വിശ്വാസം പുന:സൃഷ്ടിക്കപ്പെടണം. പ്രസക്തി പുന:സ്ഥാപിക്കപ്പെടണം. ഇതിനായ് കഴിവുള്ള പരിചയസമ്പ ത്തുള്ള പുതിയ നേതാവിനെ ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളുടെ തുടർ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി”, യൂ മ്യുങ്ഹീ യുടെ ട്വിറ്റ് തുടർന്നു.

ട്വിറ്ററിലൂടെ ഒകോൻജോ-ഇവാല ഡബ്ല്യുടിഒ അംഗങ്ങൾക്ക് പിന്തുണ നൽകിയതിന് നന്ദി പറഞ്ഞു. അവസാന റൗണ്ടിലെത്തിയതിൽ സന്തോഷം – ഇവാല ട്വിറ്ററിൽ എഴുതി.

എട്ട് പേരടങ്ങുന്ന പട്ടികയായിരുന്നു. കഴിഞ്ഞ റൗണ്ടിലത് അഞ്ചായി. വിജയിയെ നവംബർ ആദ്യം തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ ബ്രസീലിലെ റോബർട്ടോ അസെവെഡോ മെയ് മാസത്തിൽ വ്യക്തിപരമായ കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞു.

സേവന കാലാവധി ഒരു വർഷത്തോളം ബാക്കിനിൽക്കവെയാണ് സ്ഥാനമൊഴിഞ്ഞത്. ആഗസ്ത് 31 ന് അദ്ദേഹം പിൻഗാമിയ്ക്കായ് കാത്തുനിൽക്കാതെ സ്ഥാനം ഒഴിയുകയായിരുന്നു. ഏഴ് വർഷ കാലാവധിയിലുടെനീളം അസെവെഡോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കടുത്ത സമ്മർദ്ദത്തിനടിപ്പെട്ടിരുന്നു.

ഡബ്ല്യുടിഒ അമേരിക്കയോട് അന്യായമായി പെരുമാറുന്നുവെന്ന് ട്രമ്പ് ആവൃർത്തിച്ച് ആരോപിച്ചു. ഡബ്ല്യുടിഒ വ്യവസ്ഥകളെ ധിക്കരിച്ച് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിക്കുകയും ചെയ്തു ട്രമ്പ്. വ്യാപാര സംഘടനയിൽ നിന്ന് യുഎസ് പിന്മാറുമെന്നുപോലും ഒരു വേള ട്രമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമ്മർദ്ദങ്ങളിൽ നട്ടംതിരിഞ്ഞതോടെയാണ് ദൗത്യം പൂർത്തികരിക്കാതെ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ അകാലത്തിൽ ൽ അസെവെഡോ തീരുമാനിച്ചത്.

രാജ്യാന്തര വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയ വേദിയാണ് ഡബ്ല്യുടിഒയുടെ തർക്ക പരിഹാര അപ്പലേറ്റ് സംവിധാനം. സമീപകാല ദശകങ്ങളിൽ വിമാന നിർമ്മാതാക്കളായ ബോയിങും എയർബസും ഈ അപ്പലേറ്റ് സംവിധാനത്തിൻ്റെ സേവനങ്ങൾ ഏറ്റുവാങ്ങിയവരാണ്.

കഴിഞ്ഞ വർഷം മുതൽ പുതിയ തർക്കങ്ങൾ പരിഹരിക്കാൻ കഴിയാനാകാത്തവിധം ഡബ്ല്യുടിഒയുടെ പരമോന്നത വേദിയായ അപ്പലേറ്റ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കുകയാണ്. ഈ അപ്പലേറ്റ് സമതിയിലേക്കുള്ള പുതിയ അംഗങ്ങളെ യുഎസ് ഭരണകൂടം തടഞ്ഞതിനാലാണിത്.

ഡൊണാൾഡ് ട്രമ്പ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തിയാൽ യുഎസിനെ ഡബ്ല്യുടിഒയ്ക്കൊപ്പം നിറുത്തുകയെന്ന കഠിനമായി യത്നത്തിലേർപ്പെടേണ്ടിവരും അടുത്ത ഡയറക്ടർ ജനറലിന്. ചൈനീസ് താല്പര്യങ്ങൾക്കൊപ്പമാണ് ഡബ്ല്യുടിഒയെന്ന ട്രമ്പിൻ്റെ ആരോപണം ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കേണ്ട തന്ത്രപരമായ ഭാരിച്ച ഉത്തരവാദിത്തമാണ് അധികാരത്തിലേറുവാൻപോകുന്ന ഡയറക്ടർ ജനറലിന് തുടക്കത്തിൽ തന്നെ നിർവ്വഹിക്കേണ്ടിവരിക.

വ്യവസായങ്ങൾക്ക് അമിതമായി സബ്‌സിഡി നൽകൽ. ബൗദ്ധിക സ്വത്തവകാശ മോഷണം. ഇത്തരത്തിലുള്ള കുത്സിതപ്രവർത്തനങ്ങളിലേർപ്പെട്ട് ചൈന ആഗോള വിപണിയിൽ പാശ്ചാത്യ വാപ്യാര വ്യാപനത്തെ തടയുന്നു. തൽസ്ഥാനത്ത് ആഗോള വിപണിയെ ചൈന അപ്പാടെ വിഴുങ്ങുകയാണ്. വാഷിങ്ടണിന്റെ ഇത്തരത്തിലുള്ള ആരോപണങ്ങളുടെ നിജിസ്ഥിതി പരിശോധിക്കാൻ പുതിയ ഡയറക്ടർ ജനറൽ സമയം കണ്ടെത്തേണ്ടിവരും.

ആർദ ഡങ്കലെന്ന ഗാട്ട് ഡയറക്ടർ ജനറലിൻ്റെ കാലയളവിലാണ് (1980-93) ജനറൽ എഗ്രിമെൻ്റ് ഓൺ താരിഫ് ട്രേഡ് (ഗാട്ട്) ചർച്ചകൾ ഏറെ സജീവമാക്കപ്പെട്ടത്. തുടർച്ചയെന്നോണം ആഫ്രിക്കൻ രാഷ്ട്രം മൊറോക്കയിലെ മാരിക്ക്ഷ് കൂടിയാലോചനകളിൽ നിന്ന് 1994 ഏപ്രിൽ 14 ന് മാരിക്ക്ഷ് പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിൻ്റെ ചുവടുപിടിച്ച് 1995 ജനുവരി ഒന്നിനാണ് ലോക വ്യാപാാര സംഘടന നിലവിൽ വന്നത്. ആഫ്രിക്കൻ പശ്ചാത്തലമുള്ള ഈ സംഘടനക്ക് ഇത:പര്യന്തം പക്ഷേ ഒരു ആഫ്രിക്കൻ സാരഥിയുണ്ടായില്ല. വനിതാ ഡയറക്ടർ ജനറലുമുണ്ടായിട്ടില്ല.

സമവായത്തിൻ്റെ പാതയിലാണ് ഡബ്ല്യുടിഒ പ്രവർത്തനം. ഏതൊരു അംഗരാജ്യത്തിനും തീരുമാനങ്ങളെ തടയാൻ കഴിയും. തങ്ങളുടെ താല്പര്യത്തിനപ്പുറം സമവായം സാധ്യമാവുന്ന പരിഹാര വേദിയെന്ന നിലയിൽ ഡബ്ല്യുടിഒ ക്ക് ഇനിയുമതിൻ്റെ വിശാല അർത്ഥത്തിൽ പ്രവർത്തിക്കുവാനുകുന്നുണ്ടോയെന്നത് വലിയൊരു ചോദ്യചിഹ്നം തന്നെയാണ്. വിശ്വ വ്യാപാര സംഘടന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അംഗ രാഷ്ട്രങ്ങൾക്ക് ആഗോള വിപണിയിലിടം സുസാധ്യമാക്കപ്പെടുമെന്നാണ് വിവക്ഷ. ’90 കളുടെ പ്രാരംഭ വേളയൽ തുടക്കം കുറിച്ച ആഗോളവൽക്കരണ – ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ വ്യാപാര സംഘടന വ്യവസ്ഥകളിലൂടെ ശക്തിപ്പെടുന്നതിൻ്റെ സൂചനകൾ പ്രകടമാക്കപ്പെട്ടു.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ശക്തിയായ അമേരിക്കവിശ്വ വ്യാപാര സംഘടനാ വ്യവസ്ഥകളോട് മുഖംതിരിക്കാൻ തുടങ്ങിയതോടെ അതിൻ്റെ പ്രസക്തിക്ക് മങ്ങലേൽക്കാൻ തുടങ്ങിയെന്നുവേണം പറയാൻ. മുൻ യുഎസ് പ്രസിഡൻ്റ് ഒബാമ തുടങ്ങിവച്ച പ്രൊട്ടക്ഷിനിസ്റ്റ് വാദ (സംരക്ഷണ വാദം) വും തടർന്നുവന്ന ട്രമ്പിൻ്റെ ‘അമേരിക്ക ആദ്യം’ നിലപാടുമാണ് ഡബ്ല്യുടിഒയുടെ ആവശ്യകത അനിവാര്യമല്ലാതാകുന്ന അവസ്ഥ സൃഷ്ടിച്ചത്.

ട്രമ്പു ഭരണകൂടവുമായുള്ള അസ്വാരസ്യങ്ങളാണ് റോബർട്ടോ അസെവാഡോ ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ സ്ഥാനം പാതിവഴിയിൽ കയ്യൊഴിയാൻ കാരണമായത്. 2020 ആഗസ്ത് 31 നാണ് സ്ഥാനമൊഴിഞ്ഞത്. 2020 മെയ് മാസത്തിൽ തന്നെ അദ്ദേഹം നേരത്തെ സ്ഥാനമൊഴിയുമെന്ന് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് പുതിയ ഡയറക്ടർ ജനറലിൻ്റെ നിയമന പ്രക്രിയ ജനറൽ കൗൺസിൽ ചെയർ ഡേവിഡ് വാക്കർ (ന്യൂസിലൻ്റ് പ്രതിനിധി) ആരംഭിച്ചത്.

രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര – വാണിജ്യ ബാന്ധവങ്ങൾ സുഗമമാക്കുകയെന്നതാണ് ഡബ്ല്യുടിഒയുടെ ലക്ഷ്യം. 1947 ൽ സ്ഥാപിതമായ താരിഫ് ആന്റ് ട്രേഡ് സംബന്ധിച്ച പൊതുകരാറിൽ (ജിഎടിടി – ഗാട്ട് ) നിന്നാണ് ഡബ്ല്യുടിഒ രൂപം കൊള്ളാൻ തുടങ്ങുന്നത്. ഗാട്ട് കരാറിനെ പിൻപറ്റി 1986 – 94 വരെ നടന്ന ചർച്ചാ പരമ്പരകളുടെ അന്തിമഫലമാണ് ലോക വ്യാപാര സംഘടന. 1995 ജനുവരി ഒന്നിനാണ് ലോക വ്യാപാര സംഘടന ഔദ്യോഗിമായി പ്രവർത്തിപഥത്തിലേറിയത്. 164 അംഗ രാഷ്ട്രങ്ങളുടെ വ്യാപാര – വാണിജ്യ കൂട്ടായ്മ. സ്വിറ്റസ് ലൻ്റിലെ ജനീവയലാണ് ആസ്ഥാനം. അതെ വിശ്വ വ്യാപാര സംഘടനയുടെ ആസ്ഥാന മന്ദിരത്തിലെ ഡയറക്ടർ ജനറൽ കസേരയിൽ അവരോധിതയാകാനിടയുള്ള ആദ്യ വനിതയാര്? ദക്ഷിണ കൊറിയൻ വംശജ യൂ മ്യുങ്ഹീ? നൈജീരിയക്കാരി ഒകോൻജോ-ഇവാല? ലോകം കാത്തിരിക്കുകയാണ്.

അവലംബം: അൽ – ജസീറ

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…